ഇസ്‌ലാം മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തമാണ്. അടിസ്ഥാന വിശ്വാസം മുതല്‍ പ്രമാണം, കർമങ്ങള്‍, നിലപാടുകള്‍, സംസ്‌കാരം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇത് പ്രകടമാണ്. ഇസ്‌ലാമിലെ ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രം ഈ വ്യതിരിക്തതയുടെ പ്രധാന മേഖലയാണ്. ലോകത്ത് ഒരു സംസ്‌കൃതിയും പ്രദാനം ചെയ്യാത്ത അന്യൂനവും സമഗ്രവുമായ കർമസരണിയും രീതിയും നിയമവ്യവസ്ഥിതിയും രൂപപ്പെടുത്തിയ ഇസ്‌ലാം മനുഷ്യന്റെ ഓരോ നിമിഷവും ചലിപ്പിക്കേണ്ട രീതിശാസ്ത്രം പരിചയപ്പെടുത്തി. ഇത് ഫിഖ്ഹ് എന്ന പേരിലാണ് അറിയപ്പെട്ടത്. കഴിഞ്ഞ ആയിരത്തിനാന്നൂറു വര്‍ഷങ്ങളായിട്ട് കോടാനുകോടി മുസ്‌ലിംകളുടെ ഓരോ നിമിഷവും ഓരോ പ്രവൃത്തിയും കർമവും ഫിഖ്ഹിന്റെ നിലപാടുകൾക്കകത്താണ് നിയന്ത്രിക്കപ്പെടുന്നത്. ഫിഖ്ഹാണ് അവരുടെ കർമരേഖ. ഫിഖ്ഹില്ലാത്ത മുസ്‌ലിമിന്റെ ജീവിതം അപൂർണമാണുതാനും.
ഇസ്‌ലാമില്‍ കർമങ്ങളുടെ സ്ഥാനം
മതമെന്ന ആശയത്തെ ഇസ്‌ലാം വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ബുദ്ധിയുള്ളവരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് പരമവും ഉത്തമവുമായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന, അല്ലാഹു സംവിധാനിച്ച വ്യവസ്ഥിതിയാണ് ദീന്‍ അഥവാ മതമെന്ന് ഇസ്‌ലാമിക പണ്ഡിതന്മാര്‍ നിർവചിച്ചു.(1) ബുദ്ധിയുള്ളവര്‍ക്കാണ് മതം, സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കേണ്ടതാണ് മതം, പരമോത്തമമായ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായതായിരിക്കണം മതം, അതുകൊണ്ടുതന്നെ അത് സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചതായിരിക്കണം; അല്ലെങ്കില്‍ ന്യൂനതകളൂം പാളിച്ചകളും അപാകങ്ങളും സംഭവിക്കും എന്നാണ് ഈ നിര്‍വചനം വ്യക്തമാക്കുന്നത്. മനുഷ്യനെ നയിക്കാന്‍ പര്യാപ്തമായ ഏക മതം ഇസ്‌ലാം മാത്രമാണെന്നും മറ്റു മതങ്ങളെല്ലാം അപൂർണമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. “തീര്‍ച്ചയായും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്'(2). “ആരെങ്കിലും ഇസ്‌ലാമല്ലാത്ത വല്ല ദീനിനെയും സ്വീകരിച്ചാല്‍ അയാളില്‍ നിന്ന് ഒരിക്കലുമത് സ്വീകരിക്കുകയില്ല’ (3)
ഒരാള്‍ മുസ്‌ലിമാകാന്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ വിശ്വസിക്കുകയാണ് വേണ്ടത്. ഈ കാര്യങ്ങളെ പൊതുവെ ഈമാന്‍(വിശ്വാസ) കാര്യങ്ങള്‍ എന്നു പറയും. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, കിതാബുകളിലുള്ള വിശ്വാസം, മുർസലുകളിലുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം തുടങ്ങിയവയാണ് പ്രധാനമായും ഇവ. ഇവയില്‍ ചിലത് ആഴത്തിലറിഞ്ഞ് വിശ്വസിക്കേണ്ടതും ചിലത് മൊത്തത്തിലുള്ള വിശ്വാസം മാത്രം മതിയാകുന്നതുമാണ്. ഇവയ്ക്കു പുറമേ ചില കാര്യങ്ങളിലും ഒരു മുസ്‌ലിം വിശ്വസിക്കല്‍ നിര്‍ബന്ധമായിട്ടുണ്ട്. അവയെല്ലാം ഇസ്‌ലാമിലുള്ളതാണെന്ന് അനിഷേധ്യമായി അറിയപ്പെട്ടതാണ്. ഇങ്ങനെ വിശ്വസിച്ച ഒരാള്‍ ജീവിതത്തില്‍ ഒരുവേള പോലും കർമം ചെയ്തില്ലെങ്കിലും അയാള്‍ വിശ്വാസി തന്നെയാണ്. കാരണം വിശ്വസിക്കുക എന്ന ഹൃദയത്തിന്റെ പ്രവൃത്തി അയാള്‍ ചെയ്തിട്ടുണ്ടല്ലോ. വിശ്വാസിയാകാന്‍ ഹൃദയത്തിന്റെ ഈ കർമം മാത്രം മതി-അഥവാ മനസറിഞ്ഞുള്ള അംഗീകരിക്കലും സ്വീകരിക്കലും മതി. നാവുകൊണ്ടുള്ള കർമം, അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്ന് പറയേണ്ട ആവശ്യമില്ല. എന്നാല്‍ നാവുകൊണ്ട് തീരെ പറയാത്ത ഒരാളെ പ്രത്യക്ഷത്തില്‍ മുസ്‌ലിമായി ഗണിക്കാനുമാവില്ല. ഹൃദയത്തിലുള്ള വിശ്വാസം പുറത്തുപറയാതെ മറ്റു മനുഷ്യര്‍ക്ക് അത് കണ്ടെത്താന്‍ സാധ്യമല്ലല്ലോ. അതുകൊണ്ടുതന്നെ പ്രസ്തുത വ്യക്തിക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനോ ആ വ്യക്തിയെ ഇമാമായി നിര്‍ത്തി നിസ്‌കരിക്കാനോ മുസ്‌ലിമിന് ബാധകമാകുന്ന മറ്റു പലവിധ വിധിവിലക്കുകള്‍ക്കോ പറ്റില്ല. എങ്കിലും മനസ്സിനുള്ളില്‍ വിശ്വാസമുള്ളതുകൊണ്ട് അയാള്‍ അല്ലാഹുവിന്റെയടുത്ത് മുസ്‌ലിമാണ്; വിശ്വാസിയുടെ എല്ലാ പ്രതിഫലവും ലഭിക്കുകയും ചെയ്യും. കാരണം അദ്ദേഹത്തെ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്നോട്ട് നയിച്ച കാരണങ്ങളുണ്ടാകാം. അത് ഒരു പക്ഷേ ജീവനെയോ സ്വത്തിനെയോ മറ്റെന്തിനെയെങ്കിലുമോ ബാധിക്കുന്നതുമായിരിക്കാം. ഭയപ്പെടുത്തുന്ന ഒരുകാരണവുമില്ലാതെ ഒരാള്‍ മനപ്പൂര്‍വം വിശ്വാസം പുറത്തു പറയാന്‍പോലും സന്നദ്ധമല്ലെങ്കില്‍- അദ്ദേഹത്തോട് വിശ്വാസിയാണോ എന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം അതിനെ നിഷേധിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ വിശ്വാസിയായി ഗണിക്കില്ല (4). ഈ വിശ്വാസവും അതല്ലാത്തതുമായ ഹൃദയത്തിന്റെയും