കഴിഞ്ഞ ഋതുവിൽ ഏതോ വയൽക്കിളി കാട്ടുവഴിയിലുപേക്ഷിച്ചു പോയ പാട്ട് ഇന്ന് മുളച്ചൊരു വസന്തമായിരിക്കുന്നു. ഒരു വിദ്യാർഥിപ്രസ്ഥാനം ആശയങ്ങളുടെ ആഴം കൊണ്ട് അതിരുകൾ കടന്ന് വിജയഭേരി മുഴക്കുന്ന അസുലഭ മുഹൂർത്തമാണിത്. എസ് എസ് എഫ് അൻപതാം പിറന്നാൾ ആഘോഷിച്ചത് ഒരേ സമയം രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ മഹാസംഗമങ്ങൾ സംഘടിപ്പിച്ചാണ്.
ഒരു തക്കാളിപ്പെട്ടിയിൽ നിന്ന് തുടങ്ങി രാജ്യാതിർത്തികൾ കടന്നും എസ് എസ് എഫ് വ്യാപിച്ച കഥ; അതൊരു വല്ലാത്ത കഥയാണ്.
സംഘടനയുടെ ആദ്യ സംസ്ഥാന കമ്മിറ്റി ഓഫീസെന്ന് പറയാനുണ്ടായിരുന്നത് ഒരു തക്കാളിപ്പെട്ടിയായിരുന്നു. അടിസ്ഥാനരേഖകൾ മാത്രം സൂക്ഷിക്കാൻ കയ്യിലുള്ള ഒരു വിദ്യാർഥികൂട്ടായ്മക്ക് അത് തന്നെ ധാരാളമായിരുന്നു. ലളിതമായ ആ തുടക്കത്തിൽ നിന്നാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള മഹാശക്തിയായി സംഘടന വളർന്നത്. അതിന്റെ ആ ഘോഷമായിരുന്നു എൻഹാൻസ് ഇന്ത്യ കോൺഫറൻസെന്ന പേരിൽ സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനങ്ങൾ. മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അടക്കം പലരും വ്യാപനത്തിനായി പരിശ്രമിച്ച് പത്തിമടക്കി പേരിൽ മാത്രം ദേശീയം പ്രദർശിപ്പിക്കുന്ന കാലത്താണ് എസ് എസ് എഫ് അതിർത്തികൾ കടന്ന് വിജയപതാക പാറിക്കുന്നത്. ഡൽഹി, ജമ്മു& കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, ആസാം, ത്രിപുര, മണിപ്പൂർ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗോവ, കർണാടക, തമിഴ്നാട്, ആൻഡമാൻ& നിക്കോബാർ, കേരളം എന്നീ സ്ഥലങ്ങളിലാണ് എൻഹാൻസ് ഇന്ത്യ കോൺഫറൻസ് നടന്നത്. ഇന്ത്യൻ മുസ്‌ലിംകൾക്ക് പ്രതീക്ഷകളുടെ പുതിയ സൂര്യോദയം സമ്മാനിക്കുന്നതാണ് എസ് എസ് എഫിന്റെ ദേശീയ വളർച്ച. ഭാഷ, സംസ്കാരം തുടങ്ങിയവയിലെ വൈവിധ്യം, ഭൗതികവിഭവങ്ങളുടെ അപര്യാപ്തത തുടങ്ങി പല പ്രാതികൂല്യങ്ങളെയും മറികടന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാർഥി സംഘടനയായി എസ് എസ് എഫ് ജ്വലിച്ചുനിൽക്കുന്നത്. കലാലയങ്ങൾ, കവലകൾ, നഗരങ്ങൾ, സർവകലാശാലകൾ എല്ലായിടത്തും ഇന്ന് ഹരിത ധവള നീലിമ പതാക പാറുന്നുണ്ട്. കേരളീയ മുസ്‌ലിം പരിസരത്ത് രൂപപ്പെട്ട ഒരു സംഘടന ഇന്ത്യയുടെ സാംസ്കാരിക വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടുന്നതിന്റെ, വിദ്യാർഥിശാക്തീകരണത്തിന്റെ നെടുനായകത്വം വഹിക്കുന്നതിന്റെ വിളംബര ഘോഷമായിരുന്നു എൻഹാൻസ് ഇന്ത്യ കോൺഫറൻസുകൾ.
