ഉറുദി എന്നാൽ ഉപദേശം എന്ന അർത്ഥത്തിലുള്ള മറ്റൊരു വാക്കാണ്. വടക്കൻ പ്രദേശങ്ങളിൽ ആണ് ഉറുദി എന്ന് കൂടുതൽ പറയുന്നത്. കോഴിക്കോട്, മലപ്പുറം മേഖലകളിലെല്ലാം വഅള് എന്നാണ് പറയുക. അതായത് ഉറുദി എന്നതിന്റെ അറബി ഭാഷാന്തരം.
ദർസിൽ പഠിക്കുന്ന കാലത്ത് പള്ളിയിൽ വഅളിന് പോയിട്ടാണ് പ്രസംഗം പഠിക്കുന്നത്. ഉജ്ജ്വല വാഗ്മികളായി പ്രശോഭിച്ച പണ്ഡിതൻമാരുടെയെല്ലാം പ്രഭാഷണജീവിതം തുടങ്ങുന്നതും പരിശീലനങ്ങൾ ആരംഭിക്കുന്നതും ദർസ് കാലഘട്ടത്തിലാണ്. അന്ന് ഒന്നാം ദർസിലെ കിതാബോത്ത് തന്നെ വഅളിന്റെ ശൈലിയിലായിരിക്കും. ഫത്ഹുൽ മുഈനും ബുഖാരിയും മുസ്‌ലിമും എന്നു വേണ്ട എല്ലാം അന്ന് വഅളിന്റെ ശൈലിയിൽ ഓതിപ്പഠിക്കും.
രാത്രി സമയങ്ങളിൽ ഭക്ഷണം കഴിക്കുമ്പോഴും മറ്റും പരസ്പരം വിഷയങ്ങൾ നൽകി പ്രസംഗിക്കും. ആംഗ്യങ്ങൾ കൂടെ പഠിക്കാനാണ് രാത്രി തിരഞ്ഞെടുക്കുന്നത്. നാം കാണിച്ചു കൂട്ടുന്നതൊന്നും ആരും കാണില്ലല്ലോ.
ദർസിലെ സാഹിത്യ സമാജങ്ങളാണ് ഓരോ പ്രഭാഷകന്റെയും ആദ്യപടി. അവിടെ നിന്നാണ് സദസ്സിനു മുന്നിൽ എഴുന്നേറ്റുനിൽക്കാനുള്ള ഭയം മാറ്റിയെടുക്കുന്നത്. പിന്നെ കുറച്ചു ധൈര്യം വരുന്ന സമയത്ത് വെള്ളിയാഴ്ചകളിൽ അടുത്തുള്ള പള്ളികളിൽ പോയിത്തുടങ്ങും. അപ്പോഴാണ് ശൈലികൾ ഒക്കെ പഠിക്കുക. ചിലർ ശൈലികൾക്ക് മുൻഗണന കൊടുക്കും. ചിലർ അതൊന്നും ശ്രദ്ധിക്കില്ല. ഞാനൊക്കെ അങ്ങനെയായിരുന്നു. ശൈലിയൊക്കെ പിന്നെ അങ്ങ് വന്നോളും. ശംസുൽ ഉലമക്കും എ പി ഉസ്താദിനും പേരോട് ഉസ്താദിനും ഒക്കെ ശൈലികളുണ്ട്. അതൊക്കെ പലരും പിന്തുടരാറുണ്ട്. ഞാൻ ഒരു ഒഴുക്കൻ ഭാഷയിലങ്ങനെ പറയലാണ്. അത് പറയുമ്പോ നല്ലൊരു ഉപദേശം ആയിട്ട് തോന്നും. അപ്പോൾ അടുത്ത പ്രാവശ്യവും പോകാൻ ഒരു ഉഷാറായിരിക്കും. വെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകുമ്പോൾ വഅള് പഠിക്കുക എന്നത് ഒരു ലക്ഷ്യം ആണെങ്കിലും സാമ്പത്തികമായ പിന്നാക്കാവസ്ഥ മറികടക്കുക എന്നതുകൂടി മനസ്സിലുണ്ടാവും. നല്ല വഅളിന് നല്ല പൈസയും സന്തോഷത്തോടുകൂടെ കിട്ടും. ആ പൈസ കൊണ്ടാണ് ചായ കുടിക്കലും സോപ്പ് വാങ്ങലും കിതാബ് വാങ്ങലും എല്ലാം. അന്നൊന്നും വാങ്ങിത്തരാൻ ആളില്ല. അതുകൊണ്ട് അതിനു വേണ്ടി കാശ് സ്വരൂപിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി കൂടിയാണ് വഅളിന് പോവുന്നത്. പക്ഷേ ഇപ്പോൾ ആർക്കാണ് കിതാബ് വേണ്ടത്. ഇപ്പോൾ ഒക്കെ ഫോണിലല്ലേ… കിതാബ് നോക്കിപ്പഠിച്ചാലേ മര്യാദക്ക് ഇൽമ് കിട്ടൂ… അല്ലെങ്കിൽ അതിന്റെ ഹുർമത്ത് നഷ്ടപ്പെടും. സിനിമയും ഖുർആനും ഒരേ സ്‌ക്രീനിൽ കണ്ടാൽ എന്ത് ഫലമാണ് ഉണ്ടാവുക?
