അധിനിവേശ വെസ്റ്റ് ബാങ്കിന് വടക്കുഭാഗത്തുള്ള ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ റെയ്ഡ് റിപ്പോർട്ടു ചെയ്യുന്നതിനിടെ മെയ് 11 ന് ഫലസ്തീനിയൻ പത്രപ്രവർത്തക ഷിറീൻ അബു അഖ്്ലേ വെടിയേറ്റു കൊല്ലപ്പെട്ടു. മരണ വാർത്തയറിഞ്ഞ് അധിനിവേശ കിഴക്കൻ ജറുസലേമിലെ കുടുംബ വസതിയിൽ ആളുകൾ ഒത്തുകൂടി. ആദരാഞ്ജലികൾ അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തി. അന്നേരം ഷിറീന്റെ കുടുംബം ഫലസ്തീൻ പതാകകളും മുതിർന്ന അൽജസീറ പത്രപ്രവർത്തകന്റെ ഫോട്ടോകളും കൊണ്ട് പ്രവേശന കവാടം അലങ്കരിച്ചിരുന്നു. ഷിറീന്റെ കൂട്ടുകാർ ഫലസ്തീനിയൻ ദേശീയവാദ പാട്ടുകൾ ആലപിച്ചു കൊണ്ടിരിന്നു.
മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി. പതാകകൾ അഴിച്ചുമാറ്റണമെന്നും പാട്ടുകളും മുദ്രാവാക്യങ്ങളും നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ജറുസലേമിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട പത്രപ്രവര്‍ത്തകയോട് വിടപറയാന്‍ തടിച്ചുകൂടിയപ്പോള്‍, ഡസന്‍ കണക്കിന് ഇസ്രായേലി പൊലീസുകാരുമുണ്ടായിരുന്നു. സംസ്‌കാര ഘോഷയാത്രക്കിടെ പൊലീസ് അക്രമമുണ്ടായി. ഫലസ്തീന്‍ പതാക പൊതിഞ്ഞ ശവപ്പെട്ടി നിലത്ത് വീഴാതിരിക്കാന്‍ പാടുപെടുന്നവരെയാണ് പൊലീസ് ലക്ഷ്യമിട്ടത്.
പൊലീസ് അവരെ ചവിട്ടി. മരംകൊണ്ടുള്ള ബാറ്റണുകൾ കൊണ്ട് അടിച്ചു. റബ്ബർ ബുള്ളറ്റുകൾ തൊടുത്തുവിട്ടു. അക്രമങ്ങളിൽ പക്ഷേ, അവർ പതറിയില്ല. ഷിറീന്റെ ഭൗതിക ശരീരം നിലത്തു വീഴാൻ അവരനുവദിച്ചില്ല. അതവരുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി മാറിയിരുന്നു. ഷിറീന്റെ പെട്ടി വീണാൽ നമ്മളും വീണു എന്നാണവർ മനസിലാക്കിയിരുന്നത്. ഈ അടുത്ത കാലത്തൊന്നും ഉണ്ടാവാത്ത തരത്തിലുള്ള അക്രമങ്ങളാണുണ്ടായതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
സംസ്‌കാര ചടങ്ങിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് കാരണം ഫലസ്തീനിയന്‍ പതാകയും ഷിറീന്റെ ഫലസ്തീൻ ഐഡന്റിറ്റിയുമാണ്. ഇസ്രയേല്‍ അധികാരികള്‍ ഫലസ്തീന്‍ പതാകയെ ഭയപ്പെടുന്നു. കാരണം, അത് ഫലസ്തീനികളുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നു. ഷിറീനും അവളുടെ ജീവിതവും മരണവും ഫലസ്തീൻ ഐഡന്റിറ്റിയെ പ്രതിനിധീകരിച്ച പോലെ. പൊലീസ് അക്രമത്തിനിടെ തലക്കടിയേറ്റ 18 വയസ്സുള്ള ഫാദിയുടെ തലയിൽ നിരവധി തുന്നലുകളുണ്ടായിരുന്നു.
