ഇഹലോക ജീവിതം വ്യവസ്ഥാപിതവും അർഥപൂർണവുമാകാനുള്ള നിയമ സംഹിത മനുഷ്യനിർമിതമാകാൻ പാടില്ലെന്നാണ് ഇതുവരെ സമർഥിച്ചത്. ശേഷിക്കുന്ന ഏക സാധ്യത അത് ദൈവികമായിരിക്കണമെന്നതാണ്.
റെലീജ്യോ(Religio) എന്ന ലാറ്റിൻ പദത്തിൽനിന്ന് ഉൾതിരിഞ്ഞ Religion എന്ന പദമാണ് മതമെന്ന അർഥത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. “മനുഷ്യനെ ഒന്നിപ്പിക്കുന്നത്’ എന്ന് ഭാഷാർഥം. ഒരു വിഭാഗം മനുഷ്യർ അനുഷ്ഠിക്കുന്ന വിശ്വാസ- ആചാരങ്ങളെ അവരുടെ മതം എന്ന് വിളിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവും ആധുനികവും പ്രാചീനവുമായ നിരവധി നിർവചനങ്ങൾ, വിവിധ പശ്ചാതലങ്ങളിൽ മതത്തിനു പ്രചാരത്തിലുണ്ട്. വേദം, പ്രവാചകൻ, ആചാര്യൻ, തത്ത്വസംഹിത പോലുള്ളവ നിഷ്കർഷിക്കുന്നവയും അതൊന്നുമില്ലാത്ത മനുഷ്യനിർമിത ദർശനങ്ങളും മതമായി അറിയപ്പെടുന്നു. അവയിൽതന്നെ നാസ്തികവും ആസ്തികവുമുണ്ട്. ബൗദ്ധ- ജൈന മതങ്ങൾ ദൈവ നിഷേധപരമാണെന്ന നാസ്തികവായനകൾ പോലും കാണാം. “മത’മെന്നാൽ അഭിപ്രായമാണെന്ന വിശദീകരണമനുസരിച്ച് ഇവയെക്കുറിച്ചൊക്കെ മതമെന്നു പറയുന്നത് ഭാഷാപരമായി സംഗതവുമാണ്. എന്നാൽ, നമ്മുടെ ചർച്ചയിൽ മതമെന്നതുകൊണ്ട് അർഥമാക്കുന്നത് “അല്ലാഹുവിങ്കൽ സ്വീകാര്യമായ ഏകദർശന’മെന്ന് ഖുർആൻ പരിചയപ്പെടുത്തിയ (3:19) ഇസ്‌ലാമിനെയാണ്. അഥവാ, “പ്രശംസനീയമായ സ്വേച്ഛ മുഖേന മതം തിരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാരെ അവർക്ക് ഏറ്റവും ഗുണപ്രദമായതിലേക്ക് നയിക്കുന്ന ദൈവിക സംവിധാനത്തെക്കുറിച്ച് (തുഹ്ഫ 1:21). അതേ മനുഷ്യന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയുള്ളൂവെന്ന വസ്തുത പരിഗണിച്ചാണിത്.
