സാര്‍വത്രിക ശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സാര്‍വത്രിക ശുദ്ധിയിലേക്കുള്ള  തീര്‍ത്ഥാടനം

വളരെ സന്തോഷത്തിലാണ് മനുഷ്യരെ അല്ലാഹു ഹജ്ജിന് ക്ഷണിക്കുന്നത്. ഹജ്ജ് എന്ന പദത്തിലെ ഹാഅ് ഹലീം ആയ സമാധാത്തിന്റെ സ്രോതസായ അല്ലാഹുവിനെ സൂചിപ്പിക്കുന്നു. ജീം അടിമകളെയും. ജരീര്‍ എന്നാല്‍ കുറ്റവാളിയായ അടിമയെന്നാണ് അർഥം. കുറ്റവാളികള്‍ സമാധാന കാംക്ഷിയായ ഉടമസ്ഥനിലേക്ക് ചെയ്യുന്ന യാത്രയാണ് ഹജ്ജ്. വിരുന്നാകുമ്പോഴാണ് നാം ഹജ്ജിന് പോകുന്നത്. നിങ്ങളെ ചോദ്യം ചെയ്യാന്‍ ഒരാള്‍ വിളിക്കുന്നുവെന്ന് പറഞ്ഞാല്‍ പോകുമോ?. എന്നാല്‍ സല്‍കാരത്തിനാണെന്ന് പറഞ്ഞാല്‍ പോകാതിരിക്കില്ല. ഹജ്ജ് ഒരു സല്‍കാരമാണ്. സല്‍കാരത്തിലേക്ക് അല്ലാഹുവിന്റെ അതിഥികളായിട്ടാണ് ക്ഷണം. മനുഷ്യന്റെ ശരീരം, മനസ്, സമ്പത്ത് ഇവ മൂന്നിനെയും ശുദ്ധീകരിക്കുന്നതും സംസ്‌കരിക്കുന്നതുമായ പ്രത്യേക ആരാധനയാണ് ഹജ്ജ്. അതുകൊണ്ടുതന്നെ ഇവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഏതെല്ലാം ഘടകങ്ങള്‍ ഉണ്ടോ അറിയാതെ അവയെയും ഹജ്ജ് ശുദ്ധീകരിക്കുന്നു. ഹജ്ജില്‍ ഒരു സാംസ്‌കാരിക സാമൂഹിക ശുദ്ധീകരണ പ്രക്രിയ അറിയാതെ നടക്കുന്നുണ്ട്.

എന്റെ കുടുംബത്തില്‍ നിന്ന് ഞാന്‍ ഹജ്ജിനു പോകുമ്പോള്‍, ഞാനെന്ന വ്യക്തി മാത്രമല്ല ശുദ്ധീകരിക്കപ്പെടുന്നത്. കുടുംബത്തിലേക്ക് കൂടി ശുദ്ധി പകരുന്നുണ്ട് . ഞാന്‍ സാമ്പത്തികമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഏതെല്ലാം രംഗങ്ങള്‍ ഉണ്ടോ , അവിടെയെല്ലാം അതിന്റെ ഒരു ചലനം സ്വാഭാവികമായും നടക്കും. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണത്തിന്റെ മുഖ്യ ഭാഗമാണ് ഹജ്ജ്. സാമൂഹികപരിവര്‍ത്തനമാണ് ഹജ്ജ് നല്‍കുന്ന പാഠം . ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ഹജ്ജിന്റെ പങ്ക് വലുതാണ് . ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ ഏകദേശം ഒരു മാസക്കാലം മക്കയിലും മദീനയിലും മിനയിലും മുസ്ദലിഫയിലും അറഫയിലും വിശ്വാസത്തിന്റെ ഭാഗമായി ഒരുമിച്ചു കൂടുകയാണ് . ഇവിടെ സംഗമിക്കുന്ന ഓരോ മനുഷ്യരിലും അവാച്യമയ ശുദ്ധീകരണ പ്രക്രിയ സംഭവിക്കുന്നു. ആ മനുഷ്യരിലൂടെ ലോകത്തെ പരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് ഹജ്ജ്. വ്യക്തിയാണല്ലോ കുടുംബവും സമൂഹവും ആകുന്നത് . അവരില്‍ ഉണ്ടാവുന്ന മാറ്റം ലോകത്തിന് മുഴുവന്‍ കൈമാറുന്നു .

