“റിട്ടയര്‍മെന്റാണ്. പോരുന്നു. പെട്ടീം പടോം മടക്കിക്കഴിഞ്ഞു. വേണമെങ്കില്‍ കോണ്‍ട്രാക്ടില്‍ തുടരാം. അവര്‍ക്കും അത് താല്‍പര്യമാണ്. സമ്മര്‍ദമുണ്ട്. ഞാന്‍ വേണ്ടെന്ന് തീരുമാനിച്ചു. മറ്റെന്തെങ്കിലും ചെയ്യണം. കുറച്ചുകൂടി അര്‍ഥമുള്ള എന്തെങ്കിലും’.
ദിവസങ്ങള്‍ മുന്‍പ് നടന്ന ഒരു സംഭാഷണത്തില്‍ നിന്നാണ്. മലയാളത്തിലെ മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ വാക്കുകളാണ്. വാര്‍ത്താചാനലിന്റെ കണ്ണായിരുന്ന ആള്‍. സുഹൃത്താണ്. പ്രായം തെല്ലും ബാധിക്കാത്ത മനസുള്ള വലിയ മനുഷ്യന്‍. മാധ്യമപ്രവര്‍ത്തനത്തിന്റെ ആരംഭകാലം തൊട്ടേ പരിചിതന്‍. കേരളത്തിന്റെ വാര്‍ത്താചാനല്‍ ചരിത്രത്തിനൊപ്പം വളര്‍ന്നയാള്‍. ഇരമ്പുന്ന ഭൂതകാലമുള്ളയാള്‍. പൊതുവേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ കാണുന്ന, മാധ്യമമേഖലയോടുള്ള സര്‍വാംഗപുച്ഛവും എനിക്കു ശേഷം കൊടും വരള്‍ച്ചഎന്ന മട്ടും തെല്ലുമില്ലാത്തയാള്‍. മുന്‍പുള്ള കൂടിക്കാഴ്ചകളിലെല്ലാം അങ്ങേയറ്റം ആദരവോടെ തന്റെ പ്രൊഫഷനെക്കുറിച്ച് പറഞ്ഞിരുന്നയാള്‍. മടുത്തു എന്ന് വലിയ വായില്‍ കോട്ടുവായിടുന്ന ഇളമുറക്കാരെ താന്‍ താണ്ടിയ ദൂരങ്ങളിലെ മഹാപ്രകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച് ശാസിക്കുന്നയാള്‍. അദ്ദേഹമാണ് “”മറ്റെന്തെങ്കിലും ചെയ്യണം, കുറച്ചുകൂടി അര്‍ഥമുള്ള എന്തെങ്കിലും” എന്ന അതീവ നിരാശയുടെ കെടും ഭാരം വഹിക്കുന്ന വാക്കുകള്‍ ഉച്ചരിച്ചത്.
“”എന്തുപറ്റി, മടുത്തോ” എന്ന സാഹചര്യത്തിന് ഒട്ടും ചേരാത്ത, ആത്മാര്‍ഥത തീണ്ടാത്ത ഒന്നായിരുന്നു എന്റെ ചോദ്യം.
“”മടുത്തിട്ടല്ല. നമ്മള്‍ വന്ന കാലം, പണിയെടുത്ത കാലം ഒക്കെ മാറി. ഈ പണിക്ക് നാട്ടുകാരില്‍ നിന്ന് കിട്ടിയിരുന്ന ഒരു സ്‌നേഹം ഇപ്പോ ഇല്ല. മുന്‍പ് നമ്മള്‍ ഒരു വാര്‍ത്ത എടുക്കാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ പൊതിയും. അവരുടെ സ്‌നേഹത്തില്‍ നിന്നാണ് പല വാര്‍ത്തകളും ഉണ്ടായത്. അന്നൊക്കെ ആ റെസ്‌പെക്ട് ഫീല്‍ ചെയ്യും. അത് നമ്മുടെ കഴിവല്ല. നമ്മുടെ മീഡിയത്തിന്റെ ഒരു ബലമാണ്. ഇപ്പോ അങ്ങനെയല്ല. ദിവസോം തെറി ഉറപ്പാണ്. പരിഹാസവും. നമ്മള്‍ എന്തോ കൊള്ളാത്ത കാര്യം ചെയ്യുന്ന ആളുകള്‍ എന്ന രീതി. നമുക്ക് ആ പരിഹാസം പെട്ടെന്ന് കൊള്ളും. പുതിയ ആളുകള്‍ക്ക് പഴയ കാലം അറിയില്ലല്ലോ? അതുകൊണ്ട് അവര്‍ക്ക് അങ്ങനെ ഉള്ളില്‍ കൊള്ളില്ല.”