മുസ്്ലിംകളുടെ സംരക്ഷണത്തിന്റെ കുത്തക തങ്ങളുടെ കൈയിലാണെന്ന് അവകാശപ്പെടുന്ന അതിവൈകാരിക സംഘങ്ങൾ സമുദായത്തിന് ആകെ നൽകുന്നത് അരക്ഷിതത്വമാണ്. സമുദായത്തിന്റെ ആത്മധൈര്യം നഷ്ടപ്പെടുത്തുന്ന പ്രസ്തുത സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെടുമ്പോൾ കൊഞ്ഞനം കുത്തുകയും “ചേക്കുട്ടി’ ചാപ്പയടിക്കുകയും ചെയ്ത്, സുന്നികൾ എന്തു ചെയ്യുന്നുവെന്ന് അവർ ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം കൂടിയാണ് എസ് എസ് എഫിന്റെ മുന്നേറ്റം. പുതിയ ഇന്ത്യ അത്രയൊന്നും ദൂരത്തല്ല എന്ന ആത്മവിശ്വാസം സമുദായത്തിനത് നൽകുന്നുമുണ്ട്.
കേരളത്തിൽ വിത്ത് പാകിയ സംഘടനയുടെ ശിഖരങ്ങൾ ഇന്ത്യയൊട്ടാകെ തണൽ വിരിക്കുമ്പോൾ മാതൃസംസ്ഥാനത്തിന് അത് അഭിമാനനിമിഷമാണ്. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഇന്നലെകളുടെ സൗരഭ്യത്തിലാണല്ലോ കേരളത്തിലെ എസ് എസ് എഫ് അൻപതിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് സംസ്ഥാനത്തെ എൻഹാൻസ് ഇന്ത്യ കോൺഫറൻസിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. പൊതുസമ്മേളനം നടന്ന ആലപ്പുഴയിലെ ഇ എം എസ് സ്റ്റേഡിയത്തിലേക്ക് സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങൾ അതിന് അടിവരയിടുന്നു. റാലിയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ജില്ലകൾക്ക് നിശ്ചയിച്ച ബാനറുകൾക്കുകീഴിൽ പ്രവർത്തകർ പ്രത്യേകം പ്രത്യേകം അണിനിരക്കുകയായിരുന്നു. വലിയ ചുടുകാടിന് സമീപത്തു നിന്നും, കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നുമായി രണ്ട് ജാഥകളായാണ് വിദ്യാർഥിറാലി ആരംഭിച്ചത്. സംസ്ഥാന നേതാക്കൾ നേതൃത്വം നൽകിയ പ്രകടനം ചരിത്രമുറങ്ങുന്ന കിഴക്കിന്റെ വെനീസിന്റെ വീഥികളിലൂടെ സഞ്ചരിച്ചാണ് മഹാസമ്മേളന നഗരിയിൽ സമാപിച്ചത്. റാലിയുടെ മുൻനിര നഗരിയിലെത്തുമ്പോഴും സ്റ്റാർട്ടിംഗ് പോയന്റിൽ പ്രകടനം തുടങ്ങാൻ കഴിയാതെ പ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു. പൊതുസമ്മേളനം തുടങ്ങി ഏറെ കഴിഞ്ഞാണ് നഗരിയുടെ പരിസരത്ത് പ്രവർത്തകർക്കെത്താൻ കഴിഞ്ഞത്. സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം, നവോത്ഥാനം, രാഷ്ട്രീയം, സമരങ്ങൾ, ലഹരി, തുടങ്ങിയ കാലികപ്രസക്തമായ പ്രമേയത്തിലുള്ള പ്ലോട്ടുകളും ആവിഷ്കാരങ്ങളും പ്രകടനത്തിൽ പ്രദർശിപ്പിച്ചിരുന്നു. വർഗീയ പ്രസ്താവനകളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിദ്വേഷ പ്രചാരകർക്കെതിരായ പ്രതിഷേധമായും സമുദായത്തിനകത്തുള്ള വൈകാരിക സംഘങ്ങൾക്കെതിരായ ശക്തമായ താക്കീതായും വിദ്യാർഥിറാലി മാറി.
