ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറിലും ശേഷം മറ്റു പലയിടങ്ങളിലും നടന്ന മത സമ്മേളനം ശ്രദ്ധിക്കപ്പെട്ടത് ഹിന്ദു സന്യാസിമാരുടെയും മറ്റു നേതാക്കളുടെയും ഹിംസക്കുള്ള ആജ്ഞകൊണ്ടായിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ വെറുപ്പുവാക്കുകൾ കേട്ടത് അവിടെ നിന്നായിരുന്നു. ആവശ്യമുണ്ടെങ്കില്‍ ആയുധമെടുത്ത് രാജ്യത്തെ മുസ്‌ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നുവരെ അതില്‍ പ്രഖ്യാപിക്കപ്പെട്ടു. സൈന്യവും പൊലീസും ആയുധമെടുത്ത് “ശുചിത്വ’ യജ്ഞത്തില്‍ പങ്കു ചേരണമെന്ന് ഒരു പ്രസംഗകന്‍ ആവശ്യപ്പെട്ടു. ഇത്തരം വെറുപ്പു വാക്കുകൾ ഇന്ത്യയില്‍ ആദ്യമല്ല.
ഗുജറാത്ത് വേട്ടയെ കുറിച്ച് തെഹല്‍ക പ്രതിനിധി ചോദിച്ചപ്പോള്‍ ഞാനത് ആസ്വദിക്കുന്നുവെന്നും അവസരം കിട്ടിയാല്‍ ഇനിയും കൊല്ലുമെന്നും പ്രതികരിച്ച ഗുജറാത്ത് വംശഹത്യാ നായകന്‍ ബാബു ബജ്‌റംഗിയും, അറുപതു ലക്ഷത്തിന് കലാപങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കപ്പെടും എന്നു പ്രഖ്യാപിച്ച പ്രമോദ് മുത്തലിക്കും, ഇന്ത്യന്‍ ജനതയെ രാമന്റെ മക്കള്‍, ഹറാം മക്കള്‍ എന്നിങ്ങനെ വിഭജിച്ച നിരജ്ഞന്‍ ജ്യോതിയും വെറുപ്പിനെ ആഘോഷമാക്കിയവരില്‍ ചിലര്‍ മാത്രം. ബുള്ളി ബായ്, സുള്ളി ഡീല്‍ പോലുള്ള ആപ്പുകള്‍ മുസ്‌ലിം സ്ത്രീകളെ ലേലത്തിനു വെച്ചതും വെറുപ്പു വ്യാപാരത്തിന്റെ മറ്റൊരു മുഖമായിരുന്നു.
എന്നാല്‍ ധര്‍മ സംസദിലെ പോലെ സ്പഷ്ടമായി സ്വന്തം സഹോദരരെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്യുന്നത് അത്യന്തം ഭീതിതമായ അപൂർവ കാഴ്ചയായിരുന്നു. അക്രമത്തിനുള്ള മുറവിളികളും വെറുപ്പിന്റെ പരസ്യ പ്രകടനവും നടത്തുന്നവരെ സമയാസമയങ്ങളില്‍ ഇടപെട്ട് തടയാനോ അവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളാനോ ഭരണകൂടവും, നീതിപീഠവും അമാന്തിച്ചു നിന്നതിന്റെ പരിണിത ഫലമായിട്ടായിരുന്നു വെറുപ്പിന്റെ വൈറസ് അതിവ്യാപനശേഷി നേടിയത്. ഇപ്പോഴത് പ്രവാചകനിന്ദയില്‍ എത്തി നില്‍ക്കുന്നുവെന്ന് മാത്രം. ഫലപ്രദമായ നടപടികളില്ലെങ്കില്‍ ഇനിയുമത് തുടരും.
കുടം തുറന്നുവിട്ട ഭൂതം
വിദ്വേഷ ഭൂതത്തെ കുടം തുറന്ന് യഥേഷ്ടം വിഹരിക്കാന്‍ വിട്ടപ്പോള്‍ വെറുപ്പിന്റെ വക്താക്കള്‍ക്ക് അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ രാഷ്ട്രീയ നേട്ടത്തിനായി അവയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴും വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് ബുദ്ധിയുള്ളവര്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരുന്നു. പക്ഷേ ബധിര കര്‍ണങ്ങളില്‍ പതിച്ച വാക്കുകള്‍ അവഗണിക്കപ്പെട്ടു.
