തമിഴ്നാട്ടിലെ തെക്കൻ തീരപ്രദേശങ്ങളിലെ ചിരപുരാതന ചരിത്ര നഗരങ്ങളിലൊന്നാണ് കീളക്കര. വിശേഷിച്ചും മുസ്‌ലിം നാഗരികത തുളുമ്പി നിൽക്കുന്ന ദേശം. റസൂലിന്റെ(സ്വ) കാലം മുതലേ ഇസ്‌ലാമിന്റെ സൗരഭ്യത്തെ വരവേൽക്കാൻ കീളക്കരക്കായിട്ടുണ്ടെന്നതാണ് ചരിത്രം. കേരളത്തിലെ ചേരമാൻ പള്ളി നിർമിച്ച അതേ വർഷം തന്നെ നിർമിക്കപ്പെട്ട “കടൽക്കരൈ’ പള്ളി ഓർക്കുക. പ്രബോധനാർഥം മദീനയിൽനിന്നു ഇന്ത്യൻ തീരപ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചുവന്ന സ്വഹാബികളിൽ ഒരാളുടെ തിരുകരങ്ങളിലാണീ പള്ളി നിർമിച്ചതെന്ന് തെളിയിക്കുന്ന ചെന്തമിഴ് ശിലാഫലകം ഈ പള്ളിക്കകത്തുണ്ട്.
ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പേ അറബികളുമായി കീളക്കരക്ക് നല്ല ബന്ധമുണ്ട്. ലോകത്തെ തന്നെ എണ്ണപ്പെട്ട മുത്ത്- വജ്ര വ്യാപാര കേന്ദ്രമായിരുന്നു ഇവിടം. ചരിത്രത്തിൽ പവിത്ര മാണിക്യ പട്ടണമെന്ന പേര് ഈ ദേശത്തിന് വരാനുള്ള കാരണവും ഇതായിരുന്നു. ഇവിടെ സ്ഥിര താമസമാക്കിയ അറബികളുടെ അനന്തരവരാണ് മൂറുകൾ എന്നറിയപ്പെടുന്ന ഇവിടുത്തെ മുസ്‌ലിംകൾ. ഇന്നും തമിഴ്നാടിന്റെ വ്യാവസായിക മുന്നേറ്റത്തിൽ നെടുംതൂണായി വർത്തിക്കുന്ന മരക്കാർമാർ പഴയ അറബി പാരമ്പര്യത്തിന്റെ പിൻതലമുറക്കാരാണെന്നതാണ് വസ്തുത. തെക്കൻ തീരമേഖലകളായ കീളക്കര, കായൽപട്ടണം, അതിരാം പട്ടണവുമെല്ലാം മരക്കാർമാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ്.
തെന്നിന്ത്യയിലെ അറിയപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് കീളക്കര. വിഖ്യാത ലോക സഞ്ചാരി ഇബ്നു ബതൂത ഇവിടെ സന്ദർശിച്ചിട്ടുണ്ട്. മുപ്പതിലധികം ദർവീശുകളെ ഖുതുബാ പള്ളിയിൽ സന്ധിച്ചതും അവരിലെ പ്രധാനിയായിരുന്ന ശൈഖ് മുഹമ്മദ് നിശാപൂരി തന്റെ സേവനത്തിനായി ഒരു സിംഹത്തെയും മാനിനെയും കൂടെ നിറുത്തിയിരുന്നതും യാതൊരു അലോസരവുമില്ലാതെ അവരണ്ടും ശൈഖിന്റെ കൂടെ കഴിഞ്ഞിരുന്നതുമെല്ലാം ബതൂത രിഹ്്ലയിൽ കുറിച്ചിടുന്നുണ്ട്.
ലോകോത്തര ആത്മീയ ശൃംഖലയായ ഖാദിരീ ത്വരീഖതിലെ ഖുതുബിയ്യത് കാവ്യം എഴുതിയ മാദിഹുർറസൂൽ സ്വദഖതുല്ലാഹിൽ ഖാഹിരിയും(റ) ജലാലിയ്യാ റാതീബിന്റെ രചയിതാവായ വിഖ്യാത സൂഫി ഇമാമുൽ അറൂസ് മാപ്പിള ലബ്ബയുമെല്ലാം(റ) ഈ ദേശത്തിന്റെ ആത്മീയ ചൈതന്യങ്ങളാണ്.