പ്രപഞ്ചത്തിന് സർവ ശക്തനും സർവജ്ഞനുമായ ഒരു സ്രഷ്ടാവുണ്ട്. അവനാണ് നമ്മെയും സർവ ചരാചരങ്ങളെയും പടച്ചത്. അന്നവും വെള്ളവും ജീവശ്വാസവും സംവിധാനിക്കുന്നത്. അവനെ വിശ്വസിച്ച്, കല്പനകൾ സ്വീകരിച്ച് ജീവിക്കുന്നതാണ് വിജയമാർഗം- മതം മുന്നോട്ടുവെക്കുന്ന അടിസ്ഥാന തത്വമിതാണ്(വിശദീകരണം പിന്നീട്). പരിഹാസത്തോടെയോ പ്രകോപനപരമായോ നേരിടേണ്ട ഒരു ക്ലിഷ്ടദർശനമല്ല ഇത്, പ്രത്യുത സുതാര്യമായി ആർക്കും ബോധ്യപ്പെടുന്ന യാഥാർത്ഥ്യം മാത്രം. ചാൾസ് ബാബേജാണ് കമ്പ്യൂട്ടറിന്റെ പിതാവ്. ഡോ. റെന്ന ലെനക് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചു. ഗ്രഹാംബെൽ ടെലിഫോണും മാർക്കോണി റേഡിയോയും നിർമിച്ചു. അങ്ങനെ വിവിധ കണ്ടെത്തലുകൾക്ക് പിന്നിലൊക്കെ ഒരാളുണ്ടാകും. അതാതു കണ്ടെത്തലുകൾ അവയുടെതായ ഉപജ്ഞാതാക്കളാണ് പഠിപ്പിച്ചുതരേണ്ടത്. അവരാണ് അവയുടെ ഉപയോഗരീതിയും ഫലവും വിശദീകരിക്കേണ്ടത്. ഉപജ്ഞാതാക്കളെ മാറ്റിനിറുത്തി ഉപകരണത്തെക്കുറിച്ച് ഒന്നുമറിയാത്തൊരാൾ അതിന്റെ പ്രവർത്തനങ്ങളും പാലിക്കേണ്ട നിയമങ്ങളും വിവരിക്കുന്നത് എത്രമേൽ അബദ്ധമാണ്! അതിലേറെ ബുദ്ധിശൂന്യമാണ് മനുഷ്യൻ പാലിക്കേണ്ട ജീവിതക്രമം അവന്റെ സ്രഷ്ടാവിൽനിന്നു സ്വീകരിക്കാതെ, മറ്റു സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കുന്നത്. കാറ് നിർമിച്ച ഒരു കമ്പനിയെക്കുറിച്ച് ആലോചിക്കുക- അതിന്റെ സുഗമമായ പ്രവർത്തനത്തിന് അവർ നൽകുന്ന നിയമപുസ്തകമുണ്ട്. അതനുസരിച്ച് മുന്നോട്ടുപോകുന്ന ഉപഭോക്താവിന്റെ വാഹനം കാര്യക്ഷമമായിരിക്കും; നല്ല ആയുസും ഇന്ധനക്ഷമതയും സുരക്ഷയും ലഭിക്കും. ഒരാൾ അതിനുവിരുദ്ധമായി വാഹനം പ്രവർത്തിപ്പിച്ചാലോ? അത് തകരാറിലാവും. ആധുനിക സർവ സ്വതന്ത്രവാദികളുടെ (Liberalist) പ്രസിദ്ധ മുദ്രാവാക്യം My body is my choice (എന്റെ ശരീരം എന്റെ അവകാശം, തനിക്കിഷ്ടമുള്ള പ്രകാരം അതിനെ ഉപയോഗിക്കും. മറ്റാരും അതിൽ ഇടപെടാവതല്ല) അനുകരിച്ച് എന്റെ കാറ് എന്റെ ഇഷ്ടം- എന്ന രീതിയിൽ ഉപയോഗപ്പെടുത്തിയാലോ? നിശ്ചയം, അത് തകർന്ന് ഉപയോഗശൂന്യമാകും. ഒരാൾ ഡീസൽ വാഹനത്തിൽ പെട്രോളൊഴിച്ചു. അല്ലെങ്കിൽ റേഡിയേറ്ററിൽ മണ്ണെണ്ണ നിറച്ചു! മുമ്പിൽ ഭീമാകാരമായ ഗർത്തം കാണുമ്പോൾ ബ്രേക്കിനു പകരം ആക്സിലേറ്റർ ആഞ്ഞുചവിട്ടി…! കഥതീർന്നതുതന്നെ.
