ഒരു കോളമിസ്റ്റായിട്ടായിരിക്കും ഞാനേറ്റവും കൂടുതല്‍ എഴുതിയിട്ടുണ്ടാവുക. ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ റിവ്യൂ, ലിറ്ററേച്ചര്‍ റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും എഴുതിയിരുന്നു. ബുക്‌റിവ്യൂ ആണ് കൂടുതല്‍ എഴുതിയത്. കോളങ്ങളും റിവ്യൂകളുമെല്ലാം ഇംഗ്ലീഷിലായിരുന്നെങ്കിലും പ്രദേശിക സാഹിത്യങ്ങളെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് അവയിലധികവും എഴുതിയത്. ഇപ്പോള്‍ കേരളത്തിലെ മലപ്പുറം ജില്ലാ സാഹിത്യോത്സവിന് വരുമ്പോഴും ഇംഗ്ലീഷല്ലാത്ത ഭാഷകളിലെഴുതിയ കൃതികളോടുള്ള ആഭിമുഖ്യവും അവയുടെ പ്രചാരണവുമാണ് ലക്ഷ്യമിടുന്നത്, ഇവിടെ ഞാന്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണെങ്കിലും. ഇതര ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് പല കൃതികളും വിവര്‍ത്തനം ചെയ്യുമ്പോഴും ഈ ലക്ഷ്യമായിരുന്നു എന്റെ മുമ്പിലുണ്ടായിരുന്നത്.
സാഹിത്യം ലോകത്തിന് ഏറ്റവും ആവശ്യമുള്ള സമയമാണിതെന്നാണ് ഞാൻ കരുതുന്നത്. പരിചിതമല്ലാത്ത ജീവിതകോണുകളെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് സാഹിത്യത്തിന്റെ ധര്‍മം എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹങ്ങളും അധികാരഘടനകളും സത്യമെന്നും നോര്‍മല്‍ എന്നും വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ യഥാര്‍ത്ഥ സത്യങ്ങളെ തുറന്നെഴുതുകയും നിരന്തരം അവയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യകാരന്റെ ധര്‍മം. അതിലൂടെ സമൂഹത്തില്‍ നിന്നും നഷ്ടപ്പെടുന്ന നീതിയും ശരിയും പുനഃസൃഷ്ടിക്കാന്‍ സാഹിത്യകാരന് കഴിയുന്നു. അധികാരികളും സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന, കുഴിച്ചുമൂടാന്‍ കൊതിക്കുന്ന പലതും സാഹിത്യകാരന് സമൂഹമധ്യത്തിലെത്തിക്കാന്‍ സാധിക്കുന്നു.
ഇതൊരു മാനുഷിക/മനുഷ്യാവകാശ പ്രവര്‍ത്തനം കൂടിയാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ഇരകളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുന്നത് സാഹിത്യമാണ്. രാജീന്ദര്‍ സിംഗ് ബേദിയുടെ “ഏക് ഛാദര്‍ മൈലി സി’ എന്ന കൃതിയിലെ അമ്മ ഒരുദാഹരണമാണ്. പട്ടിണിയനുഭവിക്കുന്ന കുടംബത്തിന് ലഭിക്കുന്ന ഒരു പാത്രം അരി പാകം ചെയ്ത് സ്വന്തമായിട്ടു തന്നെ ഭക്ഷിക്കുന്ന അതിലെ അമ്മ നമുക്ക് പരിചിതമായ കഥകളിലെ സ്വയം ബലിനല്‍കുന്ന അമ്മയല്ല. ഈ രൂപത്തില്‍ നീറുന്ന യാഥാര്‍ത്ഥ്യങ്ങളാണ് സാഹിത്യങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്.
