ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് സവിശേഷ പ്രധാന്യമുള്ള ഒരു കോടതിക്കാലമാണ് മുന്നിലുള്ളത്. കൊളോണിയല്‍ ഭരണകൂട ഭീകരതയുടെ അവശിഷ്ടമെന്ന് കുപ്രസിദ്ധിയുള്ള രാജ്യദ്രോഹനിയമം ഇനി തുടരണമോ എന്ന നിര്‍ണായക ചോദ്യത്തിലേക്ക് സുപ്രീം കോടതി പ്രവേശിച്ചിരിക്കുന്നു. കിഷോരിചന്ദ്ര വാംഗേംച്ഛ, കനയ്യലാല്‍ ശുക്ല, എസ് ജി വോംബദ്കരെ, എഡിറ്റേഴ്‌സ് ഗില്‍ഡ്, പി യു സി എല്‍, ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രൊഫഷണല്‍സിനുവേണ്ടി ശശികുമാര്‍, ഡോ. സഞ്ജയ് ജയിന്‍ തുടങ്ങിയവര്‍ രാജ്യദ്രോഹനിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് പലഘട്ടങ്ങളില്‍ സമർപ്പിച്ച റിട്ട് ഹരജിയാണ് കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനാധിപത്യപഠിതാക്കള്‍ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതും സൂക്ഷിച്ചുവെക്കേണ്ടതുമായ വാദങ്ങളും നിരീക്ഷണങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ ഉയര്‍ന്നത്. യഥാർത്ഥത്തില്‍ ഇത് ഒരു നിയമത്തിന്റെ ഭരണഘടനാസാധുതക്ക് എതിരായ കേവല ഹരജി മാത്രമല്ല, മറിച്ച് നമ്മുടെ ജനാധിപത്യത്തില്‍ നിന്ന് അതിലെ ഫാഷിസ്റ്റ് ഒളിയിടങ്ങളെ നിര്‍വീര്യമാക്കാനുള്ള പലവിധ ശ്രമങ്ങളില്‍ ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കോടതികള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളില്‍, പ്രത്യേകിച്ചും ഒന്നാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ 2014-ന് ശേഷമുള്ള കാലത്ത്, നടക്കുന്ന ഇത്തരം വലിയ പരിശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന മാധ്യമശ്രദ്ധ ലഭിക്കാറില്ല. അവ ഒറ്റദിവസത്തെ വാര്‍ത്തയായി അവസാനിക്കുന്നു. പലവിധത്തിലുള്ള ഭീഷണികള്‍ കണ്‍മുന്നിലുള്ള നമ്മെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യം ഇത്തരം ജുഡീഷ്യല്‍ പരിശ്രമങ്ങളെ വെറും വാര്‍ത്തകളായി മാത്രം “കണ്ടു കളയരുത്.’ കാരണം വിശാലമായി നമ്മുടെ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന ചില ഉള്ളടക്കങ്ങള്‍ ഈ നിയമപോരാട്ടങ്ങളില്‍ ഉണ്ട്. നിശ്ചയമായും അത് ഫാഷിസ്റ്റ് ഒളിയിടങ്ങളെ തുരത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളാണ്. അവയെ ആ നിലയില്‍ നാം കാണണം, പ്രചരിപ്പിക്കണം. അതിനാലാണ് പാതിവഴിപോലും പിന്നിട്ടിട്ടില്ലാത്ത ഈ ജുഡീഷ്യല്‍ പോരാട്ടത്തെ നാം ചര്‍ച്ചയ്ക്കെടുക്കുന്നത്. നമ്മുടെ ജാഗ്രതയാണ് ജനാധിപത്യത്തിന്റെ ഭാവിക്ക് കൊടുക്കേണ്ട പ്രതിഫലം. നമ്മുടെ അലസതയാണ് ജനാധിപത്യത്തെ റദ്ദാക്കി ഫാഷിസത്തിന് കളമൊരുക്കുക.