അടിസ്ഥാനപരമായ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം വാഹനം കാര്യക്ഷമമായി പ്രവർത്തിക്കില്ല. കൃത്യമായി സർവീസ് വേണം. കമ്പനിയിൽ നിന്ന് വിളിച്ച് പറഞ്ഞ ദിവസം പരിശോധനക്ക് കൊണ്ടുപോവണം. അങ്ങനെ പലതും. റൊക്കം പണം കൊടുത്ത് ഞാൻ വാങ്ങിയതോടെ വാഹനം എന്റേതായി, ഇനി ആരുടെ നിർദേശങ്ങളും എനിക്ക് സ്വീകാര്യമല്ലെന്ന് വാദിക്കുന്നയാൾ പ്രജ്ഞാശൂന്യനാണ്, അബദ്ധത്തിലാണ്. സ്രഷ്ടാവാകുന്ന ദൈവത്തിന്റെ നിയമവ്യവസ്ഥകൾ പാലിക്കാതെ മനുഷ്യനെന്ന സങ്കീർണ യന്ത്രത്തെ പ്രവർത്തിപ്പിക്കുന്നവർ ഇതിലേറെ ഗുരുതരമായ പരാജയത്തിലാണ് എത്തിച്ചേരുക . മനുഷ്യനെന്നാൽ യഥാർത്ഥത്തിൽ ആത്മാവാണ്. അവനു സഞ്ചരിക്കാനുള്ള വാഹനമാണ്, ഉപകരണമാണ് ശരീരം. ഈ യന്ത്രത്തെ വേണ്ടവിധം പ്രവർത്തിപ്പിക്കാനുള്ള , ഓരോ ആത്മാവും ആത്മാർഥമായി സ്വീകരിച്ചനുഷ്ഠിക്കേണ്ട നിയമങ്ങളാണ് മതം. “മനുഷ്യ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സാധുവായ ഒരു വീക്ഷണം മുന്നോട്ടുവെക്കുന്നതിൽ ഇതുവരെയും ആധുനിക തത്വസംഹിതകളും ശാസ്ത്രീയ വിദഗ്ധരും ദേശീയ ഭരണാധികാരികളും വിജയിച്ചിട്ടില്ല’ എന്ന് മതവിരുദ്ധനായ യുവാൽ നോവാ ഹരാരിക്കുപോലും സമ്മതിക്കേണ്ടിവരുന്നതിനാൽ (21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ. പുറം 168) മറ്റൊരു മാർഗം അപ്രസക്തമാണ്. ഭൗതിക ജീവിതത്തിലെ വരും കാലമാണ് ഇദ്ദേഹം പരാമർശിച്ച ഭാവി. അതുപോലും ആധുനിക സംവിധാനങ്ങൾക്ക് അറിയാനാവില്ലെന്ന്!
മരണാനന്തരമെന്ന യഥാർത്ഥ ഭാവിയെക്കുറിച്ച് തീർച്ചയായും മതത്തിനല്ലാതെ ഒന്നും പറയാനാവില്ലെന്ന പ്രഖ്യാപനം കൂടിയാണിത്.
നമ്മുടെ അറിവ് ഭൗതിക ലോകത്തിന്റെ ഇത്തിരി വട്ടത്തിൽ പരിമിതമാണെന്നിരിക്കെ,ശാസ്ത്രവും സാങ്കേതികതയും ഈ പ്രപഞ്ചത്തെ മാത്രം വിശദീകരിക്കാനുള്ള ദുർബലനായ മനുഷ്യന്റെ തെറ്റുപറ്റാൻ ഏറെ സാധ്യതയുള്ള ശ്രമം മാത്രമാണെന്ന് ബോധ്യമായിരിക്കെ തികച്ചും അഭൗതികമായ ആത്മാവ്, പരലോകം, ശിക്ഷാരക്ഷകൾ, പരമമായ മോക്ഷം- ഇത്യാദി വിഷയങ്ങളിൽ മതത്തെ ആശ്രയിക്കുക മാത്രമാണ് പരിഹാരം.
