ഇസ്‌ലാമിലെ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് കർമശാസ്ത്രത്തിലെ ഓരോ വിഷയങ്ങളും. തെളിവുകൾ അഥവാ അറബി സാങ്കേതിക പ്രയോഗമനുസരിച്ചുള്ള അദില്ലത്ത് (ദലീലുകൾ) (1) പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. പൊതുവായ തെളിവുകൾ അഥവാ അദില്ലത്തുൽ ഇജ്മാലിയ്യ, വിശദമായ തെളിവുകൾ അഥവാ അദില്ലത്തുത്തഫ്സ്വീലിയ്യ. ഫിഖ്ഹിലെ ഓരോ വിഷയവും ഈ രണ്ടുമായി പൂർണമായും കടപ്പെട്ടിരിക്കുന്നുവെങ്കിലും രണ്ടിന്റെയും ധർമങ്ങൾ ഭിന്നമാണ്. ആദ്യം പറഞ്ഞ പൊതുവായ തെളിവുകൾ അല്ലെങ്കിൽ അദില്ലത്തുൽ ഇജ്മാലിയ്യ ഫിഖ്ഹിന് ഒരു പൊതുവായ ചട്ടക്കൂട് സമ്മാനിക്കുന്നു. ഇതാണ് പൊതുവേ ഉസൂലുൽ ഫിഖ്ഹ് എന്നറിയപ്പെടുന്നത്. ഈ ഉസൂലുൽ ഫിഖ്ഹിന്റെ അടിസ്ഥാനത്തിൽ വിശദമായ തെളിവുകൾ അല്ലെങ്കിൽ അദില്ലത്തുത്തഫ്സ്വീലിയ്യ ആധാരമാക്കി രൂപപ്പെടുത്തിയെടുത്ത ലക്ഷോപലക്ഷം ഫിഖ്ഹീ ചർച്ചകളും തീരുമാനങ്ങളുമുണ്ട്. പൊതുവേ അവ മസ്അലകൾ (2) എന്നാണറിയപ്പെടുന്നത്. ഇത്തരം മസ്അലകളുടെ സമാഹാരമാണ് ഫിഖ്ഹ്. അഥവാ വിശദമായ തെളിവുകളിൽ നിന്നും സമ്പാദിച്ചെടുക്കുന്ന കർമപരമായ ദീനീ വിധിവിലക്കുകളെ ഫിഖ്ഹ് എന്ന് പറയുന്നു. (3) ഫിഖ്ഹ് എന്ന വാക്കിനർഥം അറിയുക, മനസ്സിലാക്കുക എന്നിങ്ങനെയാണ്. അതുകൊണ്ടുതന്നെ വിധിവിലക്കുകൾക്കല്ല, വിധിവിലക്കുകളെ അറിയുന്നതിനാണ്, അല്ലെങ്കിൽ വിധിവിലക്കുകളുടെ സാധ്യമായ സമാഹാരത്തിനാണ് ഫിഖ്ഹ് എന്നറിയപ്പെടുന്നതെന്നും നിർവചിക്കാം. ഏതു നിർവചനപ്രകാരവും വിശദമായ തെളിവുകൾ അല്ലെങ്കിൽ അദില്ലത്തുത്തഫ്സ്വീലിയ്യയിൽ നിന്നാണ് ഫിഖ്ഹീ മസ്അലകൾ രൂപപ്പെടുന്നതും നിർമിക്കപ്പെടുന്നതും.
