ഭിന്ന ജീവിവര്‍ഗങ്ങളും അവയുടെ ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച പഠനശാഖയാണ് ഇകോളജി. പ്രകൃതിവിഭവങ്ങള്‍ സംബന്ധിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് രണ്ടു തരത്തിലുള്ള ആശയങ്ങള്‍ സ്വരൂപിക്കാന്‍ കഴിയുന്നു. ഒന്ന്: സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, സമുദ്രം, പുഴകള്‍, മലകള്‍, മരങ്ങള്‍ തുടങ്ങിയ സര്‍വ പ്രകൃതിവിഭവങ്ങളും ലോകാവസാനത്തോടെ നശിക്കുമെന്നതാണ്. വിശ്വാസത്തിന്റെ ഭാഗമാണത്. മറ്റൊന്ന്, അന്യായമായി പ്രകൃതിവിഭവങ്ങളോട് ഇടപെടുന്നതിനെ സംബന്ധിച്ചാണ്. ധൂര്‍ത്തിനെ മുന്‍നിര്‍ത്തിയുള്ള ആലോചനകളാണതില്‍ പ്രധാനം. “അമിതോപയോഗക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അവര്‍ പിശാചിന്റെ കൂട്ടുകാരത്രെ.’
നല്ല മരങ്ങള്‍(ശജറതുന്‍ ത്വയ്യിബ), ചീത്ത മരങ്ങള്‍(ശജറതുന്‍ ഖബീഥ) എന്ന ദ്വന്ദ്വത്തെ ഉപയോഗിച്ചാണ് വിശ്വാസത്തിന്റെ അടിസ്ഥാനഘടകത്തെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ചീത്തമരം പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പാരിസ്ഥിതിക ആലോചനയുടെ ഒരു വിത്തായി ഈ സൂക്തത്തെ എടുക്കാവുന്നതാണ്. മനുഷ്യവാസമുള്ള ഇടങ്ങളിലെ വെള്ളം വലിച്ചെടുത്ത് ജലക്ഷാമത്തിന് കാരണമാകുന്ന, മറ്റു ജീവാപായങ്ങള്‍ക്ക് കാരണമാകുന്ന മരങ്ങള്‍ “ചീത്ത മരങ്ങള്‍’ എന്ന ഗണത്തില്‍ വരുന്നു. മനുഷ്യനെ കേന്ദ്രമാക്കിയുള്ള സമീപനമാണ് നല്ലത്, ചീത്ത എന്ന ഈ വേര്‍തിരിവിന്റെ മാനദണ്ഡം.
“ഭൂമി മുഴുക്കെയും നിങ്ങള്‍ക്കു(മനുഷ്യര്‍ക്ക്)വേണ്ടി പടച്ചു’ എന്ന ഖുര്‍ആനിക വചനത്തെ അടിസ്ഥാനപ്പെടുത്തി, ഇകോളജിയിലെ ഒന്നാമത്തെ “അവകാശി’ മനുഷ്യനെന്ന് തീര്‍ച്ചപ്പെടുത്താവുന്നതാണ്. മനുഷ്യനെ മറ്റിതര ജീവികളെക്കാള്‍ ഔന്നത്യമുള്ളവരായി നിര്‍ണയിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ ധാരാളമുണ്ട്.
