പാരമ്പര്യ ഇസ്‌ലാമിനെയും അതിന്റെ നാഗരിക ഭാവുകത്വങ്ങളെയും വെറുപ്പോടെയും അസൂയയോടെയും കണ്ടിരുന്ന ശിയാ പൊളിറ്റിക്സിന്റെ അധികാരരൂപമായിരുന്നു ഈജിപ്തിലെ ഫാത്വിമി ഭരണകൂടം. പതിനൊന്ന് – പന്ത്രണ്ട് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക രാഷ്ട്രീയ ഭൂപടത്തില്‍ പ്രബലരായ രണ്ട് ശക്തികളിലൊന്ന്. ബഗ്ദാദ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന സല്‍ജൂക്ക് തുര്‍ക്കികളായിരുന്നു മറ്റൊന്ന്. എന്നാല്‍ ക്രൈസ്തവ മതമൗലികതയുടെയും രാഷ്ട്രീയ യൂറോപ്പിലെ അധികാര ദുഷ്പ്രഭുത്വത്തിന്റെയും സൃഷ്ടിയായ കുരിശുയുദ്ധങ്ങളില്‍ അവരുടെ നിറമെന്തായിരുന്നു? പൗരാണിക പുണ്യ നഗരമായ ജറുസലേം ക്രിസ്തീയധനിവേശത്തിനുകീഴില്‍ വരുന്നതിന് കുരിശു നേതാക്കളുമായി അവര്‍ രഹസ്യ ധാരണയിലെത്തിയോ? ക്രൈസ്തവ യൂറോപ്പിന് ഇസ്‌ലാമിനോടും മധ്യേഷ്യയോടുമുണ്ടായിരുന്ന കുടിപ്പക രൂപപ്പെടുന്നതില്‍ ഫാത്വിമി ഭരണാധികാരികള്‍ക്കുള്ള പങ്കെന്താണ്? എല്ലാം വിശദമായ ചരിത്രവായന അര്‍ഹിക്കുന്നുണ്ട്.
ഒന്നാം കുരിശുയുദ്ധക്കാലത്ത് കുരിശുസേന നടത്തിയത് ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത കൂട്ടക്കൊലകളായിരുന്നു. ബൈതുല്‍ മുഖദ്ദസില്‍ അഭയം പ്രാപിച്ച മുസ് ലിംകളും സിനഗോഗുകളില്‍ കഴിഞ്ഞിരുന്ന ജൂത വിശ്വാസികളുമെല്ലാം വാളിനിരയായി. നിരപരാധികളെയും മുസ്‌ലിമേതര വിശ്വാസികളെയും എന്തു ചെയ്യണമെന്നാരാഞ്ഞപ്പോള്‍ കുരിശു കമാന്‍ഡറുടെ മറുപടി ഇപ്രകാരമായിരുന്നു. “Kill all of them, God will divide’ മുഴുവനെണ്ണത്തിനെയും തീര്‍ത്തു കളഞ്ഞോളൂ… അവരെ വേര്‍തിരിക്കാന്‍ ദൈവത്തിനറിയാം. എഴുപതിനായിരം പേരെ നിഷ്ഠുരമായി വധിച്ചുകളഞ്ഞ ശേഷം വിജയാഹ്ലാദം പങ്കുവെച്ചു കൊണ്ട് ജനറല്‍ ഗോഡ് ഫ്രൈ പോപ്പിനെഴുതിയ കത്തില്‍ പറയുന്നത് കുതിരകള്‍ മുട്ടോളം രക്തത്തില്‍ നീന്തുകയായിരുന്നുവെന്നാണ്. കുരിശു നരമേധത്തിന്റെ ഭീകര ദൃശ്യങ്ങളില്‍ ഒന്നു മാത്രമാണിത്.
