ചെറുതും വലുതുമായി, പഴയതും പുതിയതുമായി 16 സര്‍വകലാശാലകളും നാല് ഡീംഡ് സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. കഥകളി മുതല്‍ നാനോ ടെക്‌നോളജി വരെ പഠിച്ചിറങ്ങാന്‍ ഈ സര്‍വകലാശാലകള്‍ സൗകര്യമൊരുക്കുന്നു. 1937ല്‍ ആരംഭിച്ച കേരള സര്‍വകലാശാലയാണ് ഇവയില്‍ ഏറ്റവും പഴക്കമേറിയത്. 2020ല്‍ തുടങ്ങിയ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ ഏറ്റവും “ജൂനിയര്‍’.
ഈ ഇരുപത് സര്‍വകലാശാലകള്‍ക്കും പുറമെ ഒരു കേന്ദ്ര സര്‍വകലാശാല കൂടി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം പൊതുജനങ്ങളില്‍ പലര്‍ക്കുമറിയില്ല. കാസര്‍കോട് പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി പെരിയയിലാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്ന് പേരുള്ള ഈ സര്‍വകലാശാലയുടെ പ്രധാന കാമ്പസ്. 2009 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഏതാണ്ടെല്ലാ വിഷയങ്ങളിലും പോസ്റ്റ് ഗ്രാജ്വേഷന്‍ സൗകര്യവും ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദപഠനത്തിനുള്ള സൗകര്യവുമുണ്ട്. നമ്മുടെ നാട്ടിലെ ശരാശരി നിലവാരമുള്ള കോളജുകളില്‍ പോലും മാനേജ്‌മെന്റ് ക്വാട്ട സീറ്റിന് ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരുമ്പോള്‍ നാമമാത്ര ഫീസേ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഈടാക്കുന്നുള്ളൂ. മികച്ച അധ്യാപകരും, ലൈബ്രറി, ലാബ് സംവിധാനങ്ങളുമുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനനിലവാരവും ഏറെ ഉയര്‍ന്നതാണ്.
എന്താണീ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി?
കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുമ്പോഴാണ് രാജ്യം മുഴുവനുമുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളെക്കുറിച്ച് നമുക്ക് വിവരം ലഭിക്കുക. ഗോവ ഒഴിച്ചുളള എല്ലാ സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുപോലുള്ള കേന്ദ്ര സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ, കൊല്‍ക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല, ബനാറസിലെ ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയെല്ലാം കേന്ദ്രസര്‍വകലാശാലകളുടെ ഗണത്തില്‍ പെടുന്നു. ഇതിന് പുറമെയാണ് എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍. ഡല്‍ഹിയില്‍ ഏഴു കേന്ദ്രസര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ ആറും ബീഹാറില്‍ നാലു കേന്ദ്രസര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ യു ജി സി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം രാജ്യത്ത് 54 കേന്ദ്രസര്‍വകലാശാലകളുണ്ട്.
1956ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചട്ടപ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് രൂപംനല്‍കിയത്. മറ്റു സര്‍വകലാശാലകളെ പോലെ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന പതിവ് കേന്ദ്രസര്‍വകലാശാലകള്‍ക്കില്ല. നമ്മുടെ നാട്ടിലെ മറ്റു സര്‍വകലാശാലകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കില്‍ കേന്ദ്രസര്‍വകലാശാലകളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കാനും സാമ്പത്തികസൗകര്യം ഈ സര്‍വകലാശാലകള്‍ക്കുണ്ട്. താരതമ്യേന കുറഞ്ഞ ഫീസും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കിലുളള താമസ-ഭക്ഷണസൗകര്യവും ഇവിടുത്തെ ആകര്‍ഷണമാണ്.
