2024ല്‍ പൊതുതിരഞ്ഞെടുപ്പാണ്. മിക്കവാറും മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ എട്ടോ ഒന്‍പതോ ഘട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഏതാണ്ട് വെറും അഞ്ഞൂറ് ദിവസങ്ങള്‍ക്കപ്പുറം ഇന്ത്യ ജനവിധി തേടും. സാധാരണ നിലയില്‍ രാഷ്ട്രീയം ചൂടു പിടിക്കേണ്ട നാളുകളാണിത്. മാധ്യമബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ വിശകലനങ്ങളുടെ പ്രവാഹം തുടങ്ങേണ്ട സമയം. പ്രതിപക്ഷം സര്‍വ ആയുധങ്ങളും എടുത്ത് ഭരണപക്ഷത്തിനെതിരില്‍ പോര്‍മുഖം തുറക്കേണ്ട നാളുകള്‍. ഭരണപക്ഷം ആനുകൂല്യങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴ പെയ്യിക്കേണ്ട നാളുകള്‍. വാദപ്രതിവാദങ്ങളാല്‍ മുഖരിതമാകേണ്ട വാര്‍ത്താമുറികള്‍. അങ്ങനെയാണ് സംഭവിക്കേണ്ടത്. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചുവോ? വെറും അഞ്ഞൂറ് നാളിനപ്പുറം തിരഞ്ഞെടുപ്പിലേക്ക് പോകേണ്ട ഒരു മട്ട് രാജ്യത്ത് ദൃശ്യമല്ല. നിതീഷ് നടത്തുന്ന ചില്ലറ കൂടിക്കാഴ്ചകള്‍ അനക്കമുണ്ടാക്കുന്നില്ല. തലസ്ഥാനം നിശബ്ദമാണ്. എല്ലാം പതിവിന്‍പടി എന്ന തോന്നല്‍. പ്രതിപക്ഷ കക്ഷികള്‍ പലരും ഒരു സഖ്യത്തിനുള്ള ശ്രമത്തിലാണ്. ദേശീയ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയല്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ഒരു ദേശീയ അധ്യക്ഷതയില്ല. ഭരണകക്ഷിയായ ബി ജെ പിയാകട്ടെ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കുതിരക്കച്ചവടങ്ങള്‍ നടത്തുന്ന ബദ്ധപ്പാടിലാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് അവര്‍ക്കും ഒരു വിഷയമല്ലാത്ത മട്ട്. ദേശീയ ഭരണത്തെ സര്‍വഥാ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് 10 കൊല്ലം കഴിഞ്ഞുള്ള പദ്ധതിയെക്കുറിച്ച് വാചാലരാണ്. തങ്ങള്‍ കരുണാമയരായിരിക്കും എന്നെല്ലാം ഇടയ്ക്കിടെ പറയുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ വിശാരദരുടെ എന്തെങ്കിലും കുറിപ്പുകള്‍ ഉണ്ടോയെന്ന് കുറേ തിരഞ്ഞു. നിരാശയാണ് ഫലം. 2024 അവര്‍ക്ക് ഒരു ചര്‍ച്ചാ വിഷയമേ അല്ല. മോഡിയോ യോഗിയോ പോലുള്ള ചില വര്‍ത്തമാനങ്ങള്‍ പരിണിത പ്രജ്ഞരെന്ന് നാം കരുതിപ്പോന്ന ചില ഹാന്‍ഡിലുകളില്‍ കാണുകയും ചെയ്തു. അതും അലസമട്ടില്‍.
