വി ഡി സതീശന് പ്രതീക്ഷയോടെ

വി ഡി സതീശന് പ്രതീക്ഷയോടെ

ആമുഖമായി ഒരു തുറന്ന കത്ത് വായിക്കാം. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എഴുതിയത്. സാധാരണ നിലയില്‍ ഒരു രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഈ കത്തിന് വലിയ പ്രധാന്യമില്ല. ഒരാള്‍ അയാളുടെ രാഷ്ട്രീയം പ്രയോഗിക്കുന്നു. മറ്റേയാള്‍ അതിന് മറുപടി നല്‍കുന്നു. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡലത്തെ സംബന്ധിച്ച് ഈ കത്തിന് മറ്റു ചില സവിശേഷതകളുണ്ട്. അത് എഴുതിയ ആളും അഡ്രസ് ചെയ്യപ്പെട്ട ആളും പ്രതിഫലിപ്പിക്കുന്ന ചില പൊതുവിനിമയങ്ങളുടെ പ്രത്യേകതയാണ്. എം എ ബേബി നമ്മള്‍ മനസിലാക്കുന്നതുപോലെ ഒരു സന്ദേഹിയും വിവേകിയുമാണ്. നമ്മുടെ പൊതുരാഷ്ട്രീയം എന്നേ കൈയൊഴിഞ്ഞ ചില മാനവികതകളെ, താല്‍പര്യങ്ങളെ ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരാള്‍. പലപ്പോഴും നമ്മുടെ കക്ഷി രാഷ്ട്രീയത്തിന്റെ സഹജഭാവമായ ഗ്വാഗ്വാകളില്‍ ഇടമില്ലാത്തയാള്‍. ഒരു “പാര്‍ട്ടിമനുഷ്യ’നായി തുടരുമ്പോഴും പാര്‍ട്ടി ആലോചിക്കാത്ത ചിലതെങ്കിലും ആലോചിക്കുകയും അതില്‍ വ്യസനിക്കുകയും ചെയ്യാറുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍. സ്വാഭാവികമായും നാം അദ്ദേഹത്തെ കുറച്ചുകൂടെ കേള്‍ക്കേണ്ടതുണ്ട്. അത്തരം സൗമ്യതകള്‍, വിചാരശീലങ്ങള്‍, അഭിരുചികള്‍ എല്ലാം നമ്മുടെ പൊതുരാഷ്ട്രീയത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കുകയേ ഉള്ളൂ. എം എ ബേബി ഈ കത്ത് എഴുതിയത് വി ഡി സതീശനാണ്. ഇരുവര്‍ക്കുമിടയില്‍ കാണാവുന്ന ഒരു ഭാവം സങ്കുചിതത്തങ്ങളെ സാധ്യമായ ഇടങ്ങളില്‍ അവര്‍ അതിലംഘിക്കാറുണ്ട് എന്നതാണ്. തൃക്കാക്കരയിലെ കൊടുമ്പിരി പ്രചാരണ കാലത്ത് ഒരു തര്‍ക്കത്തിനിടെ വി ഡി സതീശന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു. “പി രാജീവ് എന്റെ നല്ല സുഹൃത്താണ്. രാജീവിന് വേദനയുണ്ടാകുന്നത് എനിക്കും വേദനയാണ്’ എന്നായിരുന്നു അത്. വി ഡി സതീശനെ പരിചയമുള്ളവര്‍ക്ക് അതില്‍ അസ്വാഭാവികത തോന്നാനിടയില്ല. കോണ്‍ഗ്രസ് പോലെ മുള്‍മുനയില്‍ തട്ടാതെ നടന്നാല്‍ മാത്രം കരപറ്റാവുന്ന ഒരു സംഘടനാ സംവിധാനത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും സതീശന്‍ ചില വിശാല നടത്തങ്ങള്‍ നടക്കാറുണ്ട്. സംവാദമെന്ന, പൊതുരാഷ്ട്രീയം മറന്നുതുടങ്ങിയ പ്രയോഗങ്ങള്‍ക്ക് സന്നദ്ധനാവാറുണ്ട്. ലോട്ടറി വിവാദം ഓര്‍മിക്കുക. തോമസ് ഐസക്കുമായി നടത്തിയ ആ സംവാദം കേരള രാഷ്ട്രീയത്തിലെ സുന്ദരമായ ഒന്നായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തനിക്ക് സര്‍വനിലയ്ക്കും അര്‍ഹതപ്പെട്ട മന്ത്രിപദവി തട്ടിത്തെറിപ്പിക്കപ്പെട്ടത് അയാള്‍ നോക്കി നിന്നിട്ടുണ്ട്. ഒടുവില്‍ കാവ്യനീതി എന്ന, കോണ്‍ഗ്രസില്‍ നാലു പതിറ്റാണ്ടായി കേട്ടുകേള്‍വിയില്ലാത്ത, വാക്കിനെ അന്വര്‍ഥമാക്കി സതീശന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി. വാസ്തവത്തില്‍ അതില്‍ മാറ്റത്തിന്റെ ഒരു സൂചന ദൃശ്യമായിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലെ പരമ്പരാഗത ശീലങ്ങളില്‍ നിന്നുള്ള ഒരു വഴിമാറി നടപ്പ് സാധ്യമായിരുന്നു. മാറുന്ന കാലം അത്തരം ഉന്നതമായ ഒരു രാഷ്ട്രീയത്തിന് സാധ്യത ഉള്ള ഒന്നായിരുന്നു താനും. ആ മാറ്റം അത്ര എളുപ്പമല്ല. പ്രതിപക്ഷത്തുള്ള സംഘടനയ്ക്ക് സമരങ്ങള്‍ മാത്രമാണ് ഊര്‍ജം എന്ന നില എല്ലായിടത്തും രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ, മാറ്റം ആഗ്രഹിക്കുന്ന ഒരാള്‍ വി ഡി സതീശനിലുണ്ട് എന്നതില്‍ സംശയമില്ല. അതിനാല്‍ എം എ ബേബിയുടെ ഈ കത്ത് നമുക്കും വായിക്കാം:

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് . ശ്രീ വി ഡി സതീശന്‍,
കോണ്‍ഗ്രസിന്റെ ഒരു നേതാവ് എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കള്‍ ബോധവാനാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍എസ്എസിന്റെ ചട്ടുകം ആവരുത് എന്ന് അഭ്യർഥിക്കാനാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആര്‍എസ്എസിന്റെ കൈയിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവില്‍ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?

2025ല്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് ലക്ഷ്യം നേടുന്നതില്‍ വലിയ ചുവടുവയ്പുകള്‍ അന്നേക്ക് നേടണം എന്നതില്‍ ഈ അര്‍ധ ഫാഷിസ്റ്റ് മിലിഷ്യയ്ക്ക് താല്പര്യമുണ്ട്. അതിനുള്ള നടപടികള്‍ ഒന്നൊന്നായി അവര്‍ എടുത്തുവരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കല്പം റദ്ദു ചെയ്യുന്നതില്‍ അവര്‍ വളരെയേറെ മുന്നോട്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ബാബരി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവര്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചു. തുടര്‍ന്ന് നടന്ന വര്‍ഗീയലഹളകളെയെല്ലാം ആര്‍എസ്എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്. ഗുജറാത്തില്‍ നടത്തിയ ലഹള അടക്കമുള്ള കൂട്ടക്കൊലകള്‍ ഉപയോഗിച്ച് ബിജെപി ഇന്ത്യയിലെ ഭരണകക്ഷിയായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അതിനെ ഒരു കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തുക, പൗരത്വാവകാശത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനം കൊണ്ടുവരിക എന്നിവയില്‍ തുടങ്ങി നിത്യജീവിതത്തില്‍ മതന്യൂനപക്ഷത്തില്‍ പെടുന്നവരെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ദലിത് പിന്നോക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാർഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതില്‍ എത്തിനില്ക്കുകയാണ് ആര്‍എസ്എസുകാര്‍ നടത്തുന്ന ഭരണം. കൂടുതല്‍ പള്ളികള്‍ പൊളിച്ച് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ അവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് ന്യൂനപക്ഷമതാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റു പാര്‍ശ്വവല്കൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവര്‍ ശ്രമിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക നില, മന്‍മോഹന്‍ സിംഗ് പറഞ്ഞപോലെ ഓടുന്ന വണ്ടിയുടെ ടയറില്‍ വെടിവച്ചു പഞ്ചറാക്കിയത് മോഡി ഭരണമാണ്. താങ്ങാനാവാത്ത വിലക്കയറ്റവും ഒരിക്കലുമില്ലാത്ത തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോള്‍ ഇസ്‌ലാംമത പ്രവാചകനെ നിന്ദിച്ചു പ്രകോപനം ഉണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്നം ഹിന്ദു-മുസ്‌ലിം തര്‍ക്കം ആക്കാനുള്ള ഗൂഢപദ്ധതിയിലാണ് സംഘപരിവാര്‍. ഇത് എഴുതുമ്പോള്‍ ഉത്തർപ്രദേശില്‍ പ്രയാഗ് രാജില്‍ (അലഹബാദ്) ജെഎന്‍യുവിലെ ഒരു വിദ്യാർഥിനി നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ്. പ്രവാചകനിന്ദയ്ക്കെതിരെ പ്രതികരിച്ചു എന്ന കുറ്റത്തിന് കേസും കോടതിയും വിചാരണയും ഇല്ലാതുള്ള ശിക്ഷ നടപ്പാക്കല്‍!