ഇബ്നു ബതൂതയെപ്പോലെ തന്നെ ലോക സഞ്ചാരി മാർകോ പോളോയും കീളക്കര സന്ദർശിച്ചിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന വഴി ആദ്യം മാർകോ പോളോയുടെ കപ്പൽ നങ്കൂരമിട്ടത് ഇവിടെയായിരുന്നുവത്രെ! പ്രദേശത്തെ വജ്രവ്യാപാരത്തെ പറ്റിയും കുതിരമാർക്കറ്റുകളെ പറ്റിയുമെല്ലാം അദ്ദേഹം എഴുതുന്നുണ്ട്.
സാമ്പത്തികമായും സാമൂഹികമായും ചരിത്രാതീത കാലം മുതലേ വലിയ കെട്ടുറപ്പ് കീളക്കരക്കുണ്ട്. നാട്ടുരാജാക്കന്മാരായ ചോള പാണ്ഡ്യരും സേതുപതിയും ഇസ്‌ലാമിക ഭരണം കെട്ടിപ്പടുത്ത സുൽത്വാൻ ഇബ്റാഹീം ബാദുഷയും(റ) (Sultanate of Ma’abar) വൈദേശിക ഭരണം കാഴ്ചവെച്ച ഡച്ചുകാരും പോർച്ചുഗീസുകാരുമെല്ലാം കീളക്കരയുടെ സമ്പൽസമൃദ്ധിയും ഊഷരതയും കണ്ടാണ് ഭരണം നടത്തിയത്.
പട്ടച്ചോറിന്റെ പാതിരകൾ
റമളാനിലെ പകൽ നേരങ്ങളിൽ ഉച്ചക്കു ശേഷമേ കടകമ്പോളങ്ങളും പൊതു നിരത്തുകളും സജീവമാകുകയുള്ളൂ. വിശ്വാസികളിലധികപേരും തറാവീഹിന് ശേഷം ചായമക്കാനികളിലേക്കും കടൽകരകളിലേക്കും കൂട്ടംകൂട്ടമായി ചേക്കേറും. പ്രദേശത്തിന്റെ നല്ലൊരു ശതമാനവും മന്നാർ കടലിന്റെ (Gulf of Mannar) ഓരങ്ങളാൽ ചുറ്റപ്പെട്ടതിനാൽ, അന്തി നേരങ്ങളിൽ കൂട്ടംകൂട്ടമായി ആളുകൾ തടിച്ചുകൂടും. അത്താഴ നേരം വരെ കടകളും ഭക്ഷണ കേന്ദ്രങ്ങളും സജീവമാകും. പരമ്പരാഗത കീളക്കര വിഭവങ്ങളായ പട്ടച്ചോറും (കൊടപ്പനയുടെ പട്ട മെടഞ്ഞെടുത്ത് ഒരു പ്രത്യേക രീതിയിലുള്ള പെട്ടിയുണ്ടാക്കി ജീരകച്ചോറും പരിപ്പ് കറിയും ആട്ടിറച്ചിയും സൂപ്പും വിളമ്പി നൽകുന്ന രീതി) പൂവൻ പഴവും പുളിപ്പിച്ച തൈരും കഴിച്ച് പ്രഭാത നിസ്കാരവും നിർവഹിച്ച് വീടുകളിലേക്ക് ചെല്ലും. പുരുഷന്മാർ വീടുകളിലിരുന്ന് അത്താഴം കഴിക്കുന്നതിനെക്കാൾ അധികം പുറംകടകളിലിരുന്നാണ് കഴിക്കാറ്. ഒരു മാസം മുഴുവൻ അത്താഴവും നോമ്പ്തുറയും കടകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് ടോക്കണുകൾ വാങ്ങിവെക്കുന്ന ശൈലിയും ഇവിടെ കാണാം.
ഭക്ഷണങ്ങളിൽ കീളക്കരക്ക് ഇത്രമാത്രം പ്രസിദ്ധി വാങ്ങിക്കൊടുത്ത ഒന്നാണ് നടേസൂചിപ്പിച്ച പട്ടച്ചോറ്. റബീഉൽഅവ്വൽ മാസങ്ങളിൽ പുണ്യനബിയുടെ മീലാദാഘോഷങ്ങൾക്ക് പള്ളികളിലും ചില സമ്പന്നരുടെ വീടുകളിലും പനമ്പട്ടയിൽ പൊതിഞ്ഞ രുചിയൂറും പൊതിച്ചോറ് ആയിരക്കണക്കായ ആളുകളിലേക്ക് എത്തിക്കും. ഇതര സമുദായാംഗങ്ങൾ ഭവ്യതയോടെ ഈ ഭക്ഷണപ്പൊതികൾ സ്വീകരിച്ച് സായൂജ്യമടയും.