എന്തുകൊണ്ടാണിത്? സങ്കീര്‍ണമായ ഒരു പൊതുബോധ നിര്‍മിതി ലക്ഷ്യം കണ്ടതിന്റെ ഫലമാണ് ഈ ആലസ്യം. ആസൂത്രിതമായി നിര്‍മിക്കപ്പെട്ട ഒരു മുന്‍വിധിയുടെ വിളയാട്ടം. അതില്‍ ഒന്നാമത്തേത് തിരിച്ചുവരാന്‍ ആകാത്ത വിധം ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു എന്നതാണ്. നിങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ നമ്മുടെ മുന്‍നിര ദേശീയ മാധ്യമങ്ങളിലെല്ലാം കോണ്‍ഗ്രസിനെ സംബന്ധിച്ച വാര്‍ത്തകളില്‍ മരിച്ചുപോയ ഒരു പ്രസ്ഥാനത്തോടുള്ള ശവവിലാപം കേള്‍ക്കാം. അത് അങ്ങനെ ചെയ്യണം എന്ന് ഉറപ്പിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന ശ്രുതിയല്ല. നിര്‍മിക്കപ്പെട്ട മുന്‍വിധിയുടെ മാരകമായ ശക്തിയാണ്. രണ്ടാമത്തേത് 2024ലും 2029ലും ബി ജെ പിക്ക് നിലവില്‍ ഒരു എതിരാളിയും ഇല്ല എന്നതാണ്. അതായത് ബി ജെ പി വിജയം സുനിശ്ചിതമായ പാര്‍ട്ടിയാണ്. അമിത് ഷാ എന്ന അവരുടെ തിരഞ്ഞെടുപ്പ് ബുദ്ധികേന്ദ്രത്തിന്റെ സൗജന്യത്തിലാണ് മറ്റു കക്ഷികള്‍ നിലനില്‍ക്കുന്നത്. ഇന്ത്യ ബി ജെ പി കീഴടക്കിക്കഴിഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചോ ബി ജെ പി പരാജയപ്പെടുന്നതിനെക്കുറിച്ചോ ഒരു സംഭാഷണവും ഉയരുന്നില്ല. പ്രതിപക്ഷ സ്വഭാവമുള്ള മാധ്യമങ്ങളാകട്ടെ ബി ജെ പിക്ക് എതിരില്‍ ശക്തമായ ഒരു പ്രതിപക്ഷം വരുന്ന പാര്‍ലമെന്റില്‍ ഉണ്ടാവണം എന്ന തലത്തിലാണ് ചര്‍ച്ച നയിക്കുന്നത്. അതായത് ബി ജെ പി വിജയിക്കും എന്ന മട്ട്. കഴിഞ്ഞില്ല, പ്രതിപക്ഷത്തെക്കുറിച്ചുള്ള സംവാദത്തില്‍ നിന്ന് കേവലം 9 കൊല്ലം മാത്രം ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായി പുറത്തുനിന്ന കോണ്‍ഗ്രസിനെ എഴുതിമാറ്റിക്കഴിഞ്ഞു. അതാണ് മുന്‍വിധിയുടെ വിളയാട്ടം എന്ന് പറഞ്ഞത്. കോണ്‍ഗ്രസിനെക്കുറിക്കുന്ന വാര്‍ത്തകളിലെല്ലാം ഈ എഴുതിത്തള്ളലിന്റെ, നമ്മള്‍ ആദ്യം പറഞ്ഞ ശവവിലാപത്തിന്റെ ശ്രുതി മുന്നിട്ടുനില്‍ക്കുന്നു.
നിങ്ങള്‍ക്ക് പെട്ടെന്ന് ഓര്‍മിക്കാവുന്ന ഒരുദാഹരണം പറയാം. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നു. തകര്‍ന്ന കപ്പലില്‍ നിന്ന് രക്ഷപെട്ട നാവികന്റെ ഇമേജറിയാണ് പെട്ടെന്ന് പടര്‍ന്നത്. കോണ്‍ഗ്രസ് അതിന്റെ ശവപ്പെട്ടി ഇതാ ഒന്നുകൂടി മുറുക്കി എന്ന നിലയില്‍. ഗുലാം നബി എന്ന നേതാവ് ഒട്ടും തന്നെ പരിശോധിക്കപ്പെട്ടില്ല. മറിച്ച് കോണ്‍ഗ്രസ് അതിന്റെ വേരുകളില്‍ വിമര്‍ശിക്കപ്പെട്ടു. വാസ്തവം പക്ഷേ, എന്താണ്? സ്വന്തം സംസ്ഥാനമായ, താന്‍ മുഖ്യമന്ത്രിയായിരുന്ന കശ്മീരില്‍ കോണ്‍ഗ്രസിനെ ഗുലാം നബി എന്താണ് ചെയ്തത് എന്ന് അന്വേഷിക്കണ്ടേ? എന്ത് ധാര്‍മികതയാണ് അഥവാ എന്ത് രാഷ്ട്രീയ മര്യാദയാണ് ഗുലാം നബി പുലര്‍ത്തിയത് എന്ന് ചോദിക്കണ്ടേ? ചോദിക്കപ്പെട്ടില്ല. കശ്മീരില്‍ കോണ്‍ഗ്രസില്ലാതായി ഗുലാം നബി മാത്രം അവശേഷിച്ചത് എങ്ങനെ എന്ന് ആരായണ്ടേ? അതും ഉണ്ടായില്ല. ഇതൊന്നും ബോധപൂര്‍വമല്ല. മുന്‍വിധി അതിശക്തമായ, മാരക പ്രഹരശേഷിയുള്ള ഒരായുധമാണ്. ഇങ്ങനെ മുന്‍വിധികള്‍ കീഴടക്കിയ ഒരു ഇന്ത്യന്‍ പൊളിറ്റിയിലാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്ര “ഭാരത് ജോഡോ’ ആരംഭിച്ചത്.