637ല്‍ ഖലീഫ ഉമറിന്റെ കാലത്താണ് ജറുസലേം മുസ്‌ലിംകളുടെ കരങ്ങളിലെത്തിച്ചേരുന്നത്. വളരെ സമാധാനപരമായ നീക്കത്തിലൂടെയായിരുന്നു ഇതെന്ന് മാത്രമല്ല പില്‍ക്കാലത്തൊന്നും മുസ്‌ലിം – ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ഇതിനെച്ചൊല്ലി ഒരു സംഘര്‍ഷവും ഉടലെടുത്തതുമില്ല. തുടര്‍ന്ന് അമവികളും അബ്ബാസികളും പിന്നീട് ഫാത്വിമികളും ഖുദ്സില്‍ ആധിപത്യമുറപ്പിച്ചു. ഉമവി – അബ്ബാസി ഭരണകാലത്തും അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ല. പിന്നീട് വന്ന ഫാത്വിമികളുടെ കാലത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളാണ് വാസ്തവത്തില്‍ ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും ഇസ്‌ലാമിന്റെ ബദ്ധവൈരികളാക്കുന്നതില്‍ ഒരു പങ്കു വഹിച്ചത്. വിചിത്രമായ നിയമങ്ങളും ഭ്രാന്തന്‍ നിലപാടുകളും കൊണ്ട് കുപ്രസിദ്ധനായ ഫാത്വിമി ഭരണാധികാരികളിലെ അഞ്ചാമന്‍ ഹാകിം ബി അംറില്ലയുടെ കാലത്താണ് എല്ലാം തുടങ്ങുന്നത്. ഖലീഫ ഉമര്‍(റ) ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് ഖുദ്സിലെ ഉയര്‍ത്തെഴുന്നേല്‍പ്പ് പള്ളി അദ്ദേഹം പൊളിച്ചുകളഞ്ഞു. ഇത് ആഗോള തലത്തില്‍ ക്രിസ്ത്യന്‍ ജനതക്കിടയില്‍ അതൃപ്തിയുണ്ടാക്കി. യേശുക്രിസ്തുവിന്റെ കല്ലറയും ഉയര്‍ത്തെഴുന്നേല്‍പ്പ് ഇടവും ഉള്‍ക്കൊള്ളുന്ന ഈ പള്ളി ആഗോള ക്രൈസ്തവ സമൂഹത്തിന് വളരെ പ്രധാനപ്പെട്ട ആരാധനാലയമായിരുന്നു. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നതായും പറയപ്പെടുന്നു. ഈ സംഭവത്തിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടാണ് കുരിശുയുദ്ധങ്ങള്‍ ആരംഭിക്കുന്നതെങ്കിലും ലോകതലത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുസ്‌ലിംകളുടെ നേര്‍ക്ക് നീരസവും ശത്രുതയും പടിപടിയായി രൂപപ്പെട്ടുവരുന്നതില്‍ ഈ സംഭവം വലിയ പങ്കുവഹിച്ചു.
രഹസ്യ ധാരണയോ?
1070ല്‍ (ഹി. 462) ഫാത്വിമികളില്‍ നിന്ന് സല്‍ജൂക്കുകള്‍ സിറിയയും 1078 ല്‍ ബൈതുല്‍ മുഖദ്ദസും പിടിച്ചെടുത്തു. ഇതില്‍ വൈരംമൂത്ത ഫാത്വിമികള്‍ കുരിശു നേതാക്കളോട് സന്ധിചെയ്യുകയാണുണ്ടായത്. ഫാത്വിമികളുടെ മന്ത്രിയായിരുന്ന അഫ്ളല്‍ ബ്നു ബദ്റില്‍ ജമാല്‍ ക്രൈസ്തവ പോരാളികളുമായി സല്‍ജൂക്കുകള്‍ക്കെതിരെ ഗൂഢാലോചന നടത്തി. ആല്‍ബര്‍ട്ട് വോണ്‍ ആക്കന്‍ (Albert Von Aachen) തന്റെ ഗ്രന്ഥത്തില്‍ (Historia lerosolimitana) എഴുതുന്നു: കുരിശു സേനയുടെ വരവറിഞ്ഞ് അഫ്‌ളല്‍ 15 അംഗ സംഘത്തെ അവരുടെ അടുത്തേക്കയച്ചു. ഭരണാധികാരി ക്രൈസ്തവ യോദ്ധാക്കള്‍ക്ക് കൈമാറാന്‍ നിർദേശിച്ച കത്തിന്റെ സംഗ്രഹം ഇതായിരുന്നു: “നിങ്ങളുടെ ആഗമനത്തില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. സല്‍ജൂക്കുകള്‍ ഞങ്ങളുടെ ഒരു പാട് പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇപ്പോഴിതാ ഖുദ്സും കടന്നാക്രമിച്ചിരിക്കുന്നു. അവരെ പുറത്താക്കി ജറുസലേമും ദാവീദിന്റെ ഗോപുരവും സിയോണ്‍ പർവതവും നിങ്ങളെടുത്തോളൂ. അന്താക്കിയ ഞങ്ങള്‍ക്ക് വിട്ടുതരണം.’
