സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്ന എഴുപത്തിമൂന്നുകാരിയായിരുന്നു ഇന്നത്തെ വാര്‍ത്താചിത്രം. ജഹാംഗിര്‍പുരി എന്ന ഇടതൂര്‍ന്ന പ്രദേശത്തെ മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും അവരില്‍ ഭൂരിപക്ഷം ഉപജീവനാര്‍ഥം ഉന്തുന്ന തെരുവുവണ്ടികളും തവിടുപൊടിയാക്കാന്‍ ഇരമ്പിയാര്‍ത്തുവന്ന ഭരണകൂട ബുള്‍ഡോസറിനെ വിരല്‍ ചൂണ്ടി നിര്‍ത്തി ബൃന്ദ. ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവരില്‍ ബൃന്ദയും ഉണ്ടായിരുന്നു. ഇടിച്ചുനിരത്തല്‍ സുപ്രീം കോടതി രാവിലെ സ്റ്റേ ചെയ്തു. കോടതി ഉത്തരവ് പുറത്തുവന്നിട്ടും കോപ്പി കിട്ടിയില്ല എന്ന ന്യായം നിരത്തി തച്ചുതകര്‍ക്കല്‍ തുടര്‍ന്നു ഭരണകൂടം. ഭരണകൂടത്തിന്റെ ഇംഗിതം വ്യക്തമായിരുന്നു. കോടതി വിധി എന്തായാലും സമ്പൂര്‍ണ തുടച്ചുനീക്കല്‍ തുടരുക. സര്‍വം നഷ്ടമാകുന്നത് വിലാപത്തോടെ നോക്കിനിന്ന നിസ്സഹായരായ മനുഷ്യര്‍. അവര്‍ക്കിടയിലേക്ക് തീപ്പന്തമെന്ന പോല്‍ വൃദ്ധയായ ബൃന്ദ. അവര്‍ക്കൊപ്പം ചേര്‍ന്ന് ബുള്‍ഡോസറിന് മുന്നില്‍ അവര്‍ നിന്നു. ഭരണകൂടം പണി നിര്‍ത്തി മടങ്ങി.
തീരെ ചെറിയ ഒരിടപെടലാണ്. ബൃന്ദ കാരാട്ടോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയോ ഡല്‍ഹിയില്‍ ശക്തികേന്ദ്രമല്ല. ഡല്‍ഹി ഭരണകൂടത്തിന് അവരെ കേള്‍ക്കേണ്ട ഒരു സമ്മര്‍ദവുമില്ല. ജഹാംഗിര്‍പുരിയിലെ സാമാന്യജനത്തിനിടയിലും അവരുടെ പാര്‍ട്ടിക്ക് വേരുകളില്ല. പക്ഷേ, അവരുടെ ചൂണ്ടവിരലിനുമുന്നില്‍ ഒരു നിമിഷം ഭരണകൂടം സ്തംഭിച്ചു. ചില ചലനങ്ങള്‍ അങ്ങനെയാണ്. ചെറുതും ദുര്‍ബലവുമെങ്കിലും അവ ഉള്‍വഹിക്കുന്ന നേരിന്റെ മഹാബലത്താല്‍ പ്രകമ്പനസമാനമാകും. ജഹാംഗിര്‍പുരിയില്‍ സംഭവിച്ചത് അതാണ്. സുപ്രീം കോടതിക്കോ ഒരു ചൂണ്ടുവിരലിനോ പിടിച്ചുനിര്‍ത്താനാവുന്നതല്ല ഹിന്ദുത്വയുടെ ബുള്‍ഡോസര്‍ എന്ന് അറിയാഞ്ഞല്ല. താല്‍ക്കാലികമായ ഒരു നിര്‍ത്തലിന് പക്ഷേ, അധികമാനമുണ്ട്.
നാം എത്ര നിഷേധിച്ചാലും അങ്ങനെ ആവരുതേ എന്ന് ആഗ്രഹിച്ചാലും ഇന്ത്യന്‍ പൊളിറ്റി അതിതീവ്രമായി ഹിന്ദുത്വയിലേക്ക് സഞ്ചരിക്കുന്നുണ്ട്. അതുപക്ഷേ, 2014-ല്‍ നാം ഭയപ്പെട്ടതുപോലെ ഭീകരമായ ഒരു പദ്ധതിയായി ഒറ്റയടിക്ക് സംഭവിക്കുകയല്ല. ഒരുവശത്ത് തിരഞ്ഞെടുപ്പുകള്‍ തന്നെയാണ് ആയുധം. ജനാധിപത്യത്തിന്റെ സാധ്യതകളെ ഉപയോഗിക്കുക. ജനാധിപത്യത്തിന്റെ സര്‍ഗാത്മക സാധ്യതകളെയല്ല, മറിച്ച് യാന്ത്രികസാധ്യതകളെ.