മറ്റു പല കൃതികളെയും ഈ രൂപത്തില്‍ സമീപിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ഷി പ്രേംചന്ദിന്റെ “ഈദ് ഗാഹ്’ വായിക്കുമ്പോള്‍ നാം എത്തിച്ചേരുന്ന മറ്റു ചില വസ്തുതകളുണ്ട്. ദൈവത്തിന് മുന്നില്‍ സുജൂദില്‍ കിടക്കുന്ന ചില നിമിഷത്തേക്ക് മാത്രം മനുഷ്യര്‍ ഒരുപോലെയിരിക്കുമെങ്കിലും അതിനുശേഷം ബസാറിലേക്ക് നീങ്ങുമ്പോഴേക്ക് ഭൗതികലോകത്തിലെ ഉച്ചനീചത്വങ്ങളിലേക്ക് അവര്‍ ആഴ്ന്നിറങ്ങുന്നു.
ഇതുപോലെ സമൂഹത്തില്‍ പ്രകടമാകുന്ന പല അപ്രിയ സത്യങ്ങളുമാണ് സാഹിത്യത്തെ പ്രസക്തമാക്കുന്നത്. അതുതന്നെയാണ് സാഹിത്യത്തിന്റെ ധര്‍മവും ശക്തിയും. ഏകസ്വത്വ വാര്‍പ്പുമാതൃകകളായി സംസ്‌കാരത്തെയും സമൂഹങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏകാധിപതികള്‍ക്കു മുന്നിലും ഇത്തരത്തിലുള്ള ആഖ്യാനങ്ങളാണ് പ്രതിരോധത്തിന്റെ മാര്‍ഗങ്ങളായി ഉയര്‍ന്നുവരുന്നത്. ഒരൊറ്റ സത്യം മാത്രമാണ് അഭികാമ്യം എന്ന് വാദിക്കുന്ന ഏകാധിപത്യ സ്വരങ്ങള്‍ക്ക് മുന്നില്‍ ഒരു വലിയ തിരുത്തല്‍ശക്തിയാണ് സാഹിത്യം. ആധുനിക ലോകം ഒരൊറ്റ ലോകമായി മാറിയ സാഹചര്യമാണിപ്പോഴുള്ളത്. എല്ലാവരുടെയും ജീവിതം ഒരു പോലെയായിരിക്കുന്നു. ആഫ്രിക്കയിലെ തെരുവുകളില്‍ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ പോലും മക്ഡൊണാള്‍ഡ് ലഭ്യമാണ്. പെപ്‌സിയും കോളയും ലോകത്തെവിടെയാണ് സുലഭമല്ലാത്തത്? അറേബ്യന്‍, ചൈനീസ് ഫുഡുകള്‍ നമ്മുടെ നാട്ടിലെ തട്ടുകടകളില്‍ പോലും ലഭ്യമാണ്. യൂറോപ്യന്‍ ഫുഡുകളാണ് പല അടുക്കളകളിലും പാകം ചെയ്യപ്പെടുന്നത്. മാളുകളും ഫൈവ് സ്റ്റാര്‍ സംസ്‌കാരങ്ങളും വ്യാപിച്ചിട്ടുണ്ട്. പല സംസ്‌കാരങ്ങള്‍ ദര്‍ശിക്കാന്‍ യാത്ര ചെയ്തിരുന്ന പഴയ ലോകത്തു നിന്നും കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാ സംസ്‌കാരങ്ങളും ഉൾക്കൊള്ളുന്ന സങ്കരസംസ്‌കാരമാണ് ഓരോ രാജ്യവും ഇപ്പോള്‍ ഉള്‍വഹിക്കുന്നത്. ഒരു ഏകതാന രൂപത്തിലേക്ക് മാറാനാണ് സമൂഹം ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോഴും സാഹിത്യത്തിന്റെ ധര്‍മം സത്യത്തെ പുനഃസൃഷ്ടിക്കല്‍ തന്നെയാണ്. മുന്‍വിധികളെ കരിച്ചുകളഞ്ഞുകൊണ്ട് സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അനന്തസാധ്യതകളെ തുറന്നുവിടാനാണ് സാഹിത്യത്തിന്റെ ശ്രമം. മനുഷ്യന് ആകസ്മികമായി സംഭവിക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കപ്പുറം സത്യത്തെയും മനുഷ്യത്വത്തെയും ആശ്ലേഷിക്കാനാണ് സാഹിത്യത്തിന്റെ ആഹ്വാനം. അത് ഭാഷകളിലൂടെയോ സിദ്ധാന്തങ്ങളിലൂടെയോ മതങ്ങളിലൂടെയോ എങ്ങനെയും ആവിഷ്കരിക്കാം. സമസ്ത തലങ്ങളിലുമുള്ള അധികാര ഫാഷിസത്തിനെതിരെയുള്ള വെല്ലുവിളിയാണ് സാഹിത്യപ്രവർത്തനം. ഇങ്ങനെ സമാന്തരതലങ്ങളിലുള്ള അനുഭവങ്ങളുടെ കണ്ടെത്തലാണ് സാഹിത്യം. അതിലൂടെയാണ് സാഹിത്യം അപ്രിയ സത്യങ്ങളെ തുറന്നുകാട്ടുന്നത്.
നവമാധ്യമങ്ങള്‍
നവ സോഷ്യല്‍/ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവയുടേതായ ധര്‍മം നിര്‍വഹിക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകത്ത് ഒരര്‍ഥത്തില്‍ പ്രത്യേക രീതിയില്‍ സമത്വം നിലനില്‍ക്കുന്നുണ്ട് എന്നു പറയാം. ഒരു ഐറണി എന്ന പോലെ പല അവകാശങ്ങളും സൈബര്‍ ലോകത്ത് അംഗീകരിക്കപ്പെടുന്നുണ്ട്. ഒരുപോലെ ഉപഭോഗം നടത്താനുള്ള അധികാരമാണ് അവയിലൊന്ന്. ആര്‍ക്കും സമൂഹത്തോട് സത്യങ്ങള്‍ വിളിച്ചുപറയാം. പല അപകടങ്ങളുമതിനുണ്ടെങ്കിലും അവ വലിയൊരു സാധ്യത തന്നെയാണ്. സമൂഹത്തോട് സംവദിക്കാന്‍ മറ്റൊരു മാധ്യമത്തെയോ വ്യക്തിയെയോ ആശ്രയിക്കേണ്ടിവരുന്നില്ല.
സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ലോകം വലിയൊരു സാഹിത്യധര്‍മം നിര്‍വഹിക്കുന്നുണ്ട്. അത് സ്മൃതിയുടേതാണ്. സാഹിത്യത്തിന്റെ ശക്തി സ്മൃതിയുടെ ശക്തിയിലൂടെയാണ് സാധ്യമാവുന്നത്. ലോകമെമ്പാടുമുള്ള സാഹിത്യസൃഷ്ടികള്‍ മനുഷ്യന് ഓര്‍മയുടെയും മറവിയുടെയും കാരാഗൃഹങ്ങളില്‍ നിന്ന് മോചനമെന്ന പോലെ, ഡിജിറ്റല്‍ ലോകത്തും ഈ രക്ഷയുണ്ട്. കൃതികള്‍ക്ക് ശാശ്വതമായ ഒരു രൂപം ഡിജിറ്റല്‍ ലോകം നല്‍കുന്നുണ്ട്. എന്നെന്നും അത് നിലനില്‍ക്കുകയും ഓര്‍മകളായി പുനപ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
സര്‍ സയ്യിദ്
വില്യം മൂർ എന്ന ബ്രിട്ടീഷുകാരന്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ ഒരു പുസ്തകമെഴുതിയപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ വളരെ വികാര നിര്‍ഭരമായാണ് പ്രതികരിച്ചത്. ആ സന്ദര്‍ഭത്തില്‍ സര്‍ സയ്യിദ് “കിതാബ് കാ ജവാബ് കിതാബ് സെ’ (എഴുത്തിനുള്ള മറുപടി എഴുത്തിലൂടെ) എന്ന നിലപാടാണ് സ്വീകരിച്ചത്. അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും കാംബ്രിഡ്ജിലെത്തി ആ പുസ്തകത്തിന് ശക്തമായ മറുപടി എഴുതുകയും ചെയ്തു. വൈകാരികമായ പ്രതികരണങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. യുക്തമായ രീതിയിലെ പ്രതികരണങ്ങളാണ് ആവശ്യം. നമ്മെ നിന്ദിക്കുന്ന നമുക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലാക്കുന്നതുതന്നെയാണ് ഏറ്റവും യുക്തമായ പ്രതികരണം. പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പലതും എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. സര്‍ സയ്യിദ് ഇത് കൃത്യമായി മനസ്സിലാക്കിയിരുന്നു.
