പോയ വർഷങ്ങൾക്കിടെ ഒരിക്കലും ഈ പംക്തിയിൽ സാഹിത്യം മുഖ്യവിഷയമായിട്ടില്ല. കാലത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ച്, നാം ജീവിച്ചുപോരുന്ന വർത്തമാനത്തിൽ നമ്മെ വിഴുങ്ങാനൊരുങ്ങുന്ന വിധ്വംസകതകളെക്കുറിച്ച്, നമ്മുടെ ജനാധിപത്യം കടന്നുപോകുന്ന ആപത്തിന്റെ നിമിഷങ്ങളെക്കുറിച്ച്, ആ നിമിഷങ്ങളിൽ ചേർത്തുപിടിക്കേണ്ട ചരിത്രത്തെക്കുറിച്ച്, ഓർമകളെക്കുറിച്ച്, ആ ഓർമകളിൽ നിറയുന്ന മഹാമനുഷ്യരെക്കുറിച്ചെല്ലാമാണ് നാം സാംസാരിക്കാറ്. വലിയ ഭാവനകൾക്കുപോലും ആവിഷ്‌കരിക്കാനാവാത്ത വിധം ജീവിതം സങ്കീർണമാകുമ്പോൾ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുക പലപ്പോഴും സാധ്യമല്ല. പക്ഷേ, ചില സാഹിത്യങ്ങളും എഴുത്തുകാരുമുണ്ട്. അവരെ കാലത്തിൽ നിന്ന് അഴിച്ചെടുക്കുക അസാധ്യമാണ്. ചരിത്രം അതിസങ്കീർണമാവുകയും അത് നമ്മെ ശാരീരികമായിത്തന്നെ ബാധിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളെക്കുറിച്ച് പറഞ്ഞവർ അതിൽ ഉൾപ്പെടും. വാൾട്ടർ ബെന്യാമിന്റെ ആ വിഖ്യാത വാചകമുണ്ടല്ലോ? ആപത്തിന്റെ നിമിഷങ്ങളിൽ നാം കയ്യെത്തിപ്പിടിക്കേണ്ട ഓർമകളാണ് ചരിത്രം എന്നത്. അങ്ങനെ കയ്യെത്തിപ്പിടിക്കേണ്ട ഓർമകളെ എഴുത്തിനാൽ അനശ്വരമാക്കിയവരിൽ എൻ എസ് മാധവനെപ്പോലെ അധികംപേരില്ല. അഥവാ മലയാളിക്ക് അക്കാര്യത്തിൽ ഒരു മാധവനേയുള്ളൂ.
മിഖായേൽ ഗോർബച്ചേവ് മരിച്ചുപോവുകയും “”ഒരേസമയം വില്ലനായും മാലാഖയായും വിലയിരുത്തപ്പെടാനുള്ള ദൗർഭാഗ്യവും ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. കരുതലില്ലായ്മമൂലം തെറ്റായ രാഷ്ട്രീയത്തിലൂടെ സോവിയറ്റ് യൂണിയന്റെ പതനത്തിനു കാരണമായി എന്ന പേരിൽ ആയിരിക്കും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ മുൻ ജനറൽ സെക്രട്ടറി ഓർമിക്കപ്പെടുക” എന്നുതുടങ്ങുന്ന എം എ ബേബിയുടെ അനുസ്മരണം ഇന്ന് വായിക്കുകയും ചെയ്തപ്പോൾ എൻ എസ് മാധവനെ എപ്പോഴുമെന്നപോലെ അഗാധമായി ഇന്നുമോർത്തു. ഗോർബച്ചേവും സോവിയറ്റ് യൂണിയനും നമ്മെ ശാരീരികമായിപ്പോലും ബാധിച്ച ഒരു ചരിത്ര സന്ദർഭമാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് നമ്മുടെ വഴിയോരങ്ങൾ ഗ്ലാസ്‌നോസ്ത് എന്നും പെരിസ്‌ട്രോയിക്ക എന്നും ആവർത്തിച്ചുരുവിട്ടു. അക്കാലമാണ്. ഒരുപക്ഷേ, ഇത് വായിക്കുന്ന