“”ശരിയാണ്.”
“”നിങ്ങള്‍ പ്രിന്റില്‍ ഉള്ളവര്‍ക്ക് കുറച്ചുകാലം കൂടി നില്‍ക്കാം. നിങ്ങള്‍ക്ക് ഇപ്പോഴും ചെറിയ സപ്പോര്‍ട്ട് ഉണ്ട്. ഞങ്ങളുടെ കച്ചോടം പൂട്ടിച്ചത് ഈ ചര്‍ച്ചകളും കൂട്ടപ്പൊരിച്ചിലും എല്ലാമാണ്. ഭയങ്കര മത്സരമല്ലേ. ചര്‍ച്ചയ്ക്കിടയില്‍ ഏതു നിമിഷവും ആരെങ്കിലും തുണിയഴിച്ച് തുള്ളുമോ എന്ന് ഞാന്‍ പേടിക്കാറുണ്ട്. ചര്‍ച്ചയ്ക്ക് വന്നവര്‍ അഴിച്ചില്ലേല്‍ അവതാരകര്‍ തുള്ളാന്‍ ചാന്‍സുണ്ട്. നീ ഇപ്പോ മനസില്‍ വെച്ചോ ഒട്ടും വൈകാതെ സംഘട്ടനം ചര്‍ച്ചയുടെ ഭാഗമാകും. ആരെങ്കിലും തുടങ്ങിവെച്ചാല്‍ മതി. എല്ലാ ചാനലിലും അടിപൊട്ടും. തലേ ദിവസത്തെ ഈ പരാക്രമങ്ങള്‍ കണ്ട് വയലന്റായിരിക്കുന്ന ആളുകളുടെ അടുത്തേക്കാണ് പിറ്റേ ദിവസം വാര്‍ത്തക്കായി ചെല്ലേണ്ടത്. നാട്ടുകാര്‍ക്ക് ഇപ്പോള്‍ ചാനല്‍ എന്നു പറഞ്ഞാല്‍ വൈകുന്നേരത്തെ ചര്‍ച്ചകളാണ്. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞാല്‍ അതിലെ ആങ്കർമാരാണ്. ആങ്കര്‍മാര്‍ വേറൊരു തൊഴില്‍ വിഭാഗമാണ്. ആരോടുപറയാന്‍?”
“”നിങ്ങള്‍ മുതിര്‍ന്നവര്‍ക്ക് കുറച്ചുകൂടി ഇടപെടല്‍ നടത്താമായിരുന്നു.”
“”എങ്ങനെ? അതിന് ഈ ആങ്കര്‍മാര്‍ ഒന്നും മോശം മനുഷ്യരോ മോശം ജേണലിസ്റ്റുകളോ അല്ല. അപ്പുറത്ത് തുള്ളല്‍ നടക്കുമ്പോ ഇവിടെ പാട്ട് പാടി ഇരുന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റും എന്ന പേടിയാണ്. ചാനല്‍ മാറ്റിയാല്‍ മുതലാളി അറിയും. എഡിറ്റര്‍മാരാണ് ഇപ്പോ മുതലാളിമാര്‍. അതാണ് വ്യത്യാസം. അപ്പോള്‍ അവിടെ തുള്ളാന്‍ തുടങ്ങുമ്പോ ഇവിടെ ആട്ടം മുറുക്കണം. അതൊരു വിനോദപരിപാടിയായി കണ്ടാല്‍ മതി. ആളുകള്‍ അങ്ങനെ കാണുന്നില്ല. മടുപ്പായി.”
“”ദിവസവും നല്ല വാര്‍ത്തകള്‍ അല്ലേല്‍ നല്ല മനുഷ്യപ്പറ്റുള്ള സ്‌റ്റോറികള്‍ ഉണ്ടേല്‍ ആളുകള്‍ ചാനലൊന്നും മാറ്റില്ല.”
