അത്ര സ്വാഭാവികമാണോ സ്വവര്‍ഗലൈംഗികത?

അത്ര സ്വാഭാവികമാണോ സ്വവര്‍ഗലൈംഗികത?

ആഗോളതലത്തില്‍ തന്നെ അവഗണിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ് നിലവില്‍ എല്‍ ജി ബി ടി ക്യൂ ആക്ടിവിസം. സ്വവര്‍ഗാനുരാഗികളോടുള്ള ഖത്തറിന്റെ സമീപനം ശരിയല്ലെന്നും ആയതിനാല്‍ ഈ വര്‍ഷം അവിടെ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രമുഖരുടെ ശബ്ദമുയര്‍ന്നത് ഇതിനുദാഹരണമാണ്. എല്‍ ജി ബി ടി ക്യൂ അവകാശസംരക്ഷണം യു എസ് ഫോറിന്‍ പോളിസിയുടെ ഭാഗമാക്കിയതും കഴിഞ്ഞ ജൂണ്‍ മാസം സ്റ്റോണ്‍വാള്‍ ലഹളയുടെ ഓര്‍മക്കായി ലോക വ്യാപകമായി വിവിധ രാജ്യങ്ങളില്‍ പ്രൈഡ് മാസമായി ആഘോഷിക്കപ്പെട്ടതും അതിന്റെ ആന്തോളനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും അരങ്ങേറിയതും സമീപകാല ഉദാഹരണങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അപകടകരമാം വിധം സ്വവര്‍ഗരതി സ്വാഭാവികവല്‍കരിക്കപ്പെടുന്നതും അനുകൂല പൊതുബോധം സൃഷ്ടിക്കപ്പെടുന്നതും അതിവേഗത്തിലാണ്. സ്വവര്‍ഗലൈംഗികതയുടെ പ്രശ്‌നങ്ങളന്വേഷിച്ച് ഇന്റര്‍നെറ്റില്‍ പരതിയാല്‍ അത്തരത്തിലൊന്നും കാണാനാവില്ലെന്ന് മാത്രമല്ല ലഭിക്കുന്നതൊക്കെയും അതിനെ നോര്‍മലൈസ് ചെയ്യുന്ന വിവരങ്ങളാണ്.പക്ഷേ, സ്വവര്‍ഗാനുരാഗത്തെ ഇത്തരത്തില്‍ സ്വാഭാവികമാക്കാനുപയോഗിച്ച ശാസ്ത്രീയത്തെളിവുകളുടെ പിന്നാമ്പുറമന്വേഷിക്കുമ്പോഴാണ് സത്യം വെളിച്ചത്താവുന്നത്.

തെളിവുകളിലെ പൊള്ളത്തരങ്ങള്‍
ലോകാടിസ്ഥാനത്തില്‍ തന്നെ മനഃശാസ്ത്ര രംഗത്തെ പ്രഥമസ്ഥാനീയരായ രണ്ട് സംഘടനകളാണ് അമേരിക്കന്‍ സൈക്കോളജി അസോസിയേഷനും, അമേരിക്കന്‍ സൈക്യാട്രി അസോസിയേഷനും. APA എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇവ മനഃശാസ്ത്ര രംഗത്ത് അപ്രമാദിത്വം കല്‍പ്പിക്കപ്പെട്ടതും വ്യാപകമായി അവലംബിക്കപ്പെടുന്നതുമാണ്. 130,000 ത്തോളം വരുന്ന ഗവേഷകരുടെയും സൈക്കോളജി പ്രൊഫഷണലുകളുടെയും അംഗത്വമുള്ള സൈക്കോളജി അസോസിയേഷനും, 35000 ലധികം സൈക്യാട്രിസ്റ്റുകളുടെ സേവനമുള്ള സൈക്യാട്രി അസോസിയേഷനുമാണ് ചുരുക്കത്തില്‍ മനഃശാസ്ത്രലോകത്തെ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത്.

അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ പുറത്തിറക്കുന്ന Diagnostic and Statistical Manual for Mental Disorders (DSM) ആണ് മാനസിക വൈകല്യങ്ങളെ നിര്‍ണയിക്കാനും ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്. സൈക്കോളജിസ്റ്റുകള്‍ പരക്കെ അവലംബിക്കുന്നതും ഇതുതന്നെ. പ്രസ്തുത സംഘടനകളുടെ സ്വവര്‍ഗ ലൈംഗികതയെ പറ്റിയുള്ള നിലപാടുകളും നിരീക്ഷണങ്ങളുമാണ് മനഃശാസ്ത്ര രംഗത്തെയും അല്ലാത്ത മേഖലകളിലെയും ആളുകള്‍ ഇവ്വിഷയകമായി പ്രമാണമാക്കുന്നതെന്ന് മുന്‍കഴിഞ്ഞ പ്രസ്താവനകളില്‍ നിന്ന് മനസ്സിലായിരിക്കുമല്ലോ. സ്വവര്‍ഗ ലൈംഗികതയെ കുറിച്ചുള്ള ഇവരുടെ “ശാസ്ത്രീയമായ’ നയങ്ങളും നിര്‍ദേശങ്ങളും പ്രധാനമായും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് Report of the Task Force on Appropriate Therapeutic Response to Sexual Orientation എന്ന പഠനത്തിലാണ്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെതന്നെ തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത അംഗങ്ങളടങ്ങിയ ഒരു ടാസ്‌ക് ഫോഴ്‌സ് ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. സൈക്കോളജിസ്റ്റായ ജ്യുഡിത് ഗ്ലാസ്‌ഗോള്‍ഡിന്റെ നേതൃത്വത്തിലുള്ള ഈ ടാസ്‌ക് ഫോഴ്‌സില്‍ അധ്യക്ഷയായ ജ്യുഡിത് ഒരു ലെസ്ബിയനാണ്. മറ്റു ആറു സമിതി അംഗങ്ങളും സ്വവര്‍ഗാനുരാഗികളാണ്. യു എസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ സൈറ്റില്‍ പ്രസിദ്ധീകൃതമായ ഒരു പഠനത്തില്‍ ഇക്കാര്യം കാണാം.

സ്വവര്‍ഗരതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംഘത്തിലെ ഭൂരിഭാഗവും സ്വവര്‍ഗാനുരാഗികളാവുമ്പോള്‍ ആ പഠനം നിഷ്പക്ഷമായ ഒരു വീക്ഷണ കോണിലൂടെയാവാന്‍ തരമില്ല. തികച്ചും ഏകപക്ഷീയമായ ഒരു പഠനമാണ് ശാസ്ത്രീയ പഠനമെന്ന നിലയില്‍ പുറത്തുവരുന്നത്.