കൊവിഡ് കാലത്ത് മദീനയുടെയും കഅ്ബാ ശരീഫിന്റെയും വാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ കരയാത്ത ഹൃദയങ്ങളില്ല. 40 വര്‍ഷമായി കുടുംബസമേതം ഉംറക്ക് പോകുന്ന എന്റെ ഒരു അറബി സുഹൃത്തിനെ കണ്ടപ്പോള്‍ അദ്ദേഹം കരയുകയാണ്. കാരണമന്വേഷിച്ചപ്പോള്‍ രണ്ടുവര്‍ഷമായി ഉംറക്ക് പോകാന്‍ പറ്റാത്തതിന്റെ വിഷമമാണ്. ഇത് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല .
ഓരോ വിശ്വാസിക്കും ഓരോ തരത്തിലാണ് അതിന്റെ സങ്കടങ്ങള്‍. ഹലാലായത് ഹജ്ജിന് വേണ്ടി ഉപയോഗിക്കണമെന്ന നിശ്ചയത്തോടെ കിട്ടുന്ന ചെറിയ സംഖ്യകള്‍ ശേഖരിച്ച് 15 വര്‍ഷമായി ഹജ്ജിന് തയാറായി വരികയായിരുന്ന പരിചയക്കാരനുണ്ടായിരുന്നു. കൊവിഡിന് തൊട്ടു മുമ്പ് മൂന്നു ലക്ഷം രൂപയായിരുന്നു ഹജ്ജ് യാത്രയ്ക്ക് ആവശ്യമായിരുന്നത് . ഇങ്ങനെ ശേഖരിച്ച തുക മൂന്നു ലക്ഷം ആയപ്പോള്‍ ഹജ്ജിനു പോകാമെന്നായി. ഇതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് കൊവിഡ് മഹാമാരി ഇടിത്തീയായി കടന്നുവരുന്നത്. രണ്ടുവര്‍ഷം ഹജ്ജ് യാത്ര നിലച്ചതോടെ അദ്ദേഹത്തിന്റെ കാലങ്ങളായുള്ള സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല . ഇപ്പോള്‍ അദ്ദേഹത്തിന് പോകണമെങ്കില്‍ അതിന്റെ ഇരട്ടി തുക നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോവാന്‍ നാലു ലക്ഷം രൂപ വേണം . ഇനിയെന്ന് പോകാന്‍ കഴിയും എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കുകയാണിപ്പോഴും. സ്വന്തമായി അധ്വാനിച്ച് അതില്‍ നൂറു ശതമാനം ഹലാല്‍ ആണ് എന്നുറപ്പുള്ളതുമാത്രം എടുത്തുവെച്ച് കാത്തിരിക്കുന്നതിനിടയിലാണ് പ്രതീക്ഷകളെ തകിടം മറിച്ച് കൊവിഡെത്തിയത്. അദ്ദേഹത്തിന്റെ സങ്കടത്തിനും കണ്ണീരിനും കണക്കില്ല.

