ശരീഅതിന്റെ നിയമങ്ങള്‍ അഥവാ ഫിഖ്ഹിലെ വിധിവിലക്കുകള്‍ ബന്ധിക്കുന്നത് മുകല്ലഫിനോട് (മത വിധിവിലക്കുകൾ ഏറ്റെടുത്ത് ജീവിക്കാൻ ബാധ്യസ്ഥനായ ബുദ്ധിയും പ്രായപൂർത്തിയുമുള്ള ആൾ) മാത്രമാണ്. മുകല്ലഫല്ലാത്ത വ്യക്തിയുമായി വിധികള്‍ ബന്ധിക്കുന്നില്ല. തക്്ലീഫുള്ള വ്യക്തിക്കാണ് മുകല്ലഫ് എന്നുപറയുന്നത്. പ്രയാസമുള്ള കാര്യത്തെ അല്ലെങ്കില്‍ എളുപ്പമില്ലാത്ത കാര്യത്തെ നിര്‍ബന്ധിക്കുന്നതിനാണ് (ഇല്‍സാം) തക്്ലീഫ് എന്ന് പറയുക. ഇങ്ങനെ നിര്‍ബന്ധിക്കപ്പെട്ട വ്യക്തി മുകല്ലഫും. പ്രയാസമുള്ള കാര്യത്തെ നിർബന്ധിക്കുന്നതിനല്ല; ഇത്തരം കാര്യങ്ങളെ ഒരാളില്‍ നിന്നും ആവശ്യപ്പെട്ടാല്‍ (ത്വലബ്) തന്നെ തക്്ലീഫ് എന്നുപറയുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിർബന്ധിക്കലും ആവശ്യപ്പെടലും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. നിര്‍ബന്ധമായ കാര്യങ്ങളും ഹറാമായ കാര്യങ്ങളും ഒരാളില്‍നിന്നും ഉണ്ടാകണമെന്നോ ഉണ്ടാകാതിരിക്കണമെന്നോ ആവശ്യപ്പെടുമ്പോള്‍ അത് നിര്‍ബന്ധിക്കലാണ്. അതുകൊണ്ടുതന്നെ ഒന്നാമത്തെ നിർവചനപ്രകാരം നിര്‍ബന്ധ കല്പനയും നിര്‍ബന്ധ നിരോധനവും അഥവാ വുജൂബും ഹറാമും മാത്രമാണ് തക്്ലീഫിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ അനുഷ്ഠിക്കാനും അല്ലെങ്കില്‍ വർജിക്കാനും ഐച്ഛിക സ്വാതന്ത്ര്യം നല്‍കുന്ന വിധിവിലക്കുകള്‍ അഥവാ സുന്നതും കറാഹതും തക്്ലീഫിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത് രണ്ടാമത്തെ നിർവചന പ്രകാരവുമാണ്. ഈ രണ്ടു നിർവചന പ്രകാരവും ഹലാല്‍ തക്്ലീഫിന്റെ പരിധിയിലല്ലെങ്കിലും സാധാരണ ഗതിയില്‍ ഉള്‍പ്പെടുത്താറുണ്ട്. കാരണം ഒരു സംഗതി ഹലാലാണോ അല്ലയോ എന്ന ചര്‍ച്ച പ്രസക്തമാകുന്നത് മുകല്ലഫിനു ഹലാലാണോ അല്ലയോ എന്നു നോക്കിയിട്ടാണല്ലോ. അതുകൊണ്ടുതന്നെ നിർവചനങ്ങള്‍ പ്രകാരം ഹലാല്‍ കടന്നുവരാന്‍ പ്രയാസമാണെങ്കിലും പണ്ഡിതന്മാരെല്ലാവരും ഹലാലുംകൂടി ഉള്‍പ്പെടുത്തിയാണ് തക്്ലീഫിനെക്കുറിച്ച് സംസാരിച്ചത്(1). ചിലര്‍ ഹലാലായ കാര്യങ്ങള്‍ ഹലാലാണെന്നു വിശ്വസിക്കേണ്ടത് നിമിത്തം അവയും തക്്ലീഫിന്റെ ഭാഗമാണെന്നു പറയാന്‍ ശ്രമിച്ചു(2).
