കേരളത്തിന് പൊതുവിലും കേരളത്തിലെ ഭരണകക്ഷിയായ സി പി എമ്മിനെ സംബന്ധിച്ച് വിശേഷിച്ചും പലനിലകളില്‍ പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് കണ്ണൂരില്‍ സമാപിച്ചത്. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അത്തരത്തില്‍ ചിട്ടയോടെ, കൃത്യവും വ്യക്തവുമായ ഇടവേളകളില്‍ അടിസ്ഥാന ഘടകമായ ബ്രാഞ്ച് മുതല്‍ തുടങ്ങി അഖിലേന്ത്യാതലത്തില്‍ അവസാനിക്കുന്ന സുദീര്‍ഘമായ സമ്മേളനം ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. സി പി ഐക്ക് ഉണ്ടെങ്കിലും ആള്‍ബലത്തിന്റെ അഭാവത്തില്‍ അത് വലിയ ശ്രദ്ധ ഒരിക്കലും നേടാറില്ല. സി പി എം സമ്മേളനം പക്ഷേ, അങ്ങനെയല്ല. രാജ്യത്ത് അവര്‍ക്ക് ഉള്ള ശക്തിയുടെ പത്തിരട്ടി മാധ്യമശ്രദ്ധ എല്ലാക്കാലത്തും അവര്‍ക്ക് ലഭിച്ചുപോരാറുണ്ട്. ഇക്കുറി കണ്ണൂരിലേക്കെത്തിയ ദേശീയ മാധ്യമങ്ങളുടെ വന്‍നിര അത് സാക്ഷ്യപ്പെടുത്തും. നമുക്ക് അറിയുന്നതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര വലിയ ശക്തിയൊന്നുമല്ല ഇപ്പോഴത്തെ സി പി എം. കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തില്‍ മാത്രം ഭരണത്തിലിരിക്കുന്ന പാര്‍ട്ടി. രാജ്യമൊട്ടാകെ നോക്കിയാല്‍ സമീപകാല പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിക്കുള്ള കരുത്തുപോലും അധികാരത്തിന്റെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രംഗത്ത് ഇപ്പോള്‍ സി പി എമ്മിനില്ല. ദീര്‍ഘകാലം ഭരണമാണ്ട ബംഗാളില്‍ അവര്‍ വന്‍തകര്‍ച്ചയിലാണ്. സമ്മേളനങ്ങള്‍ കൃത്യമായി നടത്താന്‍ പോലുമാകാത്തവണ്ണം പ്രതിസന്ധിയിലുമാണ്. തൃണമൂലിന്റെ കൈകരുത്തും ബി ജെ പിയുടെ കേന്ദ്രകരുത്തും അവരെ നിലംതൊടാന്‍ അനുവദിക്കുന്നില്ല. ഭരണത്തിലിരുന്ന കാല്‍നൂറ്റാണ്ടില്‍ ബാബുമാരായി പരിണമിച്ച ചിലരുടെ അക്കാല ചെയ്തികള്‍ക്ക് ഇക്കാല പ്രവര്‍ത്തകര്‍ മറുപടി പറയേണ്ട ഗതികേടുമുണ്ട്. മറ്റൊരു കേന്ദ്രമായിരുന്ന ത്രിപുരയെ ബി ജെ പി സമ്പൂര്‍ണമായി വിഴുങ്ങി. ത്രിപുര ജനതയുടെ എത്ത്‌നിസിറ്റി തരിമ്പും മനസിലാകാതെ ബംഗാള്‍ പാര്‍ട്ടിയുടെ സബ്‌സിഡിയറി ജനതയായി ത്രിപുരവാസികളെ പരിഗണിച്ചതാണ് ഭീമാബദ്ധമായത്. ത്രിപുരയുടെ ഗോത്രസ്വത്വത്തെ ആളിക്കത്തിക്കാന്‍ കേന്ദ്രാധികാരത്തിന്റെ തണലില്‍ ബി ജെ പിക്ക് സാധിച്ചു. അവരുടെ അടിത്തട്ട് കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളെ കൊട്ടാരകേന്ദ്രിതമായിരുന്ന ത്രിപുര പാര്‍ട്ടി കണ്ടില്ല. സ്വാഭാവികമായും ത്രിപുരര്‍ പാര്‍ട്ടിയെ കയ്യൊഴിഞ്ഞു. അവിടെ കാലുറപ്പിക്കാന്‍ കഴിയാതെ പരക്കം പായുകയാണ് അവശിഷ്ട പ്രവര്‍ത്തകര്‍.
