ശ്രേഷ്ഠ സൃഷ്ടികളായ മനുഷ്യരുടെ ജീവിതപദ്ധതിയായും വിജയമാര്‍ഗമായും സ്രഷ്ടാവ് സംവിധാനിച്ചതാകയാല്‍ പ്രകൃതിയുടെ ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യരുടെ ജന്മസിദ്ധമായ, അവക്രമായ, വിശുദ്ധമായ നൈസര്‍ഗികതയുടെ താല്പര്യമാണ് ഇസ്‌ലാമെന്ന് സാരം. ഫിത്വ്‌റത് എന്ന് പ്രമാണ ഭാഷ്യം. ഖുര്‍ആന്‍ പറയുന്നു: “”അതുകൊണ്ട് (പ്രവാചകരേ) അങ്ങയുടെ ശരീരത്തെ നിഷ്‌കപടമായി ഈ ദീനില്‍ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച പ്രകൃതമേതാണോ അതേ അവസ്ഥയില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സംവിധാനം/ സൃഷ്ടിപ്പ് അചഞ്ചലമാകുന്നു. ഇതാണ് പൂര്‍ണമായും ഋജുവും സത്യസന്ധവുമായ ദര്‍ശനം. എന്നാല്‍ അധികമാരും ഇതറിയുന്നില്ല”(30:30).
ഫത്വറ എന്നാല്‍ ആദ്യമായി സൃഷ്ടിച്ചു എന്നാണര്‍ഥം. ഈ ക്രിയയുടെ അവസ്ഥാരൂപമാണ് (ഇസ്മുല്‍ ഹൈഅത്) മേല്‍സൂക്തത്തില്‍ പ്രയോഗിച്ച “ഫിത്വ്‌റത്’ എന്ന പദം. അതായത്, മനുഷ്യരെ അല്ലാഹു സൃഷ്ടിച്ച ആദ്യഘട്ടത്തിലെ അതേ അവസ്ഥ, സ്വഭാവം എന്നൊക്കെ മറ്റു ഇടപെടലുകളില്ലെങ്കില്‍ ഇസ്‌ലാം അംഗീകരിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് എല്ലാവരുടെയും ജനനം. നബി(സ്വ) പറഞ്ഞുവല്ലോ: “കുഞ്ഞുങ്ങളെല്ലാം പിറവികൊള്ളുന്നത് ശുദ്ധ പ്രകൃതത്തിലാണ്. പിന്നീട് അവരുടെ മാതാപിതാക്കളാണ് ജൂതരും ക്രൈസ്തവരും അഗ്‌നി ആരാധകരുമൊക്കെയായി അവരെ വഴിതിരിക്കുന്നത്'(ബുഖാരി, മുസ്‌ലിം). സാഹചര്യങ്ങള്‍ക്കനുസരിച്ച് മതവിരുദ്ധരും അധര്‍മികളുമാക്കുന്നുവെന്നാണ് ഇതിന്റെ പൊരുള്‍.
കൈകൊണ്ട് പിടിക്കുന്നതും കാലുകൊണ്ട് നടക്കുന്നതും പ്രകൃതിപരമാണ് (ഫിത്വ്‌റത്). ഇതിനു എതിരായി ചെയ്യുന്നത് പ്രകൃതിവിരുദ്ധവും. ചിന്തക്കും ഇങ്ങനെയുള്ള രണ്ടവസ്ഥകളുണ്ട്. നാം ഈ ബ്രഹ്മാണ്ഡ കടാഹത്തെ കാണുന്നു, അനുഭവിക്കുന്നു; അതിസൂക്ഷ്മ പ്രവര്‍ത്തന ഘടനയുള്ളതും അതിസങ്കീര്‍ണ നിര്‍മിതികളും ഇവിടെയുണ്ട്. അതോടൊപ്പം ഒരു ചെറുകണം പോലും അതിനു പിന്നിലൊരു സ്രഷ്ടാവ് പ്രവര്‍ത്തിക്കാതെ ഉണ്ടാവില്ലെന്നത് നമ്മുടെ അനുഭവം മാത്രമല്ല; പ്രമാണബദ്ധമായ ബോധ്യം തന്നെയാണ്. അത്രയൊന്നും സങ്കീര്‍ണതയില്ലാത്ത ഒരു മണ്‍കലം നിര്‍മിക്കാന്‍ ബുദ്ധിമാനായൊരു കുശവനും മേശയുണ്ടാക്കാന്‍ ആശാരിയും ഉണ്ടായേ തീരൂവെങ്കില്‍ അതുല്യ കലാവൈഭവം നിറഞ്ഞുതുളുമ്പുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനു പിന്നിലും അതിശക്തനായഒരു കര്‍ത്താവ് കൂടിയേ തീരൂ എന്നത് വസ്തുതയാണ്. നൈസര്‍ഗിക ചിന്ത ഉപയോഗപ്പെടുത്തിയാല്‍ ആര്‍ക്കും എത്തിച്ചേരാവുന്ന ഒരു തീര്‍പ്പാണിത്. അവ്വിധം ബുദ്ധിയെ ഉപയോഗപ്പെടുത്താനായാല്‍, അത് ഋജുവായ ചിന്തയും പ്രകൃതിയുടെ പ്രഥമ താല്പര്യവുമാണ്. അഥവാ ഫിത്വ്‌റതിന്റെ ശരിയായ വിനിയോഗമാണ്. സമാനമാണ് സ്രഷ്ടാവ് ഏകനാണെന്നതും അവന്റെ നിയമങ്ങള്‍ സ്വീകരിക്കണമെന്നതും അനിഷേധ്യമായ പ്രമാണങ്ങളുമായി കടന്നുവരുന്ന പ്രവാചകന്മാരെ അംഗീകരിക്കണമെന്നതുമൊക്കെ. പ്രവാചകന്മാരെ അംഗീകരിക്കുന്നതോടെ മറ്റു ശരീഅത് നിയമങ്ങളും പ്രകൃതിയുടെ താല്പര്യമായിത്തീരുന്നു. അവയവങ്ങള്‍ അല്ലാഹു സൃഷ്ടിച്ച യഥാർത്ഥ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് പ്രകൃതിപരമാകുന്നതുപോലെ ചിന്താശേഷിയും ശരിയായ വിധത്തില്‍ പ്രയോഗിച്ച് സദ്ഫലങ്ങളിലെത്തുന്നത് ഫിത്വ്‌റതാണ്.
ഉപരിസൂചിത ഹദീസ്, ഖുര്‍ആന്‍ വാക്യങ്ങളിലെ “ഫിത്വ്‌റതിനെ’ ഇസ്‌ലാമെന്നുതന്നെ വ്യാഖ്യാനിച്ചവരുണ്ട്. നൈസര്‍ഗിക ചോദന, നന്മ കണ്ടെത്താനും തിരിച്ചറിവു നേടാനുള്ള സിദ്ധി എന്നൊക്കെ വിശദീകരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത് പറഞ്ഞതുപ്രകാരം പരിശുദ്ധ മതത്തിന്റെ അതിവിപുലമായ നിയമസംഹിതകളും ആദര്‍ശ-വിശ്വാസ കാര്യങ്ങളും പ്രകൃത്യാ യാതൊരു അധ്യാപകനും ഗ്രന്ഥപാരായണവുമൊന്നുമില്ലാതെ ലഭ്യമാകുമോ? ചില പൊതു കാര്യങ്ങള്‍- ഉദാ: ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് അനിവാര്യമാണ്- മനസ്സിലാക്കാമെന്നല്ലാതെ ഓരോന്നിന്റെയും വിശദരൂപം- ഉദാ: പടച്ചവനെക്കുറിച്ച് മതം പഠിപ്പിക്കുന്ന സ്വിഫതുകള്‍/ വിശേഷണങ്ങൾ- അഭ്യസനമില്ലാതെ നേടാനാവുമോ? അതില്ല! എന്നുവെച്ചാല്‍ അങ്ങനെ ഉണ്ടാവല്‍ അസംഭവ്യമാണെന്നല്ല; ഓരോരുത്തര്‍ക്കും മതത്തിന്റെ വിശാല ജ്ഞാനം നേര്‍ക്കുനേര്‍ നല്‍കുകയോ നൈസര്‍ഗികമായി ലഭ്യമാക്കുകയോ അല്ല അല്ലാഹു സ്വീകരിച്ച നടപടിക്രമമെന്നു മാത്രം. എങ്കില്‍ പിന്നെ ഇസ്‌ലാമെന്ന് “ഫിത്വ്‌റതിന്’ അര്‍ഥം പറയുന്നതിന്റെ ഉദ്ദേശ്യം, മതത്തിന്റെ ഒരു നിയമവും പ്രകൃതിവിരുദ്ധമല്ല എന്നാണ്. ഇസ്‌ലാം അനുവദിച്ചതെല്ലാം പ്രകൃതിപരവും മനുഷ്യവര്‍ഗത്തിന് ഉപകാരപ്രദവുമാണ്; വിരോധിച്ച കാര്യങ്ങള്‍ നേരെ മറിച്ചും. നിസ്‌കാരം, നോമ്പ്, സകാത്, കളവ്, മദ്യപാനം, ആത്മഹത്യ തുടങ്ങിയവ ഉദാഹരണങ്ങള്‍. നബിയുടെ(സ്വ) ഗുണവിശേഷങ്ങള്‍ എണ്ണുമ്പോള്‍ അവിടുന്ന് ഗുണപ്രദമായവ അനുവദിക്കും; നല്ലതല്ലാത്ത കാര്യങ്ങള്‍ വിരോധിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്(7:157). ഇസ്‌ലാം അനുവദിച്ചയത്രയും നന്മയും വിരോധിച്ചവ തിന്മയുമെന്ന് മറുഭാഷ്യം. ഇതുതന്നെയാണ് പ്രകൃതിക്കു യോജിക്കുന്ന തീരുമാനവും. എന്തായാലും മനുഷ്യരുടെ ജീവിതത്തിനുള്ള തികച്ചും സുതാര്യവും സമ്പൂര്‍ണ ഫലപ്രദവും ധര്‍മനിഷ്ഠരായി ജീവിക്കാന്‍ സഹായകവുമായ ഏകദര്‍ശനമാണ് ഇസ്‌ലാം. ഈ പഠന പരമ്പരയുടെ ഭാഗമായി വിശദമായി പിന്നീട് ചര്‍ച്ച ചെയ്യേണ്ട മതത്തിന്റെ ചില വ്യതിരിക്തതകള്‍ വിഷയസമര്‍ഥനാര്‍ഥം ഇവിടെ സൂചിപ്പിക്കാം.
ഒന്ന്: കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം.
സര്‍വശക്തനും പ്രതാപിയും സര്‍വജ്ഞനുമായ ഏകദൈവത്തെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതാണ് പ്രകൃതിയുടെ ആവശ്യവും. സ്രഷ്ടാവിന്റെ സമ്പൂര്‍ണമായ അദ്വയഭാവമാണ് ദൈവ വിശ്വാസത്തിന്റെ കാതലായ വശം. രണ്ടാമതൊരാള്‍ കൂടി ദൈവമാകുമ്പോള്‍, രണ്ടുപേരും തുല്യശക്തരാണെങ്കില്‍ ഒന്നുകില്‍ പരസ്പരം എതിര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടെ ലോകം തകരും. അല്ലെങ്കില്‍ അന്യോന്യം സഹകരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കും. ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും ആശ്രയിക്കുക വഴി ആരും ദൈവമല്ലാതാകുന്നു. രണ്ടു ദൈവങ്ങളും തുല്യരല്ലായെങ്കില്‍ അശക്തന്‍ ദൈവമാകാന്‍ പറ്റില്ലല്ലോ. ഏകദൈവ വിശ്വാസമേ യുക്തിസഹകമാവൂ.
അവതാരസങ്കല്പം വഴി വിവിധ വസ്തുക്കളില്‍ ദൈവികതയെത്തുന്നതും നിര്‍ഗുണ പരബ്രഹ്മം മാത്രമേയുള്ളൂ; ഈ പ്രപഞ്ചവും സര്‍വ ചരാചരങ്ങളും ഇല്ല, ഉണ്ടെന്നു തോന്നുന്നത് അവിദ്യമൂലമാണ്; അജ്ഞാനം നീങ്ങി യാഥാർത്ഥ്യം ബോധ്യമാകുമ്പോള്‍ എല്ലാം ദൈവമാണെന്ന് ബോധ്യപ്പെടുമെന്നുള്ള വിശ്വാസവും മറ്റും ശുദ്ധമായ ഏകതയ്ക്ക് വിരുദ്ധമാണ്. മൂന്ന് വ്യത്യസ്ത ആളത്തങ്ങള്‍, വാക്കിലും പ്രവൃത്തിയിലും ഉണ്‍മയിലും മറ്റും വ്യതിരിക്തരായിരിക്കേ തന്നെ ഒന്നാണ് എന്നുള്ള ത്രിയേക ദൈവവിശ്വാസവും ഏകത്വത്തിനു വിരുദ്ധമാണ്. കൃത്യവും സ്പഷ്ടവുമായ ഏകദൈവത്തെ പഠിപ്പിക്കുന്നത് ഇസ്‌ലാം മാത്രമാകുന്നു. “പറയുക(നബിയേ), അല്ലാഹു ഏകനാകുന്നു’ (112:1), “അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല'(2:255).