ശരീഅതിന്റെ നിയമങ്ങള്‍ ശാസിക്കപ്പെടുന്ന വ്യക്തിക്ക് മുകല്ലഫ് എന്ന് എന്തുകൊണ്ട് വിളിക്കപ്പെടുന്നുവെന്ന ചോദ്യം പ്രസക്തമാണ്. നിയമങ്ങളുടെ ശാസന ഒന്നുകില്‍ അനുഷ്ഠിക്കാനോ അല്ലെങ്കില്‍ വർജിക്കാനോ ആയിരിക്കും. ഇതുരണ്ടും മനുഷ്യപ്രകൃതിയനുസരിച്ച് അല്പം പ്രയാസകരവുമായിരിക്കും. പ്രയാസങ്ങളുടെ തോത് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ഒരു കാര്യം ചെയ്യാതിരിക്കുക/ വർജിക്കാതിരിക്കുക എന്നിവയാണ് മനുഷ്യന് എപ്പോഴും സുഖകരം. ഈ സൗകര്യത്തിനു ഒരല്പമെങ്കിലും ഭംഗം വരുത്തുന്നതാണ് പൊതുവെ ശരീഅതിന്റെ നിയമങ്ങള്‍-ലോകത്തെ മറ്റെല്ലാ നിയമങ്ങളെപ്പോലെത്തന്നെ. ശരീഅത് അനുസരിക്കുക, വിധേയപ്പെടുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും ഈ അനുഷ്ഠാനവും വർജിക്കലുമാണ്. സുഖങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമൊപ്പം എപ്പോഴും സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്ക്, അല്ലെങ്കില്‍ നിയമങ്ങളുടെ വലയത്തില്‍നിന്നും രക്ഷപ്പെട്ട് നടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശരീഅതിനോട് നീരസം വരുന്നത് ഇക്കാരണത്താലാവാം. എന്നാല്‍ മനുഷ്യന് ഒരിക്കലും നിയമങ്ങളുടെ ചട്ടക്കൂട്ടിലല്ലാതെ ജീവിക്കാനാകില്ലെന്നും പൂര്‍ണമായും ലിബറലാകുക എന്നത് ലോകത്ത് നടക്കുന്നതല്ലെന്നും നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് മനുഷ്യര്‍ നിയമങ്ങളനുസരിക്കുക എന്ന പ്രയാസം സഹിച്ചേ പറ്റൂ.