“നിശ്ചയം മനുഷ്യനെ നാം ഭംഗിയുള്ള ഘടനയില്‍ സൃഷ്ടിച്ചു.’ അവയിലൊന്നാണിത്. ഈ സൂക്തത്തിന് വേറൊരു വിശേഷം കൂടിയുണ്ട്. തീന്‍(അത്തി), ഒലീവ്, സീനായ് പര്‍വതം, നിര്‍ഭയത്വമുള്ള ഈ നാട് (ബലദുന്‍ അമീന്‍) എന്നീ നാല് ടെര്‍മിനോളജികളെ വച്ച് സത്യം ചെയ്തുകൊണ്ടാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കുന്നത്. പ്രകൃതിവിഭവങ്ങളില്‍ പ്രത്യേകം ചിലത് പരാമര്‍ശിച്ച് കൂടുതല്‍ കൗതുകം നിറഞ്ഞ ആലോചനകളിലേക്ക് ക്ഷണിക്കുകയാണിവിടെ. ഈ നാല് പേരുകള്‍ സിന്ധു സംസ്‌കാരമുള്‍പ്പെടെ നാല് മഹാ സംസ്‌കാരങ്ങളിലേക്കുള്ള സൂചകങ്ങളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യനാണ് ഒന്നാം അവകാശി എന്ന പ്രയോഗത്തെ പല രൂപത്തില്‍ പ്രശ്‌നവത്കരിക്കേണ്ടിയിരിക്കുന്നു. ഒന്ന്, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പ്രതിനിധിയുടെ അവകാശവും അധികാരവും പരിമിതമാണല്ലോ. കൗതുകമുള്ള മറ്റൊരു കാര്യം, ഖുര്‍ആനിലെ അധ്യായങ്ങളുടെ പേരുകള്‍ പുലര്‍ത്തുന്ന ഇകോളജിക്കല്‍ വൈവിധ്യം സംബന്ധിച്ചാണ്. ഏറ്റവും വലുതും രണ്ടാമത്തേതുമായ അധ്യായം ബഖറയാണ്. ബഖറയെന്നാല്‍ കന്ന്/ പശു എന്നര്‍ഥം. മൃഗങ്ങള്‍, ഉറുമ്പ്, ചിലന്തി, തേനീച്ച തുടങ്ങിയ ജന്തു, ജീവ ലോകങ്ങളെ പരാമര്‍ശിച്ചുപോകുന്ന കുറച്ചധികം സൂചകങ്ങളും പേരുകളുമുണ്ട് ഖുര്‍ആനില്‍. ഇവ യാദൃഛികമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉറുമ്പ് എന്ന് പേരുള്ള അധ്യായത്തില്‍, അവയുടെ ജീവാവകാശത്തെ കൂടി സൂചിപ്പിക്കുന്ന രംഗമുണ്ട്. “ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളിലൊന്ന്, ഭൂമി ആര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് എന്നാണ്. അദ്ദേഹത്തിന്റെ “തേന്മാവ്’ എന്ന കഥയിലും സമാനമായ ആലോചനയുണ്ട്. ഇസ്‌ലാമിക ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്നൊരാള്‍ എന്ന നിലക്ക് ബഷീറിന്റെ ആലോചനകളിലെ ഖുര്‍ആന്‍ സ്വാധീനം സ്വാഭാവികമാണ്.
മനുഷ്യന്‍ ഭൂമിയിലെ ദൈവപ്രതിനിധിയാണ് എന്ന തിട്ടപ്പെടുത്തല്‍ മനുഷ്യന്റെ ഇടപെടലുകളിലെ പരിമിതിയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ശരീരത്തെയോ അപരനെയോ മരങ്ങളെയോ മൃഗങ്ങളെയോ ദൈവേഛക്കെതിരായി മുറിവേല്പിക്കാനോ ഹനിക്കാനോ പാടില്ല. മനുഷ്യബോധങ്ങളെയും ക്രയവിക്രയങ്ങളെയും നിയന്ത്രിക്കുന്ന, ഇകോളജിയിലെ സകലതിനോടുമുള്ള ഇടപഴക്കങ്ങളെ നിര്‍ണയിക്കുന്ന നിലപാടാണ് പ്രസ്തുത പ്രാതിനിധ്യം(ഖിലാഫത്).
