ഇതാണ് മനുഷ്യന് മുന്നിലുള്ള ചോദ്യം

ഇതാണ് മനുഷ്യന്  മുന്നിലുള്ള ചോദ്യം

ആരാണ് മനുഷ്യന്‍? ജീവശാസ്ത്രപരമായി അവനൊരു മൃഗമാണ്; തികച്ചും നിസ്സാരന്‍. ശ്വാനന്റെയോ എന്തിന് ഒരു കൊച്ചു ഉറുമ്പിന്റെ അത്രയോ ഘ്രാണശക്തിയില്ല. ആനയുടെ തടിമിടുക്കോ തന്റെ ശരീരഭാരത്തെക്കാള്‍ ഇരട്ടിയിലധികം ഘനമുള്ള ഇരയുമായി മരത്തിനു മുകളിലേക്ക് കുതിച്ചുപായുന്ന പുലിയുടെ ശക്തിയോ ഇല്ല. ചിലന്തിവല നെയ്യാനോ തേനറ നിര്‍മിക്കാനോ മനുഷ്യർക്കുമാകില്ല. എന്നാലും മനുഷ്യനാണ് സൃഷ്ടികളില്‍ ശ്രേഷ്ഠര്‍. ലോകം നിയന്ത്രിക്കുന്നത്. എന്നല്ല, ഈ ലോകം തന്നെ അവനുള്ളതാണ്. വിശുദ്ധ ഖുര്‍ആന്റെ ആശയത്തിൽ പറഞ്ഞാല്‍- ഭൂമിയിലുള്ളത് മുഴുവനും അല്ലാഹു നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു(2:29). എന്നുമാത്രമല്ല, അവന്റെ വിധിവിലക്കുകള്‍ ഏറ്റെടുത്ത് (ഖുര്‍ആന്‍ 33: 7) ഭൂമിയില്‍ സ്രഷ്ടാവിന്റെ പ്രതിനിധികളായവരാണ് മനുഷ്യര്‍(2: 30). കായികമായും ശാരീരികമായും ദുര്‍ബലരായിട്ടും ലോകത്തെ അടക്കിവാഴാനും ഉന്നത സൃഷ്ടികളായിത്തീരാനും മനുഷ്യര്‍ക്ക് സാധിക്കുന്നതെങ്ങനെയെന്ന ചിന്ത പ്രസക്തമാണ്.

ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സംയുക്തമാണ് മനുഷ്യന്‍. ഇതില്‍ തന്നെ ശരീരത്തെക്കാള്‍ മറ്റുള്ളവയ്ക്കാണ് പ്രാധാന്യം. കുറഞ്ഞ ചെലവില്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന വസ്തുക്കളേ നമ്മുടെ ശരീരത്തിലുള്ളൂ. വ്യവച്ഛേദിച്ചുവിലയിരുത്തിയാല്‍ അതിങ്ങനെ വരും:
ഓക്‌സിജന്‍(O)- 65.0%, കാര്‍ബണ്‍(C) 18.5%, ഹൈഡ്രജന്‍ (H) 9.5%, നൈട്രജന്‍(N) 3.2%, കാത്സ്യം(Ca) 1.5%, ഫോസ്ഫറസ് (P) 1.0%, പൊട്ടാസ്യം(K) 0.4%, സള്‍ഫര്‍(S) 0.3%, സോഡിയം(Na) 0.2%, ക്ലോറിന്‍(Cl) 0.2%, മഗ്‌നീഷ്യം(Mg) 0.1%, പിന്നെ കോപ്പറും സിങ്കും അയഡിനുമടക്കം പതിനാല് രാസവസ്തുക്കള്‍ ഒരു ശതമാനത്തെക്കാള്‍ കുറഞ്ഞ അളവിലും!

