സംസ്‌കരണം എന്ന ആശയം നല്‍കുന്ന പദമാണ് സകാത്. സമ്പന്നന്‍ അവന്റെ സ്വത്തിനെയും, മനുഷ്യന് സ്വത്തിനോടുള്ള പ്രണയം കൂടി ചേര്‍ത്ത് ചിന്തിച്ചാല്‍ ആത്മാവിനെയും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സകാത്. നിര്‍ബന്ധ ദാനവും ഐഛിക ദാനവും എന്നിങ്ങനെ മതത്തില്‍ ദാനവും ധര്‍മവും പ്രത്യേകം നിര്‍ണയിച്ചിട്ടുണ്ട്. ജീവിതത്തെ കുറിച്ചുള്ള യാഥാർത്ഥ്യ ബോധം ഉണര്‍ത്തുക, തനിക്ക് ലഭിച്ച വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് എന്ന കര്‍ത്തവ്യം അറിയിക്കുക, താല്‍പര്യങ്ങളോടുള്ള ആര്‍ത്തിയും അമിത ഭ്രമവും നിയന്ത്രിക്കുക എന്നീ മൂല്യങ്ങള്‍ സകാതില്‍ ഉള്‍ചേര്‍ന്ന് കിടക്കുന്നു.
മനുഷ്യനില്‍ പ്രകൃത്യാ തന്നെ ദാനധര്‍മങ്ങളെ കുറിച്ച് മഹത്വ ബോധമുണ്ട്. മനുഷ്യസ്പര്‍ശിയായ എല്ലാ സംഹിതകളും കൂട്ടായ്മകളും അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്‍ വിഭവങ്ങളുടെ ലഭ്യതക്കും ആവശ്യകതക്കും അനുസരിച്ചുള്ള കൃത്യമായ നിര്‍ണയം, ബാധ്യസ്ഥനാകുന്നത് ആര് എന്ന കൃത്യത, അവകാശികളെ വ്യവഛേദിച്ചു കൊണ്ടുള്ള അനുപാതങ്ങള്‍, ധര്‍മിഷ്ഠന് ലഭിക്കുന്ന മഹത്വങ്ങളെ കുറിച്ച പ്രോത്സാഹനങ്ങള്‍, പ്രത്യുപകാരം പ്രതീക്ഷിക്കാതെ നല്‍കണമെന്ന പവിത്രാധ്യാപനം, സർവോപരി സമ്പന്നന്റെ സ്വത്തില്‍ പാവപ്പെട്ടവന് അവകാശമുണ്ട് എന്ന സാമ്പത്തിക നയം; ഇതെല്ലാം ഒത്തുചേര്‍ന്ന വ്യവസ്ഥാപിതമായ ഒരു സാമ്പത്തിക അധ്യായമാണ് ഇസ്‌ലാമിലെ സകാത്.
സമ്പന്നന്‍ തന്റെ പരിസരങ്ങളെ കുറിച്ച് പഠിച്ചിരിക്കണം. അവശരെയും ആവശ്യക്കാരെയും കണ്ടെത്തണം. അവര്‍ക്ക് നിശ്ചിത വിഹിതം നല്‍കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തിനും പരിശുദ്ധി നിലനില്‍ക്കുകയുള്ളൂ. നിര്‍ബന്ധ സകാതിന്റെ വിഹിതം നല്‍കാതെ അവകൂടി ചേര്‍ത്ത് സാമ്പത്തിക പ്രത്യുത്പാദനം നടത്തുന്ന പക്ഷം അവിഹിതമായ സ്വത്തു കൂടി കലര്‍ത്തിയാണ് അദ്ദേഹം പ്രസ്തുത വ്യവഹാരം നടത്തിയിട്ടുള്ളത്. ഈ പ്രസ്താവനകള്‍ ഇസ്‌ലാമിക സാമ്പത്തിക സമീപനത്തിന്റെ മൗലികമായ നിരീക്ഷണങ്ങളാണ്.
സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും താല്പര്യങ്ങളെയുമാണ് സകാത് സംബോധന ചെയ്യുന്നത്. മനുഷ്യന്റെ ആവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വർധിക്കുന്നു. പല മേഖലയിലും വിഭവ ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. അതിനാല്‍ തന്നെ വിഭവങ്ങളുടെ കൃത്യമായ പങ്കുവെക്കല്‍ മാനുഷികപക്ഷം ആവശ്യപ്പെടുന്നു. ഉല്‍പാദനം വിനിമയം വിതരണം ഉപഭോഗം അഥവാ PEDC യിലെ ഏറ്റവും കരണീയമായ സമീപനമാണ് ലോകം ആവശ്യപ്പെടുന്നത്. ഇവിടെ ഒരു അടിസ്ഥാനം ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: “സമ്പത്ത് നിങ്ങളിലെ ധനികന്മാര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കാന്‍ വേണ്ടി’ (സകാത് സമ്പ്രദായം പ്രയോഗത്തില്‍ വന്നു) (അല്‍ ഹശ്‌റ് / 7 ). അഥവാ സാമ്പത്തിക വികേന്ദ്രീകരണം വഴി സാര്‍വത്രിക ക്ഷേമം ഉണ്ടാകുന്നതിനു വേണ്ടി കര്‍മശാസ്ത്രം ഊന്നല്‍ നല്‍കുന്നത് സാമ്പത്തിക വിനിമയ വിതരണ രീതിയെ കേന്ദ്രീകരിച്ചുകൊണ്ടാണ്.
നല്‍കേണ്ടത് ആരെല്ലാം
വ്യക്തി ശുദ്ധീകരണത്തിനായി ആജ്ഞാപിക്കപ്പെട്ട നിര്‍ബന്ധ ദാനമാണ് സകാതുല്‍ ഫിത്‌റ്. ഇതു മാറ്റി വച്ച് വായിച്ചാല്‍ സ്വർണം, വെള്ളി, ഇവയുടെ സ്ഥാനത്ത് നില്‍ക്കുന്ന വ്യവഹാര സമ്പ്രദായത്തിലെ മൂല്യമായി കല്‍പിക്കപ്പെടുന്ന കറന്‍സികള്‍, കച്ചവട വസ്തുക്കള്‍, ആട് മാട് ഒട്ടകങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ഈത്തപ്പഴം, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഖനികള്‍, നിധി തുടങ്ങിയ ആസ്തികള്‍ നിശ്ചിത രീതിയില്‍ പ്രത്യേക കാലം ഉടമസ്ഥതയില്‍ ലഭിച്ച വ്യക്തി നിർദിഷ്ട വിഹിതം ദാനമായി നല്‍കല്‍ നിര്‍ബന്ധമാണ്.
വ്യക്തിഗതമല്ലാത്ത സാമൂഹിക ആസ്തികള്‍ക്ക് സകാത് ബാധകമല്ല (ഉദാ. പള്ളി മദ്രസ തുടങ്ങി സംവിധാനങ്ങള്‍ക്കുള്ള സ്വത്ത്). ഒരു സംവിധാനത്തിന്റെ കാര്യകര്‍ത്താവെന്ന നിലയില്‍ ഒരു വ്യക്തിയില്‍ ആരോപിക്കപ്പെടുന്ന സ്വത്തിനും സകാത് നല്‍കേണ്ടതില്ല(ഉദാ. സ്ഥാപന മേധാവി, പ്രസിഡന്റ് ).
മേല്‍ പറയപ്പെട്ട പതിനൊന്ന് ഇനത്തില്‍ പെടുന്ന സ്വത്തുകളെ പ്രത്യക്ഷ സമ്പാദ്യം, പരോക്ഷ സമ്പാദ്യം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കും.
കച്ചവട സ്വത്ത്, നിധി, സ്വർണം, വെള്ളി, കറന്‍സികള്‍ എന്നീ ആറ് വിഭാഗം പ്രത്യക്ഷ സ്വത്തുകളും ഖനികള്‍, ആടുകള്‍, മാടുകള്‍ ഒട്ടകങ്ങള്‍, കൃഷി (ഭക്ഷ്യധാന്യങ്ങള്‍), പഴവര്‍ഗങ്ങള്‍ എന്നിവ പരോക്ഷ സ്വത്തുകളുമാണ്. ഒന്നാമത്തേത് മറ്റുള്ളവര്‍ക്ക് കണക്കാക്കാവുന്നതും ഇസ്‌ലാമിക ഭരണം നിലനിൽക്കുന്ന സ്ഥലങ്ങളില്‍ ഭരണാധികാരി ചുമതലപ്പെടുത്തുന്ന സകാതുദ്യോഗസ്ഥന് നിര്‍ണയിച്ചെടുക്കാവുന്നതുമായിരിക്കും. ഈ ഇനത്തില്‍ പെട്ട സ്വത്തിന്റെ സകാത് നല്‍കാന്‍ വിസമ്മതിക്കുന്ന പക്ഷം പിടിച്ചെടുക്കാന്‍ മേല്‍ പറയപ്പെട്ട സകാത് ഉദ്യോഗസ്ഥന് അധികാരമുണ്ട്. എതിര്‍ക്കുന്ന പക്ഷം ഭരണാധികാരിക്ക് യുദ്ധം വരെയുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.
