ഇർഹാസ്: പതിവുകളെ പൊളിച്ചെഴുതിയ അസാധാരണ പ്രവാഹം

ഇർഹാസ്:  പതിവുകളെ പൊളിച്ചെഴുതിയ അസാധാരണ പ്രവാഹം

ആദം നബി(അ) മുതല്‍ മുഹമ്മദ് നബി (സ്വ) വരെ ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരെ ദൗത്യപ്രമാണങ്ങളുമായി സ്രഷ്ടാവ് നിയോഗിച്ചു. സമൂഹം സ്രഷ്ടാവിനെ വിസ്മരിക്കുകയും മുന്‍പ്രവാചകന്മാരുടെ പാഠങ്ങൾ വെടിയുകയും ചെയ്ത ഘട്ടങ്ങളില്‍ പുതുപ്രവാചകന്മാരെ അവതരിപ്പിച്ചു. കാലഘട്ടങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അനുസൃതമായി പ്രായോഗിക ജീവിതത്തിലൂടെ പ്രവാചകന്മാര്‍ മാതൃകകളായി ജീവിച്ചു. സ്രഷ്ടാവിന്റെ ദിവ്യസന്ദേശങ്ങള്‍ സമൂഹങ്ങള്‍ക്കു കൈമാറുമ്പോള്‍ സമൂഹമധ്യത്തില്‍ നിന്ന് വിയോജിപ്പുകളും വിമര്‍ശനങ്ങളും സ്വാഭാവികം. ഭൂരിപക്ഷം പ്രവാചകന്മാരും ഇത്തരം എതിര്‍പ്പുകളെ അതിജീവിച്ചാണ് നിയുക്ത ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പ്രവാചകത്വത്തിനുശേഷം ഇസ്‌ലാമിക ആശയ പ്രചാരണ വേളകളില്‍ പ്രവാചകന്മാരില്‍ നിന്ന് പ്രകടമാവുന്ന അമാനുഷിക കൃത്യങ്ങളാണ് മുഅ്ജിസത് (അമാനുഷ സിദ്ധികൾ). പ്രവാചകത്വത്തിനുശേഷമാണ് അമാനുഷ സിദ്ധികൾ ഉണ്ടാകുക. എന്നാല്‍ പ്രവാചകത്വത്തിനുമുമ്പും അവരില്‍ നിന്ന് അമാനുഷിക കൃത്യങ്ങള്‍ സംഭവ്യമാണ്. ഇങ്ങനെ പ്രവാചകത്വത്തിനുമുമ്പ് പ്രകടമാവുന്ന അമാനുഷിക കൃത്യങ്ങളാണ് ഇര്‍ഹാസ്. ഫിര്‍ഔനില്‍ നിന്ന് ശിശുവായ മൂസയുടെ (അ) രക്ഷപ്പെടലും ശിശുവായ ഈസയുടെ (അ) സംസാരവും ഇര്‍ഹാസിന്റെ വ്യത്യസ്ത പതിപ്പുകളാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയിൽ(സ്വ) നിന്ന് ധാരാളം ഇര്‍ഹാസുകള്‍ ഉണ്ടായിട്ടുണ്ട്.
പ്രപഞ്ചോല്പത്തിക്കു ഹേതുവായ പ്രവാചകന്റെ ഗര്‍ഭധാരണം മുതല്‍ പ്രപഞ്ചം ആനന്ദത്തിന്റെ അടയാളങ്ങള്‍ പ്രകടിപ്പിച്ചു. അര്‍ശ് പുളകിതമാവുകയും കുര്‍സിന് പ്രതാപ വർധനവുണ്ടാവുകയും ചെയ്തു. തിരുനബിയെ ഗര്‍ഭം ധരിച്ച റജബില്‍ ആദം നബിയും (അ) ശഅ്ബാനില്‍ ഇദ്്രീസ് നബിയും (അ) റമളാനില്‍ നൂഹ് നബിയും (അ) ശവ്വാലില്‍ ഇബ്റാഹീം നബിയും (അ) ദുല്‍ ഖഅ്ദില്‍ ഇസ്മാഈല്‍ നബിയും (അ) ദുല്‍ ഹജ്ജില്‍ മൂസ നബിയും (അ) മുഹര്‍റമില്‍ ദാവൂദ് നബിയും (അ) സഫറില്‍ സുലൈമാന്‍ നബിയും(അ) റബീഉല്‍ അവ്വലില്‍ ഈസ നബിയും (അ) സ്വപ്ന ദര്‍ശനത്തിലൂടെ ആമിന ബീവിക്ക് സന്തോഷ വൃത്താന്തങ്ങള്‍ നല്‍കി. ഗര്‍ഭധാരണം മുതല്‍ തിരുപ്പിറവി വരെ ആമിന ബീവിയില്‍ പ്രകടമായ അസാധാരണ സംഭവങ്ങളെ റസൂലിന്റെ (സ്വ) ഇര്‍ഹാസുകളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.

