നിസ്കാരത്തിന്റെ ശരിയായ രൂപം തിരുറസൂൽ(സ്വ) കാണിച്ചു / വിവരിച്ചു തന്നിട്ടുണ്ട്. നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് അപ്രകാരം നിർവഹിക്കുമ്പോഴാണ്നി നിസ്കാരം സാധുവാകുന്നത്. നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള നിസ്കാരം അസാധുവും നിഷ്ഫലവുമാണ്. നിസ്കാരം നിഷ്ഫലമാക്കുന്ന കാര്യങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ബോധപൂർവം ചെയ്താലും മറന്നു ചെയ്താലും നിഷ്ഫലമാക്കുന്നവ, ബോധപൂർവം ചെയ്താൽ മാത്രം നിഷ്ഫലമാക്കുന്നവ, വിശദാംശങ്ങളുള്ളവ എന്നിവയാണവ. നിസ്കാരം ഇടയ്ക്കുവെച്ച് നിർത്താൻ കരുതുകയോ, നിർത്തിവെക്കണമോ വേണ്ടയോ എന്ന് സംശയിക്കുകയോ ചെയ്യുക, നിസ്കാരവുമായി ഒട്ടും ബന്ധമില്ലാത്ത അസംബന്ധമായ കാര്യങ്ങൾ ചെയ്യുക, നിസ്കാരത്തിന്റെ കർമങ്ങളിൽ പെട്ടതല്ലാത്ത കൂടുതൽ കാര്യങ്ങൾ ചെയ്യുക, നിസ്കാരത്തിനിടയിൽ വിനോദമായി വല്ലതും ചെയ്യുക, നിസ്കാരത്തിന്റെ നിർബന്ധ ഘടകങ്ങളിൽനിന്ന് ഒരു നിശ്ചിത ഘടകത്തെക്കുറിച്ച് സുന്നതാണെന്ന് വിശ്വസിക്കുകയോ വിചാരിക്കുകയോ ചെയ്യുക എന്നീ സംഗതികൾ സംഭവിക്കുന്നത് ബോധപൂർവമാണെങ്കിലും മറന്നു കൊണ്ടാണങ്കിലും നിസ്കാരം നിഷ്ഫലമാക്കുന്ന കാര്യങ്ങളാണ്.
നിസ്കാരം നിഷ്ഫലമാക്കുന്ന കാര്യം ചെയ്യാനുദ്ദേശിക്കുന്നതുകൊണ്ട് മാത്രം നിസ്കാരം നിഷ്ഫലമാവുകയില്ല. ഉദ്ദേശിച്ച കാര്യം ചെയ്യുമ്പോഴാണ് നിസ്കാരം നിഷ്ഫലമാകുന്നത്. എന്നാൽ നിസ്കാരം ഇടയ്ക്കുവെച്ച് നിർത്തിക്കളയാൻ ഉദ്ദേശിക്കുന്നതോടെ നിസ്കാരം നിഷ്ഫലമായി. ആരംഭിക്കുന്ന സമയത്തുതന്നെ അങ്ങനെ കരുതിയാലും, എതാനും കർമങ്ങൾ നിർവഹിച്ച ശേഷമാണ് കരുതുന്നതെങ്കിലും മറ്റൊരു നിസ്കാരത്തിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണെങ്കിലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. വാഹനം അടുത്തെത്തിയാൽ / ഇന്ന വ്യക്തി സന്നിഹിതനായാൽ നിസ്കാരം അവസാനിപ്പിക്കും എന്നിങ്ങനെ ബുദ്ധിപരമായി അസംഭവ്യമല്ലാത്ത കാര്യങ്ങളോട് ബന്ധപ്പെടുത്തിയാണ് ഇടയ്ക്കുവെച്ച് നിസ്കാരം നിർത്തിവെക്കാൻ കരുതിയതെങ്കിലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. അത്തരം കാര്യങ്ങൾ ഉണ്ടാവണമെന്നോ അവ സാധാരണ നിലയിൽ സംഭവിക്കുന്ന കാര്യമായിരിക്കണമെന്നോ നിർബന്ധമില്ല. ആകാശാരോഹണം പോലുള്ള സാധാരണ സംഭവിക്കാത്ത കാര്യങ്ങളോട് ബന്ധപ്പെടുത്തിയാണ് നിസ്കാരം അവസാനിപ്പിക്കാൻ കരുതിയതെങ്കിലും നിസ്കാരം നിഷ്ഫലമാകുന്നതാണ്.