മതത്തെയും സമൂഹത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഇങ്ങനെ യുക്തിഭദ്രമായിരുന്നു. സര്‍ സയ്യിദിന്റെ ഈ നിലപാടുകളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സര്‍ സയ്യിദിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഇതെന്നെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതവും രചനകളും നിലപാടുകളും പഠനവിധേയമാക്കി. ഒരു വ്യക്തി എന്ന നിലയില്‍ അല്ലെങ്കില്‍ ഒരാശയപ്രചാരകന്‍ എന്ന നിലയില്‍ പല അഭിപ്രായഭിന്നതകളും സര്‍ സയ്യിദിനെ കുറിച്ച് പലര്‍ക്കുമുണ്ടാവാം. പക്ഷേ, സമൂഹത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ മിക്കതും വിപ്ലവകരമായിരുന്നു. ദീര്‍ഘദൃഷ്ടിയുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍. മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് അത് ബോധ്യമാകും.
പ്രവാചകനിന്ദ, മതനിന്ദ പോലോത്ത നിരാശാജനകമായ സംഭവങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ശരീഅത് കോടതികള്‍ വ്യവഹാരങ്ങളുമായി മുന്നോട്ടുവരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അക്രമവും അരാജകത്വവും ഇസ്‌ലാമിന്റെ രീതിയല്ല എന്ന് അദ്ദേഹം ശക്തിയുക്തം വാദിച്ചു. ജനാധിപത്യ വ്യവസ്ഥയിലെ മുസ്‌ലിം ജീവിതങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് അദ്ദേഹം അന്വേഷണവിധേയമാക്കിയിരുന്നു.
സാഹിത്യത്തിലൂടെയുള്ള പ്രതിരോധം
മതത്തിനും ജാതിക്കും വര്‍ണത്തിനുമപ്പുറം മാനുഷികമൂല്യങ്ങള്‍ക്കാണ് സാഹിത്യം പരിഗണന നല്‍കുന്നത്. ജിംഗോളിസ്റ്റിക് ദേശീയതയുടെ അതിപ്രസരം സാധാരണയാവുന്ന ഈ കാലഘട്ടത്തില്‍ ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും യഥാര്‍ത്ഥ വശങ്ങള്‍ സമൂഹത്തിന് പരിചിതമാക്കേണ്ടത് അനിവാര്യമാണ്. വികലമായ ദേശീയതാസങ്കല്പവും രാജ്യസ്‌നേഹവും ശരിയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
സത്യാനന്തരലോകവും സമകാലിക ദേശീയതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഫാക്ച്വല്‍ സത്യങ്ങള്‍ തെളിമയോടെയുള്ള ബോധ്യമാണെങ്കില്‍ കൂടി നവമാധ്യമങ്ങളിലൂടെ പരക്കുന്ന വൈകാരിക ബോധങ്ങളോടാണ് ജനങ്ങള്‍ക്ക് താത്പര്യം. പതിനഞ്ചു ലക്ഷം അക്കൗണ്ടുകളിലേക്ക് വരില്ല എന്ന വ്യക്തമായ ബോധമുണ്ടെങ്കില്‍ കൂടി ജനങ്ങള്‍ അത് അംഗീകരിക്കുന്നു. ഇവിടെ സത്യങ്ങളെ സൃഷ്ടിക്കുന്നത് മാധ്യമങ്ങളും പരസ്യചിത്രങ്ങളുമാണ്. അർഥം മാത്രമല്ല സത്യവും നിര്‍മിതമാവുന്ന കെട്ടകാലത്താണ് നമ്മുടെ ജീവിതം.
