ബന്ധങ്ങള്‍ ബന്ധനങ്ങളാവരുത്. അത് പരസ്പരം ചേര്‍ത്തുനിര്‍ത്താനുള്ളതാണ്. പ്രത്യേകിച്ചും കുടുംബ ബന്ധം. ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് ഇസ്‌ലാം വലിയ പ്രധാന്യം നല്‍കുന്നു. ഭൗതികവും ആത്മീയവുമായ നേട്ടം ഇതുവഴി ലഭ്യമാകും. സ്‌നേഹമസൃണമായ പെരുമാറ്റവും പൊറുത്തുകൊടുക്കാനുള്ള സുമനസുമുണ്ടെങ്കില്‍ ഏത് വിള്ളലുകളും നമുക്ക് വിളക്കിചേര്‍ക്കാനാകും. വിട്ടുവീഴ്ച ചെയ്യുക എന്നതൊരു ന്യൂനതയല്ല. മനസിന്റെ വിശാലതയാണ്. “വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാള്‍ക്കും പ്രതാപം വര്‍ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിനുവേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യും'(മുസ്‌ലിം).
കാരുണ്യ സാന്ത്വന സ്പര്‍ശനങ്ങളാല്‍ സമൃദ്ധമായിരിക്കും നല്ല കുടുംബം. സ്‌നേഹവും കൃപയും കുടുംബത്തില്‍ നിലനിര്‍ത്താന്‍ ഉത്തമ ബന്ധങ്ങള്‍ക്കാക്കും. മഹാകാര്യണ്യവാന്റെ നാമം കുടുംബത്തിന് ഉപയോഗിച്ചത് ഇതിനാലാണ്. ഖുദ്‌സിയ്യായ ഹദീസില്‍ കാണാം. അല്ലാഹു പറയുന്നു. “ഞാന്‍ റഹ്്മാന്‍(പരമകാരുണ്യവാന്‍) ആണ്. ഞാനാണ് റഹ്്മ്(കുടുംബം) സൃഷ്ടിച്ചത്. എന്റെ നാമത്തില്‍ നിന്നാണതിന്റെ(കുടുംബത്തിന്റെ) പേര് നിഷ്പന്നമായത്.’ വാത്സല്യവും കാരുണ്യവും കളിയാടേണ്ട ബന്ധങ്ങള്‍ നാം കാരണമായി തകരരുത്.
ഇസ്‌ലാമിന്റെ മുഖമുദ്ര കൂടിയാണ് കെട്ടുറപ്പുള്ള കുടുംബം. മദീനയിലെത്തിയ തിരുനബി(സ്വ)യുടെ ആദ്യാധ്യാപനങ്ങളില്‍ കുടുംബബന്ധം ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതുകാണാം. അബ്ദുല്ലാഹി ബിന്‍ സലാം(റ) പറയുന്നു: പ്രവാചകര്‍ മദീനയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ നബിയിലേക്ക് ധൃതിയില്‍ ചെന്നു. ജനങ്ങളോടൊപ്പം ഞാനും തിരുദൂതരെ കാണാനെത്തി. നബിയുടെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോള്‍, അത് കളവ് പറയുന്നവരുടെ മുഖമല്ലെന്നെനിക്ക് മനസിലായി. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു. “നിങ്ങള്‍ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നിസ്‌കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം'(തിര്‍മിദി).
കുടുംബക്കാര്‍ അവിശ്വാസിയാണെങ്കിലും ബന്ധം ചേര്‍ക്കണമെന്നാണ് ശാസന. എത്ര മഹത്തായ സന്ദേശമാണിത്. അസ്മാഉ ബിന്‍ത് അബൂബകറില്‍(റ) നിന്ന് നിവേദനം: എന്റെ മാതാവ് എന്റെ അടുക്കല്‍ വന്നു. അവരപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. “ഇവരുടെ കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ മാതാവിനോട് കുടുംബബന്ധം പുലര്‍ത്തട്ടെയോ.’ നബി(സ്വ) പറഞ്ഞു: “നീ നിന്റെ ഉമ്മയുമായി നല്ല ബന്ധം പുലര്‍ത്തുക'(ബുഖാരി).
അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന വിശ്വാസിക്ക് കുടുബബന്ധം മുറിക്കാനാവില്ല. ബന്ധുക്കളോട് നന്മയില്‍ വര്‍ത്തിക്കുകയും കഴിയുന്നത്ര നന്മകള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുകയുമാണ് “കുടുംബ ബന്ധം ചേര്‍ക്കല്‍’ കൊണ്ട് വിവക്ഷിക്കുന്നത്. അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലുമതിന്റെ ഭാഗമാണ്. കുടുംബങ്ങളെ ഇടയ്്ക്കിടെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും അവരിലെ ദരിദ്രരെ സഹായിക്കലും രോഗികളെ സന്ദര്‍ശിക്കലും ക്ഷണം സ്വീകരിക്കലും അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം ബന്ധം ഭദ്രമാക്കാനുള്ള വഴികളാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നതുപോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്കു സാധിക്കണം.
ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് വലിയ ആനുകൂല്യങ്ങള്‍ ഇസ്‌ലാം ഉറപ്പുനല്‍കുന്നുണ്ട്. കുടുംബബന്ധം ചേര്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സമീപ്യമുണ്ടാകും, അഥവാ അനുഗ്രഹങ്ങളും കാരുണ്യവും കൃപയും കൂടുതല്‍ ലഭ്യമാകും. അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: “അല്ലാഹു സൃഷ്ടികളെ പടച്ചു. ശേഷം കുടുംബം പറഞ്ഞു: കുടുംബ ബന്ധം മുറിക്കുന്നതില്‍നിന്നും നിന്നോട് കാവല്‍ തേടുന്നവന്റെ സ്ഥാനമാണ് ഇത്. അപ്പോള്‍ അല്ലാഹു പറഞ്ഞു. “അതേ, നിന്നോട് (കുടുംബത്തോട്) ബന്ധംചേര്‍ക്കുന്നവനോട് ഞാന്‍ ബന്ധം ചേര്‍ക്കുന്നതാണ്. നിന്നോട് (കുടുംബത്തോട്) ബന്ധം മുറിച്ചവനോട് ഞാന്‍ ബന്ധം മുറിക്കുന്നതുമാണ്’. കുടുംബ ബന്ധം മുറിക്കുന്നവര്‍ സ്രഷ്ടാവിനോടു കൂടിയാണ് ബന്ധം മുറിക്കുന്നതെന്ന് തിരിച്ചറിയുക.
അല്ലാഹുവിന്റെ മഹത്തായ സൃഷ്ടികളില്‍ ഒന്നാണ് അര്‍ശ്. അതിനോട് ചേർത്താണ് കുടുബ ബന്ധത്തെ ഹദീസില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇത് കുടുംബ ബന്ധത്തിന്റെ മഹത്വത്തെ അറിയിക്കുന്നു. നബി(സ്വ) പറഞ്ഞു. കുടുംബം (അല്ലാഹുവിന്റെ) അര്‍ശുമായി ബന്ധിതമാണ്. പകരത്തിന് പകരമായി നല്‍കുന്നത് ബന്ധം ചേര്‍ക്കലല്ല. എന്നാല്‍ മുറിഞ്ഞുപോയ ബന്ധത്തെ വിളക്കിച്ചേര്‍ക്കുന്നവനാണ് യഥാർഥത്തില്‍ ബന്ധം ചേര്‍ക്കുന്നവന്‍(അഹ്്മദ്).
ബന്ധങ്ങള്‍ മുറിച്ച് നിസ്‌കാരപ്പായയില്‍ കണ്ണീരൊലിപ്പിച്ചതു കൊണ്ടായില്ല. സ്വര്‍ഗ ലബ്്ധിക്ക് ബന്ധം ചേര്‍ത്തേ പറ്റൂ. ഒരാള്‍ മുത്ത്റസൂലിനോട് വന്ന് ചോദിക്കുന്നുണ്ട്, “എന്നെ നരകത്തില്‍ നിന്ന് അകറ്റുകയും സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും ചെയ്യുന്ന കര്‍മം അറിയിച്ചു തന്നാലും’. നബി(സ്വ) പറഞ്ഞു: “നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. നിസ്‌കാരം നിലനിര്‍ത്തുക. സകാത് കൊടുക്കുക. കുടുംബക്കാരോട് ബന്ധം ചേര്‍ക്കുക’. അദ്ദേഹം തിരിച്ചുപോയപ്പോള്‍ നബി (സ്വ) പറഞ്ഞു. “കല്‍പിക്കപ്പെട്ട കാര്യം നീ മുറുകെ പിടിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും'(മുസ്‌ലിം).
