സഞ്ചാരപ്രിയനും ചികിത്സകനും പ്രവാസിയുമായ ഒരാളുടെ അനുഭവ പുസ്തകമെന്ന കൗതുകത്തോടെയാണ് “മലകളുടെ മൗനം’ കൈയിലെടുത്തത്. ഒറ്റയിരിപ്പില്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ആ കൗതുകം വിസ്മയമായി. ദൈവാനുരാഗം കൊണ്ട് ശുശ്രൂഷിക്കപ്പെട്ട ആത്മാവ് ഭാഷയില്‍ തൊട്ടുവരച്ച സുന്ദര ചിത്രങ്ങള്‍ എന്ന് ഈ ഓർമപുസ്തകത്തെ വിശേഷിപ്പിക്കട്ടെ. വായിച്ചുകഴിയുമ്പോള്‍ ആ ദിവ്യപ്രണയത്തിന്റെ സുഗന്ധത്താല്‍ നമ്മുടെ മനസ്സും ലേപനം ചെയ്യപ്പെടുമെന്നതിനു തര്‍ക്കമില്ല. കാരുണ്യത്തിന്റെ ഉറവയില്‍ മനസ്സ് തണുക്കും.
ചികിത്സകനല്ലായിരുന്നെങ്കില്‍ എഴുത്തുകാരനോ ഭാഷാദ്ധ്യാപകനോ ആയിത്തീരുമായിരുന്ന ഒരാളിന്റെ സർഗജീവിതം ഓരോ വരിയിലും ത്രസിക്കുന്നുണ്ട്. “നിശിതമായ ധൈഷണിക അന്വേഷണത്തിന്റെ കനലുകള്‍ കാല്പനിക സൗന്ദര്യമുള്ള ഭാഷയില്‍ പൊതിഞ്ഞുവച്ച കൃതി’യെന്ന് അസദിന്റെ “മക്കയിലേക്കുള്ള പാത’യെ ലേഖകന്‍ വിശേഷിപ്പിക്കുന്നുണ്ട്. ആ ലോകോത്തര കൃതി വായിച്ച വെളിച്ചത്തിലിരുന്നാവണം ജഅഫര്‍ എന്ന എഴുത്തുകാരന്‍ “മലകളുടെ മൗനം’ എഴുതിയത് എന്നു കരുതാനാണ് എനിക്കിഷ്ടം. തീയില്‍ കാച്ചി പരുവപ്പെടുത്തിയ ആത്മവിശുദ്ധിയുടെ സാന്നിധ്യവും അതു പകരാന്‍ പട്ടിന്റെ മാര്‍ദ്ദവമുള്ള ഭാഷയും ഈ എഴുത്തുകാരനെ അനുഗ്രഹിച്ചിരിക്കുന്നു.
അമ്പത് അനുഭവക്കുറിപ്പുകളുടെ സമ്പുടമാണീ പുസ്തകം. രണ്ടോ മൂന്നോ താളില്‍ അവസാനിക്കുന്ന കവിതപോലുള്ള കുറിപ്പുകളാണവ. ഓരോ കുറിപ്പും ഓരോ യാത്രകള്‍. ഓരോ യാത്രയും ഓരോ തീര്‍ത്ഥാടനങ്ങള്‍. അതില്‍ ദൈവവും മനുഷ്യനും സംഗമിക്കുന്ന കാരുണ്യത്തിന്റെ ഉർവരത.