നിര്‍മിക്കപ്പെട്ട, പ്രചരിപ്പിക്കപ്പെട്ട മുന്‍വിധികളിലേക്ക് നോക്കാം.
ഒന്നാമത്തേത് കോണ്‍ഗ്രസ് സമ്പൂര്‍ണമായി തകര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല എന്നാണല്ലോ? അത് വസ്തുതയാണോ? പരിശോധിക്കാം. 2014 മുതല്‍ തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയാണ് കോണ്‍ഗ്രസ്. അധികാരം അതിന്റെ സര്‍വ പ്രതാപങ്ങളോടെയും വിശ്വരൂപം കാട്ടി അപ്പുറത്തുണ്ട്. അത് പ്രലോഭനങ്ങളുടെ വന്‍തിരമാലകള്‍ തുറന്നുവിടുന്നുണ്ട്. ഭാഗ്യാന്വേഷികളായ ഒട്ടേറെ നേതാക്കള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. ഒരു പാര്‍ട്ടി തകരുന്നു എന്ന് കരുതാന്‍ ഈ സാഹചര്യം ധാരാളമാണ്. പക്ഷേ, രണ്ടുകാര്യങ്ങളുണ്ട്. ഈ വിട്ടുപോയ നേതാക്കളെ നിങ്ങള്‍ സൂക്ഷിച്ചുനോക്കുക. അവരാരെങ്കിലും അവര്‍ വളര്‍ന്ന മണ്ണില്‍ വേരുറപ്പുള്ളവരോ ശാഖകള്‍ ഉള്ളവരോ ആണോ? വൈ എസ് ആര്‍, ജഗന്‍, അമരിന്ദര്‍ എന്നിങ്ങനെ കോണ്‍ഗ്രസിന് പറ്റിയ വന്‍ അബദ്ധങ്ങള്‍ ഇല്ല എന്നല്ല. പക്ഷേ, മൂന്നോ നാലോ ഉദാഹരണങ്ങള്‍ക്ക് അപ്പുറത്ത് വലിയ ആഘാതമുണ്ടാകുന്ന, പ്രദേശികമായും ദേശീയമായും വലിയ വലിയ ചലനങ്ങള്‍ക്ക് കോപ്പുള്ള വമ്പന്‍മാര്‍ ആരെങ്കിലും ഇക്കാലത്ത് കോണ്‍ഗ്രസിനെ ഉപേക്ഷിച്ചോ? ഇല്ല എന്നല്ലേ ശരിയായ ഉത്തരം. ഇനി മറ്റൊന്ന് ഇങ്ങനെ വിട്ടുപോയ വന്‍നേതാക്കള്‍ ആരാണ് സംഘപരിവാരത്തിലേക്ക് പോയത്? അമരിന്ദര്‍ പോയിട്ടും ബി ജെ പിക്ക് പഞ്ചാബില്‍ പച്ചതൊടാന്‍ കഴിഞ്ഞോ? വൈ എസ് ആര്‍ പോയ ആന്ധ്രയില്‍ ബി ജെ പി വന്നോ? ഇല്ല.
