നുപുര്‍ ശര്‍മയുടെ വിദ്വേഷവും ഇന്ത്യന്‍ രാഷ്ട്രീയവും

നുപുര്‍ ശര്‍മയുടെ വിദ്വേഷവും  ഇന്ത്യന്‍ രാഷ്ട്രീയവും

കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ സാമൂഹികമായ വലിയ സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യമാകമാനം മുസ്‌ലിംകള്‍ പ്രതിഷേധ പ്രകടനത്തിനിറങ്ങി. പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. റാഞ്ചിയില്‍ രണ്ടു പ്രതിഷേധക്കാര്‍ വെടിയേറ്റു മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാപകമായി സ്വത്തുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഉത്തര്‍പ്രദേശില്‍ പ്രതിഷേധം നടത്തിയവരെ കുറ്റവാളികള്‍ക്കു സമാനമായാണ് നേരിട്ടത്. ഭൂരിഭാഗം മുസ്‌ലിംകളെയും നിയമനടപടികളില്ലാതെ കൂട്ടശിക്ഷ നല്‍കുന്ന പുതിയ രീതിയനുസരിച്ച് വിചാരണയില്ലാതെ ശിക്ഷകള്‍ നടപ്പിലാക്കുകയായിരുന്നു. അവരുടെ വീടുകള്‍ സര്‍ക്കാര്‍ തകര്‍ത്തു. സ്വത്തുവകകള്‍ നശിപ്പിച്ചു.

പ്രതിഷേധാര്‍ഹമായ സംഭവം നടക്കുന്നത് മെയ് 27നാണ്. ബി ജെ പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാപരമായ പരാമര്‍ശമാണ് പുതിയ സാമുദായിക രക്തച്ചൊരിച്ചിലിന് തുടക്കമിട്ടിരിക്കുന്നത്. ആ പരാമര്‍ശം അദ്ദേഹത്തിന് അബദ്ധത്തില്‍ സംഭവിച്ച ഒരു പിഴവല്ല. നിരവധി ടി വി ചാനലുകളില്‍ ശര്‍മ ആ അഭിപ്രായം പങ്കുവെച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, പാര്‍ട്ടിയിലെ മറ്റൊരു വക്താവ് നവീന്‍ ജിന്‍ഡാലും സമാനമായ അഭിപ്രായം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. പ്രസ്തുത പരാമര്‍ശങ്ങളില്‍ ആദ്യം ബി ജെ പി പ്രതികരിച്ചിരുന്നില്ല. തന്റെ പരാമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ ശര്‍മ നിരവധി ടി വി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒമ്പതു ദിവസങ്ങള്‍ക്കു ശേഷം സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി. പ്രതിഷേധം കൊടുങ്കാറ്റായി. ഡസന്‍ കണക്കിന് രാജ്യങ്ങള്‍ ഇന്ത്യയെ അപലപിച്ചു. അതോടെ പാര്‍ട്ടി നടപടി സ്വീകരിച്ചു. തിടുക്കത്തില്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

വര്‍ഗീയതയുടെ പുതിയ അജണ്ട
വിശുദ്ധ വ്യക്തിത്വങ്ങളെ ദുരുപയോഗം ചെയ്യുന്നത് വര്‍ഗീയതയുടെ പുതിയ അജണ്ടയാണ്. കുറച്ചു വര്‍ഷങ്ങളായി അത്തരം വര്‍ഗീയത ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. അത് കണക്കിലെടുക്കുമ്പോള്‍ പോലും ശര്‍മയും ജിന്‍ഡാലും ചെയ്തത് നീതീകരിക്കാനാവാത്തതാണ്. ദൈവങ്ങളെയും പ്രവാചകന്മാരെയും ദുരുപയോഗം ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. പാര്‍ട്ടി വക്താവിനോളം മുതിര്‍ന്ന നേതാവില്‍ നിന്ന്, അതും ദേശീയ ടെലിവിഷന്‍ ചാനലിന്റെ അത്രയും വ്യാപ്തിയുള്ള ഇടത്തുനിന്ന് ഇങ്ങനെയൊരു പ്രസ്താവന/ആരോപണം/നിന്ദാ പരാമര്‍ശം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലില്ല. അതുണ്ടാവാന്‍ പാടില്ലായിരുന്നു.