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ നല്കിയ കേരളത്തിലെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? ഇരുപതില്‍ പത്തൊമ്പത് എംപിമാരെ നിങ്ങളുടെ മുന്നണിക്ക് തന്നത് അര്‍ധഫാഷിസ്റ്റ് വാഴ്ചയ്ക്ക് എതിരെ നിങ്ങള്‍ ഒരു ശക്തി ആവും എന്ന് തെറ്റിദ്ധരിച്ചാണ്. പക്ഷേ, നിങ്ങള്‍ ആര്‍എസ്എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണ്.
കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആര്‍എസ്എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും ഞാന്‍ അഭ്യർഥിക്കുന്നു.
ആദരപൂർവം,
എം എ ബേബി

ഈ കത്ത് വി ഡി സതീശന്‍ വായിക്കുന്നത് അത്ര ശാന്തമായ ഒരന്തരീക്ഷത്തില്‍ ആവില്ല. പരമ്പരാഗത വഴികളില്‍ കേരള രാഷ്ട്രീയം അതിന്റെ തെരുവുയുദ്ധങ്ങള്‍ നൂറാവര്‍ത്തിക്കുന്ന കാഴ്ചയാണ് തെരുവില്‍. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സമരമുഖത്താണ്. എന്തിനു വേണ്ടിയാണ് സമരം? അത് സ്വപ്ന സുരേഷ് എന്ന, ഇപ്പോള്‍ സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാണെന്ന് പകല്‍ പോലെ വ്യക്തമായ ഒരു സ്ത്രീയുടെ ദിവസേനയുള്ള ആരോപണങ്ങളില്‍ പിടിച്ചാണ്. അതിലും പുതുമയൊന്നുമില്ല. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് ഇത്തരം ജല്‍പന രാഷ്ട്രീയത്തിന് കേരളം ഇരയായിട്ടുണ്ട്. ഇത് കുറേക്കൂടി തീവ്രമാണെന്നു മാത്രം. ചാനലുകള്‍ എന്ന സംവിധാനം പൂര്‍ണമായും നിലനില്‍പിനായി നടത്തുന്ന അന്തംവിട്ട കളികള്‍ക്ക് കേരള രാഷ്ട്രീയം കുടപിടിക്കുന്ന നിലയാണെന്ന് മാത്രം.
കത്ത് വായിച്ചല്ലോ? ഇനി നമുക്ക് മറ്റൊരു കാര്യം പറയാം. വി ഡി സതീശനോടുള്ള സംഭാഷണമായി ഇതിനെ കാണാവുന്നതാണ്. അതൊരു ചോദ്യത്തെ പരിശോധിക്കലാണ്.

