മുഹമ്മദ് ബിൻ ഖാസിം ഇരയോ വേട്ടക്കാരനോ?

മുഹമ്മദ് ബിൻ ഖാസിം  ഇരയോ വേട്ടക്കാരനോ?

മധ്യകാല ഇന്ത്യ നിരവധി വൈദേശിക ആക്രമണങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. സാമ്രാജ്യ വികസനത്തിനും യുദ്ധമുതലിനുമായി പൂര്‍വേഷ്യയിലെ മിക്ക ഭരണാധികാരികളുടെയും ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡമായിരുന്നു. അക്കാലത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങളുടെ ദുര്‍ബലമായ ഭരണസംവിധാനവും ഉയര്‍ന്നതോതിലുള്ള സമ്പല്‍സമൃദ്ധിയുമായിരുന്നു ഇതിനു പ്രേരകമായത്.
മധ്യകാല ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ പ്രധാന ഖജനാവ് എന്ന നിലയില്‍ വൈദേശികരായ മുസ്‌ലിം – അമുസ്‌ലിം രാജാക്കന്മാര്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ക്ഷേത്രങ്ങളിലും ക്ഷേത്രനഗരങ്ങളിലുമായിരുന്നു. എ ഡി 1001 മുതല്‍ 1026 വരെ മഹ്മൂദ് ഗസ്‌നി നടത്തിയ ആക്രമണങ്ങള്‍ ഉദാഹരണം. ആക്രമണങ്ങളുടെ പ്രചോദനം ഇസ്‌ലാമിന്റെ വളര്‍ച്ചയോ ഹിന്ദുമതത്തിന്റെ ഉന്മൂലനമോ ആയിരുന്നില്ല. അതിര്‍ത്തി വിപുലീകരണത്തിനായി ഹിന്ദുക്കളോടും മുസ്‌ലിംകളോടും ഇവര്‍ യുദ്ധം ചെയ്തിരുന്നതായി ചരിത്രരേഖകള്‍ സ്ഥിരീകരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് അന്നത്തെ ഏറ്റുമുട്ടലുകള്‍ക്ക് മതകീയ പരിവേഷം നല്‍കി മധ്യകാല ഇന്ത്യയില്‍ വിവേചനങ്ങളില്ലാതെ ആപേക്ഷികമായി മാതൃകാഭരണം കാഴ്ചവെച്ച ഒട്ടനവധി രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ചരിത്രത്തില്‍ നീതീകരിക്കാനാവാത്ത വിധം അപകീര്‍ത്തിപ്പെടുത്തുന്ന വായനകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ ആദ്യമായി യുദ്ധങ്ങളെയും സംഘര്‍ഷങ്ങളെയും മതകീയമായി വ്യാഖ്യാനിക്കുകയും നിര്‍മിത കഥകളെ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയും ചെയ്തത് കൊളോണിയല്‍ ചരിത്രകാരന്മാരായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം രാജാക്കന്മാരും മുസ്‌ലിം പ്രജകളെ സംരക്ഷിച്ചു ഭരിച്ച ഹിന്ദുരാജാക്കന്മാരും നിലനിന്നിരുന്നുവെന്നും ഭരണാധികാരികളുടെ മതം എന്ന ആശയം ചരിത്രരചനയുടെ ഭാഗമായി ഇറക്കുമതി ചെയ്തത് ബ്രിട്ടീഷ് ചിത്രകാരന്മാരായ ജയിംസ് മില്‍ പ്രഭൃതികളാണ് എന്നും പ്രമുഖ ചരിത്രകാരനായ ഡോ. കെ കെ എന്‍ കുറുപ്പ് എഴുതുന്നുണ്ട്. ആ ശ്രമങ്ങള്‍ ഭാഗികമായെങ്കിലും വിജയിച്ചതിന്റെ തെളിവായി ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിലെ മധ്യകാല മുസ്‌ലിം രാജാക്കന്മാര്‍ക്കെതിരെയുള്ള ഭൂരിപക്ഷ പൊതുബോധത്തെ മനസ്സിലാക്കാന്‍ സാധിക്കും. ഇന്ന് ഇത്തരം ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ സഹായം ലഭിക്കുന്നത് തീര്‍ത്തും ആശങ്കാജനകവുമാണ്.
കൊളോണിയൽ ചരിത്രകാരന്മാരുടെ മത വർഗീയ വ്യാഖ്യാനങ്ങളുടെ ഇരയാണ് മുഹമ്മദ് ബിന്‍ ഖാസിമിന്റെ ചരിത്രവും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി വിജയം വരിച്ച അദ്ദേഹത്തിന്റെ ചരിത്രവും വികലമാക്കപ്പെട്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടത് ചരിത്രബോധത്തിന്റെ ഭാഗമാണല്ലോ. ഇബ്‌നു ഖാസിമിനെ അക്രമിയായും മതഭ്രാന്തനായും ചിത്രീകരിക്കുന്നതിനുള്ള പ്രേരണ രാഷ്ട്രീയ മുതലെടുപ്പുകളും ഇസ്‌ലാമോഫോബിയയുടെ കച്ചവട സാധ്യതകളുമാണ് എന്ന് നിരീക്ഷിക്കാനുമാവും.

