ഭയന്നുവിറച്ച ഇന്ത്യയുടെ തേങ്ങൽ

ഭയന്നുവിറച്ച  ഇന്ത്യയുടെ തേങ്ങൽ

മുപ്പത്തഞ്ചുകാരിയാണ് സയീന്‍ പര്‍വീണ്‍ ബാനോ. വീട്ടു ജോലിക്കാരി. നാലു ആണ്‍കുട്ടികളുടെ മാതാവ്. ഏപ്രില്‍ 11 ന് പുലര്‍ച്ചെ ഒരു മണിക്ക് ഹസന്‍ നഗറിലെ അവരുടെ വീട്ടില്‍ വെച്ച് അവരുടെ ഭര്‍ത്താവ് ലിയാഖത് അലിയെ പൊലീസുകാര്‍ മര്‍ദിച്ചവശനാക്കി. സ്‌കൂട്ടര്‍ മെക്കാനിക്കാണ് ലിയാഖത്. പൊലീസ് അക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയ സയീനിനെ പൊലീസുകാര്‍ പരിഹസിച്ചു. സമീപത്തുണ്ടായിരുന്ന ആയുധമേന്തിയ ഹിന്ദുക്കളോട് പൊലീസുകാര്‍ ഒന്നും പറഞ്ഞില്ല. ലിയാഖത് അലിയെ മര്‍ദിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ അയാള്‍ അലറി: “തന്റെ ഭാര്യയോട് റെക്കോഡ് ചെയ്യാന്‍ പറയെടാ.’

ലിയാഖതിന്റെ കാലുകള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ പത്തു മിനിറ്റിലധികം നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് രാത്രിയേറ്റ മര്‍ദനം നിമിത്തം പരിക്കുകളുണ്ടായിരുന്നു. ചികിത്സ തേടാന്‍ പര്‍വീണ്‍ അപേക്ഷിച്ചപ്പോള്‍ അവനെ വിട്ടുകിട്ടി ആശുപത്രിയിലാക്കാന്‍ 5000 രൂപ വേണമെന്നാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച തന്റെ വീട്ടിലെത്തിയാണ് പൊലീസുകാര്‍ അക്രമിച്ചത്. പുറത്തുനിന്ന് ആളുകളെയും ആയുധങ്ങളും കൊണ്ടുവന്നുവെന്ന് ആരോപിച്ചാണ് ലിയാഖതിനെ മര്‍ദിച്ചത്. അതിന് സഹായകമാകുന്ന വാറന്റോ രേഖകളോ ഒന്നും പൊലീസ് കാണിച്ചില്ലെന്ന് പര്‍വീണ്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ പത്തിന്, തങ്ങളുടെ അയല്‍ക്കാര്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം ഹൈന്ദവ യുവാക്കള്‍ രാമനവമിയുടെ ആഘോഷ ഘോഷയാത്രയുടെ ഭാഗമായി, ഹസന്‍ നഗറിലെ മാര്‍ച്ചില്‍ പങ്കെടുക്കുകയും ആയുധമെടുത്ത് മുസ്‌ലിംകളും ഹിന്ദുക്കളും താമസിക്കുന്ന ഈ പ്രദേശത്തെ മുസ്‌ലിം നിവാസികളെ പ്രകോപിപ്പിക്കുകയും ചെയ്തു. കല്ലെറിയുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി.

പര്‍വീണിന്റെ വാക്കുകള്‍ നോക്കൂ: “വാളുകളുമായി ആളുകള്‍ പാഞ്ഞടുക്കുന്നത് ഞാന്‍ കണ്ടു. പതിനൊന്ന് വയസ്സുള്ള എന്റെ മകനെ അവര്‍ കല്ലെറിയാന്‍ ശ്രമിക്കുന്നു. എന്തിനാണ് ഞങ്ങളെ അക്രമിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ “ജയ് ശ്രീറാം’ എന്ന് വിളിക്കൂ. വിളിക്കാത്തവരെ തല്ലിക്കൊല്ലാന്‍ മുകളില്‍ നിന്നും ഉത്തരവുണ്ടെന്നാണവര്‍ പറഞ്ഞത്. അവരുടെ മുഖം ഞാന്‍ വ്യക്തമായി കണ്ടിരുന്നു. എല്ലാവരെയും എനിക്ക് നേരത്തെ അറിയാം. എന്റെ അയല്‍ക്കാര്‍ തന്നെ.’