വില്യം ഓഫ് ടയര്‍ (William of Tyre), പീറ്റര്‍ ടുഡെബോഡ് ( Peter Tudebode), റെയ്മണ്ട് ഡി അഗിലേഴ്സ് ( Reymond D Agluilers) തുടങ്ങിയ ചരിത്രഗവേഷകരെല്ലാം സല്‍ജൂക്കുകളെ പരാജയപ്പെടുത്താന്‍ ഫാത്വിമികള്‍ കുരിശു നേതാക്കളോട് സഖ്യം ചേര്‍ന്നതിനെ പറ്റി എഴുതിയിട്ടുണ്ട്. സല്‍ജൂക്കികളുടെ അധീനതയിലായിരുന്ന അന്താക്കിയ കുരിശു സേന ഉപരോധിച്ചപ്പോള്‍ അഫ് ളല്‍ തന്റെ സൈന്യത്തെ സഹായത്തിന് വിട്ടുകൊടുത്തില്ല. ഫലമോ ആയിരങ്ങളെ നിഷ്ഠുരമായി വധിച്ചുകളഞ്ഞ് അന്താക്കിയ ക്രൈസ്തവ പോരാളികള്‍ പിടിച്ചെടുത്തു. അന്താക്കിയ മുന്‍പ് ഫാത്വിമികളുടെ കരങ്ങളിലായിരുന്നു. പിന്നീട് സല്‍ജൂക്കുകള്‍ വന്ന് ഇവിടം ആധിപത്യമുറപ്പിച്ച ശേഷമാണ് കുരിശു സേനയുടെ ഉപരോധവും ക്രൂരമായ പിടിച്ചടക്കലും നടക്കുന്നത്. തങ്ങളില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സല്‍ജൂക്കുകള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല എന്ന മനോഭാവമാണ് കുരിശധിനിവേശത്തിനെതിരെ അവര്‍ക്ക് സൈനിക പിന്തുണ നല്‍കാതിരിക്കാന്‍ കാരണമെന്ന് വില്യം ടയര്‍ നിരീക്ഷിക്കുന്നുണ്ട്. സല്‍ജൂക്കികളുടെ സൈനിക മുന്നേറ്റം ശക്തമാവുമ്പോള്‍ ഇതില്‍ അസൂയ പൂണ്ട് മധ്യേഷ്യയില്‍ പൂര്‍ണാധിപത്യത്തിന് വരുന്ന പൊതു ശത്രുവിനെ തിരിച്ചറിയാതെ അവരോട് സഹായം ചോദിച്ച ഫാത്വിമികള്‍ അതിപ്രധാനമായ രണ്ടു വ്യവസ്ഥകളില്‍ ഒപ്പുവെച്ചുവത്രെ. ബൈസന്റൈന്‍ ചക്രവര്‍ത്തി അലക്സാണ്ടറാണ് ഫാത്വിമികളുമായി സഖ്യമുണ്ടാക്കാന്‍ കുരിശു സേനക്ക് നിർദേശം നല്‍കിയത്. ചരിത്രകാരനായ സ്റ്റീഫന്‍ റണ്‍സിമാന്‍ (Stephen Runciman) ഇത് രേഖപ്പെടുത്തുന്നുണ്ട്. നോര്‍ത്ത് സിറിയ കുരിശു പക്ഷത്തിനും ഫലസ്തീന്‍ ഫാത്വിമികള്‍ക്കും പങ്കിട്ടെടുക്കാമെന്നതായിരുന്നു വ്യവസ്ഥ. ആഴ്ചകളോളം ഫാത്വിമി നയതന്ത്ര പ്രതിനിധികള്‍ കുരിശു നേതാക്കളോടൊപ്പം തങ്ങി. ശേഷം പാരിതോഷികങ്ങളുമായി കൈറോയിലേക്ക് മടങ്ങുമ്പോള്‍ കുരിശു സേനയിലെ ഒരു പ്രതിനിധിയെ ഒപ്പം കൂട്ടുകയും ചെയ്തു. സിറിയയിലേയും അലെപ്പോയിലേയും രാജകുമാരന്മാരോട് അവരുടെ ഭൂമി കൈയ്യേറ്റം ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്ത കുരിശുപട സിറിയയിലേയും അനത്തോലിയയിലേയും മുഴുവന്‍ ഭൂമികളും താങ്കള്‍ക്കായിരിക്കുമെന്ന് ബൈസന്റൈന്‍ ചക്രവര്‍ത്തിക്ക് വാക്കു നല്‍കുകയും ചെയ്തിരുന്നുവത്രെ. ക്രൈസ്തവ സൈന്യത്തിന്റെ ക്രൂരമായ വഞ്ചന തിരിച്ചറിയാന്‍ ഫാത്വിമികള്‍ക്ക് തന്റേടമുണ്ടായില്ലെന്ന് ചുരുക്കം. സിറിയ മാത്രമാണ് കുരിശു സൈന്യത്തിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയാണ് ഫാത്വിമികള്‍ അവരുമായി നയതന്ത്ര സൗഹൃദത്തിലേര്‍പ്പെട്ടത്. വാസ്തവത്തില്‍ മിഡില്‍ ഈസ്റ്റില്‍ ഒരു തരി മണ്ണു പോലും മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനില്ലാത്ത വിധം സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു അവരുടെ ലക്ഷ്യം. ഏതായാലും ഈ വ്യവസ്ഥയനുസരിച്ച് ഇരുപക്ഷവും മുന്നോട്ടു പോയില്ല