1981 ലാണ് എന്‍ എസ് മാധവനെ പരിചയപ്പെടുന്നത്. കണ്ണൂര്‍ എസ് എം കോളജില്‍ പഠിക്കുന്ന സമയം. അവിടെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിനയിക്കുന്ന കാലമാണ്. അടുത്തുള്ള സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട്ടു വന്ന് സാംസ്‌കാരിക നായകന്മാരെ ഇടക്കിടെ വന്നു കാണാറുണ്ട്. എം ടി വാസുദേവന്‍ നായരെ കാണണമെന്ന് നന്നായി ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് സാധ്യമായിരുന്നില്ല. ഈയടുത്ത് അതിന് അവസരം കിട്ടി. സ്ഥിരമായി കാണാറുള്ളത് ചിന്ത രവീന്ദ്രന്‍, ചെലവൂര്‍ വേണു, കോയ മുഹമ്മദ് തുടങ്ങിയവരെയായിരുന്നു. “ചൂളൈമേടിലെ ശവങ്ങള്‍’ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ചിന്ത അതിന്റെ മുഖവുര എഴുതുന്നു. ചിന്തയുമായി വളരെ അടുപ്പമാണ്. അവിടെയെത്തിയ എന്നോട് ഒന്ന് വായിച്ചുനോക്കാന്‍ പറഞ്ഞു. അതിനു മുമ്പ് ഞാന്‍ മാധവനെ വായിച്ചിട്ടില്ലായിരുന്നു. ഞാനിന്നോളം മാധവനെ വായിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ മറുപടി എന്നാ പിന്നെ നീയൊന്നും വായിച്ചിട്ടില്ല എന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി മാധവനെ പരിചയപ്പെടുന്നത്.
പിന്നീട് ഞാന്‍ മാധവനെ വായിച്ചു തുടങ്ങി. സമകാലിക ചരിത്രത്തെയും ചരിത്രബോധത്തെയും ബന്ധപ്പെടുത്തി മനുഷ്യജീവിതത്തിന്റെ ഒടുങ്ങാത്ത സമരവീര്യം പ്രകടനപരതയില്ലാതെ അവതരിപ്പിക്കുന്ന ഒരുപാട് കഥകള്‍ വായിച്ചു. “ചൂളൈമേടിലെ ശവങ്ങള്‍’ വായിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1985 ല്‍ ഡല്‍ഹിയില്‍ ദേശാഭിമാനി ലേഖകനായിപ്പോയി. അതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴാണ് തോമസ് ജേക്കബ് പറഞ്ഞ എന്‍ എസ് എന്ന വിശ്വവിജ്ഞാന കോശത്തിന്റെ മറ്റൊരു രൂപം അനാവൃതമാകുന്നത്. ബിഹാറും യു പിയും എന്റെ കവറിംഗിന്റെ ഭാഗമാണ്. ബിഹാറിലുള്ള രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ നമുക്കിവിടെ എമ്പാടും ആളുകളുണ്ട്. കേരളത്തില്‍ നിന്നും പോവുന്ന ഒരാള്‍ക്ക്, തൃണമൂലങ്ങളിലുള്ള ബീഹാറും ഉത്തര്‍പ്രദേശും, മിഥിലയുടെ ഭൂമിശാസ്ത്രം, ഭോജ്പൂരിന്റെ സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയവ പറഞ്ഞുതരാന്‍ അവിടെ മാധവന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ.
ബിഹാറില്‍ എന്‍ എസ് മാധവന്റെ പേരില്‍ ഒരു ഗ്രാമത്തെരുവുണ്ട്. രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതിന്റെ ഉപകാര സ്മരണയില്‍ പൊതുജനം നല്‍കിയ സമ്മാനം. അടിമുടി ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന പ്രദേശങ്ങളായിരുന്നു യു പിയിലും ബിഹാറിലും. ആ പ്രദേശത്ത് ഉന്നത ജാതിക്കാര്‍ വെള്ളം കിട്ടുന്ന സ്ഥലം കൈയടക്കി. താഴ്ന്ന ജാതിക്കാര്‍ വെള്ളം കിട്ടാതെ വിഷമിച്ചു. മാധവന്‍ ഐ എ എസ് ഉദ്യേഗസ്ഥനായി അവിടെ എത്തിയിട്ടേ ഉള്ളൂ. എന്തുവന്നാലും താഴ്ന്ന ജാതിക്കാര്‍ക്ക് വെള്ളം കൊടുക്കൂല എന്ന ഉറച്ച തീരുമാനത്തിലാണ് ഉന്നത ജാതിക്കാര്‍. മാധവനെത്തി. ജീപ്പില്‍ നിന്നിറങ്ങിപ്പോയി പ്രധാന പുള്ളിയുടെ കഴുത്തിന് പിടിച്ച് ഒരടിയങ്ങ് കൊടുത്തു. പ്രശ്‌നത്തിന് പരിഹാരമായി. പിറ്റേ ദിവസം മുതല്‍ വെള്ളം കിട്ടിത്തുടങ്ങി. മാധവന് അങ്ങനെ ഒരു മുഖമുണ്ടെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. ആദരസൂചകമായി ആ സ്ഥലത്തിന് നാട്ടുകാര്‍ എന്‍ എസ് മാധവന്‍ നഗര്‍ എന്ന് പേരിട്ടു. ആ ഗ്രാമം ഇപ്പോഴും അവിടെയുണ്ട്. മലയാളികള്‍ കണ്ടിരിക്കേണ്ടതാണ്.
ബിഹാറിലെ ബ്യൂറോക്രസിയില്‍ മാധവന് വലിയ സ്ഥാനമുണ്ട്. അവിടത്തെ വളരെ പ്രധാനപ്പെട്ട, കാര്‍ഷിക കാര്യങ്ങളുടെ നിയന്ത്രണ പദവിയാണ് എ പി സി. ബിഹാറിന്റെ ചരിത്രത്തിലെ മികച്ച എ പി സികളിലൊരാളായിരുന്നു എന്‍ എസ് മാധവന്‍. അവിടത്തെ വലിയ നേതാക്കന്മാരായ ലാലുവും നിധീഷുമെല്ലാം ഇത് പറയാറുണ്ട്. നമുക്കഭിമാനിക്കാനുള്ള പല തലങ്ങളാണിവ. മനോരമയില്‍ ഫുട്‌ബോള്‍ മുതല്‍ കാസ്‌ട്രോ വരെയുള്ള കാര്യങ്ങള്‍ എഴുതുന്ന മാധവനെ മലയാളികള്‍ക്കറിയാം. പക്ഷേ, പലര്‍ക്കും അറിയാത്ത, മനസ്സിലാകാത്ത മാധവനെ പരിചയപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്.
വെങ്കിടേഷ് രാമകൃഷ്ണന്‍
You must be logged in to post a comment Login