കണക്കെടുത്താൽ മനുഷ്യശരീരത്തിന് മൊത്തം ആയിരം രൂപ വരില്ല വിപണി മൂല്യം. ഇവയത്രയും ഏറ്റവ്യത്യാസത്തോടെ മണ്ണിലും കണ്ടുവരുന്നുണ്ട്. ഡോ. സി എന്‍ പരമേശ്വരന്‍ എഴുതി: “മണ്ണില്‍ കാണുന്ന രാസമൂലകങ്ങളെ കൊണ്ടൊക്കെ തന്നെയാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മണ്ണില്‍ കാണാത്ത ഒരൊറ്റ മൂലകവും മനുഷ്യശരീരത്തില്‍ കാണില്ല. എന്നാല്‍ മണ്ണിലുള്ള എല്ലാ മൂലകങ്ങളും ശരീരത്തില്‍ കണ്ടെന്നുവരില്ല. ഏകദേശം ഇരുപത് മൂലകങ്ങള്‍ കൊണ്ടാണ് ശരീരം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശരീരത്തില്‍ ഏറ്റവും അധികമുള്ളത് വെള്ളമാണ്. 50-60 ശതമാനത്തോളം. നാം ജനിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റെ 85 ശതമാനവും രക്തത്തിന്റെ 80 ശതമാനവും വെള്ളമാണ്'(മനുഷ്യശരീരം മഹാത്ഭുതം പേ. 9). ശരീരത്തിനു വലിയ മൂല്യമില്ലെന്നർഥം. എന്നിട്ടും നാം ലോകത്തിന്റെ അധിപരാകുന്നതെന്തുകൊണ്ടാണ്? അല്ലാഹു നമുക്ക് നല്‍കിയ ബുദ്ധിശക്തിയും വിവേകവും ചിന്താശേഷിയുമാണ് ഇതരരില്‍നിന്ന് മനുഷ്യര്‍ക്കുള്ള വലിയ പ്രത്യേകത. അതുകൊണ്ടാണ് അവന്‍ ലോകം കീഴടക്കിയത്. പക്ഷികളെപ്പോലെ പറക്കാന്‍ ശാരീരികമായി സാധ്യമല്ലാതിരിക്കെ, അവരെക്കാള്‍ വേഗതയിലും സുഗമമായും പറക്കാന്‍ അവനായത് ഈയൊരു സവിശേഷതകൊണ്ടാണ്! മത്സ്യത്തെക്കാള്‍ നന്നായി നീന്താനും ആനക്ക് ചെയ്യാനാവാത്ത കഠിന പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നതുമൊക്കെ അഥവാ അതിനുപയുക്തമായ സംവിധാനങ്ങളും യന്ത്രങ്ങളുമൊരുക്കാന്‍ മനുഷ്യര്‍ക്കായത് ഈ സവിശേഷ ബുദ്ധികൊണ്ടാണ്. ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്താന്‍ കഴിയും വിധത്തിലാണ് അവന്റെ ശരീര സൃഷ്ടിപ്പുതന്നെയും. മനുഷ്യനോട് ഏറ്റവുമധികം അടുത്ത് നില്‍ക്കുന്ന മൃഗമായ ആള്‍ക്കുരങ്ങില്‍നിന്ന് ശരീര ഘടനാപരമായി മനുഷ്യനുള്ള അന്തരങ്ങളെന്തെല്ലാമാണെന്ന് നോക്കാം. നീണ്ടുനിവര്‍ന്നുള്ള ശരീരഘടനയും രണ്ടുകാലില്‍ സഞ്ചരിക്കാനുള്ള കഴിവുമാണ് ഏറ്റവും പ്രകടമായിട്ടുള്ളത്. കാലില്‍ നടക്കാനായതോടെ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യപുരോഗതിക്ക് കളമൊരുക്കിയത്. ആള്‍കുരങ്ങുകളിലും മറ്റു പ്രൈമേറ്റുകളിലും കൈകള്‍ കാലുകളെക്കാള്‍ നീളം കൂടിയവയാണ്. മനുഷ്യനില്‍ കാലുകള്‍ക്കാണ് നീളം. നിവര്‍ന്ന് നടക്കുന്നതിനനുയോജ്യമായ പല ഘടനാപരമായ വ്യതിയാനങ്ങളും മനുഷ്യന്റെ ഇടുപ്പെല്ലുകളില്‍ കാണാം. പാദം ഒരു ആര്‍ച്ചുപോലെ വളഞ്ഞിരിക്കുന്നത് വലിയ ശരീരത്തെ രണ്ടു കാലുകളില്‍ താങ്ങി നിര്‍ത്താനും നടക്കാനും സഹായിക്കുന്നു. നട്ടെല്ലില്‍ തല ഉറപ്പിച്ചിരിക്കുന്നത് നിവര്‍ന്നു നില്‍ക്കുമ്പോള്‍ നേരെ മുന്നോട്ടു കാണാന്‍ കഴിയും വിധമാണ്. മറ്റു സസ്തനികളില്‍നിന്നെല്ലാം വ്യത്യസ്തമായ മനുഷ്യന്റെ മറ്റൊരു സവിശേഷത, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ വലിയ രോമമുള്ളൂ എന്നതാണ്(കെ വേണു; പ്രപഞ്ചവും മനുഷ്യനും- സംഗ്രഹം). മനുഷ്യന്റെ പ്രത്യേകമായ ബുദ്ധിയും വിവേകവും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമാണ് അവന്റെ ശരീരഘടനയെന്നു സാരം. ഇതിലുപരി വികസിത രൂപത്തിലുള്ള തലച്ചോര്‍- സ്വാഭാവികമായും അതിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളും- ഇതര ജന്തുജാലങ്ങളില്‍ നിന്നു മനുഷ്യരെ ഏറെ വ്യത്യസ്തരാക്കുന്നു. കെ വി മാത്യുവിന്റെ വാക്കുകള്‍: മനുഷ്യന്‍ അഗാധമായ ബുദ്ധിശക്തിയും അത്യന്താധുനികമായ വിജ്ഞാനവും കോര്‍ത്തിണക്കി മറ്റു ഗ്രഹങ്ങള്‍ വരെ കൈയടക്കുവാന്‍ ശ്രമിക്കുമ്പോള്‍, ചിമ്പാന്‍സികള്‍ ഉറുമ്പിന്റെ കൂട്ടില്‍ ചെറിയ മരച്ചില്ലകള്‍ ഇട്ട് ഉറുമ്പുകളെ പിടിച്ച് ഭക്ഷിക്കുന്ന ബുദ്ധിയേ പ്രകടിപ്പിക്കുന്നുള്ളൂ. മസ്തിഷ്‌കത്തിലുള്ള ഘടനാവ്യത്യാസമാണിതിനു കാരണം (മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍- പുറം 19).