രണ്ട്: ചരിത്രപരത അതിന്റെ സര്‍വ മാനദണ്ഡങ്ങള്‍ പ്രകാരവും സ്ഥിരീകരിച്ച് മുഹമ്മദ് നബിയിലുള്ള (സ്വ) വിശ്വാസം. മനുഷ്യ ജീവിതത്തിലാവശ്യമായ എല്ലാ നിയമങ്ങളും പ്രായോഗിക ജീവിതം കൊണ്ട് ലോകത്തെ ആ മഹാത്മാവ് പഠിപ്പിച്ചുവെന്ന് മാത്രമല്ല, അവയത്രയും പ്രവാചകരുടെ ജീവിതത്തിന്റെ നിഖില മേഖലയും വ്യക്തമായ രീതിയില്‍ അനുയായികള്‍ രേഖപ്പെടുത്തുകയുമുണ്ടായി. ഒരാളുടെ വാക്ക്, പ്രവൃത്തി, അംഗീകാരങ്ങള്‍ സൂക്ഷിക്കാനും പ്രചരിപ്പിക്കാനുമായി നിരവധി ഉപശാഖകളും അനേക വാള്യങ്ങളുള്ള അനവധിയായ ഗ്രന്ഥങ്ങളുമുള്ള വിജ്ഞാനമേഖല സംവിധാനപ്പെട്ടിട്ടുണ്ടെങ്കില്‍ ലോക ചരിത്രത്തില്‍ മുഹമ്മദ് നബിയെ(സ്വ) കുറിച്ച് മാത്രമേ നമുക്കത് കാണാനാവുകയുള്ളൂ.
മൂന്ന്: അപച്യുതിവരാത്ത വേദഗ്രന്ഥം.
ഇസ്‌ലാമിന്റെ മൗലിക പ്രമാണം ഖുര്‍ആനാണ്. മനുഷ്യ ജീവിതത്തിന്റെ വിജയമാര്‍ഗങ്ങള്‍ പൂര്‍ണമായും അതുള്‍ക്കൊള്ളുന്നു. ആയിരത്തി നാനൂറ് വര്‍ഷംമുമ്പ് ലോകം ശ്രവിച്ച ആ മഹദ്‌വചനം ഇന്നും ഇനിയെന്നും മാറ്റമേതുമില്ലാതെ സൂക്ഷിക്കപ്പെടുന്നു. രേഖകളില്‍ മാത്രമല്ല; ലക്ഷക്കണക്കിനുവരുന്ന ഹാഫിളുകളുടെ ഓര്‍മകളിലായും. മറ്റൊരു കൃതിക്കും അവകാശപ്പെടാനാവാത്ത വസ്തുതയാണിത്. ഖുര്‍ആനും അതിന്റെ വിശദീകരണമായ ഹദീസുകളും വഴി സുഭദ്രമാണ് ഇസ്‌ലാമിന്റെ ജ്ഞാനലോകം. തൗറാത്, ഇഞ്ചീല്‍ പോലുള്ള ദൈവിക ഗ്രന്ഥങ്ങള്‍ മുന്‍കാല പ്രവാചകന്മാര്‍ വഴി അവതീര്‍ണമായിരുന്നുവെങ്കിലും അവയത്രയും ആത്മാവ് ചോര്‍ന്ന് മൗലികത നശിച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും വിധേയമായി എന്നല്ല, യഥാർത്ഥ കൃതികളുടെ നിഴലിന്റെ നിഴല്‍പോലുമല്ലാത്ത മനുഷ്യനിര്‍മിത കഥാ-ചരിത്ര ഗ്രന്ഥങ്ങളായി ഇപ്പോള്‍ മാറിയിരിക്കുന്നു. ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകള്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു(യിരമ്യാവ് 8:8).