ഉദാഹരണത്തിന് ഖുർആനിലെ രണ്ടു വചനങ്ങളെടുക്കാം. “നിങ്ങൾ നിസ്‌കാരത്തെ നിലനിർത്തണം’ (4) “വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുക്കരുത്'(5). നിസ്‌കരിക്കൽ നിർബന്ധമാണെന്നും വ്യഭിചാരം നിഷിദ്ധമാണെന്നും അറിയിക്കുന്ന തെളിവുകളിൽ ഒന്നാണിത്. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരുന്നു; ഖുർആനിൽ നിസ്‌കാരത്തെ നിലനിർത്തണം എന്നുപറയുന്ന ഈ കൽപനയുള്ളതുകൊണ്ട് മാത്രം നിസ്‌കാരം നിർബന്ധമാകുമോ, ഖുർആനിലെ എല്ലാ കൽപനകളും നിർബന്ധത്തെ കുറിക്കുമോ, എപ്പോഴും നിർബന്ധത്തെ കുറിക്കുമ്പോൾ സുന്നത്തിനെ കുറിക്കാൻ ഖുർആൻ എങ്ങനെയാണ് പദപ്രയോഗം നടത്തുക തുടങ്ങിയ ചോദ്യങ്ങൾ. ഇതേ ചോദ്യങ്ങൾ വ്യഭിചാരത്തിലേക്കടുക്കരുത് എന്ന വിലക്കിലും കാണാം. അഥവാ ഖുർആനിലെ എല്ലാ വിലക്കുകളും ഹറാമിനെ കുറിക്കുന്നതാണോ, ഇവിടെ വിരോധനയുള്ളതുകൊണ്ട് മാത്രം ഇവ്വിഷയം ഹറാമാകുമോ-തുടങ്ങിയ ചോദ്യങ്ങൾ. സ്വാഭാവികമായും ഖുർആന്റെ കൽപനകളുടെയും വിരോധനകളുടെയും പൊതുസ്വഭാവം അറിയേണ്ടി വരുന്നു. ഇത് കേവല യുക്തികൊണ്ട് ചിന്തിച്ച് മനസ്സിലാക്കാവുന്നതല്ല. ഇവിടെ ആദ്യം പറഞ്ഞ ഖുർആനികവചനം വിശദമായ തെളിവുകളുടെ ഗണത്തിൽപ്പെട്ടതും രണ്ടാമതുപറഞ്ഞ തെളിവ് -ഖുർആനിലെ കൽപനകളുടെ സ്വഭാവം- പൊതുവായ തെളിവിൽപ്പെട്ടതുമാണ്. ആദ്യത്തെ തെളിവുകൊണ്ടു മാത്രമോ, രണ്ടാമത്തേത് കൊണ്ടുമാത്രമോ ഫിഖ്ഹ് ലഭിക്കുന്നില്ല. രണ്ടാമത്തേതിന്റെ അകത്തുനിന്ന് ഒന്നാമത്തേത് വിശകലനം ചെയ്തു കണ്ടെത്തുന്നതാണ് ഫിഖ്ഹ്.
ഇതിനർഥം, ലക്ഷോപലക്ഷം വരുന്ന ഹദീസുകളും അനന്ത സാഗര സമാനമായ അർഥ സാധ്യതകളുള്ള ഖുർആനും കർമപരമായ വിധിവിലക്കുകളായി മനുഷ്യന് ലഭിക്കണമെങ്കിൽ തീർച്ചയായും പൊതുവായ തെളിവുകളുടെ അകത്തുനിന്ന് അവയെയെല്ലാം വിശകലനം ചെയ്യണം. അതുകൊണ്ട് തന്നെ ഇത്തരം പൊതുവായ തെളിവുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഇസ്‌ലാമിൽ വളരെ അനിവാര്യവും പ്രചാരത്തിലുള്ളതുമാണ്-അതിനു ഒറ്റവാക്കിൽ ഉസൂലുൽ ഫിഖ്ഹ് എന്നു പറയും. ഇഫ്അൽ-നീ ചെയ്യുക -എന്ന ഒരൊറ്റ വാക്കിനുതന്നെ ഇരുപതിലേറെ അർഥങ്ങൾ അറബി ഭാഷയിൽ കൽപിതമാണ്. ഇവയിൽ പലതും വിപരീത അർഥങ്ങളായിരിക്കും. നീ ചെയ്യരുത് എന്ന അർഥത്തെയും ഈ പദം ചിലപ്പോൾ ദ്യോതിപ്പിക്കും. സ്വാഭാവികമായും ഖുർആനിലെയും ഹദീസുകളിലെയും ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് പദപ്രയോഗങ്ങൾ വിശകലനം നടത്തി, കല്പന വാക്യങ്ങൾക്ക് എവിടെ എങ്ങനെ അർഥം നൽകണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതുപോലെ ധാരാളം അടിസ്ഥാന നിയമങ്ങൾ ആവിഷ്‌കരിക്കുകയും അങ്ങനെ ഫിഖ്ഹ് ഗവേഷണത്തിന് ഒരു ചട്ടക്കൂട് പണിയുകയും ചെയ്യേണ്ടതുണ്ട്. ഇതാണ് ഉസൂലുൽ ഫിഖ്ഹ് അല്ലെങ്കിൽ നിദാനശാസ്ത്രം.
