നാഗ്പൂരില്‍ ജൂണ്‍ രണ്ടിനു നടന്ന ആര്‍ എസ് എസ് ചീഫ് മോഹന്‍ ഭഗവതിന്റെ പ്രസംഗം രാജ്യത്തുടനീളം വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെ സ്വാഗതംചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആര്‍ എസ് എസിന്റെ ആത്യന്തിക ലക്ഷ്യമായ മുസ്‌ലിംവിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് പല ഹിന്ദുത്വ സംഘടനകളും മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്ന് പ്രസ്തുത പ്രസംഗം സംശയലേശമന്യേ അടിവരയിടുന്നു. അല്ലെങ്കില്‍, പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച “എല്ലാ പള്ളികളിലും ഒരു ശിവലിംഗം അന്വേഷിക്കുകയോ കണ്ടെത്തുകയോ ചെയ്യേണ്ടതില്ല’ എന്ന സംഘപരിവാറിലെ അംഗങ്ങളെ മൃദുവായി ശാസിക്കുന്ന ഭഗവതിന്റെ പ്രസ്താവന എന്തിനു വേണ്ടിയായിരുന്നു? രാജ്യത്തെ മുഴുവന്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഉറവിടവും ആര്‍ എസ് എസാണെന്ന് സ്വയം വിശ്വസിക്കുമ്പോഴേ തന്റെ അനുയായികളെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിശ്വാസ്യമാകൂ.
ഭഗവതിന്റെ പരാമര്‍ശങ്ങളോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ കേട്ടിരുന്നു. ഒരു സംഘത്തിലെ ലീഡര്‍ തന്റെ ആളുകളുടെ വഴിവിട്ട പ്രവൃത്തികളില്‍ അല്‍പം രോഷാകുലനായി, നിശ്ചയിച്ചിരിക്കുന്ന പരിധി ലംഘിക്കരുതെന്ന് അവരോട് ആവശ്യപ്പെടുന്ന ഒരു രംഗമാണ് അവര്‍ കാണുന്നത്. “മസ്ജിദുകള്‍ പള്ളികളല്ല, ക്ഷേത്രങ്ങളാണെന്ന് പറഞ്ഞുനടക്കുന്നവരെ ശാസിച്ചാല്‍ പോരെ, അത് അക്രമം കുറയാന്‍ ഇടയാക്കില്ലേ’ എന്ന ചിന്തയാണ് ആര്‍ എസ് എസ് മേധാവിയുടെ പ്രസംഗത്തെ പ്രശംസിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. ആര്‍ എസ് എസിനെ വ്യാപകമായി ശാസിക്കേണ്ട ആവശ്യമില്ലെന്നര്‍ഥം. മോഹന്‍ ഭഗവത് ആര്‍ എസ് എസിന്റെ ചുമതലയുള്ള മനുഷ്യനാണ്. രാജ്യത്ത് അക്രമം വളര്‍ത്തിയെടുക്കുന്ന ഹിന്ദുത്വയുടെ പാദസേവകരില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഗുരുതരമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് മനസിലാക്കണം.
ഗ്യാന്‍വാപി മസ്ജിദ് കേസിലെ ഹരജിക്കാര്‍ സാധാരണ ഭക്തരല്ല. അവരുടെ ദൈവഭക്തിയുടെ ആഴം അവരെ കോടതി കയറാന്‍ നിര്‍ബന്ധിച്ചിരിക്കുന്നു. പള്ളിയെ അവരുടെ ക്ഷേത്രമാക്കാന്‍ ശ്രമിക്കുന്നു. സ്‌ക്രോള്‍.ഇന്‍-ന്റെ മെയ് 20 ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതു പോലെ ഗ്യാന്‍വാപി പള്ളി ക്ഷേത്രമാക്കാന്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ നേതാവ് വി എച്ച് പി അംഗവുമായി ബന്ധംപുലര്‍ത്തിയിരുന്നു. മറ്റു സ്ഥലങ്ങളിലും പള്ളികളെ ക്ഷേത്രങ്ങളാക്കാന്‍ പ്രക്ഷോഭം നടത്തുന്ന ആളുകള്‍ പല രൂപത്തിലായി ആര്‍ എസ് എസുമായി ബന്ധപ്പെടുന്നവരാണെന്ന് കണ്ടെത്താനാകും.