ഇതിനൊരു കാരണമുണ്ട്. സാമുദായിക സ്വത്വരാഷ്ട്രീയത്തിന് ഇന്ത്യയിൽ വന്‍തോതിലുള്ള പര്‍ച്ചേസുണ്ടെന്ന് വ്യക്തമാണെങ്കിലും മതചിഹ്നങ്ങള്‍ക്ക് നേരെയുള്ള ദുരുപയോഗം ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ കുറവാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ സര്‍വവ്യാപിയായ വസ്തുതയാണത്. ചിലപ്പോള്‍, മാലിന്യം തള്ളുന്നത് തടയാന്‍ പൊതുചുവരുകളില്‍ മതപരമായ ചിത്രങ്ങള്‍ പതിപ്പിച്ച ടൈലുകള്‍ സ്ഥാപിക്കാറുണ്ട്. മതചിഹ്നത്തെ അവഹേളിക്കാതിരിക്കാന്‍ അവിടെ മാലിന്യം നിക്ഷേപിക്കാത്ത രീതിയിലായിരുന്നു ഇന്ത്യന്‍ ജനതയുടെ ജീവിതം. 2021-ല്‍ അമേരിക്കന്‍ തിങ്ക് ടാങ്ക് പ്യൂ റിസര്‍ച്ച് സെന്റര്‍ കാണിക്കുന്ന ഒരു സര്‍വേ ഫലമുണ്ട്. വലിയൊരു വിഭാഗം ഇന്ത്യക്കാരും കരുതുന്നത് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നത് ജീവിതത്തില്‍ പാലിക്കേണ്ട വലിയ മൂല്യമാണ് എന്നാണ്.

അക്കാരണത്താല്‍ തന്നെ, ഹിന്ദുത്വം ഉയര്‍ന്നുവരുന്ന ഈ കാലഘട്ടത്തിലും പ്രവാചകനെ അധിക്ഷേപിക്കുന്നത് സാധാരണ ഹിന്ദുക്കള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്നില്ല. 2019ല്‍ മോഡിക്ക് വോട്ടുചെയ്ത ഹിന്ദുക്കളിലും ശര്‍മക്കെതിരായ നടപടിക്ക് വലിയ പിന്തുണയുണ്ടെന്ന് സി വോട്ടര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നുണ്ട്.

സത്യത്തില്‍, ശര്‍മയുടെയും ജിന്‍ഡാലിന്റെയും അതിര്‍ലംഘനം വളരെ മോശമായ പ്രവൃത്തിയായിരുന്നു. പാര്‍ട്ടിയുടെ പ്രതികരണം മികവുറ്റതും. അവരുടെ പാര്‍ട്ടി തന്നെ അവരെ നിരാകരിച്ചിരിക്കുന്നു. ശര്‍മയെയും ജിന്‍ഡാലിനെയും പിന്തുണയ്ക്കുന്നില്ലെന്നും പ്രവാചകനെ കുറിച്ചുള്ള അവരുടെ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്നുമുള്ള ആഖ്യാനം മുന്നോട്ടു കൊണ്ടുപോവാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന പരാമര്‍ശമാണ് മുതിര്‍ന്ന ബി ജെ പി നേതാക്കളെ ഉദ്ധരിക്കുന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

‘നിങ്ങള്‍ക്ക് മുസ്‌ലിംകളെ തുറന്നുകാട്ടാം, തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താം, പക്ഷേ, പ്രവാചകനെ അപമാനിക്കുന്നത് അതിര്‍ലംഘനമാണ്. ശര്‍മയും നവീനും ആ സംസ്‌കാരം ലംഘിച്ചിരിക്കുന്നു.’ ഒരു ബി ജെ പി മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെയായിരുന്നു.

വര്‍ഗീയ സന്ദേശങ്ങളുടെ സ്വാധീനം
നിരന്തരമായ വര്‍ഗീയ സന്ദേശങ്ങള്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ മനോനിലയെ നന്നായി സ്വാധീനിക്കുന്നുണ്ട്. എങ്കിലും, രാഷ്ട്രീയം ചലനാത്മകമാണ്. ശര്‍മയുടെ പരാമര്‍ശങ്ങള്‍ക്ക് ഇപ്പോള്‍ ജനസ്വീകാര്യത കുറവാണ്. അതൊരു വലിയ കാര്യമാണ്. എന്നാല്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ പൊതുജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അവരുടെ നിലപാടുകള്‍ ഒരേസമയം പോസിറ്റീവായും നെഗറ്റീവായും സമൂഹത്തെ ബാധിക്കാനിടയുണ്ട്.