ഇപ്പറഞ്ഞത് മുകല്ലഫിന്റെ നിര്‍വചനമാണ്. മനുഷ്യനിർമിത നിയമങ്ങളിലും നിയമങ്ങള്‍ ബന്ധിക്കുന്ന വ്യക്തികള്‍ക്ക് പ്രത്യേക പേരുകളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ ടാക്‌സ് നിയമങ്ങള്‍ ബന്ധിക്കുന്ന വ്യക്തിയെ അസ്സസ്സീ(Assessee) എന്നാണ് നിയമം വിളിച്ചത്. അസ്സെസ്സിയെ നിർവചിക്കുന്നതോടൊപ്പം ആരെല്ലാമാണ് അസ്സസ്സീ എന്നും നമ്മുടെ നിയമം പറഞ്ഞുതന്നിട്ടുണ്ട്(3). ഈ സമ്പ്രദായം ആയിരത്തിനാന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ചു. അഥവാ മുകല്ലഫ് ആരാണെന്ന് ഇസ്‌ലാമിക ശരീഅത് വളരെ വ്യക്തമായി വരച്ചുവെച്ചു. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള, ഇസ്‌ലാമിന്റെ സന്ദേശമെത്തിയ, സന്ദേശം മനസ്സിലാക്കാന്‍ സാധിക്കുന്ന അവയവങ്ങളുള്ള എല്ലാ മനുഷ്യരും ഇസ്‌ലാം പ്രകാരം മുകല്ലഫാണ്. ഈ ഉപാധികളൊന്നും ജിന്ന് വര്‍ഗത്തിന് ബാധകമല്ല. അവര്‍ സൃഷ്ടിപ്പില്‍ തന്നെ മുകല്ലഫാണെന്നു ശരീഅത് വിധിച്ചു. മലക്കുകള്‍ക്ക് തക്്ലീഫ് ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ഇസ്‌ലാമിക ലോകത്തുണ്ട്. മനുഷ്യരായ കുട്ടികള്‍ക്ക് തക്്ലീഫ് ഇല്ലെന്നത് സുവിദിതമാണ്. അഥവാ ശരീഅതിന്റെ ഒരു നിയമവും അവരോട് കീര്‍ത്തന നടത്തുന്നില്ല. അതേസമയം കുട്ടികള്‍ ചെയ്യുന്ന ആരാധനകള്‍ സ്വീകരിക്കപ്പെടുന്നതും കുട്ടികളെക്കൊണ്ട് ആരാധന ചെയ്യിപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. ഇത് തക്്ലീഫ് ഉള്ളതുകൊണ്ടല്ല. പ്രായപൂര്‍ത്തി പ്രാപിച്ചാല്‍ ആരാധനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഒരു മനസ്സ് രൂപപ്പെടാന്‍ വേണ്ടിയാണ്(4).
കുട്ടികളും മൃഗങ്ങളും മുകല്ലഫുകളല്ലെങ്കിലും അവരെ വളര്‍ത്തുന്ന പ്രായപൂര്‍ത്തിയെത്തിയവര്‍ അവരുടെ കാര്യങ്ങളില്‍ മുകല്ലഫുകളാണ്. അതുകൊണ്ടുതന്നെ, മൃഗങ്ങള്‍ അവിഹിതമായി മറ്റൊരാളുടെ സമ്പത്ത് നശിപ്പിച്ചാല്‍ പ്രസ്തുത മൃഗത്തെ വളര്‍ത്തുന്ന വ്യക്തി ഉത്തരവാദിയാകും. കുട്ടികളും അപ്രകാരം തന്നെയാണ്. ഒരാളുടെ കുട്ടിത്തം എത്ര വയസ്സുവരെയാണ് എന്ന് നിർവചിക്കുന്നിടത്ത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകാരാണ്. ശുക്ലം പുറപ്പെടുക, മെന്‍സസ് അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങളുണ്ടായാല്‍ പ്രായപൂര്‍ത്തിയാകുമെന്ന് എല്ലാവരും പറഞ്ഞു. അതേസമയം ഇതൊന്നും നേരത്തെ സംഭവിക്കാത്തവര്‍ പതിനഞ്ചു വയസ്സ് തികഞ്ഞാലാണ് പ്രായപൂര്‍ത്തിയാകുക എന്നതാണ് പ്രബല വീക്ഷണം(5). പതിനേഴ് വയസ്സ്, പതിനെട്ട് വയസ്സ് എന്നീ അഭിപ്രായങ്ങളും ശാഫിഈ മദ്ഹബിനു പുറത്തുള്ള അപൂര്‍വം ചില പണ്ഡിതന്മാര്‍ക്കുണ്ട്(6).