പലർക്കും സങ്കൽപിക്കാനാവാത്ത വിധം ലോകം സമ്പൂർണമായി അകലത്തായിരുന്ന കാലം. വിസ്‌ലാവോ സിംബോസ്‌ക കാവ്യപ്പെടുത്തിയപോലെ ലോകം ഒരു ഹസ്തദാനത്തിൽ ഒതുക്കാവുന്നത്ര ചെറുതല്ലായിരുന്ന ഒരുകാലം. ലോകം ഇന്ന് ഒരു വിരൽപ്പാടകലെ മാത്രമുള്ള, ഒരു കൺപാടകലെ നാം അനുഭവിക്കുന്ന ഒന്നാണല്ലോ? മൂന്ന് പതിറ്റാണ്ടു മുൻപ് അങ്ങനെ ആയിരുന്നില്ല. സോവിയറ്റ് എന്നൊരു നാടുണ്ടത്രേ, പോകാൻ കഴിഞ്ഞാൽ എന്തുഭാഗ്യം എന്ന് കവി ആശ്ചര്യപ്പെട്ട കാലം. ആ സോവിയറ്റ് യൂണിയൻ മാറുകയാണെന്നും മറിയുകയാണെന്നും നാം അറിഞ്ഞില്ല. അന്നത്തെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏക സ്രോതസ്സ് ഇ എം എസ് നമ്പൂതിരിപ്പാട് ആയിരുന്നു. ഇപ്പോൾ മതാത്മകം എന്ന് പോലും വിളിക്കാവുന്ന ശാഠ്യത്തോടെ അദ്ദേഹം പറഞ്ഞു, സോവിയറ്റ് അവസാനിക്കില്ല, എന്തെന്നാൽ മനുഷ്യൻ കുരങ്ങിലേക്ക് മടങ്ങിപ്പോവില്ല. പക്ഷേ, സോവിയറ്റ് തകരുന്നു. നാം അന്ധാളിക്കുന്നു. ദീർഘകാലാഘാതമുള്ള ആ അന്ധാളിപ്പ് എൻ എസ് മാധവൻ മുൻപേ പകർത്തി. “നാലാം ലോകം’ എന്ന കഥയിൽ. സോവിയറ്റിൽ എന്ത് സംഭവിച്ചു എന്നത് നാലാം ലോകത്തിലുണ്ട്. കഥ പറയാം. ഒരിക്കൽ ഒരു റഷ്യക്കാരനും ഇന്ത്യക്കാരനും ഉണ്ടായിരുന്നു എന്ന അതിലളിതവും എന്നാൽ അസാധാരണമാം വിധം ചരിത്രഭാരവുമുള്ള വാചകത്തിലാണല്ലോ കഥ തുടങ്ങുന്നത്. ഗോവിന്ദൻ കുട്ടിയും ബക്കുനിനുമാണവർ. രണ്ട് ബഹിരാകാശകർ.
കമ്മ്യൂണിസ്റ്റുകാരന്റെ മകനാണ്, സാന്റോ ഗോപാലൻ എന്ന ഐതിഹാസിക കമ്മ്യൂണിസ്റ്റിന്റെ ശിഷ്യനാണ് ഗോവിന്ദൻകുട്ടി. സ്റ്റാലിനാൽ വധിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സംഗീതകാരന്റെ മകനാണ് ബക്കുനിൻ. ഇല്ലതാവും മുൻപ് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകത്തിലെ അന്തേവാസികൾ. തിരിച്ചിറങ്ങാൻ അവർക്ക് രാഷ്ട്രമുണ്ടായില്ല. സംഭാഷണങ്ങൾ മാത്രം പറയാം.
ബക്കുനിൻ: “”പലതും നഷ്ടപ്പെട്ട കൂട്ടരാണ് ഞങ്ങൾ, റഷ്യക്കാർ. കലണ്ടർ പരിഷ്‌കരിച്ചപ്പോൾ പതിമൂന്ന് ദിവസമാണ് ഞങ്ങൾക്കില്ലാതെ ആയത്. റഷ്യക്കാരുടെ ചരിത്രത്തിൽ ഒരു വലിയ കറുത്ത തുള. ഒരു വിശ്രമ ദിവസമടക്കം ദൈവത്തിന് രണ്ട് പ്രപഞ്ചങ്ങൾ സൃഷ്ടിക്കുവാൻ ആറാറ് ദിവസങ്ങൾ.” ഒക്‌ടോബർ വിപ്ലത്തിന്റെ വാർഷികം നവംബറിൽ കൊണ്ടാടുന്നതിന്റെ കാരണം ഗോവിന്ദൻ കുട്ടി കേട്ടിട്ടുണ്ടായിരുന്നു.