ആധുനിക മനുഷ്യന്റെ എല്ലാവിധ യുക്തി ചിന്തക്കും മേധാ ശക്തിക്കും നിദാനം തലച്ചോറിലെ സെറിബ്രത്തിന്റെ കോര്‍ട്ടെക്‌സ് എന്ന ഭാഗമാണ്. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യന്റെ കോര്‍ട്ടക്‌സിന് വിസ്തീര്‍ണം വളരെ കൂടുതലാണ്. മനുഷ്യനില്‍ അത് 2200 ച. മി. മീറ്റര്‍ ഉണ്ടെങ്കില്‍ ചിമ്പാന്‍സിയില്‍ 500ഉം എലികളില്‍ (മനുഷ്യ ശരീരത്തോളം വലുതാക്കിയാല്‍) 180ഉം ആണ് (അതേപുസ്തകം പേ. 24). “1000 ടെറാബൈറ്റ്‌സ്(Terabytes) മെമ്മറിയും ഇരുപത് മില്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്, പല റൂമുകളിലായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഒന്നായ നാസയുടെ Advanced Super Computer Facilityക്ക്. ഇതിനുപോലു വെറും ഒന്നര കിലോഗ്രാം തൂക്കം വരുന്ന നമ്മുടെ മസ്തിഷ്‌കത്തിന്റെയത്ര കഴിവും കാര്യക്ഷമതയുമില്ല(അതേ പുസ്തകം: 16). ഇങ്ങനെയൊക്കെയാണ് തലച്ചോറിന്റെ കാര്യം. ഏറെയൊന്നും വ്യത്യസ്തമല്ലാത്ത വിധം സങ്കീര്‍ണമാണ് മനുഷ്യന്റെ കണ്ണ്, കാത്, മൂക്ക് പോലുള്ളവയുടെ സൃഷ്ടിപ്പും. മറ്റു ജീവികള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഇവയ്‌ക്കൊക്കെയുണ്ട്. ”നാവില്‍ ഇത്രയധികം കുഞ്ഞു മാംസ പേശികളും അവയുടെ അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ക്കായി അനേകായിരം നാഡീ തന്തുക്കളും അവയെ നിയന്ത്രിക്കാന്‍ അത്യന്തം പ്രവര്‍ത്തന ക്ഷമമായ ഒരു മസ്തിഷ്‌കവും ഇല്ലായിരുന്നെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളെപ്പോലെ നിരർഥകങ്ങളായ കുറേ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനേ സാധിക്കുമായിരുന്നുള്ളൂ (മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ – പു: 66). കിഡ്‌നി, പ്ലീഹ, ഹൃദയം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളും അത്ഭുതങ്ങളുടെ കലവറയാണ്. “”മനുഷ്യശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കില്‍ അതിന് നാലു സ്‌ക്വയര്‍ മൈലുകള്‍ ഭൂമി വേണം. നൂറു സ്‌ക്വയര്‍ മൈലുകള്‍ വരെയെത്തുന്ന ശബ്ദ ശല്യം അതുണ്ടാക്കും'(പി എന്‍ ദാസ്; വ്യാധിയും സമാധിയും). നാലു മൈല്‍ സമചതുരത്തിലുള്ള ഒരു വ്യവസായ സംരംഭം ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ശബ്ദശല്യം എത്ര ഭീകരമായിരിക്കും. അതിനോളം വരുന്ന അനേകായിരം മനുഷ്യ ശരീരങ്ങള്‍ നിരന്തരം ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടും ഒരു നേരിയ ശബ്ദം പോലും പുറത്തുവരാതിരിക്കുന്നത് അത്ഭുതമല്ലേ?