2014ല്‍ ബി ജെ പി അധികാരമേറ്റതു മുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടിക്കടി വര്‍ധിക്കുകയാണ്. ഭരണകൂട അക്രമങ്ങള്‍ക്കു പുറമെ ഹിന്ദു ദേശീയതയും മുസ്‌ലിംകള്‍ക്കെതിരായി ഉപയോഗിക്കപ്പെടുന്നു. ഹിന്ദുത്വയുടെ അടിത്തട്ടില്‍ നിന്നു തന്നെ മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ പിറവിയെടുക്കുന്നു. പശുവിന്റെ പേരിലും മറ്റു പേരുകളിലും അവ ന്യായീകരിക്കപ്പെടുന്നു. കുറ്റവാളികള്‍ക്ക് ഭരണകൂടം സുരക്ഷയൊരുക്കുന്നു. ഇതിലും വലിയ ഉത്തേജനം മറ്റെന്തുണ്ട്. തീവ്ര ഹിന്ദുത്വയെ പ്രോത്സാഹിപ്പിക്കുന്ന ഭാഷ ഉപയോഗിക്കാനാണ് ദേശീയ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വിഭാഗം ഹിന്ദുക്കള്‍ക്കിടയില്‍ ഹിന്ദുത്വം ജനകീയമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ തീവ്ര പ്രകടനങ്ങള്‍ അധികാരികള്‍ അടിച്ചേൽപ്പിക്കുന്നത് കൃത്യമായി മനസ്സിലാക്കാന്‍ ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ സാഹചര്യം നിരീക്ഷിച്ചാല്‍ മതി. പശുവിറച്ചിയുടെ പേരിലുള്ള കൊലപാതകങ്ങള്‍, ഹിജാബ് നിരോധനം, മുസ്‌ലിം വീടുകള്‍ തകര്‍ക്കല്‍ തുടങ്ങിയ ഹിന്ദുത്വയുടെ പല തീവ്ര അജണ്ടകളും പശ്ചിമ ബംഗാളിലോ തമിഴ്നാടിലോ സംഭവിക്കുന്നില്ല. സ്വന്തം ജനങ്ങളെ ബി ജെ പി തീവ്രവത്കരിച്ച് മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗപ്പെടുത്തുകയാണ്.
ഹിന്ദുത്വ ജനകീയമായെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാന്‍ അതു മാത്രം പോര. അതുകൊണ്ടാണ് ബി ജെ പിയുടെ സമീപനത്തില്‍ ക്ഷേമത്തെ കുറിച്ചുള്ള വാദങ്ങളുണ്ടാകുന്നത്. എങ്കിലും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുന്നത് എക്കാലത്തും ബി ജെ പിക്ക് ഗുണമാണ്. അത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടിയെ നന്നായി സഹായിക്കും.

പാര്‍ട്ടി ശര്‍മയെ സസ്പെന്‍ഡ് ചെയ്തിരിക്കാം, ഹ്രസ്വകാലത്തേക്ക് ശിക്ഷ സ്വീകരിക്കേണ്ടി വന്നേക്കാം. വര്‍ഗീയമായി ചേരിതിരിഞ്ഞുള്ള ചലനങ്ങളാണ് ബി ജെ പിയുടെ ആവശ്യം. ഒരുപക്ഷേ, പ്രതിഷേധങ്ങള്‍ ബി ജെ പിക്ക് ചെറുത്തു നില്‍ക്കാന്‍ കഴിയാത്തത്ര ശക്തമാകും. അത് കുറഞ്ഞ കാലത്തേക്കേ ഉള്ളൂ. ഇന്ത്യക്കാരെ കൂടുതല്‍ വലത്തോട്ട് ചിന്തിപ്പിക്കുന്ന തരത്തില്‍ കൂടുതല്‍ തീവ്രമായ വര്‍ഗീയതകള്‍ പ്രതീക്ഷിക്കാം. അതിനു വേണ്ടി ബി ജെ പി നേതാക്കള്‍ നിരന്തരം ശ്രമിക്കുമെന്നത് വ്യക്തമാണ്.

കടപ്പാട് : സ്‌ക്രോള്‍.ഇന്‍
വിവ. എബി

You must be logged in to post a comment Login