“”അതിന് പണിയെടുക്കണം. ഉപായത്തില്‍ കഷായം വെക്കാമെങ്കില്‍, ആ കഷായം കുടിക്കാന്‍ ആളുണ്ടെങ്കില്‍ പിന്നെന്തിന് വിറക് വെട്ടണം? അത്രേ ഉള്ളൂ. പണിയെടുക്കാതെ പ്രശസ്തി കിട്ടാന്‍ പല വഴികളുണ്ട്. ആ വഴിക്കാണ് നമ്മള്‍ പോകുന്നത്. ഏതായാലും ഞാന്‍ ഹാപ്പിയാണ്. ഇതിന്റെ നല്ലകാലത്ത് നമ്മള്‍ പണിയെടുത്തിട്ടുണ്ടല്ലോ?”
ആ സംഭാഷണം അവസാനിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ നാളുകളില്‍ നിരന്തരമായി ചാനലുകള്‍ കാണേണ്ടി വന്നപ്പോള്‍ ആ സംഭാഷണം വീണ്ടുമോര്‍ത്തു. ലാല്‍കുമാര്‍ എന്ന ചര്‍ച്ചക്കാരനും മാതു സജി എന്ന അവതാരകയും തമ്മില്‍ നടന്ന ഭാഷാലീലയുടെ നാളില്‍ പ്രത്യേകിച്ചും. ആ ദിവസങ്ങളില്‍ മലയാളി യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞ ദൃശ്യം ലാല്‍കുമാര്‍ പറഞ്ഞത് ഫാക്ട് എന്നാണോ അതോ ആരോപിക്കപ്പെട്ട തെറിവാക്കാണോ എന്നതാണ്. നടുക്കമുണ്ടാക്കിയത് അതല്ല, അച്ചടിക്കാറില്ലാത്ത ഒന്നാണ് പൊതുവേ തെറിവാക്ക്. നൂറു കണക്കിനാളുകള്‍ കാണുന്ന ഒരു ചര്‍ച്ചയില്‍ അത്തരം ഒരു വാക്ക് പറയപ്പെട്ടേക്കാം എന്ന്, താരതമ്യേന ജൂനിയറായ ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് തോന്നുന്നുവെങ്കില്‍, നമ്മുടെ വാര്‍ത്താസംസ്‌കാരത്തെക്കുറിച്ച് അവര്‍ ധരിച്ചുവച്ചത് എത്ര അപകടകരമായ ഒന്നായിരിക്കാം എന്നതാണ്. അതവരുടെ തെറ്റല്ല. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ തുടങ്ങിയ കാലമാണ് അവരുടെ മാധ്യമജീവിതത്തിന്റെ ആരംഭകാലം. മറ്റൊന്നും ആ വിവാദത്തില്‍ കാമ്പുള്ളതായി ഇല്ല. തീര്‍ച്ചയായും മെച്ചപ്പെട്ട മറ്റൊന്ന് നാം അര്‍ഹിക്കുന്നുണ്ട്.
അഞ്ചു വര്‍ഷം മുന്‍പായിരുന്നു 2017. ആ വര്‍ഷം മാര്‍ച്ചില്‍ ലോകത്ത് പലയിടത്തും പലരൂപത്തില്‍ ആവര്‍ത്തിച്ച് അപഹാസ്യമാക്കപ്പെട്ട ഒരു ചാനല്‍ മാധ്യമ സംസ്‌കാരം, ഒരു ടെലിവിഷന്‍ ചാനലായി മലയാളിക്ക് മുന്നിലെത്തി- മംഗളം ചാനല്‍. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബ്രേക്കിംഗോടെ ഞങ്ങള്‍ തുടങ്ങുന്നു എന്നായിരുന്നു മാര്‍ച്ച് 26-ലെ മംഗളം ചാനല്‍ മേധാവികളുടെ പ്രഖ്യാപനം. സ്വാഭാവികമായും വാര്‍ത്താകുതുകികളായ മനുഷ്യര്‍ ആ ബ്രേക്കിംഗിന് കാത്തിരുന്നു. വയോധികനായ ഒരു മന്ത്രിയുടെ ടെലിഫോണ്‍ ലൈംഗികഭാഷണത്തിന്റെ ഒളിട്ടേപ്പായിരുന്നു ആ ബ്രേക്കിംഗ്. പാപ്പരാസി എന്ന് മാധ്യമ പഠിതാക്കള്‍ പേരിട്ടുവിളിക്കുന്ന, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വാര്‍ത്ത കാണല്‍ സമൂഹങ്ങളെ ഏറെക്കുറെ നഷ്ടപ്പെട്ട രാജ്യങ്ങളിലെ ചാനലുകളില്‍ പിടിച്ചുനില്‍ക്കലിനായി കണ്ടുവരുന്ന അഴിഞ്ഞാട്ടം പോലൊന്ന്. കേരളത്തില്‍ പക്ഷേ, അത്ര പതിവില്ലാത്ത ഒന്നായിരുന്നു ആ ചോര്‍ത്തല്‍. എങ്ങോട്ടാണ് ആ വാര്‍ത്തയുടെയും ചാനലിന്റെയും പോക്ക് എന്ന കൗതുകത്താല്‍ അന്ന് മിക്കവാറും സമയം ആ ചാനലിനെ നിരീക്ഷിച്ചു എന്നു പറയട്ടെ.
