ക്രി. 570 ൽ കഅ്ബയെ ആക്രമിക്കാൻ ലക്ഷ്യമിട്ടു മക്കയിലേക്കു സൈന്യവുമായി വന്ന രാജാവ് അബ്റഹതിന് അല്ലാഹു നൽകിയ ശിക്ഷയെക്കുറിച്ചാണല്ലോ വിശുദ്ധ ഖുർആനിലെ നൂറ്റിയഞ്ചാം അധ്യായം സൂറത്തുൽ ഫീൽ. എന്നാൽ അതെന്തിനു വേണ്ടി എന്നാണ് നാലു സൂക്തങ്ങളടങ്ങിയ സൂറതുൽ ഖുറൈശ് വിരൽചൂണ്ടുന്നത്:
“ഖുറൈശികളുടെ സുരക്ഷിതപ്രയാണത്തിന്, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും വാണിജ്യ യാത്രകളുടെ സുരക്ഷയ്ക്കുവേണ്ടി. അതിനാല്‍, ഈ മന്ദിരത്തിന്റെ നാഥനെ അവർ ആരാധിക്കട്ടെ. അവൻ അവര്‍ക്ക് വിശപ്പകറ്റി അന്നമേകി. ഭയത്തിൽ നിന്ന് മോചനവുമേകി'(സൂറതുൽ ഖുറൈശ് ).
ഓർക്കേണ്ട കാര്യം; വിശുദ്ധ ഖുർആനിലെ അധ്യായങ്ങൾ തമ്മിലുള്ള ഇഴയടുപ്പമാണ്. സൂറതുൽ ഖുറൈശും തൊട്ടുമുമ്പുള്ള അധ്യായം സൂറതുൽ ഫീലും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. അല്ലാഹു അബ്റഹതിന്റെ ആനപ്പടയാളികളെ എങ്ങനെ ശിക്ഷിച്ചുവെന്ന് സൂറതുൽ ഫീലിലും അത് എന്തിനായിരുന്നുവെന്ന് സൂറതുൽ ഖുറൈശിലും വിവരിക്കുന്നു.
സുന്ദരവും സ്ഥൂലവും അതിസൂക്ഷ്മവുമായ ഇഴയടുപ്പവും പരസ്പരബന്ധവും ഖുർആനിലെ ഓരോ അധ്യായങ്ങൾക്കും സൂക്തങ്ങൾക്കുമിടയിലുള്ളതായി കാണാൻ കഴിയും. ഇതേ കുറിച്ചുള്ള അല്ലാമാ ഇമാം ഫഖ്റുദ്ദീൻ അൽ റാസിയുടെ(റ) വാക്കുകൾ ശ്രദ്ധേയമാണ്: “വിശുദ്ധ ഖുർആൻ മുഴുവനും ഒരധ്യായം പോലെയാണ്, അതിലപ്പുറം, ഒറ്റ സൂക്തം പോലെയാണ്. അവയോരോന്നും പരസ്പരം സത്യപ്പെടുത്തുന്നു. അർഥങ്ങൾ വിശദീകരിക്കുന്നു.’
അല്ലാഹു അബ്റഹതിനും സൈന്യത്തിനും കനത്തപ്രഹരം നൽകിയത് ഖുറൈശികളുടെ സുരക്ഷക്കു വേണ്ടിയാണ്. അവരെ ആദരിക്കാനും അവരുടെ മഹത്വം ബോധ്യപ്പെടുത്താനും വേണ്ടിയാണെന്നു കൂടെ മനസിലാക്കാം. ഇവിടെ അല്ലാഹുവിന്റെ പ്രവർത്തനത്തിന്റെ രണ്ടു മാനങ്ങൾ (dimensions) കാണാം. ഒരേ സമയം ഒരു വിഭാഗത്തിനത് അനുഗ്രഹമായും (ഖുറൈശികൾ) മറുവിഭാഗത്തിനത് (അബ്റഹത്) നിഗ്രഹ/ നാശമായും ഭവിക്കുന്നു.
