1836-1919 കാലയളവില്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലായി ഏതാണ്ട് അമ്പതിലധികം മാപ്പിള പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയുടെ പൊതുസ്വഭാവം അതില്‍ ഒട്ടുമിക്കതും കൊളോണിയല്‍ വിരുദ്ധവും അതോടൊപ്പം മതപ്രചോദിതവുമായിരുന്നുവെന്നതാണ്. 1852 ല്‍ തിരൂരങ്ങാടി മമ്പുറത്ത് സര്‍വാദരണീയനായ ഫസല്‍ പൂക്കോയ തങ്ങളെയും ബ്രിട്ടീഷുകാര്‍ നാടുകടത്തുകയുണ്ടായി. ഇതൊരു ഗൂഢാലോചനയുടെ ഫലമാണെന്ന് മനസ്സിലാക്കിയ മാപ്പിളമാര്‍ 1856ല്‍ അന്നത്തെ ബ്രിട്ടീഷ് മലബാറിന്റെ കലക്ടറായിരുന്ന കനോലി സായിപ്പിനെ വെട്ടിക്കൊന്നു. ഇങ്ങനെയുള്ള ഏറെ പ്രക്ഷോഭങ്ങൾ 1896 മുതല്‍ മലബാറില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ 1921 ലെ മലബാര്‍ സമരം ഒറ്റപ്പെട്ട ഒരു കലാപമായിരുന്നെന്ന് ചരിത്രം സസൂക്ഷ്മം പഠിച്ചിട്ടുള്ളവര്‍ക്ക് പറയാനും തള്ളിക്കളയാനുമാവില്ല. 1921 ലെ സംഭവ വികാസങ്ങളുടെ അധിക പശ്ചാത്തലമെന്ന് പറയാവുന്നത് ഖിലാഫത്ത് പ്രസ്ഥാനമാണ്. ഖിലാഫത് സാമ്രാജ്യത്തെ തോല്പിച്ചതിനു ശേഷം തുര്‍ക്കി സുല്‍ത്താന്റെ ഇസ്ലാമിക ലോകത്തിന്റെ “ഖലീഫ്’ എന്നുള്ള സ്ഥാനം ബ്രിട്ടീഷുകാര്‍ എടുത്തുകളഞ്ഞു. അതിനെതിരെ ഇന്ത്യന്‍ മുസ്ലിംകളുടെ ഒരു മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇത് ഇന്ത്യന്‍ മുസ്ലിം ജനസാമാന്യത്തെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലേക്ക് കൊണ്ടുവരാനുള്ള ഗാന്ധിജിയുടെ ഒരു സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഫലമായുണ്ടായതാണെന്ന് പറയാനാവും.
1920 ല്‍ വെള്ളയില്‍ കടപ്പുറത്ത് ഖിലാഫത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ മഹാത്മാഗാന്ധിയും മൗലാനാ ഷൗകത്തലിയും പങ്കെടുക്കുന്നുണ്ട്. ആ കാലത്ത് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമുഖ നേതാക്കളായിരുന്ന കെ മാധവന് നായര്‍, കെ പി കേശവമേനോന്, മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് എന്നിവര്‍ ഖിലാഫത് കമ്മിറ്റിയുടെയും നേതാക്കളായി മാറിയിരുന്നു. 1920 ഓടെ മലബാറിലെ ഗ്രാമങ്ങളൊക്കെ ഖിലാഫതിന്റെ ആവേശത്തില്‍ പെട്ടിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യദാഹവും അതോടൊപ്പം ഖിലാഫത് പ്രസ്ഥാനം മുന്നോട്ടുവെച്ച ഇന്ത്യന്‍ മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളുമെല്ലാം കൂട്ടിച്ചേര്‍ത്ത് മലബാറിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളെ വലിയതോതില്‍ ആവേശഭരിതമാക്കിയിരുന്നു. അതായിരുന്നു മലബാര്‍ സമരത്തിന്റെ സംഗൃഹീത പശ്ചാത്തലം.
