പള്ളികള്‍ ജനങ്ങളെ ദീനിലേക്ക് അടുപ്പിക്കാനുള്ള ആത്മീയ കേന്ദ്രങ്ങളാണ്. അല്ലാഹുവിനെയും റസൂലിനെയും(സ്വ) അനുസരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പാഠശാലകളാണ്. മദീനയിലെ പള്ളിയാണ് ഇസ്‌ലാമില്‍ തസ്‌കിയതിന്റെ പ്രഥമ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. റസൂല്‍(സ്വ) പള്ളിയിലാണ് ഏറ്റവും കൂടുതല്‍ ഉദ്ബോധനങ്ങള്‍, ഉറുദികള്‍, ഉപദേശങ്ങള്‍ നല്‍കിയിരുന്നത്.
നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നാദാപുരം ഭാഗത്ത് പരിശുദ്ധ റമളാനായാല്‍ പള്ളികള്‍ സജീവമായിരിക്കും. ജനങ്ങളില്‍ പലരും ളുഹ്റ് സമയത്തിന് മുമ്പേ തന്നെ പള്ളിയില്‍ വന്ന് ഖുര്‍ആൻ ഓതുന്നതും ളുഹ്റ് നിസ്‌കാരം കഴിഞ്ഞ് അസര്‍ വരെ ഇല്‍മ് കേള്‍ക്കുന്നതും ആ സജീവതയുടെ ഒരു ഭാഗമാണ്. നല്ല അറിവുള്ള, കാര്യവിവരമുള്ള ആളുകളുടെ ഉപദേശമാണെങ്കില്‍ അത് ചിലപ്പോള്‍ അസര്‍ വരെ തുടരും. ചിലത് അസര്‍ കഴിഞ്ഞിട്ടും തുടരും. റമളാനില്‍ അതിന് ഉറുദി എന്നാണ് പറയുക. വഅള്, ഉറുദി, ഉദ്ബോധനം ഇതെല്ലാം ഒന്നുതന്നെയാണ്.
തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ അസറിന് ശേഷമാണ് റമളാനില്‍ ഉറുദി നടക്കാറുള്ളത്. നാദാപുരം ജുമുഅത്ത് പള്ളിയില്‍ ളുഹ്റിനു ശേഷവും. അസറിന് ശേഷം ചിലപ്പോള്‍ ഉറുദി പറഞ്ഞ് പഠിക്കുന്ന മുതഅല്ലിമുകള്‍ പള്ളിയുടെ പൂമുഖത്ത് അല്പം സംസാരിക്കുന്ന പതിവുണ്ട്. എന്റെ നാട്ടില്‍, പേരോട് പ്രദേശത്ത് ധാരാളം മുതഅല്ലിമുകളും പണ്ഡിതരും റമളാനില്‍ ഉറുദി പറയാന്‍ വരും. അര്‍ഥവത്തായ ഉപദേശങ്ങള്‍ നല്‍കുന്ന വലിയ പണ്ഡിതന്മാര്‍ ചിലര്‍ നേരത്തെ തീയതി നിശ്ചയിക്കും. വെള്ളിയാഴ്ച അസര്‍ വരെ എല്ലാ പള്ളിയിലും സജീവമായി ഉറുദി നടക്കാറുണ്ട്. കുട്ടിക്കാലത്ത് അത്തരത്തിലുള്ള ഉറുദികളെല്ലാം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു.
എന്റെ നാട്ടില്‍ എന്റെയൊരു ഉസ്താദുകൂടിയായ മാണിക്കോത്ത് മൊയ്തു മുസ്‌ലിയാര്‍ നല്ല രസകരമായ രൂപത്തില്‍ കാര്യങ്ങള്‍ പറയുന്ന ഉസ്താദായിരുന്നു. (അല്ലാഹു അദ്ദേഹത്തിന് ഖബ്റില്‍ സന്തോഷം കൊടുക്കട്ടേ). അതുപോലെ ഔസിലാന്‍ മമ്മു മുസ്‌ലിയാര്‍, അദ്ദേഹം ഒന്നാമത്തെ വെള്ളിയാഴ്ച എന്റെ നാട്ടില്‍ ജുമുഅയുടെ ശേഷം ഉറുദി പറയും. മസ്അലകളാണ് പറയുക. ഞാന്‍ തഴക്കണ്ടം മസ്അല പറയും എന്നാണ് അദ്ദേഹം തുടക്കം തന്നെ പറയുക. എന്നിട്ട് കുറേ മസ്അലകള്‍ പറയും. നാസറുദ്ദീന്‍ ആലി മുസ്‌ലിയാര്‍ എന്ന വലിയ പണ്ഡിതന്‍ റാതീബിന്റെ ദിക്റുകളെ സംബന്ധിച്ചും ചിലര്‍ ആടുന്നതിനെ സംബന്ധിച്ചും പ്രത്യേകിച്ച് ശാദുലി റാതീബിനെ സംബന്ധിച്ചും വിശദീകരിച്ച് നൂറ്റമ്പത് ബൈത്ത് അറബിയില്‍ തയാറാക്കി ചൊല്ലിയിട്ടുണ്ട്. അതിനൊരു ശറഹും എഴുതിയിട്ടുണ്ട്.