വായിക്കുക എന്നര്‍ഥമുള്ള ഇഖ്‌റഅ് എന്നു തുടങ്ങുന്ന വചനമാണല്ലോ ഖുര്‍ആന്റെ പ്രഥമ സൂക്തം. അക്ഷരങ്ങളെ വായിക്കുക എന്നര്‍ഥത്തെ ദ്യോതിപ്പിക്കുന്നതുപോലെ മനുഷ്യനെയും ഇതര സൃഷ്ടിലോകത്തെയും നിരീക്ഷിക്കുക എന്ന ആശയത്തെക്കൂടി അത് ഉള്‍ക്കൊള്ളുന്നുണ്ട്. ആയത് എന്നാണ് ഖുര്‍ആനിക സൂക്തങ്ങള്‍ക്കുള്ള അറബി ശബ്ദം. പ്രകൃതിയിലെ എല്ലാ സൃഷ്ടികളെയും കുറിക്കാന്‍, “ദൃഷ്ടാന്തം’ എന്നര്‍ഥം വരുന്ന ആയത് എന്ന ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. ഇതും ഒരു യാദൃഛികതയല്ല.
പ്രകൃതിയെ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഭാഷയായിട്ട് നിരീക്ഷിക്കുന്ന പണ്ഡിതരുണ്ട്. സൂറത് അഅ്‌ലായില്‍ “ഒട്ടകം, ആകാശം, മല, ഭൂമി എന്നിവയെ നിങ്ങള്‍ നിരീക്ഷിക്കുന്നില്ലേ’ എന്നു ചോദിക്കുന്നുണ്ട്. മേലെ പറക്കുന്ന പറവകളെ കാണുന്നില്ലേ, സൂര്യനെ നോക്കുന്നില്ലേ എന്നു ചോദിക്കുന്നുണ്ട്. ഇത്തരം കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ട് പ്രകൃതിയിലേക്ക് മനുഷ്യന്റെ വിചാരങ്ങളെ തിരിച്ചുവിടുന്ന സന്ദര്‍ഭങ്ങള്‍ ഖുര്‍ആനില്‍ സുലഭമായുണ്ട്. സ്രഷ്ടാവ് സൃഷ്ടികളോട് എത്ര മനോഹരമായാണ് സംവദിക്കുന്നത്!
തിരുറസൂലിന്റെ ജീവിതവും ഹദീസുകളും അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക പാരിസ്ഥിതിക പരിപ്രേക്ഷ്യത്തെ പല രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇകോളജിയിലെ ജീവിവര്‍ഗങ്ങളോട് റസൂല്‍ പുലര്‍ത്തിയ സമീപനങ്ങള്‍ അവയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അചേതനമെന്ന് കരുതപ്പെടുന്നവയോടും സമാനമായ സാമീപ്യം റസൂല്‍ സൂക്ഷിച്ചിട്ടുണ്ട്. മരം, മണ്ണ്, മല, കല്ല്, വെള്ളം, സൂര്യന്‍, ചന്ദ്രന്‍, കാലം തുടങ്ങിയ സര്‍വതിനോടും ഇടപഴകുകയും സര്‍ഗാത്മകമായ ജീവിത സാധ്യതകളെ മനുഷ്യര്‍ക്കായി നിക്ഷേപിക്കുകയും ചെയ്ത റസൂലിനെ ഹദീസുകളില്‍ നിന്നും മഹദ്ജീവചരിത്രങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും. കുപ്പായത്തില്‍ പൂച്ച ഉറങ്ങവേ, ആ ഉറക്കം തടസപ്പെടുമെന്ന് കരുതി കുപ്പായത്തിന്റെ ഭാഗം മുറിച്ചെടുത്തുപയോഗിക്കുന്ന, അറുക്കപ്പെടുന്ന കോഴിയുടെ വായില്‍ വെള്ളമുറ്റിച്ചു കൊടുക്കുന്ന, വഴിയില്‍ ശയിക്കുന്ന നായക്കും പറവകള്‍ക്കും രക്ഷയൊരുക്കുന്ന അനേകം കഥകളില്‍ സഹജീവികളുടെ ജീവാവകാശവും മനുഷ്യരിലെ സഹജീവി ബോധത്തെ ഉണര്‍ത്തുന്ന അനുഭവങ്ങളും നിരീക്ഷിക്കാനാവുന്നുണ്ട്.