സത്യാനന്തര കാലത്തിലേക്ക് നമ്മളെത്തിപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മതങ്ങളുടെയും ആശയസംഹിതകളുടെയും പരാജയമാണ്. മതങ്ങള്‍ക്ക് ആത്മീയബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പാവനമായ ആത്മീയ സ്വഭാവം മാറി ഒരു “വള്‍ഗര്‍’ ആചാരം മാത്രമായി അത് ചുരുങ്ങിപ്പോവുന്നത് എത്രമേല്‍ ഭയാനകമാണ്. ഇങ്ങനെ പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട മനുഷ്യരാണ് സത്യാനന്തര കാലത്തിന്റെ സ്രഷ്ടാക്കള്‍. ആധുനികകാലത്ത് സാഹിത്യത്തിന്റെ ധര്‍മം ഈ പ്രതീക്ഷയുടെ വീണ്ടെടുപ്പ് കൂടിയാണ്.
ചരിത്രത്തിന്റെ ഐതിഹാസികമായ പുനര്‍നിര്‍മാണത്തിനു വേണ്ടി വലതുപക്ഷ ഫാഷിസം ലോകം മുഴുവന്‍ അലമുറകൂട്ടുമ്പോള്‍ പ്രതീക്ഷ ഭൂതകാലത്തിലല്ല മറിച്ച് ഭാവിയിലാണ് എന്ന് സാഹിത്യം വിളിച്ചുപറയാന്‍ ശ്രമിക്കുന്നു. ഗൃഹാതുരമായ ഒരു മാര്‍ഗദര്‍ശി മാത്രമാണ് ചരിത്രം എന്ന അപ്രിയ സത്യം സാഹിത്യത്തിന് പ്രിയപ്പെട്ടതാവുന്നത് ഇങ്ങനെയാണ്.
സാഹിത്യത്തോടുള്ള വ്യക്തിപരമായ ബന്ധം
എന്റെ മാതാവിന്റെ പിതാവ് മതപണ്ഡിതനും ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥ കര്‍ത്താവുമായിരുന്നു. നാന എന്ന് ഞാന്‍ വിളിക്കുന്ന അദ്ദേഹമാണ് എന്നെ സാഹിത്യകൃതികളിലേക്ക് ക്ഷണിക്കുന്നത്. ധാരാളം കൃതികള്‍ വായിച്ചു. ഉറുദു കൃതികളാണ് കൂടുതല്‍ വായിച്ചത്. ഗാലിബ്, ഇഖ്ബാല്‍, കാഫ്ക, മിലന്‍ കുന്ദേശ തുടങ്ങിയ എഴുത്തുകാരാണ് കൂടുതല്‍ സ്വാധീനിച്ചത്. അവരുടെ എഴുത്തുകളിലൂടെയാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. അങ്ങനെ ചെറിയ എഴുത്തുകളില്‍ തുടങ്ങി ഇന്ന് സാഹിത്യ അക്കാദമി അവാര്‍ഡിലെത്തി നില്‍ക്കുന്ന ഈ യാത്രയില്‍ കമലാദാസ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബഷീറിന്റെ പല കൃതികളും വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തന്നെ ജീവിക്കുന്ന ഉത്തരേന്ത്യന്‍ ജനതക്ക് പരിചിതമല്ലാത്ത ഒരു മുസ്‌ലിം പശ്ചാത്തലം അനാവരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം അനുഭവിച്ചിട്ടുണ്ട്.
ഷഫീ കിദ്വായ്
You must be logged in to post a comment Login