കൊച്ചി വിമാനത്താവളത്തിന് സമീപം സിയാൽ അക്കാദമിയിൽ സംവിധാനിച്ച കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2022ലെ ഹജ്ജ് ക്യാമ്പിനിടെ ഒരു വൈകുന്നേരമാണ് ആ ഉമ്മയെ കണ്ടുമുട്ടുന്നത്. ഹജ്ജ് കമ്മിറ്റി നൽകുന്ന യാത്രാരേഖകളും മറ്റും കൈപ്പറ്റാനുള്ള കൗണ്ടറിൽ വന്നപ്പോഴാവണം വെള്ള വസ്ത്രം ധരിച്ചിരിക്കുന്ന എന്നെയവർ കാണുന്നതും “എല്ലാം റാഹത്താവാൻ മോൻ ദുആ ചെയ്യണമെന്ന്’ തെക്കൻ പ്രാദേശിക ഭാഷയിലവർ പറയുന്നതും. അവിടെയപ്പോഴുള്ള മറ്റുള്ളവരോടും അവർ വളരെ താഴ്മയോടെ പ്രാർഥനയഭ്യർഥിക്കുന്നത് കണ്ടു. സ്ത്രീകൾ സംഘമായി യാത്രതിരിക്കുന്ന 3 വിമാനങ്ങൾ പുറപ്പെടുന്ന ദിവസമായതിനാൽ തന്നെ അന്ന് ക്യാമ്പിലധികവും ഉമ്മമാരായിരുന്നു. ബാധ്യതകളും നോവുകളും ഉള്ളിലുള്ള ചിന്തകളും മറ്റെല്ലാവരെക്കാളും മുഖത്ത് കൊണ്ടുനടക്കുന്നവരാവും മുതിർന്ന ഉമ്മമാരെന്നതിനാൽ യാത്രയുടെ വിരഹവും ലക്ഷ്യസ്ഥാനം ഉൾവഹിച്ച സന്തോഷവും മറ്റുദിവസങ്ങളെക്കാളേറെ അന്നാ ക്യാമ്പിൽ കാണാമായിരുന്നു. പലവിധ ആധികളും ആശങ്കകളും പങ്കുവെക്കാൻ വളണ്ടിയർമാരിരിക്കുന്ന ഹെൽപ് ഡെസ്കിലേക്ക് എത്തുന്നവരുടെ എണ്ണവും അന്ന് കുത്തനെ കൂടി. “മോൾ ഗർഭിണിയായീട്ട് എട്ടാം മാസമാവാറായി, മനസ്സിപ്പഴും അവിടെയാണ്, ഇക്കൊല്ലംകൂടെ പോവാൻ കഴിയാതിരുന്നാ ഇനി എന്നാ പോവ്വാന്ന് കരുതി മകളെന്നെ ഉന്തിത്തള്ളി പറഞ്ഞയച്ചതാണ്, ഉമ്മ കുറെ ആയീല്ലേ പണം സ്വരുക്കൂട്ടി ഇരിക്കാൻ തുടങ്ങീട്ട്, എന്റെ കാര്യം നോക്കാൻ ഇവിടെ വേറെ ആൾക്കാർ ഉണ്ടല്ലോ, ഉമ്മ യാത്ര മുടക്കണ്ട എന്ന അവളുടെ വാക്കിന് പുറത്താണ് ഈ പോക്ക്, ഓളെ ഉപ്പ മരിച്ചേൽ പിന്നെ ഞാൻ ന്റെ കുട്ടിനെ വിട്ട് നിന്നിട്ടില്ല, മോൻ ദുആ ചെയ്യണട്ടോ, ഹജ്ജ് എല്ലാം സലാമത്താവാനും ഞാൻ പോയി വരുന്നതു വരെ മോൾക്ക് ഒന്നും പറ്റാണ്ടിരിക്കാനും.’
“അതൊക്കെ റാഹത്താവും, ഉമ്മ പോയി വാ’ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനിടെ അവർ പിന്നെയും പറയാൻ തുടങ്ങി.