ഭിഷഗ്വരന്റെ തിരക്കുള്ള ജീവിതത്തിനിടയില്‍ എഴുത്തുകാരന് എങ്ങനെയാണ് ഈ മട്ടില്‍ യാത്രയുടെ തോഴനാകാന്‍ കഴിയുന്നത് എന്നു നാം ആശ്ചര്യപ്പെടും. ആ യാത്രയ്ക്ക് ഒരു പൊതു സ്വഭാവമുണ്ട്. എല്ലാവരും സന്ദര്‍ശിക്കുന്ന മനോഹരനഗരങ്ങളല്ല, ചരിത്രം അഗാധമാക്കിയ, സവിശേഷതയുള്ള പ്രദേശങ്ങള്‍ ആണ് ജഅഫറിന്റെ എഴുത്തില്‍ വരുന്നത്. ആന്റലൂഷ്യന്‍ ചരിത്രത്തെ അടക്കംചെയ്ത കൊര്‍ദാവോ, ഇടയന്മാരായ മസായികള്‍ ഗോത്രജീവിതം നയിക്കുന്ന കിളിമഞ്ജാരോ മലനിരകള്‍, കസാന്ദ്‌സാക്കീസ് യൗവ്വനം ചെലവിട്ട ഗ്രീസിലെ എഥോസ്- മെറ്റിയോറ കുന്നിന്‍നിരകള്‍, അല്‍-മുസ്തഫ അന്ത്യ പ്രഭാഷണം നിര്‍വഹിച്ച അറഫ, മാല്‍ക്കം എക്‌സിനെ അടക്കം ചെയ്ത ന്യൂയോര്‍ക്കിലെ ഫേണ്‍ ക്ലിഫ് ശ്മശാനം, ഫാഷിസത്തിന്റെ മരണയന്ത്രങ്ങള്‍ മനുഷ്യരെ കശാപ്പുചെയ്തതിന്റെ ഓർമ പേറുന്ന പോളണ്ടിലെ ഓഷ്്വിറ്റ്‌സ്. എന്നിങ്ങനെ ചരിത്രം ഘനീഭവിച്ചു നില്ക്കുന്ന ഇടങ്ങളാണ് ജഅഫറിന്റെ യാത്രകളെ സാന്ദ്രമാക്കുന്നത്. താന്‍ ചികിത്സിക്കുകയോ തന്നോടൊപ്പം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരുടെ ജീവിതത്തിലൂടെ വെളിപ്പെട്ടുകിട്ടുന്ന മറ്റൊരു ലോകവും ഈ ദേശമെഴുത്തില്‍ സജീവമായി വരുന്നുണ്ട്. വേരുകള്‍ എന്ന രൂപകത്തിലൂടെ പിറന്ന മണ്ണിനോടും ജനിതക സത്തയോടും അതിനുള്ള ജൈവികബന്ധവും ഒപ്പം ആലേഖനം ചെയ്യപ്പെടുന്നു.
ഏകമാനവികതയാണ് ഈ കൃതിയില്‍ പ്രകാശിതമാകുന്ന മതദര്‍ശനത്തിന്റെ സ്വച്ഛതയും വിശുദ്ധിയും ലക്ഷ്യംവെയ്ക്കുന്നത്. കാലാനുസാരം വന്നുചേര്‍ന്ന അപഭ്രംശങ്ങളും പൗരോഹിത്യവും ഇടുക്കം സൃഷ്ടിച്ച മതമല്ല ഗ്രന്ഥകാരന്‍ വിഭാവനചെയ്യുന്നത്. നദിയെ അതിന്റെ ഉറവയെ മുന്‍നിര്‍ത്തി നിർവചിക്കുന്നതുപോലെ മതത്തിലെ ആദിനന്മകളെയും പ്രവാചക പാരമ്പര്യത്തെയും മുന്‍നിര്‍ത്തി വിശാലമായ ഒരു ദൈവികദര്‍ശനം ഈ കൃതി അന്വേഷിക്കുന്നു. സൂഫികളിലും അസദിലും കാരന്‍ ആംസ്‌ട്രോങ്ങിലും മറ്റും ദൃശ്യമായ അതിന്റെ ദാര്‍ശനിക – സൗന്ദര്യശാസ്ത്ര വിടര്‍ച്ചകളും തിരയുന്നു. കസാന്ദ്‌സാക്കീസ്, ടോള്‍സ്റ്റോയ്, ദസ്തയെവ്‌സ്‌കി തുടങ്ങിയവരുടെ ജീവിതവും ദര്‍ശനവും ഒപ്പം ചേര്‍ത്തുവെച്ച് ഏകമാനവികതയിലേക്ക് ആ വിചാരത്തെ ഇണക്കുന്നു. അതിരറ്റ കരുണയെ അത് വാഗ്ദാനം ചെയ്യുന്നു. പ്രണയഭാവത്തെ അതിനു ചാന്തായി ചേര്‍ക്കുകയും ചെയ്യുന്നു. മലകളുടെ മൗനത്തെ ഏകാന്തതയായി അനുഭവിക്കുന്ന മിസ്റ്റിക് ഭാവമാണ് അതിന്റെ ആന്തരശ്രുതി.