സ്വവര്‍ഗ ലൈംഗികതയെ നോര്‍മലായി ചിത്രീകരിക്കാന്‍ എ പി എ സിഗ്മണ്ട് ഫ്രോയിഡിന്റെ ഒരു പഠനത്തെ അവലംബമാക്കുന്നുണ്ട്. സൈക്കോ അനാലിസിസിന്റെ ഭാഗമായി ഫ്രോയിഡ് ഒരു സ്വവര്‍ഗാനുരാഗിയായ സ്ത്രീയുടെ ലൈംഗിക ആഭിമുഖ്യത്തെ (Sexual Orientation) മാറ്റം വരുത്താന്‍ പരീക്ഷണം നടത്തുകയും അതില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍, സ്വവര്‍ഗാനുരാഗിയായ ഒരാളുടെ ലൈംഗികാഭിമുഖ്യം മാറ്റാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്ന് ഫ്രോയിഡ് അന്തിമവിധിയെഴുതി. മാത്രമല്ല സ്വവര്‍ഗരതി ലജ്ജിക്കപ്പെടേണ്ട ഒന്നല്ലെന്നും, ഒരു മാനസികരോഗിയായി അയാളെ മുദ്ര കുത്തേണ്ടതില്ലെന്നും, പ്രകൃതിപരമായ ലൈംഗികതയുടെ സ്വാഭാവിക വകഭേദമാണിതെന്നും പ്രസ്താവിച്ചു.
പക്ഷേ, 1935 ല്‍ ഫ്രോയിഡ് നടത്തിയ ഈ നിരീക്ഷണം കാലഹരണപ്പെട്ടതാണെന്നും (Antiquated), ഒരു തവണ മാത്രമുള്ള പരീക്ഷണ ശ്രമത്തിന് ശേഷം നടത്തിയ നിഗമനങ്ങളെ സന്ദേഹാതീതമായ ഒരനുഭവവ്യാഖ്യാനമായേ(Suspect Anecdote) കാണാനാവൂ എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സ്വവര്‍ഗ ലൈംഗികത ഒരു സ്വാഭാവിക (Normal) അവസ്ഥയല്ല എന്നതിനെ ദ്യോതിപ്പിക്കുന്ന Homosexuality is a variation of sexual function produced by a certain arrest of sexual development എന്ന ഫ്രോയിഡിന്റെ തന്നെ പ്രസ്താവന എ പി എ ഒഴിവാക്കിയതും സന്ദേഹജനകമാണ്.

സ്വവര്‍ഗ ലൈംഗികതയുടെ സ്വാഭാവികതക്ക് ഉപോല്‍ബലകമായി അമേരിക്കന്‍ സൈക്കോളജി അസോസിയേഷന്‍ സി എസ് ഫോര്‍ഡ്, ഫ്രാങ്ക് എ ബീച്ച് എന്നിവരുടെ പഠനം ഉദ്ധരിക്കുന്നു. ഇരുവരുടെയും വാദപ്രകാരം സ്വവര്‍ഗ ലൈംഗികസ്വഭാവങ്ങള്‍ അനേകം ജന്തുജാലങ്ങളിലും മനുഷ്യ സംസ്‌കാരങ്ങളിലും പ്രകടമായതും നിലനില്‍ക്കുന്നതുമാണ്. ആയതിനാല്‍ സ്വവര്‍ഗ ലൈംഗികസ്വഭാവങ്ങളിലും ആഭിമുഖ്യങ്ങളിലും അസ്വാഭാവികമായി ഒന്നും തന്നെയില്ല (Nothing Unnatural) എന്നും ഇവര്‍ വാദിക്കുന്നു.

1951 ല്‍ പുറത്തിറങ്ങിയ Patterns of Sexual Behaviour എന്ന പുസ്തകത്തിലാണ് ഇരുവരും ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. സ്വവര്‍ഗ ലൈംഗികപ്രവര്‍ത്തനങ്ങള്‍ 49ല്‍ പരം മനുഷ്യ സംസ്‌കാരങ്ങളില്‍ പ്രശ്‌നമല്ലെന്നും സ്വീകാര്യമാണെന്നും ഒരു നരവംശ ശാസ്ത്രപഠനത്തെ അടിസ്ഥാനമാക്കി ഇവര്‍ പറയുന്നു. മാത്രമല്ല മനുഷ്യേതര പ്രൈമേറ്റുകളിലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്വവര്‍ഗ ലൈംഗികപ്രവണതകള്‍ വ്യാപകമാണെന്നും പുസ്തകത്തില്‍ കാണാം. 1957 ല്‍ രണ്ട് ഗവേഷകര്‍ മനുഷ്യരിലും മനുഷ്യേതര ജീവികളിലും സ്വവര്‍ഗ ലൈംഗികപ്രവണതകള്‍ കണ്ട് വരുന്നു എന്ന നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് എ പി എ സ്വവര്‍ഗ ലൈംഗികതയെ പ്രശ്‌നരഹിതമാക്കാന്‍ ശ്രമിക്കുന്നതെന്ന് സാരം.