“കൊവിഡ് വന്നപ്പോ ഇനി മക്കം കാണാനാവൂലെന്ന് വിചാരിച്ചതാർന്ന്, ഇപ്പോ ഇവിടെ എത്തീലേ, ഇനി വേഗം മദീനേലും മക്കത്തും എത്തിയാൽ മതി’ – കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര ഹജ്ജ് യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഭാവിയിലിനി ഹജ്ജും ഉംറയും സാധ്യമാവില്ലേ എന്ന് സന്ദേഹപ്പെട്ട സാധാരണക്കാരായ അനേകായിരം വിശ്വാസികളുടെ പ്രതിനിധിയായി ആ ഉമ്മയെ അനുഭവപ്പെട്ടു എനിക്കപ്പോൾ. ഈ വർഷം ഹജ്ജിന് പോവാൻ മുൻവർഷങ്ങളെക്കാൾ ഇരട്ടിയോളം തുകയുണ്ടെന്നറിഞ്ഞപ്പോൾ എന്റെ ഉമ്മയും അമ്മായിയുമടക്കമുള്ളവർ പങ്കുവെച്ച ആശങ്കയും സമാനമായിരുന്നു, തങ്ങൾ സ്വരുക്കൂട്ടിവരുന്ന പണം ഇനിയുള്ള യാത്രകൾക്ക് തികയാതെയാവുമോ എന്ന ഉള്ളിൽനിന്ന് വരുന്ന ബേജാറ്! ഹജ്ജ് ക്യാമ്പിലെ ഒഴിവുവേളകളിലിരുന്ന് വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ “മോനേ, ഇങ്ങനെ ഹജ്ജ് ക്യാമ്പിലൊക്കെ പങ്കെടുത്ത് അവിട്ന്ന് ഹജ്ജിന് പോവാൻ എന്റെ ഉമ്മാക്കും ഭാഗ്യം ഉണ്ടാവണേന്ന് നീ പ്രാർഥിക്ക് ട്ടോ’ എന്ന് ഉമ്മ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
ഏതാനും ദിവസത്തെ ഹജ്ജ് ക്യാമ്പ് വാസത്തിനിടെ പലവിധ ശങ്കകളുടെയും സന്തോഷങ്ങളുടെയും ഒരുപാട് മുഖങ്ങൾ മുന്നിൽ വന്നു. ഓരോ മുഖവും, ഒട്ടേറെ പേജുകളും അധ്യായങ്ങളുമുള്ള വലിയ വലിയ കഥകളായിത്തോന്നി. പുറംചട്ടയിൽ നിന്ന് തന്നെ ഉള്ളടക്കം വായിച്ചെടുക്കാവുന്ന കഥകൾ. ഒരുപക്ഷേ പങ്കുവെച്ചാൽ തിളക്കം നഷ്ടപ്പെട്ടേക്കുമോ എന്ന ആധിയിൽ ആ അനുഭവകഥകൾ ദൂരെനിന്ന് മാത്രം നോക്കിയിരുന്നു. അതുമതിയായിരുന്നു ഉള്ളു നിറയാൻ, പതിയേ കണ്ണുകളും…
മക്കം പൂക്കുന്ന മനസ്സുകൾ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുറേനാൾ ജോലി ചെയ്ത് സ്വരൂപിച്ച പണവും വിധവാ പെൻഷനായി കിട്ടിയ തുകയും ചേർത്തു വെച്ചാണ് ചേർത്തലയിൽ ഉള്ള ആ ഉമ്മ ഹജ്ജിനുള്ള സാമ്പത്തികം കണ്ടെത്തിയത്. എന്നോ മനസിൽ ആഗ്രഹിച്ചാഗ്രഹിച്ച് ഇരുന്നതായിരുന്നെങ്കിലും മതിയായ പണമായപ്പോൾ കൊവിഡ് യാത്രമുടക്കി. പിന്നീട് ഈ വർഷമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ അപേക്ഷിക്കുന്നത്. പണം അൽപം കൂടിയെങ്കിലും ഇപ്പോൾ പോയില്ലെങ്കിൽ ഇനി എന്ന് പോവാനാണെന്ന് ആ ഉമ്മ പരിഭവം പറഞ്ഞു. വർധിച്ച തുക കണ്ടെത്താൻ അനന്തരാവകാശമായി ലഭിച്ച അൽപം ഭൂമി കൂടെ വിറ്റു. കൊവിഡ് കാലത്ത് ഇല്ലാതായ ഹജ്ജ് യാത്ര സാധാരണക്കാരായ ധാരാളമാളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഓരോരുത്തരുടെയും സംസാരങ്ങളിൽനിന്നറിയാം. “മൂന്നു മക്കൾക്കും നാട്ടിൽ തന്നെ അന്നന്ന് കഴിഞ്ഞുപോവാനുള്ള വരുമാനം ലഭിക്കുന്ന ജോലിയുണ്ട്. അതിനാൽ എനിക്ക് കിട്ടുന്ന പണം വീട്ടാവശ്യങ്ങൾക്ക് എടുക്കേണ്ടി വരാറില്ല. അതുകൊണ്ടാണ് ഈ പണമൊക്കെ ഉണ്ടായത്. അല്ലെങ്കിൽ എന്താണിപ്പോൾ ആ ചെറിയ തുകയിൽ നിന്ന് ശേഷിക്കുക’ വർത്തമാനത്തിനിടയിൽ “പെൻഷൻ തുക കൊണ്ട് ഹജ്ജ് ചെയ്താൽ പടച്ചോൻ സ്വീകരിക്കില്ലേ’ എന്നൊരു ചോദ്യം വലിച്ചിട്ടു ആ ഉമ്മ. ഈ തുകയൊക്കെ സ്വരുക്കൂട്ടി വെച്ച്, അപേക്ഷ സ്വീകരിക്കപ്പെട്ട് യാത്രപറയാൻ ചുറ്റുവട്ടങ്ങളിൽ പോയപ്പോഴാണത്രെ അയലത്തുള്ള ഒരു സ്ത്രീ ആ പണം കൊണ്ടൊന്നും മക്കത്ത് പോയാൽ ശര്യാവൂലാന്ന് ഇവർ കേൾക്കേ മറ്റൊരാളോട് പറയുന്നത്. അതിൽ പിന്നെ വീട്ടിലെത്തി ഒറ്റ കിടപ്പായിരുന്നു. പടച്ചോൻ എന്നെ സ്വീകരിക്കില്ലേ എന്ന ആധിയിൽ ഏറെ നേരം കരഞ്ഞിരുന്നത്രെ. “പിന്നീട് ഇളയ മകൻ ജോലി കഴിഞ്ഞെത്തി പള്ളിയിലെ ഉസ്താദിനെ കണ്ടപ്പോഴാണ് സമാധാനായത്. പിന്നെ ഞാൻ ആ സ്ത്രീയോട് തർക്കിക്കാൻ പോയില്ല, അവരോട് പടച്ചോൻ പൊറുക്കട്ടെ, ഒരു നല്ല കാര്യത്തിന് ഇറങ്ങുകയല്ലേ, പടച്ചോന് എന്റെ മനസ്സറിയാമല്ലോ, ഞാൻ അത്രയും ആഗ്രഹിച്ചു സ്വരുക്കൂട്ടിയതല്ലേ, അവൻ എന്നെ സ്വീകരിക്കാണ്ടിരിക്കില്ല. മോൻ പ്രാർഥിക്കണേ’