ഹിമ്മത് നഗറില്‍ നിന്ന് 169 കിലോമീറ്റര്‍ അകലെ രാമനവമിയുടെ മറ്റൊരു ആഘോഷ ഘോഷയാത്രയുടെ ഭാഗമായി അയ്യായിരത്തോളം വരുന്ന ഹിന്ദു ജനക്കൂട്ടം വാളുകള്‍ വീശി വര്‍ഗീയ മുദ്രാവാക്യം മുഴക്കി ശകര്‍പൂരിലേക്ക് മാര്‍ച്ചു ചെയ്തു. “താടിയും തൊപ്പിയും ധരിച്ചവര്‍ ജയ് ശ്രീറാം മുഴക്കൂ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സംഘം നീങ്ങിയത്. മുസ്‌ലിംകളുടെ നാലു ക്യാബിന്‍ ഷോപ്പുകള്‍, ഒരു ഷോറൂം, ഒരു കെട്ടിടം, ഒരു വീട്, ഒരു ദര്‍ഗ എന്നിവ അക്രമികള്‍ കത്തിച്ചു.

മുസ്‌ലിം ആധിപത്യ പ്രദേശങ്ങളിലും പള്ളികളിലും അക്രമം അഴിച്ചുവിടാന്‍ രാമനവമി ആഘോഷങ്ങള്‍ ഉപയോഗിക്കുന്ന ഹിന്ദു ആള്‍ക്കൂട്ടങ്ങളുടെ മാതൃക മധ്യപ്രദേശ്, ഗോവ, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവയുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കാം. ന്യൂനപക്ഷ സമുദായങ്ങക്കെതിരെ അക്രമം നടത്തിയ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെ പ്രതികരണത്തിന് സമാനമായി ശകര്‍പൂരിലും പ്രതികളെന്ന് പേരിട്ടിരിക്കുന്ന 62 ല്‍ 47 പേരെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്തു. അവരെല്ലാം മുസ്‌ലിംകളാണ് എന്നതാണ് രസകരം. ഇതെഴുതുമ്പോഴും പതിനെട്ടുപേര്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്.

പുരുഷന്മാരില്ലാത്ത നഗരം
രണ്ടു മാസത്തോളമായി ശകര്‍പൂരിലും ഹസന്‍ നഗറിലും മുസ്‌ലിം പുരുഷന്മാരില്ല. പലരെയും പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെടാത്തവര്‍ സ്ത്രീകളെ ബാക്കിയാക്കി നഗരം വിട്ടോടി. കഷ്ടിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന നഗരത്തിലെ ബാക്കിയായ സ്ത്രീകള്‍ അവരുടെ പുരുഷന്മാരെ തിരികെ വിളിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, പൊലീസ് അവരെ പിന്തുടരുമെന്ന കാരണത്താല്‍ തിരികെ വിളിക്കാനും അവര്‍ ധൈര്യപ്പെട്ടില്ല.

വര്‍ഗീയ കലാപത്തോട് പക്ഷപാതപരമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ഏപ്രില്‍ 11 ന് രാത്രി എട്ടു സ്ത്രീകളെ പൊലീസ് മര്‍ദിച്ചതായി അവര്‍ പരാതിപ്പെട്ടു. സൈന്‍ പര്‍വീണ്‍ ബാനോ, ഫരീദ മുഹമ്മദ് ഷാഹിദ് ഷെയ്ഖ്, ഫക്രുന്നിസ സല്‍മാന്‍ ഷിഫായി, തനൂജ മാലിക് എന്നിവര്‍ തങ്ങള്‍ക്കേറ്റ മര്‍ദനങ്ങളെയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ സമീപനങ്ങളെയും കുറിച്ച് സംസാരിച്ചു.