ബുദ്ധിയിലും ശക്തിയിലും ശരീര സംവിധാനങ്ങളിലും, ഇതര ജീവികളില്‍നിന്ന് അനേക കാതം മുന്നോട്ടുനില്‍ക്കുന്ന മനുഷ്യനും ചിന്താശേഷിയില്ലാത്ത, ഒരു പുരോഗതിയും ഉണ്ടാക്കാനാവാത്ത മൃഗങ്ങളും തുല്യമാവില്ലെന്നുറപ്പ്; രണ്ടു കൂട്ടരുടെയും ജീവിതലക്ഷ്യങ്ങള്‍ തികച്ചും വ്യത്യസ്തമാവുകയും ചെയ്യും. ഭക്ഷണം കഴിക്കുക, ഉറങ്ങുക, വംശനിലനില്‍പ്പിനായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക- എന്നീ കാര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ് മനുഷ്യേതര ജന്തുക്കളുടെ ജീവിതം. ഇതില്‍തന്നെ കാര്യക്ഷമമായ വലിയ പുരോഗതി കണ്ടെത്താനോ വികസിപ്പിക്കാനോ അവര്‍ക്ക് സാധിച്ചിട്ടില്ല; വീടുനിര്‍മാണത്തിലോ ശിശു പരിപാലനത്തിലോ മറ്റെന്തെങ്കിലും പ്രവൃത്തികളിലോ ഒരു വിധത്തിലുള്ള മാറ്റവും അവരുണ്ടാക്കിയിട്ടുമില്ല. എല്ലാം നൈസര്‍ഗികമായ ചോദനകള്‍ക്കനുസരിച്ച് നടന്നുപോവുന്നു. അത്രതന്നെ. ഏറെ സങ്കീര്‍ണമായ തേനറ നിര്‍മിക്കുന്ന തേനീച്ചക്ക് പക്ഷേ, അതിലേറെ ലളിതമായ കുഴിയാനയുടെ കുഴി നിര്‍മിക്കാന്‍ കഴിയില്ല; ചിലന്തിയുടെ വല നെയ്യാനും ഉറുമ്പിന്റെ പുറ്റ് നിര്‍മിക്കാനും അതിനു സാധ്യമല്ല. മറ്റുള്ള എല്ലാ ജീവികളും ഇങ്ങനെയൊക്കെ തന്നെയാണ്. നിങ്ങളുടെ രക്ഷിതാവ് ആരാണെന്ന് ഫറോവ ചോദിച്ചപ്പോള്‍, മൂസാ(അ) നല്‍കിയ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നതിങ്ങനെ: “എല്ലാ വസ്തുക്കള്‍ക്കും അതിന്റെതായ സൃഷ്ടിപ്പു നല്‍കുകയും പിന്നീടവയ്ക്ക് വഴികാട്ടുകയും ചെയ്യുന്നവനാണ് ഞങ്ങളുടെ രക്ഷിതാവ്'(ഖുര്‍ആന്‍ 20/ 49, 50). ഈ നൈസര്‍ഗിക പ്രേരണകള്‍ക്കൊത്ത് ജീവിക്കല്‍ അനിവാര്യമാകയാലും ഇതിനപ്പുറമൊന്ന് കണ്ടെത്തി ഇതിനെ അവഗണിക്കാനും മറ്റൊരു ബദല്‍ രൂപീകരിക്കാനും സാധ്യമല്ലാത്തതിനാലും ബുദ്ധിശക്തി ഉപയോഗിച്ച് നൈസര്‍ഗിക പ്രേരണകള്‍ക്കപ്പുറം മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ മനുഷ്യേതര ജീവികള്‍ക്ക് സാധ്യമല്ല. സമൂഹത്തില്‍ പുതിയ വിപ്ലവങ്ങളുണ്ടാക്കലും പുരോഗതി സൃഷ്ടിക്കലും മൃഗങ്ങളുടെയും മറ്റു ജീവികളുടെയും രീതിയല്ലെന്നു മാത്രമല്ല; അവക്കതിനു സാധ്യമേ അല്ല. നൈസര്‍ഗികമായ ജീവിതക്രമത്തില്‍നിന്ന് മാറി നടക്കാനാവാത്തതുകൊണ്ടാണ് മാംസഭുക്കുകള്‍ക്ക് സസ്യഭോജികളാവാന്‍ കഴിയാത്തത്. ഒരു സസ്യഭുക്കും നിലനില്‍പ്പിന്റെ ആവശ്യാർഥം മാംസം ഭക്ഷണമാക്കാതിരിക്കുന്നതും. ആയുസ് തീരുന്നതുവരെ ജീവിക്കുക- അതുമാത്രമാണ് മനുഷ്യേതര ജീവികളുടെ ലക്ഷ്യം.

ലൈംഗികവൃത്തിയുടെ ആധിക്യം കൊണ്ട് ഏറെ പേരുകേട്ട ജീവിയാണ് ആണ്‍കോഴി. എന്നിട്ടും, സെക്‌സിനു പാകമാകാത്ത ഒരു കോഴിക്കുട്ടിയെ അത് ലൈംഗികമായി ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ വസന്ത ബാധിച്ച് തളര്‍ന്ന് കിടക്കുന്ന ഒരു കോഴിയെ? ഒരിക്കലുമില്ല. എന്നാല്‍, നാടോടി സ്ത്രീയോടൊപ്പം കിടന്നുറങ്ങിയ രണ്ടുവയസ്സ് തികയാത്ത കുട്ടിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആള്‍ കേരളത്തില്‍ തന്നെയുണ്ട്. നൂറു വയസ് കഴിഞ്ഞ രോഗിയും അവശയുമായ വൃദ്ധയെ ബലപ്രയോഗത്തിലൂടെ സെക്‌സ് നടത്തി ഡല്‍ഹിക്കാരനും 75 വയസ്സായ സ്ത്രീയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് മോഹം തീര്‍ത്ത തമിഴ്‌നാട്ടുകാരനും വാര്‍ത്തയായിരുന്നു! ഏറെ ശക്തിയുണ്ടായിട്ടും ഭക്ഷണാവശ്യത്തിനല്ലാതെ സിംഹമോ പുലിയോ ചെറു ജീവികളെ പിടിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല; ഒരു കടുവയും കണ്ണില്‍ തടഞ്ഞ മൃഗങ്ങളെ മുഴുവന്‍ അക്രമിച്ച് അത് ആസ്വദിക്കുകയില്ല; നൈസര്‍ഗിക ചോദനകള്‍ക്കപ്പുറം പ്രവര്‍ത്തിക്കാനാവാത്തതാണിതിനു കാരണം. മനുഷ്യന്‍ ഇവിടെയും വ്യത്യസ്തനാണ്.