1921 ല്‍ ആരംഭിച്ച പ്രക്ഷോഭത്തെ അതിനിഷ്ഠുരമായ രീതിയിലാണ് ബ്രിട്ടീഷ് ഭരണകൂടം അടിച്ചൊതുക്കിയത്. അതിനുശേഷം 25 വര്‍ഷക്കാലം ഈ “കലാപ’ത്തെക്കുറിച്ചുള്ള “നിശ്ശബ്ദത’യാണ് നാം കാണുന്നത്. “കലാപ’കാലത്തു തന്നെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ “കലാപ’ത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍, കിംവദന്തികള്‍, അപസര്‍പ്പക കഥകള്‍ തുടങ്ങിയവ വളരെക്കാലത്തോളം പ്രചരിപ്പിക്കപ്പെട്ടു. 1946 ല്‍ മലബാര്‍ സമരത്തിന്റെ 26 ാം വര്‍ഷത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെയാണ് ഈ വിഷയം വീണ്ടും പൊതുജന ശ്രദ്ധയില്‍ വരുന്നത്.
കലാപവുമായി ബന്ധപ്പെട്ട് വസ്തുതാപരമായ കാര്യങ്ങള്‍ ഔദ്യോഗികമായതും അല്ലത്തതുമായ അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ പുറത്തു വന്നിട്ടില്ല. ചരിത്രകാരന്മാരില് ഒരുപാട് പേര് പില്കാലത്ത് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തുകയും പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കുകയും മറ്റുമുണ്ടായിട്ടുണ്ട്. 1946 നു ശേഷം 1971 ലാണ് ഇത് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. അന്ന് സി അച്ച്യുതമേനോന്‍ സര്‍ക്കാര്‍ കലാപത്തെ സ്വതന്ത്ര്യസമരമായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗികമായി ഇതില്‍ പങ്കെടുത്ത ആളുകള്‍ക്കും അവരുടെ തലമുറയില്‍പെട്ടവര്‍ക്കും സ്വാതന്ത്ര്യസമര പെന്ഷന് കിട്ടിയിട്ടുമുണ്ട്.
ഇവിടെ വളരെ ഗൗരവമേറിയ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണിതിന്റെ ബ്രിട്ടീഷ് വിരുദ്ധ സമരമെന്നുള്ള തലം നഷ്ടപ്പെട്ടുപോവുകയും കര്‍ഷക കലാപമാണോ അതോ വര്‍ഗീയ ലഹളയാണോ എന്ന തലത്തില്‍ ചര്‍ച്ചകള്‍ മാറിപ്പോകുകയും ചെയ്തത്? ഇപ്പോള്‍ സമരത്തിന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായി കഴിയുമ്പോഴും ഇതൊരു വര്‍ഗീയ ലഹള ആയിരുന്നോ എന്നത് പ്രധാന ചര്‍ച്ചയാവുന്നതിനെ ഒരര്ഥത്തിലേ നോക്കിക്കാണാനാവൂ. അത് ബ്രിട്ടീഷുകാര്‍ ഇവിടെ വിട്ടിട്ടുപോയ ഭൂതത്തെ നമുക്കിപ്പോഴും ഉഛാടനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഏത് അധികാരി വര്ഗത്തിനെതിരാണോ സമരം ചെയ്തിട്ടുള്ളത്, ആ അധികാരി വര്‍ഗത്തിന്റെ തന്നെ ആവശ്യമായിരുന്നു ഇതിനെ വര്‍ഗീയ ലഹളയാക്കി മാറ്റേണ്ടത്. അത് വ്യക്തവുമാണ്.