നിസ്കാരത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ നിയ്യതിന് വിരുദ്ധമായ യാതൊന്നും നിസ്കാരത്തിന്റെ ആദ്യാവസാനം ഉണ്ടാകാൻ പാടില്ല എന്നതാണ് കാരണം. നിസ്കാരം ഇടയ്ക്കുവെച്ച് നിർത്താൻ കരുതുകയോ, നിർത്തണമോ വേണ്ടയോഎന്ന് സംശയിക്കുകയോ ചെയ്യുന്നതോടെ നിയ്യതിന് ഭംഗം സംഭവിക്കുമല്ലോ?
നിസ്കാരത്തിന്റെ കർമങ്ങളിൽ പെട്ടതല്ലാത്ത കൂടുതൽ കാര്യങ്ങൾ ചെയ്യലാണ് നിസ്കാരം നിഷ്ഫലമാക്കുന്ന മറ്റൊരു കാര്യം.
നിസ്കാരത്തിന് പുറത്തുള്ള കാര്യങ്ങളൊന്നും തന്നെ നിസ്കാരത്തിനിടയിൽ പാടുള്ളതല്ല. നിസ്കാരത്തിനിടയിൽ അതിന്റെ കർമങ്ങളിൽ പെട്ടതല്ലാത്ത കൂടുതൽ കാര്യങ്ങൾ ചെയ്താൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്. കൈകാലുകൾ, ശിരസ്സ് തുടങ്ങിയ ഭാരമുള്ള അവയവങ്ങൾ കൊണ്ട് തുടരെയായി രണ്ടിലധികം കാര്യങ്ങൾ ചെയ്തതായി ഉറപ്പുണ്ടാകുമ്പോഴാണ് നിസ്കാരം നിഷ്ഫലമാകുന്നത്. തുടരെ മൂന്നു തവണ ചവയ്ക്കുക, പ്രഹരിക്കുക, മൂന്ന് ചുവടുകൾ എടുത്തുവെക്കുക എന്നിവ ഉദാഹരണങ്ങളാണ്. ശത്രു ഭീതിയോടെയുള്ള നിസ്കാരം, സർപ്പത്തെ ഭയന്നു കൊണ്ടുള്ള നിസ്കാരം, മഴവെള്ളപ്പാച്ചിൽ ഭയപ്പെട്ടുകൊണ്ടുള്ള നിസ്കാരം, അനുവദനീയ യാത്രയ്ക്കിടയിലെ സുന്നത് നിസ്കാരങ്ങൾ എന്നിവ തുടരെയായ മൂന്ന് അനക്കങ്ങൾ കൊണ്ട് നിഷ്ഫലമാവുകയില്ല. അസഹ്യമായ ചൊറിച്ചിൽ, നിലയ്ക്കാത്ത വിറയൽ തുടങ്ങിയുള്ള രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരിൽ നിന്നുണ്ടാകുന്ന അനിവാര്യമായ വർധിച്ച പ്രവർത്തനങ്ങൾ കൊണ്ടും നിസ്കാരം നിഷ്ഫലമാവുകയില്ല.