അല്ലാമാ സഈദ് റമളാൻ ബൂത്വി വിശദീകരിക്കുന്നതുപോലെ, ഏതെങ്കിലും ഹിംസ്ര ജന്തുവിന്റെ ഗുഹയിൽ അകപ്പെട്ട വ്യക്തി, അത് ഭക്ഷിച്ച വിവിധ മൃഗങ്ങളുടെ അവശിഷ്ടങ്ങൾക്ക് നടുവിൽനിന്ന് അടിയന്തിര പ്രാധാന്യത്തോടെ ചിന്തിക്കുക രക്ഷപ്പെടാനുള്ള മാർഗത്തെക്കുറിച്ചായിരിക്കും. പരമാവധി വേഗം പുറത്തിറങ്ങാൻ അദ്ദേഹം കഠിനാധ്വാനം ചെയ്യും. വിവേകവും ബുദ്ധിയുമുണ്ടെങ്കിൽ ഒരു നിമിഷം പോലും അലസനാവാൻ അവനാവില്ല. കിണറിൽ വീണുപോയാലും, റൂമിലകപ്പെട്ട് പുറത്തിറങ്ങാൻ കഴിയാതെ വന്നാലുമൊക്കെ അവസ്ഥ ഇതുതന്നെയായിരിക്കും. ഇഹലോകത്ത് അകപ്പെട്ട മനുഷ്യൻ, ഹിംസ്ര ജീവിയെ പോലുള്ളഭീകരമായ മരണം കടന്നുവരുംമുമ്പ് യഥാർഥ ലോകത്ത് രക്ഷപ്പെടാനുള്ള മാർഗത്തെക്കുറിച്ച് കൂലങ്കശമായി ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള യഥാർത്ഥ വഴിയാണ് തിരുത്തലുകളില്ലാത്ത ദൈവിക ദർശനം. മതം പറയുന്ന നിയമങ്ങൾ അംഗീകരിക്കുന്നതാണ് ആത്മാവിന്റെ പരിപോഷണത്തിനുള്ള ശരിയായ രീതി. “ഇതാണ് എന്റെ ഋജുവായ മാർഗം. ഇത് നിങ്ങൾ പിന്തുടരുക. വ്യത്യസ്ത മാർഗങ്ങൾ അനുധാവനം ചെയ്യരുത് ;അത് നിങ്ങളെ ഭിന്നിപ്പിക്കുന്നതാണ്'(വിശുദ്ധ ഖുർആൻ 6: 153).മതത്തിന്റെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് ഒരു ക്ലിഷ്ടതയും തീരുമാനിച്ചിട്ടില്ല ( 22:78).
എല്ലാമോഹങ്ങളും നിറവേറ്റി ആർക്കും ജീവിക്കാനാവില്ല. ലോകം മുഴുവൻ ഒത്തൊരുമിച്ചാലും സാധിപ്പിക്കാനാവാത്ത ആഗ്രഹങ്ങൾ പലർക്കുമുണ്ടാകും. ഒരിക്കലെങ്കിലും പിതാവിന്റെ മുഖം കാണണമെന്ന കഠിന താല്പര്യവുമായി ജീവിക്കുന്ന, തന്റെ ജനനത്തിനു മുമ്പേ പിതാവ് മരണപ്പെട്ട ഒരാളുടെ മോഹത്തിന് സാക്ഷാത്കാരം നൽകാൻ ഏത് ഭൗതിക സംവിധാനത്തിന് സാധിക്കും? ലാളിച്ചു കൊതിതീരും മുന്നേ മരണപ്പെട്ട കൈകുഞ്ഞിനെ കുറിച്ചുള്ള ദുഃഖസ്മരണകളുമായി ദിനരാത്രങ്ങൾ തള്ളി നീക്കുന്ന ഒരു മാതാവിന്റെയും അവരുടെ ഹൃദയത്തിന്റെ കഷ്ണമായ വിനഷ്ടകുമാരന്റെയും പുനഃസമാഗമത്തിനു എന്തു സൗകര്യമാണ് ഇവിടെയുള്ളത്? സന്താനങ്ങളെല്ലാം മന്ദബുദ്ധികളായ മാതാപിതാക്കൾക്ക്, അവരുടെ സ്നാനവും ശൗച്യം ചെയ്യലുടക്കമുള്ള സേവനപ്രവർത്തനങ്ങളിലായി മരണം വരെ നിലകൊള്ളുകയല്ലാതെ ഒരിക്കലെങ്കിലും സന്തോഷിക്കാൻ അവസരം ലഭിച്ചുകൊള്ളണമെന്നില്ല. ഇവർക്ക് ആ മക്കളുമൊത്തുള്ള സന്തോഷ ജീവിതം ഭൗതിക ചുറ്റുപാടിൽ അസാധ്യമാണ്. ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാതെ, കുട്ടിൾക്കായി ജീവിതം ഹോമിച്ച ഈ സാധു ജന്മങ്ങൾക്ക് ആനന്ദത്തിന് അവസരം വേണ്ടതില്ലേ? ഇത്തരം അനേകം മോഹങ്ങൾക്ക് സുതാര്യ പരിഹാരമാണ് മതം പഠിപ്പിക്കുന്ന പരലോകം. അത് പ്രതീക്ഷയുടെ വെളിച്ചത്തിൽ മനുഷ്യജന്മം സഫലീകരിക്കുന്നു. വിനയാന്വിതരായി ഇതംഗീകരിക്കുമ്പോൾ മനുഷ്യമഹത്വം ഏറെ ഉയർന്നുപൊങ്ങുന്നു. അഹന്തയും അഹങ്കാരവും മൂർച്ഛിച്ച് വിജയത്തിനുള്ള മതമാർഗത്തെ അവഗണിക്കുന്നതോടെ ആത്യന്തികമായി പരാജയപ്പെടുകയും ചെയ്യുന്നു. സൂചിപ്പിച്ചതുപോലെ, ദൈവദത്തമായ മതവഴിയിലൂടെയല്ലാതെ ആത്മികവും അഭൗതികവുമായ പ്രശ്നങ്ങളെ പരിഹരിക്കാനാവില്ല. ഭൗതിക കാര്യങ്ങളിൽതന്നെയും ഏറെ വികസിച്ച ആധുനിക ശാസ്ത്രത്തിനുപോലും തുച്ഛമായ അറിവുമാത്രമേയുള്ളൂ; കണ്ടെത്തിയതിന്റെ അനേകം മടങ്ങ് ഇനിയും ബോധ്യപ്പെടാനിരിക്കുന്നു. “കുറഞ്ഞ വിജ്ഞാനമേ നിങ്ങൾക്ക് ലഭ്യമായിട്ടുള്ളൂവെന്ന്’ വിശുദ്ധ ഖുർആൻ(17:85) ഓർമപ്പെടുത്തിയിട്ടുണ്ടല്ലോ. യുവാൻ നോവാ ഹരാരിയുടെ വാക്കുകൾ ഇങ്ങനെ: വ്യക്തികളായ മനുഷ്യർക്ക് ഈ ലോകത്തെക്കുറിച്ച് ലജ്ജാവഹമായ വിധത്തിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് അറിയാവുന്നത്. ചരിത്രം മുന്നോട്ടുപോകും തോറും അവർക്കറിയാവുന്ന കാര്യങ്ങൾ കുറഞ്ഞുകുറഞ്ഞുവരികയും ചെയ്യുന്നു. വ്യക്തിപരമായി വളരെ കുറച്ചുകാര്യങ്ങൾ മാത്രമാണ് അറിയാവുന്നതെങ്കിലും ഒരുപാട് കാര്യങ്ങൾ നമുക്കറിയാമെന്ന് നമ്മൾ വിചാരിക്കും. കാരണം, മറ്റുള്ളവരുടെ മനസ്സിലുള്ള അറിവിനെയും നമ്മൾ കാണുന്നത് നമ്മുടെ അറിവായിട്ടാണ് (21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ- പുറം 274). വസ്തുത ഇതായിരിക്കേ നമ്മുടെയോ ശാസ്ത്രത്തിന്റെയോ ഗവേഷണ വിഷയമേ അല്ലാത്ത, മനുഷ്യരെന്ന വിധത്തിൽ നമുക്കൊന്ന് എത്തിനോക്കാൻ പോലുമാവാത്ത അഭൗതിക കാര്യത്തിൽ മാനവരുടെ അജ്ഞത എത്രമേൽ ഭീമാകാരമായിരിക്കും? ഇത് പരിഹരിക്കുകയാണ് ദൈവദത്തമായ മതം. മനുഷ്യനെ നിയന്ത്രിക്കാൻ അതുകൂടിയേ തീരൂ. അണുബോംബ് നിർമിക്കാനുള്ള വിജ്ഞാനം ശാസ്ത്രം പഠിപ്പിക്കും; എന്നാൽ അത് മനുഷ്യർക്കു മേൽ പ്രയോഗിക്കരുതെന്ന് പറയാൻ മതം വേണം. ക്ലോറോഫോം (Chloroform)എന്ന രാസ പദാർഥം ഉപയോഗപ്പെടുത്തി മനുഷ്യരെ കൊല്ലേണ്ടതെങ്ങനെയെന്ന പഠനം ശാസ്ത്രത്തിന്റെ മേഖലയാണ്; എന്നാൽ അപ്രകാരം ചെയ്യുന്നതിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ച അവിടെ പ്രസക്തമല്ല.
മനുഷ്യനിർമിത നിയമങ്ങളുടെ വലിയ ന്യൂനത, അത് നിർമാതാക്കളുടെ പരിമിത ജ്ഞാനത്തെ ആശ്രയിച്ചു രൂപപ്പെടുന്നതാണെന്നതാണ്. സർവ ലോകത്തെക്കുറിച്ചും സർവ കാലത്തെക്കുറിച്ചും കാലത്തിനപ്പുറമുള്ള മഹാലോകത്തെക്കുറിച്ചുമൊന്നും അവർക്കറിയില്ല. ഈ അജ്ഞത നിയമത്തെ ഉറപ്പായും ബാധിക്കും; ഒരുപോലെ പ്രായോഗികമാകാതെ വരികയും ചെയ്യും. നിയമ നിർമാതാക്കളെക്കാൾ ബുദ്ധിമാനായ ഒരാൾ വിചാരിച്ചാൽ അവയെ നിഷ്പ്രഭമാക്കാനും പകരം ധാർമികമോ വിരുദ്ധമോ ആയ മറ്റൊരു നിയമം രൂപവത്കരിക്കാനും കഴിയും. കൂടാതെ, ആത്മികബോധമോ പരലോക ചിന്തയോ ബന്ധിപ്പിക്കാതെയുള്ള ഇത്തരം നിയമങ്ങൾ പലപ്പോഴും അനുസരിക്കേണ്ടതിനുവേണ്ടി മാത്രം അനുസരിക്കുകയാണുണ്ടാവുക; ആത്മാർഥത തീരെയുണ്ടാവണമെന്നില്ല. അനുസരിപ്പിക്കാൻ ഭൗതിക സംവിധാനങ്ങളുടെ നീണ്ട നിര- പൊലീസ്, കോടതി, ജയിൽ തുടങ്ങി- വേണ്ടിവരും. ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് ഇത്തരം സംവിധാനങ്ങളൊരുക്കി അവരെ നിയമം അനുസരിപ്പിക്കൽ അപ്രായോഗികമാണ്. നിയമലംഘനം സാർവത്രികമാകുമെന്ന് വ്യക്തം. ആരോരും കാണാത്തിടത്തുവെച്ച് നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽനിന്ന് നിയമലംഘകരെ തടയാൻ ഈ സംവിധാനങ്ങൾക്കാകില്ല. കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ സാഹസികമായി പിടികൂടേണ്ടിവരുന്നത് ഇത്തരമൊരു പരിമിതികൊണ്ടാണ്. “നയനങ്ങളുടെ സ്വകാര്യ ദർശനം മുതൽ ഹൃദയാന്തരങ്ങളുടെ രഹസ്യ വിചാരം വരെ അറിയുന്ന (ഖുർആൻ 40:19), എപ്പോഴും വീക്ഷിച്ചു കൊണ്ടിരിക്കുന്ന(89:14) അല്ലാഹുവിലുള്ള യഥാർത്ഥ വിശ്വാസമേ എല്ലായ്പോഴും മനുഷ്യനെ നിയന്ത്രിക്കുകയുള്ളൂ.