രണ്ടു തെളിവുകളിൽ നിന്നും അഥവാ പൊതുവായതും വിശദമായതുമായ തെളിവുകളിൽനിന്നും ഫിഖ്ഹിന്റെ മസ്അലകൾ നിർധാരണം ചെയ്യാൻ കഴിയുന്നവർ മുജ്തഹിദുകൾ മാത്രമാണ്. മറ്റുള്ളവർക്ക് ഇങ്ങനെയൊരു തെളിവുണ്ടെന്ന് വിശ്വസിക്കാനും പറയാനും അംഗീകരിച്ചു ജീവിക്കാനും മാത്രമേ കഴിയൂ. കാരണം പരന്നുകിടക്കുന്ന ഇസ്‌ലാമിക വിജ്ഞാനശാസ്ത്രങ്ങളിൽ അതീവ ആഴത്തിലുള്ള ജ്ഞാനമുള്ളവർക്ക് മാത്രമേ പ്രസ്തുത തെളിവുകളിൽ നിന്നും തീരുമാനമെടുക്കാൻ സാധിക്കൂ. ഉദാഹരണത്തിന് “തീർച്ചയായും സൽപ്രവൃത്തികൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകൊണ്ടാണ്'(6) എന്ന ഹദീസ് മാത്രം മുൻനിർത്തി ഒരു മുജ്തഹിദല്ലാത്ത വ്യക്തിക്ക് എല്ലാ സൽപ്രവർത്തികളിലും നിയ്യത്ത് വേണമെന്ന് പറയാൻ സാധിക്കില്ല. ഈ ഹദീസിനെ അസാധുവാക്കുന്ന വചനങ്ങളോ, പ്രത്യേകം ചില സാഹചര്യങ്ങൾക്കോ സന്ദർഭങ്ങൾക്കോ മാത്രമായി വ്യാഖ്യാനിക്കേണ്ട രീതിയിലുള്ള മറ്റു ഹദീസുകളോ ഒന്നും തന്നെയില്ലെന്നു ഉറപ്പുവരുത്താൻ ഒരു മുജ്തഹിദിന് മാത്രമേ സാധിക്കൂ. ചില ആരാധനകളിൽ നിയ്യത്ത് വേണ്ടതില്ലെന്ന ഫിഖ്ഹീ വീക്ഷണം ഇവിടെ നാം കൂട്ടിവായിക്കണം. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഒറ്റഉത്തരമേയുള്ളൂ, നേരത്തെ പറഞ്ഞ ഹദീസ് വ്യാപകർഥമുള്ളതാണ്. അതിനെ പ്രത്യേകമാക്കുന്ന അഥവാ അതിൽ നിന്നും ഒഴിവാക്കാൻ പറ്റുന്ന ആരാധനകളെക്കുറിച്ചുള്ള പരാമർശം മറ്റു സ്ഥലങ്ങളിൽ വന്നത് ഒരു മുജ്തഹിദിന് മാത്രമേ ആഴത്തിലറിയൂ. (7) മുജ്തഹിദ് പറഞ്ഞത് നാം അനുസരിക്കണം. വിവരമുള്ളവരെ അനുസരിക്കുക ലോകക്രമമാണല്ലോ.