ഖിലാഫത് റാശിദൂന്‍, അബ്ബാസിയ്യ, ഉമവിയ്യ, ഉസ്മാനിയ (ഓട്ടോമന്‍) ഭരണകാലങ്ങളെയും (634- 1920) വികേന്ദ്രീയ സ്വഭാവങ്ങളോടെ പല ദേശങ്ങളില്‍ നിലനിന്നിരുന്ന ഡൈനാസ്റ്റികളെയും വിശകലന വിധേയമാക്കുകയും അക്കാലങ്ങളിലെ കൃഷി, ജലസേചനം, വ്യാപാരം, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം, വിഭവമാന്ദ്യം തുടങ്ങിയവ സംബന്ധിച്ച പദ്ധതികളും നയരൂപീകരണങ്ങളും സ്വരൂപിക്കുകയും വഴി മുസ്‌ലിം ഭരണകാലങ്ങളിലെ പാരിസ്ഥിതിക സമീപനങ്ങളെ സ്വരൂപിക്കുകയും വേണം.
ഭിന്ന ജീവിവര്‍ഗങ്ങളോട് ചേര്‍ന്നാണ് മനുഷ്യന്റെ ജീവിതവും അതിജീവനവും വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം, യാത്ര, യുദ്ധം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ മനുഷ്യാനുഭവങ്ങളുടെ പൂരകങ്ങളായി നില്‍ക്കുന്ന കുറേ ഇതര ജീവിവര്‍ഗമുണ്ട്. ഖുര്‍ആന്‍, ഹദീസ്, ചരിത്രരേഖ തുടങ്ങിയ പാഠങ്ങളില്‍ (text) ഇതിന്റെ പരാമര്‍ശങ്ങളും നേരനുഭവങ്ങളും സുലഭമാണ്. കര്‍മശാസ്ത്രത്തില്‍ സകാത് (നിര്‍ബന്ധദാനം) ശാഖയില്‍ മൃഗങ്ങളുടെ ദാനം പ്രാധാന്യത്തോടെ വിശകലനം ചെയ്യുന്നുണ്ട്. മൃഗങ്ങളുടെ മാംസം ദാനം ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ട ഉളുഹിയ്യത്, അഖീഖത് സംബന്ധിച്ച പഠനശാഖയില്‍ മൃഗങ്ങളുടെ വയസ്, രോഗങ്ങള്‍ സംബന്ധിച്ച ദീര്‍ഘമായ ആലോചനകളും വിശകലനങ്ങളുമുണ്ട്. മാംസം അനുവദിക്കപ്പെട്ട പക്ഷി മൃഗാദികളെ വെച്ചുള്ള പഠനങ്ങള്‍ കര്‍മശാസ്ത്രത്തില്‍ പ്രസക്തമായ ശാഖയാണ്. മൗലികലോകത്തെ ഭാവനാത്മകമായി കൂടി നിരീക്ഷിച്ച് വിധികള്‍ നിര്‍ണയിക്കുന്നത് കര്‍മശാത്രത്തിന്റെ ഏറ്റവും ജൈവികമായ ഒരു സാധ്യതയാണ്. മനുഷ്യനും ഇതരജീവികളും തമ്മില്‍ ഇണചേര്‍ന്നുണ്ടാകുന്ന, ജനുസ് തെറ്റിച്ച് മൃഗങ്ങള്‍ക്ക് തന്നെ ഉണ്ടാകുന്ന സന്താനങ്ങളും കര്‍മശാസ്ത്ര സാധ്യതക്കുള്ളില്‍ വരുന്നു.