സൂറതുൽ ഖുറൈശ്
മാനവ സമൂഹത്തെ ദൈവാനുഗ്രഹങ്ങളെക്കുറിച്ചോർമിപ്പിച്ച് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ മനുഷ്യൻ എന്തുകൊണ്ടും കടപ്പെട്ടിരിക്കുന്നുവെന്നുണർത്തുകയാണ് അല്ലാഹു ചെയ്യുന്നത്. ഖുറൈശികൾക്കരുളിയ മഹാനുഗ്രഹങ്ങളെ മുൻനിർത്തി അല്ലാഹുവിനെ ആരാധിക്കുന്നതിൽ അവർ കാണിക്കുന്ന വിമുഖതയും എതിർപ്പും അതിവിചിത്രമാണെന്നു കൂടി ബോധ്യപ്പെടുത്തുന്നുണ്ട്.
ഖുറൈശികളെ പരാമർശിച്ചുവെന്ന് കരുതി ഖുറൈശികളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വചനങ്ങളുടെ അർഥവ്യാപ്തി.ഖുറൈശ് ഒരു പ്രതീകം/ പ്രതിനിധാനമാണ്; മനുഷ്യ ഗോത്രങ്ങളുടെ /വീട്, ഗോത്രം തുടങ്ങിയവയുൾക്കൊള്ളുന്ന സാമൂഹ്യ സ്ഥാപനങ്ങളുടെയൊക്കെ പ്രതീകം.
“ജീവിതം ഒരനുഗ്രഹ’മെന്ന് ബഷീർ മുമ്പെഴുതിയതോർമിക്കുകയാണിപ്പോഴും. അഖിലവും അനുഗ്രഹമാണല്ലോ. അനുഗ്രഹദാതാവ് (അൽ മുൻഇം) എന്ന അല്ലാഹുവിന്റെ വിശേഷണമാണ് ലോകമാകെ തുറന്നുകിടക്കുന്നത്.
അനുഗ്രഹത്തിന്റെ അണമുറിയാത്ത പ്രവാഹം! ആ പ്രവാഹത്തിലെ നീരുറവകളാണ് ഈ അധ്യായത്തിലൊരുമിക്കുന്നത്.
ഖുറൈശ് അധ്യായത്തിൽ, ഖുറൈശികളുടെ ജീവിതാവസ്ഥ സുരക്ഷിതമാക്കുന്നതിനായി അല്ലാഹു കനിഞ്ഞരുളിയ രണ്ട് മഹാനുഗ്രഹങ്ങളാണ് പരാമർശിക്കുന്നത്:
1. അബ്റഹതിനേൽപ്പിച്ച നാശം
2. ഖുറൈശികൾക്ക് ഒരുക്കിയ ഉഷ്ണ- ശൈത്യയാത്രകൾ
ഈയനുഗ്രഹങ്ങൾ ചൊരിഞ്ഞത് അവരുടെ സുരക്ഷക്കു വേണ്ടിയാണ്. മക്കാ ദേശത്ത് അവർ അസ്വസ്ഥതയേതുമില്ലാതെ ഐശ്വര്യത്തോടെ ജീവിക്കാൻ. വിശുദ്ധ പ്രവാചകന്റെ(സ) പുറപ്പാട് അവിടെ നിന്നാണല്ലോ. എങ്ങനെയാണ് ആനപ്പടയാളികളുടെ നാശവും ഉഷ്ണ-ശൈത്യ വ്യാപാരയാത്രകളും ഖുറൈശികളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് നോക്കാം. അതിനായി ഖുറൈശികളുടെയും മക്കാ ദേശത്തിന്റെയും ചരിത്ര-സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം, ഭൂമിശാസ്ത്രം എന്നിവ മനസിലാക്കേണ്ടതുണ്ട്.