യൂഗോസ്‌ലോവാക്യന്‍ യുദ്ധ ഭ്രാന്തന്‍ പോള്‍പ്രോട്ട്, തന്റെ കമ്യൂണിസ്റ്റ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ 35 ലക്ഷത്തിലധികം മനുഷ്യരെയാണ് ചുട്ടുകൊന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും 1945 ഓഗസ്റ്റ് 6, 9 എന്നീ ദിവസങ്ങളില്‍ അമേരിക്ക അണുബോംബ് പൊട്ടിച്ച് കൊന്നുകളഞ്ഞത് 226000ലധികം ആളുകളെയായിരുന്നു. കോടിക്കണക്കിനാളുകളെ കൊന്ന് യുദ്ധ വിജയത്തില്‍ ആര്‍മാദിച്ചവര്‍ നിരവധി ഇനിയുമുണ്ട്. കളവ്, വഞ്ചന, ചതി, അക്രമം, തട്ടിക്കൊണ്ടുപോവല്‍, പീഡിപ്പിക്കല്‍, സാമ്പത്തിക അതിക്രമങ്ങള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത അധര്‍മങ്ങള്‍ മനുഷ്യനു ചെയ്യാനാവും: അവയില്‍ എത്രമേല്‍ പുതുമയും സംവിധാനങ്ങളും കൊണ്ടുവരാനാകുമോ എന്നതിലാണ് അവന്റെ ഗവേഷണങ്ങള്‍ തന്നെയും! ബുദ്ധിശക്തിയും ചിന്താശേഷിയും ദുരുപയോഗം ചെയ്യാനുള്ള സാധ്യത മനുഷ്യജീവിതത്തില്‍ കൂടുതലായതുകൊണ്ടും അങ്ങനെ മറ്റു ജനങ്ങളും ലോകം തന്നെയും ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നതിനാലും അവര്‍ക്ക് മാത്രം ജീവിതത്തിനു ചില നിയന്ത്രണങ്ങള്‍ ആവശ്യമായി; അതു ശീലിപ്പിക്കാന്‍ നിയമങ്ങളും നീതിന്യായ വ്യവസ്ഥയും കോടതിയും പട്ടാളവും പൊലീസും വേണ്ടിവന്നു. ശരിതെറ്റുകള്‍ തിരിച്ചറിയാനോ ഇവയില്‍ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാനോ തീരെ സാധ്യമല്ലാത്തതുകൊണ്ട് ഇത്തരം സംവിധാനങ്ങളൊന്നും മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയുമൊന്നും ലോകത്ത് ആവശ്യമല്ലെന്നു മാത്രമല്ല, തീരെ പ്രായോഗികവുമല്ല. ഒരു കാട്ടിലും സിംഹം രാജാവും കുറുക്കന്‍ മന്ത്രിയുമല്ല. കടുവ പട്ടാളമോ ചെന്നായ പൊലീസോ അല്ല. അതൊക്കെ മൃഗങ്ങളെ കഥാപാത്രങ്ങളാക്കി മനുഷ്യന്‍ കഥയെഴുതുമ്പോള്‍ മാത്രമേ ഉണ്ടാകൂ. എന്നാലും കാനനത്തിലും കടലാഴിയിലും പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല; ഒരു മൃഗവും അന്യായമായി അക്രമിക്കപ്പെട്ടില്ല. മറിച്ചൊന്നുചിന്തിച്ചുനോക്കുക. ഉദാഹരണമായി ഒരു സൂപ്പര്‍ മാര്‍ക്കറ്റെടുക്കാം. അതില്‍ ഒരാഴ്ച എന്തും ചെയ്യാം; കേസെടുക്കുകയോ പൊലീസോ കോടതിയോ ഇടപെടുകയോ ഇല്ല. എന്നൊരു ഔദ്യോഗിക പ്രഖ്യാപനം വന്നുവെന്ന് സങ്കല്പിക്കുക. രണ്ടുദിവസങ്ങള്‍ക്കകം ആ കെട്ടിടം പോലും അവിടെ ശേഷിക്കില്ല.