വംശീയ വിഭജന ശ്രമങ്ങളും ഹേറ്റ് കാമ്പയിനുകളും വര്‍ഗീയ പ്രചാരണങ്ങളും, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കും സാമൂഹിക ഘടനക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും വെല്ലുവിളിയാകുമെന്ന് പലരും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ വനിതാ സംരംഭകയും ബയോകോണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ പേഴ്‌സണുമായ കിരണ്‍ മജുംദാര്‍ഷാ വര്‍ഗീയ വിഭജന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുസ്ഥിരതയെ സാരമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
“കര്‍ണാടക എക്കാലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. വര്‍ഗീയാടിസ്ഥാനത്തിലുള്ള ഒഴിവാക്കലുകള്‍ നമുക്ക് അനുവദിക്കാനാകില്ല. ഐ ടി ബി ടി ക്ക് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ബയോ ടെക്നോളജി) വര്‍ഗീയ നിറം വരികയാണെങ്കില്‍ നമുക്ക് ഈ രംഗത്തെ ആഗോള നേതൃസ്ഥാനം നഷ്ടമാകും. അനുദിനം വലുതാകുന്ന ഈ വര്‍ഗീയ വിടവ് ബി എസ് ബൊമ്മെ (കര്‍ണാടക മുഖ്യമന്ത്രി ) ഇടപെട്ട് ദയവായി പരിഹരിക്കണം.’
ഇതായിരുന്നു കിരണ്‍ ട്വീറ്റ് ചെയ്ത പ്രസ്താവന.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെ ഹിന്ദുത്വ ശക്തികള്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ വന്‍ പ്രചാരണം നടത്തുകയും, മുസ്‌ലിം വ്യാപാരികൾ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു സമീപം കച്ചവടം ചെയ്യുന്നതിനെ തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കിരണ്‍ മജുംദാര്‍ ഷാ ഈ ആകുലതകള്‍ പങ്കുവെച്ചത്.
കുറച്ചു കൂടെ കടന്ന് കൊണ്ട് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ മറ്റൊരു രീതിയില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബുള്‍ഡോസര്‍ പ്രയോഗങ്ങള്‍ വിവാദമായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസക്തമായ നിരീക്ഷണങ്ങള്‍ പുറത്തുവന്നത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിക്കവെ രഘുറാം രാജന്‍ പറഞ്ഞത്
ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രതിച്ഛായ ഉണ്ടായാല്‍ ഇന്ത്യന്‍ കമ്പനികളും ഉല്‍പ്പന്നങ്ങളും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടുമെന്നാണ്.
“നിങ്ങള്‍ ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുമ്പോള്‍ മോശം ചിത്രമാണ് ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും നിങ്ങളെ കുറിച്ചു ലഭിക്കുക. വിശ്വസിക്കാവുന്ന പങ്കാളിയാക്കുന്നതിലും സഹായിക്കുന്നതിലും ഇന്ത്യക്ക് മുന്‍ഗണന ലഭിച്ചിരുന്നു. പക്ഷേ, ഇപ്പോഴത് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വലിയൊരളവോളം നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഒരു ജനാധിപത്യ രാജ്യം അതിന്റെ എല്ലാ പൗരന്മാരോടും ബഹുമാനത്തോടെ പെരുമാറുന്നതായാണ് കാണുന്നതെങ്കില്‍ ആ രാജ്യം ദരിദ്രമാണെങ്കില്‍ പോലും ഉപഭോക്താക്കള്‍ക്ക് അതിനോടൊരു അനുതാപം ഉണ്ടാകും. ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഈ രാജ്യത്തു നിന്നുളള ഉത്പന്നങ്ങള്‍ വാങ്ങാം എന്നാവും അവര്‍ ചിന്തിക്കുക. അങ്ങനെയാണ് നമ്മുടെ വിപണി വളരുന്നത്.’
ഉയിഗൂര്‍ മുസ്്ലിംകളോട് ചൈന സ്വീകരിച്ച സമീപനവും അത് ചൈനയുടെ വിപണിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച സമീപനങ്ങളും അദ്ദേഹം എടുത്തുകാട്ടുന്നുണ്ട്. ഉക്രൈന് പിന്തുണ കൂടുന്നതും എല്ലാ ജനാധിപത്യ രാജ്യങ്ങളും അവരെ പരിഗണിക്കുന്നതും പൊതു പ്രതിച്ഛായയുടെ ഫലമായി ലഭിച്ചതാണെന്നും അതെല്ലാം മുന്‍പ് നമുക്കും ലഭിച്ചിരുന്നു ഇപ്പോഴത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
നബിനിന്ദയുടെ പശ്ചാത്തലത്തില്‍ രാജ്യം ആഗോളതലത്തില്‍ അപമാനിക്കപ്പെടുകയും ഇന്ത്യന്‍ ജനത അവിടങ്ങളിലെല്ലാം തൊഴില്‍പരമായും സാമ്പത്തിക സംബന്ധിയായും മുമ്പില്ലാത്തവിധം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കിരണ്‍ മജുംദാര്‍ഷായുടെയും രഘുറാം രാജന്റെയും മുന്നറിയിപ്പുകള്‍ ശരിയാകുന്നുവെന്നാണ് മനസിലാക്കേണ്ടത്.