വിധികൾ ഗ്രഹിക്കാന്‍ കഴിയുന്ന ബുദ്ധിയുള്ള മനുഷ്യന്‍ മാത്രമാണ് മുകല്ലഫെന്നു പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ ഭ്രാന്തന്മാരും മാനസിക നില നഷ്ടപ്പെട്ടവരുമൊന്നും മുകല്ലഫുകളല്ല. തക്്ലീഫിന്റെ താല്പര്യം തന്നെ വിധികൾ അനുസരിക്കുക എന്നതാണ്. അനുസരിക്കാന്‍ അവയെക്കുറിച്ചുള്ള അവബോധം ആവശ്യമാണ്. ഈ അവബോധം നഷ്ടപ്പെടുന്ന തരത്തില്‍ ബുദ്ധി നശിച്ചവര്‍ക്ക് തക്്ലീഫില്ലെന്നു സാരം. എന്നാല്‍ മനഃപൂര്‍വം ലഹരിയുപയോഗിച്ച് ബുദ്ധി നശിപ്പിച്ചവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടില്ല. അവര്‍ക്ക് ബുദ്ധിയില്ലെങ്കിലും വിധിവിലക്കുകള്‍ അനുസരിക്കാതിരിക്കുന്നത് നിമിത്തം പരലോകത്ത് നടപടിയുണ്ടാകും- അല്ലാഹു മാപ്പ് നല്‍കിയില്ലെങ്കില്‍(7).
ആരാരും കാണാതെ ഒറ്റപ്പെട്ട ദ്വീപുകളിലോ പർവതങ്ങളിലോ ജീവിക്കുന്ന മനുഷ്യര്‍ ഇസ്‌ലാമിന്റെ സന്ദേശം തീരെ എത്താത്തവരായിരിക്കാന്‍ സാധ്യതയുണ്ടല്ലോ(8). ഇവരും മുകല്ലഫുകളല്ല. അവര്‍ വിശ്വാസികളാവാത്ത കാരണത്താല്‍ അവര്‍ക്ക് ശിക്ഷയുമുണ്ടാവില്ല. ശരീഅതിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാന്‍ കഴിയുന്ന അവയവങ്ങളില്ലാത്ത വ്യക്തിയും മുകല്ലഫല്ലെന്ന് നാം പറഞ്ഞു. ഉദാഹരണത്തിന്, പഞ്ചേന്ദ്രിയങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട വ്യക്തി. അദ്ദേഹത്തിന് വിധി മനസ്സിലാക്കാന്‍ ഒരു പഴുതും ഇല്ലാത്തതുകൊണ്ടുതന്നെ തക്്ലീഫ് ബാധകമല്ല(9).
ഈ ഉപാധികളൊക്കെ ഒത്തുവന്നാലും പല കാരണങ്ങളാലും ഒരു മനുഷ്യന്‍ തക്്ലീഫിന്റെ പരിധിയില്‍ നിന്നും പുറത്തുപോകാനിടയുണ്ട്. ഉസൂലുല്‍ ഫിഖ്ഹ് ഇത്തരക്കാരെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. ഗാഫില്‍, മുല്‍ജഅ്, മുക്‌റഹ് എന്നിവരാണവര്‍. ഗാഫില്‍ എന്നാല്‍ മലയാളത്തില്‍ നേരർഥം അശ്രദ്ധന്‍ എന്നാണെങ്കിലും കേവല അശ്രദ്ധയല്ല ഉദ്ദേശിക്കുന്നത്. മനഃപൂര്‍വമല്ലാത്ത മറവി, ഉറക്കം തുടങ്ങിയവ മുഖേന വിധി അനുസരിക്കുന്ന