ശരീരത്തിന്റെയും നാവിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാം കാര്യങ്ങള്‍ എന്ന് പറയപ്പെടാറ്. അഥവാ ഈമാനും ഇസ്‌ലാമും നിർവചനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടിന്റെയും വിവക്ഷ ഒന്നല്ല. അല്ലാഹുവിങ്കല്‍ നിന്ന് നബി (സ്വ) കൊണ്ടുവന്ന ഇസ്‌ലാമില്‍ അനിവാര്യമായും അനിഷേധ്യമായും അറിയപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും വാസ്തവമാക്കുക അല്ലെങ്കില്‍ വിശ്വസിക്കുക-ഇതാണ് ഈമാന്‍. എന്നാല്‍ ഇസ്‌ലാം എന്നുപറഞ്ഞാല്‍ ഇങ്ങനെ റസൂൽ (സ്വ) കൊണ്ടുവന്നതും ഇസ്‌ലാമില്‍ അറിയപ്പെട്ടതുമായ കാര്യങ്ങളെ അനുസരിക്കലും അവയ്ക്ക് കീഴൊതുങ്ങലുമാണ് ഉദ്ദേശിക്കുന്നത്. ഈ അനുസരണവും കീഴൊതുങ്ങലും സ്വേഛപ്രകാരവും മനസാ അംഗീകരിച്ചുകൊണ്ടുമായിരിക്കണം. അവ ചെയ്യണമെന്ന അഥവാ പ്രവര്‍ത്തിക്കണമെന്ന നിബന്ധനയില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമും ഈമാനും പരസ്പര പൂരകങ്ങളാണ് എന്നുപറയാം. ഒന്നുണ്ടായാല്‍ മറ്റേതുമുണ്ടാകും. സ്വാഭാവികമായും എല്ലാ മുസ്‌ലിമും മുഅ്മിനാവുകയും എല്ലാ മുഅ്മിനും മുസ്‌ലിമാവുകയും ചെയ്യുന്നു. (5)
വിശ്വാസകാര്യങ്ങളും കർമങ്ങളും കൂടിയതാണ് ഇസ്‌ലാം എന്ന് ഇപ്പറഞ്ഞതില്‍ നിന്നും വ്യക്തമാണ്. അതേസമയം ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ കര്‍മങ്ങള്‍ അനിവാര്യമല്ല. ഇസ്‌ലാമില്‍ അനിഷേധ്യമായി അറിയപ്പെട്ട കര്‍മങ്ങളെ നിഷേധിക്കാതിരുന്നാല്‍ മതി. ഉദാഹരണത്തിന്, അഞ്ചു നേര നിസ്‌കാരം ഇസ്‌ലാമില്‍ അനിഷേധ്യമായി അറിയപ്പെട്ട ഒരു കർമമാണ്. ഒരാള്‍ തീരെ നിസ്‌കരിച്ചില്ലെങ്കിലും മറ്റെല്ലാ വിശ്വാസ കാര്യങ്ങളെപ്പോലെ നിസ്‌കാരവും ഇസ്‌ലാമിലുള്ളതാണെന്നു വിശ്വസിച്ചാല്‍ അദ്ദേഹം വിശ്വാസിയും മുസ്‌ലിമുമാണ്. നിസ്‌കരിക്കാതിരിക്കുന്നത് നിമിത്തം അല്ലാഹു മാപ്പ് കൊടുത്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ശിക്ഷ ലഭിക്കും. എന്നാല്‍ അദ്ദേഹം നിസ്‌കരിക്കുന്നുവെങ്കിലും അഞ്ചുനേര നിസ്‌കാരം ഇസ്‌ലാമില്‍ പെട്ടതല്ല എന്ന് വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹം മുസ്‌ലിം അല്ലേയല്ല. അദ്ദേഹത്തിന്റെ നിസ്‌കാരം സ്വീകരിക്കപ്പെടുകയുമില്ല. കർമങ്ങള്‍ ഒരു വിശ്വാസി ചെയ്യുന്നത് അദ്ദേഹത്തിന് സ്വര്‍ഗം ലഭിക്കാനും വിശ്വാസത്തിന്റെ ദൃഢതയും സമ്പൂര്‍ണതയും വര്‍ധിക്കാനുമാണ്. അതല്ലാതെ അടിസ്ഥാന