ഫിഖ്ഹിന് ഉസൂലുൽ ഫിഖ്ഹ് ആവശ്യമാണെന്നതുകൊണ്ടുതന്നെ ഫിഖ്ഹുള്ള കാലത്തോളം ഉസൂലുൽ ഫിഖ്ഹും ഉണ്ട്. (8) നബിയുടെ (സ്വ) കാലഘട്ടത്തിൽ എല്ലാം വഹ്‌യ് മുഖേന അറിയുന്നതുകൊണ്ടും ജനങ്ങൾക്ക് തീരുമാനങ്ങൾ ലഭിക്കാൻ പ്രവാചകരെ സമീപിക്കാനാവുന്നതുകൊണ്ടും ഇത്തരം വിജ്ഞാനശാഖകളൊന്നും പ്രത്യേകം പ്രത്യേകമായി അവതരിപ്പിക്കപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനാവശ്യവുമില്ലായിരുന്നു. ഇതിനർഥം ഉസൂലുൽ ഫിഖ്ഹ് അന്നില്ല എന്നല്ല. ആ നിയമങ്ങൾ പഠിച്ച് ഗവേഷണം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. നിയമങ്ങൾക്കകത്ത് നിന്നുകൊണ്ട് മാത്രമാണ് നബിയുടെയും അനുചരരുടെയും എല്ലാ വിധികളും നടപടികളും വന്നത്. ആ നിയമങ്ങൾ തന്നെയാണ് പിൽക്കാലത്ത് ക്രോഡീകൃത രൂപത്തിൽ ഉസൂലുൽ ഫിഖ്ഹ് എന്ന വിജ്ഞാനശാഖയായതും. ഫിഖ്ഹ് പോലും അക്കാലഘട്ടത്തിൽ ഇന്ന് നാം പറയുന്ന അർഥത്തേക്കാൾ വിശാലമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. വിശ്വാസപരവും കർമപരവുമായ കാര്യങ്ങളെ മൊത്തം ഉൾക്കൊള്ളുന്ന ശാസ്ത്രശാഖയായിരുന്നു അന്ന് ഫിഖ്ഹ്. അതുകൊണ്ടാണ് ഇമാം അബൂഹനീഫ (റ) ഫിഖ്ഹിന് ഇങ്ങനെ നിർവചനം നൽകിയത്: “സ്വന്തത്തിനു ആവശ്യമുള്ളതും ആവശ്യമില്ലാത്തതും അറിയലാണ് ഫിഖ്ഹ്’. വിശ്വാസപരമായ കാര്യങ്ങളിൽ അദ്ദേഹം തന്നെയെഴുതിയ ഗ്രന്ഥത്തിനു പേരു നൽകിയത് “അൽഫിഖ്ഹുൽ അക്ബർ’ എന്നായിരുന്നു. പരലോകത്ത് ഉപകാരപ്പെടുന്ന എല്ലാ വിജ്ഞാനങ്ങൾക്കും ആദ്യകാലങ്ങളിൽ ഫിഖ്ഹ് എന്നായിരുന്നു പ്രയോഗിച്ചിരുന്നതെന്ന് ഇമാം ഗസാലി(റ)യും വ്യക്തമാക്കുന്നുണ്ട്. (9)
സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്തും ഉസൂലുൽ ഫിഖ്ഹ് പ്രത്യേകം ചർച്ച ചെയ്യേണ്ടതായി വന്നില്ല. (10) ഇതിന്റെ പ്രധാന കാരണം നബിയോടുള്ള(സ്വ) അവരുടെ സഹവാസം തന്നെയായിരുന്നു. കൂടാതെ അപാരമായ ബുദ്ധിശക്തി, ദീനീകാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള അവരുടെ കഴിവും പ്രകൃതവും അറബിഭാഷയിലുള്ള അനിതര സാധാരണമായ കഴിവ്, ഖുർആനും ഹദീസും വിശദീകരിക്കുന്നതിൽ മറ്റെല്ലാവരെക്കാളുമുള്ള അനുഭവ സമ്പത്തും പാടവവും, വഹ്‌യിന്റെ സമയത്തുതന്നെ അപ്പപ്പോൾ കേട്ടുമനസ്സിലാക്കിയതുകൊണ്ടുള്ള നേട്ടങ്ങൾ -എല്ലാം കൂടിയായപ്പോൾ ഉസൂലുൽ ഫിഖ്ഹ് വേറിട്ടു പഠിക്കാതെ തന്നെ അവർക്ക് മസ്അലകൾ കണ്ടെത്താൻ സാധിച്ചു. പക്ഷേ, മുസ്‌ലിം ലോകത്തിന്റെ ഈ സൗഭാഗ്യം അധികകാലം നിലനിന്നില്ല. അറബികളും അനറബികളും തമ്മിൽ കൂടിക്കലർന്ന് അറബിഭാഷയുടെ അന്തസത്ത ജനങ്ങൾക്കിടയിൽ നിന്നും ചോർന്നുപോകാൻ തുടങ്ങിയതും കാലഘട്ടം മുന്നോട്ടു പോകുംതോറും മുസ്‌ലിം സമൂഹത്തിൽ പണ്ഡിതന്മാരുടെ എണ്ണക്കുറവുമെല്ലാം ഒരു നിയമശാസ്ത്രം അല്ലെങ്കിൽ നിദാനശാസ്ത്രം വേണമെന്ന ചിന്തക്ക് നിമിത്തമായി. അങ്ങനെയിരിക്കെയാണ്, ഇവ്വിഷയത്തിൽ ഒരു രചന നടത്താൻ ഇമാം ശാഫിഈയോട്(റ) പ്രശസ്ത ഹദീസ് പണ്ഡിതൻ അബ്ദുറഹ്മാൻ അൽമഹ്ദി (റ) ആവശ്യപ്പെടുന്നത്. മുസ്‌ലിം ലോകത്തെ എക്കാലത്തെയും അത്യപൂർവ കൃതിയായ ഇമാം ശാഫിഈയുടെ (റ) രിസാല പിറക്കുന്നതങ്ങനെയാണ്. (11) ഇമാം ശാഫിഈ (റ) ഉസൂലുൽ ഫിഖ്ഹിന്റെ പിതാവായി അറിയപ്പെടുന്നതും ഇക്കാരണം കൊണ്ടു തന്നെ. പിൽക്കാലത്തുവന്ന മുഴുവൻ രചനകളും ഈ ഗ്രന്ഥത്തെ ആശ്രയിച്ചിരിക്കുന്നു.