പലപാട് നാം അഭിമാനത്തോടെ അഭിമുഖീകരിച്ച ഒരു ചോദ്യമാണ്. എന്തുകൊണ്ടാണ് നാഗ്പൂരിന്റെ ഇന്ത്യന്‍ പദ്ധതിക്ക് കേരളത്തിലും വലിയ അളവോളം തമിഴ്നാട്ടിലും വേരുപടര്‍ത്താന്‍ സാധിക്കാതെ പോയത്; അതും അരനൂറ്റാണ്ടിലേറെ നീളുന്ന കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ക്കിടയിലും? സംഘപരിവാരത്തിന് സാധ്യതകളില്ലാത്ത സ്ഥലമായി നാള്‍ക്കുനാള്‍ ഈ രണ്ട് ദേശങ്ങളും മാറിത്തീര്‍ന്നത് എങ്ങനെയാവാം? തമിഴ്നാട് അപ്രാപ്യമായതിന്റെ ഒറ്റക്കാരണം ദ്രാവിഡ സ്വത്വത്തിന്റെ സ്ഫോടനാത്മകമായ സാന്നിധ്യമാണ്. ദ്രാവിഡമായിരിക്കുന്ന ഒരിടത്ത് ബ്രാഹ്‌മണിക് മൂല്യങ്ങള്‍ അടിത്തറയായ ഒരു പ്രത്യയശാസ്ത്ര പദ്ധതിക്കോ അവയുടെ നാനാതരം ഇടപെടലുകള്‍ക്കോ ഒരു സാധ്യതയുമില്ല. ഈഴം എന്ന വാക്കിനാല്‍ അപാരമായി ബന്ധിതമാണ് തമിഴ് ജനത. ഈഴം അഥവാ മണ്ണ് അവരുടെ ദേശസ്വത്വമാണ്. മതേതരത്വത്തിന്റേയും ബഹുസ്വരതയുടേയും ജാതി പരിഷ്‌കരണത്തിന്റേയും ആധുനികത അനിവാര്യമാക്കിയ ഇടകലരലിന്റേയും സൃഷ്ടിയല്ല തമിഴ്നാടിന്റെ സംഘപരിവാര്‍ വിരുദ്ധത. തമിഴ്നാട് ജാതി പ്രവര്‍ത്തിക്കുന്ന, ജാതിവിവേചനവും ജാത്യാക്രമണങ്ങളും വേരിനുള്ളില്‍ മുളയായി നില്‍ക്കുന്ന ദേശമാണ്. ജാതി പരിഷ്‌കരണമായിരുന്നില്ല അവിടെ നവോത്ഥാനത്തിന്റെ അടിത്തറ. ജാതിയെ ചേര്‍ത്ത് നിര്‍ത്തിയ മണ്ണാണ്. ജാതി പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നാഗ്പൂര്‍ പദ്ധതിക്ക് നുഴഞ്ഞുകയറാന്‍ പ്രയാസമില്ല. പക്ഷേ, തമിഴ്നാട്ടില്‍ അത് സംഭവിച്ചില്ല. കാരണം ലളിതമാണ്. ബ്രാഹ്‌മണ മൂല്യങ്ങള്‍ക്ക്, അതിന്റെ വാഹകസ്ഥാനമുള്ള ഹിന്ദിക്കും സംസ്‌കൃതത്തിനും അവിടെ പ്രവേശനമില്ല. അത് ഈഴം രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. ദൈവാരാധനയുടെ അനന്തവൈചിത്ര്യങ്ങള്‍ എമ്പാടുമുണ്ട് തമിഴ് ഹിന്ദുസമൂഹത്തില്‍. തികച്ചും ദ്രാവിഡീയമായ ആരാധനകള്‍ക്കാണ് വമ്പന്‍ മേല്‍ക്കൈ. ബ്രാഹ്‌മണിസത്തെ തമിഴ് മണ്ണ് തോല്‍പിച്ചത് നീരിശ്വരത പ്രചരിപ്പിച്ചാണ്. അനേകം ദൈവമൂർത്തികളെ ശിരസ്സില്‍ പേറി നിരീശ്വരതയെ വിളംബരം ചെയ്ത വിചിത്ര പാരമ്പര്യമുണ്ട് തമിഴിന്. കോട്ടകെട്ടി കാവല്‍ ഏര്‍പ്പെടുത്തിയ ഒരു ദേശമാണത്. നാം തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ കെട്ടിയ ഗ്രാമകോട്ടകള്‍ ധാരാളമായി കാണും. ആ കോട്ടകള്‍ക്ക് കാവല്‍ മൂര്‍ത്തികളുണ്ടാവും. ആ മൂര്‍ത്തികളുടെ വമ്പന്‍ പ്രതിമകളുണ്ടാവും. അവയൊക്കെയും തമിഴിലെ ഹിന്ദു ദ്രാവിഡ ദൈവങ്ങളാണ്. ആ ദൈവങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഗ്രാമങ്ങള്‍ ആ മൂര്‍ത്തികളെ വണങ്ങി നിരീശ്വരതയെക്കുറിച്ച് പാടും. ആ പാട്ടുകളാണ് ഡി എം കെ എന്ന ഇപ്പോഴത്തെ ഭരണകക്ഷിയുടെ അടിവേര്. അത് ഇളക്കിമാറ്റാന്‍ കഴിയാത്തിടത്തോളം തമിഴ് നഗരങ്ങളിലെ പ്രതിഭാസമായി ഒതുങ്ങും ബി ജെ പി. എന്ന് കരുതി നാഗ്പൂര്‍ തമിഴ്നാടിന്റെ കാര്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാണെന്ന് കരുതരുത്. അഴിമതി പോലെ ഏത് സംവിധാനവും വഴുതി വീഴാന്‍ ഇടയുള്ള ചതുപ്പുകളില്‍ അവര്‍ വലവിരിച്ചിട്ടുണ്ട്. പക്ഷേ, അതെത്ര മുറുകുമെന്ന് കണ്ടറിയണം.
കേരളത്തിന്റെ പൊതുസ്ഥിതി തീര്‍പ്പാക്കപ്പെട്ട ഒന്നാണ്. ജാതി പ്രവര്‍ത്തിക്കുമ്പോഴും ജാതിക്കെതിരായ ഒന്ന് ജാതികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒരവസ്ഥ കേരളത്തിലുണ്ട്. അത് നവോത്ഥാനത്തിന്റെ ഗുണാത്മക അവശിഷ്ടങ്ങളാണ്. കേരളീയ നവോത്ഥാനം തുടക്കത്തില്‍ ജാതിപരിഷ്‌കരണമായിരുന്നു എങ്കിലും പിന്നീട് അത് ജാതിവിരുദ്ധതയിലേക്ക് കൂടി വലിയതോതില്‍ മാറുന്നുണ്ട്. ജാതി വിരുദ്ധതയിലേക്കുള്ള ഈ മാറ്റം ഉപരിപ്ലവമായ ഒന്നായിരുന്നില്ല. അത് മനുഷ്യന്‍ എന്ന അന്തസാര്‍ന്ന ഏകകത്തെ ഉയര്‍ത്തി നിര്‍ത്തലായിരുന്നു. നിശ്ചയമായും എല്ലാ മൂല്യ വ്യവസ്ഥകളുടേയും പ്രവാഹങ്ങള്‍ കേരളീയ നവോത്ഥാനത്തില്‍ ഉണ്ടായിരുന്നു. ഗാന്ധി-ഇടതുപക്ഷം-മതം… അങ്ങനെ പലതരം മൂല്യവ്യവസ്ഥകളുടെ സങ്കലനം കേരളീയ നവോത്ഥാനത്തിന്റെ അടിപ്പടവായിരുന്നു. ധാര്‍മികത എന്നതായിരുന്നു ആ മൂല്യവ്യവസ്ഥാ സങ്കലനത്തിന്റെ ഏകവചനം.