രാജ്യത്തെ ബാക്കിദേശങ്ങളില്‍ പാര്‍ട്ടിയുണ്ടോ എന്നാല്‍ ഉണ്ട് എന്നാണ് പൊതുസ്ഥിതി. പക്ഷേ, ഒരിടത്തും തിരഞ്ഞെടുപ്പ് ശക്തിയല്ല. കഴിഞ്ഞ നാളുകളില്‍ രാജ്യം കണ്ട വലിയ സമരങ്ങളില്‍ സി പി എമ്മിന്റെ കൊടിയും അടയാളങ്ങളും നിറഞ്ഞുപാറിയിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ്, അധികാരം തുടങ്ങിയ ജനാധിപത്യത്തിലെ അനിവാര്യതകളില്‍ അവരില്ല. തമിഴ്‌നാട്ടിലെ ജാതിവിരുദ്ധ സമരങ്ങളില്‍, ജാത്യാചാരങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പുകളില്‍ അവരുണ്ട്. പക്ഷേ, അവിടെയും നിരവധി ഉപ പാര്‍ട്ടികളില്‍ ഒന്ന് മാത്രം. ആന്ധ്ര അവരെ സംബന്ധിച്ച് തീപാറുന്ന ഓര്‍മകളുറങ്ങുന്ന ദേശമാണ്. പി സുന്ദരയ്യ മുതല്‍ സീതാറാം യെച്ചൂരി വരെയുള്ള നേതാക്കളുടെ മണ്ണ്. അവിടെ ഗ്രാമങ്ങളില്‍ ഇപ്പോഴും പാര്‍ട്ടിയുണ്ട്. പക്ഷേ, അധികാരമില്ല. അധികാരമില്ല എന്നതിന് തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ജലരേഖയാവുക എന്നും അര്‍ഥമുണ്ട്. തങ്ങള്‍ ആര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നോ കൊടി പാറിക്കുന്നോ അവരുടെ ജീവിതത്തെ തരി പോലും മാറ്റാന്‍ പാങ്ങുണ്ടാവില്ല എന്നര്‍ഥം. മാറ്റങ്ങള്‍ അധികാരത്തിന്റെ ഔദാര്യമാണ് ഇന്നത്തെ ഇന്ത്യയില്‍. പക്ഷേ, കിതച്ചും കുതിക്കാന്‍ ആശിച്ചും അവരുണ്ട്. മഹാരാഷ്ട്രയില്‍ ചരിത്രം സൃഷ്ടിച്ച കര്‍ഷകപ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ അവരുണ്ടായിരുന്നു. പക്ഷേ, മുന്‍നിരയില്‍ മാത്രമായൊതുങ്ങി. ഒരു കാലത്ത് സോഷ്യലിസത്തിന്റെ ഈറ്റില്ലമായിരുന്ന ബിഹാറില്‍ നാലു പതിറ്റാണ്ടായി അവരില്ല. ഇങ്ങനെ രാജ്യവ്യാപകമായി, ഒരു തിരഞ്ഞെടുപ്പ് ശക്തി എന്ന നിലയിലും അധികാരകേന്ദ്രം എന്ന നിലയിലും അമ്പേ അപ്രസക്തമായിരിക്കുമ്പോഴും അവരുടെ സമ്മേളനങ്ങളും അവരുടെ പൊളിറ്റ് ബ്യൂറോയും അവരുടെ ജനറല്‍ സെക്രട്ടറിമാരും ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്.