എന്നാല്‍ പരോക്ഷ സ്വത്തിന്റെ സകാത് വിഹിതം ഉടമ അവകാശിക്ക് നേരിട്ട് നല്‍കുകയോ സ്വന്തം താല്പര്യപ്രകാരം ഭരണാധികാരിയെ ഏല്‍പിക്കുകയോ ചെയ്യാം. എന്നാല്‍ ഈടാക്കാനോ നല്‍കാത്ത പക്ഷം നടപടി സ്വീകരിക്കാനോ അവകാശമില്ല.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഇസ്‌ലാമികഭരണമോ ഭരണാധികാരിയോ ഇല്ലാത്ത നമ്മുടെ നാട്ടില്‍ രൂപപ്പെടുത്തുന്ന സകാത് കമ്മിറ്റി മേല്‍ പരാമര്‍ശിക്കപ്പെട്ട വിധം സാധുതയുള്ള സകാത് ഉദ്യോഗസ്ഥന്റെ സ്ഥാനത്തോ സകാത് ഏല്‍പിക്കപ്പെടേണ്ട വിഭാഗമോ അല്ല. സ്വകാര്യ സ്വത്തിന്റെ സകാത് പോലും ഇന്ന് ഇത്തരം കമ്മിറ്റി സ്വീകരിക്കുന്നു എന്നതും, ചിലര്‍ കമ്മിറ്റിയില്‍ ഏല്‍പിച്ച് ബാധ്യത നിർവഹിച്ചതായി ആശ്വസിക്കുന്നു എന്നതും ഇസ്‌ലാമികനിയമത്തെ കുറിച്ചുള്ള അജ്ഞതയോ താല്പര്യങ്ങൾക്കു വേണ്ടിയുള്ള ചൂഷണമോ ആണ്.
അവകാശികള്‍
സകാത് ലഭിക്കേണ്ട എട്ട് അവകാശികളെയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഈ അവകാശികള്‍ക്കെല്ലാമോ അവകാശികളില്‍ നിന്ന് ലഭ്യമായ വിഭാഗങ്ങള്‍ക്ക് എത്തിക്കാവുന്നത്ര വ്യക്തികള്‍ക്കോ ആണ് സകാത് നല്‍കേണ്ടത്.
1. ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമായത്ര വരുമാനമില്ലാത്ത “ഫഖീറു’കള്‍. പത്തു രൂപ വേണ്ടിടത്ത് ഒന്നുമില്ലാത്തവരോ, അഞ്ചു രൂപവരെ ഉണ്ടാക്കാനേ കഴിയുന്നുള്ളൂ എന്ന സ്ഥിതിയിലുള്ളവരാണ് ഫഖീർ.
2. ദൈനംദിന ചെലവുകൾക്ക് വരുമാനം ഉണ്ടെങ്കിലും അത് തികയാത്ത അവസ്ഥയിലുള്ള “മിസ്‌കീന്‍.’ പത്തുരൂപ വേണ്ടിടത്ത് എട്ടു കിട്ടുന്നവര്‍.
3. ഇസ്‌ലാമിക ഗവണ്‍മെന്റുള്ള ദേശത്ത് ഭരണാധികാരി നിയമിച്ച സകാതുദ്യോഗസ്ഥര്‍ (ആമിലീങ്ങള്‍).
4. ഇസ്‌ലാമിലേക്ക് പുതുതായി എത്തിയവര്‍. ഈ വിഭാഗത്തിന്റെ സാമൂഹിക സുരക്ഷിതത്വം, അഭിവൃദ്ധി മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ കൂടിയാണിത്.
5. മോചനദ്രവ്യം നിശ്ചയിച്ച് മോചനപത്രം എഴുതപ്പെട്ട അടിമ. സകാതു നല്‍കി അയാളുടെ മോചനം ഇസ്‌ലാം എളുപ്പമാക്കുന്നു.
6. കടം കൊണ്ട് വലഞ്ഞവന്‍. അനുവദിക്കപ്പെട്ട കാര്യങ്ങൾക്കുവേണ്ടി വ്യക്തിപരമോ സാമൂഹിക ആവശ്യങ്ങൾക്കോ ബാധ്യതപ്പെട്ട കടങ്ങളാല്‍ കുടുങ്ങിയവർ.
7. ശമ്പളം പറ്റാതെ, മുസ്‌ലിം ഭരണാധിപന്റെ മേല്‍നോട്ടത്തിലായി പടപൊരുതുന്ന യോദ്ധാവ്. ഇവര്‍ സമ്പന്നരാണെങ്കിലും സകാത് നല്‍കാം. ഇസ്‌ലാമിക ഭരണം നിലവിലുള്ള സ്ഥലത്താണ് ഈ യോദ്ധാക്കളുണ്ടാവുക. സംഘടനാ പ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ പ്രാതിനിധ്യങ്ങള്‍ ഈ ഗണത്തില്‍ പെടുന്നതല്ല.