ശേഷം ഉസൂലുൽ ഫിഖ്ഹ് ഇസ്‌ലാമിക ജ്ഞാനലോകത്ത് വളരെ വേഗം വികസിച്ചുവന്നു. പ്രധാനമായും രണ്ടു സരണികളിലാണ് ഉസൂലുൽ ഫിഖ്ഹിന്റെ വികാസമുണ്ടായത്. ഒന്നാമത്തെ സരണി ത്വരീഖത്തുൽ മുതകല്ലിമീൻ അഥവാ മുതകല്ലിമീങ്ങളുടെ സരണി എന്നറിയപ്പെടുന്നു. ത്വരീഖതുശ്ശാഫിഇയ്യ എന്നും മറ്റു പലപേരുകളിലും ഈ സരണി അറിയപ്പെടാറുണ്ട്. ബുദ്ധിപരമായ സമർഥനങ്ങൾക്കാണ് ഈ സരണിയിൽ പ്രാമുഖ്യമുള്ളത്. ഫിഖ്ഹിലെ ശാഖാപരമായ (ഫുറൂഇയ്യായ) ഓരോ മസ്അലക്കും ഒപ്പിച്ച് പൊതുനിയമം സംവിധാനിക്കുന്ന രീതിയല്ല ഈ സരണിയിലുള്ളത്. അഥവാ ഓരോ നിയമങ്ങൾക്കുതാഴെയും വരുന്ന അനേകം മസ്അലകളിലേക്ക് നോക്കി, അവയ്‌ക്കൊപ്പിച്ച് ഒരു പൊതുനിയമം കൊണ്ടുവരുന്ന ശൈലി സ്വീകരിക്കാതെ ബുദ്ധിയും പ്രമാണവും സമ്മിശ്രമാക്കി രൂപപ്പെടുത്തിയ സരണിയാണിത്. പിൽക്കാലത്ത് ഒട്ടുമിക്ക പണ്ഡിതന്മാരും ഈ വഴിയുടെ വക്താക്കളായിരുന്നു. ഇസ്‌ലാമികലോകത്ത് കൂടുതൽ പ്രചാരമുള്ളതും ഈ വഴിക്കുതന്നെ. എന്നാൽ മറ്റൊരു സരണിയും ഇസ്‌ലാമികലോകത്ത് നിലവിലുണ്ട്. അത് ത്വരീഖതുൽ ഹനഫിയ്യ എന്നാണറിയപ്പെടുന്നത്. ത്വരീഖതുൽ ഫുഖഹാഅ് എന്ന പേരിലും അറിയപ്പെടുന്നു. ഫിഖ്ഹിലെ മസ്അലകൾക്കും അതിന്റെ തെളിവുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന വഴിയാണിത്. മസ്അലകളുടെ സ്വഭാവമനുസരിച്ച് ഒരു പൊതുനിയമം രൂപപ്പെടുത്തുകയാണ് ഈ സരണിയിൽ. (12)
ഇരുസരണികളിലും ധാരാളം ഗ്രന്ഥങ്ങളുണ്ടെങ്കിലും ഒന്നാം സരണിയിൽ ഏറ്റവും പ്രബലമായ ആദ്യകാല ഗ്രന്ഥങ്ങൾ മൂന്നെണ്ണമാണ്. ഇമാമുൽ ഹറമൈനിയുടെ (റ) അൽബുർഹാൻ, ഇമാം ഗസ്സാലിയുടെ (റ) അൽമുസ്ത്വസ്ഫാ, അബൂഹുസൈൻ അൽ ബസ്വരിയുടെ അൽമുഅ്തമദ് എന്നിവയാണവ. ഈ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും ചുരുക്കിയും പ്രധാനമായും രണ്ട് ഗ്രന്ഥങ്ങൾ പിറന്നു. ഇമാം റാസിയുടെ(റ) അൽ മഹ്സൂൽ, ഇമാം ആമുദിയുടെ(റ) അൽ ഇഹ്കാം ഫീ ഉസൂലിൽ അഹ്കാം എന്നിവയായിരുന്നുവത്. ഈ ഗ്രന്ഥങ്ങളെ ആധാരമാക്കി വീണ്ടും ഗ്രന്ഥങ്ങൾ പിറന്നു. താജുദ്ദീൻ അർമവിയുടെ അൽഹാസ്വിൽ, മഹ്മൂദുൽ അർമവിയുടെ അത്തഹ്സ്വീൽ എന്നിവ ഇമാം റാസിയുടെ അൽമഹ്സൂൽ ആധാരമാക്കിയും സംഗ്രഹിച്ചും എഴുതിയതാണ്. ഇമാം അർമവിയുടെ അൽഹാസ്വിൽ ആധാരമാക്കി ഇമാം ബൈളാവി (റ) രചിച്ച മിൻഹാജുൽ വുസ്വൂൽ ഇലാ ഇൽമിൽ ഉസൂൽ എന്ന ഗ്രന്ഥം ഇന്നും ഏറെ പ്രചാരമുള്ളതാണ്. ഇമാം ആമുദിയുടെ അൽഇഹ്കാം മാനദണ്ഡമാക്കി പ്രശസ്ത പണ്ഡിതൻ ഇമാം ഇബ്നുൽ ഹാജിബ് (റ) എഴുതിയ ഗ്രന്ഥമാണ് മുൻതഹാസ്സൂലി വൽഅമൽ ഫീ ഇൽമിൽ ഉസൂലി വൽജദൽ.