എന്നുവച്ച് പ്രതിസന്ധി ഇല്ലേ? ഉണ്ട്. ദുര്‍ബലമാവുകയാണ് സംഘടന. നെഹ്റു കുടുംബത്തിന്റെ നേതൃയോഗ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരിക്കല്‍ രാജ്യമാകെ പടര്‍ന്നുപന്തലിച്ചിരുന്ന കോണ്‍ഗ്രസ് ശോഷിച്ചുപോയി. സ്വാതന്ത്ര്യാനന്തരം 2014വരെ തീരെ ചെറിയ ഇടവേളകള്‍ ഒഴിച്ച് രാജ്യം ഭരിച്ച, അതും വലിയ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് രാജ്യം ഭരിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റേതായിരുന്നു. വടക്കു കിഴക്ക് എല്ലാം ഉറച്ച കോട്ടകള്‍. 2014ന് ശേഷം കരുത്തുറ്റ ഒരു നേതൃത്വത്തിന്റെയും വിശാലവീക്ഷണവും ദീര്‍ഘദര്‍ശിത്വവും സംഭാഷണ ചാതുര്യവുമുള്ള രാഷ്ട്രീയകാര്യസമിതിയുടെയും അഭാവത്തില്‍ ഈ കോട്ടകള്‍ കുലുങ്ങി, ചിലത് തകര്‍ന്നു. തകര്‍ന്നു എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റു എന്നാണ് വിവക്ഷ. രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഒറ്റയ്ക്ക് ഭരിച്ചിരുന്ന കോണ്‍ഗ്രസ് കേവലം രണ്ട് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി. രാജസ്ഥാനും ചത്തീസ്ഗഡും മാത്രം. അശോക് ഗഹ്ലോട്ടിനെ ദേശീയ അധ്യക്ഷനാക്കാനുള്ള പുതിയ നീക്കം രാജസ്ഥാനിലും നല്ല തിരിച്ചടിയാവും എന്ന് ഉറപ്പാണ്. ദീര്‍ഘനാള്‍ രാജ്യം വാണ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ അംഗസംഖ്യ ഇപ്പോള്‍ 53 ആണ്. രാജ്യസഭയിലും സ്ഥിതി പരുങ്ങലിലാണ്.
എല്ലാം ശരി. പക്ഷേ, കേവലം പത്ത് വര്‍ഷത്തിനിടെ ഉണ്ടായ തിരിച്ചടികളും ദുര്‍ബലതകളും പരാജയങ്ങളും നിരത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലെ ഒരു പ്രസ്ഥാനത്തെ എഴുതിത്തള്ളാമോ? ഇനിയൊരിക്കലും അത് തിരിച്ചുവരില്ല എന്ന് ഉറപ്പിക്കാമോ? പാടില്ല എന്നാണ് നാം പറയേണ്ട ഉത്തരം. അതുപറയാന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായ മുന്‍വിധി നിര്‍മാണത്തിന് നാം ഇരയായിട്ടില്ല എന്ന് ഉറപ്പിക്കാം. എന്തുകൊണ്ട് ആ നിഗമനം ശരിയല്ല എന്ന് നോക്കാം.
ഒന്നാമതായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തീരെ ചെറിയ കാലയളവാണ് 10 വര്‍ഷം. പ്രത്യേകിച്ച് കോണ്‍ഗ്രസ് പോലെ ദേശീയപ്രസ്ഥാനത്തിന്റെ ഓര്‍മകളുള്ള, ഗാന്ധിയെപ്പോലെ വറ്റാത്ത ഉറവയുടെ നനവുള്ള ഒരു പ്രസ്ഥാനം. രണ്ടാമതായി ഇന്ത്യന്‍ മതേതരത്വത്തിന് മറ്റൊരു ബദല്‍ ഉരുത്തിരിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ഹിന്ദുത്വക്ക് അടിപ്പെടാത്ത മുഴുവന്‍ മനുഷ്യരോടും സംവദിക്കാന്‍ മറ്റൊരു പ്രസ്ഥാനം ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് മാഞ്ഞുപോവില്ല