അക്രമത്തിന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ശകര്‍പൂരിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ക്യാബിന്‍ ഷോപ്പുകള്‍ അനധികൃത കൈയേറ്റമാണെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

2022 ഏപ്രില്‍ 29 ന് ഗുജറാത് ഹൈകോടതിയില്‍ അഭിഭാഷകന്‍ ഇഫ്തിഖര്‍ യമാനി ഒരു ഹരജി സമർപ്പിച്ചു. പ്രദേശങ്ങളിലെ പൗരന്മാര്‍ക്കുണ്ടായ നഷ്ടത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം ഗുജറാത് പൊലീസില്‍ നിന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോ(സി ബി ഐ) അല്ലെങ്കില്‍ സംസ്ഥാന സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിനോ (സി ഐ ഡി) കൈമാറണമെന്നുമായിരുന്നു ഹരജിയിലുണ്ടായിരുന്നത്.

ശകര്‍പൂരിലെ റാലി അനുമതിയോടെയാണ് നടത്തിയതെന്നും റാലിക്കിടയിലെ അനിഷ്ട സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും 2022 മെയ് 27ന് ആനന്ദ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് അജിത് രാജിയന്‍ അറിയിച്ചു. ശകര്‍പൂരില്‍ മുസ്‌ലിം നിവാസികളെ മര്‍ദിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രദ്ധയിൽപെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹസന്‍ നഗര്‍ സ്ഥിതി ചെയ്യുന്ന സബര്‍കാന്ത ജില്ലയിലെ എസ് പി വിശാല്‍ വഗേലയുടെ പ്രതികരണം, “അന്വേഷണം നടക്കുന്നു. അന്വേഷണ പുരോഗതിയനുസരിച്ച് ഞങ്ങള്‍ പ്രതികളെ അറസ്റ്റ് ചെയ്യു’മെന്നായിരുന്നു. അവിടെ പൊലീസുകാര്‍ സ്ത്രീകളെ മര്‍ദിച്ചുവെന്ന് ആരോപണത്തിന് അദ്ദേഹത്തിന് മറുപടിയൊന്നുമില്ലായിരുന്നു.
സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസുമായി ചേര്‍ന്ന് വര്‍ഗീയ അക്രമങ്ങളെക്കുറിച്ചും ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയ ബനോജ്യോത്സ്ന ലാഹിരി, അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗവും അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ജീവിതത്തിന് സമ്പാദിക്കുന്ന കുടുംബാംഗങ്ങളാണ് മിക്ക കേസിലും പ്രതിയായത്. പെട്ടെന്നൊരു ദിവസം അവരുടെ മരണമോ അറസ്‌റ്റോ വാര്‍ത്തയായി വരുമ്പോള്‍ ആ കുടുംബത്തിലെ സ്ത്രീകൾ വല്ലാതെ തളർന്നുപോകുന്നു. മാനസികമായും സാമ്പത്തികമായും. കേസുകള്‍ പിന്‍വലിക്കാന്‍ സ്ത്രീകളുടെ മേല്‍ നിരന്തരം സമ്മര്‍ദങ്ങളുണ്ടായി. സാമൂഹിക ബഹിഷ്‌കരണംവന്നു. വീട്ടുകാരെയും കുട്ടികളെയും കൈകാര്യം ചെയ്യാൻ തുടങ്ങി. എന്നിട്ടും നീതിക്കുവേണ്ടി പോരാടാന്‍ അവര്‍ സന്നദ്ധരാണ്.

ചികിത്സയില്ലാതെ
ഏപ്രില്‍ 11 ന് രാത്രി 10:30ന് ഹിന്ദു ജനക്കൂട്ടം ഹസന്‍ നഗറില്‍ വന്ന് കല്ലെറിയാന്‍ തുടങ്ങി. നാലുമാസം ഗര്‍ഭിണിയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു ഫക്രുന്നിസ സല്‍മാന്‍ ഷിഫായി. അക്രമത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു അവള്‍. പിറ്റേന്നും അക്രമികളെത്തി അക്രമങ്ങള്‍ നടത്തി പതിനഞ്ചു മിനിറ്റിനു ശേഷം പൊലീസെത്തി അവിടെ താമസിച്ചിരുന്ന മുസ്‌ലിംകള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഞങ്ങളെ എന്തിനാണ് തല്ലുന്നത്, നിങ്ങള്‍ക്കതിനെന്ത് അവകാശം എന്നു ചോദിച്ചപ്പോള്‍ മുസ്‌ലിംകളെ അടിക്കാന്‍ മുകളില്‍ നിന്ന് ഉത്തരവുണ്ട് എന്നായിരുന്നു മറുപടി.
പൊലീസില്‍ നിന്നേറ്റ മര്‍ദനത്തില്‍ തന്റെ മുതുകിലും നട്ടെല്ലിനും ഷിഫായിക്ക് അടിയേറ്റിരുന്നു. മെയ് മാസം സാമ്പത്തിക ഞെരുക്കം കാരണം അവള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം പരിശോധിക്കാനോ ചികിത്സ തേടാനോ സാധ്യമായില്ല. സര്‍ക്കാര്‍ ആശുപത്രി വളരെ ദൂരെയാണ്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പണവുമില്ല. ഏപ്രില്‍ പത്തിന് അക്രമം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ആദ്യഭാര്യയും മക്കളുമെല്ലാം വീട്ടുജോലിക്കാരിയായ ഷിഫായിയുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.

ഹസന്‍ നഗറിലെ അക്രമികളുടെ കല്ലേറിനു ശേഷം പൊലീസ് എത്തി മുസ്‌ലിം പുരുഷന്മാരെ മര്‍ദിക്കാന്‍ തുടങ്ങുകയും പ്രതിഷേധിച്ച സ്ത്രീകളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്‌തെന്ന് മൂന്നു വയസ്സുള്ള കുട്ടിയുടെ മാതാവ് തനൂജ മാലിക് പറയുന്നു.
പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ എല്ലാ സ്ത്രീകളും അവരുടെ പരിക്കുകളുടെ വീഡിയോ എടുത്തു. അക്രമാസക്തരായ പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ സമ്മതിച്ചില്ല. പകരം ലിയാഖതിന്റെ ജാമ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിക്കുകയായിരുന്നുവെന്ന് പര്‍വീണ്‍ പറയുന്നു.

ഹിമ്മത് നഗറിലെ മറ്റൊരു താമസക്കാരിയാണ് നാല്പതു വയസ്സുള്ള ഫരീദ മുഹമ്മദ് ഷാഹിദ് ഷെയ്ഖ് എന്ന വീട്ടമ്മ. ഏപ്രില്‍ പത്തിന്റെ രാത്രിയെ “ഖയാമത് കീ രാത്’ (നാശത്തിന്റെ രാത്രി) എന്നാണവര്‍ വിശേഷിപ്പിച്ചത്. ഭയം കാരണം അയല്‍പക്കത്തെ പതിനഞ്ചു സ്ത്രീകള്‍ അന്ന് ഒരു വീട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

എവിടെയാണെന്നറിയില്ല
48 കാരിയായ നജ്മ ബീവി വീട്ടമ്മയും നാലുകുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഷാഹിദ് ഹുസൈന്‍ നഗരം വിട്ടോടിപ്പോയതാണ്. സംസ്ഥാന പൊലീസ് മുസ്‌ലിം പുരുഷന്മാരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്യുമ്പോള്‍ അയാള്‍ പിന്നെന്തു ചെയ്യാനാണ്. നജ്മയെയും 21 വയസ്സുള്ള മകള്‍ മഹ്‌റൂഫ ബാനോയെയും ഉപേക്ഷിച്ച് അവളുടെ രണ്ട് ആണ്‍മക്കളും അറസ്റ്റ് ഭയന്ന് ശകര്‍പൂരില്‍ നിന്ന് ഓടിപ്പോയി.

