2019 ലെ ബാബരിമസ്ജിദ് വിധിക്കുശേഷം, ആരാധനാലയങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംപള്ളികളുടെ, നിര്‍മാണങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി വിവിധ കോടതികളില്‍ അഞ്ചോളം കേസുകളുണ്ട്.
ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റാമെന്ന 1947 ലുണ്ടായിരുന്ന നിയമം നിരോധിച്ചു കൊണ്ടാണ് 1991 ല്‍ ആരാധനാലയ നിയമം (സ്‌പെഷ്യല്‍ പ്രൊവിഷന്‍) പാസാക്കുന്നത്. പ്രസ്തുത നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് നിയമവിരുദ്ധമാണ്. അത്തരം കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഈ നിയമം കോടതികളെ വിലക്കുന്നു.
ബാബരി വിധി തന്നെ നിയമവിരുദ്ധമായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തര്‍ക്കഭൂമിയുടെ അധികാരം ഹിന്ദുക്കള്‍ക്കനുകൂലമായി വിധിച്ചു. അധികാരം രാംലല്ലക്ക് നല്‍കുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) നടത്തിയ സര്‍വേയാണ് നിയമം ലംഘിച്ച് ഇത്തരം വ്യവഹാരങ്ങള്‍ സ്വീകരിക്കപ്പെട്ടതിന്റെ ഏറ്റവും പുതിയ ഉദാഹരണം. നിയുക്ത സമിതി ഹിന്ദുമത ചിഹ്നമായ ശിവലിംഗം പള്ളിയില്‍ നിന്നും കണ്ടെത്തി എന്ന ആരോപണത്തെത്തുടര്‍ന്ന് മെയ് 16ന് പ്രാദേശിക കോടതി പ്രസ്തുത സ്ഥലം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
ഈ മെയ് മാസത്തില്‍തന്നെ കര്‍ണാടകയില്‍ നരേന്ദ്രമോഡി വിചാര്‍ മഞ്ച് എന്ന പേരിലുള്ള ഹിന്ദു ഫോറം അംഗങ്ങള്‍, രണ്ടുനൂറ്റാണ്ട് പഴക്കമുള്ള ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദില്‍ പ്രാര്‍ഥന നടത്താനുള്ള അനുമതി പ്രാദേശിക ഭരണകൂടത്തോട് തേടിയിരുന്നു. ഹനുമാന്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലാണ് ഈ മസ്ജിദ് നിര്‍മിക്കപ്പെട്ടത് എന്നായിരുന്നു അവരുടെ വാദം.
ഇത്തരം വ്യവഹാരങ്ങള്‍ തടയുന്ന നിയമം പാസാക്കുന്നത് ബി ജെ പി അധികാരത്തിലില്ലാതിരുന്ന സമയത്താണ്. അപ്പോള്‍ അയോധ്യ രാമക്ഷേത്രപ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനങ്ങളുടെ മൂര്‍ധന്യതയിലായിരുന്നു.
നിയമം തലമുറകള്‍ക്കുള്ള സമാധാനം
1991-ല്‍ കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി ജെ പി നിയമത്തെ എതിര്‍ത്തിരുന്നു. അന്ന് ബി ജെ പി പാര്‍ലമെന്റംഗമായിരുന്ന ഉമാഭാരതി ഈ നിയമഭേദഗതിയെ വിശേഷിപ്പിച്ചത് “പൂച്ചകളുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന പ്രാവുകള്‍ക്കു സമാനം’ എന്നായിരുന്നു.
1991ലെ നിയമത്തിന്റെ 5-ാം വകുപ്പ് പറയുന്നത്: രാമജന്മഭൂമി, ബാബരി മസ്ജിദ് എന്ന് വ്യാപകമായി അറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ആരാധനാലയത്തിന് 1947 ലെ നിയമത്തിന്മേല്‍ അപ്പീലോ മറ്റു നടപടികളോ ഒന്നും ബാധകമല്ലെന്നാണ്. നിയമത്തിന്റെ മൂന്നാം വകുപ്പ് ആരാധനാലയങ്ങളുടെ പരിവര്‍ത്തനം നിരോധിക്കുന്നു. നാലാം വകുപ്പ് പറയുന്നത്: 1947 ആഗസ്ത് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതസ്വഭാവം പരിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപ്പീലുകളോ മറ്റു നടപടികളോ തീര്‍പ്പാകാത്തത് ഒഴിവാക്കും. ഏതെങ്കിലും കോടതിയോ ട്രൈബ്യൂണലോ മറ്റ് അതോറിറ്റിയോ പരിഗണിക്കില്ല എന്നാണ്.
