പഴയ കാലത്ത് റമളാനിലേക്കുള്ള ഒരുക്കങ്ങൾ ശഅബാൻ മാസത്തിൽ തന്നെ തുടങ്ങും. ഇന്നത്തെ അപേക്ഷിച്ച് ആ തയാറെടുപ്പുകൾ തകൃതിയോടെയും ആവേശത്തോടെയുമായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. വീടും പരിസരവും വൃത്തിയാക്കുന്നതാണ് ആദ്യപടി. അടുക്കളയിലെ പാത്രങ്ങളും മറ്റും കഴുകിയും തുടച്ചും വൃത്തിയാക്കും. നോമ്പുകാലത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നേരത്തെ വാങ്ങി കഴുകി ഉണക്കി സൂക്ഷിക്കും. എന്തു സാധനമായാലും അവയിൽ ഏറ്റവും മേന്മയുള്ള, മികച്ച ഓഹരി നോമ്പുകാലത്തേക്ക് പ്രത്യേകമായി മാറ്റിവെക്കും. ഇന്ന് എന്തുവേണമെങ്കിലും അങ്ങാടിയിലേക്ക് ഇറങ്ങിയാൽ ഉടനെ കിട്ടുമല്ലോ. അന്ന് അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നില്ല. ലഭിക്കുന്ന സമയത്ത് സംഭരിച്ച് വെക്കണം. ഇല്ലെങ്കിൽ പിന്നീട് കിട്ടിയില്ലെന്നുവന്നേക്കാം.
അന്നൊക്കെ ഒരു വീട്ടിൽ തന്നെ മക്കളും മക്കളുടെ മക്കളുമൊക്കെയായി കുറെ അംഗങ്ങളുണ്ടാകും. പല കുടുംബങ്ങളൊന്നിച്ചായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പരസ്പരം സത്കാരങ്ങൾ സംഘടിപ്പിക്കുന്നതിൽ എല്ലാവർക്കും ആവേശമായിരിക്കും. ഇന്നത്തെ പോലെ കൂടുതൽ വിഭവങ്ങൾ ഒന്നുമില്ലെങ്കിലും വീട്ടിലുള്ളത് സന്തോഷത്തോടെ പങ്കുവെക്കും. ഒരു പ്രത്യേക സമൃദ്ധിയും ബറകതും നോമ്പുകാലത്തു വിശേഷിച്ചും അനുഭവപ്പെട്ടിരുന്നു.
വിവാഹത്തിനുശേഷം, ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന ആദ്യകാലത്തുപോലും ഉസ്താദ് വീട്ടിൽ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ പോലെ വിദേശയാത്രകൾ അന്ന് വളരെ കുറവായിരുന്നു. ഏറെ ദൂരെയുള്ള ഉൾനാടുകളിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന വഅ്ള് പരിപാടികളിലും സംവാദങ്ങളിലുമായിരുന്നു അന്ന് ഉസ്താദ് ശ്രദ്ധിച്ചിരുന്നത്. അവശേഷിക്കുന്ന സമയത്താവട്ടെ പള്ളികളിൽ ദർസും ഇബാദതുകളുമായി കൂടും. അപ്പോഴും വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ആരെങ്കിലും മുഖേന ഉസ്താദ് വീട്ടിൽ എത്തിക്കുമായിരുന്നു.
ഉസ്താദ് വീട്ടിൽ വരുന്ന ദിവസങ്ങളിൽ തന്നെ അർധരാത്രിയാവാതെ എത്താറില്ല. അപ്പോഴേക്കും മക്കളെല്ലാം ഉറങ്ങിയിട്ടുണ്ടാവും. അവരെ ഉണർത്താതെ ഉസ്താദ് എല്ലാവരെയും കാണും. തഹജ്ജുദ് നിസ്കരിച്ച് ഉസ്താദ് മടങ്ങുന്നതുകൊണ്ട് മക്കൾക്ക് പലപ്പോഴും ഉപ്പയെ കാണാൻ കഴിയാറില്ല .
അന്നൊക്കെ വളരെ ലളിതമായ ഭക്ഷണരീതികളായിരുന്നു. വിരുന്നുകാർ ഉണ്ടാകുമ്പോൾ പരമാവധി മികവുറ്റതാക്കാൻ ശ്രമിക്കും. വളരെ കുറഞ്ഞ വിഭവങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അന്നൊക്കെ വലിയ സന്തോഷവും സംതൃപ്തിയും അനുഭവിച്ചിരുന്നു. അന്ന് ഭക്ഷണത്തിന്റെ അഭാവത്താലും ഇന്ന് അമിതമായ ഭക്ഷണത്താലുമാണ് അല്ലാഹു നമ്മെ പരീക്ഷിക്കുന്നത് എന്നു തോന്നാറുണ്ട് .