വിശ്വാസിയായ മനുഷ്യന്‍ വീണ്ടെടുക്കേണ്ട ആത്മാഭിമാനത്തെ, മാല്‍ക്കം എക്‌സിന്റെ ജീവിതകഥയിലൂടെ പറയുമ്പോള്‍ എഴുത്തുകാരന്‍ മുന്നോട്ടുവയ്ക്കുന്ന ആത്മീയതയുടെ രാഷ്ട്രീയം വ്യക്തമാകും. യഹൂദരുടെ, ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി തന്റെ നിലപാടിനെ സമകാലീന അവസ്ഥയുമായി ചേര്‍ത്തുവയ്ക്കുന്നുണ്ട് അദ്ദേഹം. ഒപ്പം ആഫ്രിക്കയുടെ രത്‌നഗര്‍ഭങ്ങളെ കൊള്ളയടിച്ച് അവര്‍ക്ക് തീരാദുരിതം പകരം നല്കുന്ന അധിനിവേശത്തിന്റെ വിമര്‍ശനവും ഗ്രന്ഥകാരന്‍ വരികള്‍ക്കിടയില്‍ നിർവഹിക്കുന്നുണ്ട്.
“ദൈവം സുന്ദരനാണ്.അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു’ എന്ന പ്രവാചകവചനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഒരു സൗന്ദര്യ ദര്‍ശനം ചിന്തയിലും ഭാഷയിലും ഒരുപോലെ നിലനിര്‍ത്താന്‍ രചയിതാവിന് കഴിഞ്ഞിരിക്കുന്നു.
“ആത്മീയത പോലെ അനുഭവിച്ചറിയേണ്ടതാണ് സൗന്ദര്യവും കലാചാരുതയും ‘ എന്ന് നടി മുംതാസിന്റെ ശവകുടീരത്തില്‍ എല്ലാ വര്‍ഷവും പൂക്കളര്‍പ്പിക്കാന്‍ ജുഹുവിലെത്തുന്ന പൂർവ കാമുകന്റെ കഥ പറയുന്നിടത്ത് ലേഖകന്‍ പറഞ്ഞുവെക്കുന്നുണ്ട്.
ഒരു കാര്യം കൂടി സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഈ കൃതിയില്‍ പിന്തുടരുന്ന ആഖ്യാനത്തിന്റെ അഴകിനെ കുറിച്ചാണത്. ഫ്രെഷ്‌നസ് അനുഭവപ്പെടുന്ന കുഞ്ഞുകുഞ്ഞു വാക്യങ്ങളിലാണ് ഈ കൃതി എഴുതപ്പെട്ടിട്ടുള്ളത്. മലയാള ഭാഷയുടെ സൗന്ദര്യം ഒരു കവിതയിലെന്നപോലെ അതിനു കൈവന്നിരിക്കുന്നു. അധ്യായ ശീര്‍ഷകം തൊട്ട് ആ വാക്ചന്തം കാണാം. കാല്പനികഭംഗി അതിന് അലുക്ക് ചാര്‍ത്തുകയും ചെയ്യുന്നു. ഈ കൃതി രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുന്നതില്‍ അത്ഭുതമില്ല. അനേകായിരം വായനക്കാര്‍ പിറകേ വരുന്നുണ്ട്. കരുണയുടെ മഷികൊണ്ട് പ്രണയസമേതം എഴുതപ്പെട്ട പുസ്തകത്തിന്റെ അര്‍ഹതയാണത്.
വീരാന്‍കുട്ടി
You must be logged in to post a comment Login