ഒന്ന്, രണ്ട് ചുവടുകൾ പോലുള്ള അൽപ മാത്ര പ്രവർത്തനങ്ങൾ, അൽപമാത്ര പ്രവൃത്തിയാണോ, വർധിച്ചതോതിലുള്ളതാണോ എന്നുറപ്പില്ലാത്ത കാര്യങ്ങൾ, വ്യത്യസ്ത സമയങ്ങളിലായി ചെയ്ത വർധിച്ച പ്രവർത്തനങ്ങൾ, വിരൽ, കൺപോള, അധരങ്ങൾ തുടങ്ങിയ ഘനം കുറഞ്ഞ അവയവങ്ങളിൽ നിന്ന് തുടരെയായുണ്ടാകുന്ന വർധിച്ച പ്രവർത്തനങ്ങൾ എന്നിവ മൂലം നിസ്കാരം നിഷ്ഫലമാവുകയില്ല. എങ്കിലും നിസ്കാരത്തിനിടെ അത്തരം പ്രവർത്തനങ്ങൾ അഭിലഷണീയമല്ല. കൈപ്പടം, കാൽപാദം എന്നിവ ചലിപ്പിക്കാതെ വിരലുകൾ മാത്രം ചലിപ്പിക്കുമ്പോഴാണ് നിസ്കാരം നിഷ്ഫലമാകാതിരിക്കുന്നത്. വിരലുകളോടൊപ്പം കൈപ്പടമോ, കാൽപാദമോ മൂന്നു തവണ ചലിപ്പിച്ചാൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്.
വർധിച്ച പ്രവർത്തനമായി ഗണിക്കുന്നതിന് ഒരേ അവയവം തന്നെ രണ്ടിലധികം തവണ ചലിപ്പിക്കണമെന്നില്ല. വ്യത്യസ്ത അവയവങ്ങൾ തുടരെയായി ചലിപ്പിച്ചാലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. ഒരേ സമയം ഇരുകൈകളും ശിരസ്സും / ഇരു കാലുകളും ശിരസ്സും ചലിപ്പിച്ചാൽ വർധിച്ച പ്രവർത്തനമായാണ് ഗണിക്കുക. ഒരേ സമയം ഇരുകൈകളും / കാലുകളും ചലിപ്പിക്കുന്നതും തുടരെയായി ഒന്നിന് പിറകെ മറ്റൊന്ന് ചലിപ്പിക്കുന്നതും രണ്ട് പ്രവൃത്തികളായും വ്യത്യസ്ത സമയങ്ങളിലാണങ്കിൽ ഓരോന്നിനെയും ഓരോ പ്രവൃത്തിയായുമായാണ് കണക്കാക്കുക. ഒരേ സമയം ഇരുകൈകളും / ഇരുകാലുകളും ചലിപ്പിക്കുന്നത് ഒരു പ്രവൃത്തിയായാണ് കണക്കാക്കുക എന്ന വീക്ഷണവുമുണ്ട് (ഫത്ഹുൽ മുഈൻ 1/148, തുഹ്ഫ 2/153). മൂന്ന് അനക്കം ഉദ്ദേശിച്ചുകൊണ്ട് ഒരു തവണ അനങ്ങുകയോ അതിനായി തുനിയുകയോ ചെയ്താൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്.
നിസ്കാരത്തിനിടെ അതിൽ പെട്ടതല്ലാത്ത വർധിച്ച പ്രവർത്തനങ്ങൾ പാടില്ലെന്നറിയുന്നവർ, അറിയാനുള്ള അവസരം ലഭിച്ച ശേഷം പഠിക്കാൻ വിമുഖത കാണിച്ചവർ എന്നിവരുടെ നിസ്കാരമാണ് വർധിച്ച പ്രവർത്തനങ്ങൾ കൊണ്ട് നിഷ്ഫലമാകുന്നത്. പുതുതായി ഇസ്‌ലാം ആശ്ശേഷിച്ചവർ, ജ്ഞാനികളുടെ സാന്നിധ്യമില്ലാത്ത വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ തുടങ്ങി ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ആളുകളിൽ നിന്നാണ് ഇത്തരം കാര്യങ്ങളുണ്ടായതെങ്കിൽ നിസ്കാരം നിഷ്ഫലമാവുകയില്ല.