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: ഞാൻ പയ്യല്ലൂരിലെ സഖാക്കളെ ഓർത്തു. അവർ ഗോർബച്ചേവിനെ വെറുത്തിരുന്നു.
“”ഗോർബച്ചേവ്, അവനാണ് എല്ലാറ്റിനും കാരണം.” ഏരിയാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ പറഞ്ഞു.
“”മൂന്നാം ലോകത്തിനെ മുഴുവൻ അവൻ അനാഥമാക്കി. ഇന്ന് സദ്ദാം. നാളെ കാസ്‌ട്രോ.” പാർട്ടി ആപ്പീസ് സെക്രട്ടറി പാമീദത്ത് പറഞ്ഞു.
“”ഓൻ അന്തി മാർക്‌സാ”. കണ്ണൂർക്കാരൻ സഖാവ് കൂട്ടിച്ചേർത്തു.
“”അന്തി മാർക്‌സോ, അതെന്ത് സാധനമാ സഖാവെ.” അറോറ മത്തായി ചോദിച്ചു.
“”അറോറ സഖാവ് അന്തിക്രിസ്തു എന്താണെന്ന് ബൈബിളിൽ വായിച്ചിട്ടുണ്ടോ? അന്തിക്രിസ്തുവിന്റെ തലയിൽ ചില അടയാളങ്ങളൊക്കെ ഉണ്ട്. അറുപത്തിയാറ് എന്ന് എഴുതിയിരിക്കും. ഗോർബച്ചേവിന്റെ തലയിലെ മറുക് നീ കണ്ടിട്ടുണ്ടോ പാമീദത്തേ? അതിന് എന്തിന്റെ ഷേപ്പാ? ”
“”അത് അമേരിക്കയുടെ മാപ്പാണ്. ഓന്റെ തലയിൽ അമേരിക്കയുടെ മാപ്പാണ്. അമേരിക്കയുടെ മാപ്പ് തലയിൽ കൊണ്ടുനടക്കുന്നവൻ മാർക്‌സിസത്തെ തൊലയ്ക്കും. അന്തിമാർക്‌സ്.”
കഥയുടെ ഒടുവിൽ ബക്കുനിനെയും ഗോവിന്ദൻകുട്ടിയെയും ചരിത്രം പൊള്ളിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യർക്ക് അത് മനസ്സിലാവും. ദേശത്തെ വരിഞ്ഞുമുറുക്കിയ വലതുപക്ഷം അഥവാ ദേശത്തിന്റെ പുതിയ ചരിത്രം അന്യരാക്കുന്ന മനുഷ്യർക്ക്, ദേശം അന്യവത്കരിക്കാൻ ശ്രമിക്കുമ്പോൾ പൊള്ളിപ്പിടയുന്ന മനുഷ്യർക്ക് അത് മനസ്സിലാവും. പൊടുന്നനെ തങ്ങൾക്ക് ദേശമില്ലാതാവുന്നത് അറിയേണ്ടിവരുന്ന മനുഷ്യർക്ക് അത് മനസ്സിലാകും. ഗോവിന്ദൻ കുട്ടി മനസ്സിലേക്ക് ഇരച്ചുവന്ന വാക്കുകൾ അട്ടഹസിക്കുന്നത് വായിക്കുക: “”ആനാൽ തൊഴിലാളിവർകം അഴിക്കപ്പെടവില്ലൈ. മേലും ഒൻറുപെട്ട് മുന്നേറുകിത്. തിയാകികളുക്ക് പുരച്ചിവണക്കം.”