മതവിശ്വാസികൾ തെറ്റുചെയ്യാറില്ലേ? ഇങ്ങനെയുള്ള ദൈവ വിശ്വാസം അവരെ ധർമനിഷ്ഠരാക്കുന്നില്ലല്ലോ- എന്നൊക്കെ സംശയിച്ചേക്കാം. ശരിയാണ്, പലപ്പോഴും ഇങ്ങനെയൊരു അപഭ്രംശം കാണാനാകുന്നുണ്ട്. അതുപക്ഷേ, മതത്തിന്റെയോ വിശ്വാസത്തിന്റെയോ പ്രശ്നമല്ലേ അല്ല. വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നവന്റെ ആൾമാറാട്ടത്തിന്റെതാണ്. മതം പറയുന്നതുപോലുള്ള യഥാർത്ഥ വിശ്വാസം ഉൾകൊള്ളാത്തതിന്റെതുമാണ്. പ്രജകളുടെ ക്ഷേമൈശ്വര്യമന്വേഷിച്ച് അർധരാത്രി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഖലീഫാ ഉമർ(റ) രണ്ടു സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരം ശ്രദ്ധിച്ച ചരിത്രം പ്രസിദ്ധം. പാൽക്കാരിയും മകളും. പതിവുപോലെ പാല് ലഭിക്കാതിരുന്ന അന്ന് ഉപഭോക്താക്കൾക്കെല്ലാവർക്കും പാല് എത്തിക്കാൻ വേണ്ടി അതിൽ വെള്ളം ചേർക്കാൻ നിർബന്ധിപ്പിക്കുകയാണ് മാതാവ്. സമ്മതിക്കാതിരുന്ന മകളോട് അവസാനമവർ ചോദിക്കുന്നതിങ്ങനെ: ആരെ ഭയന്നാണ് നീ വെള്ളം ചേർക്കാതിരിക്കുന്നത്? ഉമറും പട്ടാളവും ഇപ്പോൾ നല്ല ഉറക്കിലായിരിക്കും! യുവതി പ്രതികരിച്ചു: അതു ശരിയായിരിക്കാം. പക്ഷേ, ഉറക്കമോ ക്ഷീണമോ ബാധിക്കാത്ത അല്ലാഹു (2:255) ഇതൊക്കെ കാണുന്നില്ലേ? ഇതാണ് മതം പഠിപ്പിക്കുന്ന വിനയം,നിർമല ഭാവം, ഗുണകാംക്ഷ,സ്വയം നിയന്ത്രണം! ഈ വീട് അടയാളം വെച്ച് പാൽക്കാരിയുടെ മകളെ തന്റെ മകന് കല്യാണം നിശ്ചയിച്ചു സയ്യിദുനാ ഉമർ(റ). “അല്ലാഹുവിനെ ഭയപ്പെടുന്ന ഒരു സ്ത്രീയെ നിനക്ക് ഭാര്യയായിട്ടുവേണോ?’ എന്നായിരുന്നു പ്രഭാത നിസ്കാരാനന്തരം അദ്ദേഹം പുത്രനോട് അന്വേഷിച്ചത്. അല്ലാഹുവിലുള്ള സ്നേഹം, ഭയം, ആദരം. ഇതാണ് മനുഷ്യജീവിതത്തെ നന്മയുടെ ധവളിമയിൽ ചേർത്തുനിർത്തുന്നത്.