വിദ്വേഷ പ്രചാരകരെ കയറൂരി വിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടി അന്താരാഷ്ട്ര സമ്മർദങ്ങളുടെ ഭാഗമായി മനമില്ലാ മനസോടെ മുഖം രക്ഷിക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും ബി ജെ പിക്ക് വെളിപാടുണ്ടായി എന്ന് അതുകണ്ട് ആശ്വസിക്കാന്‍ വകുപ്പില്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ദുരിതമോര്‍ത്തോ, വിദേശത്തെ ചെറുകിട സംരംഭകരുടെ ദൈന്യത മനസിലാക്കി മനസലിഞ്ഞോ അല്ല ബി ജെ പി യുടെ ഇപ്പോഴുള്ള ആശ്വാസനടപടികള്‍. അങ്ങനെ ജനക്ഷേമത്തിന് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്നവരാണ് ബി ജെ പി ഗവണ്‍മെന്റ് എന്ന് നാളിതുവരെ അനുഭവങ്ങളില്ല. പിന്നെ എന്തുകൊണ്ടായിരിക്കും ബി ജെ പി പ്രതിരോധത്തിലാകുന്നത്. അതിനു പിറകിലെ കാരണം മുതലാളിത്തത്തിന് നോവുന്നുവെന്നതാണ്.
ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള വിപണി നഷ്ടമായാല്‍ സംഭവിക്കുന്ന ക്ഷീണം ഭരണകൂടത്തെ സമ്മർദത്തിലാക്കുന്നുണ്ട്.
ഇന്ത്യയിലെ വ്യവസായ വാണിജ്യ രംഗത്തെ ഭീമന്മാരൊന്നും ഭരിക്കുന്നവര്‍ക്ക് അനിഷ്ടകരമായ ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാറില്ല. ഭരണകൂടം കേള്‍ക്കാന്‍ ആഗഹിക്കുന്നത് മാത്രമാണ് വിളിച്ചു പറയുക. അല്ലെങ്കില്‍ പ്രത്യാഘാതം പലതായിരിക്കുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ അവരില്‍ നിന്ന് കിരണ്‍ മജുംദാറെ പോലൊരാള്‍ നേരത്തെ പ്രതികരണവുമായി രംഗത്തുവന്നതിന്റെ കാരണം
വര്‍ഗീയ പകര്‍ച്ച ആത്യന്തികമായി തങ്ങളുടെ പണപ്പെട്ടിക്ക് പരിക്കേല്‍പ്പിക്കും എന്നു തിരിച്ചറിഞ്ഞു കൊണ്ടാണ്. ഫാഷിസവും മുതലാളിത്തവും ഇരട്ടപെറ്റ മക്കളായതു കൊണ്ട് മുതലാളിത്തത്തിന് ക്ഷതമേറ്റപ്പോള്‍ ബി ജെ പി പത്തിമടക്കിയതാണ് ഇപ്പോള്‍ കണ്ടത്. അതല്ലാതെ മനപരിവര്‍ത്തനം സംഭവിച്ചതല്ല. എങ്കിലും മുതലാളിത്തം പ്രതിസന്ധിയിലായാല്‍ ഫാഷിസം തേറ്റ താഴ്ത്തുമെന്ന പാഠം ഈ വിവാദം നല്‍കുന്നുണ്ട്. കുടം തുറന്നു വിട്ട ഭൂതത്തെ അതുകൊണ്ടാണ് താത്കാലികമായെങ്കിലും അടക്കാന്‍ തീരുമാനിച്ചത്. മുതലാളിത്തത്തെ മയക്കിയും മെരുക്കിയും സാധ്യമെങ്കില്‍ കൊമ്പൊടിച്ചും ഫാഷിസത്തിനെതിരെയുള്ള പോരാട്ടം സമാന്തരമായി നടക്കേണ്ടതുണ്ട്.