ഇതില്‍ നിന്നും മനസ്സിലാകുന്നത് അനേകയിനം ജന്തുജാലങ്ങളിലും മനുഷ്യ സംസ്‌കാരങ്ങളിലും കണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നവല്‍കരിക്കേണ്ടതായിട്ടില്ല, അതിനെ സ്വാഭാവികമായി പരിഗണിക്കണം എന്നാണെങ്കില്‍ (എ പി എ ഇവിടെ ഉപയോഗിച്ച യുക്തി പ്രകാരം) ചില മനുഷ്യ സംസ്‌കാരങ്ങളിലും മനുഷ്യേതര ജന്തുക്കളിലും കണ്ടുവരുന്ന നരഭോജനവും (Cannibalism) സ്വാഭാവികവും പ്രശ്‌നരഹിതവുമായ ഒന്നായി കാണേണ്ടി വരുമല്ലോ? ആയതിനാല്‍ സ്വവര്‍ഗ ലൈംഗികാഭിമുഖ്യം മനോവൈകല്യമല്ലെന്ന് സ്ഥാപിക്കാന്‍ എ പി എ ശാസ്ത്രീയമെന്ന് തെറ്റിദ്ധരിച്ച് അവലംബമാക്കിയത് ഒരു അസംബന്ധ ധാരണയെയാണ്.
തങ്ങളുടെ വാദങ്ങളെ ബലപ്പെടുത്താനായി എ പി എ എവ്‌ലിന്‍ ഹൂക്കര്‍ എന്ന അമേരിക്കന്‍ സൈക്കോളജിസ്റ്റിന്റെ പഠനങ്ങളെ അവലംബിക്കുന്നത് നോക്കുക. സ്വവര്‍ഗാനുരാഗികളുടെ മാനസിക നില പരിശോധിക്കാനായി സ്വവര്‍ഗാനുരാഗികളെയും എതിര്‍ ലിംഗാനുരാഗികളെയും ( Heterosexual) വെച്ച് നടത്തിയ മനഃശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ശേഷം അവരെത്തിയ നിഗമനം സ്വവര്‍ഗ ലൈംഗികതയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുടെയും എതിര്‍ ലിംഗാനുരാഗികളുടെയും മാനസിക സമായോജനത്തില്‍ (ഒരു വ്യക്തിക്ക് തന്റെ ജീവിത സന്ദര്‍ഭങ്ങളുമായി ഇണങ്ങി പൊരുത്തപ്പെട്ടു മുന്നോട്ട് പോകാനുള്ള പ്രാപ്തിയാണ് സമായോജനം അഥവാ Psychological Adjustment എന്നറിയപ്പെടുന്നത്. ആത്മാഭിമാനം (Self-Esteem), ഉത്കണ്ഠ, മനഃപീഡ (Distress) എന്നിവയുടെ അഭാവം, ബന്ധങ്ങളിലെ രഞ്ജിപ്പ് (Relationship Concord) എന്നിവയെല്ലാം അതിന്റെ സൂചകങ്ങളായി ഗണിക്കപ്പെടുന്നു) കാര്യമായ വ്യത്യാസങ്ങളില്ലെന്നും ആയതിനാല്‍ സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമല്ല എന്നതുമാണ്.