ധാര്‍മിക വിപ്ലവമെന്ന് കേരളീയ നവോത്ഥാനത്തെ ഇനിയെങ്കിലും ഉറച്ച് വിളിക്കാന്‍ ശീലിക്കണം. ധാര്‍മികത എന്നത് സത്യാനന്തര കാലത്തും ഈ സത്യാനന്തര കാലത്തിന്റെ ആദ്യരൂപമായ ഉത്തരാധുനികതയിലും അപഹസിക്കപ്പെടുന്ന ഒരുവാക്കാണ്. സത്യാനന്തര-ഉത്തരാധുനികര്‍ അപഹസിക്കുന്നു എന്ന ഒറ്റ കാരണം മതി നമുക്ക് ആ വാക്കിനെ നിസംശയം ഏറ്റെടുക്കാന്‍.
പ്രത്യക്ഷത്തില്‍ കാണാനാവാത്ത, തിരിച്ചറിയാന്‍ പോലുമാകാത്ത ഒന്നാണെങ്കിലും കേരള രാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ ധാര്‍മികത എന്ന ആശയം പ്രബലമായി നിന്നിരുന്നു. കേരളീയ നവോത്ഥാനം വേരുറപ്പിച്ച ധാര്‍മികത എന്ന മഹത്തായ ആശയത്തിന്റെ ആദ്യ പ്രകാശനസ്ഥാനം കുടുംബം ആയിരുന്നു. കുടുംബത്തെ നവോത്ഥാനം ബഹുമാനിച്ചു. ആ ധാര്‍മികത അടിയൊഴുക്കായ കേരളരാഷ്ട്രീയവും കുടുംബത്തെ, കുടുംബത്തിനകത്തെ മനുഷ്യനെ ബഹുമാനിച്ചു. അതിനാലാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പരമകാഷ്ഠയില്‍ പോലും കുടുംബത്തെ അക്രമിക്കാനും അപമാനിക്കാനും ആരും തയാറാവാതിരുന്നത്. രോഗശയ്യിലായ കെ കരുണാകരനെ കാണാന്‍ ചെന്ന ഇ കെ നായനാരെ കേരളം മറന്നിട്ടില്ല. അതൊരു പ്രശസ്ത ഉദാഹരണം മാത്രം. ഇഫ്താറില്‍ വി ഡി സതീശന് അസാധാരണമായ ആഹ്്ലാദത്തോടെ കാരക്ക നീട്ടുന്ന പിണറായി വിജയന്‍ മറ്റൊന്ന്. കേരളം അങ്ങനെയാണ്.