കാരണം ലളിതമാണ്. അവര്‍ രാജ്യത്തെക്കുറിച്ച്, നിലനില്‍ക്കുന്ന സാമൂഹികാവസ്ഥകളെക്കുറിച്ച് അവരുടെ സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത ലോകരാഷ്ട്രീയത്തെ സംബന്ധിച്ച് അവര്‍ ദിവസങ്ങളോളം സംവദിക്കുകയും നയം രൂപീകരിക്കുകയും ചെയ്യുന്നു. ഒരു പ്രാദേശിക പാര്‍ട്ടിയുടെ ആള്‍ബലം മാത്രം ഉള്ള സി പി എം അമേരിക്കയുടെ വിദേശനയത്തെ താക്കീത് ചെയ്യുന്ന പ്രമേയം പാസാക്കുന്നു. അതിലെ യുക്തിരാഹിത്യത്തെക്കുറിച്ചും ഒരുവേള അപഹാസ്യതയെക്കുറിച്ചുപോലും നിങ്ങള്‍ക്ക് പരിഹാസത്തോടെ വീക്ഷിക്കാം. അത്തരം ആക്ഷേപങ്ങളെ അവര്‍ മുഖവിലക്ക് എടുക്കുന്നില്ല. മറിച്ച് വീണ്ടും അക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. അതിനുപക്ഷേ, ഒരു ഗുണമുണ്ട്. അവര്‍ക്ക് എല്ലാകാര്യത്തിലും നിലപാട് ഉണ്ടാകും. ഇക്കൂട്ടര്‍ അല്പം ഗൗരവപ്പെട്ടവരാണെന്ന് ലോകത്തെയും രാജ്യത്തെയും ചിന്താശേഷിയുള്ള മനുഷ്യര്‍ വിചാരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇപ്പോള്‍ സമാപിച്ച കണ്ണൂര്‍ സമ്മേളനം ശ്രദ്ധിക്കുക. അഞ്ചുദിവസങ്ങളായി നടന്ന കോണ്‍ഗ്രസില്‍ പ്രകടനം പോലുള്ള സംഗതികള്‍ക്ക് അവര്‍ മാറ്റിവെച്ചത് കേവലം അരദിവസം മാത്രമാണ്. ബാക്കി ദിവസങ്ങളില്‍ അവര്‍ രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ആലോചിച്ചു. നയവും നിലപാടും രൂപപ്പെടുത്തി.
നോക്കൂ, ദേശീയതലത്തില്‍ ദുര്‍ബലമായ, ദേശീയപാര്‍ട്ടി എന്ന പദവി സാങ്കേതികാര്‍ഥത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാവാന്‍ പോകുന്ന, അവര്‍ സമ്മേളനത്തിനൊടുവില്‍ പ്രഖ്യാപിച്ച നയം എന്താണെന്ന്? ബി ജെ പിയെ ഒറ്റപ്പെടുത്തുക. അതിനായി എല്ലാ മതനിരപേക്ഷ സംഘടനകളുടെയും യോജിച്ച കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടുവരിക. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം തങ്ങളുടെ കടമയാണെന്ന് അവര്‍ പ്രമേയത്തിലൂടെ അടിവരയിട്ടു. ഭരണഘടനാസ്ഥാപനങ്ങളെ വര്‍ഗീയതയില്‍ നിന്ന് മുക്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ദിശയും രൂപവും നല്‍കി. ദേശീയപാര്‍ട്ടിയായ, ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം പതിറ്റാണ്ടുകള്‍ നിര്‍ണയിച്ച കോണ്‍ഗ്രസ് ഒരിക്കലും നടത്താത്ത പ്രഖ്യാപനമാണിത് എന്നോര്‍ക്കുക. സി പി എം നടത്തിയ (അതിന് പിന്നിലെ രാഷ്ട്രീയ താല്പര്യം സംബന്ധിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എന്തുമാവട്ടെ) ഒരു സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അവരുടെ ഒരു നേതാവിനെ, അതും ലത്തീന്‍ സമുദായം പോലെ പാര്‍ശ്വവത്കൃത ക്രൈസ്തവര്‍ക്കിടയില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള ഒരാളെ, കെ വി തോമസിനെ എന്തു ചെയ്യണമെന്നാണ് മോഡിയുടെ ഇന്ത്യയിലിരുന്ന് കൂലങ്കഷമായി ചിന്തിക്കുന്നത്.