നാസറുദ്ദീന്‍ ആലി മുസ്‌ലിയാരുടെ വഅളാണ് അവസാന വെള്ളിയാഴ്ച. ഫിത്വര്‍ സകാതിന്റെയും പെരുന്നാള്‍ നിസ്‌കാരത്തിന്റെയുമൊക്കെ മസ്അലകളാണ് അദ്ദേഹം കാര്യമായി പറയുക. പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പത്തും നാല്പതും ദിവസമൊക്കെ വഅള് പറയുന്ന പണ്ഡിതനാണ്. ചിലപ്പോള്‍ അദ്ദേഹം ഉറുദി പറയും. അങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു അക്കാലത്ത് നല്ല വഅള് പറയുന്നവര്‍. അവരുടെ വഅളിന്റെ സദസിലിരുന്നാല്‍ നമ്മളിങ്ങനെ കരയും. ആത്മീയ ശുദ്ധി കൈവരും.
പാറക്കടവ് ജുമഅത്ത് പള്ളിയില്‍ നാല് വെള്ളിയാഴ്ചയും കണാരണ്ടി അഹ്മദ് മുസ്‌ലിയാര്‍ എന്ന വലിയ ആലിമും ഫഖീഹുമായിരുന്നു ഉറുദി പറയാറുണ്ടായിരുന്നത്. എന്റെ ഒരു ഉസ്താദിന്റെ ഉസ്താദാണവര്‍. ബഹുമാനപ്പെട്ടവരുടെ ഉറുദി കേട്ട് കരയാത്ത ഒരൊറ്റ മനുഷ്യനുമുണ്ടാകില്ല. ആ ഉറുദി കേള്‍ക്കാന്‍ വേണ്ടി രണ്ട് രണ്ടര കിലോമീറ്റര്‍ നടന്നുപോകുമായിരുന്നു ഞാന്‍. പള്ളിയില്‍ വെള്ളിയാഴ്ച വലിയ തിരക്കായിരിക്കും. ഉറുദി കേള്‍ക്കാന്‍ വരുന്ന ആളുകളെക്കൊണ്ട് പള്ളി നിറഞ്ഞ് നിസ്‌കരിക്കാനൊക്കെ നല്ല വിഷമമുണ്ടാകും. ഉറുദി കൊണ്ട് ഒരുപാട് ജനങ്ങളുടെ മനസിന് മാറ്റം വരുത്തുന്ന സ്വഭാവം നമ്മുടെ ഏരിയയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മുഅല്ലിമുകള്‍, കിതാബ് വാങ്ങേണ്ട മുതഅല്ലിമുകള്‍ അങ്ങനെ ഒരുപാടാളുകള്‍ റമളാനില്‍ വരും. അവരെയെല്ലാവരെയും കൊണ്ടുപോയി നാട്ടുകാര്‍ നോമ്പ് തുറപ്പിക്കുകയും അത്താഴം കൊടുക്കുകയും ചെയ്യും. ഒരു വീട്ടില്‍തന്നെ ഒന്നിലധികം ആളുകള്‍ നോമ്പുതുറക്കാന്‍ ഉണ്ടാകും. മഗ്രിബിന്റെ ജമാഅതിന് കൂടുതല്‍ ആളുകള്‍ ഉണ്ടാകില്ല. അവര്‍ വീട്ടില്‍നിന്ന് നോമ്പുതുറന്ന് അവിടെ തന്നെ നിസ്‌കരിക്കുകയാണ് ചെയ്യുക. അസറ് നിസ്കാരം കഴിഞ്ഞ് പോകുമ്പോള്‍ തന്നെ മുതഅല്ലിമുകളെ കൂടെക്കൂട്ടുന്നവരുമുണ്ട്.