അതേസമയം ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാതെ, ഒരു മൂര്‍ച്ചയുള്ള കത്തിപോലുമില്ലാതെ തുടര്‍ച്ചയായി പൊട്ടുന്ന തോക്കുകള്‍ക്ക് നേരേ ചാടിയവരുടെ വീര്യമെന്ന് പറയുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ടൊരു ഏടു തന്നെയാണ്. മൊയ്തുമൗലവിയെപ്പോലുള്ളവരുടെ ആത്മകഥയിലൊക്കെ പറയുന്നത് അന്നത്തെ കാലഘട്ടത്തില്‍ ഈ സമരത്തില്‍ പങ്കെടുത്തവരെ മനുഷ്യരായിപ്പോലും കണക്കാക്കാത്ത ഒരവസ്ഥയുണ്ടായിരുന്നുവെന്നാണ്. ജയിലുകളിലും പുറത്തും വളരെ ക്രൂരമായി ബ്രിട്ടീഷുകാര്‍ പെരുമാറിയിരുന്നതായുള്ള എഴുത്തുകളൊക്കെ നമുക്കിന്ന് വായിക്കാന്‍ സാധിക്കും. ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്തതാണ് സമരത്തിന്റെ ബാക്കിപത്രം. മാപ്പിളമാരെയാണ് പ്രധാനമായും ഇതില്‍ അറസ്റ്റു ചെയ്തിട്ടുള്ളതും പീഡനങ്ങള്ക്കിരയാക്കിയിട്ടുള്ളതും എന്നത് തീര്‍ത്തും വ്യക്തവുമാണ്. പിന്നെന്തര്ഥത്തിലാണ് വര്‍ഗീയ ലഹളയായി വ്യാഖ്യാനിക്കുന്നത്? ഗുജറാത്തില്‍ നടന്നതിനെ വിശേഷിപ്പിക്കും പോലെ “വംശഹത്യ’ എന്ന വാക്കല്ല, “വര്‍ഗീയ ലഹള’ എന്നു തന്നെയാണ് പ്രയോഗം.
വര്‍ഗീയ ലഹള ഏതെങ്കിലും വിഭാഗത്തിന് ഉണ്ടാക്കാന്‍ സാധിക്കുന്നതല്ല. ഇവിടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ എവിടെയാണ് സംഘർഷം നടന്നതായി തെളിവുള്ളത്? വര്‍ഗീയ ലഹളയെന്ന പ്രയോഗത്തെ നോക്കിക്കാണേണ്ടത് മുസ്ലിം മതവിഭാഗത്തോടുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ പൂര്‍വ ധാരണകളില്‍ തന്നെയാണ്. ഇത് 1970 കളില്‍ മാത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത രേഖകളിലും കോണ്ട്രാഡിനെ പോലുള്ള വ്യക്തികളുടെ പഠനങ്ങളിലും വ്യക്തമാണ്.
കോണ്ട്രാഡ്്വുഡ് (Contrad Wood) തന്റെ പഠനങ്ങളില്‍ ഉപയോഗിക്കുന്നത് മതഭ്രാന്തനായ (fanatic) മുസ്ലിമെന്ന പ്രയോഗമാണ്. ഈ നിലയ്ക്ക് സമരത്തെ മാറ്റിത്തീര്ക്കേണ്ട ആവശ്യം ഇതിനെ നേരിടേണ്ടി വരുന്ന അധികാരി വിഭാഗത്തിന്റെ താല്പര്യം മാത്രമായിരുന്നെന്ന് വ്യക്തമാണ്. പിന്നീട് കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാക്കളിൽ ചിലർ ഇതിനെ പിന്തുണക്കുകയുണ്ടായത്. മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് തന്റെ കൃതികളിലൂടെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. സമരാനന്തരം ഒരു തെറ്റും ചെയ്യാത്ത തന്നെ അറസ്റ്റു ചെയ്യുകയും ജയിലില്‍ പീഡനങ്ങളേല്പിക്കുകയും ചെയ്തതായി പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു തരത്തിലുള്ള ഇടപെടലുകളും അതില്‍ നടത്തിയിരുന്നില്ല എന്ന നിലയില്‍ വിമര്‍ശനവുമുണ്ട്. ഇവയെല്ലാം കണക്കിലെടുത്താല്‍ ഇതൊരു വര്‍ഗീയ കലാപമാണ് എന്ന അര്‍ഥത്തിലും രീതിയിലും കൊണ്ടുവരാനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നതെന്ന് പറയേണ്ടിവരും. ഇത്തരമൊരു സന്ദര്‍ഭത്തിലും നിസ്സഹകരണ സമരത്തിലായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ മലബാര്‍ കലാപത്തിന്റെ പേരില്‍ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായത്.