ബി ജെ പിക്കെതിരെ ഇന്നത്തെ നിലയില്‍ സി പി എമ്മിന് ഒന്നും സാധ്യമാവില്ല. കേരളം പോലുള്ള ഒരിടത്ത് അവരെ തടഞ്ഞുനിര്‍ത്താം എന്നല്ലാതെ. പക്ഷേ, അവര്‍ അതാലോചിക്കുന്നു എന്നത് പ്രധാനമാണ്. മറ്റാരും ആലോചിക്കുന്നില്ല എന്നതും പ്രധാനമാണ്. മറ്റൊന്ന് അവരുടെ രാഷ്ട്രീയ പ്രമേയത്തിലെ ഒരു പരാമര്‍ശമാണ്. അതിങ്ങനെയാണ്: “”ബി ജെ പിയെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുക എന്നതു മാത്രമല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്ര തലത്തിലും തോല്‍പിക്കുകയാണ് ലക്ഷ്യം.” ഒരു ചെറിയ പാര്‍ട്ടിയുടെ വീമ്പിളക്കല്‍ എന്ന് വേണമെങ്കില്‍ പരിഹസിക്കാം. പക്ഷേ, ലോകരാഷ്ട്രീയത്തിന്റെ ചരിത്രം ചെറിയ ആലോചനകള്‍ പടര്‍ന്ന് വന്‍കടലായതിന്റെ ചരിത്രമാണ്.
ഒരു സമരം കഴിഞ്ഞാല്‍ ആ സമരത്തിന്റെ തുടര്‍ചലനങ്ങള്‍ അവഗണിക്കപ്പെടുകയാണ് പതിവ്. സി പി എം സമ്മേളനം പക്ഷേ, കര്‍ഷകസമരത്തെ വിടാന്‍ ഒരുക്കമല്ല. ആ സമരത്തില്‍ അവര്‍ക്ക് ഒരു നായകത്വവും ഇല്ല. വിജു കൃഷ്ണനും കൃഷ്ണപ്രസാദും മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്നു മാത്രം. പക്ഷേ, അവര്‍ ആ സമരത്തിന്റെ തുടര്‍സമരങ്ങളെക്കുറിച്ച് അവരുടെ സമ്മേളനത്തില്‍ ആലോചിച്ചു. അതൊരു ചെറുതല്ലാത്ത മാതൃകയാണ്.
ഇങ്ങനെയെല്ലാം ആദരിക്കാവുന്ന മാതൃകയില്‍, അനുകരണീയമായ രീതിയില്‍ തന്നെയാണ് പോയകാലങ്ങളിലും അവര്‍ സമ്മേളിക്കാറ്. എന്നിട്ടും പക്ഷേ, അവരുടെ രാഷ്ട്രീയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധമനികളില്‍ നീരോട്ടമില്ല. അദ്ഭുതപ്പെടുത്തുന്നതാണ് ആ സ്ഥിതിവിശേഷം. രാജ്യത്തെ ഏറ്റവും സുസജ്ജമായ കര്‍ഷകസംഘടന അവര്‍ക്കുണ്ട്. ഇന്ത്യന്‍ കര്‍ഷകരുടെ ആവാസകേന്ദ്രങ്ങളില്‍ പക്ഷേ അവര്‍ക്ക് വേരുകളില്ല. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനകളില്‍ ഒന്ന് അവരുടെ മുന്‍കൈയിലാണ്. തൊഴിലാളികള്‍ ഏറെയുള്ള ഒരിടത്തും അവര്‍ക്ക് തിരഞ്ഞെടുപ്പ് ശക്തിയാകാന്‍ കഴിഞ്ഞില്ല. ദരിദ്രനാരായണന്മാരെക്കുറിച്ച് പറഞ്ഞും അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുമാണ് അവരുടെ പാര്‍ട്ടി വളര്‍ന്നത്. മഹാദരിദ്രരും ആലംബഹീനരും തെരുവുവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്തും പക്ഷേ, അവര്‍ രാഷ്ട്രീയ ശക്തിയല്ല. സോഷ്യലിസത്തെക്കുറിച്ച്, ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് നിരന്തരം സംവദിക്കുന്ന മനുഷ്യരുടെ പാര്‍ട്ടിയാണത്. പക്ഷേ, രാംമനോഹര്‍ ലോഹ്യയോ, ജയപ്രകാശ് നാരായണനോ സൃഷ്ടിച്ച പോലുള്ള ഒരു മുന്നേറ്റം അവര്‍ക്ക് സാധ്യമായില്ല.