എന്താണ് സര്‍ഗാത്മക സാധ്യത എന്ന് വിശദീകരിക്കാം. ഇന്ദിരാഗാന്ധി റെജിമെന്റിന്റെ ജനാധിപത്യ വിരുദ്ധവും ഫാഷിസ സമാനവുമായ ഭരണത്തിനെതിരില്‍ ബിഹാര്‍ പ്രഭവകേന്ദ്രമായി പുറപ്പെട്ട ജെ പി പ്രസ്ഥാനത്തെ ഓര്‍ക്കുക. ഒട്ടേറെ പരിമിതികളും കെടുകാര്യസ്ഥതകളും ആരോപിക്കാവുന്ന നേതാവായിരുന്നു ജയപ്രകാശ് നാരായണന്‍. പക്ഷേ, ഇന്ദിരക്കെതിരായി അടിത്തട്ടില്‍ രൂപംകൊണ്ട വിരുദ്ധബലത്തെ സമാഹരിക്കാന്‍ ജെ പിക്ക് കഴിഞ്ഞു. അതൊരു സര്‍ഗാത്മക സാധ്യതയാണ്. ജെ പി പ്രസ്ഥാനം ചിറകുവിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിശക്തമായ ഇലക്ടറല്‍ സാന്നിധ്യമാണ്. രാജ്യത്തിന്റെ എല്ലാ ദിക്കിലും അവര്‍ക്ക് വേരുകളുണ്ട്. തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള കരുത്തുണ്ട്. പക്ഷേ, ജെ പി ഉന്നയിച്ച അടിസ്ഥാനവാദങ്ങള്‍ ബലവത്തായിരുന്നു. ആ ബലത്തെ ജനത ഏറ്റെടുത്തു. തിരഞ്ഞെടുപ്പിലെ ശക്തി അപ്രസക്തമായി. ആ മുന്നേറ്റം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ തരംഗത്തിലാഴ്ത്തി. അതാണ് ജനാധിപത്യത്തിലെ സര്‍ഗാത്മകമായ തിരുത്ത്. ജഹാംഗിര്‍പുരിയില്‍ അതിദുര്‍ബലമായ ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും ബൃന്ദകാരാട്ടിനെ ഭരണകൂടത്തിന് കേള്‍ക്കേണ്ടിവന്നത് ജനാധിപത്യത്തിന്റെ സര്‍ഗാത്മക സാധ്യതയാണ്.
ഇതിന് വിപരീതമാണ് യാന്ത്രികസാധ്യത. ജനാധിപത്യം വൈകാരികം എന്നതുപോലെ യാന്ത്രികവുമായ ഒരു സംവിധാനമാണ്. കണക്കാണ് അതിലെ ഒരു കളിക്കാരന്‍. രാജ്യത്തെ ഒരു ദേശമായും ഒരു വൈകാരിക സ്ഥാനമായും പരിഗണിക്കാതെ, രാജ്യത്തിന്റെ ആത്മസത്തയെ തരിമ്പും മാനിക്കാതെ, രാജ്യം രൂപപ്പെട്ട ചരിത്രസന്ദര്‍ഭങ്ങളെ മാനിക്കാതെ, രാജ്യം എന്നാല്‍ ആള്‍ക്കൂട്ടമല്ലെന്നും അത് രൂപപ്പെട്ടുവന്നത് ചരിത്രപരമായാണെന്നും മനസിലാക്കാതെ ജനാധിപത്യത്തില്‍ നടത്തുന്ന ഇടപെടലാണത്. അത് തിരഞ്ഞെടുപ്പിനെ ഒരു ഗെയിം ആയി കാണുന്നു. രാജ്യത്തെ യൂണിറ്റുകളായി കാണുന്നു. ബി ജെ പി എന്ന രാഷ്ട്രീയപാര്‍ട്ടിയെയും അവരുടെ തന്ത്രജ്ഞനായ അമിത് ഷായെയും സംബന്ധിച്ച് ഇന്ത്യ 540 യൂണിറ്റുകളുള്ള ഒരു രാജ്യമാണ്. ഓരോ യൂണിറ്റിനെയും അവര്‍ ഓരോ രാജ്യമായി കാണും. അതൊരു തന്ത്രമാണ്. പക്ഷേ, ആ തന്ത്രം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉതകും. തിരഞ്ഞെടുപ്പും അതിലെ വിജയവുമാണ് ജനാധിപത്യമെന്ന്, അതിനപ്പുറം ജനാധിപത്യം വേണ്ട എന്ന് കരുതുന്നവര്‍ക്ക് അതൊരു എളുപ്പവഴിയാണ്.