ചില സുഹൃത്തുക്കള്‍ ആര്‍ എസ് എസ് മേധാവിയെ പുകഴ്ത്തി സംസാരിക്കുന്നത് കണ്ടു. സാഹചര്യങ്ങള്‍ മാറ്റാന്‍ കഴിവുള്ള പ്രസംഗമായാണ് അവര്‍ വിലയിരുത്തുന്നത്. പക്ഷേ, എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മനസിലായിട്ടില്ല. ഹിന്ദുക്കളുടേതല്ലാത്ത ആരാധനാലയങ്ങളില്‍ അവകാശവാദമുന്നയിച്ച് അവ ക്ഷേത്രങ്ങളാക്കി മാറ്റാനുള്ള പ്രചാരണത്തിന് കാലതാമസമെടുക്കും എന്നതുകൊണ്ടാണോ? അതോ പള്ളികള്‍ ക്ഷേത്രങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് ഒരു പ്രക്ഷോഭം നടത്തുകയോ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറയുന്നതുകൊണ്ടാണോ? കോടതികളില്‍ വിശ്വാസമുണ്ടാവാന്‍ അദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാമജന്മഭൂമി പ്രസ്ഥാനം ആര്‍ എസ് എസിന്റെ പ്രവര്‍ത്തനമല്ലെന്നാണ് ഭഗവതിന്റെ പക്ഷം. ഒരിക്കല്‍ മാത്രമാണ് ആര്‍ എസ് എസ് അതിനായി പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസിന്റെ പ്രകടമായ സ്വഭാവത്തിന് വിരുദ്ധമായി, സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹിന്ദുക്കളുടെ വികാരങ്ങള്‍ക്കു വഴങ്ങി പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഹിന്ദുക്കളുടെ സംഘടന ആയതിനാല്‍ എങ്ങനെയാണ് അവരുടെ വികാരങ്ങളെ സംഘത്തിന് അവഗണിക്കാനാവുക. ആ ഒരു തവണ മാത്രമാണ് സംഘം ആ പ്രസ്ഥാനത്തിന്റെ കൂടെ കൂടിയത്. ലക്ഷ്യം നേടിയ ശേഷം സംഘം അതിന്റെ പ്രധാന പ്രവര്‍ത്തനമായ വ്യക്തി നിര്‍മാണിലേക്ക് (സ്വഭാവ രൂപീകരണം) മടങ്ങിയെന്ന് ആര്‍ എസ് എസ് മേധാവി അവകാശപ്പെടുന്നു.
ഭഗവത് പറയുന്നതനുസരിച്ച്, ആര്‍ എസ് എസ് വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സംഘമാണ്. പക്ഷേ, വ്യക്തി എന്ന വാക്ക് നാം മനസിലാക്കിയതു പോലെ ഒരു വ്യക്തിയെ അല്ല സൂചിപ്പിക്കുന്നത്. ആര്‍ എസ് എസിന്റെ നിഘണ്ടുവില്‍ അതിന് പ്രത്യേക അര്‍ഥമുണ്ട് – ഒരു ജനക്കൂട്ടത്തെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ എന്നാണത്.
ഭഗവതിന്റെ പ്രസംഗത്തോടുള്ള മാധ്യമങ്ങളുടെ പ്രതികരണമാണ് ഇതിനേക്കാള്‍ രസകരം. പ്രമുഖ പത്രമായ ഇന്ത്യന്‍ എക്സ്പ്രസിന്റെ ജൂണ്‍ 4-ലെ എഡിറ്റോറിയല്‍ പ്രസംഗത്തെ സ്വാഗതം ചെയ്തതിനു ശേഷം എഴുതുന്നു.
ആരാധനാലയങ്ങളെച്ചൊല്ലിയുള്ള ഹിന്ദു-മുസ്‌ലിം തര്‍ക്കങ്ങളുടെ മുന്‍കാല അനുഭവങ്ങളും അവയിലെ ആര്‍ എസ് എസിന്റെ നിഴല്‍രാഷ്ട്രീയവും ഭഗവത് പറഞ്ഞതിനും അദ്ദേഹം ഉദ്ദേശിച്ചതിനും അപ്പുറം വായിക്കുന്നവര്‍ക്കുള്ള ആരോഗ്യകരമായ മുന്നറിയിപ്പാണിത്’. 2018-ല്‍ മുസ്‌ലിംകളെ ശത്രുക്കള്‍ എന്നു വിളിക്കുന്ന ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ് വായിച്ച ഒരു വിപ്ലവകാരിയായി ഭഗവത് വാഴ്ത്തപ്പെട്ടിരുന്നു. പക്ഷേ, അത് കാര്യമായി ഒരു നേട്ടമുണ്ടാക്കുന്നതിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.