ഇഫ്താർ കഞ്ചിയും അത്താഴ സാപ്പാടും
മാസങ്ങൾക്കുമുമ്പേ പള്ളി ഭാരവാഹികൾ റമളാന് വലിയ തയാറെടുപ്പുകൾ നടത്തും. നമ്മുടെ നാട്ടിലെ നനച്ചുകുളിയെപ്പോലെ പള്ളികൾ കഴുകലും വൃത്തിയാക്കലും അറ്റകുറ്റപ്പണികൾ തീർക്കലും വിശ്വാസികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കലും എല്ലാം ആ ഇടത്തിലുണ്ട്. അതിനെക്കാൾ സജീവമായി ശ്രദ്ധിക്കുന്നത് നോമ്പു കഞ്ഞിക്കും അത്താഴത്തിനുമുള്ള വിഭവസമാഹരണമാണ്. നോമ്പ് മുപ്പതുനാളും ഓരോ പള്ളിയിലും നോമ്പ് കഞ്ഞി തയാറാക്കും. എരിവും പുളിയും നല്ല സുഗന്ധവും പേറുന്ന ഈ നോമ്പുകഞ്ഞി ഓരോ തമിഴന്റെയും വികാരമാണ്.
തമിഴകത്തിലെ ഓരോ പള്ളിയിലും നോമ്പു കഞ്ഞി കാച്ചി വിതരണം ചെയ്യും. ആട്ടിറച്ചിയും പരിപ്പും മസാലകളും ചേർത്ത് ആവി പൊന്തുന്ന രുചിയൂറും നോമ്പു കഞ്ഞി, വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി മൂപ്പിച്ച് മുരിങ്ങ ഇലയും ചേർത്ത് താളിച്ചെടുത്ത സുഗന്ധം ഓരോ പള്ളിയുടെ പരിസരങ്ങളിലും അസർ നിസ്കാരാനന്തരം അടിച്ചുവീശും. പള്ളികൾക്കിടയിലും മഹല്ല് ജമാഅത്തുകൾക്കിടയിലും അവരുടെ പദവിയും അഭിമാനവും കാണിക്കാനുള്ള ഒരു ചടങ്ങ് കൂടെയാണ് കഞ്ഞികാച്ചൽ.
പള്ളികളിലേക്ക് ഇഫ്താറിനു വരുന്നവർക്ക് മാത്രമുള്ളതല്ല ഈ കഞ്ഞി. മറിച്ച് ആ ജമാഅത്തിന് കീഴിലുള്ള ഓരോ വീടുകളിലേക്കും കഞ്ഞി കൊണ്ടുപോകും. വൈകുന്നേര പ്രാർഥനക്ക് ശേഷം വരിവരിയായി കഞ്ഞിവാങ്ങാൻ നിൽക്കുന്ന മുസ്‌ലിം വിശ്വാസികളെപ്പോലെ തന്നെ അമുസ്‌ലിം സഹോദരന്മാരും വരിയിലുണ്ടാകും. ഓരോ പള്ളിയിലും ഇഫ്താറിനുള്ള വിഭവമൊരുക്കുന്നതിൽ മത്സരബുദ്ധിയാണ്. രുചിയൂറും കഞ്ഞിയിലേക്ക് പരിപ്പുവടയോ സമൂസയോ പൊടിച്ചിട്ട് തേങ്ങാ ചട്ണിയും ചേർത്ത് മൊത്തിക്കുടിക്കുന്ന കാഴ്ച രസകരമാണ്. ഇഫ്താറിന് പഴവർഗങ്ങളിലും ജ്യൂസുകളിലും അത്ര താല്പര്യം ഇവിടങ്ങളിൽ കാണാറില്ല.
നോമ്പ് തുറ കഴിഞ്ഞാൽ പിന്നെ പള്ളികളിൽ ആരാധനകളിൽ മുഴുകും വിശ്വാസികൾ. വയറു നിറയെ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നത് തറാവീഹ് നിസ്കാരാനന്തരമാണ്. അധിക പള്ളികളിലും പുറം ദേശങ്ങളിൽനിന്നും വന്ന ഖുർആൻ ഹൃദ്യസ്ഥമാക്കിയ ഹാഫിളുകളാകും നിശാ പ്രാർഥനക്ക് നേതൃത്വം നൽകുക.