“നിങ്ങളുടെ തേട്ടം പടച്ചോന് അറിയാമല്ലോ, എല്ലാം ഭംഗിയാവട്ടെ’ എന്ന് പറഞ്ഞു അവരെയും യാത്രയാക്കി. ഹജ്ജ് ക്യാമ്പിലെ ഓരോ ദിവസവും ഇങ്ങനെ ഒരുപാട് പ്രാർഥനാ തേട്ടങ്ങളുടേതായിരുന്നു. മക്ക ലക്ഷ്യം വെച്ച് പുറപ്പെട്ടെത്തിയ എല്ലാവരും കാണുന്നവരോടെല്ലാം ദുആ ഏല്പിക്കുന്നതായി കണ്ടു. മക്കയിലേക്കുള്ള വഴികൾ പറഞ്ഞും കുടുംബ പശ്ചാത്തലം പറഞ്ഞും യാത്രാ വിവരങ്ങൾ പങ്കുവെച്ചും അവിടെയെത്തിയ ഓരോ മനുഷ്യരും പരസ്പരം ഉള്ളുതുറന്നു സംസാരിക്കുന്നു. സംസാരമില്ലാത്ത സമയങ്ങളിൽ ഓരോ ചുണ്ടും ദിക്റിലും ഖുർആൻ പാരായണത്തിലും സ്വലാത്തിലുമായി മുഴുകുന്നു. കൈയിലെപ്പോഴും ചലിക്കുന്ന തസ്ബീഹ് മാലകൾ. സിയാൽ അക്കാദമിയിൽ സജ്ജീകരിച്ച ആ താല്കാലിക പന്തലിലിപ്പോൾ പരിചയക്കാർ ഒത്തൊരുമിക്കുന്ന ഒരു പൗരാണിക പള്ളിയിലെ ഈദ് ദിനത്തിന്റെ പ്രതീതിയാണ്. കൊതിച്ചൊരുങ്ങി പുറപ്പെട്ടെത്തിയവരുടെ ഏറിയ സാന്നിധ്യത്താൽ ആ ഇടവുമപ്പോൾ വലിയൊരു ആത്മീയ അന്തരീക്ഷം സൃഷ്ടിക്കും. സദാ നാഥനെ സ്തുതിക്കുന്ന അനേകം തീർഥാടകരുള്ള, നന്മ മാത്രം ഉദ്ദേശിച്ച് ഒരുമിച്ചുകൂടിയ അനേകം സന്നദ്ധ പ്രവർത്തകരുള്ള ഒരു പുണ്യഭൂമിയായി ആ ചെറിയ പ്രദേശമപ്പോൾ രൂപാന്തരപ്പെടും.
എല്ലാം നാഥനിലർപ്പിച്ച്
ജീവിതത്തിന്റെ തീക്ഷ്ണ പരീക്ഷണങ്ങളിൽ കാലിടറാതെ ഉറച്ച കരളുറപ്പും നിറഞ്ഞ പ്രാർഥനയുമായാണ് മലപ്പുറം കൊളത്തൂർ പറമ്പിൽപീടിയേക്കൽ അബ്ദുൽ ലത്തീഫ് ഹജ്ജ് കർമത്തിനായി വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടത്. അഞ്ചാം വയസ്സിൽ അസുഖം കാരണം വലതുകാൽ പൂർണമായി നഷ്ടമായെങ്കിലും കൈവിടാത്ത മനക്കരുത്തുമായി ജീവിതത്തിന്റെ പലഘട്ടങ്ങളും തരണം ചെയ്ത് മുപ്പത്തിയെട്ട് വയസ്സിലെത്തി. അവസാനം തികഞ്ഞ ആത്മവിശ്വാസവുമായാണ് ഹജ്ജ് യാത്രക്കൊരുങ്ങിയത്.
പുലാമന്തോളിലെ ഹോമിയോ ഡിസ്പൻസറിയിലെ താല്കാലിക ജീവനക്കാരനായ അബ്ദുല്ലത്തീഫ്, ലഭിക്കുന്ന വേതനത്തിൽനിന്ന് ദൈനംദിന ചെലവുകൾ കഴിഞ്ഞ് ഒരുമിച്ചുകൂട്ടിയ സംഖ്യയുടെ പിൻബലത്തിലാണ് ഹജ്ജിനൊരുങ്ങുന്നത്. കഅ്ബ കാണാനുള്ള തന്റെ ആശയറിഞ്ഞ് സഹോദരന്മാരും അകമഴിഞ്ഞ് സഹായിച്ചു.
ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തനിച്ചുള്ള യാത്രയിൽ സഹായത്തിനുള്ള വഴികൾ നാഥൻ കാണിച്ചു നൽകുമെന്ന പൂർണ പ്രതീക്ഷയിലാണ് അബ്ദുല്ലത്തീഫ്. അതിനുള്ള പ്രാർഥനകളുണ്ടായിരുന്നു എപ്പോഴും ചുണ്ടുകളിൽ. തന്നെ ഭരമേൽപ്പിക്കുന്നവരെ നാഥൻ കൈവിടില്ലല്ലോ.
“കഴിഞ്ഞ വർഷം ഹജ്ജിനു അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് കാരണം യാത്ര നടന്നില്ല. ഈ വർഷം വീണ്ടും അപേക്ഷിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ അവസരവും കിട്ടി. ഇനി പുണ്യ ഭൂമിയിലെത്തി എല്ലാം പൂർണതയോടെ നിർവഹിച്ച് കുടുംബത്തിൽ തിരിച്ചെത്തണം. വഴികളിൽ വെളിച്ചമേകാൻ എനിക്കല്ലാഹു ഉണ്ടല്ലോ’- എന്ത് തിളക്കമാണ് ആ വാക്കുകൾക്ക്…
ഇരുകണ്ണുകൾക്കും കാഴ്ചശേഷിയില്ലെങ്കിലും ഹജ്ജ് യാത്രയുടെ ഓരോ നിമിഷത്തിലും തന്റെ കണ്ണാവാൻ ആരെയെങ്കിലും അവൻ നൽകാതിരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മണ്ണാർക്കാട് കോട്ടോപാടം സ്വദേശിയായ ഹംസാക്ക ഹജ്ജ് കർമത്തിനായി പുറപ്പെടുന്നത്. മുമ്പ് രണ്ടുതവണ ഉംറ ചെയ്ത അനുഭവമുള്ളതിനാൽ സന്ദേഹങ്ങൾ ഏതുമില്ലെന്ന ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഹംസക്കയുടെ മുഖത്ത് എപ്പോഴുമുണ്ടായിരുന്നു. എല്ലായ്പോഴും നമുക്ക് വഴിയേകുന്നവൻ വിളിച്ചിട്ടല്ലേ ഈ യാത്രയെന്ന സംതൃപ്തിയും…
സ്വരുക്കൂട്ടിവെച്ച ആഗ്രഹങ്ങൾ
ഹജ്ജ് ക്യാമ്പിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഹകീം അസ്ഹരി ഉസ്താദിന്റെ ഫേസ്ബുക് കുറിപ്പ് ശ്രദ്ധയിൽപെടുന്നത്. “ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക ആസൂത്രണം നാം നടത്തേണ്ടതുണ്ട്. പ്രായപൂർത്തിയായ ഉടനെ നമ്മുടെ ഉപഭോഗങ്ങളെ മിതമായി ക്രമീകരിക്കുകയും സേവിങ് ശീലമാക്കുകയും വേണം. നമ്മുടെ മനസ്സിലുണ്ടാകുന്ന നിഷ്കളങ്കമായ ആഗ്രഹവും അതനുസരിച്ചുള്ള ജീവിത ക്രമീകരണങ്ങളും തീർച്ചയായും നമ്മെ മക്കയിലേക്ക് കൊണ്ടെത്തിക്കും…’ – ഈ വർഷത്തെ തീർഥാടകർക്ക് ആശംസകളും പ്രാർഥനകളും നേർന്നു കൊണ്ടുള്ള ആ കുറിപ്പിലെ മനസ്സിൽ പതിഞ്ഞ വാക്കുകൾ ഇതായിരുന്നു. പിന്നീട് സിറാജ് ദിനപത്രത്തിലോ മറ്റോ ഈ വാക്കുകൾ പ്രിന്റ് ചെയ്ത് വന്നപ്പോൾ “നീ ഇത് കണ്ടോ, ഞാനൊക്കെ എന്നാ പോണേന്നാവോ’ എന്ന് ഉമ്മയും എന്നോട് പറഞ്ഞിരുന്നു. അമിതമായി ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന് ആവുന്നതും സ്വരുക്കൂട്ടി വെച്ചാൽ ജീവിതത്തിൽ ഹജ്ജ് സാധ്യമാകും എന്നതിന് പരിചയത്തിലുള്ള ഏതാനും ഉദാഹരണങ്ങളും ഉമ്മ പറഞ്ഞുതന്നു.