എൻ എസ് മാധവനെക്കുറിച്ച് എഴുതാനിരിക്കുമ്പോൾ മറ്റൊരു വാർത്ത മുന്നിലുണ്ട്. അത് ബാബരി പള്ളി തകർത്തതിലെ യു പി സർക്കാരിന്റെ ഗൂഢാലോചനക്കേസ് അവസാനിപ്പിച്ചു എന്നാണ്. ബാബരി നമ്മെ, ഇന്ത്യൻ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരെയും ബാധിച്ച ചരിത്രമാണ്. ചരിത്രം ഒരു ഭൗതിക ശക്തിയായി, മാരകശേഷിയുള്ള ഒരായുധമായി നമ്മെ ആഴത്തിൽ മുറിവേൽപ്പിച്ച സന്ദർഭമാണ് ബാബരിയുടെ തകർക്കൽ. ഒരു ചരിത്രാനുഭവത്തെ അതേൽപ്പിച്ച മുറിവിനെ അസാധാരണമായ ആഘാതശേഷിയോടെ അനശ്വരമാക്കി എൻ എസ് മാധവന്റെ “തിരുത്ത്’ എന്ന കഥ. “”മല്ലിക് മേശപ്പുറത്തു കിടന്നിരുന്ന ബാൾ പോയന്റ് പേന എടുത്തുകൊടുത്തു. ചുല്യാറ്റ് എല്ലാവരെയും നോക്കി പറഞ്ഞു, “”ഞാൻ മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രപ്രവർത്തനം തുടങ്ങുമ്പോൾ വെയിത്സുകാരനായ പത്രാധിപർ പറയുമായിരുന്നു. നീല പെൻസിലാണ് പത്രാധിപൻമാരുടെ ആയുധമെന്ന്. നീലപ്പെൻസിലുകൾക്ക് വംശമറ്റെങ്കിലും ഈ പേന, ഈ ആയുധം ഞാനിന്ന് ശരിക്കും പ്രയോഗിക്കും”.
ചുല്യാറ്റ് കുനിഞ്ഞു നിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാനവാർത്തക്ക് സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന “തർക്ക മന്ദിരം തകർത്തു’ എന്നതിലെ ആദ്യവാക്ക് ഉളി പോലെ പേന മുറുകെ പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറക്കുന്ന കൈകൊണ്ട് പാർക്കിൻസണിസത്തിന്റെ ലാഞ്ചന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന് മുകളിൽ എഴുതി, “ബാബറി മസ്ജിദ്’.
സുഹ്‌റയുടെ വലിയ കണ്ണുകളിൽ നിന്ന് ചറംപോലെ കണ്ണീർ തുള്ളിതുള്ളിയായി ഒലിച്ചു. അവൾ ചുല്യാറ്റിനെ നോക്കി പറഞ്ഞു: “”നന്ദി സർ…”
അതൊരു ജനതയുടെ നന്ദി മാത്രമല്ല. ഇന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ നിസ്സഹായരും ഭയചകിതരുമായി ജോലിയെടുക്കുന്ന അനേകമനേകം സുഹ്‌റമാരുടെ നന്ദിയാണ്. അവർക്ക് ഒരിക്കലും സ്വത്വത്തെ സ്വതന്ത്രമായി ആവിഷ്‌കരിക്കാൻ കഴിയാത്ത വിധം മാറിപ്പോയ ഒരു രാജ്യത്ത് നിന്നുകൊണ്ടുള്ള നന്ദിയാണ്.
മറ്റൊരു വാർത്ത കേട്ടില്ലേ, ഗൗതം അദാനി എൻ ഡി ടി വിയിൽ കണ്ണുവെച്ചിരിക്കുന്നു. ദേശാഭിമാനി എഴുതുന്നു: “”സ്വതന്ത്ര മാധ്യമം എന്നത് സങ്കൽപ്പമാണ്. ഉടമാവകാശം കൈയാളുന്നവരുടെ താൽപ്പര്യമാണ് എല്ലാ മാധ്യമങ്ങളും സംരക്ഷിക്കുന്നത്. അത് ഒളിഞ്ഞും മറഞ്ഞും ആയെന്നുവരാം; നേരിട്ടുമാകാം. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അധികം മുതൽമുടക്ക് ആവശ്യമുള്ള ടെലിവിഷൻ ചാനൽപോലെയുള്ളവയിൽ മൂലധനത്തിന്റെ പിടി കൂടുതൽ മുറുകും. ഇന്ത്യയിലെ ഇന്നത്തെ ടെലിവിഷൻ ചാനലുകൾ ഏറെക്കുറെ എല്ലാം നിയന്ത്രിക്കുന്നത് വ്യവസായ കുത്തകകളാണ്. പ്രാദേശിക ചാനലുകൾ അടക്കം 72 ചാനൽ മുകേഷ് അംബാനിയുടെ റിലയൻസിന്റെ നിയന്ത്രണത്തിലുണ്ട്. ഇതിൽ മുപ്പതോളം വാർത്താചാനലും ഉൾപ്പെടുന്നു. ബിജെപിയുടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ എസ്സെൽ കമ്പനിയുടെ കൈയിൽ സീ ഗ്രൂപ്പിലെ അടക്കം 15 വാർത്താചാനൽ. ഇതിനു പുറമെ ബിജെപി മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും അർണബ് ഗോസ്വാമിയുടെയും മറ്റും ചാനലുകൾ. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്തുതിപാഠകരും കൂട്ടുകച്ചവടക്കാരും. ഇവരെല്ലാം ചേർന്ന് നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമരംഗം 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നൂറ്റമ്പതാം സ്ഥാനത്ത് എത്തിനിൽക്കുന്നു. ആകെ 180 രാജ്യമേ ആ പട്ടികയിലുള്ളൂ എന്നുകൂടി കാണണം. ഈ വിപുലമായ ഭരണാനുകൂല കുത്തകകളുടെ മാധ്യമസ്ഥാപനങ്ങൾക്കിടയിൽ വ്യത്യസ്തത പുലർത്തിനിന്ന ഏക ദേശീയ വാർത്താ ചാനലാണ് എൻഡിടിവി. മാധ്യമരംഗത്തുനിന്നുള്ള പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും നേതൃത്വം നൽകുന്നു എന്നതുകൊണ്ടുതന്നെ ചെളിനിറഞ്ഞ മാധ്യമ പരിസരത്ത് കുറച്ചെങ്കിലും തലയുയർത്തി നിൽക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ ഹിന്ദിവിഭാഗം നയിക്കുന്ന രവീഷ് കുമാറിനെപ്പോലുള്ളവർ മറ്റു മാധ്യമങ്ങൾ ഒളിപ്പിക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ സ്‌ക്രീനിലെത്തിച്ച് ജനശ്രദ്ധ നേടി. എൻഡിടിവി അതുകൊണ്ടുതന്നെ മോഡി സർക്കാരിന്റെ നോട്ടപ്പുള്ളിയായി. ബിജെപി ഇതര സർക്കാരുകൾക്കുനേരെ കുതിച്ചെത്താറുള്ള വേട്ടപ്പട്ടികളെല്ലാം ഇവർക്കെതിരെയും പാഞ്ഞുചെന്നു. വിവിധ അന്വേഷണ ഏജൻസികൾ പല കേസിലായി കുടുക്കി സ്ഥാപനത്തെ ശ്വാസംമുട്ടിച്ചു. എൻഡിടിവി കടം വാങ്ങിയിരുന്ന ഒരു സ്ഥാപനത്തെ വിലയ്ക്കെടുത്ത് പ്രണോയ് റോയിയുടെയും രാധികയുടെയും പേരിലുള്ള ഓഹരികൾ നരേന്ദ്ര മോഡിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളായ വൻ വ്യവസായി ഗൗതം അദാനി ഇപ്പോൾ വിലയ്ക്കുവാങ്ങി. ഒപ്പം വ്യക്തികളുടെ കൈയിലെ ഓഹരികൾ വാങ്ങാൻ നടപടിയും തുടങ്ങി. ഇതോടെ ചാനലിന്റെ നിയന്ത്രണം അദാനിയുടെ പിടിയിലാകും. തീർത്തും അധാർമികവും നിയമപരമല്ലാത്തതുമായ ഈ പിടിച്ചെടുക്കൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചാനൽ പറയുന്നു. പക്ഷേ, അതിന്റെ ഫലപ്രാപ്തി പ്രവചിക്കാനാകില്ല.”
ചുല്യാറ്റ്്മാർ അവസാനിച്ചു എന്നർഥം. കാലത്തിന്റെ അനുഭൂതി ചരിത്രകാരൻമാരാണ് മഹാസാഹിത്യകാരൻമാർ.