എന്റെ ബാപ്പയുടെ കൂടെ പലപ്പോഴും ഒരു മുതഅല്ലിമുണ്ടാകും. കൂടുതലാളുണ്ടെങ്കില്‍ ചിലപ്പോള്‍ രണ്ട് മുതഅല്ലിമുകള്‍ കൂടെക്കാണും. അങ്ങനെയൊക്കെ ചിട്ടയുള്ള രീതികള്‍ തുടരുന്ന, സ്നേഹം കാണിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും അതിന്റെ ചെറിയ ഭാഗങ്ങളൊക്കെ നാദാപുരം പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
നാല്പതോളം മുതഅല്ലിമുകള്‍ ഒറ്റ വെള്ളിയാഴ്ച ഉറുദിക്ക് വന്ന ഓര്‍മയുണ്ട്. എല്ലാവരെക്കൊണ്ടും ഉറുദി പറയിക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരാള്‍ പറയും. കളക്ഷന്‍ എടുത്ത് കുട്ടികള്‍ക്കെല്ലാം വീതിച്ച് കൊടുക്കും. വന്നവരെ ആരെയും വെറുതെ തിരിച്ചയക്കില്ല. മുതഅല്ലിമുകള്‍ക്ക് പഠിക്കാനുള്ള പ്രോത്സാഹനം നല്‍കലും ആലിമുകള്‍ക്ക് അറിവ് പ്രചരിപ്പിക്കാനുള്ള അവസരം നല്‍കലുമാണ് ഉറുദിയിലൂടെ നടന്നിരുന്നത്.
ഞാന്‍ മുതഅല്ലിമായിരുന്നപ്പോള്‍ ഉറുദി പറയാന്‍ പോകാറുണ്ടായിരുന്നു. സംഖ്യ കിട്ടണം എന്ന ഉദ്ദേശ്യത്തിലല്ല ഉറുദി പറഞ്ഞിരുന്നത്. നാട്ടില്‍ പ്രധാനപ്പെട്ട ഒരു പണ്ഡിതന്റെ വിധവയായ ഭാര്യയും ചെറിയ യതീംകുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്ക് കുറച്ച് പണം ഉണ്ടാക്കിക്കൊടുക്കാന്‍ റമളാന്‍ നാല് വെള്ളിയാഴ്ചയും ഞാന്‍ ഉറുദി പറയാന്‍ പോയിട്ടുണ്ട്.
വേളം പെരുവയല്‍ എന്ന ഒരു സ്ഥലമുണ്ട്. ഇന്ന് അവിടെയുള്ള മൊയ്തു മുസ്‌ലിയാര്‍, ഫൈസി ബിരുദമെടുത്തുവന്ന ഉടനെ പേരോട് പള്ളിയില്‍വെച്ച് ഉറുദി പറഞ്ഞിരുന്നു. ഞാനത് കേട്ടിട്ടുണ്ട്. സിറാജുല്‍ഹുദ കമ്മിറ്റിയില്‍ ഉള്ളയാളാണ്. അവസാനനാളിന്റെ പതിനഞ്ച് ലക്ഷണങ്ങള്‍ പറയുന്ന ഹദീസോതിയിട്ടാണ് അന്ന് മൊയ്തുമുസ്‌ലിയാര്‍ ഉറുദി പറഞ്ഞത്. അദ്ദേഹത്തിന്റെ നാട്ടില്‍ ഞാന്‍ ഒരിക്കല്‍ റമളാന്‍ ഉറുദി പറയാന്‍ ചെന്നു. ബസ്സൊക്കെ കയറിയിറങ്ങി കുറേ നടക്കണം. പുഴ കടക്കണം. ഒടുവില്‍ വേളം പെരുവയല്‍ പള്ളിയിലെത്തി. അവിടുത്തെ അന്നത്തെ ഖാളി മൊയ്തു മുസ്‌ലിയാരുടെ ബാപ്പയാണ്. അദ്ദേഹം എന്നോട് ഖുതുബ ഓതാന്‍ പറഞ്ഞു. ഖുതുബ ഓതി ഉറുദി പറഞ്ഞ് യതീംകുട്ടികള്‍ക്ക് നല്ല പൈസയൊക്കെ പിരിവുകിട്ടി.
