കോഴിക്കോടിന്റെ സൗഹൃദമുദ്രകൾ

കോഴിക്കോടിന്റെ  സൗഹൃദമുദ്രകൾ

ഒരു നൂറ്റാണ്ടോളം സാമൂതിരിയുടെ കടല്‍പ്പടയെ സമ്പന്നമാക്കിയ ധീരരായ മാപ്പിള ദേശാഭിമാനികളാണ് മരയ്ക്കാന്മാര്‍. മലബാറിന്റെ മാനം രക്ഷിച്ച ഈ നാവികര്‍ ഇന്ത്യയിലെ ആദ്യത്തെ നാവിക സേനാനിയായിരുന്നു. അസാമാന്യമായ ശരീരപ്രകൃതിയും സാഹസികമായ കടല്‍യാത്രാ നൈപുണ്യവുമുള്ള പ്രബല കച്ചവടസംഘമായിരുന്നു മരയ്ക്കാന്മാര്‍.

ഒരവസരത്തില്‍ കേരളം മുഴുക്കെ തങ്ങളുടെ അധികാരം നിലനിര്‍ത്തിപ്പോന്ന സാമൂതിരിവംശത്തിന്റെ നിലനില്‍പ്പും വിജയവും മരയ്ക്കാന്മാരുടെ ത്യാഗപൂർണമായ രാജ്യസേവനം കൊണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. സാമൂതിരിയും മരയ്ക്കാന്മാരും കൂടി കേരളത്തില്‍ ഒരജയ്യ ശക്തിയായി ഇതര ഭരണകൂടങ്ങളെയും വിദേശശക്തികളെയും നിലനിര്‍ത്തി. എഡി 1500 മുതല്‍ 1600 വരെ സാമൂതിരിയുടെ നാവികപ്പടയെ മുഖ്യസൈന്യധിപന്മാരായി നയിച്ചിരുന്നത് നാല് കുഞ്ഞാലിമാരായിരുന്നു. അവരെ സ്ഥാനമാനങ്ങള്‍ നല്‍കി ബഹുമാനിച്ചു. മരയ്ക്കാന്മാര്‍ക്ക് പട്ടണത്തില്‍ പ്രത്യേകമായ കടവും താമസസ്ഥലവും നല്‍കി. മരയ്ക്കാന്‍ കടവും, മരയ്ക്കാന്‍ തൊടികയും ഇന്നും ആ പേരില്‍ തന്നെ കോഴിക്കോട്ട് അറിയപ്പെടുന്നു.

മതേതരത്വത്തിന്റെയും സാമുദായിക മൈത്രിയുടെയും പ്രതീകമായ മരയ്ക്കാന്മാര്‍ മതേതരനാട്ടില്‍ ആദരിക്കപ്പെടാതെ പോയി. നാല്പതു വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് മരക്കാന്മാര്‍ക്ക് ഒരു സ്മാരകം നിർമിക്കാന്‍ ഏതാനും ദേശസ്‌നേഹികള്‍ നിവേദനം നൽകിയിരുന്നു. ചരിത്രകാരനായ നെഹ്‌റു ഇന്ത്യന്‍ നാവികചരിത്രത്തിലെ പ്രതിഭാശാലികളായ മരയ്ക്കാന്മാരെ സ്മരിക്കാന്‍ ബോംബെയ്ക്ക് സമീപം കൊളാബയിലെ നാവല്‍ബാറക്‌സിന് ഐ എൻ എസ് കുഞ്ഞാലി എന്ന് നാമകരണം ചെയ്തു. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം നാട്ടില്‍ എന്തു ചെയ്യാനാകുമെന്ന് നെഹ്‌റുവിന്റെ പ്രത്യേക നിർദേശപ്രകാരം ഒരു കേന്ദ്രസംഘം കോട്ടക്കല്‍ സന്ദര്‍ശിച്ച് പഠനം നടത്തി. വടകരയിലെ മമ്മു മാസ്റ്ററെ പോലുള്ള ചരിത്രപ്രേമികള്‍ ആ സംഘത്തെ അനുഗമിച്ചു കാര്യങ്ങള്‍ ഗ്രഹിപ്പിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ നെഹ്‌റുവിന്റെ മരണത്തോടെ ആ ശ്രമങ്ങള്‍ മരവിച്ചുപോയി.

