പാര്‍ലമെന്റ് നിയമനിര്‍മാണ സഭയില്‍ അണ്‍പാര്‍ലമെന്ററി എന്ന് വിലയിരുത്തി ചില വാക്കുകൾ വിലക്കിയെന്ന ചർച്ച കണ്ടു. ആശ്ചര്യജനകമായിരുന്നുവെങ്കിലും സംഭവം ചിരിപ്പിക്കുന്നതായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധം പാടില്ലെന്ന വിജ്ഞാപനം ഇറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2001 ല്‍ പാസാക്കിയ നിയമം വിശദീകരിക്കുകയാണ് ചെയ്തതെന്ന് പിന്നീട് വ്യക്തമാക്കുകയുണ്ടായി.
എങ്കിലും, പ്രസ്തുത നടപടി നിയമ നിര്‍മാണസഭയെ അട്ടിമറിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നു വേണം കരുതാന്‍. പതിറ്റാണ്ടിലേറെയായി അതിനുള്ള ശ്രമങ്ങളാണല്ലോ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാക്കള്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവായാണ് നിയമ നിര്‍മാണസഭ രൂപകല്‍പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ചലനവും വികസനവും സ്വതന്ത്രജനതയുടെ വ്യവഹാരങ്ങളും പ്രസ്തുത സഭയുടെ വികാസത്തിലാണ് നിലനില്‍ക്കേണ്ടത്. എക്‌സിക്യൂട്ടീവു പോലും നിയമ നിര്‍മാണസഭയുടെ സന്തതികളായിരിക്കുമെന്നും അതിനാല്‍ നിയമ നിര്‍മാണസഭയോട് പരിപൂര്‍ണമായ ഉത്തരവാദിത്വമുണ്ടാകണമെന്നും ഭരണഘടന പ്രതിപാദിക്കുന്നു. രാജ്യത്തെ നിര്‍മിക്കാനാവശ്യമായ സംവാദങ്ങള്‍ നടക്കേണ്ട ഇടമായിട്ടും നിയമ നിര്‍മാണ സഭകള്‍ മൃതപ്രായരായി മാറിയിരിക്കുകയാണ്.
സംവാദങ്ങളുടെ ഇടം
ഇന്ത്യന്‍ റിപബ്ലിക്ക് സ്ഥാപിച്ചവരും ഭരണഘടന തയാറാക്കിയവരുമെല്ലാം സാമ്രാജ്യത്വത്തിനും കൊളോണിയലിസത്തിനുമെതിരെ സധീരം പോരാടി വിജയിച്ചവരാണ്. സ്വേച്ഛാധിപത്യത്തെയും ഫാഷിസത്തെയും വെറുത്തവരാണ്. അതിനാല്‍ തന്നെ ആത്മാവില്‍ ജനാധിപത്യമുള്ള ഉദാര-ബഹുസ്വര സ്വഭാവമുള്ള ഒരു രാജ്യം സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിച്ചതും പ്രവര്‍ത്തിച്ചതും. അവരെ സംബന്ധിച്ചിടത്തോളം നിയമ നിര്‍മാണ പ്രക്രിയകള്‍ രാജ്യത്ത് ആധിപത്യമുള്ള ഭൂരിപക്ഷത്തിന്റെ നിയമങ്ങളല്ല. അവരുടെ സഞ്ചാര-ചലനത്തിനുള്ള വിദഗ്ധ മാര്‍ഗങ്ങളല്ല. മറിച്ച് സര്‍ഗാത്മകമായ, രാജ്യത്തെ ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാടുകളെ മാനിച്ചുകൊണ്ടുള്ള രാജ്യസേവനമായിരുന്നു. അധസ്ഥിത വിഭാഗത്തിന്റെ കൂടെ നില്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു.