രാജ്യദ്രോഹനിയമവും അതിലെ ഭരണഘടനാവിരുദ്ധതയും ഒരു പുതിയ കാര്യമല്ല. 124 എ വകുപ്പ്, രാജ്യദ്രോഹം, നിലവില്‍ വന്ന കാലം മുതല്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ആ വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് നീണ്ട വാദങ്ങളും പ്രക്രിയകളും സഹിതം സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ നെടുംതൂണുകളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യദ്രോഹനിയമം എങ്ങനെയെല്ലാം അട്ടിമറിക്കുന്നു എന്ന എണ്ണം വാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. നാടകീയമായ ഭരണകൂട നീക്കങ്ങള്‍ പിന്നാലെ വരികയും ചെയ്തു. അതിനാലാണ് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം എന്നതുപോലെ നാം സൂക്ഷ്മമായി പിന്തുടരേണ്ട ഒന്നാണ് ഈ ജുഡീഷ്യല്‍ പ്രക്രിയ എന്ന് ആമുഖമായി പറഞ്ഞത്.
കാണാച്ചരടുകളുടെ കൂത്തരങ്ങായിരുന്നു കൊളോണിയലിസം. അത് കോളനി രാജ്യങ്ങളെ സാമ്പത്തികമായി ചണ്ടിയാക്കുക മാത്രമല്ല, സാംസ്‌കാരികമായി ദരിദ്രമാക്കുകയും ഭാവിയിലേക്കുള്ള തകര്‍ച്ചകള്‍ പലമട്ടില്‍ ഉറപ്പാക്കുകയും ചെയ്തു. വൈറ്റ്‌മെന്‍ ബര്‍ഡന്‍ എന്ന മനുഷ്യവിരുദ്ധ ആശയമായിരുന്നു കൊളോണിയലിസത്തിന്റെ അടിക്കല്ല്. വെളുത്തവന്റെ ബാധ്യത. വെളുപ്പാണ് പരിഷ്‌കൃത മനുഷ്യന്റെ അടയാളമെന്നും അപരിഷ്‌കൃതരായ കറുത്തവരെയും തവിടരെയും ഭരിക്കാന്‍ തങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന ആശയമാണ് കോളനീകരണത്തിന് വെള്ളക്കാര്‍ ചമച്ച ആത്മീയ ന്യായീകരണം. ലോകയുദ്ധങ്ങള്‍ തങ്ങളുടെ പല നിലകളിലുള്ള അടിത്തറകളെ തച്ചുതകര്‍ത്തിട്ടും അവര്‍ക്കുള്ളില്‍ വിളങ്ങിനിന്നിരുന്നത്, പരിധി വരെ ഇപ്പോഴും നിലനില്‍ക്കുന്നത് ഈ വൈറ്റ്‌മെന്‍ ബര്‍ഡന്‍ എന്ന ആശയമാണ്. അതിനാല്‍ത്തന്നെ തങ്ങള്‍ ഭരിച്ചൂറ്റിയ കോളനികളെ അപരിഷ്‌കൃതരായി അവര്‍ തുടര്‍ന്നും കണ്ടു. രണ്ടാം ലോകയുദ്ധമാണല്ലോ കോളനിവാഴ്ചയുടെ അന്ത്യമണി ഉച്ചത്തില്‍ മുഴക്കിയത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ഗാന്ധിയുടെ നേതൃത്വത്തില്‍ തിടംതല്ലുന്ന കാലവുമാണ്. അന്നും ബ്രിട്ടന്റെ നിലപാട് ഇവര്‍ക്ക് ഇമ്മട്ടില്‍ സ്വാതന്ത്ര്യം നല്‍കരുത് എന്നും ഇവര്‍ ബാര്‍ബേറിയന്‍സാണ് എന്നുമായിരുന്നു. സ്വാഭാവികമായും സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്തായിരിക്കണമെന്ന തിട്ടൂരങ്ങള്‍ അവര്‍ പലരൂപത്തില്‍ നല്‍കി. നേരിട്ട് നല്‍കാന്‍ കഴിയാത്തത് ഒളിച്ചുകടത്തി. സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണത്തിലും ഭരണകൂടസ്വഭാവ നിര്‍ണയത്തിലും ബ്രിട്ടൻ സ്വാധീനം ചെലുത്തി. ആ സ്വാധീനത്തിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് രാജ്യദ്രോഹനിയമം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നിഷ്ഠുരമായി അടിച്ചമര്‍ത്താനും ഇന്ത്യന്‍ നേതാക്കളെ ജയിലില്‍ അടയ്ക്കാനും മാത്രമായി കൊണ്ടുവന്ന, ബ്രിട്ടീഷ് മാതൃക പൂര്‍ണമായും പിന്‍പറ്റുന്ന ഒന്നാണ് രാജ്യദ്രോഹ നിയമം. അതിന്റെ അടിത്തറ അങ്ങനെയാണ്. അതായത് നമ്മുടെ രാജ്യം മറ്റൊരു രാജ്യത്താല്‍ ഭരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം അര്‍ഥം ഉത്പാദിപ്പിക്കുന്ന വരികളാണ് സെഡിഷന്‍ നിയമത്തിലേത്. എന്നിട്ടും സ്വതന്ത്രാനന്തര ഇന്ത്യയില്‍ അത് തുടക്കത്തില്‍ ഒളിഞ്ഞും പിന്നീട് തെളിഞ്ഞും നിലനിന്നു എന്നത്, സ്വതന്ത്ര ഇന്ത്യ പേറുന്ന കൊളോണിയല്‍ അഴുക്കിന്റെ ബാക്കിപത്രമാണ്. അതാകട്ടെ സ്വാഭാവികമായി, നിഷ്‌കളങ്കമായി സംഭവിച്ച ഒന്നല്ല. മറിച്ച് ഇന്ത്യന്‍ വ്യവസ്ഥയുടെ നിര്‍മിതിയില്‍ നേരിട്ടും അല്ലാതെയും ഇടപെട്ട ബ്രിട്ടന്റെ സംഭാവനയാണ്.
ഇന്ത്യയില്‍ ബ്രിട്ടീഷ് കോളനിഭരണം അതിന്റെ പ്രതാപം തുടങ്ങിയ 1830 കളിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ തയാറാക്കല്‍ ആരംഭിക്കുന്നത്. മെക്കാളെ കരട് എന്ന് ചരിത്രത്തില്‍ 1837-ല്‍ തോമസ് ബബിംഗ്ടണ്‍ മെക്കാളെ ക്രോഡീകരിച്ച ഇന്ത്യന്‍ പീനല്‍ കോഡിന്റെ 113-ാം വകുപ്പായി രാജ്യദ്രോഹനിയമം എഴുതിച്ചേര്‍ക്കപ്പെട്ടു. അദ്ഭുതകരമായ വസ്തുത 1860-ല്‍ ഇന്ത്യന്‍ ശിക്ഷാനിയമം ഒരു സമ്പൂര്‍ണ നിയമസംഹിതയായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതില്‍ രാജ്യദ്രോഹ നിയമം ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ്. അതിന്റെ കാരണം ഇപ്പോള്‍ അജ്ഞാതമല്ല. സമ്പൂര്‍ണ വിധേയത്വത്തിന്റെ നാളുകളായിരുന്നു അത്. പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടതുമായിരുന്നു. അവ പ്രധാനമായും കാര്‍ഷിക പ്രതിരോധങ്ങളുമായിരുന്നു. അതെല്ലാമാകട്ടെ ഇന്ത്യന്‍ ഭൂവുടമകളുടെ, മേല്‍ത്തട്ട് പ്രഭുക്കളുടെ കൈമെയ് മറന്നുള്ള ഒത്താശയോടെ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. തങ്ങളുടെ ഭരണത്തിനെതിരായ ചെറുവിരല്‍ പോലും അനങ്ങാത്ത ഒരിടത്ത് രാജ്യദ്രോഹ നിയമത്തിന് എന്തു പ്രസക്തി? സാമൂഹിക അസമത്വത്തിന്റെയും നാട്ടുപ്രഭുക്കളുടെ, ജാതിമേലാളരുടെ ക്രൂരപീഡനങ്ങൾക്കും ഇരകളായിരുന്ന അക്കാലത്തെ ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനോ അവരുടെ ഭരണമോ വാസ്തവത്തില്‍ ഒരു പ്രശ്‌നമായിരുന്നില്ല. തങ്ങളുടെ സര്‍ക്കാരിനെതിരായ വിമര്‍ശനത്തെയാണ് ബ്രിട്ടൻ രാജ്യദ്രോഹ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ആ സ്ഥിതി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരില്‍ ഇന്ത്യന്‍ സ്വത്വത്തിന്റെ ആദ്യ സമരപ്രകാശനമായിരുന്നു 1857-ലെ വിപ്ലവം. അത് അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഉണര്‍ച്ചാപഠനങ്ങളില്‍ വളരെ മുന്നേറിയിരുന്ന പാശ്ചാത്യ ചിന്തകര്‍ക്ക് ആ സമരം ഉള്‍വഹിക്കുന്ന കോളനിവിരുദ്ധതയെ, സ്വാതന്ത്ര്യവാഞ്ഛയെ തിരിച്ചറിയാന്‍ പ്രയാസമില്ലായിരുന്നു. ആ സമരത്തിലേക്ക് നയിച്ച ദേശ-മത ബോധങ്ങള്‍ പടര്‍ന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ പല രൂപങ്ങളില്‍ ഉണ്ടായേക്കും എന്ന് അവര്‍ ഭയന്നു. അതോടെയാണ് കോളനിവാസികളെ അവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വിലക്കുക എന്ന ആവശ്യം ഉയര്‍ന്നത്. അതോടെ പരണത്ത് വെച്ചിരുന്ന മെക്കാളെ ഡ്രാഫ്റ്റ് പുറത്തെടുത്തു. 1870 നവംബര്‍ 25-ന് ഇന്ത്യന്‍ പീനല്‍ കോഡിന്റെ 124 എ വകുപ്പായി രാജ്യദ്രോഹനിയമം ചേര്‍ക്കപ്പെട്ടു.