ആരാണ് മുഹമ്മദ് ബിന്‍ ഖാസിം?
മക്കയില്‍ നിന്നും 90 കിലോമീറ്റര്‍ മാറി ത്വാഇഫിലെ പ്രസിദ്ധമായ സഖീഫ് ഗോത്രത്തില്‍ ഹിജ്‌റ 72ലാണ് മുഹമ്മദ് ബിന്‍ ഖാസിം ജനിക്കുന്നത്. പിതാവായ ഖാസിമു ബ്‌നു മുഹമ്മദില്‍ നിന്ന് പ്രാഥമിക വിദ്യ അഭ്യസിച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ ക്രൂരത കൊണ്ട് കുപ്രസിദ്ധി നേടിയ ഹജ്ജാജിന്റെ പിതൃവ്യനായിരുന്നു ഖാസിം. പിതൃവ്യനെ സന്ദര്‍ശിക്കുന്ന വേളകളിലെല്ലാം ഇബ്‌നു ഖാസിം ഹജാജ്ജിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ബാലന്റെ മുഖത്തുണ്ടാകുന്ന നിസ്സംഗതയെക്കാള്‍ ധീരതയും നിശ്ചയദാര്‍ഢ്യവും നിഴലിക്കുന്ന മുഹമ്മദിന്റെ മുഖം ഹജ്ജാജിനെ അത്ഭുതപ്പെടുത്തി. ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ നിര്‍ദേശപ്രകാരം “വാസിത്വ’ എന്ന ഭരണസിരാകേന്ദ്രം നിര്‍മിച്ചപ്പോള്‍ ഇബ്‌നു ഖാസിമിനെ ഹജ്ജാജ് കൂടെ കൂട്ടി. അദ്ദേഹത്തിന്റെ ശത്രുവായിരുന്ന അബ്ദുറഹ്മാന്‍ അഷ്അസിനെതിരെയുള്ള പടനീക്കത്തില്‍ ഇബ്‌നു ഖാസിം ആയുധമണിയുകയും യുദ്ധാനന്തരം താന്‍ ചെയ്തതിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. “ജിഹാദ്’ എന്നാല്‍ കേവലം ഭൂമി പിടിച്ചെടുത്ത് അതിര്‍ത്തി വിപുലീകരിക്കലല്ല എന്നു തിരിച്ചറിഞ്ഞ ഇബ്‌നു ഖാസിം ആഭ്യന്തര യുദ്ധങ്ങളില്‍ തന്നെ കരുവാക്കാനുള്ള ഹജ്ജാജിന്റെ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് വിട്ടുനില്‍ക്കുകയാണുണ്ടായത്.