നാദാപുരം ജുമുഅത്ത് പള്ളിയില്‍ ഒരൊറ്റ റമളാനില്‍ അന്നത്തെ ഖാളിയായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ എന്നെക്കൊണ്ട് മൂന്നുപ്രാവശ്യം ഉറുദി പറയിച്ചത് എനിക്കോര്‍മയുണ്ട്. ആദരണീയ വ്യക്തിത്വമായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ശൈഖുന കാന്തപുരം ഉസ്താദിനോട് അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു. അന്ന് ധാരാളം ആളുകള്‍ കൂടും. കിട്ടുന്ന കളക്ഷന്‍ വേറെ ആളുകള്‍ക്കാണ്.
റമളാന്‍ അല്ലാത്ത വെള്ളിയാഴ്ചകളിലും ഞാന്‍ ഉറുദി പറയാന്‍ പോകാറുണ്ട്. എസ്എസ്എഫിന് പിരിവെടുക്കാനാണത്. എസ്എസ്എഫിന്റെ തലശേരി താലൂക്ക് പ്രവര്‍ത്തകനായിരുന്ന സമയത്ത് താലൂക്ക് കമ്മിറ്റിക്ക് കടം ഉണ്ടായിരുന്നു. ഓരോ പള്ളിയിലും ചെന്ന് ഉറുദി പറഞ്ഞ് പൈസ പിരിച്ച് കടമൊക്കെ വീട്ടി. എസ് എസ് എഫിന്റെ ഒരു മൊബൈല്‍ ബുക്്സ്റ്റാള്‍ ഉണ്ടാക്കിയിരുന്നു. ഞാന്‍ വഅള് പറയാന്‍ പോകുന്നിടത്തൊക്കെ ആ ബുക്്സ്റ്റാളും കൊണ്ടാണ് പോവുക. അത് കൊണ്ടുപോകാന്‍ രണ്ട് മുഅല്ലിമീങ്ങള്‍ എന്നെ സഹായിച്ചിരുന്നു. അവര്‍ കൂടെപ്പോരും. അവരാണ് വില്‍ക്കുക. വഅള് തുടങ്ങുന്നതിനുമുമ്പ് ഒരു മേശയിട്ട് ഈ പുസ്തകമെല്ലാം നിരത്തും. ചിലപ്പോള്‍ രിസാലയുടെ കെട്ടും തലയില്‍ ചുമന്നുപോകും. മാട്ടൂല്‍ ഭാഗത്ത് മുട്ടം, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ഉറുദി പറഞ്ഞ് പിരിവെടുത്ത് സംഘടനാ പ്രവര്‍ത്തനം നടത്താറുണ്ടായിരുന്നു.
നാട്ടില്‍ റമളാന്‍ ഒരു ഹരമാണ്. ഉറുദി പറയാന്‍ വരുന്ന മുസ്‌ലിയാക്കന്മാരോട് നാട്ടിലെ ജനങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവരെ സത്കരിക്കലും അവര്‍ക്ക് പൈസ കൊടുക്കലും വലിയ താല്പര്യമാണ്. എന്റെ നാട്ടില്‍ റമളാന്‍ ആദ്യംമുതല്‍ അവസാനം വരെ ഉറുദി ഉണ്ടാകാറുണ്ട്. ഇശാഅ് നിസ്‌കരിച്ച എല്ലാവരും തറാവീഹ് നിസ്‌കരിക്കാനുണ്ടാകും. തറാവീഹിന് വരാത്തവര്‍ വളരെ കുറച്ചേയുണ്ടാകൂ. പക്ഷേ അവസാനത്തെ പത്താവുമ്പോഴേക്ക് ആളുകള്‍ കുറയുന്ന ദുഃഖകരമായ കാഴ്ച പല പള്ളികളിലും കാണാറുണ്ടായിരുന്നു. ഉദ്ബോധനം നടത്തിയപ്പോള്‍ കുറേ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