ഖുറൈശ് അറേബ്യയിലെ ഗോത്രമാണ്. തിരുറസൂലിന്റെ(സ) കുലപതിയായിരുന്ന ഖുസ്വയ്യുബ്‌നു കിലാബിന്റെ കാലം വരെ ഖുറൈശീഗോത്രം ഹിജാസിലെങ്ങും ചിതറിക്കിടക്കുകയായിരുന്നു. ഖുസ്വയ്യാണ് അവരെ മക്കയില്‍ ഒരുമിച്ചുകൂട്ടിയത്. കഅ്ബയുടെ പരിചരണം അവരുടെ കൈയില്‍ വന്നു. അതോടെ ഖുസ്വയ്യ് മുജമ്മിഅ്(സംഘാടകന്‍) എന്ന പേരിനു കൂടി അർഹനായി. അദ്ദേഹത്തിന്റെ സമര്‍ഥമായ ആസൂത്രണപാടവം മക്കയില്‍ ഒരു തലസ്ഥാന നഗരിക്ക് അടിത്തറപാകി. അറേബ്യയുടെ വിദൂരഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉചിതമായ സംവിധാനങ്ങളേര്‍പ്പെടുത്തി. തദ്ഫലമായി അറേബ്യയിലെങ്ങുമുള്ള എല്ലാ ഗോത്രങ്ങളിലും ഖുറൈശികളെക്കുറിച്ച് വലിയ മതിപ്പുളവാക്കി. കാലക്രമേണ ഈജിപ്ത്, സിറിയ, പൗരസ്ത്യദേശങ്ങള്‍ എന്നിവക്കിടയില്‍ അറേബ്യവഴി നടന്നുവന്നിരുന്ന രാഷ്ട്രാന്തരീയ വ്യാപാരത്തില്‍ പങ്കുവഹിച്ചു. അതോടൊപ്പം അറബികള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി സഞ്ചാരമാര്‍ഗത്തില്‍ വസിക്കുന്ന ഗോത്രങ്ങള്‍ക്ക് വില്‍ക്കുകയും അത് വഴി അറേബ്യയിലെ ആഭ്യന്തരവ്യാപാരികളെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. വഴിമധ്യേയുള്ള അറബിഗോത്രങ്ങളെല്ലാം, കഅ്ബയുടെ പരിചാരകരെന്ന നിലയില്‍ ഖുറൈശികളെ ആദരിച്ചിരുന്നുവെന്നത് മറ്റ് അറബി ഗോത്രങ്ങളുടെ വ്യാപാരസംഘങ്ങളെ അപേക്ഷിച്ച് ഖുറൈശി സാര്‍ഥവാഹകസംഘങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കി. ഹജ്ജ് കാലത്ത് ഖുറൈശികള്‍ ഹാജിമാര്‍ക്ക് ഉദാരമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പേരില്‍ എല്ലാവരും അവരോട് കൃതജ്ഞതയുള്ളവരായിരുന്നു. വഴിക്കുവെച്ച് തങ്ങളുടെ സാര്‍ഥവാഹകരെ കൊള്ളയടിക്കുമെന്ന് ഭയപ്പെടേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല. വഴിക്കുള്ള ഗോത്രങ്ങള്‍ക്ക്, മറ്റു ഗോത്രങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നതു പോലെ ഭാരിച്ച വഴിക്കരം ഖുറൈശികളില്‍നിന്ന് പിരിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ അവരുടെ കച്ചവടം അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. ഖുറൈശി സഹോദരന്മാർ (വണിക്കുകള്‍) എന്ന പേരില്‍ പ്രസിദ്ധരായി. ചുറ്റുമുള്ള ഗോത്രങ്ങളുമായും രാജ്യങ്ങളുമായും സ്ഥാപിച്ച സൗഹാര്‍ദ ബന്ധത്തെ ആസ്പദമാക്കി അവര്‍ അസ്വ് ഹാബുൽ ഈലാഫ് എന്നും