വിശ്വാസിയാകാന്‍ കര്‍മങ്ങള്‍ ചെയ്യേണ്ടതില്ല. 1492 മുതല്‍ യൂറോപ്പില്‍ അരങ്ങേറിയ മുസ്‌ലിം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ ഫത്‌വ കൊടുത്തത് കർമങ്ങളില്‍ നിന്നും പുറത്തുള്ള വിശ്വാസ പ്രകടനങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ കല്പിച്ചുകൊണ്ടായിരുന്നു (6). കാരണം അത്തരം സാഹചര്യങ്ങളിലെല്ലാം ഒരു വിശ്വാസിക്ക് ഹൃദയത്തിലുള്ള വിശ്വാസം തന്നെ ധാരാളം മതിയാകുന്നതാണ്. ബാഹ്യമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കർമങ്ങളോ എല്ലാം വിശ്വാസത്തിന്റെ സമ്പൂര്‍ണതക്കും ശ്രേഷ്ഠത വര്‍ധിക്കാനും മാത്രമാണ്. അതും സാധിക്കുന്നുവെങ്കില്‍ മാത്രം. സാധിക്കില്ലെങ്കില്‍ സാധ്യമായ അത്ര ചെയ്താല്‍ തന്നെ ആ ശ്രേഷ്ഠത ലഭിക്കും. (7)
വിശ്വ പ്രശസ്ത പണ്ഡിതന്‍ ഇമാം ബാജൂരി (റ) എഴുതുന്നത് ഇങ്ങനെ: “വിശ്വാസത്തിന് അഥവാ ഈമാനിന് കര്‍മങ്ങള്‍ അനിവാര്യമാണ്, നിബന്ധനയാണ് എന്നുപറഞ്ഞത് ഈമാന്റെ പൂര്‍ണതക്കാണ്. ആരെങ്കിലും കര്‍മങ്ങള്‍ ചെയ്താല്‍ അവന്‍ ഏറ്റവും സമ്പൂർണനായ വിശ്വാസിയായി. ആരെങ്കിലും കര്‍മങ്ങളിൽനിന്നും വിട്ടുനിന്നാല്‍ അവന്‍ വിശ്വാസി തന്നെയാണെങ്കിലും അവന്‍ തന്റെ ശ്രേഷ്ഠതയെയും സമ്പൂര്‍ണതയെയും നശിപ്പിച്ചുകളഞ്ഞു. അതേസമയം ഒരാള്‍ ഇസ്‌ലാമില്‍ അനിഷേധ്യമായി അറിയപ്പെട്ട ഒരു കാര്യത്തെ നിഷേധിച്ചു, അല്ലെങ്കില്‍ അത്തരം ഹലാലായ കാര്യത്തെ ഹറാമാക്കി, അല്ലെങ്കില്‍ അത്തരം കാര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചു-എങ്കില്‍ തീര്‍ച്ചയായും അവന്‍ അവിശ്വാസി തന്നെയാണ്’ (8)
കർമങ്ങളെ അടിസ്ഥാന വിശ്വാസത്തിന്റെ (അസ്‌ല്‍ ഈമാന്‍) ഭാഗമായി എക്കാലവും എണ്ണിയത് അതതു കാലത്തെ പുത്തന്‍വാദ-ഉല്‍പ്പതിഷ്ണു വിഭാഗങ്ങളായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ ഈ വാദത്തെ ഏറ്റവും കൂടുതല്‍ ഏറ്റുപിടിക്കുകയും സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുകയും ചെയ്ത വിഭാഗങ്ങളായിരുന്നു മുഅ്തസിലതും ഖവാരിജുകളും. കർമങ്ങളെ മുഅ്തസിലത് ഈമാന്റെ ഭാഗമായി കണ്ടു. ഈമാന്‍ ഉണ്ടാവണമെങ്കില്‍ കര്‍മം അനിവാര്യമാണെന്ന് സമർഥിച്ചു. കർമങ്ങളും നാവുകൊണ്ടുള്ള സാക്ഷ്യവും ഹൃദയംകൊണ്ടുള്ള അംഗീകാരവും-മൂന്നും ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈമാന്‍ ഉണ്ടാകുന്നതാണെന്നാണ് അവര്‍ വാദിച്ചത്. ഖവാരിജുകളാകട്ടെ, ചെറിയതല്ലാത്ത