ജനാധിപത്യം എന്ന് പറയുന്നത് തിരഞ്ഞെടുപ്പല്ല. മറിച്ച് ഒരു രാജ്യത്തിന്റെ സമ്പൂര്‍ണ ജീവിതപദ്ധതിയാണ്. അത് ആ രാജ്യത്തിന്റെ നാനാത്വങ്ങളെ, ബഹുസ്വരതകളെ സംബോധന ചെയ്യുന്ന ഒന്നാണ്. അതിനെ അന്തരാ വഹിക്കുന്ന ഒന്നാണ്. പക്ഷേ, യാന്ത്രിക ജനാധിപത്യം ജനാധിപത്യത്തിന്റെ വിപരീതമാണ്. അത് രാജ്യത്തെ അന്തരാ പേറുന്നില്ല. മറിച്ച് അവര്‍ രാജ്യത്തെ ഭരണകൂടമായി മനസിലാക്കുന്നു. രാജ്യത്തെ ഭരണകൂടമായി മനസിലാക്കിയാല്‍ വൈകാരികതക്കോ ചരിത്രത്തിനോ പിന്നെ ഒരു റോളുമില്ല. കാരണം ഭരണകൂടം ചരിത്രപരമായി രൂപപ്പെടുന്ന ഒന്നല്ല. അത് ഹ്രസ്വകാലത്തെ ഒരു സംവിധാനമാണ്. രാജ്യത്തെ ഭരണകൂടമായും ജനാധിപത്യത്തെ ആ ഭരണകൂടം സൃഷ്ടിക്കാനുള്ള വോട്ടെടുപ്പായും മാത്രം പരിഗണിക്കുന്നവരെ നാം യാന്ത്രിക ജനാധിപത്യക്കാര്‍ എന്നാണ് മനസിലാക്കേണ്ടത്.
യാന്ത്രികജനാധിപത്യത്തിന്റെ വാതില്‍ ഒരിടത്തേക്ക് മാത്രം തുറക്കുന്ന ഒന്നാണ്. ഫാഷിസത്തിലേക്ക്. നാം സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെ രാജ്യമായ ഇന്ത്യ ഇന്ന് യാന്ത്രിക ജനാധിപത്യത്തിന്റെ കീഴിലാണ്. അതിനാലാണ് ഭരണകൂടത്തിന്റെ ഉടമകളായ ബി ജെ പി പുഷ്പം പോലെ തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്.
രാജ്യത്തെ ഭരണകൂടമായി മനസിലാക്കിയാല്‍ പിന്നെ ചെയ്യുന്നത് രാജ്യം എന്ന ആശയത്തെ അപനിര്‍മിക്കലാണ്. ഈ രാജ്യം രൂപപ്പെട്ടത് അനേകം സംസ്‌കൃതികളാലാണ്. അതിലൊന്നാണ് മുസ്‌ലിം സംസ്‌കൃതി. ഈ സംസ്‌കൃതികളുടെ ലയനത്തെ, സിംഫണിയെ തകര്‍ത്താല്‍ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെ തകര്‍ക്കാം. അങ്ങനെ ചരിത്രഭാരമില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയാല്‍ ചരിത്രത്തില്‍ പങ്കുവഹിക്കാത്ത ഹിന്ദുത്വക്ക് വേരുപടര്‍ത്താം. ചെറിയ കളികളല്ല നടക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്. വന്യമായ ചില ഭാവനകള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഉണ്ട്. ആധികാരികതയില്ല. 2024-ല്‍ ബി ജെ പിയുടെ അധികാരാര്‍ജനം സംഘപരിവാര്‍ പലനിലകളില്‍ ഉറപ്പിച്ചുകഴിഞ്ഞു. അവര്‍ തിരഞ്ഞെടുപ്പുരംഗത്ത് ഹാജര്‍ വെച്ചുകഴിഞ്ഞു. അവര്‍ അധികാരമേറ്റാല്‍ മോഡിയാവില്ല പ്രധാനമന്ത്രി എന്നാണ് ഭാവന അഥവാ അഭ്യൂഹം. പകരം യോഗി ആദിത്യനാഥ് വരുമത്രേ. ഒരു സന്യാസി, കാഷായമണിഞ്ഞ് ഇന്ത്യയുടെ അധിപതിയാവുക എന്നതാണ് ആര്‍ എസ് എസിന്റെ ഒരു പദ്ധതി. ഹിന്ദുരാഷ്ട്ര പ്രഖ്യാപനവും അധികം വൈകാതെ സംഭവിച്ചേക്കാം.