റമളാനിൽ പ്രത്യേകമായി ഉറുദിക്ക് പോകുമായിരുന്നു. അതിലൂടെ അടുത്ത കൊല്ലം വരെ പഠിക്കാനുള്ള പൈസ കിട്ടലും ലക്ഷ്യമായിരുന്നു. കാരണം വീട്ടിൽ നിന്ന് ഒന്നും കിട്ടില്ല. തരാൻ വീട്ടുകാരുടെ കൈയിൽ പൈസയില്ലാത്തതുകൊണ്ടാണ്. നാലാം ക്ലാസ് കഴിഞ്ഞ് പാസായോ ഇല്ലയോ എന്നറിയാതെ നിൽക്കുന്ന സമയത്ത് ഉപ്പ പറഞ്ഞു: “എന്റെ കയ്യിൽ നിനക്ക് ബുക്ക് വാങ്ങിത്തരാൻ ഒന്നും പൈസയില്ല. നീ ഓതാൻ പൊയ്ക്കോ…’ അന്ന് ഞാൻ പോയതുകൊണ്ട് ഇന്ന് ഈ നിലയിൽ എത്തി. ഞാൻ ആലോചിക്കാറുണ്ട്. ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു തനി രാഷ്ട്രീയക്കാരൻ ആയേനെ. കാരണം, പ്രസംഗിക്കാനുള്ള അവസരങ്ങൾ രാഷ്ട്രീയ വേദികളിൽ ആകുമായിരുന്നു. അന്നെനിക്ക് നല്ല ശബ്ദം ആയിരുന്നു. ആകാശവാണിയിലേക്ക് ഒരവസരം ലഭിച്ചിരുന്നു. പക്ഷെ, മറ്റൊന്നിലേക്കും മാറിപോവാതെ ഇൽമിന്റെ വഴിയിൽ നിലകൊണ്ട് ഇവിടെ എത്തിപ്പെട്ടത് എത്ര നന്നായി!!
അന്നാണെങ്കിൽ വാഹന സൗകര്യങ്ങൾ ഒന്നും ഇല്ല. നടന്നാണ് വഅളിന് പോയിരുന്നത്. രണ്ടും കൽപിച്ച് നടക്കാനിറങ്ങും. പള്ളി കാണുമ്പോൾ അവിടെ കയറും. അവിടെ വഅള് പറയും. അത് കഴിഞ്ഞാൽ വീണ്ടും നടക്കും. രാത്രി ഏതെങ്കിലും പള്ളിയിൽ തങ്ങും. നോമ്പ് തുറക്കാനും അത്താഴത്തിനും ചിലപ്പോൾ പള്ളികളിൽ ഭക്ഷണം ഉണ്ടാവും. ഇല്ലെങ്കിൽ ആരെങ്കിലുമൊക്കെ വീടുകളിലേക്ക് ക്ഷണിക്കും. ചിലപ്പോൾ അത്താഴം കഴിഞ്ഞ് വീട്ടിൽ തന്നെ കിടന്നോളാൻ നിർബന്ധിക്കും. പക്ഷേ, പള്ളികൾ തന്നെയാണ് ഞാൻ കിടക്കാൻ തിരഞ്ഞെടുത്തിരുന്നത്.