പക്ഷേ, എന്‍സൈക്ലോപീഡിയ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പറയുന്നത് പ്രകാരം, ഒരു വ്യക്തിയെ വിഷാദങ്ങളിലേക്കോ, പിരിമുറുക്കങ്ങളിലേക്കോ, കുറഞ്ഞ ആത്മാഭിമാനത്തിലേക്കോ (Low Self-Esteem) നയിക്കാത്ത അനേകം മനോരോഗങ്ങളുണ്ട്. ആയതിനാല്‍ ഒരാളുടെ സൈക്കോളജിക്കല്‍ നോര്‍മല്‍സി പരിശോധിക്കാന്‍ സമായോജനത്തെ ഒരു പര്യാപ്തമായ അളവുകോലായി തിരഞ്ഞെടുക്കുന്നതില്‍ പരിമിതിയുണ്ട്. കുട്ടികളോട് അതിയായ ലൈംഗികതൃഷ്ണ ( Pedophilia) യുള്ളവരുടെ കാര്യം തന്നെ പരിശോധിക്കുക. സൈക്കോളജിക്കല്‍ അഡ്ജസ്റ്റ്‌മെന്റിലും അയാളുടെ സാമൂഹിക ഇടപെടലുകളിലും (Social Functioning) യാതൊരു അസാധാരണത്വവും ദര്‍ശിക്കാനാവില്ല. ശരീരത്തില്‍ മൂര്‍ച്ചയേറിയ വസ്തുക്കളുപയോഗിച്ച് മുറിവുകളുണ്ടാക്കി (Self-Mutilation) സുഖം കണ്ടെത്തുന്നവരും, ഭക്ഷ്യയോഗ്യമല്ലാത്ത പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ ഭക്ഷിക്കാന്‍ നിര്‍ബന്ധിത ത്വരയുള്ളവരും (Pica Disorder), സംശയ രോഗമുള്ള ( Delusion Disorder) ആളുകളും ഇതേ ഗണത്തില്‍ പെടുന്നു. ക്രൂരത പ്രധാന സവിശേഷതയായ ലൈംഗിക വൈകൃതവും ( Sexual Sadism) മൈഥുനവേളയില്‍ ഇണയുടെ മേല്‍ക്കോയ്മയിലും നിഷ്ഠുരതയിലും ആനന്ദം കണ്ടെത്തുന്നതും (Masochism) മനോരോഗങ്ങളാണെന്നതില്‍ സംശയമില്ല. സാഡോമസോക്കിസ്റ്റുകളെ (Sadomasochist ) കുറിച്ച് Sandnabba N Kenneth et al. നടത്തിയ പഠനത്തില്‍ പറയുന്നത് അവരെല്ലാവരും തന്നെ സാമൂഹികപരമായി ഉയര്‍ന്ന സമായോജനമുള്ളവരാണെന്നും മനസംഘര്‍ഷങ്ങള്‍ ഉള്ളവരല്ല എന്നുമാണ്. ആയതിനാല്‍ മിക്ക സ്വവര്‍ഗാനുരാഗ അനുകൂലവാദികളും അവലംബമാക്കാറുള്ള സമായോജന (Adjustment) സംബന്ധിയായ വാദങ്ങള്‍ അപക്വവും ദുര്‍ബലവുമാണ്.