നവോത്ഥാനം പലനിലകളില്‍ ചാലുകീറിയ ഈ ധാര്‍മികതയുടെ പ്രധാന സവിശേഷത മാനുഷികത എന്ന ബലമാണ്. അന്തസ് എന്ന വാക്കാണ് മറ്റൊന്ന്. പലരൂപത്തില്‍ സംഘര്‍ഷാത്മകമായി കലമ്പുമ്പോഴും അന്തസ് എന്ന പ്രമേയത്തെ നമ്മുടെ കക്ഷിരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്നു. അന്തസില്ലായ്മയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നേതാക്കളുടെ പരിശ്രമം അതിന്റെ കാരണവുമായിരുന്നു. നാഗ്പൂര്‍ പദ്ധതിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം ധാര്‍മികതയും അന്തസും ചേര്‍ന്ന ഈ അടിക്കല്ലുകളുടെ സാന്നിധ്യമാണ്. അണികളുടെ തലത്തില്‍ അറുവഷളാവുന്ന സാഹചര്യങ്ങള്‍ എത്ര ഉണ്ടായാലും നേതൃതലത്തില്‍ കേരളം ധാര്‍മികതയുടേയും മനുഷ്യാന്തസിന്റേയും ചില വെളിച്ചങ്ങള്‍ പ്രസരിപ്പിച്ചിരുന്നു. ആ വെളിച്ചം പ്രസരിപ്പിക്കാന്‍ വളരെ സ്വാഭാവികമായും സംഘപരിവാരത്തിന് കഴിയില്ല. ഒന്നോ രണ്ടോ വ്യക്തികളെ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിന്റെ ഈ അടിക്കല്ലിനെ തിരിച്ചറിയാന്‍ കഴിയുന്ന നേതാക്കള്‍ അവര്‍ക്കുണ്ടായിട്ടില്ല. അത് മാത്രമല്ല പ്രത്യയശാസ്ത്ര തലത്തില്‍ മാനവികമാകാന്‍ നാഗ്പൂര്‍ പദ്ധതിക്ക് കഴിയില്ല. ഫാഷിസത്തിനും നാസിസത്തിനും മാനവികമാകാനോ ധാര്‍മികമാകാനോ കഴിയില്ല എന്നതുപോലെ ഇന്ത്യന്‍ ഹിന്ദുത്വയ്ക്കും മാനവികമാകാന്‍ കഴിയില്ല. പൊളിറ്റിക്കല്‍ ഇസ്‌ലാമിന് മാനവികമാകാന്‍ കഴിയില്ല. കാരണം അത് മനുഷ്യരില്‍ അപരത്വം സൃഷ്ടിച്ച്, അതിനെ വളര്‍ത്തി മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ പിളര്‍ത്തി സാധ്യമാക്കുന്ന പ്രത്യയശാസ്ത്രമാണ്. ജന്മം മാത്രമാണ് അതിലേക്കുള്ള പ്രവേശന യോഗ്യത. അതിനാല്‍ ധാര്‍മികത എന്ന ആശയത്തിനോ അതിന്റെ പലതരം ആവിഷ്‌കാരത്തിനോ അവിടെ ഇടമില്ല. കേരളത്തില്‍ സംഘപരിവാരം നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്.