മുന്‍ ബിജെപി വക്താവ് അശ്വിനികുമാര്‍ ഉപാധ്യായയുടെ ആരാധനാലയ നിയമത്തിനെതിരായ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 2021 മാര്‍ച്ച് 12 നാണ് കേന്ദ്രസര്‍ക്കാരിന് പ്രതികരണം തേടി നോട്ടീസ് അയച്ചത്.
ഈ വിഷയത്തിലെ വ്യത്യസ്തമായ വീക്ഷണങ്ങളാണ് കോടതിയുടെ മുമ്പിലുള്ള ഹരജികളില്‍ കാണാനാവുന്നത്. ഉമാഭാരതിയെപ്പോലെ ബിജെപിയെ പിന്തുണക്കുന്നവരെല്ലാം ആഗ്രഹിക്കുന്നത് ചരിത്രപരമായ പ്രശ്‌നങ്ങള്‍ സംബോധന ചെയ്യപ്പെടണമെന്നാണ്. മറ്റൊരു വിഭാഗം രാജ്യത്ത് മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും അവിടെ നിയമത്തിന് പ്രാധാന്യം നല്‍കി പരിഹരിക്കുകയാണ് വേണ്ടതെന്നും നിരീക്ഷിക്കുന്നു.
യഥാര്‍ത്ഥ രാമരാജ്യത്തിന് നിയമം വേണം
ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് നല്‍കിയ ഉറപ്പിന്റെ പരാജയത്തെയാണ് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഭയം പ്രതിഫലിപ്പിക്കുന്നതെന്ന് വാദിക്കുന്നവരില്‍ അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരും ഉള്‍പ്പെടുന്നുണ്ട്.
“ആരാധനാലയ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ ബാധ്യതയാണ്. വികസനം, സന്തോഷം, സമാധാനം, യഥാര്‍ത്ഥ രാമരാജ്യം (ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാന്‍ രാമന്റെ കീഴില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്ന ഒരു ആദര്‍ശ ഗവണ്‍മെന്റിനെയാണ് രാമരാജ്യം എന്നുദ്ദേശിക്കുന്നത്) എന്നിവയാണ് നമ്മുടെ മുന്‍ഗണനയെങ്കില്‍ അതിന് പ്രധാനമായ ആവശ്യം ശക്തമായ മതേതര സാമൂഹിക ഘടനയാണ്. ആരാധനാലയങ്ങളുടെ നിയമത്തില്‍ വസ്തുക്കളും ഉദ്ദേശ്യവുമാണ് പരിഗണിക്കപ്പെടേണ്ടത്. അല്ലെങ്കില്‍ എല്ലാ സമയത്തും പൗരന്മാര്‍ അക്രമഭീതിയിലായിരിക്കും.’ ജസ്റ്റിസ് മാത്തൂരിന്റെ വാക്കുകളാണിത്. ഗ്യാന്‍വാപി കേസ് തുടക്കത്തില്‍തന്നെ തള്ളേണ്ടതായിരുന്നുവെന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടത്.
2019 ല്‍ അയോധ്യ തര്‍ക്കം തീര്‍പ്പാക്കിയ സുപ്രീം കോടതി ബെഞ്ച്, ആരാധനാലയങ്ങളുടെ നിയമം “ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മതേതര സവിശേഷതകള്‍ സംരക്ഷിക്കാന്‍ രൂപകല്പന ചെയ്ത ഒരു നിയമനിര്‍മാണ ഉപകരണമാണ്’ എന്ന് നിരീക്ഷിച്ചിരുന്നു. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളുടെ ഭാഗമായ എല്ലാ മതങ്ങളുടെയും സമത്വവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ ബാധ്യതകളും നടപ്പിലാക്കുന്നുവെന്ന് സുപ്രീം കോടതിയുടെ 2019 ലെ വിധിയില്‍ പറയുന്നു.