കാര്യം ശ്രദ്ധിക്കാതിരുന്ന വ്യക്തിയെയാണ് ഉസൂലുല്‍ ഫിഖ്ഹ് ഗാഫില്‍ എന്നുവിളിച്ചത്. മുക്‌റഹ്, മുല്‍ജഅ് എന്നീ പദങ്ങളെ നിര്‍ബന്ധിക്കപ്പെട്ടവന്‍ എന്നാണ് പരിഭാഷപ്പെടുത്താനാവുക. പക്ഷേ അവയുടെ ഉദ്ദേശ്യം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു കാര്യത്തിന് ഒരാളെ നിര്‍ബന്ധിക്കുകയും അതില്‍നിന്നും ഒരിക്കലും മാറിനില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ആ വ്യക്തി മുല്‍ജആണ്. ഉദാഹരണത്തിന് ഒരാളെ മേലെനിന്നും താഴോട്ട് എറിഞ്ഞു. ഇദ്ദേഹം താഴെ വീണപ്പോള്‍ മറ്റൊരാളുടെ മേലെ പതിച്ച് താഴെ നിന്നിരുന്ന വ്യക്തി മരിച്ചുപോയി. ഇവിടെ മേലെനിന്നും എറിയപ്പെട്ട വ്യക്തിക്ക് ആ വീഴ്ചയില്‍ നിന്നും മാറിനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല. എന്നാല്‍ മുക്‌റഹ് അങ്ങനെയല്ല. ക്ഷമയോടുകൂടെ അദ്ദേഹത്തിന് തന്നോട് നിര്‍ബന്ധിക്കുന്ന കാര്യത്തില്‍ നിന്നും മാറിനില്‍ക്കാനാകുമെങ്കില്‍ ഉസൂലുല്‍ ഫിഖ്ഹ് ആ വ്യക്തിയെ വിളിച്ചത് മുക്‌റഹ് എന്നാണ്. ഉദാഹരണമായി, ഒരു വ്യക്തിയോട് മറ്റൊരു വ്യക്തി പറഞ്ഞു: നീ ഈ മദ്യം കഴിക്കണം, ഇല്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും. ഇവിടെ നിര്‍ബന്ധിക്കുന്നുവെങ്കിലും ക്ഷമയോട് കൂടി മാറിനില്‍ക്കാന്‍ സാധിക്കും.
ഈ മൂന്നുപേര്‍ക്കും തക്്ലീഫ് ഇല്ലെന്നതാണ് പ്രബല വീക്ഷണം. എന്നാല്‍ ആദ്യം പറഞ്ഞ ഗാഫില്‍ തന്റെ അശ്രദ്ധ സമയത്ത് കടന്നുപോയ നിസ്‌കാരങ്ങള്‍ വീണ്ടെടുക്കണം, സകാത് കൊടുക്കണം-തുടങ്ങിയവയൊക്കെ വേണം. കാരണം അതെല്ലാം ചെയ്യാനുള്ള നിമിത്തം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. അഥവാ സമ്പത്ത് ഉണ്ട്. നിസ്‌കാരത്തിന്റെ സമയം കടന്നുപോയിട്ടുണ്ട് തുടങ്ങിയവയൊക്കെ. എന്നാല്‍ അശ്രദ്ധ സമയത്ത് അവനത് ചെയ്യാത്തതു നിമിത്തം പരലോകത്ത് ചോദ്യം ചെയ്യപ്പെടില്ല. കാരണം പ്രസ്തുത സമയങ്ങളില്‍ ഇവ്വിഷയത്തില്‍ അവന്‍ മുകല്ലഫായിരുന്നില്ല(10). മുല്‍ജഇന് പ്രസ്തുത