അതിനെ മറികടക്കാന്‍ നാഗ്പൂര്‍ ക്യാമ്പിന് വീണുകിട്ടിയ ഇരയാണ് സ്വപ്ന സുരേഷ്. ഹിന്ദുത്വ ആഗ്രഹിക്കുന്ന ഒരു ആഗോള സ്വഭാവമുള്ള ഭാഷണം സ്വപ്നയ്ക്കുണ്ട്. അന്തം വിട്ടുപോയ ഒരു സ്ത്രീയാണത്. അവരെ എന്തിനും ഉപയോഗിക്കാം. സ്വപ്നയ്ക്ക് അറബ് ഭൂതകാലമുണ്ട്. അതിനെ മുസ്‌ലിം വിരുദ്ധ ചേരുവയാക്കാം. ബിരിയാണി പാത്രം എന്നു പറയിപ്പിക്കാം. നേതാവിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കാം. നവോത്ഥാനമോ അതിന്റെ മൂല്യങ്ങളോ പരിചിതമല്ലാത്ത ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ തെന്നി നടക്കുന്ന ചാനല്‍ ലോകം സ്വപ്നയുടെ മൈക്ക് ഓപറേറ്റര്‍മാരായി താണുകൊള്ളും. കേരളത്തിലെ മൂന്ന് ചാനലുകളുടെ മൂലധനം നിങ്ങള്‍ക്ക് അന്വേഷിക്കാവുന്നതാണ്. ആ കളിയാണ് ഇപ്പോള്‍ നടക്കുന്നത്. ആ കളിയാകട്ടെ ഹിന്ദുത്വയുടെ, സംഘപരിവാറിന്റെ നേരിട്ടുള്ള കാര്‍മികത്വത്തിലാണ്. ധാര്‍മികതയുടെ ലോകത്തെ കേരള രാഷ്ട്രീയത്തില്‍ നിന്ന് പടികടത്തുകയാണ് അവരുടെ ലക്ഷ്യം. പകരം പറ്റിപ്പിടിക്കുന്ന അഴുക്കിലൂടെ കയറിപ്പറ്റുകയാണ് തന്ത്രം.

ഇക്കാര്യങ്ങള്‍ മനസിലാകുന്ന മാനസിക നില ഇപ്പോള്‍ കെ.പി സി സി പ്രസിഡന്റ് കെ സുധാകരന് ഇല്ല. പക്ഷേ, വി ഡി സതീശന് അതുണ്ടാവണം. ഭൂതകാലമാണ് നിങ്ങളുടെ പാസ്പോര്‍ട്ട്. വിമാനത്തിനുള്ളില്‍ കുടുംബങ്ങളെ വിറപ്പിച്ച് സമരം ചെയ്യുമ്പോള്‍, ഒരു സംഘപരിവാര്‍ കളിപ്പാവയുടെ അറപ്പുളവാക്കുന്ന സ്വകാര്യ പേച്ചുകള്‍ക്ക് ഒപ്പം തുള്ളുമ്പോള്‍ ചിരിക്കുന്നത് സംഘപരിവാറാണ്. അമാന്യവും ആസൂത്രിതവുമായ ഈ ആഭിചാരത്തിന് വി ഡി സതീശന്‍ ചൂട്ടുപിടിച്ചുകൂടാ. ന്യായവും നീതിയുമുള്ള മറ്റൊരു സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഈ സമരോര്‍ജത്തെ ഈ അഴുക്കുവെള്ളത്തിലേക്ക് ആറാടാന്‍ വിടരുത്. മികച്ച ഭരണകക്ഷിയെ ജയിപ്പിക്കുക മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളജനത ചെയ്തത്, മോശം പ്രതിപക്ഷത്തെ തോല്‍പ്പിക്കുകയുമായിരുന്നു. വി ഡി സതീശന്‍ അങ്ങനെ ആര്‍ക്കോ വേണ്ടി തോല്‍ക്കേണ്ട ആളല്ല. ധാര്‍മിക-ബഹുസ്വര-മതേതര കേരളത്തിന്റെ ഭാവി ചരിത്രത്തില്‍ നിങ്ങളുമുണ്ടാവണം. അബദ്ധംപറ്റി അരികിലാക്കപ്പെട്ട പരാജിതനായല്ല, രാഷ്ട്രീയാന്തസ് ഉയര്‍ത്തിപ്പിടിച്ച വിജയിയായി. ഇങ്ങനെ പ്രതീക്ഷാനിര്‍ഭരമായി എഴുതി നിര്‍ത്താന്‍ കഴിയുന്ന അപൂര്‍വ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്. ആ പ്രതീക്ഷയുടെ കാവലാളുകളില്‍ ഒരാള്‍ നിങ്ങളാണ്.

കെ കെ ജോഷി

You must be logged in to post a comment Login