നമുക്ക് ഭക്ഷണം തരുന്ന ഈ വീടുകൾ എടുത്തു പറയേണ്ട ഒന്നാണ്. അവർ അവരുടെ മക്കൾക്ക് കൊടുക്കുന്നതിനെക്കാൾ പ്രധാന്യം നമ്മൾക്കാണ് നൽകുക. മുതഅല്ലിം എന്നുള്ള നിലക്ക് വല്ലാത്ത പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.
ഭക്ഷണം വെച്ചു കൊടുക്കുന്ന പള്ളികളാണെങ്കിൽ ആളുകൾ തറാവീഹ് കഴിഞ്ഞ് അവിടേക്കെത്തും. ആളുകൾ കൂടുമ്പോഴൊക്കെ പൈസ സൂക്ഷിച്ചു വെക്കുന്നതും ഒരു രസമാണ്. ഒറ്റയ്ക്ക് കിടക്കുമ്പോൾ പൈസ അടുത്തു വെക്കില്ല. ദൂരെ പള്ളിയുടെ മൂലയിൽ എങ്ങാനും മാറ്റി വെക്കും. അപ്പോൾ നമ്മുടെ മേൽ തിരഞ്ഞാൽ കിട്ടില്ലല്ലോ.
അന്ന് തലശ്ശേരി ആണ് കൂടുതലും പോയിരുന്നത്. പണ്ട് പാറക്കടവ് വഅളിന് പോയത് ഓർമ്മയുണ്ട്. അവിടെ പോയി നല്ല വഅള് പറഞ്ഞപ്പോൾ കൈനിറയെ പൈസ കിട്ടി. അവിടെ ഗൾഫിൽ പോകുന്ന ആളുകൾ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലൊന്നും അങ്ങനത്തെ ആളുകളില്ല. അവിടുന്ന് ടോർച്ച് ഒക്കെ കിട്ടുമായിരുന്നു. വല്ലാത്തൊരു സന്തോഷമായിരുന്നു അപ്പോൾ. പിന്നെ അവിടെ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. നല്ല അംഗീകാരവും കിട്ടിയിരുന്നു. ഓരോ വർഷവും കുപ്പായശീലയും ടോർച്ചും ഒക്കെ മാറ്റി വെച്ച് അവർ നമുക്ക് വേണ്ടി കാത്തിരിക്കും.
വഅള് പറയാൻ അവസരം ചോദിച്ച് പള്ളികളിൽ പോയാൽ അപ്പോൾ തന്നെ അവസരം കിട്ടും. അതല്ലെങ്കിൽ നാളെ വരാൻ പറയും. ചിലയിടങ്ങളിൽ ബുക്കിംഗ് ഉണ്ടാവും. അപ്പോൾ ആദ്യം വന്നയാൾക്കാണ് അവസരം കിട്ടുക. ഒരു സംഭവം ഓർമവന്നു, ഒരു പള്ളിയിൽ ഒരു മുതഅല്ലിം വഅള് പറയാൻ വന്നു. ശേഷം മറ്റൊരു മുതഅല്ലിമും വന്നു. അപ്പോൾ ആദ്യം വന്നയാൾക്കാണല്ലോ അവസരം കിട്ടുക. പക്ഷേ, രണ്ടാമത് വന്നയാൾ നിസ്കാരം കഴിഞ്ഞ ഉടനെ പ്രസംഗിക്കാൻ തുടങ്ങി. അപ്പോൾ ആദ്യം വന്നയാൾ എന്ത് ചെയ്തെന്നല്ലേ… നേരെ പള്ളിയുടെ മുകളിലേക്ക് കയറി ഉറക്കെ വിളിച്ചു. “യാ അയ്യുഹല്ലദീന ആമനൂ… ഖൂ……. ” അപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. എല്ലാവരും മേലെ എത്തിയപ്പോൾ തുടർന്നു..” അൻഫുസകും വഅഹ്‌ലീകും….’ അങ്ങനെ അവൻ തന്റെ അവസരം നേടിയെടുത്തു.