യൂണിവേഴ്‌സിറ്റികളെ പരിചയപ്പെടാം
ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍, ബനാറസ് ഹിന്ദു, സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആന്ധ്രാപ്രദേശ്, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു, ഝാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട് കേന്ദ്രസര്‍വകലാശാലകള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ഡോ. ഹരി സിങ് ഗൗര്‍, ഗുരു ഗാസി ദാസ്, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍, ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി അന്തര്‍രാഷ്ട്രീയ ഹിന്ദി, മണിപ്പൂര്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, അപ്പക്‌സ് (രാജസ്ഥാന്‍), സിക്കിം, തേസ്പുര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, ത്രിപുര, ഹൈദരാബാദ്, മഹാത്മാഗാന്ധി സെന്‍ട്രല്‍, സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ്, നാഷണല്‍ സാന്‍സ്‌ക്രിറ്റ്, ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, നാഷണല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോ. എ പി ജെ അബ്ദുല്‍കലാം ടെക്‌നിക്കല്‍, ദേവി അഹില്യ, സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി ഓഫ് പൊലീസ് സെക്യൂരിറ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ്, രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ്.
എങ്ങനെ ചേരാം?
മുകളില്‍ പറഞ്ഞ മുഴുവന്‍ കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള ബിരുദപ്രവേശനത്തിനുമായി ഒറ്റ പ്രശേനപരീക്ഷ എഴുതിയാല്‍ മതി. കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് – അണ്ടര്‍ ഗ്രാജുവേറ്റ് (സി യു ഇ ടി) എന്നാണീ പരീക്ഷയുടെ പേര്. ബിരുദാനന്തരബിരുദ പ്രവേശനത്തിനും ഇതുപോലെ ഒറ്റ പരീക്ഷ എഴുതിയാല്‍ മതി. കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജുവേറ്റ് (സി യു ഇ ടി) എന്നാണാ പരീക്ഷയുടെ പേര്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒറ്റ ബിരുദ കോഴ്‌സേ ഉള്ളുവെങ്കിലും മറ്റു കേന്ദ്രസര്‍വകലാശാലകളില്‍ നിരവധി ഡിഗ്രി കോഴ്‌സുകളുണ്ട്.
ഈ വര്‍ഷത്തെ സി യു ഇ ടി – യു ജി പരീക്ഷ ജൂലായ് 16 നും 20 നും ഇടയിലും ആഗസ്റ്റ് 4 നും 10 നും ഇടയിലുമാണ് നടന്നത്. കേന്ദ്ര സര്‍വകലാശാലകളിലെയും മറ്റു പങ്കാളിത്ത സ്ഥാപനങ്ങളിലെയും യു ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ പരീക്ഷ നടത്തിയത്. ഇതില്‍ 43 കേന്ദ്രസര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും 12 ഡീംഡ് സര്‍വകലാശാലകളും 18 സ്വകാര്യ സര്‍വകലാശാലകളുമുണ്ട്. നീറ്റ് യു ജി കഴിഞ്ഞാല്‍ ബിരുദത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയാണിത്. 9,50,804 ഉദ്യോഗാര്‍ഥികള്‍ 86 സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ 42 സര്‍വകലാശാലകളിലായി 1325 പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷ വഴി നടന്നത്.
പ്രവേശനപരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് പ്രവേശനപരീക്ഷ. ദിവസേന രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ടു ഷിഫ്റ്റുകളുണ്ടാകും. കോഴ്‌സുകള്‍ക്കനുസരിച്ച്, നടത്തുന്ന പരീക്ഷയ്ക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പൊതുസ്വഭാവമുള്ള ചോദ്യങ്ങള്‍ മാത്രമുള്ള ടെസ്റ്റുകളും അവയ്‌ക്കൊപ്പം വിഷയാധിഷ്ഠിത ചോദ്യങ്ങളുള്ള ടെസ്റ്റുകളും ഉണ്ടാകും. പൊതുസ്വഭാവമുള്ള ചോദ്യങ്ങള്‍, ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍/വെര്‍ബല്‍ എബിലിറ്റി, ജനറല്‍ അവയര്‍നസ്, മാത്തമാറ്റിക്കല്‍/ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ആന്‍ഡ് അനലറ്റിക്കല്‍ സ്‌കില്‍സ്, ജനറല്‍നോളജ്, ഡാറ്റാ ഇന്റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, കംപ്യൂട്ടര്‍ ബേസിക്‌സ് തുടങ്ങിയവയില്‍നിന്നുമായിരിക്കും. ശരിയുത്തരത്തിന് നാലുമാര്‍ക്കും, ഉത്തരം തെറ്റിയാല്‍ ഒരു മൈനസ് മാര്‍ക്കുമാണ് ഉണ്ടാവുക.