ദോഷങ്ങള്‍ ചെയ്യുന്നവര്‍ കാഫിറുകളാണെന്ന് വിധിയെഴുതുകയും ചെയ്തു. ഇങ്ങനെയെല്ലാം വാദിക്കുന്നതിനു പിന്നില്‍ അവര്‍ക്ക് ചില ഭൗതിക-രാഷ്ട്രീയ താല്പര്യങ്ങളുമുണ്ടായിരുന്നു. ദോഷങ്ങള്‍ ചെയ്ത മുസ്‌ലിംകളെ, അവര്‍ കാഫിറുകളാണെന്ന ലേബലില്‍ കൊല്ലുക തന്നെയായിരുന്നു പ്രധാന ഉദ്ദേശ്യം. ഇക്കാലത്ത് ഈ വാദം കൂടുതല്‍ ഉന്നയിച്ചവരാണ് സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും. ആഗോള തീവ്രവാദ സംഘടനയായ ഐസിസും ഈ വാദം ഉന്നയിക്കുന്നു. അവരുടെ ഖലീഫയെ അംഗീകരിക്കാതിരിക്കുക എന്നത് ഒരു തെറ്റും ദോഷവുമാണ്; അതുകൊണ്ട് അത്തരം മുസ്‌ലിംകളെ കൊല്ലണമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഇഖ്‌വാനുകളും അവരെ പിന്‍പറ്റുന്നവരും ജിഹാദ് ഇസ്‌ലാമിലെ ഏറ്റവും അനിവാര്യമായ കർമമായി കാണുന്നു. അതുകൊണ്ടുതന്നെ ജിഹാദിന് ഇറങ്ങാത്തവര്‍ വിശ്വാസികളല്ല എന്ന് സമർഥിക്കാന്‍ കര്‍മങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന വികലവാദത്തെ കൂട്ടുപിടിക്കേണ്ടി വരുന്നു. ലോകത്ത് തീവ്രവാദം വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാദം ഇതാണെന്ന് സാരം.
കര്‍മങ്ങള്‍ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമല്ലെന്നറിയിക്കുന്ന ധാരാളം ഖുര്‍ആനിക വചനങ്ങളും ഹദീസുകളും കാണാവുന്നതാണ്. നോമ്പിനെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെ: “ഓ വിശ്വാസികളേ, നിങ്ങൾക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു’ (9) നോമ്പ് നിര്‍ബന്ധമാക്കുന്ന സൂക്തമാണിത്. ഈ സൂക്തം ഇറങ്ങുമ്പോള്‍ നോമ്പ് നിര്‍ബന്ധമില്ല. പക്ഷേ, അപ്പോഴും ഖുര്‍ആന്‍ വിളിക്കുന്നത് “വിശ്വാസികളേ’ എന്നാണ്. അഥവാ പ്രധാന കർമമായ നോമ്പിന്റെ മുമ്പ് തന്നെ വിശ്വാസമുണ്ടെന്നും വിശ്വാസികളുണ്ടെന്നും അഥവാ ഈമാന്‍ ഉണ്ടെന്നും സാരം. മറ്റൊരിടത്ത് ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെ: “വിശ്വസിക്കുകയും അവരുടെ വിശ്വാസത്തോടുകൂടെ ഒരു തെറ്റും കൂടിക്കലരുകയും ചെയ്യാത്തവര്‍…’ (10) തെറ്റുകള്‍ വന്നാല്‍ ഈമാന്‍ തന്നെ നശിക്കുമെങ്കില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രയോഗിക്കില്ലായിരുന്നു. ഇങ്ങനെ നൂറുകൂട്ടം ഉദാഹരണങ്ങള്‍ പ്രമാണങ്ങളില്‍ കാണാം. മുസ്‌ലിംലോകത്തെ ആധികാരിക പണ്ഡിതരെല്ലാം ഇത് വിശദമായി പറഞ്ഞിട്ടുണ്ട്.