എന്തുകൊണ്ട് യാതൊരു ആധികാരികതയുമില്ലാത്ത ഇക്കാര്യങ്ങള്‍ ഇവിടെ എഴുതുന്നു എന്ന് ചോദ്യമുയരാം. പാടില്ലാത്തതാണ്. പക്ഷേ, ഈ ഏപ്രില്‍ മാസം നല്‍കുന്ന സൂചനകള്‍ അത്ര ശുഭകരമല്ല. ഈ ഏപ്രില്‍ മുസ്‌ലിം ജനതയ്ക്ക് ആഗോളമായി അതിപ്രധാനമാണ്. പുണ്യമാസമാണ്. അവരുടെ മുഴുവന്‍ ജീവിതത്തെയും നിരുപാധികം അവരുടെ നാഥനോട് മാത്രം ചേര്‍ത്തുവെക്കുന്ന നാളുകള്‍. അന്നാളുകളില്‍ അവരുടെ ജീവിതം സമ്പൂര്‍ണമായും ഒരു വിശ്വാസപദ്ധതിയാണ്. അവരുടെ മനസും ശരീരവും പൂര്‍ണമായും ഇടവേളയില്ലാതെ ദൈവനിര്‍ഭരവും പ്രാര്‍ഥനാഭരിതവുമായിരിക്കും. ഇതും ബാക്കി ലോകത്തിനറിയാം. ബഹുസ്വര സമൂഹം അതിനെ ആദരവോടെ മാനിക്കാറുണ്ട്. വാങ്ക് വിളി ഉയരുമ്പോള്‍ പ്രഭാഷണം നിര്‍ത്തിവെക്കുന്നത് ഓര്‍ക്കുക. ഒരു ലളിതക്രിയ. പക്ഷേ, അത് ബഹുസ്വരതയ്ക്ക് കൊടുക്കുന്ന ഗംഭീരമായ ഹസ്തദാനമാണ്. ഈ ഹസ്തദാനങ്ങളെ റദ്ദാക്കുന്ന കാഴ്ച ഏപ്രിലിലെ ഇന്ത്യയില്‍ പലയിടത്തായി കണ്ടു.
ഇന്ത്യ പലരൂപത്തിലുള്ള വര്‍ഗീയ കലാപങ്ങളുടെ ഓര്‍മകളുള്ള രാജ്യമാണ്. വെറും ഓര്‍മകളല്ല, ചോര മണമുള്ള ഓര്‍മകള്‍. ദുരന്തങ്ങള്‍ അഭിമുഖീകരിച്ചവര്‍ക്ക് ഒരു സവിശേഷമായ സിദ്ധിയുണ്ട്. സമാനമായ ദുരന്തത്തിന് അരങ്ങ് ഒരുങ്ങുന്നത് അവര്‍ പെട്ടെന്ന് തിരിച്ചറിയും. അത് മനുഷ്യന്റെ ജന്തുസഹജമായ ഒരു ശേഷിയാണ്. പ്രകൃതിദുരന്തങ്ങളെ ചില ജീവജാലങ്ങള്‍ സൂക്ഷ്മചലനങ്ങളിലൂടെ പ്രവചിക്കുമെന്ന് പറയാറുണ്ട്. ശാസ്ത്രത്തില്‍ തെളിവുകളില്ല. ശാസ്ത്രമാത്രാ ജീവികള്‍ അല്ല മനുഷ്യര്‍. ശാസ്ത്രം എത്ര ശാസ്ത്രീയമാണ് എന്നുപോലും ചോദിക്കപ്പെട്ട കാലമാണ്. ശാസ്ത്രമാത്രാ ജീവികള്‍ യുക്തിവാദികളാണ്. അവരെ വിട്ടേക്കാം. ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി, ബംഗാള്‍ തുടങ്ങി പലയിടത്തും മനുഷ്യര്‍ ഈ ലക്ഷണങ്ങള്‍ കണ്ട് ചകിതരാകുന്നു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലേക്ക് നോക്കാം. ഒട്ടും സമ്പന്നമല്ലാത്ത ഒരിടം. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നു. എല്ലാ നഗരങ്ങളുടെയും അരികുകളില്‍ ആ നഗരത്തിന്റെ വിഴുപ്പുഭാണ്ഡം പോലെ ചില പ്രദേശങ്ങളില്ലേ? അതുപോലെയാണ് ജഹാംഗിര്‍പുരി. ദരിദ്രരാണ് എന്നതിനാല്‍ അവരുടെ പ്രാഥമിക ആവശ്യം തൊഴിലും ഭക്ഷണവുമാണ്. ഇത് രണ്ടും നിര്‍ബാധം ഉണ്ടാകാന്‍ സഹവര്‍ത്തിത്തം വേണം. അതിനാല്‍ സ്വാഭാവികമായും ഇവിടത്തെ മനുഷ്യര്‍ ഇടതൂര്‍ന്ന് ജീവിക്കുന്നു. ഹിന്ദുവും മുസല്‍മാനും എല്ലാവരും. കഴിഞ്ഞ ഹനുമാന്‍ ജയന്തിക്ക് അവിടെ കല്ലേറുണ്ടായി. അത് ആസൂത്രിതമായിരുന്നു. അവര്‍ ഞങ്ങളില്‍പെട്ടവരല്ല എന്ന് ജഹാംഗിര്‍പുരിയിലെ മനുഷ്യര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. പക്ഷേ, അക്രമം ഉണ്ടായി. ഭരണകൂടം മുസ്‌ലിംകളെ തല്ലിച്ചതച്ചു. ഹിന്ദുത്വ നെറ്റിയിലൊട്ടിച്ചവര്‍ തല്ലാനിറങ്ങി. പൊലീസ് നോക്കിനിന്നു. ആ നോക്കി നിൽക്കല്‍ നല്‍കുന്ന ഒരു അംഗീകാരമുണ്ട്. ഗുണ്ടായിസത്തെ നിയമപരമാക്കുന്ന ഒന്ന്. അങ്ങനെ പൗരന്മാര്‍ ഭരണകൂടത്തിന്റെ മര്‍ദനോപകരണങ്ങളായി ജഹാംഗിര്‍പുരിയില്‍ അഴിഞ്ഞാടി. അതിനെത്തുടര്‍ന്നാണ് ഡല്‍ഹി പ്രാദേശിക ഭരണകൂടത്തിന് ജഹാംഗിര്‍പുരിയില്‍ കൈയേറ്റം ഉണ്ട് എന്ന് മനസിലായത്. അതൊഴിപ്പിക്കാനാണ് ബുള്‍ഡോസര്‍ വന്നത്. അനധികൃതമെന്ന് കണ്ടെത്തിയത് മുസ്‌ലിം സെറ്റില്‍മെന്റിനെയാണ്. മുസ്‌ലിംകളെ ഒഴിപ്പിക്കാനാണ് ബുള്‍ഡോസര്‍ വന്നത്. മുസ്‌ലിംകളെ ഒഴിപ്പിക്കാന്‍ കൊണ്ടുവന്ന പൗരത്വനിയമം ബലം പ്രയോഗിച്ച് നടപ്പാക്കല്‍ അസാധ്യമാണെന്ന് മനസിലാക്കി പിന്‍വാങ്ങിയവര്‍, ദേശത്തെ യൂണിറ്റുകളായി കാണുന്നവര്‍ പുതിയ ഒഴിപ്പിക്കല്‍ തന്ത്രം മെനയുന്നു.
ഈ നിമിഷത്തിലാണ് നാം നടുങ്ങുന്നത്. അത് ജഹാംഗിര്‍പുരിയില്‍ നടന്ന അക്രമവും തുടര്‍ന്നുള്ള ബുള്‍ഡോസറും ശ്രദ്ധിക്കുമ്പോഴാണ്. സമാനമാണ് യോഗിയുടെ യു.പിയില്‍ നടന്നത്. അതുതന്നെയാണ് ഗുജറാത്തില്‍ നടന്നത്. ബുള്‍ഡോസറുകളുടെ വരവ്. സമാനതകളെ ഭയക്കണം.