ഇവിടെ ഉയരുന്ന ചോദ്യം ഇത് വര്‍ഗീയ ലഹളയായിരുന്നെങ്കില്‍ എന്തിനാണ് സമരക്കാര്‍ സര്‍ക്കാര്‍ ഖജനാവ് കുത്തിപ്പൊളിക്കുന്നത്? ആമു സാഹിബിനെ പോലുള്ള ഒരാളെ കൊലപ്പെടുത്തുന്നത്? കൊള്ളപ്പലിശ വാങ്ങുന്ന ബാങ്കുകള്‍ ബലമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതുള്പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നമ്മള് ഉത്തരം കണ്ടെത്തേണ്ടിയും വരും. വേറെ തരത്തിലുള്ള നീക്കങ്ങള്‍ ഇവര്‍ക്കിടയില്‍ നിന്ന് ഉണ്ടായിട്ടില്ലേ എന്ന ചോദ്യമാണിതിന് ഉത്തരമെങ്കില്‍, അങ്ങനെ ഉണ്ടായിട്ടുള്ളവയെ പഠിച്ച് കെ എന്‍ പണിക്കരെ പോലുള്ളവര്‍ വളരെ നേരത്തെ തന്നെ വളരെ കൃത്യമായി ഉത്തരം നല്‍കിയിട്ടുമുണ്ട്. എന്തുകൊണ്ടും മാപ്പിളമാര്‍ നയിച്ച യുദ്ധത്തിന്റെ ഗതി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറുന്നതെന്ന് വളരെ കൃത്യമായി കാരണങ്ങള്‍ നിരത്തി കെ എൻ പണിക്കർ സമര്‍ഥിക്കുന്നുണ്ട്.
സമരാനുകൂലികള്‍ പ്രധാനമായും ലക്ഷ്യംവെച്ചത് ബ്രിട്ടീഷുകാരെയും അവരുടെ അനുകൂലികളായിരുന്ന ഭൂവുടമകളെയും മാത്രമായിരുന്നു. ഇതിനൊന്നും യാതൊരു തരത്തിലുള്ള ആസൂത്രണവും മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നെന്നതിന് തെളിവുകളില്ല. പല സ്ഥലങ്ങളിലും പല പല കാരണങ്ങളാലാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടത്. ആലി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരൂരങ്ങാടിയിലേക്ക് പോകുന്നത്. കടപ്പുറത്ത് കൃഷിയിറക്കാനുള്ള ജനങ്ങളുടെ അവകാശത്തിനായാണ് താത്തൂരില്‍ സമരമാരംഭിക്കുന്നത്. എന്നാല്‍ പൂക്കോട്ടൂരില്‍ സമരമാരംഭിക്കാനുള്ള കാരണം മുന്സൂചിപ്പിച്ചവയില് നിന്നെല്ലാം വ്യത്യസ്തമായിരുന്നു. അവിടെ മുഹമ്മദ് എന്ന വ്യക്തിയുടെ തോക്ക് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് “കലാപം’ ആരംഭിക്കുന്നത്. ഇത്തരത്തില്‍ ജനകീയമായ ഒരു തലം ഇതിനുണ്ടായിരുന്നെന്നുള്ളതാണ് ഇതിന്റെ സവിശേഷത.
1921ലെ സമരത്തെക്കുറിച്ച് ലഭ്യമായ ചരിത്രരേഖകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ തെളിയുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയർന്ന ജനകീയമായൊരു എതിര്‍പ്പിനെ വളരെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയതിന്റെ അനുഭവമാണ്. ബ്രിട്ടീഷുകാര്‍ ഏറെ തന്ത്രപരമായി തന്നെയാണ് ഇതിനെക്കുറിച്ചുള്ള ചരിത്രധാരണകള്‍ ഇവിടെ രൂപപ്പെടുത്തിയെടുത്തതും. “മതഭ്രാന്തനായ മുസ്ലി’മില്‍ തുടങ്ങി “വാഗണ്‍ട്രാജഡി’ വരെയുള്ള പദപ്രയോഗങ്ങളില്‍ വരെ അവരുടെ കുതന്ത്രം കാണാന്‍ കഴിയും.