വിളിക്കപ്പെട്ടിരുന്നു. ഈ വ്യാപാരപ്രവര്‍ത്തനം മൂലം ഖുറൈശികള്‍ക്ക് സിറിയ, ഈജിപ്ത്, യമന്‍, ഇറാഖ്, ഇറാന്‍, അബിസീനിയ തുടങ്ങിയ നാടുകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. വിവിധ നാടുകളിലെ സാംസ്‌കാരിക നാഗരികതകളുമായി നേരിട്ടിടപെട്ടുകൊണ്ടിരുന്നതിനാല്‍ അവരുടെ വൈജ്ഞാനികവും ധൈഷണികവുമായ നിലവാരം ഏറെ ഉയര്‍ന്നു. അവരോട് കിടപിടിക്കുന്ന മറ്റൊരു ഗോത്രവും അറേബ്യയിലുണ്ടായിരുന്നില്ല. സാമ്പത്തികമായും അവര്‍ മറ്ററബികളെക്കാള്‍ മികച്ചവരായിരുന്നു. മക്കയാകട്ടെ, അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട കച്ചവടകേന്ദ്രമായിത്തീരുകയും ചെയ്തു. ഖുറൈശികള്‍ ഈ വിധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മക്കയില്‍ അബ്‌റഹതിന്റെ ആക്രമണമുണ്ടായത്. അന്ന് അബ്‌റഹത്ത് വിശുദ്ധ പട്ടണം കീഴടക്കുന്നതിലും കഅ്ബ തകര്‍ക്കുന്നതിലും വിജയിച്ചിരുന്നുവെങ്കില്‍ അറേബ്യയില്‍ ഖുറൈശികളുടെ മാത്രമല്ല, കഅ്ബയുടെത്തന്നെയും അന്തസ്സും പ്രതാപവും അസ്തമിക്കുമായിരുന്നു. കഅ്ബ ദൈവിക ഗേഹമാണെന്നത് ജാഹിലീ അറബികള്‍ പരമ്പരാഗതമായി കൈമാറിവന്ന വിശ്വാസമാണ്. ഈ ഗേഹത്തിന്റെ പരിചാരകര്‍ എന്ന നിലയില്‍ നാടെങ്ങും ഖുറൈശികള്‍ നേടിയ ബഹുമാനവും ഒറ്റയടിക്ക് അവസാനിക്കുമായിരുന്നു. ഖുറൈശികളാകട്ടെ, ഖുസ്വയ്യുബ്‌നു കിലാബിന്റെ കാലത്തിനുമുമ്പ് അകപ്പെട്ടിരുന്നതിനെക്കാള്‍ ശോചനീയമായ അധഃസ്ഥിതിയിലേക്ക് തള്ളപ്പെടുകയും പലായനം ചെയ്യേണ്ടതായും വരുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒന്നാമതായി വിവരിച്ച മഹാനുഗ്രഹം അല്ലാഹു ചൊരിയുന്നത്: അബ്റഹതിന്റെയും ആനപ്പടയാളികളുടെയും നാശം.
അതോടെ കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന അറബികളുടെ വിശ്വാസം പൂര്‍വോപരി ദൃഢമായി. അതോടൊപ്പം ഖുറൈശികളുടെ യശസ്സും പണ്ടത്തെക്കാള്‍ വളര്‍ന്നു. അവര്‍ക്ക് അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹമുണ്ടെന്ന് അറബികള്‍ക്ക് ഉറപ്പായി. അവര്‍ അറേബ്യയിലെങ്ങും നിര്‍ഭയം സഞ്ചരിക്കുകയും എല്ലാ പ്രദേശങ്ങളിലൂടെയും ചരക്കുകളുമായി കടന്നുപോവുകയും ചെയ്തുകൊണ്ടിരുന്നു. അവരെ ശല്യപ്പെടുത്താന്‍ ആരും ധൈര്യപ്പെട്ടില്ല. അവരെ ശല്യപ്പെടുത്തുന്നതു പോകട്ടെ, അവര്‍ അഭയം കൊടുത്ത ഖുറൈശികളല്ലാത്തവരെപ്പോലും ആരും ഉപദ്രവിച്ചിരുന്നില്ല.