വിഷയത്തില്‍ നിന്നും ഒരിക്കലും മാറിനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തിന് തക്്ലീഫില്ല എന്നു പറയാം. എന്നാല്‍ അപൂര്‍വം ചില പണ്ഡിതന്മാര്‍ അസാധ്യമായ കാര്യങ്ങളിലും തക്്ലീഫ് ഉണ്ടെന്ന് സമർഥിക്കുന്നവരാണ്. “തക്്ലീഫു മാലാ യുത്വാഖു’ എന്നാണ് സാങ്കേതികമായി ഇതിന് പറയപ്പെടുക(11). പ്രസ്തുത കാര്യം ചെയ്യല്‍ അസാധ്യമാണെങ്കിലും സാധിക്കുന്നത്ര ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം വിഷയങ്ങളില്‍ തക്്ലീഫ് ഉണ്ടെന്ന് ഇവര്‍ വാദിച്ചത്. ഈ വീക്ഷണ പ്രകാരം മുല്‍ജഇന് തക്്ലീഫ് ഉണ്ടെന്ന് പറയുന്നതില്‍ വിരോധമില്ല. കഴിയുന്നത്ര അയാള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് അല്ലെങ്കില്‍ മാറിനില്‍ക്കാന്‍ ശ്രമിക്കണമെന്നേ ഇതിനർഥമുള്ളൂ. അതേസമയം മുക്റഹിന് മാറിനില്‍ക്കാന്‍ സാധിക്കുമല്ലോ, പക്ഷേ, ക്ഷമിക്കണമെന്ന് മാത്രം. അതുകൊണ്ട് തക്്ലീഫ് ഉണ്ടെന്ന് ചിലര്‍ സമർഥിച്ചു. ഉസൂലുല്‍ ഫിഖ്ഹ് ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഉണ്ടെന്ന പക്ഷവും ഇല്ലെന്ന പക്ഷവും ശക്തമാണ്. എങ്ങനെയായാലും മുക്റഹ് ക്ഷമിക്കാതെ മറ്റൊരാള്‍ക്ക് ഹാനിയുണ്ടാകുന്ന കാര്യം തിരഞ്ഞെടുത്താല്‍ അദ്ദേഹത്തിന് കുറ്റമുണ്ടാവും. ഉദാഹരണത്തിന്, ഒരാളെ കൊല്ലാന്‍ നിര്‍ബന്ധിച്ചു; ഇല്ലെങ്കില്‍ ഇവനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇവിടെ ഒന്നുകില്‍ താന്‍ വധിക്കപ്പെടും. ഇല്ലെങ്കില്‍ താന്‍ മറ്റവനെ കൊല്ലണം. താനാണോ മരിക്കേണ്ടത്, അല്ലെങ്കില്‍ മറ്റവനാണോ എന്നതാണ് പ്രധാനം. മറ്റവന്റെ ജീവനെക്കാളും തന്റെ ജീവന് പ്രാധാന്യം കല്പിച്ച് മറ്റേയാളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. അതേസമയം ഇസ്‌ലാമിക കോടതിയില്‍ കൊന്നവനുള്ള ശിക്ഷ ഇദ്ദേഹത്തിന്റെ മേല്‍ വിധിക്കില്ലെന്നു മാത്രം. കാരണം ഇദ്ദേഹം മുക്റഹ് ആയിരുന്നുവല്ലോ(12). തക്്ലീഫിന്റെ മറ്റു തലങ്ങളിലേക്ക് അടുത്ത ലക്കത്തില്‍ വരാം .