ഹജ്ജ് ക്യാമ്പിലെ ക്യാന്റീനിൽ വൈകുന്നേരത്തെ ചായക്ക് ഇരിക്കുന്ന സമയത്താണ് കോഴിക്കോട് വെണ്ണക്കോട് സ്വദേശിയായ മദ്രസാധ്യാപകൻ അടുത്ത് വന്നിരുന്നത്. എത്രയോ കാലമായി ഹജ്ജെന്ന മോഹവുമായി പണം ശേഖരിച്ചു തുടങ്ങിയതാണത്രേ. ഓരോ വർഷവും ഇത്ര തുക ഹജ്ജിനായി മാറ്റിവെക്കണം എന്ന കരുതൽ ആദ്യമേ ഉണ്ടായിരുന്നു. ഏകദേശം അതുപോലെയെല്ലാം സാധ്യമാവുകയും ചെയ്തു. അതിനിടയിൽ പലയിടത്തും മാറിമാറി സേവനം ചെയ്യേണ്ടി വന്നു. വീട്, മക്കൾ, കുടുംബം എന്നിങ്ങനെ പല ചെലവുകളും അതിനിടയിൽ ഉണ്ടായി. പക്ഷേ ഹജ്ജിന് വേണ്ടി ശേഖരിച്ചുവെച്ച പണത്തിൽ തീരെ തൊട്ടില്ല. മറ്റുകാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയും ചെയ്തു. ആവശ്യത്തിന് പണം ആയെന്ന ധാരണയായപ്പോൾ ഈ തവണ അപേക്ഷിക്കുകയും അവസരം ലഭിക്കുകയും ചെയ്തു. മദ്രസാധ്യാപനത്തിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ദൈനംദിന ചെലവുകൾക്ക് പോലും മതിയാവാതെ വരുന്നിടത്ത് ആശകൾ എങ്ങനെയാണ് പണത്തെ സംഭരിക്കുന്നതെന്ന് നോക്കൂ. അതൊരു വല്ലാത്ത അനുഗ്രഹം തന്നെ.
കൊച്ചി തോപ്പുംപടി ഹാർബറിൽ കൂലിപ്പണിക്കാരനാണ് മട്ടാഞ്ചേരിയിലെ ജബ്ബാർക്ക. വയസ്സ് അറുപത് കഴിഞ്ഞെങ്കിലും പള്ളിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എല്ലാമായി ഇപ്പോഴും നാട്ടിൽ സജീവമാണ്. ഭാര്യ ഷാഹിദയും അയൽവാസികളുടെയും കുടുംബങ്ങളുടെയും ഇടയിൽ ഏറെ പരോപകാരിയാണ്. നാട്ടിലെ പാവങ്ങൾക്ക് പുതുവസ്ത്രങ്ങൾ നൽകാനും ഭക്ഷണത്തിനുള്ള വക കണ്ടെത്താനുമെല്ലാം ബന്ധുക്കളിൽനിന്നും മറ്റും പണം ശേഖരിക്കും. പെരുന്നാൾ പോലുള്ള ആഘോഷ സമയത്തും കൊവിഡ് കാലത്തെ വറുതിയിലും ഏറെ പേർക്ക് ആ ദമ്പതികൾ തുണയായി. തങ്ങളാലാവുന്നത് ചെയ്യുന്നതിന്റെ സന്തോഷം മക്കളില്ല എന്ന വേദനകൾക്കിടയിലും അവർ അനുഭവിച്ചു. ചുറ്റുമുള്ളവരോടെല്ലാം മക്കളോടെന്ന പോലെ വാത്സല്യത്തോടെ പെരുമാറാൻ അവർക്കായി.