ഖുറൈശികളെ അബ്റഹത് ഉയർത്തിയ ആക്രമണങ്ങളിൽ നിന്നും സുരക്ഷ നൽകി മക്കയോട് തന്നെ ഇണക്കി നിലനിർത്താൻ അബ്റഹതിന്റെ നാശം അനിവാര്യമായിരുന്നു. ഖുറൈശികൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നുവല്ലോ അബ്റഹതിന്റെ സൈന്യശക്തി. ചുരുക്കത്തിൽ അബ്റഹതിന് അല്ലാഹു നൽകിയ പരാജയമാണ് ഖുറൈശികളെ മക്കയോട് ഇണക്കി നിർത്തുകയും അവരുടെ പ്രൗഢിയേറ്റുകയും ചെയ്തത്.
മനുഷ്യന്റെ ശരീരഘടനയും സാംസ്കാരിക സാമൂഹിക ചുറ്റുപാടുകളും ചിട്ടപ്പെടുത്തിയത് ജീവിത സാഹചര്യങ്ങളോട് ഇണങ്ങും വിധമാണല്ലോ. കൂടുമാറി കുടിയേറുന്നവനും ഇണങ്ങാനുള്ള ശേഷി അല്ലാഹു കനിഞ്ഞരുളിയിട്ടുണ്ട്. “ആടുജീവിത’ത്തിലെ നജീബിന് മരുഭൂമിയിലെ മസറയുടെ മണം ഒരു മാതിരി മുഷിഞ്ഞ വാടയായിട്ടായിരുന്നു ആദ്യം അനുഭവപ്പെട്ടത്.അന്ന് അയാൾ ഓക്കാനിച്ചു ഛർദിച്ചിരുന്നു. മാസങ്ങൾ കടന്നു പോകുന്നതോടെ അയാൾ ഇണങ്ങുന്നു. പിന്നീട് ആ മുഷിഞ്ഞ വാട അയാളുടേതു കൂടിയായി മാറുന്നു. ഇതു പോലെ, സാഹചര്യങ്ങളോട് പൊരുത്തപ്പെടാവുന്ന പരുവത്തിലേക്ക് മനുഷ്യനെ അല്ലാഹു പാകപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ :
“സർവം പടച്ച് സന്തുലിതമാക്കിയ അത്യുന്നതനാം നിൻ രക്ഷിതാവിൻ നാമത്തെ നീ പരിശുദ്ധപ്പെടുത്തു.. “എന്ന്.
സന്തുലിതാവസ്ഥയിൽ ജീവിക്കാനുള്ള ശേഷി മനുഷ്യനു നൽകിയിട്ടുണ്ടത്രെ. ദേശ കാല ബന്ധിതമായി മനുഷ്യൻ സാഹചര്യത്തോടിണങ്ങുന്നു; അല്ല,അല്ലാഹു ഇണക്കുന്നു.
വിളവുകളൊന്നുമില്ലാത്ത, പച്ചപുതക്കാത്ത, മണൽക്കാറ്റടിക്കുന്ന മരുത്താഴ്്വരയായ മക്കയിൽ ജീവിക്കുന്ന ഖുറൈശികളെയും ഇണക്കി; മക്കയുടെ കാലാവസ്ഥയ്ക്കനുയോജ്യമായി , ഭൂമി ശാസ്ത്രത്തിനനുയോജ്യമായി. അവരുടെ പ്രധാന ഉപജീവനമാർഗം വ്യാപാരമായിരുന്നല്ലോ. അവർക്കിണങ്ങും വിധം വ്യാപാരത്തെ അല്ലാഹു ക്രമീകരിച്ചു.