ക്ഷയരോഗബാധിതനായ തന്റെ ഭര്‍ത്താവ് ബി ജെ പിയുടെ ആനന്ദ് ജില്ലാ ഘടകം പ്രവര്‍ത്തകനായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹം ജനക്കൂട്ടത്തെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നജ്മ പറയുന്നത്. അയാള്‍ നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ, എഫ് ഐ ആറില്‍ തന്റെ പേരും കൂടെയുണ്ടെന്നറിഞ്ഞപ്പോള്‍ നാടുവിടുകയായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല.

മഹ്‌റൂഫ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിയാണ്. അക്രമത്തെ തുടര്‍ന്ന് ക്ലാസുകളില്‍ പോകുന്നത് നിര്‍ത്തി. അവളുടെ ഭാവിയെ കുറിച്ചുള്ള നിറഞ്ഞ ആശങ്കയിലാണവള്‍. ഒരു വലിയ ജനക്കൂട്ടം ദര്‍ഗയ്ക്ക് പുറത്തുവന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു. അവരുടെ കൈയിലെ പാത്രങ്ങളിലും കുടങ്ങളിലും കല്ലുകള്‍ നിറച്ചിരുന്നു. അവര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഒരു ജനക്കൂട്ടം നിങ്ങളുടെ വീടിന് പുറത്ത് വന്നുനിന്ന് നിങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പ്രകോപിതരാകില്ലേ. മഹ്‌റൂഫ വികാരാധീനയായി പറഞ്ഞു.

19 കാരിയായ മുസ്‌കാന്‍ ഫൈസല്‍ മാലിക് പറയുന്നു: “ശകര്‍പൂര്‍ പ്രദേശത്തെ റീം ഫരീദിലെ ഞങ്ങളുടെ വസതിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പൊലീസെത്തിയത്. എന്റെ ഭര്‍ത്താവ്, 21 വയസ്സുള്ള ഫൈസല്‍ മാലികിനെ താത്കാലികമായി പൊലീസ് കൂട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്താണ് അവര്‍ കൊണ്ടുപോയത്. പക്ഷേ, പിന്നീട് വിട്ടയച്ചില്ല. മറ്റൊരു ജില്ലയിലെ നദിയാദ് ജയിലിലേക്കാണ് കൊണ്ടുപോയത്. എഫ് ഐ ആറില്‍ പോലും പേരില്ലാത്ത അദ്ദേഹത്തെ എന്തിനാണ് അറസ്റ്റു ചെയ്തത് എന്നു പോലും എനിക്കറിയില്ല.’
ഫൈസല്‍ മാലികിന്റെ അറസ്റ്റ് മുസ്‌കാനെ മാനസികമായും ശാരീരികമായും തളര്‍ത്തി. രണ്ടര വയസ്സുള്ള മകളുമായി അവള്‍ പ്രയാസത്തോടെയാണ് ജീവിക്കുന്നത്. മാതാപിതാക്കളുടെ പിന്തുണയില്ലാതെ ഒറ്റക്ക് താമസിക്കുന്ന അവര്‍ക്ക് നോമ്പു സമയത്ത് നോമ്പുതുറക്കാന്‍ തന്നെ ആരെങ്കിലും ഭക്ഷണം നല്‍കേണ്ട സ്ഥിതിയായിരുന്നു.