ദേശീയപ്രസ്ഥാനത്തില്‍ നിന്നുതന്നെയാണ് അവര്‍ മുളപൊട്ടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞവര്‍. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായി മാറിയവര്‍. പക്ഷേ, അവര്‍ക്ക് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം ആര്‍ജിച്ച് ജനകീയമാവാന്‍ കഴിഞ്ഞില്ല. ആദ്യ ലോക്‌സഭയില്‍ പ്രതിപക്ഷത്തെ കരുത്തുറ്റ ശബ്ദമായിരുന്നു അവര്‍. ആന്ധ്രയിലും മറ്റും കരുത്തര്‍. അത് തുടരാന്‍ കഴിഞ്ഞില്ല.
എന്തായിരിക്കാം അതിന്റെ കാരണം? ലളിതമാണ്, തീര്‍പ്പാക്കപ്പെട്ടതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന മനോനിലയെ മനസിലാക്കുന്നതില്‍, ഇന്ത്യന്‍ ജീവിതത്തിന്റെ അടിസ്ഥാന സാമൂഹികപ്രകൃതത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുപക്ഷേ, ചോദിച്ചുവാങ്ങിയ പരാജയമാണ്. ഇന്ത്യന്‍ ജനതയെ ആഴത്തില്‍ വായിക്കുകയും അവരുടെ മനോനിലയെ മനസിലാക്കുകയും ഇന്ത്യന്‍ സാമൂഹികജീവിതത്തിന്റെ അടിപ്പടവുകളെ കൃത്യമായി തിരിച്ചറിയുകയും ചെയ്ത ഒരാളുണ്ടായിരുന്നു, മഹാത്മാ ഗാന്ധി. ഗാന്ധിയെ പക്ഷേ, മനസിലാക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സമീപകാലം വരെ കഴിഞ്ഞില്ല. അഥവാ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പടെ മറ്റേതോ കാരണങ്ങളാല്‍ ഗാന്ധിയെ തെറ്റായി വായിച്ചു. ഗാന്ധി നയിച്ച വഴികളെ അവര്‍ നിരാകരിച്ചു. നേതാക്കളെ തിരുത്താന്‍ വഴികുറവായ ഒന്നാണ് ലെനിനിസ്റ്റ് സംഘടനാസംവിധാനം. ഫലം, ആ നേതാക്കള്‍ വരുത്തിയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടു. ഗാന്ധിയെ മനസിലാക്കാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസത്തിന് ഗാന്ധി മനസിലാക്കിയ കാര്യങ്ങളെയും മനസിലായില്ല.
എന്തൊക്കെയാണ് ഗാന്ധി മനസിലാക്കിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍? ഒന്നാമതായി ഗാന്ധി ഇന്ത്യ എന്ന ദേശത്തിന്റെ അതിതീവ്രമായ മതാത്മകതയെ മനസിലാക്കി. മതം ഒരു യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വെച്ചോ അതിന് മുന്‍പുള്ള ഇന്ത്യന്‍ ജീവിതത്തിലോ ഒരു മതാത്മക മനുഷ്യനായിരുന്നില്ല ഗാന്ധി. പക്ഷേ, ബ്രിട്ടനെതിരെ അണിനിരത്താന്‍ ഗാന്ധിക്ക് ഒരു മുഴുവന്‍ ഇന്ത്യയെ വേണമായിരുന്നു. ആ മുഴുവന്‍ ഇന്ത്യ ഒരു മതാത്മക ഇന്ത്യയാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാഴ്‌സിയും മതരഹിതരുമെല്ലാമുള്ള ഇന്ത്യ. ഗാന്ധി മതത്തെ സ്വീകരിച്ചു. മതചിഹ്നങ്ങളെ സമരരൂപമാക്കി. ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചു. ന്യൂനപക്ഷത്തെ ചേര്‍ത്തുപിടിച്ചു. എല്ലാ മതങ്ങളും ഒന്നാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. അങ്ങനെ അല്ല എന്ന് ഗാന്ധിക്ക് അറിയാഞ്ഞല്ല. പക്ഷേ, തല്‍ക്കാലം അങ്ങനെയാണെന്ന് കരുതുന്നതില്‍ തെറ്റില്ല എന്ന് ഗാന്ധി കരുതി. അതായത് താന്‍ ഏതു മണ്ണിലാണോ കാലൂന്നുന്നത്, ഏതു ജനതയോടാണോ താന്‍ സംസാരിക്കുന്നത് അവരുടെ വേരുകളെ ഗാന്ധി ആഴത്തില്‍ അറിഞ്ഞു. ആ വേരുകളെ മുറുകെപ്പിടിച്ചു. അങ്ങനെയാണ് ഗാന്ധി ഇന്ത്യയെ കീഴടക്കിയത്.