മുത്താഴ വിഭവങ്ങൾ പലതും കീളക്കരക്ക് സ്വന്തമായുള്ളതാണ്. ഇടിയപ്പ ബിരിയാണി. കൊത്തുപൊറോട്ട, മുർത്തബ, പട്ടച്ചോറ്.. കൂടാതെ സാമ്പ്രദായിക തമിഴ് വിഭവങ്ങളായ ഇഡ്ലി, ദോശ, പൊങ്കൽ എല്ലാം സുഭിക്ഷമായി കഴിക്കും.
പ്രൗഢിയുള്ള പള്ളിയങ്കണങ്ങൾ
കീളക്കരയുടെ പെരുമ നിലകൊള്ളുന്നത് ഇവിടത്തെ പള്ളികളിലാണ്. പന്ത്രണ്ടോളം വ്യത്യസ്തവും പ്രവിശാലവുമായ മസ്ജിദുകൾ ഇവിടെയുണ്ട്. റസൂലിന്റെ(സ്വ) കാലത്ത് നിർമിക്കപ്പെട്ട കടൽകരപ്പള്ളിയുടെ സവിശേഷത ഇബ്നു ബതൂത വിവരിക്കുന്നുണ്ട്. പൂർണമായും കരിങ്കല്ലിൽ നിർമിക്കപ്പെട്ട സുന്ദരമായ പള്ളിയെന്ന്. അസ്ഥിവാരം മുതൽ മേൽപുരയും ചുവരും വരെ വലിയ കല്ലുകളിൽ നിർമിച്ചെടുത്തത് അത്ഭുതം തന്നെയാണ്. വിഖ്യാതമായ ജുമാ പള്ളിയുടെ (ഖുതുബിയ്യത് രചയിതാവ് സ്വദഖതുല്ലാഹിയുടെ(റ) ദർഗ ഉൾകൊള്ളുന്ന പള്ളി) നിർമാണ വൈഭവത്തിൽ അത്ഭുതം കൂറി, പലരും പ്രസ്തുത പള്ളിയെ ജിന്ന് പള്ളിയെന്ന് വരെ വിളിക്കാറുണ്ട്. രാമനാട് രാജ്യം ഭരിച്ചിരുന്ന കിളവൻ സേതുപതിയുടെ പ്രധാനമന്ത്രിയായിരുന്ന സീതക്കാതിയാണീ പള്ളി നിർമിച്ചത്. എ ഡി 1869ൽ സീതക്കാതി വലിയ ധർമിഷ്ഠനും പ്രവാചകാനുരാഗിയും ആത്മീയാചാര്യനും കൂടെയായിരുന്നു. ഇതേ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായി ഇവരുടെ ഖബർ സ്ഥിതി ചെയ്യുന്നുണ്ട്. വലിയ ഒറ്റക്കല്ലുകളിൽ കൊത്തിവെക്കപ്പെട്ട ചിത്രങ്ങളും താഴികക്കുടങ്ങളും നിർമാണ ചാതുരിയിൽ അവർക്കുണ്ടായിരുന്ന കരവിരുതുകളെ വരച്ചുകാണിക്കുന്നുണ്ട്. ഇതേ നിർമിതിയിലുള്ള മൂന്നാമത്തെ പള്ളിയാണ് ഓടക്കര പള്ളി. വേറെയും ചെറുതും വലുതുമായ പള്ളികളുണ്ട്. എന്നാൽ ഇന്ന് കാണുന്നു പടുകൂറ്റൻ പള്ളികൾ അധികവും അറബി നാടുകളുടെ കലാചാതുരിയോടെ നിർമിക്കപ്പെട്ടതാണ്.