പ്രസവ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാവാറുള്ള പ്രയാസങ്ങള്‍ ആമിന ബീവി അനുഭവിച്ചില്ല. സുജൂദ് ചെയ്ത്, പൊക്കിള്‍കൊടി മുറിഞ്ഞ്, ചേലാകർമം കഴിഞ്ഞ്, സുറുമയെഴുതി, സുഗന്ധപൂരിതമായാണ് വിശുദ്ധ പിറവി. സ്രഷ്ടാവിന്റെ കല്പന പ്രകാരം ജിബ്‌രീല്‍ (അ) ആണ് ഈ കർമങ്ങളൊക്കെ നിർവഹിച്ചത്. ജിബ്‌രീല്‍ (അ) തന്നെയാണ് ഇരു ചെവികളിലുമായി ബാങ്കും ഇഖാമത്തും കൊടുത്തതും. ഇവ ഭവനത്തിനകത്തു സംഭവിച്ച ഇര്‍ഹാസുകളില്‍ ചിലതാണെങ്കില്‍ ഭവനത്തിനു പുറത്തു നടന്നവയും ധാരാളം. പ്രസ്തുത ദിനം ഖുറൈശികള്‍ വര്‍ഷംപ്രതി നടത്തിവന്നിരുന്ന വിഗ്രഹോത്സവ ദിനമായിരുന്നു. ആഘോഷ വേളയ്ക്കിടെ കഅ്ബയിലുണ്ടായിരുന്ന വിഗ്രഹങ്ങള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ഈ ദൃശ്യത്തിന്റെ ദൃക്സാക്ഷികളില്‍ ഒരാളായ യഹ്്യ ബിന്‍ ഉര്‍വയുടെ(റ) വിശദീകരണം ചരിത്ര പണ്ഡിതന്‍ ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “അന്ന് വറഖത് ബിന്‍ നൗഫല്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം ഖുറൈശികള്‍ ഉത്സവം കൊണ്ടാടുകയായിരുന്നു. അവര്‍ വിഗ്രഹത്തെ ആരാധിക്കുകയും അതിനായി ഒട്ടകത്തെ ബലി നല്‍കുകയും ചെയ്തു. ഏവരും അവിടെ വെച്ച് ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്തു. തദവസരത്തില്‍ വിഗ്രഹങ്ങള്‍ തലകുത്തി വീഴുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ അതിനെ പൂർവസ്ഥിതിയില്‍ ആക്കിയെങ്കിലും വീണ്ടും വീണതല്ലാതെ പൂർവസ്ഥിതിയിലേക്ക് വന്നില്ല. അവര്‍ നിരാശരായി. അങ്ങനെ ആ ഉത്സവം അമംഗളമായി കലാശിച്ചു’.