മുന്‍നിശ്ചിതമായ ഒരു അശ്ലീല തിരക്കഥയുടെ ദയനീയമായ പകര്‍ന്നാട്ടമായിരുന്നു ആ ബ്രേക്കിംഗ്. ആ സംഭാഷണത്തിലെ ലൈംഗിക ഒളിഞ്ഞുനോട്ടത്തിനപ്പുറത്തേക്ക് വാര്‍ത്ത വികസിപ്പിക്കപ്പെട്ടില്ല. ദുഷിച്ച ഒരു അധോതല മനസിന്റെ ന്യൂസ് റൂം വിക്രിയക്കപ്പുറം ഒന്നും വെളിപ്പെടുത്തപ്പെട്ടില്ല. ഏതെങ്കിലും അധികാര ദുര്‍വിനിയോഗം വെളിച്ചത്തായില്ല. കൃത്യമായ പദ്ധതിയോടെ നടത്തിയ കുരുക്കിടല്‍ തെളിഞ്ഞുവന്നു. അന്ന് പകല്‍ മുഴുവന്‍ വയോധികനായ ഒരു മനുഷ്യന്റെ ദുര്‍ബലമായ ശബ്ദം നിര്‍ലജ്ജം സംപ്രേഷണം ചെയ്തു മംഗളം ചാനൽ. സ്വാഭാവികമായും നാണക്കേടിനാല്‍ മുഖം താഴ്ത്തപ്പെട്ട ആ വയോധികന്‍ രാജിവെച്ചു. ശേഷം ചരിത്രം. മംഗളം ചാനലിനെ മലയാളി കൈവിട്ടു. ജനങ്ങള്‍ ആ മനുഷ്യനെ വീണ്ടും ജയിപ്പിച്ചു. അദ്ദേഹമിപ്പോഴും മന്ത്രിയാണ്.
അക്കാലത്ത് നവമാധ്യമങ്ങളിലും മാധ്യമ കൂട്ടായ്മകളിലും നടന്ന വലിയ ചര്‍ച്ചകളിലൊന്ന് ചാനല്‍ നൈതികത എന്നതായിരുന്നു. മലയാളി മെച്ചപ്പെട്ട ഒരു മാധ്യമസംസ്‌കാരം അര്‍ഹിക്കുന്നുണ്ട് എന്ന വാദം പ്രബലമായി. കാരണമുണ്ട്. മംഗളം നിര്‍ഭാഗ്യവശാല്‍ മാതൃകയാക്കിയ പാശ്ചാത്യ പാപ്പരാസിത്തം അന്നാടുകളിലെ മാധ്യമസാഹചര്യങ്ങളുടെ ഒരു നിര്‍മിതി ആയിരുന്നു. പൂര്‍ണമായും കോര്‍പറേറ്റ് മൂലധനത്തിന്റെ താല്‍പര്യങ്ങളിലേക്ക് അവിടങ്ങളില്‍ മാധ്യമങ്ങള്‍ വഴിപ്പെട്ടിരുന്നു. അധികാരവും മൂലധനവും ചേര്‍ന്ന ഒരു സംയുക്തമായിരുന്നു അവയുടെ രാസത്വരകം. മാത്രവുമല്ല, ഒരു മാധ്യമ തല്‍പര സമൂഹം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. സ്വാഭാവികമായും വിനോദത്തിന്റെ ഉപഘടകമായി അവിടങ്ങളില്‍ വാര്‍ത്തകള്‍ മാറി. അന്നാടുകളിലെ സാമൂഹികതയും കേരളവും തമ്മില്‍ അക്കാര്യത്തില്‍ ഒരു താരതമ്യവും ഇല്ല താനും. ഇന്നും കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനശക്തി തന്നെയാണ് മാധ്യമങ്ങള്‍. അതിനാലാണ് വീണ്ടും ഇക്കാര്യങ്ങള്‍ നമുക്ക് സംസാരിക്കേണ്ടി വരുന്നത്.