കളവുപറയാൻ പാടില്ലാത്തതിനാൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച സ്വർണനാണയം കൊള്ളക്കാർക്കുമുമ്പിൽ വെളിപ്പെടുത്തിയ ബഗ്ദാദിലെ അബ്ദുൽഖാദിറെന്ന കുട്ടിയിലും, കള്ളന്റെ ആവശ്യമറിഞ്ഞ് അവൻ തന്റെ വീട്ടിൽനിന്ന് കട്ടെടുത്ത തൊലികളയാത്ത ഗോതമ്പ് ഒഴിപ്പിച്ച്, സംസ്കരിച്ച് വെച്ച ഗോതമ്പുപൊടി ചാക്കുനിറയെ നൽകി നഗരാതിർത്തി കഴിയുവോളം കള്ളന് സംരക്ഷണത്തിനായി അയാളെ അനുഗമിച്ച ശൈഖ് രിഫാഈയിലും(റ) കാണുന്നതിതാണ്. കടം വാങ്ങിയ പണം യഥാസമയം തിരിച്ചുനൽകാനാവാത്തതിനാൽ, ഒരു പടുവൃദ്ധനിൽ നിന്ന് ശകാരവും ശാപവാക്കുകളും പ്രഹരവും ഏറ്റുവാങ്ങിയിട്ടും അക്ഷോഭ്യനായി നിലകൊണ്ട്, ആരോഗ്യവും സൗകര്യവും ഉണ്ടായിട്ടും അയാൾക്കെതിരെ പ്രതികരിക്കാത്തതിനുള്ള കാരണമന്വേഷിച്ച പിക്താളെന്ന പ്രസിദ്ധനോട് “എന്റെ മുഹമ്മദ് നബി അങ്ങനെയാണ് പഠിപ്പിച്ചതെന്ന് ‘ ഉത്തരം നൽകി പിക്താളിനെ ഇസ്‌ലാമിലേക്കുവരാൻ പ്രചോദിപ്പിച്ച ആധുനികനായ ലണ്ടൻ യുവാവും, തനിക്ക് കളഞ്ഞുകിട്ടിയ കുഞ്ഞു സ്വർണമാല, ആരുമറിയില്ലെന്നുറപ്പുണ്ടായിട്ടും നാലുവർഷത്തിലധികം സൂക്ഷിച്ചുവെച്ച് ഉടമയെ തേടിപ്പിടിച്ച് തിരിച്ചേല്പിച്ച മലപ്പുറത്തുകാരനായ ഓട്ടോ ഡ്രൈവറും അനേക കോടി വിശുദ്ധർ നിറഞ്ഞ ഈ ശൃംഖലയിലെ ചില കണ്ണികളാണ്! യഥാർത്ഥ മതവിശ്വാസിക്ക് ധർമനിഷ്ഠനാവാനേ കഴിയൂ. ചരിത്രവും പ്രമാണവും അതിനു സാക്ഷി. നബി(സ്വ) പറഞ്ഞതോർക്കുക: “വിശ്വാസിയായി ഒരാൾക്ക് വ്യഭിചരിക്കാനാവില്ല! വിശ്വാസിയായി കളവു നടത്താനോ മദ്യപിക്കാനോ സാധ്യമല്ല’ (ബുഖാരി. ഹദീസ് 6810). മതം ശക്തമായി നിരോധിക്കുന്നതാണ് ഈ പരാമർശിച്ച മൂന്ന് അധർമങ്ങളും. എന്നിട്ടുമത് ചെയ്യുന്നവൻ മതപ്രമാണങ്ങളെക്കാൾ തന്റെ യുക്തി ചിന്തക്ക് പ്രാധാന്യം നൽകുകയാണ് ചെയ്യുന്നത്. അതായത്, മതത്തിന്റെ പേരുണ്ടെങ്കിലും ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ, തൽക്കാലത്തേക്കെങ്കിലും അവൻ യുക്തിവാദിയാണെന്ന്! മനുഷ്യ വിജയത്തിനുള്ള പ്രായോഗിക മാർഗം ഭൗതിക നിയമങ്ങളൊന്നുമല്ല; ദൈവിക മതമാണെന്ന് ചുരുക്കം.
(തുടരും)
ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി
You must be logged in to post a comment Login