ഉഷ്ണകാലത്ത് ഖുറൈശികള്‍ സിറിയയിലേക്കും ഫലസ്ത്വീനിലേക്കും കച്ചവട യാത്രകള്‍ നടത്തിയിരുന്നു. കാരണം, അവ ശൈത്യപ്രദേശങ്ങളാണ്. ശൈത്യകാലത്ത് അവര്‍ ഉഷ്ണമേഖലയായ ദക്ഷിണ അറേബ്യയിലേക്കാണ് വ്യാപാരയാത്രകള്‍ സംഘടിപ്പിച്ചിരുന്നത്. ഇങ്ങനെ ഉഷ്ണ – ശൈത്യ വ്യാപാര യാത്രകളിലൂടെ അവർക്ക് സാമ്പത്തികപരമായും അല്ലാഹു സഹായം നൽകി.
അഥവാ ദാരിദ്ര്യത്തിൽ നിന്നു മോചനം നൽകി. കാർഷികവൃത്തിയിലൂടെ ജീവിക്കാനുതകുന്ന ഭൂമിയല്ല മക്ക! അവിടെ ഉപജീവനമാർഗമായ വ്യാപാരം കൂടിയില്ലെങ്കിൽ പിന്നെ ദേശത്തു നിന്നും പലായനം തന്നെ ശരണം. ആ ഒരു രൂപത്തിൽ തരം താഴ്ത്താതെ കാലാനുസൃതമായി വ്യാപാരത്തിന്റെ വിദേശ സാധ്യതകൾ തുറന്ന് നൽകുകയാണ് അല്ലാഹു.
ഒരു രാജ്യത്ത്/ദേശത്ത് സുന്ദരമായ ജീവിതത്തിനാവശ്യം ദേശസുരക്ഷയും സമാധാനവും ഐശ്വര്യവും സാമ്പത്തികാഭിവൃദ്ധിയുമാണ്. ഇവ രണ്ടും സാധ്യമായാൽ പിന്നെ ആ ദേശത്തിന്റെ വികസനം ദ്രുതഗതിയിലാവും. ആനന്ദതുന്ദിലമായ ജീവിതമാകും അവരുടേത്.
പ്രയാസങ്ങളിൽ നിന്ന് ഖുറൈശികൾക്ക് സുരക്ഷയേകിയിരിക്കുന്നു. വളർച്ചക്കായി ഐശ്വര്യമരുളുകയും ചെയ്തിരിക്കുന്നു.
ഈ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് ഒരു മാത്ര ചിന്തിച്ചാൽ അർപ്പിക്കേണ്ട നന്ദിയും കടപ്പാടും എത്രയേറെയായിരിക്കും? എന്നാൽ മക്കാ ഖുറൈശികളാണെങ്കിലോ. ആരാധനയർപ്പിക്കുന്നതിനു പകരം വിമുഖത കാട്ടുന്നു. ഈ ഒരു മുഖവുരയുടെ വെളിച്ചത്തിൽ ഈലാഫി ഖുറൈശ് ഓതിനോക്കൂ…
“ഖുറൈശികളുടെ നിലപാട് വളരെ അദ്ഭുതകരംതന്നെ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ്, ചിന്നിച്ചിതറിപ്പോയിരുന്ന അവര്‍ ഒരുമിച്ചുകൂടിയതും അവരുടെ സമൃദ്ധിയുടെ മാധ്യമമായ കച്ചവടം ശീലിച്ചതും. പക്ഷേ, അവര്‍ അല്ലാഹുവിനു മാത്രം അടിമപ്പെടുന്നതില്‍നിന്ന് അകന്നു പോവുകയാണ്.
ഈയൊരനുഗ്രഹത്തെ മാത്രം മുൻനിറുത്തി ആലോചിക്കുമ്പോൾ ഈ ഗൃഹത്തിന്റെ (കഅ്ബ )പരിപാലകനെ അവർ ആരാധിക്കണം. കാരണം അവനല്ലോ പട്ടിണിയകറ്റി അന്നമൂട്ടുന്നതും ഭയത്തിൽ നിന്നു മോചനമേകുന്നതും.’
അവലംബങ്ങൾ
തഫ്സീറു റാസി
സ്വഫ്്വതുത്തഫാസീർ – ശൈഖ് സ്വാബൂനി
You must be logged in to post a comment Login