ഉസ്താദ് നോമ്പു തുറക്കാൻ വീട്ടിലുള്ള ദിവസം ഞങ്ങൾക്ക് പെരുന്നാളിന്റെ പ്രതീതിയായിരിക്കും. മറ്റുള്ളവരെ നോമ്പു തുറപ്പിക്കുന്നത് ഉസ്താദിന് ഇഷ്ടമുള്ള കാര്യമാണ്. ഒരിക്കൽപോലും ഞങ്ങൾ വീട്ടുകാർ മാത്രമായോ ഉസ്താദ് ഒറ്റയ്ക്കോ നോമ്പു തുറന്നത് ഓർക്കുന്നില്ല. അയൽവാസികളും മുതഅല്ലിമീങ്ങളും എപ്പോഴും വീട്ടിലുണ്ടാവും. മീനോ ഇറച്ചിയോ കിട്ടിയാലും വാങ്ങിയാലും അയൽവാസികൾക്ക് വീതിച്ചുകൊടുക്കണമെന്നത് ഉസ്താദിന് നിർബന്ധമാണ്. വീട്ടിൽ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കിയാൽ അയൽക്കാർക്കും കുടുംബക്കാർക്കും അതിൽ നിന്നൊരു പങ്ക് കൊടുത്തില്ലെങ്കിൽ ഉസ്താദിന് മനഃസമാധാനമുണ്ടാകില്ല. റമളാന്റെ രണ്ടാം പത്തിലാണ് നോമ്പു തുറകൾ കാര്യമായുണ്ടാവുക. അസറിന് മുമ്പേ അടുക്കള സജീവമാകും. നോമ്പു തുറക്കാനുള്ള ആളുകളുടെ എണ്ണം കൂടുന്നു എന്നുകണ്ടാൽ ഭക്ഷണം പിന്നെയും പിന്നെയും ഉണ്ടാക്കും.
ഉസ്താദും മക്കളും മരുമക്കളും പേരമക്കളുമെല്ലാം ചേർന്നുള്ള നോമ്പുതുറകൾ അത്യപൂർവമാണ്. എന്റെയും സഹോദരിമാരുടെയും മക്കളും മരുമക്കളും പേരമക്കളും പണ്ഡിതന്മാരായതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അവരൊന്നും വീട്ടിലുണ്ടാവാത്തതിൽ ഞങ്ങൾക്ക് പരാതികളൊന്നുമില്ല. ദീനിസേവനത്തിന് വേണ്ടി ഓടിനടക്കുന്നവരെ വീട്ടിൽ പിടിച്ചിരുത്താൻ കഴിയില്ലല്ലോ. അവരുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. കുടുംബത്തിലെ അടുത്ത തലമുറകളും ഉസ്താദിന്റെ പാതയിൽ ദീനീ സേവകരാവാൻ വേണ്ടിയാണ് ഞങ്ങൾ എപ്പോഴും പ്രാർഥിക്കാറുള്ളത്.
റമളാനിൽ എല്ലാവരും ഖുർആൻ പാരായണത്തിൽ മുഴുകുന്ന ഒരു രീതി അന്നും ഇന്നുമുണ്ട്. അന്നൊന്നും ഭക്ഷണത്തിൽ ഇന്നത്തെപ്പോലെ അത്ര പ്രാധാന്യം കൽപ്പിക്കാറില്ലായിരുന്നു. അതിനുവേണ്ടി ഒരുപാട് സമയം മാറ്റിവെക്കാറില്ലായിരുന്നു. ഉസ്താദിന്റെ ഉമ്മയും നല്ല പോലെ ഓതുന്ന ആളായിരുന്നു. ഇന്നത്തെപോലെ അന്ന് സകാതിന് ആളുകൾ വീടുകളിൽ വന്നിരുന്നില്ല. ഇപ്പോൾ ആദ്യത്തെ പത്ത് കഴിഞ്ഞാൽ ഇടതടവില്ലാതെ ആളുകൾ വന്നുകൊണ്ടിരിക്കും. എത്ര ആളു വന്നാലും വീട്ടിൽ വരുന്നവരെ ഒന്നും കൊടുക്കാതെ നിരാശപ്പെടുത്താറില്ല.