ഇരുപത്തിയഞ്ചു വര്‍ഷമായി റമളാനില്‍ ഉംറക്ക് പോകുന്ന ഒരാളെ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ പരിചയപ്പെടുത്തുകയുണ്ടായി. ഏറെ സന്തോഷം തോന്നി ഇതുകേട്ടപ്പോള്‍ . എന്നാല്‍ പിന്നീടാണ് അറിഞ്ഞത് റമളാനില്‍ നാട്ടില്‍ കഴിഞ്ഞാല്‍ 2 ലക്ഷം രൂപ എങ്കിലും ചെലവ് വരുമെന്നും ഉംറക്ക് പോയാല്‍ 75000 രൂപ മാത്രമേ ചെലവാകൂയെന്നും കരുതിയാണ് അയാള്‍ ഉംറക്ക് പോകുന്നതെന്ന്. അയാളുടെ ഉദ്ദേശ്യശുദ്ധി ശരിയല്ല. അയാള്‍ ആ ഉദ്ദേശ്യത്തില്‍ ചെയ്ത ഉംറക്ക് ഫലമില്ല. മൂസാ നബി (അ) ഒരു വഴിക്കു നടന്നുപോകുമ്പോള്‍ വഴിയരികിലിരുന്ന് ഒരാള്‍ കരഞ്ഞു പ്രാർഥിക്കുന്നുണ്ട് . അയാളുടെ സങ്കടം കണ്ട മൂസാനബി, എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഇയാളുടെ ആവശ്യം നിറവേറ്റി കൊടുക്കാമായിരുന്നു, അത്രയ്ക്ക് സങ്കടമുണ്ട് അദ്ദേഹത്തിന് എന്ന് പറയുകയുണ്ടായി. അപ്പോൾ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: മൂസാനബിയേ, അയാള്‍ എത്ര കരഞ്ഞാലും അല്ലാഹുവില്‍ നിന്നു ഒന്നും ലഭിക്കില്ല. വഴിയോരത്തുകൂടെ പോകുന്നവരില്‍ നിന്ന് ചില്ലിക്കാശ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുകൊണ്ടുള്ള കരച്ചിലാണത്. ഹൃദയത്തില്‍ അല്ലാഹു എന്നത് അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടില്ല. കുറേ ചെയ്യുക എന്നതിനെക്കാള്‍ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ചെയ്യുക എന്നതിലൂടെ വലിയ പരിവര്‍ത്തനം സാധ്യമാകും .

മനസറിഞ്ഞ് ഇറ്റിവീഴുന്ന കണ്ണുനീര്‍ ഹജ്ജ് കാലത്ത് നമുക്ക് കാണാനാകും. കൊവിഡ് കാലത്ത് രണ്ടു വര്‍ഷത്തെ ഹജ്ജിന് തടസമുണ്ടായി. വര്‍ഷത്തില്‍ ആവര്‍ത്തിച്ചു വരുന്ന രണ്ടു പ്രധാന ദിവസങ്ങളില്‍ ഒന്ന് റമളാനിലെ ലൈലത്തുല്‍ ഖദ്റും മറ്റൊന്ന് ഹജ്ജിലെ അറഫയുമാണ്. ഈ രണ്ട് രാത്രികളിലും മലക്കുകളും മനുഷ്യരും ചേര്‍ന്ന കണ്ണീരിന്റെ മഴയാണ് . കൊവിഡ് കാലത്ത് ഹറമുകളും നമ്മുടെ പള്ളികളും അടച്ചിടേണ്ടി വന്നു. അതിന്റെ കഷ്ടനഷ്ടങ്ങള്‍ എണ്ണിത്തീര്‍ക്കാനാകില്ല. അത്രയധികമാണത്. ഒറ്റയ്ക്കുള്ള പ്രാര്‍ഥനക്ക് ഒരു പരിധിയുണ്ട് . എന്നാല്‍ അറഫ മനുഷ്യ സാഗരമാണ്. അവിടെ ഒരു കൂട്ടക്കരച്ചിലാണ്. ആ കണ്ണീര്‍ പ്രവാഹത്തില്‍ ഒലിച്ചു പോവുകയാണ് മനുഷ്യന്റെ പാപങ്ങള്‍ .