വഅള് പറയുന്ന ഉസ്താദിന് ശ്രോതാക്കൾ നല്ല അംഗീകാരം നൽകും. ചിലർക്ക് ചില വിഷയങ്ങളിൽ അംഗീകാരം ലഭിക്കും. ചിലർക്ക് ശൈലിയിലായിരിക്കും. വടക്കൻ പ്രദേശങ്ങളിൽ ഒക്കെ പോയാൽ അവർക്കൊക്കെ വലിയ താല്പര്യമാണ്. എവിടെ നിന്നും വെറുപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. കാരണം മുതഅല്ലിമീങ്ങളെ വലിയ മഹാന്മാരായിട്ടാണ് കണ്ടിരുന്നത്. ഇൽമ് പഠിക്കാൻ അല്ലാഹുവിന്റെ വഴിയിൽ സഞ്ചരിക്കുന്നവരാണെന്നുള്ള മഹോന്നതമായ അംഗീകാരമാണ് ജനഹൃദയങ്ങളിൽ ഉണ്ടാവുക. അതിനാൽ അവരെ വെറുക്കാൻ സാധ്യമല്ലെന്ന് മാത്രമല്ല, അവഗണിക്കുന്ന സ്വഭാവം പോലും ഒരിക്കലും കണ്ടിരുന്നില്ല. കൂടാതെ മുതഅല്ലിമീങ്ങളിൽ നിന്നും മോശമായ ഒരു സ്വഭാവവും ഉണ്ടാവില്ലായിരുന്നു. വലിയ അംഗീകാരം കിട്ടിയിരുന്ന കാലമായിരുന്നു അത്.
ഇന്നത്തെക്കാലത്ത് ആ അംഗീകാരം കിട്ടുന്നില്ല എന്നതാണ് സത്യം! ആയിരങ്ങൾ വിലമതിക്കുന്ന ഫോണും മറ്റും കയ്യിലുള്ളവരെ അവരെക്കാൾ താഴ്ന്നവർക്ക് എങ്ങനെയാണ് ആദരിക്കാൻ തോന്നുക…? കാലങ്ങൾ സംസ്കാരങ്ങളെയെല്ലാം മാറ്റിമറിച്ചു. പണ്ട് ഇതൊന്നും ഇല്ലാത്തതിനാൽ സ്നേഹം മാത്രമായിരുന്നു മനസ്സിൽ . ചിന്ത ആഖിറം മാത്രവും.
പിന്നെപ്പിന്നെ വഅളുകൾ പറഞ്ഞ് ചെറുതായി അറിയപ്പെടാൻ തുടങ്ങിയത് മുതൽ ചെറിയ സ്ഥലങ്ങളിൽ ഒക്കെ വിളിക്കാൻ തുടങ്ങി. ആദ്യമൊക്കെ വഅള് തുടങ്ങുന്ന ദിവസമാണ് വിളിക്കുക. കാരണം അന്ന് ആളുകൾ വളരെ കുറവായിരിക്കും. പതിയെപ്പതിയെ വഅളിനെ കുറിച്ചറിഞ്ഞ് കൂടുതൽ ആളുകൾ വരുന്ന അവസാന ദിവസമാണ് വലിയ ഉസ്താദുമാർ വരിക. അന്നൊക്കെ പള്ളികൾ ഉണ്ടാക്കാൻ പിരിവെടുക്കുന്ന കാലമായിരുന്നു. ലേലം വിളികൾ ഒക്കെ ഉണ്ടാവും. കോഴിയും മുട്ടയും മാങ്ങയും ഒക്കെയാണ് അന്ന് ലേലം വിളിക്കാൻ ഉണ്ടാവുക. നല്ല രീതിയിൽ വിളിച്ച് പൈസ ഉണ്ടാക്കിത്തരാൻ പറ്റിയ ഉസ്താദ് ആണെങ്കിൽ അവരെ എല്ലാവരും വിളിക്കും. ഫാത്തിമ ബീവിയും ഖദീജ ബീവിയും സംഭാവന ചെയ്തതും സ്വർഗവും നരകവും ഒക്കെയങ്ങോട്ട് പറയുമ്പോൾ ആ സ്വർഗത്തിൽ നമുക്കും കടക്കണ്ടേ എന്നൊരു ബോധം ശ്രോതാക്കൾക്ക് വരും. അങ്ങനെയാണ് കൂടുതൽ സംഭാവനകൾ കിട്ടിയിരുന്നത്.