നബിനിന്ദയുടെ രാഷ്ട്രീയം
ഇസ്‌ലാം മതത്തിനോടുള്ള എതിര്‍പ്പ്, ഇസ്‌ലാമിക സമൂഹത്തോടുള്ള അസഹിഷ്ണുത, തിരുനബിയിലേക്ക് ആകര്‍ഷിക്കുന്നവരെ അകറ്റുക, പ്രശസ്തി നേടുക തുടങ്ങി പലവിധ കാരണങ്ങള്‍ പ്രവാചക നിന്ദയിലേക്ക് നയിക്കുന്നുണ്ട്. തിരുദൂതര്‍ വിമര്‍ശിക്കപ്പെടുന്നത് ആദ്യമായല്ല. അവിടത്തെ ജീവിതകാലത്ത് ആരംഭിച്ചതാണ് അപകീര്‍ത്തിപ്പെടുത്തല്‍. അത് അവിരാമം തുടരുന്നു. അതുകൊണ്ട് ആ മാതൃകാ വ്യക്തിത്വത്തിന് തരിമ്പും പോറലേറ്റിട്ടില്ല. വൈജ്ഞാനിക വിമര്‍ശനങ്ങളായിരുന്നു ഇടക്കാലത്ത് ഉണ്ടായിരുന്നത്. അതില്‍ നിന്ന് മാറി വ്യക്തിഹത്യയിലേക്കും തെറിപ്രയോഗങ്ങളിലേക്കും വിമര്‍ശം ഗതിമാറിയത് ഇസ്‌ലാമിക സമൂഹത്തിന്റെ ഫലപ്രദമായ ബൗദ്ധിക പ്രതിരോധത്തിൽ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ്. 2011 സെപ്തംബര്‍ 11 നു ശേഷമാണ് വിമര്‍ശത്തിന്റെ രീതി അശ്ലീലമായി മാറാന്‍ തുടങ്ങിയത്. കാര്‍ട്ടൂണ്‍, സിനിമ, ക്ഷുദ്രകൃതികള്‍ എന്നിവയിലൂടെയെല്ലാം അവ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ പേരില്‍ പല അനിഷ്ട സംഭവങ്ങളുമുണ്ടായി. പ്രവാചക നിന്ദയുടെ സമീപകാലത്തെ പൊതുചിത്രമെടുത്താല്‍ അതിന്റെ പിറകിലുള്ള താത്പര്യം മുസ്‌ലിം രോഷത്തെ നിക്ഷേപമാക്കുക എന്നതായിരുന്നു. ഇന്ത്യയിലും സംഭവിക്കുന്നത് അതുതന്നെയാണ്. ഭരണകൂട പരാജയങ്ങള്‍ മറച്ചുവെക്കാന്‍ വിവാദങ്ങള്‍ ആവശ്യമുണ്ട്. പ്രധാന വിഷയങ്ങള്‍ ജനശ്രദ്ധയില്‍ നിന്ന് മാറ്റാൻ അപ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടേണ്ടതുണ്ട്. അതിനായി വിശ്വാസികളെ വൈകാരികമായ പ്രതികരണത്തിന് നിര്‍ബന്ധിപ്പിക്കുകയാണ് സംഘ് പരിവാര്‍. ഹിജാബും ഗ്യാന്‍ വ്യാപിയും ഏകസിവില്‍ കോഡുമൊക്കെ അതിനുള്ള ആയുധങ്ങളാണ്. അതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെയാകണം പ്രതികരണങ്ങള്‍. രാജ്യത്തെ അസ്ഥിരമാക്കുന്ന ഇത്തരം നടപടികളില്‍ ജനാധിപത്യ സമൂഹം ഒന്നിച്ചാണ് പ്രതികരിക്കേണ്ടത്.
വിശ്വാസികളുടെ ജീവനാണ് മുത്തു നബി (സ്വ). അവിടുന്ന് അപഹസിക്കപ്പെടുമ്പോള്‍ മുസ്‌ലിംകള്‍ക്ക് കരള്‍ പിളരുന്ന വേദനയുണ്ടാകും. അതില്‍ പ്രതിഷേധിക്കാന്‍ വിശ്വാസിക്ക് അര്‍ഹതയും ബാധ്യതയുമുണ്ട്. അപ്പോഴും വികാര പ്രകടനങ്ങൾ വഴി തെറ്റുന്നത് കാണാൻ കാത്തിരിക്കുന്ന സംഘങ്ങളെ നാം കാണാതിരുന്നു കൂട. അതിലൂടെ ഇസ്്ലാമോഫോബിയ ഉദ്പ്പാദിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. നബിനിന്ദകര്‍ക്കുള്ള നല്ല മറുപടി സൗരഭ്യവും സൗന്ദര്യവുമുളള നബിചര്യയെ ഉണര്‍ത്തിയും ഉയര്‍ത്തിയും ജീവിക്കലാകും.
കെ ബി ബഷീർ
You must be logged in to post a comment Login