8. ഇസ്‌ലാമിക ദൃഷ്ടിയില്‍ അനുവദനീയമായ യാത്ര ചെയ്യുന്നവർ. സകാത് നല്‍കുന്ന നാട്ടിലൂടെ പോകുന്നവരും പ്രസ്തുത നാട്ടില്‍ നിന്ന് യാത്ര ആരംഭിക്കുന്നവരും ഇവരില്‍ പെടും. സിയാറത് യാത്രകള്‍, പഠനഗവേഷണാവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ എന്നിവ ഇതില്‍ പരിഗണിക്കാം.
ഈ എട്ടു വിഭാഗത്തിലും മുസ്‌ലിമാവുക എന്നത് അടിസ്ഥാന യോഗ്യതയായിരിക്കും.
വിതരണത്തെ കുറിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു. “സ്വന്തമായി വിതരണം ചെയ്യലാണ് ഏല്‍പ്പിക്കുന്നതിനെക്കാള്‍ നല്ലത്. സ്വയം നല്‍കുമ്പോള്‍ സകാത് വീട്ടിയെന്ന് ഉറപ്പാക്കാവുന്നതാണ്. വക്കീല്‍ ശരിയാംവണ്ണം സകാത് നല്‍കിയില്ലെങ്കില്‍ നിർബന്ധബാധ്യത വീടുകയില്ല. സകാത് അതിന്റെ അവകാശികളിലേക്കു എത്തിയില്ലെങ്കില്‍ ഉടമസ്ഥന്റെ ബാധ്യത തീരുകയില്ല” (ശറഹുല്‍ മുഹദ്ദബ് 6/165).
രീതി
സകാതിന്റെ അവകാശികളില്‍ ഫഖീര്‍, മിസ്‌കീന്‍, പുതുവിശ്വാസി, യാത്രക്കാരന്‍, കടം കൊണ്ടു വലഞ്ഞവര്‍ എന്നീ അഞ്ചു വിഭാഗം മാത്രമാണിപ്പോള്‍ നമ്മുടെ നാട്ടിലുള്ളത്. അതിനാല്‍ സകാത് ഈ അഞ്ചു വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായി വീതിക്കല്‍ നിര്‍ബന്ധമാണ്. ഓരോ വിഭാഗത്തിലെയും എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. അപ്പോള്‍ അവര്‍ക്കിടയില്‍ തുല്യത നിര്‍ബന്ധമില്ല. ഒരുവിഭാഗത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കേണ്ടി വരരുത്. പകരം, ഓരോ വിഭാഗത്തിലെയും മൂന്നു വീതം ആളുകളെ തിരഞ്ഞെടുത്ത് എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി നല്‍കുക.
എന്നാല്‍ ശാഫിഈ മദ്ഹബില്‍ തന്നെ ഇമാം റുഅ്യാനി(റ), അബൂ ഇസ്ഹാഖുശ്ശീറാസി(റ) തുടങ്ങി പ്രമുഖ പണ്ഡിതര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. നാട്ടിലുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്നു വീതം വ്യക്തികള്‍ക്കെങ്കിലും സകാത് മുതല്‍ ഓഹരി ചെയ്യല്‍ നിര്‍ബന്ധമാണ്.
2. മറ്റു മൂന്നു മദ്ഹബിന്റെ ഇമാമുകളും ഒരു വ്യക്തിക്ക് മാത്രം നല്‍കിയാലും മതിയാകുമെന്ന പക്ഷക്കാരാണ്. ഈ അഭിപ്രായത്തെ നമ്മുടെ മദ്ഹബിലെ ചിലര്‍ പരിഗണിച്ചിട്ടുണ്ട്.
3. എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്നു വീതം വ്യക്തികള്‍ക്കിടയില്‍ സകാത് മുതല്‍ ഓഹരി വെക്കാന്‍ പറ്റുമെങ്കിൽ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം അവലംബിക്കലാണഭികാമ്യം.
4. സകാത് മുതല്‍ ഇതിന് മതിയാകാതിരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രം നല്‍കിയാലും മതിയാകുമെന്ന പരിഗണനീയമായ അഭിപ്രായം അവലംബിക്കാവുന്നതാണ്.
5. കഴിയുമെങ്കില്‍ മൂന്ന് പേര്‍ക്കെങ്കിലും നല്‍കലാണ് ഉത്തമം.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി
You must be logged in to post a comment Login