എന്നതാണ് വസ്തുത. മിഡില്‍ ഈസ്റ്റില്‍ രക്തരൂഷിതമായ ഒരു പോരാട്ടം തുടങ്ങുന്നതിന് ഒരുപാട് മുമ്പ് തന്നെ ക്രൈസ്തവര്‍ നയതന്ത്രപരമായ ചില നീക്കങ്ങള്‍ കൂടി നടത്തിയിരുന്നു. പാരമ്പര്യമായി സല്‍ജൂക്കികളോട് യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന ഫാത്വിമികള്‍ കുരിശു സൈന്യം പ്രതീക്ഷിച്ചതിലുമപ്പുറമുള്ള സഹകരണമാണ് കാഴ്ചവെച്ചത്. ഇബ്നു അസീര്‍ ക്രൈസ്തവരുമായി ഫാത്വിമികള്‍ നടത്തിയ രാഷ്ട്രീയ ചൂതുകളിയെക്കുറിച്ച് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: സിറിയ, ഗസ്സ തുടങ്ങിയ ഇടങ്ങളില്‍ അധികാരം നേടിയ സല്‍ജൂക്കുകളുടെ മുന്നേറ്റം ഈജിപ്തിലേക്കും വ്യാപിക്കുമെന്ന് ഭയന്ന കാരണത്താല്‍ ഫ്രാങ്കുകളോട് സിറിയ മോചിപ്പിക്കാന്‍ സഹായമഭ്യർഥിച്ചു. പണ്ട് മുതലേ കൊണ്ടുനടന്ന അധികാരക്കൊതിയും സല്‍ജൂക്ക് വിരോധവും ഇസ്‌ലാമിന്റെ ശത്രുക്കളുമായി കൂട്ടുകൂടാന്‍ ഫാത്വിമികളെ പ്രേരിപ്പിച്ചു.
എല്ലാ വിധ ചതിപ്രയോഗങ്ങളും കുരുട്ടുബുദ്ധികളും വശമുള്ള ക്രൈസ്തവ ഭീകരര്‍ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിലേക്കു തന്നെ നടന്നുനീങ്ങി. ഖുദ്സ് പിടിച്ചടക്കി. അന്താക്കിയയും ട്രിപ്പോളിയും അഷ്കലോണുമെന്നു വേണ്ട ചരിത്ര പ്രാധാന്യമുള്ള നാഗരിക കേന്ദ്രങ്ങളെല്ലാം ശവപ്പറമ്പാക്കി. പ്രബല ശക്തിയായ സല്‍ജൂക്കുകള്‍ക്കെതിരെ ഫാത്വിമികളെ കൂടെക്കൂട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന ക്രൈസ്തവ യൂറോപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ വിജയിച്ചു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ 1187ല്‍ ഖുദ്സ് മുസ്്ലിംകള്‍ ബൈതുല്‍ മുഖദ്ദസടങ്ങുന്ന ജറുസലേം തിരിച്ചുപിടിച്ചെങ്കിലും ഒന്നാം കുരിശുയുദ്ധക്കാലത്ത് മുസ്‌ലിം സമൂഹം അനുഭവിച്ച ക്രൂരതകള്‍ മാപ്പര്‍ഹിക്കാത്തതായിരുന്നു. അങ്ങനെ അധികാരക്കൊതിയില്‍ പാരമ്പര്യ മത വിശ്വാസികളെയും നാഗരിക ഇസ്‌ലാമിനെയും ശത്രുക്കള്‍ക്കു വിട്ടുകൊടുത്ത ശിയാ പൊളിറ്റിക്സ് ക്രൈസ്തവ പൗരോഹിത്യത്തിന്റെയും യൂറോപ്പിലെ ഫ്യൂഡല്‍ പ്രഭുത്വത്തിന്റെയും അധികാര – വാണിജ്യ- മുസ്‌ലിം വിരോധ താല്പര്യങ്ങള്‍ക്ക് തണല്‍ വിരിക്കുകയായിരുന്നു.
റഫറന്‍സ്:
1. A History of the Crusades- K M Setton
2. Crusaders and Muslims in Twelfth-Century Syria
– M Shatzmiller
3. The Crusades: Islamic Perspectives
– Carol Hillenbrand
4. “”Sacred space: the holiness of Islamic Jerusalem”, Journal of Islamic Jerusalem Studies
– Karen Armstrong
5. The Damascus Chronicle of the Crusade: Extracted and Translated from the Chronicle of Ibn Al Qalanisi
– H.A.R. Gibb
6. A History of Deeds
– William of Tyre
7. A History of the Crusades: The First Crusade and the Foundation of the Kingdom of Jerusalem
– Steven Runciman
അനസ് ആമപ്പൊയില്‍
You must be logged in to post a comment Login