നിയമം വന്ന് 21 കൊല്ലം കഴിഞ്ഞാണ് അതിന്റെ ആദ്യ നടപ്പാക്കല്‍ സംഭവിച്ചത്-1891ല്‍. ബംഗോബാസി കേസ് എന്ന് നിയമചരിത്രം. ബംഗോബാസി കല്‍ക്കത്തയില്‍ നിന്ന് അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ഒരു പ്രസിദ്ധീകരണമാണ്. ബാലവിവാഹം തടയുന്നതുമായി ബന്ധപ്പെട്ട്, സമ്മതത്തിനുള്ള പ്രായം സംബന്ധിച്ച് ബ്രിട്ടൻ കൊണ്ടുവന്ന നിയമത്തിനെതിരില്‍ ജോഗേന്ദ്ര ചന്ദര്‍ ബോസിന്റെ ഒരു ലേഖനം ബംഗോബാസിയില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തേയും ജീവിതരീതികളേയും പരിഗണിക്കാതെ, പാശ്ചാത്യവും ബ്രിട്ടീഷ് കേന്ദ്രീകൃതവുമായ സങ്കല്‍പനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ വിവാഹപ്രായം ഇമ്മട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്നതായിരുന്നു ലേഖനത്തിലെ വാദം. ബ്രിട്ടൻ പ്രകോപിതമായി. തങ്ങളുടെ ഭരണകൂടത്തിനെതിരെ ഇതാ ഒരു വിമര്‍ശനം. “Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government established by law in India, shall be punished with imprisonment for life, to which a fine may be added; or, with imprisonment which may extend to three years, to which a fine may be added; or, with fine.’ എന്നാണല്ലോ നിയമം. രാജ്യദ്രോഹം ചുമത്തി കേസെടുത്തു. ഹിന്ദുക്കളുടെ ആചാരങ്ങളില്‍ വിശ്വാസികളല്ലാത്ത ബ്രിട്ടീഷുകാര്‍ക്ക് എന്തുകാര്യം എന്നായിരുന്നു ചോദ്യം. ചന്ദര്‍ ബോസ് ശിക്ഷിക്കപ്പെട്ടു. ശ്രദ്ധിക്കുക, കൊളോണിയല്‍ നിയമത്തിന്റെ ആദ്യ ഇര ഒരു പത്രാധിപരായിരുന്നു. പിന്നീട് നിയമത്തിന്റെ നിര്‍ബാധ പ്രയോഗങ്ങള്‍ നടന്നു. ബാലഗംഗാധര തിലകന്‍ 1897-ലും 1908-ലും ശിക്ഷിക്കപ്പെട്ടു. തിലകന്റെ സ്വന്തം മാസികയായിരുന്ന കേസരിയില്‍ (ഇപ്പോള്‍ മലയാളിക്ക് പരിചയമുള്ള ആ കേസരിയല്ല, ആ കേസരിയുമായി ഒരു ബന്ധവുമില്ല) എഴുതിയ ലേഖനം ബ്രിട്ടന് പിടിച്ചില്ല. കേസെടുത്തു. ജയിലില്‍ അടച്ചു. 1908-ല്‍ തിലകനെ പിന്നെയും പിടികൂടി. സാക്ഷാല്‍ മുഹമ്മദലി ജിന്നയാണ് ബാലഗംഗാധര തിലകനുവേണ്ടി കോടതിയില്‍ ഹാജരായത്. കാര്യമുണ്ടായില്ല. ബ്രിട്ടന്റെ കോടതി, ബ്രിട്ടൻ എടുത്ത കേസ്. തിലകന്‍ വീണ്ടും ശിക്ഷിക്കപ്പെട്ടു.