ആടും മാടും ഇണ ചേര്‍ന്ന് തനത് രൂപം നഷ്ടപ്പെട്ട മൃഗം, ഉളുഹിയ്യത്, അഖീഖത്, സകാത് കര്‍മങ്ങള്‍ക്ക് സാധുവാകുമോ എന്ന നിരീക്ഷണവും വിധി നിര്‍ധാരണവും അതുകൊണ്ടുതന്നെ ഫിഖ്ഹിന്റെ പരിധിയിലുണ്ട്. ധാന്യങ്ങളിലെ നിര്‍ബന്ധ ദാനം സംബന്ധിച്ചും സമാനമായ പഠന ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്വേഷണത്തിന്റെ സാധ്യതകള്‍ തുറന്നിട്ടുതന്നെയാണ് ഇവിടെയും ചര്‍ച്ചകള്‍ നിലനില്‍ക്കുന്നത്. ഓരോ നാട്ടിലെയും മുഖ്യ ആഹാരവിഭവത്തെ (ഗാലിബു ഖൂതില്‍ബലദ്) സംബന്ധിക്കുന്ന ആലോചനകള്‍ ചൂണ്ടിക്കാണിക്കുന്നത്, മനുഷ്യ- സാമൂഹ്യ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് പടര്‍ന്ന കര്‍മശാസ്ത്രധാരയെയാണ്. കേരളത്തിലെ ജീവിത, കാര്‍ഷിക സാഹചര്യത്തെ പരിഗണിച്ച് മരച്ചീനി (tapioca) ഫിത്വറ് സകാതിന്റെ പരിധിയില്‍ വരുമോ എന്ന പ്രശ്‌നത്തെ ശാലിയാതി ഫതാവല്‍ അസ്ഹരിയ്യയില്‍ പ്രതിപാദിക്കുന്നുണ്ട്.
ഇസ്‌ലാമിക സാംസ്‌കാരിക ഭരണനയത്തില്‍ പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച പ്രസക്തമായ രണ്ടു സമീപനങ്ങളാണ് ഹറം, ഹിമ എന്നിവ. പക്ഷിമൃഗാദികളുടെ വേട്ടകള്‍ അനുവദിക്കപ്പെടാത്ത ഇടമാണ് ഹറം. വന്യ ജീവി സംരക്ഷണവും പരിപാലനവും സംബന്ധിച്ചതാണ് ഹിമ.
സൗന്ദര്യശാസ്ത്ര (ഈസ്‌തെറ്റിക്) സംബന്ധമായ ഒരു സാധ്യത കൂടിയുണ്ട്. മനുഷ്യനെ ആവരണം ചെയ്തിരിക്കുന്ന സകലമാന പരിസ്ഥിതി വിഭവങ്ങളുടെ സൗന്ദര്യത്തെയും സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തെയും അനുഭവിക്കുന്നത് സംബസിച്ച സാധ്യതയാണത്.
നൂതന വ്യാവസായിക വ്യവസ്ഥയോട് ഇസ്‌ലാം എങ്ങനെ എന്‍ഗേജ് ചെയ്യുന്നു എന്നൊരു ആലോചന കൂടി ഇസ്‌ലാം- പരിസ്ഥിതി സംവാദത്തില്‍ പ്രസക്തമാണ്. മലിനീകരണം, മഹാമാരി, പ്രളയം, ആഗോള താപനം, ശുദ്ധജല ദൗര്‍ലഭ്യം, വനനശീകരണം, ജനസംഖ്യാവര്‍ധന, വിഭവമാന്ദ്യം, മാലിന്യം, പലായനം തുടങ്ങിയ അനേകം പ്രതിസന്ധികള്‍ ആഗോള രാഷ്ട്രീയ ഇടപാടുകളെ നിശ്ചയിക്കുകയോ നിശ്ചലമാക്കുകയോ ചെയ്യുന്നുണ്ട്. ഇത്തരം മുഴുവന്‍ പ്രശ്‌നങ്ങളെ സ്പര്‍ശിച്ചുപോകുകയും പരിഹാരസ്വഭാവമുള്ള ദര്‍ശനം രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിയ്യത്തിന്റെ സാര്‍വകാലികത. അത്തരം പഠനങ്ങള്‍ കൂടി അക്കാദമികമായി നമ്മളില്‍ രൂപപ്പെട്ടുവരേണ്ടതുണ്ട്.
എന്‍ ബി സിദ്ദീഖ് ബുഖാരി
You must be logged in to post a comment Login