2021 മെയ് 17 ന് സുപ്രീം കോടതി ഗ്യാന്‍വാപി കേസ് പരിഗണിക്കുമ്പോള്‍ മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്മദി വാദിച്ചത് വരാണസി കോടതിയുടെ അസാധാരണത്വമായിരുന്നു. അഥവാ വരാണസി കോടതിക്ക് അതിന് അധികാരമില്ലെന്നര്‍ഥം. ബാബരി മസ്ജിദ് കേസിലെ എം സിദ്ദിഖ് വിധിക്ക് പൂര്‍ണമായും എതിരാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1949 ആഗസ്ത് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളില്‍ നിങ്ങള്‍ക്ക് ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ആ വിധി പറയുന്നത്. ഇവിടെ ഉണ്ടാകുന്ന ഗൂഢാലോചനകളാണ് ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്.
ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും ഒരു പൊതുസവിശേഷത, അവ ഇന്ത്യയിലെ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ആരാധനാലയങ്ങളാണെന്നതാണ്. ക്ഷേത്രങ്ങള്‍ നശിപ്പിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത് എന്ന് വാദിക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് മസ്ജിദുകളുടെ ഘടനാപരമായ സവിശേഷതയാണ്. ക്ഷേത്രനിര്‍മാണ രീതിയിലാണ് പള്ളികളുടെയും നിര്‍മാണം. ഇതുപക്ഷേ, അന്നത്തെ നിര്‍മാണ വിദഗ്ധരുടെ പൊതുസ്വഭാവമാണെന്ന് മനസിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും.
ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റം വരുത്താനോ അത്തരം കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനോ കഴിയില്ലെന്ന നിയമം ഉണ്ടായിരുന്നിട്ടും പ്രശ്‌നങ്ങള്‍ കോടതിയിലെത്തുകയും കോടതി ഇടപെടുകയും ചെയ്ത അഞ്ചു സ്ഥലങ്ങളുണ്ട്. വരാണസി(ഉത്തര്‍പ്രദേശ്), ന്യൂഡല്‍ഹി, ധാര്‍ (മധ്യപ്രദേശ്), ആഗ്ര, മഥുര (ഉത്തര്‍പ്രദേശ്) എന്നിവയാണവ.
1. ഗ്യാന്‍വാപി, വരാണസി, ഉത്തര്‍പ്രദേശ്
വരാണസിയുടെ ഹൃദയഭാഗത്ത് ലളിതാഘട്ടിന് സമീപം സ്ഥിതിചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രവും അതിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദുമാണ് പ്രശ്‌നത്തിന്റെ കാതല്‍. 1699-ല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പണികഴിപ്പിച്ചതാണ് ഗ്യാന്‍വാപി മസ്ജിദെന്നാണ് ആരോപണം.
ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നുവെന്നും അത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആദ്യം കേസ് ഫയല്‍ ചെയ്തത് 1991 ലാണ്. വരാണസി കീഴ്‌കോടതി കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ അലഹബാദ് ഹൈകോടതി അത് സ്‌റ്റേ ചെയ്തു. കീഴ്‌കോടതികള്‍ സ്വീകരിച്ച നിലപാടുകളെ അലഹബാദ് ഹൈകോടതി ജസ്റ്റിസ് പ്രകാശ് പാഡിയ വിമര്‍ശിച്ചു.
2022 മെയ് 17 ന്, വരാണസി കോടതി ഉത്തരവിട്ട സര്‍വേ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജലധാരയാണെന്ന് പള്ളി അധികൃതര്‍ പറഞ്ഞ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്നും മുസ്‌ലിംകളെ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് തടയരുതെന്നും പ്രാദേശിക അധികാരികളോട് നിര്‍ദേശിച്ചു.