വിശ്വാസി തെറ്റ് ചെയ്യണമെന്നോ തെറ്റ് ചെയ്യുന്നത് അല്ലാഹുവിനും അവന്റെ പ്രവാചകനും ഇഷ്ടമാണെന്നോ അല്ല ഇതിനർഥം. മനുഷ്യനെ തെറ്റുകളില്‍ നിന്ന് മുക്തമാക്കാനാണ് ഇസ്‌ലാമും പ്രവാചകന്മാരുമെല്ലാം വന്നത്. പക്ഷേ തെറ്റ് ചെയ്യുന്നവരെയെല്ലാം മതത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ല. അതേസമയം തെറ്റ് ചെയ്യുന്നവര്‍ക്ക് കൊടും ശിക്ഷ ലഭിക്കുകയും ചെയ്യും-അല്ലാഹു മാപ്പ് കൊടുത്തില്ലെങ്കില്‍. മാപ്പിനുവേണ്ടി നിരന്തരം മനുഷ്യന്‍ ചോദിക്കണം. അതാണ് തൗബ. തെറ്റുകള്‍ രണ്ടു തരമുണ്ട്. ചെറുദോഷങ്ങള്‍, വന്‍ദോഷങ്ങള്‍ . ചെയ്യരുതെന്ന വ്യക്തമായ നിര്‍ദ്ദേശമുള്ളതും അവയ്ക്ക് ശിക്ഷയുണ്ടെന്നു പഠിപ്പിച്ചതുമായ തെറ്റുകളെല്ലാം വന്‍ദോഷങ്ങളാണ്. ഇങ്ങനെയല്ലാത്ത ചെറുദോഷങ്ങൾ തന്നെ ഒരാള്‍ ആവര്‍ത്തിച്ചു ചെയ്താല്‍ അത് വന്‍ദോഷങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ചെറിയ തെറ്റാണെങ്കിലും അതില്‍ നിന്ന് വിരമിക്കാനാഗ്രഹിക്കാതെ വീണ്ടും വീണ്ടും ചെയ്യുന്നത് വന്‍ദോഷങ്ങളില്‍ ഉള്‍പ്പെടുമെന്ന് പണ്ഡിതന്മാരെല്ലാം പറഞ്ഞു.(11) ഇമാം ഇസ്സുബ്നു അബ്ദിസ്സലാമും (റ) ഇങ്ങനെ പറഞ്ഞു: “ചെറുദോഷം പതിവാക്കിയാല്‍ ശിക്ഷവിധികളിൽ അത് വന്‍ദോഷമാകും. എങ്കിൽപിന്നെ വന്‍ദോഷങ്ങളെ പതിവാക്കുന്നത് പറയേണ്ടതില്ലല്ലോ..!’ (12). തെറ്റുകള്‍ ചെയ്യുന്നവന്റെ ഈമാന്‍ സമ്പൂർണമാകില്ലെന്നും നാം നേരത്തെ പറഞ്ഞു. അതുകൊണ്ടുതന്നെ മരണ സമയത്തോ അല്ലാത്ത സമയത്തോ ഈമാന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത്തരം നൂറുകൂട്ടം കാരണങ്ങളാല്‍ ഏതു വിശ്വാസിയും തെറ്റുകളില്‍നിന്നും പൂര്‍ണമായും മുക്തനായി പരമാവധി നല്ല കര്‍മങ്ങള്‍ ചെയ്തു ജീവിക്കാനാണ് ശ്രമിക്കേണ്ടത്. കര്‍മങ്ങള്‍ ചെയ്യുന്നവനാണ് സ്വര്‍ഗമുള്ളതെന്നും ഇഹലോകത്തും പരലോകത്തും വിജയമുള്ളതെന്നും വ്യക്തമാക്കുന്ന അനേകായിരം വചനങ്ങളുണ്ടല്ലോ. അവയെല്ലാം ഇസ്‌ലാമില്‍ കര്‍മങ്ങള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നു. ഈ കര്‍മ്മങ്ങളെ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ പരിചയപ്പെടുത്തുകയാണ് ഫിഖ്ഹ്.