സര്‍വമതസാരവുമേകം എന്നത് നിയമം പഠിച്ച, വിദേശത്ത് ജീവിച്ച ഗാന്ധിയെ സംബന്ധിച്ച് വിശ്വസനീയമായ ഒന്നല്ലല്ലോ? അല്ല. പക്ഷേ, ഇന്ത്യന്‍ ജനതയെ ഒന്നിച്ചുനിര്‍ത്താന്‍ ആ നിലപാടിന് കഴിയും എന്ന് ഗാന്ധി മനസിലാക്കി. ബനിയ സമുദായത്തില്‍ ജനിച്ച, ജാതിയുടെ പലനിലകളിലുള്ള അത്യാചാരങ്ങള്‍ പരിചയിച്ച ഒരാളാണ് ഗാന്ധി. ഇന്ത്യന്‍ കോടതി മുറികളില്‍ പോലും ജാതി ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരാള്‍. കോടതിയില്‍ തനിക്ക് ഒരു നല്ല വക്കീലാകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞാണ് കണക്കെഴുത്തുകാരനായി ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. അത്തരം ഒരാള്‍ക്ക് പിടിക്കാവുന്ന കടുംപിടുത്തങ്ങളൊന്നും ഗാന്ധി പിടിച്ചില്ല. മറിച്ചോ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന കടുംപിടുത്തങ്ങള്‍ പിടിക്കുകയും ചെയ്തു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പില്‍ക്കാലത്ത് അതിന്റെ നേര്‍തുടര്‍ച്ചയായ സി പി എമ്മിന് സമ്പൂര്‍ണമായി അടിപതറിയത് ഈ ഗാന്ധിമാര്‍ഗം മനസിലാകാതെ പോയതാണ്. ദുഃഖകരമായ വസ്തുത, ആ മനസിലാകാതെപോകലിന് കാരണം ചില നേതാക്കളുടെ തികച്ചും വൈയക്തികമായ മുന്‍വിധികളും അക്കാലത്തെ പരിമിതികളാല്‍ മാര്‍ക്‌സിസത്തെ തെറ്റായി വ്യാഖ്യാനിച്ചതുമാണ് എന്നതാണ്. മഹാമേരുക്കളായ നേതാക്കള്‍ക്ക് സംഭവിച്ച ഈ വ്യാഖ്യാനപരമായ തെറ്റാകട്ടെ തിരുത്തപ്പെട്ടില്ല. നിര്‍ഭാഗ്യവശാല്‍ ആ ചരിത്രപരമായ തെറ്റിന്റെ പ്രതിക്കൂട്ടില്‍ ഇ എം എസ് ആദ്യനിരയിലുണ്ട്.
ജാതിയെ മനസിലാക്കുന്നതില്‍ സി പി എം അമ്പേ പാളി. ജാതി സമം വര്‍ഗം എന്ന അമാര്‍ക്‌സിസ്റ്റ് മനസിലാക്കലിനെ അവര്‍ മാര്‍ക്‌സിസ്റ്റ് എന്നു വിളിച്ചു. ഒരു സമൂഹത്തിന്റെ ഘടനയില്‍ വര്‍ഗം രൂപപ്പെടുന്നത് സംബന്ധിച്ച മാര്‍ക്‌സിയന്‍ നിലപാടിനെ, അതിന് പില്‍ക്കാലത്ത് വന്നുചേര്‍ന്ന വ്യാഖ്യാനങ്ങളെ ആഴത്തില്‍ മനസിലാക്കുന്നതില്‍ സി പി എമ്മിന് പിഴച്ചു. വര്‍ഗം എന്ന വിശാല പരിപ്രേക്ഷ്യം ജാതിയെ ഉള്‍വഹിക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പര്യാപ്തമല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ആയിരത്താണ്ടുകളിലൂടെ വേരുറപ്പിച്ച ഒന്നാണ് ജാതിയെന്നും തൊഴില്‍, ഉല്പാദനോപാധികളുടെ ഉടമസ്ഥത എന്ന മാര്‍ക്‌സിയന്‍ എന്ന് അവര്‍ തെറ്റിദ്ധരിച്ച വിശകലനം കൊണ്ട് ജാതിയെ മനസിലാക്കാന്‍ സാധിക്കില്ല എന്നും അവര്‍ തിരിച്ചറിഞ്ഞില്ല. അവര്‍ ജാതിയെ അവഗണിച്ചു. ഇന്ത്യ അവരെയും അവഗണിച്ചു.