1962 നവംബറിലെ ചൈന-ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തെ കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമ്പൂര്‍ണ സംവാദം നടത്തണമെന്ന രാജ്യസഭയിലെ നാലംഗ കക്ഷിയായ ജനസംഘത്തിന്റെ യുവനേതാവ് അടല്‍ ബിഹാരി വാജ്പേയ് ആവശ്യമുന്നയിച്ചിരുന്നു. ആവശ്യം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അംഗീകരിക്കുകയും പാര്‍ലമെന്റിലെ ഇരു സഭകളിലും സംവാദങ്ങള്‍ നടക്കുകയും ചെയ്തു.
ചൈന ഇപ്പോഴും ഇന്ത്യന്‍ അതിര്‍ത്തികളില്‍ അക്രമണങ്ങള്‍ നടത്തുകയും പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഇന്ത്യന്‍ ആര്‍മി അവരെ നേരിടുന്നുമുണ്ട്. അതൊന്നും പക്ഷേ, പാര്‍ലമെന്റിലെ ഒരു സഭയിലും ചര്‍ച്ചയാവുന്നേയില്ല. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ആഗ്രഹിച്ചിരുന്ന മുന്‍കാല നേതാക്കള്‍ പുരോഗതിക്കാവശ്യമായ സംവാദങ്ങളുടെ ഇടമായാണ് നിയമ നിര്‍മാണസഭയെ കണ്ടത്. ക്രിയാത്മക ചര്‍ച്ചകളും സംവാദങ്ങളുമായി അക്കാലത്ത് ലോക-രാജ്യസഭകള്‍ നിറഞ്ഞുനിന്നു. ആശയങ്ങളും പദ്ധതികളും രൂപപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും സംവാദങ്ങളില്‍ ഇടപെട്ടു.
മൗന റിപ്പബ്ലിക്
പാര്‍ലമെന്റ് സ്വയം ഭരണാധികാരമുള്ള ശക്തമായ സ്ഥാപനമായിരുന്നുവെങ്കില്‍ ഈ സാഹചര്യങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമായിരുന്നു. ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമായിരുന്നു. അതിര്‍ത്തികളിലെ നുഴഞ്ഞു കയറ്റങ്ങളെ കുറിച്ച് പ്രശ്‌നവത്കരിക്കുമായിരുന്നു. പക്ഷേ, വിവിധ കാരണങ്ങളാല്‍ പാര്‍ലമെന്റിന് അതിനുള്ള കഴിവ് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. 1952 മുതല്‍ നടന്ന 17 പൊതുതിരഞ്ഞെടുപ്പുകളില്‍ പത്തിലും ഒറ്റ കക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതാണ് ഇതിന്റെ പ്രധാന കാരണം. റിപബ്ലിക്കിന്റെ അവസാന ദശകങ്ങളില്‍ പാര്‍ലമെന്റിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാനുള്ള മാനസികാവസ്ഥയില്‍ ആരുമുണ്ടായിരുന്നില്ല. മുന്‍ നേതാക്കളുടെ മനസിലും ഹൃദയത്തിലും ആഴ്ന്നിറങ്ങിയിരുന്ന ജനാധിപത്യ ചൈതന്യവും കാലക്രമേണ ക്ഷയിച്ചു. പുതിയകാല ഇന്ത്യയുടെ നേതാക്കള്‍ക്ക് ജനാധിപത്യം അഞ്ചക്ഷരമായി മാത്രം ഒതുങ്ങി. നിയമ നിര്‍മാണസഭകള്‍ സംവാദങ്ങളില്‍ നിന്നകന്നു. അഭിപ്രായങ്ങള്‍ കൂടുതല്‍ ഒറ്റപ്പെട്ടു. മുന്നോട്ടു വരേണ്ട പ്രതിപക്ഷം നിലപാടുകളില്ലാത്ത കോണ്‍ക്രീറ്റുകളായി. രാജ്യത്തിന്റെ സുസ്ഥിരമായ വികസനം പാര്‍ലമെന്റുകളില്‍ ചര്‍ച്ചയേ ആയില്ല. വികസനം എന്ന വാക്കുപോലും സ്വയംലാഭത്തിന് നിര്‍ലജ്ജം ഉപയോഗിക്കപ്പെട്ടു. കുതിരക്കച്ചവടങ്ങളും കൂറുമാറ്റവും നിര്‍ലോഭം തുടര്‍ന്നു. ആരോടും പ്രതിബദ്ധതയില്ലാത്ത സംഘമായി മാറി.