നാദാപുരം ജുമുഅത്ത് പള്ളിയില്‍ എല്ലാവര്‍ഷവും ഉറുദി പറഞ്ഞ് യതീംകുട്ടികള്‍ക്ക് പിരിവെടുത്തിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്റെ ഉറുദി കഴിയുമ്പോള്‍ ശേഷം അവിടത്തെ ഖാളിയായ അഹ്മദ് മുസ്്ലിയാർ പിരിവിന് സഹകരിച്ചുതന്നിരുന്നു. എന്റെ സുഹൃത്താണദ്ദേഹം. ഒരു റമളാനിൽ അസർ നിസ്കരിക്കാൻ ഞാൻ അവിടെ നിൽക്കുമ്പോൾ പുതിയ ഖാളിയായി വന്ന അഹ്മദ് മുസ്്ലിയാരോട് ആരോ ആരോപണം പറഞ്ഞു. മര്‍ഹൂം കീഴന ഉസ്താദിനെതിരെ ഞാന്‍ പ്രസംഗത്തില്‍ സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. കീഴന ഉസ്താദിനെതിരെയോ സംഘടനക്കെതിരെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇത്രമാത്രം പറഞ്ഞിരുന്നു, “റമളാനില്‍ സുബ്ഹിന്റെ മുമ്പ് മൈക്ക് തുറന്നു വെച്ച് ഉറക്കെ ദിക്റ് ചൊല്ലുന്ന ഒരു പരിപാടി ചില നാടുകളില്‍ ഉണ്ട്. അങ്ങനെ ചെയ്യരുത്. നമ്മുടെ നാട്, നമ്മള്‍ മാത്രം താമസിക്കുന്ന നാടല്ല. വേറെയും ഒരുപാട് മതമുള്ളവരും ഇല്ലാത്തവരുമൊക്കെയുണ്ട്. അവരുടെ ഉറക്കിനൊന്നും നമ്മളെക്കൊണ്ട് ശല്യമുണ്ടാകാന്‍ പാടില്ല. ദിക്റ് മൈക്കില്‍ ചൊല്ലേണ്ട ആവശ്യമില്ല. അത് നമ്മള്‍ അങ്ങ് ചൊല്ലിയാല്‍ മതി. അതിന്റെ കൂടെ ഒന്നുകൂടി പറഞ്ഞിരുന്നു, ഖുതുബക്കും നിസ്‌കാരത്തിനുമൊക്കെ മൈക്ക് വെക്കാമോ എന്ന മസ്അലയല്ല ഇത്. അത് വലിയ ആലിമീങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചയാണ്. അതില്‍ നമ്മള്‍ ഇടപെടേണ്ടതില്ല.’ മൈക്ക് ഖുതുബക്ക് ഉപയോഗിക്കണമെന്നോ ഉപയോഗിക്കേണ്ടെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഖാളിയാര്‍ യാഥാര്‍ത്ഥ്യം എന്നോട് അന്വേഷിക്കേണ്ടതായിരുന്നു. അതന്വേഷിക്കാതെ അദ്ദേഹം സത്യം ചെയ്തു, ഇനി ഞാന്‍ നാദാപുരം പള്ളിയില്‍ ഉറുദി പറയില്ലെന്ന്. അടുത്തകൊല്ലം ഞാൻ ആ വഴിക്ക് ഉറുദിക്ക് പോയില്ല. പക്ഷേ ആ നാട്ടിലും പരിസരത്തുമുള്ള പലരും വന്ന് എന്നെ ഉറുദിക്ക് ക്ഷണിക്കുകയും ഉറുദി പറയണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ ഉറുദിക്ക് ചെന്നു. പള്ളിയില്‍ അന്ന് രണ്ട് കൂട്ടരായി. ഒരുകൂട്ടം ഉറുദി പറയണമെന്നും ഒരുകൂട്ടം ഖാളിയാര് സത്യം ചെയ്തതുകൊണ്ട് ഉറുദി പറയരുതെന്നും. സത്യം ചെയ്തത് ഒഴിവായിക്കിട്ടാന്‍ എന്താ വേണ്ടതെന്ന് ആരോ ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പത്ത് സാധുക്കള്‍ക്ക് അരി കൊടുത്താല്‍ മതി. അല്ലെങ്കില്‍ പത്ത് സാധുക്കള്‍ക്ക് വസ്ത്രം, ഒരു ടവ്വലെങ്കിലും മതി. സംഘടനാ സങ്കുചിതത്വവും മറ്റും ഉണ്ടായതുകൊണ്ട് ചിലര്‍ ചേരിതിരിയുന്ന സ്വഭാവമുണ്ടായി. അന്ന് അഖിലേന്ത്യാ മുസ്്ലിം ലീഗ്, യൂണിയൻ മുസ്്ലിം ലീഗ് എന്നീ രണ്ട് ലീഗ് പ്രവർത്തകർ പള്ളിയിലുണ്ടായിരുന്നു. അപ്പോള്‍ എന്റെ കൈപിടിച്ച് സൂപ്പി ഹാജി പറഞ്ഞു: “മുസ്‌ലിയാരേ നമുക്ക് പോകാം. ഈ പള്ളി പൂട്ടിപ്പോയാല്‍ അത് തുറപ്പിക്കാന്‍ ഇവിടെ ഒരാളുമുണ്ടാകില്ല’. അവിടന്ന് അദ്ദേഹത്തോടൊപ്പം ഞാനിറങ്ങിവന്നു.