റമളാൻ അവസാനത്തോടടുക്കുമ്പോൾ പള്ളികളിലെല്ലാം ഇഅ്തികാഫ് മജ്്ലിസുകൾ സജീവമാകും. പത്തുനാൾ പൂർണമായും ഖുർആൻ പാരായണത്തിനും പ്രാർഥനകൾക്കും മാറ്റിവെക്കും. പ്രായമുള്ളവരാകും ഇവരിൽ അധികവും. ഇഫ്താറും അത്താഴവും എല്ലാം ഇവർക്കു വേണ്ടി പള്ളി ഭാരവാഹികൾ തയാറാക്കും. ഇവിടങ്ങളിലെ ചില പള്ളികൾ വഴിയാത്രക്കാർക്കും സാമ്പത്തിക സഹായം തേടിവരുന്ന പുറം നാട്ടുകാർക്കും അത്താഴഭക്ഷണമൊരുക്കാറുണ്ട്. ദിനവും നൂറുകണക്കായ ആളുകൾ ഇവിടെ എത്താറുണ്ട്. വിദ്യാഭ്യാസ മേഖലയിൽ നിസ്തുല പങ്കുവഹിച്ച ബി എസ് അബ്ദുർറഹ്മാൻ സ്ഥാപിച്ച സീതക്കാരി ട്രസ്റ്റാണ് ഇതെല്ലാം ചെയ്യുന്നത്.
പെൺകൾ തൈക്കകൾ
സ്ത്രീകളുടെ ആരാധനാ കർമങ്ങൾക്കായി മാത്രമുള്ള നാല്പതോളം ചെറിയ തൈക്കകൾ ഇവിടങ്ങളിലുണ്ട്. പക്ഷേ, ഒന്നുപോലും പുറത്തുനിന്ന് നമുക്ക് കാണാനൊക്കില്ല. പൂർണമായ ഇസ്‌ലാമിക ചുറ്റുപാടിൽ പരപുരുഷ സമ്മിശ്രണമില്ലാതെ സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന ആരാധനാ കേന്ദ്രങ്ങൾ. മുഴുസമയ നിസ്കാരങ്ങളും തറാവീഹുമുൾപ്പെടെയുള്ള പ്രത്യേക പ്രാർഥനകളും മുറതെറ്റാതെ നടന്നുവരുന്ന ഇടങ്ങളാണ് ഇവയിൽ മിക്കതും. സ്ത്രീകൾക്കല്ലാതെ വേറെയാർക്കും ഇവിടങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഇത്തരം തൈക്കകളിലേക്ക് പോകാനുള്ള വഴികൾ പോലും പുരുഷന്മാർക്ക് പ്രവേശിക്കാൻ പറ്റാത്ത വിധം നിർമിക്കപ്പട്ടതാണ്. പൂർണമായും സ്ത്രീകളുടെ അധികാരത്തിലാണിതെല്ലാം പ്രവർത്തിക്കുന്നത്. പ്രദേശത്തെ മതം പഠിച്ച ആലിമകൾ ഇവയ്ക്ക് നേതൃത്വം നൽകുന്നു. നിസ്കാരാദി കർമങ്ങൾക്ക് പുറമെ ഇസ്‌ലാമിക വിശേഷ ദിവസങ്ങൾ വന്നാൽ ഇവകൾ സ്ത്രീകളെ കൊണ്ട് സജീവമാകും. നബിദിനം, മിഅ്റാജ്, ബറാഅത് പോലോത്ത നാളുകളിൽ പ്രത്യേക ഹൽഖകൾ സംഘടിപ്പിക്കുകയും ചെയ്യും. വിശേഷ നാളുകളിൽ ഇവർ തന്നെ മധുരപലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്യും. റമളാനായാൽ ഈ തൈക്കകൾ പുത്തനുണർവിലേക്ക് കടക്കും. തറാവീഹ് നിർവഹിക്കാനായി ഇവർ തൈക്കകളിലെത്തും. നിസ്കാരവും ആത്മീയ മജ്്ലിസും മതബോധന ക്ലാസും കഴിഞ്ഞ് അവർ തിരിച്ചുപോകും. റമളാന്റെ അവസാന നാളുകളിൽ അധിക നേരവും സ്ത്രീകൾ ഈ തൈക്കകളിൽ ചെലവഴിക്കും.
ഇവിടുത്തെ വീടുകൾക്കെല്ലാം രണ്ട് മുൻവാതിലുകളാണുണ്ടാവുക. ഒന്ന് പുരുഷന്മാർക്കും മറ്റേത് സ്ത്രീകൾക്കും. ടാക്സികളായി ഓടുന്ന ഓട്ടോകളും വാനുകളുമെല്ലാം പ്രത്യേക കർട്ടനിട്ട് സ്ത്രീകളെ ദർശിക്കാൻ പറ്റാത്ത വിധമാണ് സജ്ജീകരിച്ചിട്ടുണ്ടാവുക. പഴയ കാലങ്ങളിൽ നടപ്പാതകൾ വരെ വ്യത്യസ്തമായിരുന്നുവത്രെ. കായൽ പട്ടണത്തും ഇതേ രീതി കാണാനാകും. ഇത്തരം സൂക്ഷ്മ ജീവിതങ്ങളെ, പക്ഷേ ഇപ്പോൾ ഉടലെടുക്കുന്ന നവീന പ്രസ്ഥാനങ്ങൾ വെല്ലുവിളിക്കുന്നത് ഒരു സംസ്കാരത്തെ തന്നെ കൊലചെയ്യാനുള്ള പകയോടെയാണ്.