രണ്ടാം സരണിയിലും ധാരാളം ഗ്രന്ഥങ്ങളുണ്ടായി. അൽഉസൂൽ എന്ന പേരിൽ തന്നെ മൂന്നു പണ്ഡിതന്മാർ രചനകൾ നടത്തി. ഇമാം ജസ്സാസ്, ഇമാം ദബൂസി, ഇമാം ബസ്ദവി എന്നിവരായിരുന്നു രചയിതാക്കൾ. ഇവയെ ആധാരമാക്കി വീണ്ടും ധാരാളം ഗ്രന്ഥങ്ങൾ വന്നിട്ടുണ്ട്.
എന്നാൽ ഈ രണ്ടുസരണികളെയും സമ്മിശ്രമാക്കിയുള്ള ഒരു സരണിയാണ് പിൽക്കാല പണ്ഡിതന്മാർ സ്വീകരിച്ചത്. ഇന്ന് ഉസൂലുൽ ഫിഖ്ഹിൽ പഠിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളും ഈ സരണിയിൽ പെട്ടതാണ്. ഇമാം സുബ്കിയുടെ (റ) ജംഉൽ ജവാമിഅ്, ഇമാം തഫ്താസാനിയുടെ (റ) ശർഹുത്തൗളീഹ്, സ്വദ്റുശ്ശരീഅഃയുടെ തൻഖീഹ്, തൗളീഹ് എന്നീ ഗ്രന്ഥങ്ങൾ, ഇബ്നുൽ ഹുമാമിന്റെ കിതാബുത്തഹ്റീർ എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങൾ ഈ ഗണത്തിൽപ്പെടുന്നു.
കുറിപ്പുകൾ
(1) ദലീൽ എന്ന പദത്തിന്റെ ബഹുവചനമാണ് അദില്ലത്ത്. തെളിവ്, തെളിവുകൾ എന്നർഥം. ദലീൽ എന്ന പദത്തെ ഇസ്‌ലാമിക വിജ്ഞാനശാസ്ത്രങ്ങളിൽ നീണ്ട ചർച്ചകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് വഴിനടത്തുന്നത് എന്ന് ഒറ്റവാക്കിൽ ഇതിനെ നിർവചിച്ചിരിക്കുന്നു. ഒരു കാര്യം ദലീൽ എന്ന പദവിയിലേക്കുയരാൻ ധാരാളം നിബന്ധനകളുണ്ട്. അതെല്ലാം ഇത്തരം ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുമുണ്ട്.
(2) മസ്അല എന്ന പദത്തിനർഥം ചോദ്യം, പ്രശ്നം, ഇഷ്യൂ എന്നൊക്കെയാണ്. ഫിഖ്ഹിലെ ഓരോ തീരുമാനവും ഒരു ചോദ്യത്തിന്റെ ഉത്തരമോ ഒരു പ്രശ്നത്തിന് പ്രതിവിധിയോ ആയിരിക്കുമല്ലോ. അതുകൊണ്ടാവാം ഇങ്ങനെ നാമകരണം ചെയ്തുവരുന്നത്. ഫിഖ്ഹിനു പുറത്തെ ചർച്ചകൾക്കും ഈ പേര് പലപ്പോഴും ഉപയോഗിക്കാറുണ്ട്.