അവലംബം
(1) വിശദ വായനക്ക്: തുഹ്ഫതുല്‍ മുരീദ് അലാ ജൗഹറതി തൗഹീദ്: പേജ് 66
(2) ജംഉല്‍ ജവാമിഅ്: 1/ 316-318
(3) ആരാണ് അസ്സസ്സീ എന്ന് The Income- Tax Act, 1995 ലെ സെക്ഷന്‍ 2(7) വിശദീകരിക്കുന്നു
(4) ജംഉല്‍ ജവാമിഅ്: 1/120
(5) ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ഹദീസ് നമ്പര്‍:1868
(6) ഇമാം അബൂഹനീഫ ഈ വാദക്കാരനാണെന്നു പറയപ്പെടുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരും ഹനഫീ മദ്ഹബിലെ ഏറ്റവും പ്രബല പണ്ഡിതന്മാരുമായ അബൂയൂസുഫും മുഹമ്മദും പതിനഞ്ചു വയസാണെന്ന പക്ഷത്താണുള്ളത്
(7) ഇമാം ഗസാലിയുടെ (റ) അല്‍ മുസ്തസ്ഫാ എന്ന ഗ്രന്ഥം നോക്കുക: പേജ് 67
(8) ഇക്കാലത്ത് അത്തരമാളുകള്‍ ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്; ഉണ്ടെങ്കില്‍ അവരുടെ വിധിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ന് അത്തരക്കാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏതു നബിയുടെ സന്ദേശമാണ് പിന്‍പറ്റേണ്ടത് എന്നത് വ്യക്തമാണ്. കാരണം മുഹമ്മദ് നബി (സ്വ) അന്ത്യപ്രവാചകനാണല്ലോ. മുഹമ്മദ് നബിയുടെ (സ്വ) ആഗമനത്തോടൊപ്പം മറ്റു നബിമാരുടെ ശരീഅതുകള്‍ നിഷ്പ്രഭമായിരിക്കുന്നു
(9) അധിക വായനക്ക്: തുഹ്ഫതുല്‍ മുരീദ്: 67, 68
(10) ഉറക്കം കാരണമായി എന്നും നിസ്‌കാരം ഖളാഅ് വീട്ടാമെന്ന് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. ഒരിക്കലും നിയന്ത്രിക്കാനാവാത്ത ഉറക്കമാണ് ഇവിടെ വിവക്ഷ. അത് ജീവിതത്തില്‍ ചിലപ്പോഴൊക്കെ സംഭവിക്കാനിടയുള്ളതുമാണ്
(11) അത്തക്്ലീഫ് ബില്‍ മുഹാല്‍ എന്നും പറയും. മുഹാല്‍ എന്നാല്‍ അസംഭവ്യം എന്നാണർഥം. പ്രധാനമായും രണ്ട് മുഹാലുകളാണ് ഇവിടെ ചര്‍ച്ചക്ക് വരിക. ബുദ്ധിപരമായും സാധാരണ ഗതിയിലും മുഹാലായ കാര്യങ്ങള്‍. ഉദാഹരണമായി ഒരാളോട് ഒരേ സമയം ഇരിക്കാനും നില്‍ക്കാനും പറയുക. ഇത് ഒരിക്കലും നടക്കില്ലല്ലോ. എന്നാല്‍ ബുദ്ധിപരമായി മുഹാല്‍ അല്ലാത്ത കാര്യങ്ങള്‍ സാധാരണഗതിയില്‍ മുഹാല്‍ ആയിരിക്കും. കാലുകള്‍ കുഴഞ്ഞ ഒരാളോട് നടക്കാന്‍ പറയുന്നതുപോലെ. സാധാരണഗതിയില്‍ ഇത്തരക്കാര്‍ നടക്കുന്നത് മുഹാലാണ് എന്നേ പറയാന്‍ പറ്റൂ. ഈ രണ്ട് മുഹാലുകളോടും തക്്ലീഫ് പറ്റുമെന്നാണ് ഇമാം അബുല്‍ ഹസനുല്‍ അശ്അരി, ഇമാം റാസി, ഇമാം ബൈളാവി തുടങ്ങിയവര്‍ പറഞ്ഞത്. പറ്റില്ലെന്നാണ് ഇമാം ഗസാലി, ഇബ്‌നു ദഖീഖില്‍ ഈദ് തുടങ്ങിയവര്‍ പറഞ്ഞത്. പറ്റുമെന്ന് പറഞ്ഞവര്‍ പരമാവധി ശ്രമിക്കണമെന്ന അർഥത്തിലാണ് ഇപ്പറഞ്ഞതെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തി(ജംഉല്‍ ജവാമിഅ്: 1/ 404-408).
(12) ഉസൂലുല്‍ ഫിഖ്ഹിലെ എല്ലാ പ്രബല ഗ്രന്ഥങ്ങളും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ജംഉല്‍ ജവാമിഅ്: 142-148.
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login