1922-ല്‍ വിഖ്യാതമായ നിസ്സഹകരണപ്രസ്ഥാനത്തിന്റെ കാലത്ത് നിയമം ഗാന്ധിയെ പിടികൂടി. ഇത്തവണ യംഗ് ഇന്ത്യയില്‍ മഹാത്മാ ഗാന്ധി എഴുതിയ ലേഖനമാണ് പ്രകോപനം. വിചാരണ തുടങ്ങി. ബ്രൂംസ് ഫീല്‍ഡായിരുന്നു ജഡ്ജി. “”ദേശസ്‌നേഹം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോ നിയമത്താല്‍ ഉത്തേജിക്കപ്പെടുന്നതോ അല്ല. ഒരാളോട് എനിക്ക് വിയോജിപ്പുണ്ടെങ്കില്‍, അതിനുള്ള കാരണം ഞാന്‍ വ്യക്തമാക്കുന്നത് എന്റെ അഭിപ്രായത്തിലൂടെയാണ്. എന്റെ അഭിപ്രായം ഒരു ഹിംസയ്ക്കോ ആക്രമണത്തിനോ ആഹ്വാനം നല്‍കുന്നില്ലായെങ്കില്‍ അതെങ്ങനെ കുറ്റകരമാകും” എന്നായിരുന്നു ഗാന്ധിയുടെ വാദം. കോടതി ഗാന്ധിജിയെയും ശിക്ഷിച്ചു.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നിയമത്തെക്കാട്ടി നിര്‍വീര്യമാക്കാന്‍ കൊണ്ടുവന്ന ഒരു പദ്ധതിയാണ് രാജ്യദ്രോഹനിയമം. അതിനാല്‍തന്നെ ഇന്ത്യൻ ഭരണഘടനയില്‍ ഈ വകുപ്പില്ല. ഭരണഘടനാ നിര്‍മാണ സഭ ദീര്‍ഘമായി ചര്‍ച്ച ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ സത്തകളില്‍ ഒന്നായ ആര്‍ട്ടിക്കിള്‍ 19-നെ, അഭിപ്രായസ്വാതന്ത്ര്യത്തെ റദ്ദാക്കുന്നതാണ് രാജ്യദ്രോഹനിയമം എന്ന് ഭരണഘടനാശില്പികള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഭരണഘടനയില്‍ ഇല്ലാത്ത പ്രസ്തുത സംഗതി ഐ പി സിയുടെ ഭാഗമായി തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം വന്ന സര്‍ക്കാരുകള്‍ പൊതുവേ ജനാധിപത്യത്തിനും പൗരാവകാശത്തിനും വലിയ പ്രാധാന്യം കൊടുത്തുപോന്നതിനാല്‍ നിയമം പ്രയോഗിക്കപ്പെടുകയോ ചര്‍ച്ചയാവുകയോ ചെയ്തില്ല. 1973-ല്‍ പില്‍ക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിലെ ആദ്യ ഗ്രഹണം എന്ന് രേഖപ്പെടുത്തിയ ഇന്ദിരാ റെജിമെന്റ് ഈ നിയമത്തെ പുറത്തെടുത്തു. നിയമത്തില്‍ ഗുരുതരമായ ഭേദഗതിയും വരുത്തി. കോഗ്‌നിസിബ്ള്‍ കുറ്റകൃത്യത്തിന്റെ പട്ടികയില്‍പെടുത്തി. പൊലീസിന് പിടിച്ച് അകത്തിടാവുന്ന കുറ്റം എന്നര്‍ഥം.