ആര്‍ എസ് എസിന്റെ ഓരോ പ്രഖ്യാപനങ്ങളും അതിനെ തുടര്‍ന്നുള്ള ആവേശവും നമ്മുടെ നല്ല മനസ്സുള്ള സുഹൃത്തുക്കളുടെ തുടര്‍ന്നുള്ള നിരാശയും പ്രവചനാതീതമായ ഒരു മാതൃകയായി മാറിയിരിക്കുന്നു. ഒന്നുകില്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള അവരുടെ ധാരണക്കുറവോ അല്ലെങ്കില്‍ ആര്‍ എസ് എസ് അടിസ്ഥാനപരമായി ഒരു ഫാഷിസ്റ്റ് സംഘടനയാണെന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്നതോ ആണ് ഇതിന്റെ കാരണം.
നമ്മള്‍ എപ്പിസോഡിക്കലായി ചിന്തിക്കുന്നതും ഒരു കാരണമാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളെ തല്ലിക്കൊന്ന ഹീനമായ നടപടിക്കെതിരെ ഒരു ദിവസം നമ്മള്‍ പ്രതികരിക്കുന്നു. മറ്റൊരു ദിവസം, മുസ്‌ലിം പ്രദേശങ്ങളില്‍ ബലപ്രയോഗത്തിലൂടെ കടന്നുകയറാനും അക്രമം അഴിച്ചുവിടാനും ഹിന്ദു ആഘോഷങ്ങള്‍ വ്യാജമായി ഉപയോഗിക്കുന്നതിന് നാം സാക്ഷ്യംവഹിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും അവരുടെ പള്ളികള്‍ക്കും നേരെയുള്ള ആക്രമണം മറ്റൊരു എപ്പിസോഡാണ്. അതുപോലെ മറ്റൊന്നാണ് മുസ്‌ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിലേക്ക് നയിച്ച “ലവ് ജിഹാദ്’ എന്ന വിഷ ആശയം.
ഈ എപ്പിസോഡുകളെ ഒന്നിച്ചു ചേര്‍ക്കുന്ന കണക്റ്റിംഗ് ത്രെഡ് കാണുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. അവരെ ബന്ധിപ്പിക്കുന്ന ത്രെഡ് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രമാണ്. അത് ഹിന്ദുക്കളെ ഹിന്ദുക്കളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. ഹിന്ദി ഹിന്ദുവില്‍ നിന്ന് വന്നതാണെന്ന് പ്രചരിപ്പിക്കുന്നു. ഈ രാഷ്ട്രത്തിന്റെ ആദ്യ “ഉടമകള്‍’ ഹിന്ദുക്കളാണെന്ന ആശയം മനസുകളില്‍ അടിച്ചേല്‍പ്പിക്കുന്നു.
പിന്നീടു വന്ന, ഇന്ത്യക്കു പുറത്തുള്ള ആരാധനാരീതികള്‍ സ്വീകരിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാനവ ധര്‍മമായ ഹിന്ദുരീതിയെ ബഹുമാനിക്കാനുള്ള അധിക ഉത്തരവാദിത്വമുണ്ട്. മറ്റു മതങ്ങളേക്കാള്‍ വലുതാണ് ഹിന്ദുമതം, കാരണം ഹിന്ദുമതം എന്നറിയപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ മാനവ ധര്‍മമാണ്, ഭഗവത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മറുവശമാണെന്ന് ഭഗവത് വ്യക്തമായി പറഞ്ഞു. ഹിന്ദുക്കള്‍ പൊതുവെ സ്വയം നിയന്ത്രിതരാണ്. എല്ലാ പ്രശ്‌നങ്ങളുടെയും കാതലായ തുടക്കം മറുചേരിക്കാരാണ് എന്നാണ് ഭഗവതിന്റെ ഭാഷ്യം. ശരിയാണ്! നിങ്ങളുടെ പള്ളി എന്റേതാണ് എന്ന പ്രസ്താവന മാത്രമെ ഒരു ഹിന്ദു ഉന്നയിക്കുന്നുള്ളൂ. അത് തര്‍ക്കവിധേയമാക്കി സംഘര്‍ഷമുണ്ടാക്കുന്നത് മറുകക്ഷികളാണ്. എത്ര വിചിത്രമായ വാദമാണിത്.