വീടിനോട് ചേർന്ന് ഒരു നിസ്കാരപള്ളിയുണ്ട്. അടുത്ത വീടുകളിൽ നിന്നുള്ള ആണുങ്ങൾ അവിടെ നിസ്കരിക്കാൻ വരും. ഇപ്പോൾ മർകസ് ഗാർഡനിൽ നിന്നോ മറ്റോ ഇമാമത്ത് നില്ക്കാൻ ആളു വരും. ഉള്ളിൽ സ്ത്രീകളും ജമാഅത്തു നിസ്കാരത്തിനായി പ്രത്യേകം റൂം തന്നെ സജ്ജീകരിക്കും. അയൽവീടുകളിൽ നിന്നു വരുന്നവരും പിന്നെ കുടുംബക്കാരുമായി ഒരു സംഘം സ്ത്രീകൾ എന്നും നിസ്കാരത്തിനായി ഉണ്ടാകും. പള്ളിയിലെ തറാവീഹ് കഴിയുമ്പോഴേക്കും അവർക്കായി തരിക്കഞ്ഞിയും എണ്ണക്കടികളും ഒരുക്കിവെക്കും. ചിലപ്പോൾ ജ്യൂസും ഫ്രൂട്ടും ആയിരിക്കും. അത് ആദ്യം തന്നെ തയാറാക്കിവെച്ചിട്ടാണ് സ്ത്രീകൾ നിസ്കാരം തുടങ്ങുക. ഞങ്ങളുടെ ജമാഅത് കഴിയുമ്പോഴേക്കും പള്ളിയിൽ നസീഹത് തുടങ്ങും. കുട്ടികൾ എഴുതാനും വായിക്കാനും പോകുമ്പോൾ മറ്റു സ്ത്രീകൾ അകത്തിരുന്നു നസീഹത് കേൾക്കും.
റമളാനിന്റെ പകലുകളിൽ സ്ത്രീകൾക്കായി പ്രത്യേകം പഠനക്ലാസുകൾ വീട്ടിൽ പതിവായിരുന്നു.
കഴിവുറ്റ പണ്ഡിതസ്ത്രീകളും പലപ്പോഴും സമീപ മസ്ജിദുകളിലെ മുതഅല്ലിമുകളുമാണ് സ്ത്രീകൾക്കുള്ള ക്ലാസെടുക്കുക. അപ്പോഴേക്കും വീട്ടുജോലികൾ തീർത്തു കുളിച്ചൊരുങ്ങി പെണ്ണുങ്ങൾ തയാറാകും. പലപ്പോഴായി ഖുർആൻ ഹിസ്ബ് ക്ലാസുകളും നടന്നിരുന്നു. പ്രായഭേദമന്യേ സ്ത്രീകൾ ഓരോരുത്തരും ഉസ്താദ:യുടെ മുന്നിൽ സൂറത്തുകൾ ഓതിക്കേൾപ്പിക്കും. ഉസ്താദ: തെറ്റുതിരുത്തി ഓതിക്കൊടുക്കും. വരുന്നത് പുരുഷന്മാരാണെങ്കിൽ അവർ ഒരു മറക്ക് അപ്പുറത്തുനിന്നാണ് ക്ലാസെടുക്കുക.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശയാത്രകൾ സാധിക്കാതെ വന്ന ഘട്ടത്തിലാണ് കുറെ കാലത്തിനു ശേഷം ഉസ്താദ് തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായത്. നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ഉസ്താദിനെ കാണാൻ വരുന്ന ആരെങ്കിലുമൊക്കെ ആ റമളാനിലും നോമ്പു തുറക്കാൻ ഉണ്ടാകുമായിരുന്നു. ഉസ്താദ് വിദേശത്താണെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കും. ഓരോ സമയത്തും ആവശ്യമായ കാര്യങ്ങൾ ഉണർത്തിത്തരും. അതിനാൽ ഞങ്ങൾക്ക് ഉസ്താദിന്റെ അസാന്നിധ്യം ഒരു നൊമ്പരമാകാറില്ല.
(സി പി മുഹമ്മദ് ഹാശിം: സൈനബ ഹജ്ജുമ്മയുടെ സഹോദരിയുടെ പേരമകൻ.
ഡോ. നഫീസ തഹ്സീൻ ഖാത്തൂൻ: ഡോ. എ പി അബ്ദുൽഹകീം അസ്ഹരിയുടെ മകൾ).
You must be logged in to post a comment Login