നാല്: മാനുഷ ചരിത്രത്തിന്റെ തുടക്കം മുതല്‍ അന്ത്യദിനം വരെയുള്ള എല്ലാവര്‍ക്കും വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച ആദര്‍ശമാണ് ഇസ്‌ലാം. ലോകത്ത് കടന്നുവന്ന പ്രവാചകന്മാരെല്ലാവരും ഇസ്‌ലാമിനെയാണ് പ്രബോധനം ചെയ്തത്. അല്ലാഹു പറഞ്ഞു: “നൂഹിനോട്(അ) ഉപദേശിച്ചതും ദിവ്യസന്ദേശം മുഖേന താങ്കള്‍ക്ക് അവതരിപ്പിച്ചതും ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നിവരോട് നിര്‍ദേശിച്ചിരുന്നതുമായ അതേ മതത്തെ തന്നെ നിങ്ങള്‍ക്കു നിയമിച്ചുതന്നിരിക്കുന്നു(42:13).
ഇബ്‌റാഹീം നബിയും(അ) ജൂത ക്രൈസ്തവര്‍ അവരെക്കുറിച്ച് സ്വയം അവകാശപ്പെടുന്ന ഇസ്രായേല്യര്‍ എന്ന വിശേഷണത്തിനു കാരണക്കാരനായ യഅ്ഖൂബ്(ഇസ്‌റാഈല്‍) നബിയും(അ) മരണസന്ദര്‍ഭത്തില്‍ മക്കളോട് ഉപദേശിച്ചത് മുസ്‌ലിമായി ജീവിച്ച് മുസ്‌ലിമായി മരിക്കാനാണ്(21:132). അന്ത്യഘട്ടങ്ങളില്‍ യൂസുഫ്(അ) പ്രാര്‍ഥിച്ചതും ഇതേ ആവശ്യമായിരുന്നു(12:101). ബൈബിള്‍ ഗ്രന്ഥങ്ങളും ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണാം(യിരമ്യാവ് 28:9).
അഞ്ച്: മതം മാനവികമാണ്. വ്യക്തിപരമായും സാമൂഹികപരമായും മനുഷ്യജീവിതത്തിന് വ്യത്യസ്ത നിയോഗങ്ങളുണ്ട്. അവയിലത്രയും അവനോടൊപ്പം നില്‍ക്കുന്നതാണ് വിശുദ്ധമതം. ഇതിന്റെ ഭാഗമായി ബുദ്ധി, ശരീരം, ആരോഗ്യം, ഭക്ഷണം, വായു, സ്വത്ത്, ആത്മാഭിമാനം, സ്വാതന്ത്ര്യം, ദാമ്പത്യം, താല്പര്യങ്ങള്‍, രക്തം, സന്താനങ്ങള്‍ തുടങ്ങിയവക്കെല്ലാം മതം സംരക്ഷണം നല്‍കുന്നു. ഇവയൊക്കെയും അപഹരിക്കപ്പെടാവതല്ലെന്നും തടയപ്പെട്ടുകൂടെന്നും നിയതമായ രീതിയില്‍ ഓരോ മനുഷ്യനും അവകാശപ്പെട്ടതാണെന്നും സിദ്ധാന്തിച്ചു. ആത്യന്തിക വിജയത്തിന് ഭൗതികാനുഭൂതികളെ ഉപേക്ഷിക്കണമെന്നു നിര്‍ബന്ധിപ്പിക്കുന്ന ദര്‍ശനങ്ങളെ, ഇഹലോകം ആസ്വദിച്ചുകൊണ്ടുതന്നെ പരലോകമോക്ഷമാവാമെന്ന് പഠിപ്പിക്കുകവഴി നേര്‍പാതയില്‍ നടത്തുകയാണ് ഇസ്‌ലാം ചെയ്തത്. താഴെ ചേര്‍ക്കുന്ന ഉദ്ധരണങ്ങള്‍ വായിച്ചുനോക്കു; ഇസ്‌ലാം എത്രമേല്‍ മാനവികമാണെന്ന് നമുക്ക് ബോധ്യപ്പെടും. പൗലോസിന്റെ വാക്കുകള്‍: “അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ (അവിവാഹിതന്‍) ആയിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്’ (1 കൊറിന്തോസ് 7: 8). യേശുക്രിസ്തു പഠിപ്പിച്ചതിങ്ങനെ: “വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്നതാണ്’ (മത്തായി 19:24, മാര്‍ക്കോസ് 10:25, ലൂക്കോസ് 18:25). പരമമോക്ഷം സാധ്യമാവാന്‍ വ്യത്യസ്ത തീരുമാനങ്ങളെടുത്തു മൂന്ന് പ്രവാചക ശിഷ്യര്‍. എന്നും നോമ്പെടുക്കുമെന്ന് ഒരാള്‍, എല്ലാ രാത്രിയിലും നേരം വെളുക്കുവോളം സാധനയില്‍ മുഴുകുമെന്ന് ദ്വിതീയന്‍. ബ്രഹ്മചര്യം തിരഞ്ഞെടുത്തു മൂന്നാമന്‍. ഇതറിയാനിടയായ മഹാഗുരു മാനവികതയുടെ പക്ഷം ചേര്‍ന്ന് അവരെ തിരുത്തിയതിങ്ങനെ: ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭക്തനെന്നിരിക്കുകിലും ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പെടുക്കുകയും മറ്റു ദിനങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. നിസ്‌കാരത്തിനു പുറമെ രാത്രിയില്‍ ഉറക്കിനും ഞാന്‍ തയാറാകുന്നു. ഭാര്യമാരെ പ്രാപിക്കാറുമുണ്ട്. നമ്മുടെ ചര്യക്കു വിരുദ്ധം ചെയ്യുന്നവര്‍ നമ്മില്‍ പെട്ടവരല്ല'(ബുഖാരി).