ആ ഭയം നമ്മുടെ ജനാധിത്യത്തെ പിടികൂടി എന്നത് ഗുണകരമാണ്. ചെറിയ ചലനങ്ങള്‍ക്ക് പ്രകമ്പനശേഷി ഉണ്ട് എന്ന് കണ്ടുവല്ലോ. ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് പുറത്തുവന്ന 13 പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബാക്കിയുള്ള സര്‍ഗാത്മകതയുടെ മഹാവിളംബരമാണ്. സോണിയ ഗാന്ധി, എന്‍ സി പിയുടെ ശരദ്പവാര്‍, മമത ബാനര്‍ജി, എം കെ സ്റ്റാലിന്‍, സീതാറാം യെച്ചൂരി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഹേമന്ത് സോറന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുല്ല, ആര്‍ജെഡിയുടെ തേജസ്വി യാദവ്, സി പി ഐയുടെ ഡി രാജ, ഫോര്‍വേഡ് ബ്ലോക്കിന്റെ ദേബബ്രതാ ബിശ്വാസ്, ആര്‍ എസ് പിയുടെ മനോജ് ഭട്ടാചാര്യ, മുസ്‌ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി, സി പി ഐ എം എല്‍ ലിബറേഷന്റെ ദിപാങ്കര്‍ ഭട്ടാചര്യ എന്നിവരാണ് ഒപ്പുവെച്ചത്. സ്വാഭാവികമായും ആം ആദ്മി ഒപ്പുവെച്ചില്ല. വര്‍ഗീയതയോ രാഷ്ട്രത്തിന്റെ ആത്മാവോ ചരിത്രമോ അവരെ ബാധിക്കില്ല. രാജ്യത്തെ ഭരണകൂടമായും ഭരണത്തെ തൊഴിലായും കാണുന്ന കൂട്ടമാണവര്‍.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങള്‍, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങള്‍ സാമൂഹ്യധ്രുവീകരണത്തിന് ഭരണവര്‍ഗം ഉപയോഗിക്കുന്ന രീതിയില്‍ അതിയായ മനോവേദനയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ”ഔദ്യോഗിക രക്ഷാകര്‍തൃമുള്ളവരെന്ന് തോന്നിക്കുന്നവരില്‍നിന്ന് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളിലും അവര്‍ക്കെതിരെ അര്‍ഥവത്തായതും ശക്തവുമായ നടപടികളൊന്നും സ്വീകരിക്കാത്തതിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ ദുഷ്‌കരമായ ഒരു മാതൃകയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതിനാല്‍, ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. വര്‍ഗീയ അക്രമം അഴിച്ചുവിടുന്ന ആക്രമണാത്മക സായുധ മതഘോഷയാത്രകള്‍ക്ക് മുമ്പായിരുന്നു പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍.
വിദ്വേഷവും മുന്‍വിധിയും പ്രചരിപ്പിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളും ഓഡിയോ-വിഷ്വല്‍ പ്ലാറ്റ്‌ഫോമുകളും ഔദ്യോഗിക രക്ഷാകര്‍തൃത്വത്തോടെ ദുരുപയോഗം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ അങ്ങേയറ്റം വേദനിക്കുന്നു.
മതഭ്രാന്ത് പ്രചരിപ്പിക്കുന്നവരുടെയും, വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും നമ്മുടെ സമൂഹത്തെ പ്രകോപിപ്പിക്കുന്നവരുടെയും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരെ സംസാരിക്കാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം ഞങ്ങളെ നടുക്കുന്നു. ഇത്തരം സ്വകാര്യ സായുധ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകര്‍തൃത്വത്തിന്റെ ആഡംബരം ആസ്വദിക്കുന്നു എന്നതിന്റെ വാചാലമായ സാക്ഷ്യമാണ് ഈ മൗനം.” എന്നിങ്ങനെ തുടരുന്നു പ്രസ്താവന.
ഭയപ്പെടാനില്ല എന്ന് ആരോ പറയുന്നുണ്ട്. അതൊരു പ്രതീക്ഷയുടെ തുരുത്താണ്. ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസറിനെ തടഞ്ഞ ആ വിരലുകള്‍ പോലെ. മതേതരവും ഫാഷിസ്റ്റ് വിരുദ്ധവുമായ ഇത്തരം കൂട്ടായ്മകള്‍ മാത്രമേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അഭയസ്ഥാനമായുള്ളൂ. മറിച്ച് വാളിനെ വാളാല്‍ തടുക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ ആയുധം തരുന്നവര്‍ ആ ബുള്‍ഡോസറില്‍ പണ്ടേ സീറ്റുള്ളവരാണ്. അവരെ സൂക്ഷിക്കണം. പാലക്കാടായാലും ഹൈദരാബാദിലായാലും.
കെ കെ ജോഷി
You must be logged in to post a comment Login