സിന്ധിലേക്ക്
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കവാടമായിരുന്നു സിന്ധ്. വന്‍കാടുകളാലും നദികളാലും സമൃദ്ധമായിരുന്ന ഈ ഭൂമി പട്ടണങ്ങള്‍ കൊണ്ടും സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടും അനുഗ്രഹീതമായിരുന്നു. സിന്ധ് നിവാസികളുടെ ജീവിതരീതികളും ആരാധനകളും വിചിത്രമായ ആചാരങ്ങളും ബസറയില്‍ വച്ച് തന്നെ ഇബ്‌നു ഖാസിമില്‍ കൗതുകമുണര്‍ത്തിയിരുന്നു. വിവിധ ആശയാദര്‍ശങ്ങളുടെ സംഘട്ടനം മൂലം ഏകവും പരമവുമായ സത്യം അവരില്‍ നിന്നും കൈമോശം വന്നതായിരിക്കുമെന്ന് അദ്ദേഹം അനുമാനിച്ചു.

രണ്ടാം ഖലീഫ ഉമറിന്റെ(റ) കാലത്താണ് ഇസ്‌ലാമിക ചരിത്രവുമായി ഈ പ്രദേശം ആദ്യമായി സന്ധിക്കുന്നത്. ഖാദിസിയ്യ യുദ്ധവേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ പേര്‍ഷ്യക്കാര്‍ക്ക് സ്വത്തും പടയാളികളും നല്‍കി സഹായിച്ചവരില്‍ പ്രധാനി സിന്ധായിരുന്നു. എന്നാല്‍ അന്ന് അതിനുള്ള പ്രതികരണമെന്നോണം സൈനികനടപടികള്‍ നടന്നില്ല. മൂന്നാം ഖലീഫ ഉസ്മാന്റെ(റ) കാലത്ത് ബസറ ഗവര്‍ണറായിരുന്ന അബ്ദുല്ലാഹിബിന്‍ അമീറിന്റെ നേതൃത്വത്തില്‍ സിന്ധ് കീഴടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. എങ്കിലും, സിന്ധില്‍ മുസ്‌ലിം സാന്നിധ്യമുണ്ടായിരുന്നു. സിന്ധിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ചില അറബി വ്യാപാരികള്‍ താമസിച്ചിരുന്നു. ഇത്തരം വാണിജ്യസംഘങ്ങള്‍ അവരുടെ ജീവിതത്തിലൂടെ ഇസ്‌ലാമിക സൗന്ദര്യം പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിച്ചിരുന്നതായി കാണാനാവും. അയിത്തം പോലുള്ള അനാചാരങ്ങളില്‍ പൊറുതിമുട്ടിയിരുന്ന ഒരു കൂട്ടം അധഃസ്ഥിത വര്‍ഗത്തിന്റെ ഇസ്‌ലാമാശ്ലേഷത്തിന് ഇവര്‍ കാരണമായിട്ടുണ്ട്.
അക്കാലത്ത് സിലോണിലും ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഒരു സമൂഹമായി പരിവര്‍ത്തിക്കാതിരുന്ന ഇവരുടെ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്മാരുടെ മരണം സ്ത്രീകളെയും കുട്ടികളെയും വലിയ പ്രതിസന്ധിയിലാക്കി. പൂര്‍വമതത്തിലേക്ക് പോകാതിരുന്ന ഇവരെ ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന ഇറാഖിലേക്ക് മാറ്റാന്‍ സിലോണ്‍ രാജാവ് തീരുമാനിച്ചു. ഒരു കൂട്ടം അശരണരോടുള്ള അനുകമ്പയോടൊപ്പം രാഷ്ട്രീയ താല്‍പര്യങ്ങളും ഈ തീരുമാനമെടുക്കാന്‍ രാജാവിനെ സ്വാധീനിച്ചിരുന്നു. വഴിമധ്യേ സിന്ധ് പരിധിയില്‍പ്പെട്ട ദൈബല്‍ തുറമുഖത്തു വെച്ച് സിലോണ്‍ അയച്ച കപ്പല്‍ കൊള്ളയടിക്കപ്പെടുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയിലുള്ള രാജാ ദാഹിറിന്റെ നിലപാടുകള്‍ ഹജ്ജാജിനെ സൈനിക മുന്നേറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ആദ്യമയച്ച ഇബ്‌നു നബ്ഹാന്റെയും ബുദൈലിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