2. കുതുബ് മിനാര്‍, ന്യൂഡല്‍ഹി
13-ാം നൂറ്റാണ്ടില്‍ കുതുബുദ്ദീന്‍ ഐബക് നിര്‍മിച്ച കുതുബ് മിനാര്‍ സ്ഥിതി ചെയ്യുന്ന കുതുബ് കോംപ്ലക്സ് യഥാര്‍ത്ഥത്തില്‍ ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമായിരുന്നുവെന്ന് ആരോപിച്ച് 2020 ഡിസംബര്‍ 9 ന് ഡല്‍ഹിയിലെ സിവില്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യപ്പെട്ടു. എ ഡി 1192 ലെ തരൈന്‍ യുദ്ധത്തില്‍ പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഘോറി പരാജയപ്പെടുത്തുന്നത് വരെ ഹിന്ദുക്കളായിരുന്നു ഡല്‍ഹി ഭരിച്ചിരുന്നതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. പ്രസ്തുത കേസില്‍ ഡല്‍ഹി ഹൈകോടതിയുടെ തീരുമാനം സ്തുത്യര്‍ഹമായിരുന്നു. “പണ്ടത്തെ ഭരണ കാര്യങ്ങളില്‍ തെറ്റുകള്‍ സംഭവിട്ടിട്ടുണ്ടെന്ന് ആരും നിഷേധിച്ചിട്ടില്ല. എന്നാല്‍ ആ തെറ്റുകള്‍ക്ക് പരിഹാരങ്ങള്‍ തേടി ഇന്ന് രാജ്യത്തെ സമാധാനം തകര്‍ക്കുന്നത് ശരിയല്ല’ എന്നാണ് കോടതി നിരീക്ഷിച്ചത്. പ്രസ്തുത കേസ് ഡല്‍ഹി കോടതി തള്ളിക്കളഞ്ഞു.
പക്ഷേ, ആ തള്ളിക്കളയല്‍ ചോദ്യം ചെയ്യപ്പെട്ടു. 2022 ഫെബ്രുവരി 22 ന് അഡീഷണല്‍ ജില്ലാ ജഡ്ജി പൂജ തല്‍വാര്‍ കുതുബ് മിനാര്‍ കോംപ്ലക്‌സ് കേസ് തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹരജി കേള്‍ക്കാന്‍ സമ്മതിച്ചു. കേസ് മെയ് 24 ന് പരിഗണിക്കുമെന്നറിയിക്കുകയും ചെയ്തു.
2022 മെയ് 10 ന്, മഹാകല്‍ മാനവ് സേവ എന്ന ഹിന്ദു ഗ്രൂപ്പിലെ അംഗങ്ങള്‍, കുതുബ് മിനാര്‍ ഒരു പുരാതന ഗണേശ ക്ഷേത്രത്തിന് മുകളില്‍ നിര്‍മിച്ച ഗോപുരമാണെന്നും അതിനാല്‍ അതിന്റെ പേര് വിഷ്ണുസ്തംഭ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
3. ഭോജ്ശാല കോംപ്ലക്‌സ്, ധാര്‍, മധ്യപ്രദേശ്
ധാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഭോജ്ശാല സമുച്ചയം ഹിന്ദുക്കള്‍ക്ക് തിരിച്ചുപിടിക്കാനും മുസ്‌ലിംകള്‍ അവിടെ നിസ്‌കരിക്കുന്നത് വിലക്കാനും ആവശ്യപ്പെട്ട് 2022 മെയ് 11 ന് മധ്യപ്രദേശ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. പ്രസ്തുത ഹരജിയില്‍ ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഭോജ്ശാല-കമല്‍ മൗല മസ്ജിദ് ഹിന്ദുക്കളും മുസ്‌ലിംകളും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ആരാധനാലയമാണ്.
2003-ല്‍, ഭോജ്ശാല സമുച്ചയത്തിനുള്ളില്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കുന്ന ഒരു എ എസ് ഐ വിജ്ഞാപനം ഉണ്ടായിരുന്നു. കേസ് ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂണിലാണ് വാദം കേള്‍ക്കുന്നത്.
4. താജ്മഹല്‍, ആഗ്ര, ഉത്തര്‍പ്രദേശ്
2022 മെയ് 7 ന്, ബി ജെ പി മാധ്യമപ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച് രജനീഷ് സിംഗ് അലഹബാദ് ഹൈകോടതിയില്‍ ഒരു പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. താജ്മഹല്‍ തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണെന്ന് പല ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെട്ടതായി സിംഗിന്റെ ഹരജിയില്‍ പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച താജ്മഹലിനുള്ളില്‍ ഇരുപതിലധികം തുറക്കപ്പെടാത്ത മുറികളുണ്ടെന്നും അവയെല്ലാം തുറക്കണമെന്നും ഹരജിയില്‍ ഹൈകോടതിയോട് ആവശ്യപ്പെട്ടു. മെയ് 12ന് അലഹബാദ് ഹൈക്കോടതി ഈ ഹരജി തള്ളി.