ഫലസ്തീന്‍ പതാക താഴെയിറക്കാന്‍ കൂട്ടക്കൊല നടത്താന്‍ പോലും ഇസ്രയേൽ തയാറായിരുന്നു. പതാക വീശിയതിന് സ്ത്രീകളെയും കുട്ടികളെയും അവർ മര്‍ദിച്ചു. ഫലസ്തീന്‍ പതാക വീശുന്നത് തടയാനും സംസ്‌കാര ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച പതാകകള്‍ കണ്ടുകെട്ടാനും ജറുസലേം പൊലീസ് മേധാവി തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായ അടിച്ചമര്‍ത്തല്‍
കഴിഞ്ഞ മാസം അല്‍-അഖ്സ മസ്ജിദ് കോമ്പൗണ്ടില്‍ ഉണ്ടായ അക്രമത്തിൽ മരണത്തിനു കീഴടങ്ങിയ ഫലസ്തീന്‍ യുവാവായ വലീദ് അല്‍ശരീഫിന്റെ സംസ്‌കാര ചടങ്ങിലും സമാനമായ ഭയാനകമായ അക്രമ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിലാപ യാത്രയ്ക്കിടെ ഇസ്രയേല്‍ പൊലീസ് ഫലസ്തീന്‍ പതാകകള്‍ പിടിച്ചെടുക്കുകയും ആളുകളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. 70ലധികം ഫലസ്തീനികൾക്ക് പരിക്കേറ്റതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫലസ്തീന്‍ പതാക ഉയർത്തുന്നതും പിടിക്കുന്നതും ഇസ്രയേലില്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് കഴിഞ്ഞ വര്‍ഷം ജറുസലേം മജിസ്ട്രേറ്റ് കോടതി വിധിച്ചിട്ടും ഇസ്രയേല്‍ സേന ഫലസ്തീന്‍ പതാകകള്‍ കണ്ടുകെട്ടുന്നത് തുടരുകയാണ്. കിഴക്കന്‍ ജറുസലേമിലെ അധിനിവേശ പ്രദേശമായ ഷെയ്ഖ് ജറയില്‍ നടന്ന പ്രകടനത്തിനിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തിയതിന് ഒരു പ്രതിഷേധക്കാരനെ അക്രമിക്കുകയും മറ്റ് നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു ശേഷമാണ് പ്രസ്തുത വിധി വന്നത്.
ജറുസലേമില്‍ ഫലസ്തീന്‍ പതാകകള്‍ വീശുമ്പോള്‍ ഫലസ്തീനികൾ അക്രമിക്കപ്പെടുന്ന വാർത്ത സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഫലസ്തീന്‍ പതാകകള്‍ പിടിച്ചെടുക്കാനും അവ ഉയര്‍ത്താന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കാനും ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അല്‍-അഖ്സ മസ്ജിദ് കോമ്പൗണ്ടില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്താന്‍ ഫലസ്തീനികൾക്ക് അനുവാദമില്ല. അതിനു ശ്രമിക്കുന്നവര്‍, അവരുടെ ഐഡന്റിറ്റി മറച്ചുവെക്കാന്‍ എപ്പോഴും ഒരു സ്കാർഫ് മുഖത്ത് ധരിക്കുന്നു. ഇപ്പോൾ ഫലസ്തീന്‍ ഐഡന്റിറ്റിയുടെ മറ്റൊരു പ്രതീകമായി കറുപ്പും വെളുപ്പുമുള്ള ഈ സ്കാർഫ് കണക്കാക്കപ്പെടുന്നു.
ജറുസലേം ഓൾഡ് സിറ്റിയിലെ 52 വയസ്സ് പ്രായമുള്ള ഫലസ്തീനിയൻ വനിത റുഖിയ്യയുടെ പ്രതികരണം നോക്കൂ: “ഫലസ്തീനികളായ ഞങ്ങൾക്ക് ഫലസ്തീനിൽ ഫലസ്തീൻ പതാക ഉയർത്താൻ അവകാശമില്ലത്രെ. പതാക വീശുന്നതിനോട് ഇസ്രയേലിന്റെ അതിരുകടന്ന പ്രതികരണം കാരണം, ഫലസ്തീന്‍ യുവാക്കള്‍ – എന്റെ മക്കള്‍ ഉള്‍പ്പെടെ – എല്ലാ അവസരങ്ങളിലും പതാക ഉയർത്താനാണ് ശ്രമിക്കുന്നത്.’