(3) കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഫിഖ്ഹിന് ധാരാളം നിർവചനങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും പ്രബലമായത് ഇത് തന്നെയാണ്.
(4) വിശുദ്ധ ഖുർആൻ: അൽബഖറ/43
(5) വിശുദ്ധ ഖുർആൻ: അൽഇസ്റാഅ്/32
(6) സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ 1
(7) ഉസൂലുൽ ഫിഖ്ഹ് പ്രകാരം വ്യാപകാർഥത്തിനു “ആമ്മ്’ എന്നും പ്രത്യേകമാക്കുന്നതിന് “തഖ്സീസ്’ എന്നും പറയും.
(8) ഇതിനർഥം ക്രോഡീകൃത രൂപത്തിൽ ഫിഖ്ഹും ഉസൂലുൽ ഫിഖ്ഹും ഒരേ സമയമാണ് വന്നത് എന്നല്ല. ഉസൂലുൽ ഫിഖ്ഹ് ക്രോഡീകരിക്കുന്നതിനു മുമ്പ് തന്നെ മുജ്തഹിദുകൾ ഫിഖ്ഹ് ക്രോഡീകരിച്ചിരുന്നു. കാരണം അവർക്ക് ഉസൂലുൽ ഫിഖ്ഹിന്റെ നിയമങ്ങളിൽ അത്രമാത്രം അവഗാഹമുണ്ടായിരുന്നു. ഉദാഹരണത്തിന് സ്വഹാബിയായ ഇബ്നു മസ്ഊദ്(റ) ഗർഭിണിയായ സ്ത്രീയുടെ ഇദ്ദ സമയത്തിൽ തീരുമാനമെടുക്കുന്നത് ഖുർആനിലെ രണ്ടു ആയത്തുകൾ പരിഗണിച്ചാണ്. ഇതിൽ ഏത് ആയത്ത് ആദ്യമിറങ്ങി എന്ന് പരിശോധിക്കുകയും ആദ്യമിറങ്ങിയതിനെ രണ്ടാമതിറങ്ങിയത് നസ്ഖ് ചെയ്യുകയും ചെയ്യുന്നുവെന്ന് ഇബ്നു മസ്ഊദ്(റ) കണ്ടെത്തുകയും ചെയ്യുന്നു. ഇതൊരു നിയമമായി ഇസ്‌ലാമികലോകത്ത് ചർച്ച തുടങ്ങിയത് പിൽക്കാലത്തായിരിക്കാമെങ്കിലും സ്വഹാബികൾക്കും തൊട്ടുടനെയുള്ളവർക്കുമെല്ലാം ഇത് അതീവ പരിചിതമായിരുന്നു(ശർഹു ത്തൗളീഹ് ലീത്തൻഖീഹ്: 1/ 39).
(9) ഇഹ്‌യാ ഉലൂമുദ്ദീൻ: 1/32
(10) മദ്യപാനിക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടതെന്ന് അലിയോട്(റ) ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഉസൂലിൽ ഫിഖ്ഹിലെ ഖിയാസ് സമ്പ്രദായമാണ് സ്വീകരിച്ചത്. ഖിയാസ് അന്നുണ്ടെങ്കിലും ഈ പേരും ഉസൂലുൽ ഫിഖ്ഹിൽ അതിനുള്ള സ്ഥാനവുമൊന്നും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.
(11) ഉസൂലുൽ ഫിഖ്ഹിൽ ഇമാം ശാഫിഈക്ക്(റ) വേറെയും ഗ്രന്ഥങ്ങളുണ്ട്. കിതാബു ഇജ്മാഇൽ ഇൽമ്, കിതാബു ഇബ്ത്വാലിൽ ഇസ്തിഹ്സാൻ തുടങ്ങിയവ ഉദാഹരണം.
(12) മുഖദ്ദിമതു ഇബ്നി ഖൽദൂൻ/455
(തുടരും)
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login