ഒരാളാണു അറഫയില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നത് എങ്കിലും അദ്ദേഹത്തോട് ബന്ധപ്പെട്ടവരെല്ലാം ആ പ്രാർഥനയില്‍ പങ്കാളികളാകുന്നുണ്ട്. മനുഷ്യനെ സംസ്‌കരിച്ച് ശുദ്ധീകരിക്കുന്ന പ്രധാനപ്പെട്ട വെള്ളം കണ്ണുനീരാണ്. ഓരോന്നിനെയും ശുദ്ധീകരിക്കുന്നത് വിവിധ വസ്തുക്കള്‍ കൊണ്ടാണ് . വസ്ത്രത്തിലെ അഴുക്ക് സോപ്പിട്ട് കഴുകും, ചുമര് വൈറ്റ് വാഷ് ചെയ്ത് വൃത്തിയാക്കും. ചിലത് പോളിഷ് ചെയ്യും. എന്നാല്‍ മനസ് കഴുകുന്നത് കണ്ണുനീരു കൊണ്ടാണ് . ആ കണ്ണുനീരിന്റെ മഴയാണ് വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്നത്. അതാണ് നമുക്ക് കൊവിഡിനെത്തുടര്‍ന്ന് മുടങ്ങിപ്പോയത്. അതില്‍ ഇന്നും വേദനിക്കുന്ന വിശ്വാസി ഹൃദയങ്ങളുണ്ട്.
ഹജ്ജ് വേളയില്‍ കാണാനാകുന്ന മറ്റൊന്ന് സഹനശീലമാണ്. വലിപ്പച്ചെറുപ്പമില്ലാതെ സേവനം ചെയ്യുന്ന ആളുകളെ നമുക്കവിടെ കാണാം. പണക്കാരായ ആളുകള്‍ പാവങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്നു. അറഫയിലും മിനയിലുമൊക്കെ കണ്ടെയ്നര്‍ കണക്കിന് കുടിവെള്ളവും ജ്യൂസും പാലുമൊക്കെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വിതരണം ചെയ്യുന്നതുകാണുമ്പോള്‍ അത്ഭുതപ്പെട്ടുപോകും. ഏത് ലുബ്ധനെയും അത് പിടിച്ചു കുലുക്കും. എന്റെ കൈയിലെ സമ്പത്ത് ഇങ്ങനെ കെട്ടിപ്പൂട്ടി വച്ചിട്ട് എന്താണ് കാര്യം , ഇതൊക്കെ അവസരോചിതം ചെലവാക്കേണ്ടതല്ലേ, അല്ലെങ്കില്‍ പിന്നെ ഇതുകൊണ്ട് എന്തു ഫലം എന്ന് ഇവിടെ വരുന്ന വിശ്വാസികൾ ചിന്തിക്കും. പണം കൊടുത്ത് സ്വര്‍ഗം വാങ്ങുന്നുവെന്ന് തോന്നിപ്പോകും. ശരീരവും സമ്പത്തും സ്വര്‍ഗം വാഗ്ദാനം ചെയ്തു കൊണ്ട് അല്ലാഹു സ്വീകരിക്കുമെന്നു പറഞ്ഞത് ഹജ്ജ് വേളയില്‍ നമ്മളിങ്ങനെ നേരില്‍ കാണുകയാണ്. ഇതുകൊണ്ടു തന്നെ വലിയ മാനസിക പരിവര്‍ത്തനത്തെ സാധ്യമാക്കുന്നുണ്ട് ഹജ്ജ് .