ആയുസ് വര്‍ധിക്കാനും ആരോഗ്യം നിലനില്‍ക്കാനും ഭക്ഷണം സുഭിക്ഷമാവാനും കൊതിക്കാത്തവരുണ്ടോ? കുടുംബബന്ധം ചേര്‍ക്കുന്നവര്‍ക്ക് അതെല്ലാം ഇസ്‌ലാം വാഗ്ദാനം നല്‍കുന്നു.നബി(സ്വ) പറയുന്നു. “ഭക്ഷണത്തിലെ വിശാലതയും ആയുര്‍ദൈര്‍ഘ്യവും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ കുടുംബ ബന്ധം ചേര്‍ക്കട്ടെ’. ദുര്‍മരണത്തില്‍ നിന്ന് കാവല്‍ ലഭിക്കാനും കുടുംബ ബന്ധങ്ങള്‍ സഹായിക്കും. നബി(സ്വ) തങ്ങള്‍ പറയുന്നു. “ദാനവും ബന്ധംചേര്‍ക്കലും ആയുസ് വര്‍ധിപ്പിക്കുകയും ദുര്‍മരണം തടയുകയും ചെയ്യും’.
കുടുംബത്തിലെ പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്കര്‍ഹമായത് നല്‍കാനും തയാറാവണം. “കുടുംബക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുക'(അല്‍ ഇസ്‌റാഅ്). സഹായഹസ്തങ്ങള്‍ കുടുംബക്കാരിലേക്ക് നീട്ടുമ്പോള്‍ രണ്ട് പ്രതിഫലമുണ്ട്. ഒന്ന്, ദാനത്തിന്റെയും മറ്റൊന്ന് കുടുംബബന്ധം ചേര്‍ത്തതിന്റെയും. സാങ്കേതിക സംവിധാനങ്ങള്‍ വികാസപ്പെട്ട ഈ കാലത്ത് ബന്ധങ്ങള്‍ പരിപാലിക്കാന്‍ നമുക്ക് എളുപ്പമാണ്. വിശേഷിച്ചും വിദേശങ്ങളിലുള്ളവര്‍ക്ക്. അന്വേഷണങ്ങളും വിവരകൈമാറ്റങ്ങളും അത് വേഗമാക്കും. പരസ്പരം സന്തോഷം പകരുകയും ചെയ്യും. വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം ചൊരിയുന്നത് വലിയ പുണ്യമായി നബി(സ്വ) പഠിപ്പിക്കുന്നുമുണ്ടല്ലോ.
കുടുംബങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കാന്‍ നല്ലൊരു മാര്‍ഗമാണ് സലാം പറയല്‍. നബിതങ്ങള്‍ അനുചരരോട് ചോദിച്ചു. “നിങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞുതരട്ടെ?’. സ്വഹാബ പറഞ്ഞു. “അതേ’. നബി(സ്വ) പറഞ്ഞു. “നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക’. സലാം പറയലിനൊപ്പം ഹസ്തദാനവുമായാല്‍ സ്‌നേഹം കൂടുതല്‍ ദൃഢമാകും. വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യും.
മരണത്തോടെ മുറിഞ്ഞുപോകുന്നതാവരുത് ആത്മബന്ധങ്ങള്‍. ദാനധര്‍മങ്ങള്‍, ഖുര്‍ആന്‍, ദിക്‌റ് ഹദ്്‌യകള്‍ മരിച്ചവരോടുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണ്. വിശേഷദിവസങ്ങള്‍, സന്താപസന്തോഷ ദിനങ്ങള്‍ എല്ലാം മരണപ്പെട്ടവരെ ഓര്‍ക്കാന്‍ നിമിത്തമാകണം.
അബ്ദുറഷീദ് സഖാഫി കുറ്റ്യാടി
You must be logged in to post a comment Login