1972ല്‍ സിഎച്ച് മുഹമ്മദ് കോയയുടെ പരിശ്രമത്താല്‍ കുഞ്ഞാലിയുടെ ഭവനവും പത്തൊമ്പത് സെന്റ് ഭൂമിയും പൊന്നുംവില നല്‍കി സംസ്ഥാന പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് മരയ്ക്കാന്മാരെ അനുസ്മരിക്കുന്നത് ഉണ്ടായെങ്കിലും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല.

ശിവക്ഷേത്രവും ബദര്‍ മസ്ജിദും
കോഴിക്കോടിന് വടക്ക് വെങ്ങളത്തിനു സമീപം കാട്ടിൽപീടികയില്‍ ഒരു ചുമരിന് അപ്പുറവും ഇപ്പുറവുമാണ് ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രവും ബദര്‍ ജുമാമസ്ജിദും സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളോളമായി മതസൗഹാര്‍ദത്തിന്റെ പ്രഭാഗോപുരമായി നിലനില്‍ക്കുന്ന ആരാധനാ കേന്ദ്രമാണിത്. പള്ളിയിലെയും അമ്പലത്തിലെയും ചടങ്ങുകള്‍ക്ക് ഇരുവിഭാഗവും സജീവമായി പങ്കെടുക്കാറുണ്ട്. വാങ്കുവിളിനേരത്ത് അമ്പലത്തിലെ കീര്‍ത്തനം ചൊല്ലല്‍ നിര്‍ത്തിവെക്കുന്നു. വര്‍ഷംതോറും മുറതെറ്റാതെ മതസൗഹാര്‍ദ സംഗമവും ഇവിടെ നടത്തിവരുന്നു.

ബേങ്ക് റോഡിലെ കുരിശുപള്ളി
ക്രിസ്ത്യാനികളോടും മറ്റുമതക്കാരോടും സാമൂതിരി രാജവംശം പലപ്പോഴും സൗഹാർദപരമായ നിലപാടാണ് സാമൂതിരി സ്വീകരിച്ചത്. കോഴിക്കോട് ദേവമാതാ ചര്‍ച്ചിനുവേണ്ടി സ്ഥലം സൗജന്യമായി കൊടുത്തതും തന്നെ(പേജ് 222, ഇന്നലെകളിലെ കോഴിക്കോട്).

ഇവിടത്തെ ബാങ്ക് റോഡിലെ പ്രശസ്ത ക്രിസ്ത്യന്‍പള്ളിയാണ് സാന്താക്രൂസ് ചര്‍ച്ച് (കുരിശുപള്ളി). 1885-ല്‍ പുനരുദ്ധാരണം നടത്തിയ ഈ ചര്‍ച്ചില്‍ വ്യത്യസ്തജാതി വിഭാഗത്തിൽപെട്ടവരും ആഗ്രഹസാഫല്യത്തിന് മെഴുകുതിരി കത്തിച്ചുവെക്കാറുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ആഗതരുടെ എണ്ണം ക്രമാതീതമായി വർധിക്കാറുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കത്തെ ശ്രീതൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം പ്രദേശത്തിന്റെ പൊതുആഘോഷമായാണ് കൊണ്ടാടാറ്. മലയോരമേഖലയില്‍നിന്നുള്ളവര്‍ മതജാതി ഭേദമന്യേ, ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു. നടത്തിപ്പിനു നാട്ടുകാരെല്ലാം അകമഴിഞ്ഞ് സംഭാവന നല്‍കാറുണ്ട്.
കോഴിക്കോട് ജില്ലയില്‍ കണ്ണന്‍കടവിലെ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആരംഭം കുറിക്കുന്ന സമയത്തും ഉത്സവം കൊടിയിറങ്ങുന്ന അവസരത്തിലും എലത്തൂര്‍ ജുമാമസ്ജിദിലെ പ്രതിനിധികളുടെ സാന്നിധ്യവും ഖുര്‍ആന്‍ പാരായണവും അനിവാര്യമായി കരുതുന്നു. താലപ്പൊലിക്ക് മുമ്പ് ഇതൊരു ചടങ്ങുപോലെ നടക്കുന്നു.