ഹിന്ദു-ഇന്ത്യന്‍ എന്ന അസാധാരണ നിര്‍മിതിയിലൂടെ ഹിന്ദുവില്‍ നിന്നാണ് മുസ്‌ലിം ഉത്ഭവമെന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ ആര്‍ എസ് എസ് അവരെ പരിഹസിക്കുകയും അവരുടെ ആശയവും യഥാര്‍ത്ഥ സംസ്‌കാരവും ഹിന്ദുവാണെന്ന് അംഗീകരിക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഭഗവത് പറയുന്നത് പൂര്‍ണമായും ശരിയാണ്. ആര്‍ എസ് എസ് ഹിന്ദു മനസുകളെ വളര്‍ത്തുന്ന തിരക്കിലാണ്. അതു തന്നെയാണ് മറ്റു സമുദായങ്ങള്‍ക്കും ലോകത്തിനും ഏറ്റവും അപകടകരമായ കാര്യം.
ശാഖകള്‍, സരസ്വതി ശിശു മന്ദിരങ്ങള്‍, ദുര്‍ഗ വാഹിനി, ബജ്റംഗ് ദള്‍, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത്, സംസ്‌കാര്‍ ഭാരതി എന്നിവയിലും സംഘപരിവാര്‍ കുടക്കീഴില്‍ വരുന്ന നിരവധി സംഘടനകളിലും ഈ ചിന്താഗതി വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇത്, മുമ്പ് പറഞ്ഞതുപോലെ, ഈ ഹിന്ദു/ഇന്ത്യന്‍ അസാധാരണത്വത്തിന് വേണ്ടിയുള്ള ഏത് അക്രമ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാനുള്ള ഒരു മാനസികാവസ്ഥയാണ്.
ഈ നീണ്ട “റിഹേഴ്‌സല്‍’ ആണ് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത് എപ്പിസോഡിക്കലായി നാം കാണുന്ന അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിക്കുന്നു. മുസ്‌ലിംകളുടെ പിടിവാശിയോടുള്ള പ്രതികരണമായി അല്ലെങ്കില്‍ ചരിത്രപരമായ തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെടുന്ന, മുന്‍കാലങ്ങളിലെ സാങ്കല്‍പ്പിക അനീതികളോടുള്ള പ്രതികരണമായി അവ വിശദീകരിക്കപ്പെടുന്നു.
ഇത്തരം അക്രമങ്ങള്‍ക്ക് തുടക്കമിടാനുള്ള ഒരു പ്രമേയം ആര്‍ എസ് എസ് സ്വീകരിക്കുന്നില്ല. അതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വ്യക്തികളാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. ആര്‍ എസ് എസ് ഒരിക്കലും അവരുടെ ക്രെഡിറ്റ് എടുക്കുന്നില്ല.
ഉദാഹരണത്തിന്, നാഥുറാം ഗോഡ്സെയുടെ പ്രവൃത്തിയുടെ ക്രെഡിറ്റ് ആര്‍ എസ് എസ് ഏറ്റെടുത്തിട്ടുണ്ടോ? എന്നിട്ടും ഗോഡ്സെ ഘാതകന്റെ ചിന്താഗതി ആര്‍ എസ് എസിന്റെ ശാഖകളില്‍ സൃഷ്ടിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായ നിരവധി അക്രമങ്ങളുടെ ക്രെഡിറ്റ് ആര്‍ എസ് എസ് ഏറ്റെടുത്തിട്ടുണ്ടോ? അതിനുവേണ്ടി തയാറാക്കിയ വ്യക്തികള്‍ ഇല്ലാതെ ഇത്തരം പ്രവൃത്തികള്‍ സാധ്യമാകുമായിരുന്നോ?
വിദ്വേഷത്തിന്റെ ഈ ഫാക്ടറിയില്‍ പ്രത്യയശാസ്ത്രപരമായി അധ്യക്ഷനായ ഒരു മനുഷ്യന്‍ സമാധാനം ആഗ്രഹിക്കുമെന്ന് കരുതുന്നത് നിഷ്‌കളങ്കമായിരിക്കും. എന്നിട്ടും…
ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി അധ്യാപകനാണ് ലേഖകന്‍.
കടപ്പാട് : ദ വയര്‍
വിവ. എബി
You must be logged in to post a comment Login