ബിൽക്കീസ് ബാനുവിനെ വലിച്ചു കീറിയവർ, അവളുടെ കുഞ്ഞിന്റെ തലയടിച്ച് ചിതറിച്ചവർ, അവളുടെ കുടുംബത്തെ കൊന്നുകളഞ്ഞവർ ഇപ്പോൾ വീരനായകരായി, വീര്യ ബ്രാഹ്‌മണരായി സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്വതന്ത്രരാണ്. ബിൽക്കീസും ഭർത്താവും നടത്തിയ പോരാട്ടത്തെ മാത്രമല്ല ആ വംശഹത്യയിൽ നടുങ്ങിപ്പോയ മുഴുവൻ മനുഷ്യരെയും അവമതിക്കുകയാണ്, അപമാനിക്കുകയാണ് ഈ രാജ്യത്തിന്റെ ഭരണകൂടം. എൻ എസ് മാധവന്റെ “നിലവിളി’ എന്ന കഥയിലെ ആഖ്യാതാവ് കുത്ബുദ്ധീൻ അൻസാരിയാണ്. കേൾക്കുക: “”റോയിട്ടറിന്റെ ഫോട്ടോഗ്രാഫർ എടുത്ത എന്റെ പടം പിറ്റേന്ന് പത്രങ്ങളിൽ വന്നു. നോട്ടം ഉറയ്ക്കാത്ത എന്റെ കണ്ണുകളുടെ പച്ച നിറം കടുപ്പിച്ച, നുരയുന്ന കണ്ണീരും പത്രക്കടലാസിൽ ഉറഞ്ഞുപോയ എന്റെ നിലവിളിയും കൈകൂപ്പിക്കൊണ്ട് ഞാൻ നടത്തുന്ന അപേക്ഷയും നിങ്ങൾക്ക് ആസന്ന മരണത്തെ പ്രദർശിപ്പിച്ചുതന്നു. ഞാൻ അഹമ്മദാബാദിന്റെ ചിഹ്നമായി.” വിശദീകരിക്കുന്നില്ല.
പൗരത്വ നിയമവും നാം അടിമുടി ഉലഞ്ഞ കാലവും സമരപരമ്പരകളും മറന്നിട്ടില്ലല്ലോ? അക്കാലത്ത് നാം തെരുവിൽ നിന്ന് വായിച്ച മുംബൈ എന്ന കഥയും മറക്കരുത്. അസീസ് എന്ന ചെറുപ്പക്കാരൻ പൊടുന്നനെ നാടും രേഖകളുമില്ലാത്തവനായതിന്റെ ആഖ്യാനമാണ്.
“”ആയിരത്തി തൊള്ളായിരത്തി എഴുപതിൽ നിങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നോ? പ്രമീള ഗോഖലെ മൃദുവായ ശബ്ദത്തിൽ വിചാരണ തുടങ്ങി.
“”മേഡം, ഞാനന്ന് ജനിച്ചിട്ടില്ല.”
“”എഴുപത്തിയൊന്നിൽ”
“”അക്കൊല്ലമാണ് ഞാൻ ജനിച്ചത്”
“”അപ്പോൾ എഴുപതിൽ നിങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്നു സമ്മതിക്കുന്നു അല്ലേ? ”
“”ഇത് നല്ല പൊല്ലാപ്പ്, മേഡം ഞാനന്ന് ജനിച്ചിട്ടില്ല”
“”ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തുടങ്ങുന്നതിനുമുൻപ് നിങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്നു ഞാൻ രേഖപ്പെടുത്തട്ടെ?’
“”എത്ര തവണയായി ഞാൻ പറയുന്നു ഞാനന്ന് ജനിച്ചിട്ടില്ല. ജനിച്ചിട്ടില്ല..”
ഞാൻ നുഴഞ്ഞുകയറ്റക്കാരനാണെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?
“”അത് നിങ്ങൾ തന്നെ പറഞ്ഞ കാര്യമല്ലേ?” പ്രമീള എഴുന്നേറ്റുനിന്നു.
വീട്ടിൽ തിരിച്ചെത്തുമ്പോൾ കെട്ടിടത്തിന് മുന്നിൽ രണ്ട് പൊലീസുകാർ കാവൽ നിൽക്കുന്നത് അസീസ് കണ്ടു.
ഇത് തികച്ചും ചെറിയ ഒരു തിരച്ചിലാണ്. എൻ എസ് മാധവന്റെ രചനാപ്രപഞ്ചത്തിലെ ഏതാനും തുള്ളികൾ. ഇങ്ങനെ അടർത്തിയെടുക്കുന്നതിൽ അരസികത്വമുണ്ട്. പക്ഷേ, അഭയവുമുണ്ട്. നിലവിളികളുടെ കാലത്തെ അഭയസ്ഥാനമാണ് മാധവൻ. മഹത്തായ ഒരു പിന്തുണയും.
കെ കെ ജോഷി
You must be logged in to post a comment Login