പിന്നീട് കീഴന ഉസ്താദിനോട് ചോദിച്ചിട്ട് ഉസ്താദ് പറയുംപോലെ ചെയ്യാം എന്ന് എല്ലാവരുംകൂടി തീരുമാനിച്ചു. ഉസ്താദ് തെറ്റിദ്ധരിക്കുമോ എന്ന പേടികൊണ്ട് കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാരെയും കൂട്ടി കീഴനഓര്‍ടെ അടുത്ത് ചെന്നു. കാങ്ങാട്ട്ഓര്‍ക്ക് ഞാനുമായും എന്റെ ഉപ്പയുമായിട്ടുമൊക്കെ നല്ല ബന്ധമായിരുന്നു. കാങ്ങാട്ടുസ്താദിനോട് നല്ല ബഹുമാനമായിരുന്നു കീഴനഓര്‍ക്കും. സംഗതികളൊക്കെ പറഞ്ഞു. ഉസ്താദ് കുറേ വിഷയങ്ങളൊക്കെ സംസാരിച്ചു. ഞാനതില്‍ പ്രത്യേകം ഒന്നും പറയില്ല എന്നും പറഞ്ഞു. ഞാനിങ്ങുപോന്നു. പിന്നെ തീരുമാനിച്ചവര്‍ ഉസ്താദിന്റെ അടുത്ത് പോകാന്‍ തയാറായില്ല. അത് അങ്ങനെത്തന്നെ നിന്നു. ഖാളിയാരോട് യാതൊരു വൈരാഗ്യവും വെച്ചുപുലര്‍ത്തിയില്ല. ഈയടുത്താണ് ഖാളി മരണപ്പെട്ടത്. മരിക്കുന്നതിന്റെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ആ പള്ളിയുടെ പരിസരത്തുള്ള വീട്ടില്‍ നികാഹിന് നേതൃത്വം കൊടുക്കാന്‍ എന്നെ പള്ളിക്കമ്മറ്റിയിലെ ഒരംഗം ക്ഷണിച്ചു. ഖാളിയാരെ ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ഖാളിയാരെ ക്ഷണിക്കണം. ഇയാള്‍ ക്ഷണിക്കില്ലെന്ന് ശഠിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഖാളിയാരെ വിളിച്ചു. ഖാളിയാര്‍ കുറ്റ്യാടിയില്‍ എന്റെ ഓഫീസില്‍ വന്ന് വിവരങ്ങളൊക്കെ പറഞ്ഞു. ഒടുവില്‍ രണ്ടാളെയും ഫോണിലും ശേഷം നാദാപുരം പള്ളിയില്‍ കമ്മിറ്റി ഭാരവാഹികളുടെ കൂടെ ഇരുത്തിയും സംസാരിച്ച് പരസ്പരമുള്ള അകല്‍ച്ചയൊക്കെ മാറ്റി. ഞാന്‍ വിദേശത്തേക്ക് പോയി. ആ നികാഹിന് ഖാളിയാര് തന്നെ സസന്തോഷം കാര്‍മികത്വം വഹിച്ചു. ഉറുദിയുടെ ഭാഗമായി ഇത്തരം അനുഭവങ്ങളൊക്കെ ഉണ്ടായവനാണ് ഞാന്‍. ഇതുപോലെ പല അനുഭവങ്ങളും ഉണ്ട്. റബ്ബ് എല്ലാം ഖബൂല്‍ ചെയ്യട്ടെ.
പേരോട് അബ്ദുറഹ്മാന്‍ സഖാഫി/
എൻ ബി സിദ്ദീഖ് ബുഖാരി
You must be logged in to post a comment Login