പത്തു നൂറ്റാണ്ടിലേറെ അണയാതെ നിരന്തരം ജ്വലിച്ചുകൊണ്ടിരുന്ന പേര്‍ഷ്യന്‍ അഗ്‌നിയാരാധകരുടെ (മജൂസികള്‍) ആരാധനാപാത്രമായിരുന്ന തീകുണ്ഡം തത്സമയം പൊലിഞ്ഞു. പേര്‍ഷ്യന്‍ ചക്രവര്‍ത്തി അനുശര്‍വാന്‍ സമ്പത്ത് ധൂര്‍ത്തടിച്ചു നിർമിച്ച കൊട്ടാരം വിറകൊള്ളുകയും പതിനാലു ഗോപുരങ്ങൾ തകര്‍ന്നു വീഴുകയും ചെയ്തു. ദൃഢതയിലും ഭംഗിയിലും അന്ന് അത്ഭുതനിർമിതിയായിരുന്നു ഈ കൊട്ടാരം. ഇരുപത്തിയഞ്ച് ചതുരശ്ര കിലോമീറ്ററിലധികം വിസ്തീര്‍ണമുണ്ടായിരുന്നതും ജലവിതാനം അന്നോളം താഴ്ന്നിട്ടില്ലാത്തതുമായ ഈലിയയിലെ പ്രസിദ്ധ തടാകമായ സാവ വറ്റി വരണ്ടു. ശക്തമായ ഒഴുക്കിനാല്‍ ഖ്യാതി നേടിയ തിബിരിയ നദി സ്തംഭിച്ചു. റസൂൽ (സ്വ) ജന്മം കൊണ്ട രാത്രി കിസ്റ ചക്രവര്‍ത്തിയുടെ കൊട്ടാരം വിറച്ചു. പതിനാലു കഷ്ണങ്ങള്‍ അതില്‍ നിന്ന് തെറിച്ചു പോയി(ഇമാം ബൈഹഖി: ദലാഇലുന്നുബുവ്വ).

സ്രഷ്ടാവ് പ്രിയ സൃഷ്ടികള്‍ക്ക് സമ്മാനിച്ച ഇസ്‌ലാമിക തത്വസംഹിതകളുടെ പൂര്‍ത്തീകരണത്തിന് അത്യന്താപേക്ഷിതമായ ഗുണ മഹിമകള്‍ ശൈശവ-ബാല്യ ഘട്ടങ്ങളില്‍ തന്നെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അല്ലാഹു പ്രവാചകനു നല്‍കി. വിശുദ്ധ ജനനത്തിനു മുമ്പുള്ള പിതാവ് അബ്ദുല്ലയുടെ വിയോഗം നല്‍കിയ അനാഥത്വം ആറാം വയസ്സിലെ മാതാവ് ആമിനയുടെ വിയോഗത്തോടെ പൂർണമായി. മാനസീക ബലം ആര്‍ജ്ജിക്കുന്നതിനുള്ള ആദ്യ ഘട്ടമായി പ്രവാചകന്റെ അനാഥത്വത്തെ വായിക്കാം. തളര്‍ച്ചയ്ക്കും നിരാശയ്ക്കും പകരം മനസ്സിന് കരുത്തും ദൃഢനിശ്ചയവും സംഭരിക്കാന്‍ ഇത് നിമിത്തമായി. ശാരീരിക ബലം സ്വായത്തമാക്കുവാനുള്ള പ്രഥമ പടിയായിരുന്നു ബനൂ സഅ്ദ് ഗോത്രത്തോടൊപ്പമുള്ള മുലകുടിക്കാലം. കുട്ടികളെ മുല കൊടുത്തു വളര്‍ത്തുവാന്‍ പോറ്റമ്മമാരെ ഏല്‍പ്പിക്കുന്നത് അന്ന് അറേബ്യയിലെ ഉന്നത ഗോത്രങ്ങളിലെ സമ്പ്രദായമായിരുന്നു. ഗോത്ര മഹിമയുടെയും അഭിമാനത്തിന്റെയും അടയാളമായിട്ടാണ് അവര്‍ ഈ സമ്പ്രദായത്തെ കണക്കാക്കിയിരുന്നത്. പ്രതിഫലം ആഗ്രഹിച്ചു മുലയൂട്ടി വളര്‍ത്തുവാന്‍ കുരുന്നുകളെ തേടി അറേബ്യയിലെ ഉന്നത ഗോത്രങ്ങളിലേക്ക് പല സ്ത്രീകളും പോയിരുന്നു. ഉന്നത ഗോത്രങ്ങളിലെ കുരുന്നുകളെ മുലയൂട്ടുന്നത് അവര്‍ക്കും