അബൂബക്കര്‍ സിദ്ദീഖ് (റ) ഹിജ്റ ഒമ്പതാം വര്‍ഷം തിരുനബി (സ്വ)യുടെ നിര്‍ദ്ദേശപ്രകാരം മദീനയില്‍ നിന്ന് ജനങ്ങളെ നയിച്ചുകൊണ്ട് ഹജ്ജിന് പുറപ്പെട്ടു . ഹജ്ജില്‍ ഉടനീളം സിദ്ദീഖി (റ)ന്റെ ഉപദേശമാണ്. എല്ലായ്പോഴും ആമുഖത്തില്‍ ക്ഷമ, സാഹോദര്യം , പരസ്പര ബഹുമാനം എന്നിവ പറഞ്ഞുകൊണ്ടാണ് ആരംഭിക്കുക. ഒരു വ്യക്തിയിലൂടെ നിരവധി കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും സാമൂഹിക മാനസിക പരിവര്‍ത്തനം സാധ്യമാകുന്ന ആരാധന തന്നെയാണ് ഹജ്ജ് എന്നു കാണാനാകും. അതാണ് രണ്ടു വര്‍ഷം നമ്മള്‍ക്കു നഷ്ടമായത്.
ഈയിടെയായി ഒരാളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ബിസിനസില്‍ അയാള്‍ക്ക് 40 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. മറ്റൊരാള്‍ക്ക് നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായി. സാധാരണ കച്ചവടക്കാരനായ ഒരാള്‍ക്ക് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞു. ഇത്തരം സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് മാത്രമാണ് നമ്മള്‍ ആകുലപ്പെടുന്നതും ആലോചിക്കുന്നതും. എന്നാല്‍ ഹജ്ജും ഉംറയും നമ്മുടെ പള്ളികളിലെ നിസ്‌കാരങ്ങളും ഒക്കെ മുടങ്ങിയപ്പോള്‍ ഉണ്ടായ നഷ്ടങ്ങള്‍ അളന്നും തൂക്കിയും കണക്കാക്കാന്‍ സാധിക്കുന്നതല്ല. വെള്ളിയാഴ്ചകളിലെ ജുമുഅകളും റമളാനും ഹജ്ജുമൊക്കെ നഷ്ടമായി. എല്ലാം സാധാരണ ദിവസങ്ങളെ പോലെയായി അനുഭവപ്പെട്ടു. ഇപ്പോഴും പൂര്‍ണമായി മോചിതമായിട്ടില്ല പലരും. അത്തരമൊരു ആത്മീയ നഷ്ടത്തെ വിലയിരുത്തുമ്പോള്‍ ബേജാറാണ്. അന്ത്യദിനം അടുത്തെത്തിയോ എന്നുപോലും തോന്നിപ്പിച്ചു ആ നാളുകള്‍.

കൊവിഡാനന്തരം കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടായതായി കാണാനാകും. പ്രസവിച്ചതിന്റെ ഒമ്പതാം ദിവസം ചോരപ്പൈതലിനെ അമ്മ പുഴയിലേക്ക് എറിഞ്ഞു കൊല്ലുന്നു, പ്ലസ് ടു വിദ്യാര്‍ഥി കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയെ തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തുന്നു. മറ്റൊരാളെ പിടിച്ചുകൊണ്ടു വന്ന് ഒരുവര്‍ഷം അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിക്കുകയും മര്‍ദിക്കുകയും പിന്നീട് കഷ്ണങ്ങളാക്കി കൊലപ്പെടുത്തി പുഴയില്‍ തള്ളുകയും ചെയ്യുന്നു. ഇതൊക്കെ ഈയിടെ നാം വായിച്ച വാര്‍ത്തകളാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ ആത്മീയമായ ആ പ്രാര്‍ഥനാ ശൂന്യതയുടെ പ്രത്യാഘാതങ്ങളാണെന്ന് മനസിലാക്കാനാകും. കോടികളുടെ നഷ്ടം പറയുന്ന നമ്മള്‍ ആത്മീയാഭിവൃദ്ധിയില്‍ വന്ന നഷ്ടം കാണാതെ പോകുന്നു. സത്യത്തില്‍ ആ നഷ്ടം ഭീമമാണെന്ന് കാണാനാകും.
കൊവിഡിനുശേഷം ഈ വര്‍ഷം ഒരു മില്യണ്‍ ആളുകള്‍ക്കെങ്കിലും ഹജ്ജിന് പോകാനുള്ള അവസരം വന്നുചേര്‍ന്നത് സന്തോഷകരമാണ്. സ്വന്തത്തിനു വേണ്ടിയും ലോകത്തിന്റെ നന്‍മക്കും പ്രാര്‍ഥിക്കാനുള്ള അവസരമാണ് വീണ്ടും കൈവന്നിട്ടുള്ളത്.