ചാനലുകള്‍ അമ്പേ മോശം, അവയിനി വേണ്ടേ വേണ്ട എന്ന നിഗ്രഹോത്സുകത ഒരു ഘട്ടത്തിലും ഈ കുറിപ്പിന്റെ നിലപാടല്ല. ചാനലുകളും പ്രവര്‍ത്തിക്കുന്നത് നമ്മുടെ സാമൂഹികതയിലാണ്. ഈ സാമൂഹികത പലകാരണങ്ങളാല്‍ അഭിമുഖീകരിക്കുന്ന അപചയങ്ങള്‍ വാര്‍ത്താചാനലുകള്‍ക്കും ബാധകമാണ്. മൂലധനവും വിപണിയും പിടിമുറുക്കിയ ഒരിടത്ത് ഒഴുക്കിനെതിരെ നീന്തല്‍ അത്ര പ്രായോഗികമല്ല. എന്നിട്ടും നമ്മുടെ അച്ചടി വര്‍ത്തമാന പത്രങ്ങള്‍ കാണാതെപോയ അനേകം വാര്‍ത്താമുഹൂര്‍ത്തങ്ങളെ ഇതേ ചാനലുകള്‍ നമുക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. മത്സരം രൂക്ഷമായ മാധ്യമ തൊഴില്‍ കമ്പോളത്തില്‍ തുച്ഛമായ ശമ്പളത്തിന് രാപകല്‍ പണിയെടുക്കുന്ന അനേകരുള്ള മേഖലയുമാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ മാധ്യമ മേഖലയിലും മാധ്യമ പഠനത്തിലും സംഭവിച്ച സകല വീഴ്ചകളുടെയും ഇരകളുമാണ് ആ മാധ്യമ പ്രവര്‍ത്തകര്‍. അതിനാല്‍ സ്വരം താഴ്ത്തി മാത്രമാണ് ഈ വിമര്‍ശനം. മലയാളി കുറച്ചുകൂടി മെച്ചപ്പെട്ട ചാനല്‍ സംസ്‌കാരം നിശ്ചയമായും അര്‍ഹിക്കുന്നുണ്ട്.
ഒന്നാമതായി കേരളം നിലനില്‍ക്കുന്ന മതേതരപരിസരം, കേരളം ചരിത്രത്തിലൂടെ രൂപപ്പെടുത്തിയ അടിസ്ഥാന മര്യാദകള്‍ എന്നിവ പഠിക്കാനും പാലിക്കാനും ചാനലുകള്‍ തയാറാവണം എന്നതാണ്. ഒരു നേരത്തെ ആള്‍ക്കൂട്ട സമ്പാദനത്തിനായി നിങ്ങള്‍ നെറികേടുകള്‍ ചെയ്യരുത്. കാരണം ഒരു നിമിഷത്തെ, അല്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂറിലെ നിങ്ങളുടെ വീഴ്ചകള്‍ നമ്മുടെ ജീവിതത്തെ ഇത്രനാള്‍ സുരക്ഷിതമാക്കിയ അന്തരീക്ഷത്തെ കലുഷിതമാക്കും. ഉദാഹരണം പി സി ജോര്‍ജ്. മലയാള ചാനലുകളുടെ അന്തം വിട്ട പാച്ചിലിന്റെ ഒന്നാംതരം ഗുണഭോക്താവാണ് പി സി ജോര്‍ജ്. ഇന്നലെ പൊട്ടിമുളച്ച തകരയല്ല ആ രാഷ്ട്രീയ നേതാവ്. തീര്‍ച്ചയായും ജനകീയ അടിത്തറ ഒരിക്കല്‍ ഉണ്ടായിരുന്ന, ഒന്നാംതരമായി കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ പാങ്ങുണ്ടായിരുന്ന നേതാവായിരുന്നു ഒരിക്കല്‍ പി സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ചരിത്രത്തില്‍ പി സി