കൂടുതല്‍ രോഷാകുലനായ ഹജ്ജാജ് വെറും പതിനേഴു വയസ്സ് പ്രായമുള്ള ഇബ്‌നു ഖാസിമിനെ ദൗത്യം ഏല്‍പ്പിച്ചു. പ്രായത്തില്‍ കവിഞ്ഞ മെയ് വഴക്കവും പക്വതയും യുദ്ധപാടവും കാഴ്ചവച്ച അദ്ദേഹം ഇന്ത്യന്‍ ഉപഭൂഖണ്ഡം കണ്ട ഏറ്റവും വലിയ പോരാട്ടത്തില്‍ ദാഹിറിനെയും സംഘത്തെയും കീഴ്‌പ്പെടുത്തി. മുള്‍ത്താനും ദൈബലും ഖന്‍സബൂരും തന്റെ വരുതിയിലാക്കി. പിടിച്ചടക്കിയതും കീഴടങ്ങുന്നതുമായ ഒരു പ്രദേശത്തും അദ്ദേഹം പ്രതികാരം ചെയ്തിരുന്നില്ല എന്ന് ചരിത്രരേഖകളിലുണ്ട്. ഇബ്‌നു ഖാസിം താന്‍ കീഴടക്കിയ ദേശത്തെ സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും വസ്തുവകകള്‍ തദ്ദേശീയര്‍ക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു. ആരുടേയും സ്വത്തോ അഭിമാനമോ അപഹരിക്കരുത് എന്ന് തന്റെ സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കി. ഇസ്‌ലാമിലെ യുദ്ധ സങ്കല്‍പങ്ങളുടെ പാവനമായ മാതൃക അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. അക്കാലത്ത് എഴുതപ്പെട്ട ചാച്ച്‌നാമ (chachnama) എന്ന കൃതി ഇബ്‌നു ഖാസിമിന്റെ ഭരണരീതികളെ പരിചയപ്പെടുത്തുകയും നാവിക – കരസേനകളെ യോജിപ്പിച്ചു കൊണ്ട് പോരാട്ടം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും മുഹമ്മദ് ബിന്‍ ഖാസിമിന്റെ സിന്ധ് ആക്രമണം കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് പകരം വീട്ടാനായി നടത്തിയതാണെന്ന് വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ലഭ്യമല്ല എന്നാണ് ചില ചരിത്രകാരന്മാരുടെ വീക്ഷണം.

അവസാന കാലം
ഹിജ്‌റ 95ല്‍ ഹജ്ജാജ് മരണമടഞ്ഞു. പല പണ്ഡിതരും നിഷ്ഠുരമായി കൊല്ലപ്പെട്ട ഹജാജ്ജിന്റെ ഭരണത്തിനു ശേഷം തൊട്ടടുത്തവര്‍ഷം ഖലീഫ അബ്ദുല്‍ മലിക് ബ്‌നു മര്‍വാനും മരണപ്പെട്ടു. ഉന്ദുലുസിന്റെയും സിന്ധിന്റെയും വിജയങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലം ഹജാജ്ജിനെ പോലുള്ള ഗവര്‍ണര്‍മാരാല്‍ കളങ്കപ്പെട്ടിരുന്നു.