ഒരന്തസ്സായിരുന്നു. പതിവുപോലെ മുലയൂട്ടുവാന്‍ കുട്ടികളെ തേടി ബനൂ സഅ്ദ് ഗോത്രക്കാരികള്‍ മക്കയിലേക്ക് തിരിച്ചു. ദരിദ്രയായ ഹലീമ ബീവിയും ഭര്‍ത്താവും അവര്‍ക്കൊപ്പമുണ്ട്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളോട് തന്റെ മകനെ ഏറ്റെടുക്കുവാന്‍ ആമിന ബീവി ആവശ്യപ്പെട്ടെങ്കിലും അനാഥ ശിശുവിനെ ഏറ്റെടുക്കുവാന്‍ സ്ത്രീകള്‍ വിമുഖത കാണിച്ചു. കുട്ടികളെ തേടി വന്ന ബനൂ സഅ്ദ് ഗോത്ര സ്ത്രീകളില്‍ ഹലീമ ബീവി ഒഴികെയുള്ളവര്‍ക്കെല്ലാം കുട്ടികളെ ലഭിച്ചു. സംഘം മടങ്ങാനൊരുങ്ങവെ ആമിന ബീവിയുടെ അനാഥ ശിശുവിനെ ഏറ്റെടുക്കുവാന്‍ ഭര്‍ത്താവിനോട് സമ്മതം തേടിയ ഹലീമ ബീവിക്ക് അദ്ദേഹത്തില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കുകയും ബറകത്(അനുഗ്രഹം) ലഭിക്കുവാന്‍ കുരുന്ന് ഹേതുവായേക്കാം എന്ന പ്രത്യാശ ഭാര്യയുമായി പങ്കുവെക്കുകയും ചെയ്തു. അവര്‍ ആമിന ബീവിയുടെ അനാഥ ബാലനുമായി മടങ്ങി. ഹലീമ ബീവിയോടൊപ്പമുള്ള മരുഭൂമിയിലെ ജീവിതം ശാരീരികാരോഗ്യവും പുഷ്ടിയും കൊണ്ട് തിരുശരീരത്തെ പാകപ്പെടുത്തി. പ്രവാചകന്റെ ആഗമനത്തോടെ തനിക്കു ലഭിച്ച നന്മകളെ കുറിച്ചു ഹലീമ ബീവി പറഞ്ഞത് ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “കുട്ടിയെ ഏറ്റെടുത്തതോടെ സ്തനങ്ങളില്‍ പാല്‍ നിറഞ്ഞു. ഞങ്ങളുടെ മൃഗത്തിനും അസാധാരണമാം വിധം പാല്‍ വര്‍ധിച്ചു. അല്ലാഹു ഞങ്ങള്‍ക്ക് ഏറെ നന്മ നല്‍കി. എന്റെ മൃഗത്തിന്റെ സമൃദ്ധമായ പാല്‍ കണ്ട ജനങ്ങള്‍ അവയോടൊപ്പം അവരുടെ മൃഗങ്ങളെയും മേയുവാന്‍ അയച്ചു. എന്നാല്‍ അവര്‍ക്ക് നിരാശയായിരുന്നു ഫലം. ഞങ്ങളുടെ ആടുകള്‍ സമൃദ്ധമായി പാല്‍ ചുരത്തവെ അവരുടെ മൃഗങ്ങള്‍ വരണ്ടുണങ്ങിയ അകിടുകളുമായി മടങ്ങി.

മനുഷ്യ ശരീരത്തില്‍ പൈശാചികതയുടെ മൂലബിന്ദുവായ ഒരു ചോരക്കട്ടയുണ്ട്. മനുഷ്യനെ അശ്ലീലതകളിലേക്കും വികല ചിന്തകളിലേക്കും നയിക്കുന്നത് ഈ അഴുക്കാണ്. “ഹള്ളു ശൈത്വാന്‍’ (സാത്താന്റെ ഓഹരി) എന്നാണ് ആ ഭാഗത്തിന്റെ പേര്. ഇത് നീക്കം ചെയ്യുന്നതിനായി അഞ്ചു പ്രാവശ്യം വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ജിബ്‌രീലിന്റെ(അ) നേതൃത്വത്തില്‍ പ്രവാചകനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിട്ടുണ്ട്. ഈ ശസ്ത്രക്രിയകള്‍ വേദനയും ഭീതിയും ഉണ്ടാക്കുന്നതിനു പകരം ആനന്ദാനുഭൂതിയാണ് പ്രവാചകനു സമ്മാനിച്ചത്. സമപ്രായക്കാരനും ഹലീമ ബീവിയുടെ മകനുമായ അബ്ദുല്ലയോടൊപ്പം രണ്ടു വയസ്സുള്ള മുഹമ്മദ് എന്ന ബാലൻ കളിച്ചുകൊണ്ടിരിക്കെ രണ്ടു ശുഭ്രവസ്ത്രധാരികള്‍ വരികയും കുട്ടിയെ സ്‌നേഹപൂർവം മലര്‍ത്തിക്കിടത്തി നെഞ്ചുകീറി സാത്താന്റെ ഓഹരി ഒഴിവാക്കി മടങ്ങി. മറ്റൊരിക്കല്‍ കുട്ടി അബ്ദുല്ലയോടൊപ്പം ആടു മേയ്ക്കവെ സമാന ശസ്ത്രക്രിയ നടന്നു. പിന്നീട് പത്താം വയസ്സിലും ദിവ്യബോധനം (വഹ്്യ്) ലഭിക്കുന്നതിനു മുന്‍പും മിഅ്റാജ് രാവിലെ രാപ്രയാണത്തിനു മുന്‍പും ശസ്ത്രക്രിയയിലൂടെ പ്രവാചക ഹൃദയം ശുദ്ധീകരിച്ചു. ഇമാം മുസ്‌ലിം(റ) അനസിനെ(റ) ഉദ്ധരിച്ച് ഇക്കാര്യം പറയുന്നുണ്ട്: “നബി (സ്വ) കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ ജിബ്‌രീല്‍ (അ) നബിയെ പിടിച്ചു കിടത്തി. നെഞ്ചു കീറി ഹൃദയം പുറത്തെടുത്തു. അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു. തങ്ങളിലുള്ള പൈശാചികതയുടെ ഭാഗമാണിതെന്ന് ജിബ്‌രീല്‍ (അ) പറഞ്ഞു. ഒരു സ്വര്‍ണ തളികയില്‍ വെച്ച് സംസം വെള്ളമുപയോഗിച്ചു ഹൃദയം കഴുകി. തല്‍സ്ഥാനത്തു തന്നെ പുനഃസ്ഥാപിച്ചു.

പ്രവാചകന് ഏഴ് വയസ്സായിരിക്കെ അറേബ്യയില്‍ അതിരൂക്ഷ വരള്‍ച്ച അനുഭവപ്പെട്ടു. ജലം, കൃഷി, കാലികള്‍ എല്ലാം നശിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ കുലദൈവങ്ങളായ ലാത്തയ്ക്കും ഉസ്സയ്ക്കും വഴിപാടുകള്‍ നടത്തി മഴ തേടി. കേവല സൃഷ്ടികളായ കൽബിംബങ്ങള്‍ എന്തുചെയ്യാനാണ്? വരള്‍ച്ച അനുദിനം രൂക്ഷമായി. ഗോത്രത്തലവന്മാര്‍ ഇതികര്‍ത്തവ്യതാമൂഢരായി നിന്നു. കുഞ്ഞു മുഹമ്മദിനെ ഗര്‍ഭം ചുമന്നതു മുതല്‍ സംഭവിച്ച അമാനുഷികതകളെ കുറിച്ചു കൃത്യമായി ബോധ്യമുള്ള അബ്ദുല്‍ മുത്തലിബ് കുട്ടിയെ കൂട്ടി കഅ്ബ ശരീഫിലെത്തി. ഇളംകരങ്ങള്‍ വാനിലേക്കുയര്‍ത്തി ഖുറൈശി ഗോത്രത്തില്‍ നിന്നും പ്രത്യക്ഷനാവുന്ന പ്രവാചകന്റെ നാമത്തില്‍ മഴയ്ക്കായി പ്രാർഥിച്ചു. അബ്ദുല്‍ മുത്തലിബ് പ്രവാചക കരങ്ങള്‍ താഴ്ത്തുന്നതിനു മുന്നേ അന്തരീക്ഷം മേഘാവൃതമായി. ഉടനെ മഴ വര്‍ഷിച്ചു. വരള്‍ച്ച നീങ്ങി.