ജോര്‍ജ് ഉണ്ട്. പക്ഷേ, ജോര്‍ജിനെ ചാനലുകള്‍ ഉപയോഗിച്ചത് റേറ്റിംഗിനായി മാത്രമാണ്. അയാളില്‍ നിന്ന് പുറപ്പെടുന്ന വിലകുറഞ്ഞ അശ്ലീലങ്ങളെ ചാനലുകള്‍ ബ്രേക്കിംഗ് ആക്കാന്‍ തുടങ്ങി. വി എസ് അച്യുതാനന്ദനെപ്പോലെ ഐതിഹാസികനായ ഒരു മനുഷ്യനെ പൊതുവേദിയില്‍ നിന്ന് തെറിവിളിച്ച പി സി ജോര്‍ജിനെ അക്കാലത്ത് വിമര്‍ശിച്ച് തിരുത്തിക്കുകയല്ല കൂടുതല്‍ പറയാന്‍ പ്രേരിപ്പിച്ച് വളര്‍ത്തുകയാണ് ചാനലുകള്‍ ചെയ്തത്. പൊതുരാഷ്ട്രീയത്തിലെ ഇടത് വലത് മുന്നണി സമ്പ്രദായത്തിലോ എന്‍ ഡി എയില്‍ പോലുമോ സ്വന്തം പ്രവൃത്തിവശാല്‍ നിലകിട്ടാതെ പോയ ജോര്‍ജ് ഇതുതന്നെ പറ്റിയ സന്ദര്‍ഭം എന്നു കണ്ടു. അയാളുടെ വിഷം വമിപ്പിക്കുന്ന വാക്കുകള്‍ വിസര്‍ജിക്കാനുള്ള ക്ലോസറ്റുകളായി മലയാള ചാനലുകള്‍ മാറി. അയാള്‍ ആനന്ദിച്ചു. ബലാത്സംഗം മുതലുള്ള സര്‍വ വിഷയങ്ങളിലും ജോര്‍ജ് പാനലിസ്റ്റായി. ഒരു വിഷയത്തില്‍ അഭിപ്രായം പറയാനുള്ള ജോര്‍ജിന്റെ അറിവോ അര്‍ഹതയോ അല്ല മറിച്ച് പി സി ജോര്‍ജ് പറയാനിടയുള്ള വിലകുറഞ്ഞ വാക്കുകളുടെ ഇക്കിളി ശേഷിയിലാണ് ചാനലുകള്‍ ലാഭം കണ്ടത്. ഫലം കേരളത്തിന്റെ മതേതര ജീവിതത്തില്‍ പി സി ജോര്‍ജ് വലിയ അപശബ്ദമായി. ക്രിമിനല്‍ പ്രവൃത്തിക്ക് അറസ്റ്റിലായ ഒരാള്‍ക്ക് താരപരിവേഷം നല്‍കുന്നതായി ചാനലുകളുടെ പ്രവൃത്തി. വിഷം ചീറ്റുന്ന ഒരു ശക്തിക്ക് വിമര്‍ശനവും പൂമാലയാണെന്ന് ചാനലുകള്‍ ഓര്‍ത്തില്ല. ഇതാ ഇദ്ദേഹം പറയുന്നത് വഷളത്തരമാണ്, ഞങ്ങള്‍ ഈ വാക്കുകള്‍ പ്രക്ഷേപണം ചെയ്യില്ല എന്ന് ആരും നിലപാടെടുത്തില്ല. സ്വന്തം ജനതയോട് തെല്ലെങ്കിലും ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ എടുക്കേണ്ട നിലപാട് അതായിരുന്നു. വിഷപ്പാമ്പുകള്‍ക്ക് മകുടിയാവരുതായിരുന്നു ചാനലുകള്‍. ജനങ്ങളുടെ ഇഷ്ടം അതാണ് എന്നത് വൃത്തികെട്ട ജാമ്യമാണ്. ഇഷ്ടത്തെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. ജനങ്ങള്‍ രൂപപ്പെടുന്നതല്ല. രൂപപ്പെടുത്തുന്നതാണ്. അന്തിക്ക് ചാനല്‍ പൈങ്കിളിക്ക് പകരം ഒരു വിനോദമായി തങ്ങള്‍ നയിക്കുന്ന ചര്‍ച്ചകളെ ആളുകള്‍ കാണുന്നു എന്നത് നാണക്കേടായെങ്കിലും അവര്‍ കരുതണം.