മലിക് ബ്‌നു മര്‍വാനു ശേഷം ഹജ്ജാജിനെ ശക്തമായ എതിര്‍ത്തിരുന്ന സുലൈമാന്‍ ബ്‌നു അബ്ദുല്‍ മലിക് സ്ഥാനാരോഹണം ചെയ്തു. ഹജ്ജാജിന്റെ അനുയായികളെ ക്രൂശിക്കുന്ന കൂട്ടത്തില്‍ ഇന്ത്യന്‍ ഉപദ്വീപില്‍ ഇസ്‌ലാം പ്രസരിപ്പിച്ച മുഹമ്മദ് ബിനു ഖാസിമിനെ ‘വാസിത’യിലെ തുറുങ്കിലടച്ചു. ഖലീഫ സുലൈമാന്‍ നികുതി പിരിവിനായി ചുമതല നല്‍കിയിരുന്ന സ്വാലിഹ് ഇബ്‌നു അബ്ദുറഹ്മാന്‍ കടുത്ത ഹജ്ജാജ് വിരോധിയായിരുന്നു. തന്റെ സഹോദരനെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ വെമ്പി നിന്ന സ്വാലിഹ് ഒരു ഭടനില്‍ നിന്നാണ് ദാഹിര്‍ രാജാവിന്റെ പുത്രിയായ സീതയെ കുറിച്ചറിയുന്നത്. സിന്ധ് തിരിച്ചുപിടിക്കാന്‍ ഗൂഢാലോചന നടത്തിയ കാരണത്താല്‍ സീതയെ രാജകീയ ബഹുമതികളോടെ തന്നെ ഇബ്‌നു ഖാസിം ദമസ്‌കസിലേക്ക് മാറ്റിയിരുന്നു. സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ സീതയെ സ്വാധീനിക്കുകയും അവര്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് ഇബ്‌നു ഖാസിമിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ തന്നെ നാടുകടത്തിയതിലുള്ള കേവല അമര്‍ഷം മാത്രമാണ് സീതക്കുണ്ടായിരുന്നത്. സ്വാലിഹിന്റെ ചതിയില്‍ വിശ്വസിച്ചാണ് ഖലീഫ ഇബ്‌നു ഖാസിമിനെ വധിക്കാന്‍ കല്‍പ്പിച്ചത്. സ്വാലിഹ് നല്‍കിയ മോചനവാഗ്ദാനം ചതിയാണെന്ന് സീത രാജകുമാരി തിരിച്ചറിയുമ്പോഴേക്കും ഇബ്‌നു ഖാസിം വധിക്കപ്പെട്ടിരുന്നു.

ഇസ്‌ലാമിക വികാരത്തില്‍ മാത്രം സിന്ധ് പിടിച്ചെടുക്കാന്‍ അനുവാദം വാങ്ങി അതിന്റെ പ്രതിഫലമായി യാതൊന്നും സ്വീകരിക്കാതെ താന്‍ കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ സുസമ്മതി നേടിയ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ് അമവികളുടെ ക്രൂരമായ രാഷ്ട്രീയത്തിന്റെ ബലിയാടായി മാറുകയായിരുന്നു.

ഇബ്‌നു ഖാസിമിന്റെ രാഷ്ട്രീയം
മുള്‍ത്താനും ബലൂചിസ്ഥാനും ദൈബലും അടങ്ങിയ സിന്ധിലെ ജനത ഭരണത്തിന്റെ ആദ്യകാലത്ത് ഇബ്‌നുഖാസിമിനെ ശക്തമായി എതിര്‍ത്തിരുന്നു. കൂട്ടക്കൊലയോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്ന് തിരിച്ചറിഞ്ഞ ഇബ്‌നു ഖാസിം പ്രാദേശിക ജനതയുമായി കരാറില്‍ ഏര്‍പ്പെടുകയും പിന്നീട് അഭേദ്യമായ ഒരു ബന്ധമായി ഇത് മാറുകയും ചെയ്തു. പൗരന്മാര്‍ക്കും ആരാധനാലയങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം ഉറപ്പു നല്‍കിയ ഈ കരാര്‍ ഹിന്ദു-ജൂത-ക്രൈസ്തവ ജനതയ്ക്ക് അതുവരെ നിലനിന്നിരുന്നതിനേക്കാള്‍ ബഹുമാനവും അംഗീകാരവും നല്‍കിയിരുന്നതായി പ്രശസ്ത ചരിത്രകാരന്‍ ബി എന്‍ പാണ്ടെ പറയുന്നുണ്ട്.