അപേക്ഷാഫീസ്
ജനറല്‍ വിഭാഗത്തിന് മൂന്നുപേപ്പറുകള്‍ക്ക് വരെ 800 രൂപയാണ്, അഡീഷണല്‍ പേപ്പറുകള്‍ക്ക് ഓരോന്നിനും 200 രൂപ അടക്കണം. ഒ ബി സി, എന്‍ സി എല്‍, ജനറല്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ എന്നിവര്‍ക്ക് 600 രൂപയാണ്, അഡീഷണല്‍ പേപ്പറുകള്‍ക്ക് 150 രൂപ, എസ് സി, എസ് ടി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ക്ക് 550 രൂപ, അഡീഷണല്‍ പേപ്പറുകള്‍ക്ക് 150 രൂപ. ഭിന്നശേഷി വിഭാഗത്തിന് 500 രൂപയും അഡീഷണല്‍ പേപ്പറുകള്‍ക്ക് 150 രൂപയുമാണ്. വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 4000 രൂപയും അഡീഷണല്‍ പേപ്പറുകള്‍ക്ക് 1000 രൂപയുമാണ്.
ഇന്ത്യയിലെ 554 നഗരങ്ങളിലും വിദേശത്തുള്ള 13 നഗരങ്ങളിലുമാണ് പരീക്ഷ നടന്നത്. പരീക്ഷ ഒരു തവണ മാത്രം നടക്കുന്നതിനാലും കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക മാര്‍ഗമായതിനാലും രജിസ്ട്രേഷന്‍ പുതുതായി നടത്തുകയോ, തെറ്റുകള്‍ തിരുത്തുകയോ ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണം.
പരീക്ഷാര്‍ഥികള്‍ എന്‍ ടി എ വെബ്‌സൈറ്റിലുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വായിച്ച് കൃത്യമായി മനസ്സിലാക്കണം. നൂറുമാര്‍ക്കിനാണ് ഓരോ പേപ്പറിനും പരീക്ഷ. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും SANDES App ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും പരിശോധിക്കുകയും വേണം. അതീവശ്രദ്ധയോടെ വേണം രജിസ്‌ട്രേഷന്‍ നടത്താന്‍, പിന്നീട് തിരുത്താന്‍ അവസരമുണ്ടാകില്ല. https://cuet.samarth.ac.in, https://www.nta.ac.in തുടങ്ങിയവയാണ് വെബ്‌സൈറ്റുകള്‍. ഫോണ്‍: 011-40759000, 011-69227700.
കാസര്‍കോട് യൂണിവേഴ്‌സിറ്റിയിലെ പി ജി കോഴ്‌സുകള്‍
എം എ: ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്.
എം ബി എ: ജനറല്‍ മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്.
എം കോം, എം എഡ്, എം എസ്‌സി: സുവോളജി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ബോട്ടണി, ഫിസിക്‌സ്, യോഗ തെറാപ്പി.
എല്‍ എല്‍ എം (തിരുവല്ല നിയമപഠന കാമ്പസ്), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം എസ് ഡബ്ല്യു, പി ജി ഡിപ്ലോമ ഇന്‍ യോഗ, പി ജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍, പി ജി ഡിപ്ലോമ ഇന്‍ എന്‍ ആര്‍ ഐ ലോസ്, പി ജി ഡിപ്ലോമ ഇന്‍ ഹിന്ദി ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീജ്യര്‍, പി ജി ഡിപ്ലോമ ഇന്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ റൈറ്റിങ് ഇന്‍ ഹിന്ദി.
പി ഡി സിനില്‍ദാസ്
You must be logged in to post a comment Login