മറ്റൊന്ന് മതം എന്ന ഭൗതിക യാഥാര്‍ത്ഥ്യത്തെ ആത്മീയസംഗതിയായി മനസിലാക്കുകയും അതിനെ ആവശ്യമില്ലാതെ അവഗണിക്കുകയും ചെയ്തു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് (മറ്റൊരു സന്ദര്‍ഭത്തില്‍ തികച്ചും മറ്റൊരര്‍ഥത്തില്‍ കാള്‍മാര്‍ക്‌സ് നടത്തിയ പ്രയോഗം) എന്ന തെറ്റായ, വികലമായ പരിഭാഷ നാടെങ്ങും പ്രചരിപ്പിച്ചു. വാസ്തവത്തില്‍ അത്തരം ഒരു വാചകമല്ല മാര്‍ക്‌സ് പറഞ്ഞത്. ആ വാചകത്തെ വേദവാക്യമാക്കിയ സഖാക്കള്‍ കവലകളില്‍ നിന്ന് മതങ്ങള്‍ക്കെതിരെ, സെമിറ്റിക് മതങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും വെല്ലുവിളികള്‍ നടത്തി. മഹാഭൂരിപക്ഷം മതാത്മകരായ ഇന്ത്യന്‍ ജനത അവരെ കയ്യൊഴിഞ്ഞു. അങ്ങനെ ഗാന്ധിയാലും ജാതിയാലും മതത്താലും കമ്മ്യൂണിസ്റ്റുകാര്‍ തോല്‍പിക്കപ്പെട്ടു.
അത്തരം വരട്ടുസമീപനങ്ങളില്‍ നിന്നുള്ള കുതറലുകള്‍ സമീപകാലത്ത് ദൃശ്യമാണ്. വരട്ടുവാദിയല്ലാത്ത, മനുഷ്യരെപ്പോലെ സംസാരിക്കുന്ന, മനുഷ്യരെപ്പോലെ എപ്പോഴും പെരുമാറുന്ന, ചിരിക്കുന്ന ജനറല്‍ സെക്രട്ടറി എന്ന് സീതാറാം യെച്ചൂരിക്ക് ഒരു വിശേഷണമുണ്ട്. ആ ചിരിയും പെരുമാറ്റവും അവരുടെ പാര്‍ട്ടിയിലേക്ക് അല്പാല്‍പമായി പടരുന്നുണ്ട്. അത്രയും നല്ലത്. നോക്കൂ, അവര്‍ ജാതിയെ മനസിലാക്കാന്‍ തുടങ്ങുന്നുണ്ട്. 58 വര്‍ഷത്തിനിടെ സി പി എമ്മിന്റെ പരമാധികാര സഭയിലേക്ക് ഒരു ദളിതന്‍ കടന്നുവന്നിരിക്കുന്നു. ഡോക്ടര്‍ രാമചന്ദ്ര ഡോം. ശരിയാണ് ജാതിയല്ല, ദളിതത്വമല്ല ഏഴുതവണ എം പിയായ രാമചന്ദ്രയുടെ പദവിക്ക് മാനദണ്ഡം. പക്ഷേ, പതിറ്റാണ്ട് മുന്‍പത്തെ സി പി എമ്മില്‍ അത് സംഭവിക്കില്ല. അതിനാല്‍ ഈ മാറ്റത്തെ അതിന്റെ സത്യത്തില്‍ ഊന്നി സി പി എം മനസിലാക്കേണ്ടതുണ്ട്. മതം, ഗാന്ധി തുടങ്ങിയ ഭൗതിക യാഥാര്‍ത്ഥ്യങ്ങളോട് വിവേകത്തോടെ പെരുമാറാന്‍ കൂടി പഠിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഗുണമാണ്. കാരണം സി പി എം ഒരു മികച്ച സംഘടനയാണ്.
കെ കെ ജോഷി
You must be logged in to post a comment Login