ഒരു സംസ്ഥാനമോ രാഷ്ട്രമോ നിയമസംവിധാനങ്ങള്‍ പിന്‍വലിച്ചാലും ഇതുതന്നെയാവും അവസ്ഥ. മേല്‍ വിശദീകരിച്ചതുതന്നെയാണ് ഇതിന്റെ കാരണം. ഒരു നിയമത്തില്‍ ബന്ധപ്പെടുത്തിയല്ലാതെ മനുഷ്യജീവിതം സാധ്യമല്ലെന്ന് ഇതുകൊണ്ടൊക്കെ ബോധ്യപ്പെടുന്നു.

ഇതുകൊണ്ടാണ് സ്‌കൂളുകള്‍, വ്യവസായ ശാലകള്‍ തുടങ്ങി മനുഷ്യന്‍ ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം പ്രത്യേക നിയമങ്ങളുണ്ടായത്. മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന രാജ്യങ്ങളില്‍ തന്നെയും ഏറെ കര്‍ക്കശമായതും കിരാതമായതുമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. ചൈനയുടെ കാര്യം തന്നെയെടുക്കാം. പൗരന്മാര്‍ക്ക് നേരിയ സ്വാതന്ത്ര്യമേ അവിടെയുള്ളൂ. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നല്‍കുന്ന രാജ്യവും മറ്റൊന്നല്ല. ദുയിഹുവ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ കണക്കുപ്രകാരം 2009ല്‍ മാത്രം അയ്യായിരം പൗന്മാര്‍ക്ക് ചൈന വധശിക്ഷ നല്‍കിയിട്ടുണ്ട്. മറ്റെല്ലാ രാജ്യങ്ങളും ചേര്‍ന്ന് ആ വര്‍ഷം നല്‍കിയ വധശിക്ഷയേക്കാള്‍ ഏറെ കൂടുതലാണിത്. ഔദ്യോഗിക കണക്ക് ഇങ്ങനെയാണെങ്കില്‍ ദുയിഹുവ പറയുന്നതുപ്രകാരം യഥാര്‍ത്ഥ കണക്ക് ഇതിലേറെ വരുമത്രെ. അപ്രായോഗികങ്ങളായ കഠിന നിയമങ്ങളും ഇത്തരം മതവിരുദ്ധ രാജ്യങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാറുണ്ട്.

2021 ഡിസംബറില്‍ പതിനൊന്ന് ദിവസത്തേക്ക് ഉത്തരകൊറിയയില്‍ ചിരി നിരോധിച്ചിരുന്നു; ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് മുന്‍ ഭരണാധിപന്‍ കിം ജോങ് ഉല്‍ മരണപ്പെട്ടതിന്റെ പത്താം വാര്‍ഷികാചരണത്തിന്റെ ഭാഗമായിരുന്നു ഈ വിചിത്ര നടപടി. ചിരി മാത്രമല്ല, പരസ്യമായി കരയാനും പാടില്ല. ബന്ധുക്കള്‍ മരിച്ചാല്‍ പോലും പതിനൊന്നു ദിവസം കഴിഞ്ഞേ ദുഃഖാചരണങ്ങള്‍ പാടുള്ളൂ(മലയാള മനോരമ, 2021 ഡിസംബര്‍ 17).

ഒരു നിയമം നിയന്ത്രിക്കാതെ മനുഷ്യരെ അവരവരുടെ ഇഷ്ടത്തിന് അഴിച്ചുവിടാന്‍ ലോകത്താരും തയാറല്ല; അതു പ്രായോഗികവുമല്ലെന്ന് ഇവയൊക്കെ തെളിയിക്കുന്നു. ആകയാല്‍, മനുഷ്യജീവിതത്തിന് ഒരു വ്യവസ്ഥ(System) ആവശ്യമാണ്. അതുണ്ടാവണമെങ്കില്‍ നിയമങ്ങള്‍(Rules) സംവിധാനിക്കണം. അത് അപൂര്‍ണരായ മനുഷ്യര്‍ നിര്‍മിച്ചെടുത്ത് മറ്റുള്ളവര്‍ അതിന്റെ സര്‍വ വൈകല്യങ്ങളോടെയും അംഗീകരിക്കണോ, അതോ സര്‍വജ്ഞനും സര്‍വശക്തനും പ്രപഞ്ചത്തിന്റെ സ്രഷ്ടാവുമായ ദൈവം അവതരിപ്പിച്ചത് സ്വീകരിക്കണോ എന്നതാണ് മനുഷ്യരുടെ മുമ്പിലുള്ള പ്രധാന ചോദ്യം. ദൈവം അവതരിപ്പിച്ച ജീവിത വ്യവസ്ഥയാണ് മതം.

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

(തുടരും)

You must be logged in to post a comment Login