അമ്പലം പണികഴിപ്പിക്കുന്നതിന് കടല്‍മാർഗം വന്ന ഹൈന്ദവമുഖ്യരെ, ശരിയായ ദിശയിലൂടെ കരയ്‌ക്കെത്തിച്ചത് കടല്‍ മൂസാക്ക എന്ന് ഖ്യാതി നേടിയ മുസ്‌ലിം പണ്ഡിതനാണെന്ന് കരുതപ്പെടുന്നു. ആ സൗഹാര്‍ദത്തിന്റെ സ്മരണയാണ് ക്ഷേത്രോത്സവ ചടങ്ങുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതത്രെ. അതോടൊപ്പം മുസ്‌ലിം വീട്ടിലൊരുക്കുന്ന “കാവ’ ഉത്സവത്തിനെത്തുന്നവര്‍ക്ക് നല്കാറുണ്ട്.

അപ്പവാണിഭം
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈഖ് ശംസുദ്ദീന്‍ അബുല്‍വഫാ മാമുക്കോയ അന്ത്യവിശ്രമംകൊള്ളുന്ന കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖിന്റെ പള്ളിയിലെ അപ്പവാണിഭം നാനാജാതി മതസ്ഥരും സംഗമിക്കുന്ന പ്രശസ്തമായ നേര്‍ച്ചയാണ്. ഈ ചടങ്ങിനെത്തുന്നവര്‍ വഴിപാടായി ജാറത്തില്‍ സമര്‍പ്പിക്കുന്നത് വിവിധതരം അപ്പങ്ങളാണ്. നേര്‍ച്ചയുടെ അവസാനനാളുകളില്‍ പല പ്രദേശങ്ങളില്‍നിന്ന് എത്തുന്ന കാണിക്ക വരവുകളില്‍ ഹൈന്ദവ സഹോദരങ്ങളുടെ ഘോഷയാത്രയും ഉണ്ടാകാറുണ്ട്. തീപ്പന്തം വീശിയും ചെണ്ടകൊട്ടിയും അവര്‍ ആഘോഷത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.

പറങ്കികള്‍ക്കെതിരെ പൊന്നാനിയില്‍ നടന്ന യുദ്ധത്തില്‍ അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ ക്ഷണപ്രകാരം ഇവിടെയെത്തിയ യുദ്ധനിപുണനായ ശൈഖ് മുഹമ്മദ് കാലികൂത്തിയുടെ നേതൃത്വത്തില്‍ ശക്തമായ സംയുക്തപോരാട്ടം നടന്നു. യുദ്ധം കഴിഞ്ഞ് സ്വദേശത്ത് തിരിച്ചെത്തിയ മുഹമ്മദ് കാലികൂത്തി ആ വര്‍ഷം തന്നെ ഇഹലോക വാസം വെടിഞ്ഞു.

കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്തിലെ തോരായ് പ്രദേശത്തെ പഴയ പള്ളിയില്‍ നടക്കുന്ന നേര്‍ച്ച ഹിന്ദു-മുസ്‌ലിം സഹോദരങ്ങളുടെ സംഗമവേദിയാണ്. മൂന്ന് ദിവസമായി നടക്കുന്ന നേര്‍ച്ചയില്‍ ജാതിമതഭേദമന്യേ സർവ ജനങ്ങളും പങ്കെടുക്കാറുണ്ട്. ഈ ദിവസങ്ങളില്‍ അമുസ്‌ലിംകള്‍ വിവാഹച്ചടങ്ങുകള്‍ നടത്താറില്ല. നേര്‍ച്ചയുടെ അവസാന ദിവസം കാണിക്കയായി ലഭിക്കുന്ന പഴവർഗങ്ങളും ധാന്യങ്ങളും മറ്റും ലേലത്തില്‍വെച്ച് വില്‍പ്പന നടത്തി അതില്‍നിന്ന് കിട്ടുന്ന വിഹിതം എല്ലാ മതവിഭാഗങ്ങളിലേയും പാവപ്പെട്ടവര്‍ക്ക് തുല്യമായി ഭാഗിച്ചുകൊടുക്കുന്നു. നേര്‍ച്ചനാള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ബാക്കിവരുന്ന ഭക്ഷണം എല്ലാവരുടെയും വീടുകളിലെത്തിക്കുന്നു.

ടി വി അബ്ദുറഹിമാന്‍കുട്ടി

(തുടരും)

You must be logged in to post a comment Login