സഹകരണത്തിന്റെ പണ്ടികൈകൾ
സാമൂഹ്യ ജീവിതത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകകളാണ് ഇവിടുത്തെ ഈദ്/റമളാൻ പണ്ടികൈകൾ. പ്രത്യേകിച്ചും മതവും ജാതിയും നോക്കി മനുഷ്യരെ വേർതിരിച്ചു നിർത്തുന്ന ഈ കലികാലത്തിൽ. നോമ്പും പെരുന്നാളും ആഘോഷമാക്കുമ്പോൾ വലിയ ആഘോഷത്തോടെയാണ് പണ്ടികയ്ക്കു വേണ്ടി കാൽനാട്ടലും പന്തലൊരുക്കലും തോരണങ്ങൾ കെട്ടലും.
കീളക്കരയുടെ പ്രാന്ത പ്രദേശങ്ങളും ഉൾഗ്രാമങ്ങളുമെല്ലാം ആഘോഷത്തോടെ കൊണ്ടാടുന്ന മഹാമഹമാണീ പണ്ടികൈകൾ. പണ്ടികൾക്ക് ചുറ്റിലും നാട്ടുചന്തകൾ തുടങ്ങും. ഉൾഗ്രാമങ്ങളിൽ കൃഷിയും കുലത്തൊഴിലുമായി കഴിയുന്ന ഗ്രാമീണ കർഷകരെല്ലാം അവരവരുടെ വ്യാപാര സാമഗ്രികളുമായി ഈ നാട്ടുചന്തകളിലേക്ക് വരും. വ്യാപാരം നടത്തി കൈനിറയെ പണം സമ്പാദിച്ച് തിരിക്കും. കച്ചവടത്തെക്കാൾ ഒരു സമൂഹത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന്റെ മൂലക്കല്ലാണീ പണ്ടികൈകൾ.
നിരാലംബരെ കൈപിടിച്ചുയർത്താനും അശരണർക്ക് അത്താണിയാകാനും കീളക്കരക്കാരെ പോലെ വേറെയാരുമുണ്ടാകില്ലെന്നത് തമിഴരെല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. റമളാൻ വരുമ്പോൾ പരസ്പര സഹകരണത്തിന്റെ വലിയ മാതൃകകൾ ഇവിടെ സൃഷ്ടിക്കപ്പെടും. സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കായി പ്രത്യേകം കൂട്ടായ്മകളുണ്ടാക്കി ആകുംവിധം സഹായങ്ങൾ ഉറപ്പു വരുത്തും. റമളാനുപുറമെ ഓരോ വെള്ളിയാഴ്ചകളിലും പുറം ദേശങ്ങളിൽനിന്നു നൂറുകണക്കിനാളുകളാണ് സാമ്പത്തിക സഹായം ലക്ഷ്യം വെച്ച് വരുന്നത്. ഇവരെല്ലാം മനം നിറഞ്ഞാണ് തിരിച്ചുപോകാറും.
കീളക്കരക്കാരുടെ ഔദാര്യത്തിന്റെ നേർചിത്രം ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെട്ടത് കാണാനാകും. 1840ൽ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ റാണി ഇന്ത്യ ഭരിക്കുമ്പോൾ, രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. പല നാട്ടുരാജാക്കന്മാരോടും റാണി സഹായമഭ്യർഥിച്ചു. കീളക്കരയിൽ നിന്ന് അന്ന് ഒമ്പത് കപ്പലുകളിലാണ് അവശ്യസാധനങ്ങളും പണവും കൽക്കത്തയിലേക്കയച്ചത്. ഇക്കാരണം കൊണ്ടുതന്നെ ഇതിനു മുൻകൈയെടുത്ത ഹബീബ് മരക്കാരെ ബ്രിട്ടീഷ് ഭരണകൂടം State of India പദവി നൽകി ആദരിച്ചു.
അലിഷാ നൂറാനി മണലിപ്പുഴ
You must be logged in to post a comment Login