(1) തുഹ്ഫതുല്‍ മുഹ്താജ്:1/21
(2) വിശുദ്ധ ഖുര്‍ആന്‍/ആലു-ഇംറാൻ: 29
(3) വിശുദ്ധ ഖുര്‍ആന്‍/ ആലു-ഇംറാൻ: 19
(4) ഇത്തരം വിശ്വാസ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇസ്‌ലാമിക ശാസ്ത്ര ശാഖയാണ് ഇല്‍മുല്‍ കലാം. കർമപരമായ കാര്യങ്ങള്‍ മാത്രമാണ് ഫിഖ്ഹിന്റെ ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നത്. ഇല്മുല്‍ കലാം ചര്‍ച്ച ചെയ്യുന്ന പണ്ഡിതന്മാരെ പൊതുവെ മുതകല്ലിം എന്നു പറയാറുണ്ട്. ഇൽമുല്‍ കലാമിന് ഇൽമുത്തൗഹീദ്, ഇൽമുൽ അഖാഇദ് തുടങ്ങിയ ധാരളം പേരുകളുമുണ്ട്.
(5) തുഹ്ഫതുല്‍ മുരീദ് ലി ജൗഹറത്തിത്തൗഹീദ്/96
(6) Harvey, L. P. ( 2005). Muslims in Spain, 1500 to 1614. University of Chicago Press
(7) ഇത് വ്യക്തമാക്കുന്ന ധാരാളം വചനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണാം. ഉദാഹരണത്തിന് അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: തബൂക് യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ റസൂലിനൊ (സ്വ) മടങ്ങുകയാണ്. ഏകദേശം മദീന എത്താറായപ്പോള്‍ റസൂൽ (സ്വ) ഇങ്ങനെ പറഞ്ഞു: “മദീനയില്‍ ചിലയാളുകളുണ്ട്. നിങ്ങള്‍ ഓരോ വഴിദൂരം പിന്നിടുമ്പോഴും ഓരോ മലഞ്ചെരുവ് വിട്ടുകടക്കുമ്പോഴും നിങ്ങള്‍ക്കു ലഭിക്കുന്നതെല്ലാം അവര്‍ക്കും ലഭിക്കും’. ഞങ്ങള്‍ ചോദിച്ചു: അവര്‍ മദീനയില്‍ത്തന്നെയിരിക്കുകയല്ലേ പ്രവാചകരേ?. ഉടന്‍ റസൂൽ (സ്വ) പ്രതിവചിച്ചു: “യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിധം അവരെ കാരണങ്ങള്‍ പിടികൂടിയിരിക്കുന്നു’ (ഇബ്‌നു മാജ: 2764). ഇമാം സിന്ധി ഈ ഹദീസ് വിശദീകരിക്കുന്നത് ഇങ്ങനെ: കാരണങ്ങളില്ലായിരുന്നുവെങ്കില്‍ അവര്‍ യുദ്ധത്തിന് വരുമായിരുന്നു. കാരണങ്ങള്‍ നിമിത്തം ഒരാള്‍ക്ക് ഒരു സദ്പ്രവൃത്തി ചെയ്യാന്‍ സാധിക്കാതിരിക്കുകയും അദ്ദേഹം സ്ഥിരമായി അത് ചെയ്യുകയോ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടാവുകയോ ചെയ്താല്‍ ആ പ്രവൃത്തി ചെയ്ത പ്രതിഫലം തന്നെ രേഖപ്പെടുത്തപ്പെടും” (ശര്‍ഹ് സുനനി ഇബ്‌നു മാജ: 3/341)
(8) തുഹ്ഫതുല്‍ മുരീദ് ലി ജൗഹറത്തിത്തൗഹീദ്/95
(9) വിശുദ്ധ ഖുര്‍ആന്‍/അല്‍ ബഖറഃ: 183
(10) വിശുദ്ധ ഖുര്‍ആന്‍/ അന്‍ആം: 82
(11) അസ്സവാജിര്‍ അനിഖ്തിറാഫില്‍ കബാഇര്‍/ഇബ്‌നു ഹജറില്‍ ഹൈതമി: 99
(12) ശജറതുല്‍ മആരിഫി വല്‍ അഹ്‌വാല്‍: 110
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login