“നേരറിവിന്റെ നിലാവെളിച്ചം, മാഞ്ഞുപോകും കാലത്ത്, അപരനെ കാണാനുള്ളൊരു കണ്ണിൽ, ഇരുട്ടിതാകെ പടരുമ്പോൾ, സ്നേഹച്ചൂട്ടു കൊളുത്തും ഞങ്ങൾ, സഹജീവിക്ക് കാവലിരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. സാമൂഹിക തിന്മകൾക്കെതിരെയുള്ള മുന്നറിയിപ്പും വിദ്യാർഥിത്വത്തിന്റെ ഉയിർപ്പും മുദ്രാവാക്യങ്ങളിലിടം പിടിച്ചു.
ആൾക്കൂട്ടങ്ങളെ അണിനിരത്തി ശാക്തികബലം പ്രദർശിപ്പിക്കാനല്ല എസ് എസ് എഫ് സമ്മേളനങ്ങൾ നടത്താറുള്ളത്. ആദർശസമൂഹത്തിന് ദിശാബോധം നൽകാനും, ഭാവിക്കു വേണ്ടിയുള്ള ഊർജം ഉല്പാദിപ്പിക്കാനും, സമകാലത്തോട് സംവദിക്കാനുമാണ്. അതിനനുസൃതമാംവിധമാണ് അജണ്ടകൾ ക്രമീകരിച്ചിരുന്നത്.
പൊതുസമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെയാണ് സമുദായത്തിന്റെ സാരഥിയെ സദസ്സ് വരവേറ്റത്. കേരളത്തിൽ നടക്കുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ അവജ്ഞയോടെ മതേതര കേരളം തള്ളിക്കളയുമെന്ന് കാന്തപുരം പറഞ്ഞു. എസ് എസ് എഫിന്റെ അൻപതാം വാർഷിക സമ്മേളനത്തിന്റെ പ്രമേയം, തീയതി, സ്ഥലം എന്നിവ ഉസ്താദ് പ്രഖ്യാപിച്ചു. ലോഗോ പ്രകാശനവും നടന്നു. കണ്ഠം പൊട്ടി വിളിച്ച വിപ്ലവ മുദ്രാവാക്യങ്ങളോടെയാണ് സദസ്സ് പ്രഖ്യാപനത്തെ ഏറ്റെടുത്തത്.
മുഖ്യപ്രഭാഷണം നടത്തിയ പേരോട് അബ്ദുർ റഹ്മാൻ സഖാഫി വൈകാരിക രാഷ്ട്രീയത്തിന്റെ അപചയങ്ങളെയും അബദ്ധങ്ങളെയും പ്രമാണങ്ങളുടെ പിൻബലത്തോടെ ബോധ്യപ്പെടുത്തി.
ഭാവിക്കുവേണ്ടി സംഘടന സമർപ്പിക്കുന്ന പദ്ധതികളും ആശയങ്ങളും സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫറും പ്രസിഡണ്ട് നിസാമുദ്ദീൻ ഫാളിലിയും അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലം കൊണ്ട് സംഘടന സാധിച്ച വിപ്ലവങ്ങൾ കൊത്തിയെടുത്ത സമരശില്‌പമെന്ന് പേരിട്ട ദൃശ്യ-ശ്രാവ്യാവിഷ്കാരത്തോടെ ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം സംഘടനാചരിത്രത്തിൽ പുതിയ ചിത്രം തുന്നിച്ചേർത്തു. പുലരാനുള്ള സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുളള പ്രതിജ്ഞയുമായാണ് പ്രവർത്തകർ ആലപ്പുഴയിൽ നിന്ന് മടങ്ങിയത്. ഇന്നലെകളുടെ പകലന്തികൾ കർമ സാക്ഷ്യത്തിന്റെ സുവർണാടയാളങ്ങളായി അവർക്കു മുമ്പിൽ തെളിഞ്ഞു നിൽപ്പുണ്ടല്ലോ.
കെ ബി ബഷീർ
You must be logged in to post a comment Login