തന്റെ പ്രിയ പത്നിയെയും കൂട്ടി മക്കയും മദീനയും സന്ദർശിച്ച് ഹജ്ജ് ചെയ്യണമെന്നത് ജബ്ബാർക്കയുടെ എന്നത്തെയും വലിയ ആഗ്രഹമായിരുന്നു. കഴിഞ്ഞ അഞ്ചാറു വർഷമായി അധ്വാനിച്ചതും പരിശ്രമിച്ചതുമെല്ലാം അതിനുവേണ്ടിയായിരുന്നു. ഹാർബറിലെ കൂലിത്തൊഴിലിൽനിന്ന് ലഭിക്കുന്ന പണം ഹജ്ജെന്ന ലക്ഷ്യത്തോടെ ശേഖരിച്ചുവെച്ചു. പല തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചു. അവസരം ലഭിച്ച 2020 ൽ കൊവിഡ് യാത്ര മുടക്കി. പണമെല്ലാം അടച്ചതിനു ശേഷമായിരുന്നു യാത്ര മുടങ്ങിയത് എന്നതിനാൽ അത് വലിയ വിഷമമുണ്ടാക്കി. പിന്നെ ഇനി എന്നാവും യാത്രയെന്ന പ്രാർഥനയിൽ എപ്പോഴുമിരുന്നു. ഒടുവിൽ ഈ വർഷം അവസരം ലഭിച്ചു. ജീവിതസഖിയോടൊപ്പം യാത്ര ചെയ്യുമ്പോൾ അവരെ ആകെ അലട്ടുന്ന സന്ദേഹം യാത്രയ്ക്കിടയിൽ കൂട്ടായി മക്കൾ ആരും കൂടെയില്ലെന്നതാണ്. ഹജ്ജിന്റെ തിരക്കേറിയ കർമങ്ങൾക്കിടെ ബുദ്ധിമുട്ടുകൾ ഏതുമില്ലാതെ തന്റെ പത്നിക്ക് എല്ലാം പൂർണതയോടെ ചെയ്യാൻ കഴിയേണമേ എന്ന പ്രാർഥന എപ്പോഴുമുണ്ട്. ഭാര്യയെ അത്രയേറെ സ്നേഹിക്കുന്ന, അവളെ വിട്ട് ഇന്നേവരെ പിരിഞ്ഞു ജീവിക്കാത്ത സ്നേഹനിധിയായ ഭർത്താവിന്റെ മനസിൽ നിറയെ അതല്ലാതെ മറ്റെന്തുണ്ടാവാൻ.
എത്രയോ സമ്പത്തുണ്ടായിട്ടും പല ന്യായങ്ങൾ പറഞ്ഞ് നിർബന്ധമായ ഒരു കർമം പിന്തിപ്പിക്കുന്നവരെ ഈ മനുഷ്യർ ചിന്തിപ്പിക്കാതിരിക്കില്ല. അതിയായ ആഗ്രഹമുണ്ടേൽ പണമെല്ലാം സ്വരുക്കൂടുമെന്ന യാഥാർത്ഥ്യം സത്യമാവുമെന്നറിയാൻ ഈ അനുഭവങ്ങൾ ധാരാളമാണ് താനും.
മുബശ്ശിർ മുഹമ്മദ് നൂറാനി
You must be logged in to post a comment Login