ചിലപ്പോൾ നാൽപ്പതും അറുപതും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉറുദികൾ ഉണ്ടാവും. ഒരു ഉസ്താദ് തന്നെയാണ് പ്രസംഗിക്കുക. അവർ നടന്നാണ് വരിക. പെട്രോമാക്സ് കത്തിച്ച് മുന്നിൽ ഒരാൾ നടന്ന് ഉസ്താദിനെ കൊണ്ടുവരും. ആളുകൾ ചൂട്ട് കത്തിച്ച് വഅള് കേൾക്കാൻ വരും. അതിന് വേണ്ടി ചൂട്ടുകൾ ഉണ്ടാക്കിവെക്കുമായിരുന്നു. വഅളിൽ നിസ്കാരം, നോമ്പ്, സകാത്, ആഖിറം എല്ലാം അതിൽ ചർച്ചയാവും. മൈക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാവില്ല. ചിലപ്പോൾ നടന്നാണ് വഅള് പറയുക ഓരോരുത്തരുടെ അടുത്തെത്തുമ്പോൾ മെല്ലെ ചെവിയിൽ ചില ഉപദേശങ്ങളൊക്കെ നൽകും. മാത്രമല്ല ബുർദകളും ചൊല്ലുമായിരുന്നു. ഇടയിൽ സ്വലാത്തുകളും. ബുർദയുടെ ആദ്യഭാഗത്ത് നിന്ന് തുടങ്ങി അവസാനം വരെ ചൊല്ലി ലയിച്ചിരിക്കുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ഉസ്താദ് കടന്ന് വരുക. അപ്പോൾ പറയുന്ന വഅളിന് ഇരട്ടി പ്രതിഫലനം സൃഷ്ടിക്കാനാവും.
പറയുന്ന വഅളുകൾ വിഷയത്തിലൂന്നിയവ ആകണം എന്ന നിർബന്ധം ഒന്നും ഉണ്ടായിരുന്നില്ല . ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വഅള് പരമ്പരയാണെങ്കിൽ രണ്ടോ മൂന്നോ ഉസ്താദുമാർ ആണ് ഉണ്ടാവുക. ഒരു ഉസ്താദ് വരും ഒരു വഅള് പറയും. മറ്റൊരു ഉസ്താദ് വരും മറ്റൊരു വഅള് പറയും. അത്ര തന്നെ! ചിലർ മുമ്പുണ്ടായിരുന്ന ഉസ്താദ് പറഞ്ഞ വിഷയം ചോദിച്ചറിയും. എന്നിട്ട് മറ്റേതെങ്കിലും വിഷയത്തിൽ വഅള് പറയും. എന്റെയൊക്കെ ചെറുപ്പത്തിൽ വിഷയം കൊടുക്കലൊന്നും ഇല്ലായിരുന്നു. പിന്നെയാണ് അങ്ങനെയൊക്കെ വന്നുതുടങ്ങിയത്. ആളുകളുടെ എണ്ണം കൂടിയപ്പോൾ ഒരുപാട് ഉസ്താദുമാർ വഅളുകൾ പറയാൻ തുടങ്ങി. ഒരേ വിഷയങ്ങൾ ആവർത്തിക്കുന്ന പ്രശ്നം വന്നത് മുതലാണ് “വിഷയങ്ങൾ കൊടുക്കൽ’ വന്നത്. ഇപ്പോഴാണെങ്കിൽ ഒരു ദിവസത്തേക്ക് തന്നെ ഒരുപാട് പ്രസംഗകർ ആണ്.