നാലു ആണ്‍മക്കളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് ആശങ്കാകുലയാണ് ഹിമ്മത് നഗറിലെ പര്‍വീണ്‍. സ്‌കൂള്‍ പഠനത്തിനായി പ്രതിവര്‍ഷം നല്‍കേണ്ട ഫീസ് 15,000 രൂപ നല്‍കാത്തതിനാല്‍ രണ്ട് കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ അറസ്റ്റിനു ശേഷം കുടുംബം പട്ടിണിയിലായിപ്പോകുന്ന ഘട്ടത്തില്‍ സ്‌കൂള്‍ ഫീസടക്കാന്‍ എവിടെന്ന് പണം ലഭിക്കാനാണ്. ലഭിക്കുന്ന സംഭാവനകളില്‍ നിന്നാണ് ഭക്ഷണചെലവുപോലും കഴിഞ്ഞുപോകുന്നത്. മക്കളെല്ലാം സ്‌കൂളിലാണ്. എങ്ങനെ അവരുടെ ഫീസടക്കും. പര്‍വീണിന്റെ കണ്ണുകള്‍ നിറയുന്നു.

ഹിന്ദുക്കളാരും അറസ്റ്റു ചെയ്യപ്പെട്ടില്ല
ശകര്‍പൂരില്‍ 2022 ഏപ്രില്‍ 10 ന് നടന്ന രാമനവമി റാലി അക്രമത്തില്‍ ഖംഭാത് സിറ്റി പൊലീസ് സ്റ്റേഷനില്‍ രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143(നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം), 120-ബി (ക്രിമില്‍ ഗൂഢാലോചന), 302 (കൊലപാതകം) എന്നിവയുള്‍പ്പെടുന്ന എട്ട് വകുപ്പുകള്‍ ചാര്‍ത്തിയ എഫ് ഐ ആര്‍. അതില്‍ 62 മുസ്‌ലിംകളാണുള്ളത്. കൂടെ പേരു വെളിപ്പെടുത്താത്ത 150 പേരും.

143, 147, 337(ജീവനോ വ്യക്തിസുരക്ഷയോ അപകടത്തിലാക്കുന്നത് വഴി മുറിവേല്‍പ്പിക്കല്‍), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന മനഃപൂര്‍വമായ അവഹേളനം) എന്നീ നാല് ജാമ്യമില്ലാ വകുപ്പുകളുള്ള രണ്ടാമത്തെ എഫ് ഐ ആറില്‍ രാമനവമി റാലിയുടെ സംഘാടകരായ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഈ ലേഖനം എഴുതുന്ന സമയത്ത് ആദ്യ എഫ് ഐ ആറില്‍ പേരുള്ള 62 മുസ്‌ലിംകളില്‍ 18 പേരും ജയിലില്‍ തുടരുന്നു. രണ്ടാമത്തെ എഫ് ഐ ആറിലെ ഹിന്ദു പേരുള്ള ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടേയില്ല. പൊലീസ് അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

ജംഇയത്തെ ഉലമാ ഹിന്ദ് അംഗങ്ങള്‍ ഡിജിപി ആശിഷ് ഭാട്ടിയക്ക് കത്തെഴുതുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിന് ശേഷമാണ് എഫ് ഐ ആറില്‍ ഐ പി സി 436 (നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീ അല്ലെങ്കില്‍ സ്‌ഫോടനാത്മക പദാര്‍ഥം വഴിയുള്ള കുഴപ്പം) ചേര്‍ത്തതെന്ന് അഭിഭാഷകന്‍ ഇഫ്തിഖാര്‍ യമാനി പറഞ്ഞു.
ഐ പി സി 153-എ (മതം, വംശം, ജന്മസ്ഥലം മുതലായവയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295-എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമാനി പറഞ്ഞു.
ക്യാബിനുകള്‍ കത്തിക്കുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ യമാനിയും ജില്ലയിലെ ജംഇയത്തെ ഉലമ ഹിന്ദ് അംഗങ്ങളും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഹിമ്മത്‌നഗറില്‍, സെക്ഷന്‍ 307 (കൊലപാതകശ്രമം), 332 (പൊതുപ്രവര്‍ത്തകനെ ഡ്യൂട്ടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സ്വമേധയാ മുറിവേല്‍പ്പിക്കുക), 353 (പൊതുപ്രവര്‍ത്തകനെ ഡ്യൂട്ടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) ഉള്‍പ്പെടെ ഐ പി സിയിലെ എട്ടു വകുപ്പുകളുള്ള ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളായി 33 മുസ്‌ലിം പുരുഷന്മാരാണുള്ളത്.
42 മുസ്‌ലിംകള്‍ക്കും 40 ഹിന്ദുക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റ് മൂന്ന് എഫ് ഐ ആറുകളില്‍ 143 (നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള ശിക്ഷ), 147 (കലാപത്തിനുള്ള ശിക്ഷ), 153-എ (മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) ഉള്‍പ്പെടെ 21 വകുപ്പുകളെങ്കിലും ചുമത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് മുസ്‌ലിംകളും ഒരു ഹിന്ദുവും ജയിലിലാണ്, ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു.