ദുരൂഹമായ ആക്ടിവിസം
ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന രാഷ്ട്രീയ വിവക്ഷക്കകത്ത് നിന്നു കൊണ്ട് സ്വവര്‍ഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരും സമീപകാലത്ത് ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കാണാം. തങ്ങളുടെ വികൃതമായ ലൈംഗിക കാമനകളെ പൊതുയിടങ്ങളില്‍ സ്വാഭാവിക വല്‍ക്കരിക്കുക (homonormativity ), മതത്തിനും രാഷ്ട്രത്തിനും സമൂഹത്തിനുമകത്ത് തങ്ങളുടേതായ പ്രത്യേക ഇടങ്ങള്‍ നേടിയെടുക്കുക എന്നിവയാണല്ലോ ഇവരുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. ആയതുകൊണ്ട് തന്നെ അവര്‍ വാദിക്കും പ്രകാരം സ്വാഭാവികമല്ലാത്ത സ്വവര്‍ഗലൈംഗികാഭിമുഖ്യത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങളെ അവര്‍ നിശിതമായി എതിര്‍ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സ്വവര്‍ഗലൈംഗിക പ്രവണതകള്‍ സ്വാഭാവികമല്ലെന്നും വിദഗ്ധരുടെ ഉപദേശം തേടലാണ് നല്ലതെന്നും ഗുണദോഷിക്കുന്നവരെ ഹോമോഫോബിക്കായി ചാപ്പകുത്തുന്നു. തങ്ങളുടെ സ്വത്വരൂപീകരണത്തിന് വിഘാതമാവുന്നവരെ ഭീകരവല്‍കരിച്ച് അവരെ കുറ്റക്കാരാക്കുകയും, ജനിതക തകരാറുകളാല്‍ ഭിന്നലിംഗക്കാരായ നിരപരാധികളെ പറഞ്ഞു പറ്റിച്ച് കൂടെകൂട്ടി തങ്ങള്‍ പീഡിതരാണെന്ന തരത്തില്‍ സമൂഹത്തില്‍ സഹതാപതരംഗം സൃഷ്ടിച്ച് വളരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.1969 ല്‍ അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ഒരു കൂട്ടം സ്വവര്‍ഗരതിക്കാര്‍ തങ്ങളുടെ അവകാശ സംരക്ഷണമെന്ന പേരില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും (Stonewall Riots) ശേഷം അക്കാലമത്രയും മനോരോഗമായി കണക്കാക്കിയിരുന്ന സ്വവര്‍ഗലൈംഗികതയെ ഡി എസ് എമ്മില്‍ നിന്നും 1973 ല്‍ അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ പിന്‍വലിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ശാസ്ത്രജ്ഞരെ കൈയേറ്റം ചെയ്തും അക്കാദമിക ഗവേഷണങ്ങളും സെമിനാറുകളും തടസപ്പെടുത്തിയും ശാസ്ത്ര നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ വോട്ടിനിട്ട് അഭിപ്രായം രൂപീകരിച്ചുമാണ് സ്വവര്‍ഗലൈംഗികതയെ അവര്‍ സ്വാഭാവികമാക്കിയത്.

അമിതമായ വ്യക്തി സ്വാതന്ത്ര്യം നിരുപാധികം അനുഭവിക്കാനാവുക എന്നതാണല്ലോ പുതിയകാല പുരോഗമനത്തിന്റെ അടിസ്ഥാനതത്വം. ആയതുകൊണ്ട് തന്നെ തങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രം സാമൂഹിക വ്യവസ്ഥിതി “വിശാല’മാവേണ്ടതുണ്ടെന്ന് അവര്‍ കരുതുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു. അഭയാർഥികളടക്കമുള്ള വലിയൊരു വിഭാഗം പീഡിത ജനവിഭാഗങ്ങള്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയും സഹതാപവുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സമീപകാലങ്ങളിലായി സിനിമയടക്കമുള്ള കലാരൂപങ്ങളിലും പരസ്യരംഗത്തും സ്വവര്‍ഗലൈംഗികതയുടെ “ഉള്‍ക്കൊള്ളലും’ കോര്‍പറേറ്റ് പിന്തുണയും തന്മൂലമുണ്ടാകുന്ന ധാര്‍മികവും സാമൂഹികവുമായ അപചയത്തിന് ആക്കം കൂട്ടുന്നവയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ പീഡോഫീലിയ അടക്കമുള്ള മനോവിഭ്രമങ്ങളെക്കൂടി ഇവര്‍ നോര്‍മലാക്കുമെന്നതില്‍ സംശയമില്ല.

കെ സി അമീന്‍ അശ്‌റഫ്

അവലംബം
Homosexuality and scientific evidence: On suspect anecdotes, antiquated data, and broad generalizations – Robert L. Kinney
Homosexuality and mental illness – Bailey J. Michael
Homosexuality and American psychiatry: The politics of diagnosis – Bayer Ronald
Psychology of human adjustment – Crow Lester D
Higher risk of mental health problems for homosexuals – Collingwood Jane

You must be logged in to post a comment Login