കുട്ടിക്ക് എട്ടു വയസ്സായിരിക്കെ സംരക്ഷകനായ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് വേര്‍പിരിഞ്ഞു. മരണശയ്യയില്‍ വെച്ച് അബ്ദുല്‍ മുത്തലിബ് കുട്ടിയുടെ സംരക്ഷണം പുത്രനായ അബൂ ത്വാലിബിനെ ഏല്‍പ്പിച്ചു. സാമ്പത്തിക വിഷമതകള്‍ അനുഭവിച്ചിരുന്ന അബൂ ത്വാലിബ് പ്രവാചക സംരക്ഷണം ഏറ്റെടുത്തതോടെ പ്രാരാബ്ധങ്ങള്‍ക്ക് അറുതിയായി. സ്വന്തം സന്താനങ്ങളെക്കാള്‍ കുഞ്ഞുമുഹമ്മദിനെ പരിഗണിച്ചിരുന്നു അദ്ദേഹം. പല യാത്രകളിലും അദ്ദേഹം സഹോദര പുത്രനെ സഹയാത്രികനാക്കിയിരുന്നു. ഒരിക്കല്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ഒട്ടക യാത്രക്കിടെ അറഫയുടെ അയല്‍പ്രദേശമായ ദില്‍മജാദില്‍ എത്തി. നട്ടുച്ചയായപ്പോള്‍ അബൂത്വാലിബിന് ദാഹം കലശലായി. കൈവശമുള്ള ജലം കഴിഞ്ഞിരുന്നു. മരുപ്പച്ചയും തേടി അദ്ദേഹം യാത്ര തുടര്‍ന്നു. നിരാശയായിരുന്നു ഫലം. ഒടുവില്‍ അദ്ദേഹം ആശങ്ക മകനുമായി പങ്കുവെച്ചു. ഉടന്‍ കുട്ടി ഒട്ടകപ്പുറത്തു നിന്ന് താഴെയിറങ്ങി. അടുത്തു കണ്ടൊരു കരിമ്പാറയില്‍ എട്ടു വയസ്സുള്ള ബാലന്റെ മൃദുലമായ പെരുവിരല്‍ അമര്‍ത്തി. കരിമ്പാറയില്‍ നിന്നും തെളിനീരുറവ പൊട്ടിയൊഴുകി. അബൂ ത്വാലിബ് മതിവരുവോളം കുടിച്ചു ദാഹം തീർത്തു. ദാഹമകന്നോ എന്ന് പ്രവാചകകുട്ടി ചോദിച്ചു. “അതെ’യെന്ന മറുപടി പിതൃവ്യന്‍ നല്‍കിയതോടെ ഉറവ നിലച്ചു. ഇത്ര രുചിയുള്ള ശുദ്ധജലം തന്റെ ജീവിതത്തിലൊരിക്കലും കുടിച്ചിട്ടില്ലെന്ന് അബൂ ത്വാലിബ്.

മകന് ഒന്‍പത് വയസ്സായിരിക്കെ, വ്യാപാരാവശ്യാർഥം അബൂ ത്വാലിബിനൊപ്പം സിറിയയിലേക്ക് യാത്ര തിരിച്ചു. ഇരുവര്‍ക്കുമൊപ്പം മറ്റു ഖുറൈശി പ്രമുഖരുമുണ്ട്. വഴിമധ്യേ അവര്‍ ബുസ്‌റ എന്ന പ്രദേശത്ത് ഇറങ്ങി. വിദൂരതയില്‍ വെച്ചു തന്നെ കച്ചവടസംഘത്തെ ശ്രദ്ധയില്‍ പെട്ട ബഹീറപുരോഹിതന് അസാധാരണം അനുഭവപ്പെട്ടു. അദ്ദേഹം അറിയപ്പെട്ട വേദപരിജ്ഞാനിയായിരുന്നു. മേഘം കുട്ടിക്ക് തണലിടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം കച്ചവട സംഘത്തിനു സമീപമെത്തി. കുട്ടിയുടെ കരം ഗ്രഹിച്ചശേഷം പറഞ്ഞു: “ഇത് ലോകത്തിന്റെ നേതാവാണ്. ലോക രക്ഷിതാവിന്റെ ദൂതനാണ്. പ്രപഞ്ചത്തിന് അനുഗ്രഹമായി അല്ലാഹു ഇദ്ദേഹത്തെ നിയോഗിക്കും’ എന്ന്. ഇത് കേട്ടയുടന്‍ ഖുറൈശികള്‍ ജിജ്ഞാസയോടെ ഈ വിവരം എവിടുന്ന് ലഭിച്ചെന്ന് ആരാഞ്ഞു. ദ്രുതഗതിയില്‍ ബഹീറ മറുപടിയും നല്‍കി. “ആ മലയിടുക്കിലൂടെ നിങ്ങള്‍ കടന്നു വരവേ അവിടെയുള്ള മുഴുവന്‍ വൃക്ഷങ്ങളും കല്ലുകളും ഇദ്ദേഹത്തിനു മുന്‍പില്‍ സുജൂദിലായി വീണു. കല്ലും മരവും ഒരു നബിക്കു വേണ്ടിയല്ലാതെ സൂജൂദ് ചെയ്യില്ല’ എന്ന്. തുടര്‍ന്ന് പുരോഹിതന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. കുട്ടി എത്തുവാന്‍ അല്പം വൈകി. ഏവരും ഭക്ഷണത്തിനായി മരത്തണലില്‍ ഇരിപ്പുറപ്പിച്ചിരുന്നു. കുട്ടി മറ്റു വഴികളില്ലാത്തതിനാല്‍ വെയിലില്‍ ഇരുന്നു. ഉടനടി മരത്തണല്‍ ആ ബാലന് നേരെ ചാഞ്ഞു. ഇതു കണ്ട പുരോഹിതന്‍ കുട്ടിയെ റോമിലേയ്ക്ക് കൊണ്ടു പോവരുതെന്നും അവര്‍ ഈ ബാലനെ തിരിച്ചറിഞ്ഞാല്‍ വധിച്ചേക്കാം എന്നും ആശങ്കപ്പെട്ടു. അതിനു ശേഷം അബൂ ത്വാലിബ് കുട്ടിയുടെ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു.

ഖുറൈശികളില്‍ നിന്ന് വരുന്ന, മുന്‍ വേദഗ്രന്ഥങ്ങള്‍ സൂചനകള്‍ നല്‍കിയ വാഗ്ദത്ത പ്രവാചകനാണ് താന്‍ എന്നു വ്യക്തമാക്കിത്തരുന്ന ജീവിതമായിരുന്നു ദിവ്യബോധനം ലഭ്യമാക്കുന്നതിനുമുന്‍പ് തന്നെ റസൂലിന്റേത്(സ്വ) . മരങ്ങളും കല്ലുകളും അഭിവാദ്യം ചെയ്യുന്നു, നഗ്‌നത (ഔറത്) അന്യരില്‍ നിന്നും മറയുന്നു, വിഗ്രഹാരാധന ഉള്‍പ്പെടെയുള്ള ദുരാചാരങ്ങളില്‍ നിന്നും അകലം പാലിക്കുന്നു, അനാവശ്യ കളികളില്‍ നിന്നും അശ്ലീല ശബ്ദങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കുന്നു, ഇങ്ങനെ തീര്‍ത്തും ദിവ്യമായ സംരക്ഷണ വലയത്തിലുള്ള ജീവിതം. “മക്കയിലുള്ള ഒരു കല്ലിനെ എനിക്ക് പരിചയമുണ്ട്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പേ ആ കല്ല് എനിക്ക് അഭിവാദ്യം നൽകാറുണ്ട്. ഇപ്പോഴും എനിക്ക് ആ കല്ലിനെ തിരിച്ചറിയാം’ എന്ന് പ്രവാചകന്‍ അരുളിയത് ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന് മുമ്പേ ആ ജീവിതം പതിവുകളെ പൊളിച്ചെഴുതി. ദിവ്യ മത പൂര്‍ത്തീകരണത്തിനു തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വം പതിവുകളെ ഉടച്ചു വാർക്കണമെന്നത് ഇലാഹിന്റെ ഉറച്ച തീരുമാനം തന്നെ. സർവരില്‍ നിന്നും വ്യത്യസ്തനാവണമെന്നു സ്രഷ്ടാവ് തീരുമാനിച്ചതായിരിക്കണം.

അവലംബം
– അൽബിദായതു വന്നിഹായ
– ദലാഇലുന്നുബുവ്വ
– അസ്സീറത്തുന്നബവിയ്യ
– തുഹ്ഫതുൽ അഹ്്വദി
– സ്വഹീഹു മുസ്‌ലിം
– തുർമുദി
– മുഹമ്മദ് നബിയുടെ(സ്വ) മുഅ്ജിസത്തുകൾ

ഫള്‌ലുറഹ്‌മാന്‍ നൂറാനി തൊടുപുഴ

You must be logged in to post a comment Login