അയല്‍ക്കാരന്‍ തന്നെ കത്തിയുമായി
ദുരിതബാധിതരായ ഭൂരിഭാഗം സ്ത്രീകളും താമസിക്കുന്ന ഹസന്‍ നഗര്‍ പ്രദേശത്ത് പ്രധനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച വീടുകളുണ്ട്. മുസ്‌ലിംകള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മിക്‌സഡായി താമസിക്കുന്ന ഇടമാണവിടെ.

അക്രമിസംഘത്തില്‍ അയല്‍വാസികള്‍ ഉണ്ടായിരുന്നുവെന്നും പുരുഷ പൊലീസുകാര്‍ തങ്ങളെ മര്‍ദിച്ചെന്നും ഹസന്‍ നഗര്‍ പ്രദേശത്തെ സ്ത്രീകള്‍ ആരോപിച്ചു. പി എം എ വൈ വീടുകളിലെ മുസ്‌ലിം നിവാസികളും അവരുടെ അയല്‍വാസികളും തമ്മില്‍ വലിയ വിശ്വാസത്തകര്‍ച്ച ഉണ്ടായിട്ടുണ്ട്.
ഏപ്രില്‍ 10 ന് രാത്രി 9:30ന് കല്ലും വടിയും വാളുമായി തങ്ങളുടെ അയല്‍ക്കാര്‍ ഓടുന്നത് താന്‍ കണ്ടതായി ഹസന്‍ നഗറിലെ പി എം എ വൈ കോളനിയിലെ വീട്ടമ്മ ഫരീദ മുഹമ്മദ് ഷാഹിദ് ഷെയ്ഖ് പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചു. റാസ പള്ളിയില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന മുസ്‌ലിംകളെ മര്‍ദിക്കുകയും ചെയ്തു. ഞങ്ങളെ അക്രമിച്ച അയല്‍വാസികള്‍ അപ്പോള്‍ പൊലീസുകാരോടൊപ്പം നിന്ന് ചിരിക്കുന്നത് കാണാമായിരുന്നു. ഫരീദ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ മുസ്‌ലിം അയല്‍ക്കാരാണ് പ്രശ്‌നക്കാര്‍ എന്നാണ് അവിടത്തെ ഹൈന്ദവരുടെ ആരോപണം. റാലിയിലെത്തിയവര്‍ അക്രമം അഴിച്ചുവിട്ടിട്ടും അവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഷോപ്പുകള്‍ തകര്‍ന്നിട്ടും വീടുകള്‍ അക്രമിക്കപ്പെട്ടിട്ടും പ്രതി ചേര്‍ത്തവരെല്ലാം മുസ്‌ലിംകള്‍. അക്രമിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും മുസ്‌ലിംകള്‍! എന്തൊരു വിരോധാഭാസം!

(ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് ജേണലിസ്റ്റും കവിയുമാണ് കൗശിക് രാജ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് ജേണലിസ്റ്റാണ് സബാഹ് ഗുര്‍മത്)
കടപ്പാട്: ആര്‍ട്ടിക്കിള്‍ 14
വിവ. എബി

കൗശിക് രാജ്, സബാഹ് ഗുര്‍മത്

You must be logged in to post a comment Login