മുസ്്ലിംകള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ പ്രവൃത്തിയിലൂടെയും പ്രാര്‍ഥനയിലൂടെയും തിരുത്താന്‍ കഴിയണം. മുസ്‌ലിംകള്‍ പഠനവും പരിശീലനവും ലഭിച്ച സമൂഹമാണ്. ഇതുകൊണ്ടു തന്നെ അവര്‍ക്ക് നിയമങ്ങളും ചട്ടങ്ങളുമുണ്ടാകും. എന്നാല്‍, മുസ്‌ലിംകളെ പ്രതിപക്ഷത്തു നിര്‍ത്തി ചര്‍ച്ച നടത്തുന്നതാണ് പുതിയ കാലത്തു നാം കാണുന്നത്. ഉമ്മയുടെ ഗര്‍ഭാശയം മുതലിങ്ങോട്ട് പഠനവും പരിശീലനവും ലഭിക്കുന്നുണ്ട്. ഇതിനെ കുറേയാളുകള്‍ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനെ പ്രവൃത്തികൊണ്ടു തിരുത്താന്‍ കഴിയണം. ഹജ്ജ് പോലെയുള്ള സന്ദര്‍ഭങ്ങള്‍ തിരുത്തിനുള്ളതാണ്. പ്രവൃത്തികൊണ്ടും പ്രാര്‍ഥന കൊണ്ടും തിരുത്താന്‍ സാധിക്കും. കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ പോലും മയ്യിത്തുകള്‍ തൊടാന്‍ മടിച്ചപ്പോള്‍ നമ്മുടെ വളണ്ടിയര്‍മാര്‍ അത്തരം മയ്യിത്തുകള്‍ ആദരവോടെ ഏറ്റെടുത്ത് ആചാരപരമായി തന്നെ സംസ്‌കരിച്ചു. അതില്‍ എല്ലാ മതവിഭാഗങ്ങളുടേതുമുണ്ട്. പ്രവൃത്തികൊണ്ടുള്ള തിരുത്തായിരുന്നു ഇത്. പ്രളയകാലത്തും ജാതിയും മതവും നോക്കാതെ രക്ഷകരായി നാം പ്രവര്‍ത്തിച്ചു. പ്രസംഗത്തെക്കാള്‍ പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. അത് ഹജ്ജിലൂടെ സാധിക്കുന്നുണ്ട്. പ്രാര്‍ഥന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. റബ്ബനാ എന്ന വാക്കില്‍ അത് ഉള്‍കൊണ്ടിട്ടുണ്ട്.
ഹജ്ജ് കര്‍മം കഴിഞ്ഞു തിരിച്ചു വരുന്നൊരാള്‍ അന്നു പ്രസവിച്ച കുട്ടിയെ പോലെ നിഷ്‌കളങ്കതയോടെയാണ് തിരിച്ചുവരുന്നത്. മുസ്ദലിഫയില്‍ ഒരു രാത്രി പച്ച മണ്ണില്‍ കിടക്കുന്ന ഒരു ചടങ്ങുണ്ട്. അത് ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഒരു പാഠമാണ്. ഖബറിനെ ഓര്‍മിപ്പിച്ചു കൊണ്ടാണ് ആ കിടത്തം. രണ്ടാമത് ജംറയില്‍ എറിയാനുള്ള കല്ല് അവിടെ നിന്നാണ് എടുക്കുന്നത്. ആ കല്ല് ഇവിടെ എറിയുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് പിശാചിനെ തളളിപ്പുറത്താക്കുകയാണ്. അതാണ് ഹജ്ജ് കഴിഞ്ഞാല്‍ ശിഷ്ട ജീവിതത്തില്‍ നമ്മുടെ നിലപാട്. അതാണ് ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയാലുളള നാല്‍പതു ദിവസം വളരെ സൂക്ഷിക്കണമെന്നു പറയുന്നത്. ഇയാളില്‍ വന്ന മാറ്റം മറ്റുള്ളവര്‍ കാണുകയാണ്. അതു നിലനിര്‍ത്തിപ്പോരാനുള്ള ശ്രദ്ധ ഹാജിക്കുണ്ടാകണം. അതിനുള്ള ഊര്‍ജ്ജം ഹജ്ജിലൂടെ ലഭിക്കുന്നുണ്ട്

(വർഷങ്ങളായി എസ് വൈ എസ് ഹജ്ജ് സംഘത്തിന്റെ ചീഫ് അമീർ ആണ് ലേഖകൻ).
എഴുത്ത്: ജലീൽ കല്ലേങ്ങൽപടി

You must be logged in to post a comment Login