ഇപ്പോള്‍ ഈ കൊളോണിയല്‍ ഭീകരാവശിഷ്ടത്തെ കുഴിച്ചുമൂടാന്‍ കച്ചകെട്ടിയ സുപ്രീം കോടതി 1962-ല്‍ നടത്തിയ ഒരിടപെടല്‍ പക്ഷേ, ഈ നിയമത്തെ കൂടുതല്‍ അപകടകാരിയാക്കി എന്നതും മറക്കരുത്. കേദാര്‍നാഥ് കേസ് എന്ന പേരില്‍ ഇന്നും ഉദ്ധരിക്കപ്പെടുന്ന ഒന്നാണത്. വിശദവായനക്ക്: Kedar Nath Singh vs State Of Bihar on 20 January, 1962, https://indiankanoon.org/doc/111867/. ഇങ്ങനെയെല്ലാമാണ് ചരിത്രം. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന, സുപ്രീംകോടതി നടത്തുന്ന ജുഡീഷ്യല്‍ പ്രക്രിയ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ചൂണ്ടിക്കാട്ടിയത്. അതൊരു തെറ്റുതിരുത്തല്‍ കൂടിയായി മാറിയേക്കാം.
പക്ഷേ, കേസില്‍ ബി ജെ പി ഭരണകൂടം നടത്തിയ കരണംമറിച്ചില്‍ ചെറുതല്ലാത്ത ആശങ്കകൾക്ക് വഴിയുള്ളതാണ്. ഈ മാസം ആദ്യം വരെ കേദാര്‍നാഥ് കേസിലെ സുപ്രീം കോടതി വിധിയില്‍ ഉറച്ചുനില്‍ക്കുകയും ദുരുപയോഗം മുന്‍നിര്‍ത്തി രാജ്യദ്രോഹനിയമം റദ്ദാക്കരുത് എന്ന് വാദിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി. ഈ വകുപ്പിനെ സംബന്ധിച്ച് സുപ്രീം കോടതി വിലപ്പെട്ട സമയം പാഴാക്കരുത് എന്നും തങ്ങള്‍ പാര്‍ലമെന്റ് വഴി വേണ്ടത് ചെയ്യാം എന്നുമായിരുന്നു ആ നിലപാട് മാറ്റം. ഈ വകുപ്പ് ഉപദ്രവകാരിയാണ് എന്ന നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച ഹരജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിബലിനോട്, നെഹ്‌റുവിന് കഴിയാത്തതാണ് ഞങ്ങളിപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നു പോലും പറഞ്ഞു കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍.
വിശ്വസിക്കാമോ? കണക്കുകള്‍ പക്ഷേ, വിശ്വസിക്കാന്‍ സമ്മതിക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പറയുന്നത് കേള്‍ക്കാം. 2014 മുതല്‍, അതായത് ഒന്നാം മോഡി സര്‍ക്കാര്‍ മുതല്‍ രാജ്യദ്രോഹക്കേസുകളില്‍ വന്ന വന്‍ വര്‍ധനയെക്കുറിച്ചാണ്. 2014-ല്‍ 47, 15-ല്‍ 30, 16-ല്‍ 35, 17-ല്‍ 51, 18-ല്‍ 70, 19-ല്‍ 93. പൗരത്വ ഭേദഗതി ഇപ്പോഴും കര്‍മനിരതമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു ആഭ്യന്തരമന്ത്രി അമിത് ഷാ. അപ്പോള്‍ എന്തായിരിക്കും കാണാന്‍ പോകുന്ന ആ കളി? ഒന്നുറപ്പാണ് സുപ്രീം കോടതി ഇപ്പോള്‍പരിഗണിക്കുന്ന ഹരജികള്‍ ഇതേ താളത്തില്‍ വിചാരണ തുടര്‍ന്നാല്‍, രാജ്യദ്രോഹ നിയമം ഐ പി സിയില്‍ നിന്ന് പോകും. ഞങ്ങള്‍ പാര്‍ലമെന്റില്‍ വേണ്ടത് ചെയ്യാം എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം മുഖവിലക്കെടുത്ത് താളം മുറിഞ്ഞാല്‍ ഗതിമാറും. 2014-നു ശേഷം പാര്‍ലമെന്റില്‍ സംഭവിക്കുന്നത് നമുക്ക് അറിയാത്ത കാര്യങ്ങളല്ല. കാത്തിരിക്കുക, കാണുക.
കെ കെ ജോഷി
You must be logged in to post a comment Login