‘നാളെ നിങ്ങള്‍ വന്ന് ഞങ്ങളോട് ബഹുമാനപ്പെട്ട ജഡ്ജിമാരുടെ ചേംബറില്‍ പോകാന്‍ ആവശ്യപ്പെടുമോ? ദയവായി പൊതുതാല്പര്യ സമ്പ്രദായത്തെ പരിഹസിക്കരുത്’. ജസ്റ്റിസ് ഡി കെ ഉപാധ്യായ പറഞ്ഞു.
5. ഷാഹി മസ്ജിദ്, മഥുര, ഉത്തര്‍പ്രദേശ്
യു പിയിലെ മഥുരയില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മഥുര ഷാഹി മസ്ജിദും കൃഷ്ണ ജന്മഭൂമിയുമാണ് തര്‍ക്കവിഷയമായ മറ്റൊരു ആരാധനാലയം. അലഹബാദ് ഹൈകോടതിയിലും പ്രാദേശിക മഥുര ജില്ലാ കോടതിയിലും കേസുകള്‍ നിലവിലുണ്ട്.
2020 നവംബര്‍ 12 ന് അലഹബാദ് ഹൈകോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച ഒരു പൊതുതാല്പര്യ ഹരജിയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഷാഹി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാരന്‍ അഭിഭാഷകനില്ലാതെ കോടതിയില്‍ ഹാജരായതിനാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി 19 ന് ഹരജി ആദ്യം തള്ളിയിരുന്നുവെങ്കിലും പിന്നീട് 2022 മാര്‍ച്ച് 14 ന് ഹൈകോടതി അത് പുനഃപരിഗണിച്ചു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് ഷാഹി മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹരജിയില്‍ പറയുന്നത്. കേസ് 2022 ജൂലൈ മാസത്തേക്ക് നീക്കിവെച്ചിട്ടുണ്ട്.
കൃഷ്ണ ജന്മഭൂമിക്ക് മുകളിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്ന പേരില്‍ അത് നീക്കംചെയ്യാനുള്ള കേസ് മഥുര ജില്ലാ കോടതിയില്‍ തുടരുകയാണ്. താക്കൂര്‍ കേശവ് ദേവ് മഹാരാജ് കത്രയുടെ ഉടമസ്ഥതയിലുള്ള 13.37 ഏക്കര്‍ ഭൂമിയിലാണ് പ്രസ്തുത മസ്ജിദ് (ഷാഹി ഈദ്ഗാഹ്) നിര്‍മിച്ചതെന്ന് പരാതിക്കാരന്‍ (ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളന്‍ സമിതി) ആരോപിക്കുന്നു/അവകാശപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം തങ്ങളുടെ മൗലികമായ മതപരമായ അവകാശങ്ങള്‍ കണക്കിലെടുത്ത് കേസ് നല്‍കാന്‍ അവകാശമുണ്ടെന്ന് കൃഷ്ണഭക്തര്‍ വാദിച്ചു. അതിനാല്‍ ജില്ലാ കോടതി കേസ് അംഗീകരിച്ചു. മെയ് 19 ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.
മെയ് 17 ന്, പ്രാദേശിക കോടതി മുമ്പാകെ ഒരു അപേക്ഷയെത്തി. തര്‍ക്കമുള്ള ഈദ്ഗാഹ് മസ്ജിദ് സമുച്ചയം സീല്‍ ചെയ്യണമെന്നായിരുന്നു ആവശ്യം. അങ്ങനെ ചെയ്തില്ലെങ്കില്‍ മതപരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അപേക്ഷകര്‍ അറിയിച്ചു. സീനിയര്‍ ഡിവിഷന്‍ കോടതിയിലെ സിവില്‍ ജഡ്ജി 2022 ജൂലൈ 1 ന് ഈ അപേക്ഷ കേള്‍ക്കും.
(അരീബുദ്ദീന്‍ അഹ്മദ് അലഹബാദ് ഹൈകോടതി ലഖ്നൗ ബെഞ്ചിലെ അഭിഭാഷകനാണ്)
കടപ്പാട് : ആര്‍ട്ടിക്കിള്‍ 14
വിവ. എബി
അരീബുദ്ദീന്‍ അഹ്മദ്
You must be logged in to post a comment Login