നിസ്കാരത്തിനിടയിൽ വിനോദത്തിനു വേണ്ടി വല്ലതും ചെയ്യുക എന്നതാണ് നിസ്കാരം നിഷ്ഫലമാക്കുന്ന മൂന്നാമത്തെ കാര്യം. നിസ്കാരം ഗൗരവതരമായ ഒരു ആരാധനയാണ്. നിസ്കാരത്തിനിടയിൽ തമാശയായോ വിനോദത്തിനുവേണ്ടിയോ വല്ലതും ചെയ്താൽ അതെത്ര ചെറിയ കാര്യമാണെങ്കിൽ പോലും നിസ്കാരം നിഷ്ഫലമാകുന്നതാണ്.
ചാട്ടം, പരിധി വിട്ട പ്രഹരം തുടങ്ങി നിസ്കാരവുമായി ഒട്ടും ചേർച്ചയില്ലാത്ത അസംബന്ധമായ കാര്യങ്ങൾ നിസ്കാരത്തിനിടെ ചെയ്താലും – അതെത്ര ചെറുതാണെങ്കിൽ പോലും – നിസ്കാരം നിഷ്ഫലമാകുന്നതാണ്.
നിസ്കാരത്തിന്റെ നിർബന്ധ ഘടകങ്ങളിൽ നിന്നൊന്നിനെക്കുറിച്ച് അത് സുന്നതാണെന്ന് വിശ്വസിക്കുകയോ, അങ്ങനെ വിചാരിക്കുകയോ ചെയ്താലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. പ്രസ്തുത വിശ്വാസത്തോടെ അഥവാ വിചാരത്തോടു കൂടി നിർബന്ധ കർമങ്ങളിൽ നിന്നൊന്ന് നിർവഹിക്കുന്നതോടുകൂടെയാണ് നിസ്കാരം നിഷ്ഫലമാകുന്നത്. വാചിക കർമങ്ങളെക്കുറിച്ചാണ് അങ്ങനെ വിശ്വസിക്കുകയോ, വിചാരിക്കുകയോ ചെയ്യുന്നതെങ്കിൽ തുടർന്നുള്ള ഫിഅ്ലിയ്യായ (കർമപരമായ) ഘടകം ആരംഭിക്കുന്നതോടുകൂടെയാണ് നിസ്കാരം നിഷ്ഫലമാവുന്നത്. പ്രസ്തുത ഘടകത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ശരിയായ വിശ്വാസത്തോടെ / വിചാരത്തോടെ പ്രസ്തുത വാചിക കർമം ആവർത്തിക്കുന്നപക്ഷം നിസ്കാരം നിഷ്ഫലമാവുകയില്ല. നിസ്കാരത്തിന്റെ കർമങ്ങളെല്ലാം അനിവാര്യമായവയാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ട് നിസ്കാരം നിഷ്ഫലമാവുകയില്ല. നിസ്കാരത്തിന്റെ കർമങ്ങളിൽ അനിവാര്യമായവയും ഐഛികമായവയും ഉണ്ടെന്നറിയുന്നതോടൊപ്പം അവ ഏതെന്ന് വേർതിരിച്ചറിയാത്ത പൊതുജനം അവയ്ക്കിടയിൽ വേർതിരിക്കുകയോ ഫർളുകളിലൊന്നിനെക്കുറിച്ച് സുന്നതാണെന്ന് കരുതുകയോ ചെയ്യാതിരിക്കുമ്പോഴും നിസ്കാരം നിഷ്ഫലമാവുകയില്ല. ഐഛിക കർമങ്ങൾ നിർബന്ധ കർമങ്ങളാണെന്നുകരുതി ചെയ്യുന്നതുകൊണ്ടും നിസ്കാരം നിഷ്ഫലമാവുകയില്ല.
(തുടരും)
You must be logged in to post a comment Login