ഫലസ്തീന്‍ പതാക ഉയര്‍ത്തിയതിന് ജറുസലേമൈറ്റ് പ്രവര്‍ത്തകനും നഗരത്തിലെ ദേശീയ, സിവില്‍ ആക്ഷന്‍ കമ്മിറ്റി അംഗവുമായ അഹ്മദ് സഫാദി പതിവായി ടാർജറ്റ് ചെയ്യപ്പെടുന്നുണ്ട്. തടവിലാക്കുകയും മർദിക്കുകയും ചാരിറ്റി ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും പലപ്പോഴും അടച്ചുപൂട്ടുകയും ചെയ്തതായി സഫാദി സാക്ഷ്യപ്പെടുത്തുന്നു. ഷിറീന്റെയും ശരീഫിന്റെയും സംസ്‌കാര ചടങ്ങുകളില്‍ ഫലസ്തീനിയൻ പതാക വഹിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു. കാരണം, അത് ഫലസ്തീന്‍ സ്വത്വത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഫലസ്തീന്‍ നിറങ്ങള്‍
രണ്ടു പതിറ്റാണ്ടായി ഫലസ്തീനെതിരെ ഇസ്രയേൽ തുടർആക്രമണങ്ങൾ തുടങ്ങിയിട്ട്. ഫലസ്തീനികളെയും സ്ഥാപനങ്ങളെയും നിരന്തരം അക്രമിക്കുന്നു. 2001 ൽ പ്രശസ്ത ഫലസ്തീൻ രാഷ്ട്രീയക്കാരനായ ഫൈസൽ ഹുസൈനിയുടെ സംസ്കാര ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകൾ ഫലസ്തീൻ പതാകയുമായി ഒത്തുകൂടി. ആ സമയത്ത് അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. സംസ്കാര ചടങ്ങുകൾ അവസാനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കിഴക്കൻ ജറുസലേമിലെ ഫലസ്തീൻ രാഷ്ട്രീയ ആസ്ഥാനമായ ഓറിയന്റ് ഹൗസ് ഇസ്രയേൽ അടച്ചുപൂട്ടി. ഫൈസൽ ഹുസൈനിയായിരുന്നു ആ ആസ്ഥാനം സ്ഥാപിച്ചത്.
ഫലസ്തീൻ ഐഡന്റിറ്റിയെ അടിച്ചമർത്തുന്നത് തുടർക്കഥയാവുകയാണ്. 2017 ൽ അന്നത്തെ യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അടിച്ചമർത്തൽ ഉയർന്ന നിലയിലെത്തിയിരിക്കുന്നു. ഫലസ്തീൻ ഐഡന്റിറ്റി, പതാകകൾ, നിറങ്ങൾ ഇവയിലെല്ലാം വലിയ നിയന്ത്രണമാണ് ഈ പ്രഖ്യാപനത്തിലുള്ളതെന്ന് ഊഹിച്ചെടുക്കാനാവും. അന്നുമുതൽ ഫലസ്തീനികളെ പുറത്താക്കാനും അവരുടെ വ്യക്തിത്വം തകർക്കാനുമുള്ള ഊർജിതമായ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഷിറീൻ ഫലസ്തീൻ സ്വത്വത്തിന്റെ പ്രതീകമായിരുന്നു.
ഇസ്രയേലിന്റെ ഈ പ്രവർത്തനങ്ങളെല്ലാം അവർ ഫലസ്തീൻ പതാകയെ എത്രമാത്രം ഭയപ്പെടുന്നു എന്നാണ് കാണിക്കുന്നത്. അടിച്ചമർത്തലിലൂടെയും ബലപ്രയോഗത്തിലൂടെയും ഫലസ്തീൻ ഐഡന്റിറ്റിയെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഇസ്രായേലിന്റെ പരാജയത്തിന്റെ പ്രത്യക്ഷ അടയാളങ്ങളാണെന്ന് ജറൂസലേം ഓൾഡ് സിറ്റിയിലെ ഫത്ഹ് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ നാസർ ക്വോസ് അഭിപ്രായപ്പെടുന്നു.
മിഡിൽ ഈസ്റ്റും നോർത് ആഫ്രിക്കയും ഫോക്കസ് ചെയ്യുന്ന പത്രപ്രവർത്തകയാണ് ലേഖിക.
കടപ്പാട് : അൽജസീറ
വിവ. എബി
You must be logged in to post a comment Login