പി സി ജോര്‍ജ് ഒരു സമകാല ഉദാഹരണം മാത്രമാണ്. കേരളീയ പൊതുജീവിതം ഒരിക്കലും മാനിക്കരുതാത്ത എത്രയോ ആളുകള്‍ക്കാണ് ഈ അനാവശ്യ ദൃശ്യത കഴിഞ്ഞ കാലങ്ങളില്‍ ചാനലുകള്‍ സമ്മാനിച്ചത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യ വിഷംചീറ്റല്‍ എടുക്കുക. അത് കുറ്റകരമായ ഒരു പ്രവൃത്തിയാണ്. അത് നമ്മുടെ ജീവിതത്തെ പിളര്‍ത്താന്‍ പോന്നതാണ്. അക്കാര്യത്തില്‍ നിങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ എന്തിനാണ് അതിനെ അനുകൂലിക്കുന്നവര്‍? എല്ലാ സമൂഹത്തിലും കുറ്റകൃത്യങ്ങളുണ്ടാവാറുണ്ട്. അതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗവുമുണ്ടാവും. കുറ്റകൃത്യങ്ങളെ എതിര്‍ത്ത് ന്യായീകരണങ്ങളെ സമ്പൂര്‍ണമായി തമസ്‌കരിച്ചാണ് മനുഷ്യസമൂഹം നാഗരികത കൈവരിച്ചത്. അങ്ങനെ വരുമ്പോള്‍ അനാഗരികതയുടെ സൃഷ്ടാക്കളായി നാം തരംതാഴേണ്ടതുണ്ടോ?
മറ്റൊന്ന് സംവാദം എന്ന നമ്മുടെ പൊതുജീവിതത്തിന്റെയും മനുഷ്യരുടെ രാഷ്ട്രീയ- ബൗദ്ധിക ജീവിതത്തിന്റെയും അടിത്തറയായി രൂപപ്പെട്ട ഒരു പ്രക്രിയയാണ്. മനുഷ്യനാഗരികതയോളം പഴക്കമുണ്ട് അതിന്റെ പ്രഭവത്തിന്. ഒരു വിഷയത്തെ നാനാതരത്തില്‍ വിശകലനം ചെയ്ത് തീര്‍പ്പിലെത്താന്‍ വഴികാട്ടുകയാണ് സംവാദത്തിന്റെ രീതി. മനുഷ്യരാശി അതിന്റെ അതിജീവനത്തിനായി രൂപപ്പെടുത്തിയ ആ ഉന്നത സദസ്സിനെ അപഹാസ്യമാക്കുന്നത് അനീതിയാണ്. ഒരു വിഷയമെടുക്കുക, ആ വിഷയത്തില്‍ വിദഗ്ധരായവരെന്ന് തോന്നിപ്പിക്കുന്ന ഒരാളെ ഇരുത്തുക, ഇടവും വലവും നടുക്കും കോണ്‍ഗ്രസ്, സി പി എം, ബി ജെ പി എന്നിങ്ങനെ മൂന്നു പേരെ നിരത്തുക. സ്ഥിരം ചാര്‍ച്ചികരായ ഈ മൂവര്‍ പരസ്പരം പോരടിക്കുക. എന്താണ് ഈ നടക്കുന്നത്? ആരാണ് ലജ്ജിക്കേണ്ടത്? കോണ്‍ഗ്രസ് പക്ഷത്തുനിന്നുള്ള ഒരു സ്ഥിരം സാന്നിധ്യം ചര്‍ച്ച തുടങ്ങിയാലുടന്‍ ഞെളിപിരിയാണ്. അടിക്കും, തട്ടും, വാ തുടങ്ങിയ വെല്ലുവിളികള്‍. അദ്ദേഹത്തിന് ആരാധകക്കൂട്ടം പോലും ഇപ്പോഴുണ്ട്. വ്യക്തിപരമായി നല്ല ചെറുപ്പക്കാരനാണ്. പക്ഷേ, ചാനലില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വരുന്നു. എന്താണ് ഈ ചര്‍ച്ചാ മനുഷ്യരുടെ വിഷയവൈദഗ്ധ്യം? എവിടെയാണവര്‍ ഇടപെട്ട ഭൂതകാലം? ഒന്നുമില്ല. ഉദാഹരണം ഇപ്പോള്‍ വിവാദത്തിലായ ഇടതുചാര്‍ച്ചികന്‍. ഏതു മേഖലയില്‍ നിരന്തരം ഇടപെട്ട് ആര്‍ജിച്ച ജ്ഞാനമാണ് അദ്ദേഹത്തിന് ഇരിപ്പിടമായത്? ഒന്നുമില്ല. എന്തൊരു വഷളന്‍ ബഹളമാണിത്? എന്താണ് കേരളീയ പൊതുമണ്ഡലത്തില്‍ രാഹുല്‍ ഈശ്വറിന്റെ സംഭാവന? നിങ്ങള്‍ ആരെയാണ് ഇങ്ങനെ പടച്ചുവിടുന്നത്?
നിശ്ചയമായും ഇതൊരു ശാപവിമര്‍ശനമല്ല. നമുക്ക് മാറാന്‍ കഴിയും. ഏഷ്യാനെറ്റിന്റെയും മാതൃഭൂമിയുടെയും മനോരമയുടെയും 24ന്റെയും എല്ലാം നായകര്‍ കേരളീയസമൂഹത്തിന് അപരിചിതരോ ഇന്നലെ പൊട്ടിമുളച്ചവരോ പരസ്പര ശത്രുക്കളോ അല്ല. അവര്‍ക്ക് ഒരു മേശക്ക് ഇരുപുറവുമിരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യവുമില്ല. ഈ വിദ്വേഷസംസ്‌കാരത്തിന്റെ പ്രചാരകരായി നമ്മുടെ ശവക്കുഴി തോണ്ടണമോ എന്ന് നമുക്ക് ഒരുമിച്ച് ആലോചിക്കാവുന്നതാണ്. മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. എല്ലാവര്‍ക്കും പങ്കിട്ടെടുക്കാന്‍ പറ്റുന്ന അത്ര ചെറുതും ഉദാരവുമാണ് പരസ്യവിപണി. പിന്നെന്തിന്?
നമ്മുടെ ചാനല്‍ മേധാവികള്‍ക്കും നമുക്കും അറിയുന്നതുപോലെ അമേരിക്കന്‍ ഐക്യനാടുകളോ യൂറോപ്പോ പോലെയല്ല ഈ നാട്. നവോത്ഥാനത്തിന്റെ വേരുറപ്പ് പട്ടുപോയിട്ടില്ല. നാം കഠിനമായി പ്രയത്‌നിച്ച് വെട്ടിയ വഴികള്‍ അടഞ്ഞുപോയിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയ ഭൂതകാലം അത്ര വിദൂരവുമല്ല. ഈ നാട് കുറേക്കൂടി സുന്ദരമാക്കുക എന്നത് അത്ര പ്രയാസകരവുമല്ല. ജനങ്ങള്‍ മടുത്തു എന്നുപറയുംവരെ നിങ്ങള്‍ കാത്തിരിക്കരുത്. “”അര്‍ഥമുള്ള മറ്റെന്തെങ്കിലും” എന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെക്കൊണ്ട് വിലപിപ്പിക്കുകയും അരുത്. കുറച്ചുകൂടി ഔചിത്യവും അന്തസും ഉള്ള ഒരു മാധ്യമസംസ്‌കാരം നിങ്ങള്‍ മാത്രം വിചാരിച്ചാല്‍ സംജാതമാകും. അഴുക്കുചാലില്‍ ഏറെക്കാലം നീന്താനാവില്ല. പുഴുക്കള്‍ക്ക് അല്‍പായുസ്സാണെന്ന് മറക്കരുത്.
കെ കെ ജോഷി
You must be logged in to post a comment Login