വലിയ തോതില്‍ സാമ്പത്തിക അസമത്വം നിലനിന്നിരുന്ന സിന്ധില്‍ ഇബ്‌നു ഖാസിം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ബ്രാഹ്മണര്‍ക്ക് പ്രത്യേകം ജോലിയും വരുമാനവും നല്‍കി ആദരിക്കുകയും ചെയ്തു. ഇബ്‌നു ഖാസിമും ഹജ്ജാജും തമ്മിലുള്ള കത്തിടപാടുകളിലും അവര്‍ ബഹുസ്വരതക്ക് നല്‍കിയ പ്രാധാന്യം വ്യക്തമാണ്. മുള്‍ട്ടാനിലെ ജനങ്ങള്‍ ഇബ്‌നു ഖാസിമിന് കൊടുത്ത സ്വീകരണം വിഖ്യാത ചരിത്രകാരന്‍ ലൈന്‍ പൂള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഇന്‍ഡസിലെ അറേബ്യന്‍ ജനാധിപത്യത്തെ ഗോത്രങ്ങള്‍ ഒന്നടങ്കം ചെണ്ടയും മദ്ദളവും കൊട്ടിയാണ് സ്വീകരിച്ചത്. കാരണം, ഹിന്ദു രാജാക്കന്മാരാല്‍ അവര്‍ മര്‍ദിതരായിരുന്നു. ജാട്ടുകളും മീഡ്‌സ് ഗോത്രങ്ങളും അറബികള്‍ക്ക് സ്തുതി പാടി. തന്റെ പ്രജകള്‍ക്ക് ഖാസിം പൂര്‍ണ സ്വാതന്ത്ര്യവും ആരാധനാലയങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണവും ഉറപ്പാക്കി’.
ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഇബ്‌നു ഖാസിം വകവെച്ചു നല്‍കിയിരുന്നു. മുസ്‌ലിംകള്‍ക്ക് സകാതും അമുസ്‌ലിംകള്‍ക്ക് ജിസ്്യയും അദ്ദേഹം നിര്‍ബന്ധമാക്കി. തുറമുഖങ്ങളിലും റവന്യൂ വകുപ്പുകളിലും ഇതര മതസ്ഥരുടെ പ്രാതിനിധ്യം ധാരാളമായിരുന്നു. അദ്ദേഹം ഇന്ത്യ വിടുമ്പോള്‍ ഹിന്ദുക്കള്‍ പൊട്ടിക്കരഞ്ഞതായും സ്‌നേഹാധിക്യത്താല്‍ കൈറജില്‍ അദ്ദേഹത്തിന്റെ രൂപം നിര്‍മിച്ചതായും ചരിത്രകാരന്‍ ബലദൂരി രേഖപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ബിന്‍ ഖാസിം കീഴടക്കിയ സ്ഥലങ്ങള്‍ അധികവും ഇന്നത്തെ പാകിസ്താന്റെ ഭാഗമാണ്. തുറമുഖ നഗരമായ ദൈബല്‍ കറാച്ചിക്കടുത്താണെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ദാഹിറുമായുള്ള റാവര്‍ യുദ്ധത്തോടെയാണ് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മുസ്‌ലിം സാന്നിധ്യമുണ്ടായത് എന്നും ചരിത്രനിരീക്ഷണമുണ്ട്.

മുഹമ്മദ് അലി എരിമയൂര്‍

അധികവായന:
‘ബത്വലുസ്സിന്ധ്’ മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ കൈറോ,
‘A Study of Islamic History’ K Ali,
‘അദ്ദൗലത്തുല്‍ അമവിയ്യ’ ഇമാം സ്വല്ലാബി,
‘അല്‍ബിദായ വന്നിഹായ’ ഇമാം ഇബ്‌നു കസീര്‍

You must be logged in to post a comment Login