പ്രതികരണമില്ലാതെ
ചില വാക്കുകള്‍ പാര്‍ലമെന്റില്‍ വിലക്കിയെന്ന രീതിയിൽ പല പ്രതിഷേധങ്ങളും സാമൂഹ്യ ഇടങ്ങളില്‍ കണ്ടു. എന്തിനു പ്രതിഷേധിക്കണം? ഇക്കാലംവരെ അത്തരം വാക്കുകള്‍ പാര്‍ലമെന്ററി ആകാത്തതു കൊണ്ടാണോ പ്രതിപക്ഷം പ്രതികരണ ശേഷിയില്ലാതായിപ്പോയത്? കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാജ്യത്തിനു വേണ്ടിയുള്ള എത്ര സംവാദങ്ങളാണ് പാര്‍ലമെന്റിലുണ്ടായത്? അതിര്‍ത്തിയില്‍ ചൈന അധിനിവേശം തുടരുമ്പോള്‍ സര്‍ക്കാരിനെ ബോധവാന്മാരാക്കുന്ന എത്ര ചര്‍ച്ചകള്‍ നടന്നു?
1985ന് മുമ്പുള്ള സാഹചര്യമായിരുന്നു പാര്‍ലമെന്റിലെങ്കില്‍, ട്രഷറി ബെഞ്ചുകളിലിരിക്കുന്ന ധീരരായ സ്ത്രീകളും പുരുഷന്മാരും ചൈനയുടെ കടന്നുകയറ്റം സര്‍ക്കാരിനോട് വിളിച്ചുപറയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പോലും അതു പറയാനാവുന്നില്ല. ഓരോ പാര്‍ലമെന്റംഗവും ഇന്ന് ജനങ്ങള്‍ക്കും എക്‌സിക്യൂട്ടീവിനുമിടയിലെ ഒരു ഇടനിലക്കാരന്‍ എന്നതിലുപരി മറ്റൊന്നുമല്ല. മെച്ചപ്പെട്ട നിയമങ്ങളോ നയങ്ങളോ രൂപീകരിക്കാനുള്ള ഒരു സംഭാവനയും അവരില്‍ നിന്നുണ്ടാകുന്നില്ല. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മാത്രമുള്ള സംവിധാനമായിരിക്കുന്നു രാജ്യം. നിയമ നിര്‍മാണ വിഭാഗം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. മൗലിക സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ പോലും അവയുടെ സ്വയംഭരണവും വിശ്വാസ്യതയും കടുത്ത സമ്മര്‍ദത്തിലാണ്. വളരെ മൃദുവായി പറഞ്ഞാല്‍ നിയമസഭ നശിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ഇന്ത്യയുടെ നിയമ നിര്‍മാണ സ്ഥാപനങ്ങളുടെ പ്രതിസന്ധി ചില അണ്‍പാര്‍ലമെന്ററി പ്രകടനങ്ങള്‍ക്കോ, പാര്‍ലമെന്റിന്റെ പരിസരത്ത് പ്രകടനങ്ങള്‍ നടത്താനുള്ള അവകാശത്തിനോ അപ്പുറമാണ്.
മനീഷ് തിവാരി
(അഭിഭാഷകനും പാര്‍ലമെന്റംഗവും മുന്‍ മന്ത്രിയുമാണ് ലേഖകന്‍)
കടപ്പാട് : ദ ക്വിന്റ്
You must be logged in to post a comment Login