എന്ന യാഥാർത്ഥ്യം. ശ്രദ്ധിക്കേണ്ട ഒരു കാര്യം കോണ്‍ഗ്രസ് അധികാരപരമായി നിഷ്‌കാസിതമായ ഇടങ്ങളിലെല്ലാം സംഘപരിവാര്‍ അല്ല പകരം വന്നത് എന്നതാണ്. ദക്ഷിണേന്ത്യയില്‍ സംഘപരിവാര്‍ ആധിപത്യമുറപ്പിച്ച കര്‍ണാടകത്തിലേക്ക് നോക്കൂ, അവിടെ കോണ്‍ഗ്രസിനെ അവസാനിപ്പിച്ചല്ല ബി ജെ പി ആധിപത്യം നേടിയത്. സിനിമയും ജാതിയും കെട്ടുപിണഞ്ഞ ഒരിടമായിരുന്നല്ലോ അത്. കോണ്‍ഗ്രസിന് ബദലായിവന്ന പ്രദേശിക മുന്നണികളെയാണ് ബി ജെ പി നേര്‍ക്കുനേര്‍ നേരിട്ടത് എന്നു കാണാം. മാത്രവുമല്ല അത്ര സുഭദ്രമായ നില ബി ജെ പിക്ക് ഇപ്പോഴും കര്‍ണാടകയിലില്ല. കോണ്‍ഗ്രസ് കളമൊഴിഞ്ഞ ആന്ധ്രയും തമിഴ്നാടും സംഘപരിവാരത്തിന് ഇന്നും ബാലികേറാമലയാണ്. പരിഹരിക്കാവുന്ന ദുര്‍ബലതകളേ ഈ രണ്ടിടത്തും ഇന്നും കോണ്‍ഗ്രസിനുള്ളൂ. അവിടെ അധികാരം നേടുമെന്നല്ല, മറിച്ച് അവിടെ നിലതെറ്റാതിരിക്കാന്‍ കഴിയും. സര്‍ഗാത്മകമായ സംവാദത്തിന് അവിടങ്ങളില്‍ ഇടമുണ്ട്. പഞ്ചാബ്, ഡല്‍ഹി, ബിഹാര്‍, ഒഡീഷ, ചത്തീസ്ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ പന്ത്രണ്ട് വമ്പന്‍ സംസ്ഥാനങ്ങളില്‍ അധികാരമില്ലാത്ത പാര്‍ട്ടി ഇന്ത്യ കീഴടക്കിക്കഴിഞ്ഞു എന്ന ആഖ്യാനം ആസൂത്രിമായി സൃഷ്ടിച്ചതല്ലാതെ മറ്റെന്താണ്? മഹാരാഷ്ട്രയിലും കര്‍ണാടകയിലും മധ്യപ്രദേശിലും ഹിമാചലിലും ജനവിധിയെ അട്ടിമറിച്ചാണ് ബിജെപി ഭരണമുണ്ടാക്കിയത് എന്നും മനസിലാക്കുക. ഗോവ, മേഘാലയ എല്ലാം ഓര്‍ക്കുക. അതായത് ഗുജറാത്ത്, യു പി, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ വേറെവിടെയും അനിഷേധ്യ ശക്തിയായി അവരില്ല. രണ്ടിടത്ത് കോണ്‍ഗ്രസ്, മൂന്നിടത്ത് ബി ജെ പി. പറയൂ, അവസാനിച്ചുവോ കോണ്‍ഗ്രസ്? അതാണ് പറഞ്ഞത് നിര്‍മിതമായ മുന്‍വിധികളുടെ വിളയാട്ടമെന്ന്.
ഇനി രണ്ടാമത്തെ പൊതുബോധത്തിലേക്ക് വരാം. 2024ല്‍ ബി ജെ പി ജയിച്ചു കഴിഞ്ഞു എന്ന ആഖ്യാനം. 2014ല്‍ ബി ജെ പി നേടിയത് 282 സീറ്റാണ്. വലിയ സീറ്റ് നിലയാണത്. പക്ഷേ, അവര്‍ക്ക് കിട്ടിയ വോട്ട് വിഹിതം 31 ശതമാനമാണ്. ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ഒരു പാര്‍ട്ടി ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേവരെ നേടിയ ഏറ്റവും കുറവ് വോട്ടുശതമാനമാണ് ഈ 31. ഇന്ത്യന്‍ ജനതയിലെ 69 ശതമാനം പേരുടെ അഭിലാഷം ബി ജെ പി ആയിരുന്നില്ല. അതായത് യു പി എ മുന്നണിയെ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തിയപ്പോഴും രാജ്യത്തിന്റെ നാല്‍പത് ശതമാനത്തിന്റെ പോലും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല എന്ന്. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ച് സകല വിഭാഗങ്ങളെയും വെറുപ്പിച്ച സര്‍ക്കാരായിരുന്നു രണ്ടാം യു പി എ എന്നത് വിസ്മരിക്കരുത്. അതിശക്തമായ ജനവികാരം അവര്‍ക്കെതിരില്‍ ഉണ്ടായിരുന്നു. എന്നിട്ടും വെറും 31 ശതമാനമാണ് ബി ജെ പിയെ തുണച്ചത്. 19.31 ശതമാനം പേര്‍ കോണ്‍ഗ്രസിനെ തുണച്ചു. വോട്ട് ശതമാനമല്ല സീറ്റെണ്ണമാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന് അറിയാഞ്ഞല്ല. സീറ്റ് പക്ഷേ, അധികാരത്തിനുള്ള കാര്‍ഡാണ്. വോട്ട് ശതമാനം ജനങ്ങള്‍ക്കിടയിലെ സ്ഥാനവും. ജനാധിപത്യത്തില്‍ രണ്ടാമത്തേതിനാണ് ദീര്‍ഘകാല പ്രഹരശേഷി. നിര്‍ഭാഗ്യവശാല്‍ അധികാര നഷ്ടത്തില്‍ അന്ധാളിച്ചുപോയ കോണ്‍ഗ്രസ് ഈ ജനവിധിയിലെ പൊരുള്‍ മനസിലാക്കി ഉണര്‍ന്നില്ല. ജനങ്ങളിലേക്കിറങ്ങി തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ 2019-ല്‍ അവര്‍ മടങ്ങിവരുമായിരുന്നു. പക്ഷേ, 2019-ല്‍ സ്വന്തം വിഹിതത്തില്‍ ഒരു ശതമാനം പോലും മാറ്റമില്ലാതെ കോണ്‍ഗ്രസ് തുടര്‍ന്നു (19.49), ബി ജെ പി 6 ശതമാനം വര്‍ധിപ്പിച്ചു. അധികാരത്തിന്റെ സര്‍വസാധ്യതകളും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാസമരുന്നുകളും പ്രയോഗിച്ചിട്ടും നോക്കൂ, വെറും ആറ് ശതമാനമാണ് വര്‍ധന. ഇനി പറയൂ, കോണ്‍ഗ്രസ് തീര്‍ന്നോ?
അതിനാലാണ് നാം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രക്ക് നിരുപാധിക പിന്തുണ നല്‍കേണ്ടത്. ഇന്ത്യയുടെ ചരിത്രത്തില്‍ പദയാത്രകള്‍ ചരിത്രം സൃഷ്ടിക്കാതെ അവസാനിച്ചത് അപൂര്‍വമാണ്. ആധുനിക ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പദയാത്ര ദണ്ഡി യാത്രയാണ്. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക്. അന്ന് ഇതിനെക്കാള്‍ വലിയ സ്വേച്ഛാധിപത്യമാണ് നാടു വാഴുന്നത്. ഇതിനെക്കാള്‍ ഭീകരമാണ് അടിച്ചമര്‍ത്തല്‍. ഇതിനെക്കാള്‍ ദുര്‍ബലമായിരുന്നു കോണ്‍ഗ്രസ്. പക്ഷേ, ഗാന്ധിയുടെ ആ 385 കിലോമീറ്റര്‍ യാത്ര തീര്‍ന്നപ്പോള്‍ സ്വേച്ഛാധികാരത്തിന്റെ കടയ്ക്കല്‍ വെട്ടേറ്റു. പിന്നെ അധികം വാണില്ല അവര്‍. ഗാന്ധിയുടെ ആ യാത്രയും ശാന്തമായ, ബഹളങ്ങളില്ലാത്ത ഒന്നായിരുന്നു. മനുഷ്യരോട് സംസാരിക്കുക മാത്രമാണ് ഗാന്ധി ചെയ്തത്.
അതിനാല്‍, 3570 കിലോമീറ്റര്‍ നീളത്തില്‍ ഇന്ത്യയിലേക്ക് നടക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ നാം അഭിവാദ്യം ചെയ്യേണ്ടതുണ്ട്. മതേതര ഇന്ത്യ പിന്തുണക്കേണ്ടതുണ്ട്. ബാക്കി വിമര്‍ശനങ്ങള്‍, പരാതികള്‍ നമുക്ക് മാറ്റിവെക്കേണ്ടതുണ്ട്.
കെ കെ ജോഷി
You must be logged in to post a comment Login