അന്ന് ആഖിറം മാത്രമായിരുന്നു ചർച്ച! ആ പഴയ ശൈലിയിൽ പച്ച മലയാളത്തിൽ പറയുന്നത് കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ മാറ്റം വരും. പ്രത്യേകിച്ച് അത് പള്ളിയിൽ കൂടെ ആകുമ്പോൾ. പണ്ടത്തെ പള്ളി എന്ന് പറഞ്ഞാൽ അതിന്റെ അകത്തേ പള്ളിയിലേക്ക് വെളിച്ചമേ കടക്കില്ല. സുബ്ഹി കഴിഞ്ഞ് വെളിച്ചം പരക്കാത്ത ഒരു സമയമില്ലേ. അതുപോലെയായിരിക്കും. അതുകൊണ്ട് തന്നെ അതിനുള്ളിൽ കയറുമ്പോ ഒരു ഭയഭക്തി ഒക്കെ ഉണ്ടാവും. കുട്ടികൾക്കാണെങ്കിലും അങ്ങോട്ട് കടക്കാൻ തന്നെ പേടിയാണ്. ആ പള്ളിയിലാണ് വഅള് നടത്തുക. അതും ഖബറിനെ കുറിച്ചും മഅ്ശറയെ കുറിച്ചും എല്ലാം… നേരിൽ കാണുന്നതുപോലെ ആളുകൾക്ക് തോന്നും. കാരണം വേറെ ചിന്തകൾ ഒന്നും തന്നെയില്ല. ഉസ്താദിന്റെ മുഖത്ത് തന്നെ അവർ ശ്രദ്ധ കേന്ദ്രീകരിക്കും. പറഞ്ഞു തുടങ്ങുമ്പോഴേക്കും ഉസ്താദിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിക്കുമായിരുന്നു. അപ്പോൾ ആളുകൾ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളും. ആ ഒരു ചെറിയ വഅള് അവർക്ക് മരിക്കുവോളം ഓർമ്മയിൽ ഉണ്ടാകും. അത്രയും ഖൽബിൽ തറച്ചുപോകും.
പിന്നെപ്പിന്നെ സംഭാവനകൾക്ക് വേണ്ടി വഅളുകൾ പറഞ്ഞുതുടങ്ങി. അന്നൊന്നും ബിദ്അത്തിന്റെ അഹ്്ലുകാർ വന്ന് തുടങ്ങിയിട്ടില്ല. അതുവരെ ഈമാനും ഇഖ്്ലാസും തഖ്‌വയും ഒക്കെയായിരുന്നു വിഷയങ്ങൾ. പിന്നെയാണ് ബിദ്അതൊക്കെ വിഷയങ്ങളായത്. അങ്ങനെ ഒരുപാട് പേർ ആ വിഷയങ്ങളിലേക്ക് തിരിഞ്ഞു. എല്ലായിടങ്ങളിലും കാണും ഒന്നോ രണ്ടോ വഹാബികൾ. അപ്പോൾ അവിടെ അതിനെക്കുറിച്ച് തന്നെ പ്രസംഗിക്കണം. അങ്ങനെയാണ് ആത്മീയതയിലൂന്നിയ ആ പഴയ വഅളുകൾ നിന്നു പോയത്.
വളർന്നു വരുന്ന പുതുതലമുറയിലെ പ്രാസംഗികർ ആത്മീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ആ പഴയ ശൈലി സ്വീകരിച്ച് ആഖിറവും സ്വർഗവും നരകവും പറഞ്ഞ് പ്രസംഗിക്കുന്ന ആ ഒരു രീതിയിലേക്ക് മടങ്ങിവരണം എന്നതാണ് എന്റെ ആഗ്രഹം. അതിലേക്ക് എത്താൻ പ്രയാസമാണ് എന്നറിയാം. കാരണം സാഹചര്യങ്ങൾ എല്ലാം മാറിപ്പോയി. ഇന്ന് പ്രാസംഗികരും ശ്രോതാക്കളും ഭൗതികമാണ് ആഗ്രഹിക്കുന്നത്. അതിൽ നിന്ന് മാറാൻ ശ്രമിക്കുക. ഹൃദയത്തിൽ ആഖിറം മാത്രം മതി.
സി കെ മുഹമ്മദ് ബാഖവി തലപ്പെരുമെണ്ണ/
അൽവാരിസ് സഹൽ അബ്ദുല്ല വെണ്ണക്കോട്
You must be logged in to post a comment Login