വാഗണ്‍ട്രാജഡി പദപ്രയോഗം നോക്കാം. അതിന്റെ ചരിത്രം നമുക്കറിയാം. 200 ലേറെ പ്പേരെ ഒരു വാഗണിനകത്ത് കുത്തിനിറച്ച് കൊണ്ടുപോയി. അതില്‍ 56 പേരുടെ ദാരുണ മരണത്തിന് കാരണമാക്കിയ സംഭവത്തെ ലഘൂകരിച്ച് “തീവണ്ടി ദുരന്ത’ മാക്കിയിരിക്കുന്നു. ഈ ബോധപൂര്‍വ പ്രയോഗത്തിലൂടെ ആരാണ് ഇതിന് ഉത്തരവാദിയെന്നത് മറച്ചുവെക്കുകയാണ്. ഇപ്പോഴും ഇതേ വാക്കുപയോഗിച്ച് ഈ സംഭവത്തെ പറയുകയും എഴുതുകയും ഇതില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള പങ്കിനെ തമസ്കരിക്കുകയുമാണ് ചിലർ; ഏതോ ചില വിവരംകെട്ട മാപ്പിളമാര്‍ നടത്തിയ വിവരക്കേടിന്റെ ഫലം എന്ന ധ്വനിപ്പിക്കുകയുമാണ്. “കലാപം’ എന്ന ബോധപൂര്‍വ പ്രയോഗവും കൊളോണിയല്‍ ചരിത്രധാരണകളുടെ ഭൂതം നമ്മെ ഇപ്പോഴും പിടിവിടാതെ നില്‍ക്കുന്നതിന്റെ ബാക്കിപത്രം തന്നെ. അല്ലായിരുന്നെങ്കില്‍ മലബാറിലെ ജനങ്ങള്‍ മർദക ഭരണകൂടത്തിനെതിരെ നടത്തിയിട്ടുള്ള ഒരു സമരത്തെ അതേ ഭരണകൂടത്തിന്റെ ഭാഷ ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ശരിയില്ലായ്മ എന്നേ നാം മറികടക്കുമായിരുന്നു. ഇനിയെങ്കിലും ഈ സമരത്തെ “മലബാര്‍ സമരം’ എന്ന രീതിയില്‍ അക്കാദമിക തലത്തിലും പുറത്തും ഉപയോഗിക്കേണ്ടത് ചരിത്രത്തോട് നീതി പുലര്‍ത്താന്‍ തീര്‍ത്തും അനിവാര്യമാണ്. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഈ വലിയ ജനമുന്നേറ്റം നമ്മുടെ പ്രദേശത്തെ വിദേശ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉൽക്കടമായ ആഗ്രരരഹത്തെ ധ്വനിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു ജനകീയ പങ്കാളിത്തം അവിടെ ഉരുത്തിരിഞ്ഞു വന്നതിന് കാരണങ്ങൾ പലതാണ്. ഇരുപതാം നൂറ്റാണ്ടില്‍ മലബാര്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ദയനീയമായ ജീവിതാവസ്ഥ പ്രത്യേക പരാമർശമർഹിക്കുന്നു. അതിന് കാരണക്കാരായവരെക്കുറിച്ചും അതില്‍ നിന്നുള്ള മോചനമാര്‍ഗം സമരം മാത്രമെന്ന തരത്തിലുള്ള ചിന്തകളും വളരെ വ്യാപകമായ രീതിയില്‍ പ്രചരിച്ചതോടുകൂടിയാണ് “1921′ സംഭവിക്കുന്നത്.
രാഷ്ട്രീയമായി ബോധവത്കരിക്കപ്പെട്ട മാപ്പിളമാര്‍ അവരുടെ ദുരിതാവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിന് രാഷ്ട്രീയ പ്രവര്ത്തനമെന്നുള്ള നിലയിലാണ് പൊതുസമരരംഗത്തിറങ്ങുന്നത്. അതിന് പ്രാദേശിക-ദേശീയ-ആഗോള മാനങ്ങളുണ്ടായിരുന്നു. അതായത്, സാധാരണക്കാരന് ഒരു ഭരണകൂടത്തെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നുള്ള റഷ്യന്‍ വിപ്ലവത്തിന്റെ പ്രയോഗികാനുഭവങ്ങള്‍ തന്നെ. 1921 ലെ മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ടിലും നടന്നിട്ടുള്ള സമരങ്ങളെയെല്ലാം ചരിത്ര കുതുകികള്‍ നോക്കിക്കണ്ടിട്ടുള്ളത് അവര്‍ ജീവിക്കുന്ന, കാലൂന്നി നില്ക്കുന്ന കാലഘട്ടത്തിന്റെ പരിതസ്ഥിതികളില്‍ നിന്നുകൊണ്ടാണ്.
റോബര്‍ട്ട് കോട്ടായി
You must be logged in to post a comment Login