ഇസ്‌ലാം മാനവികതയുടേതാണെന്ന് തിരുനബി(സ്വ) ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ.
ആറ്: ദര്‍ശനങ്ങള്‍ യുക്തിഭദ്രമാണ്. വിശ്വാസകാര്യങ്ങള്‍ മുതല്‍ കര്‍മങ്ങള്‍ വരെയും യുക്തിസഹവും ന്യായ യുക്തവും ശാസ്ത്രീയവുമാണ് ഇസ്‌ലാമില്‍. ലഹരിവസ്തുക്കളുടെ ശക്തമായ നിരോധനം ഉദാഹരണമായെടുക്കുക. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തെ പ്രായോഗികമായി ഇല്ലാതാക്കുകയാണ് ഇതുവഴി മതം ചെയ്തത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനു തന്നെ ഭീഷണിയായ ഒരുകാര്യത്തെ യാതൊരു അനുകമ്പയും കൂടാതെ നിരോധിക്കുക മാത്രമാണ് യുക്തിസഹം. ഇവിടെ ദൈവികദര്‍ശനത്തിന് തീരെ കൈവിറച്ചിട്ടില്ല. വിവാഹമോചനം പോലും ഏറെ ശാസ്ത്രീയമായാണ് മതം സംവിധാനിച്ചത്, കഥയറിയാത്ത ചിലര്‍ ഇതുസംബന്ധമായി നിരന്തര വിമര്‍ശനങ്ങള്‍ നടത്തുന്നുവെന്നത് ശ്രദ്ധിക്കാതെയല്ല മേല്‍ പരാമര്‍ശം. വിവാഹം നടന്നുകഴിഞ്ഞാല്‍ അനിവാര്യ ഘട്ടത്തില്‍ പോലും നിയമാനുസാരം വേര്‍പിരിയാനാകാതെ വരുമ്പോഴാണ് മനുഷ്യര്‍ പൊറുതിമുട്ടുക; ദാമ്പത്യം ഒഴിവാക്കാന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടി ഭാര്യ മരിക്കുക തന്നെവേണമെന്നുവന്നാല്‍, ഇത് എങ്ങനെ ബുദ്ധിപരമാകും. “ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയരുത്. വേര്‍പെട്ടാല്‍ അവിവാഹിതയായി ജീവിക്കണം. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്’ (1 കോറിന്തോസ് 7: 10,11) ഈ പറയുന്ന മൂന്ന് കാര്യവും അശാസ്ത്രീയമാണെന്നത് വിശദീകരണം ആവശ്യമില്ലാത്തതാണല്ലോ. മതം വിരോധിച്ച സ്വവര്‍ഗ രതി പോലെയുള്ള അധര്‍മങ്ങളുടെ അവസ്ഥയും പരിശോധിക്കാവുന്നതാണ്. എയ്ഡ്‌സ്, ഗുദ-വദന കാന്‍സര്‍ മുതല്‍ ഈയ്യിടെ കണ്ടുതുടങ്ങിയ കുരങ്ങുവസൂരി(Monkey pox) വരെയും ലൈംഗിക വൈകൃതങ്ങളുടെ സൃഷ്ടിയാണ്. കണ്ടെത്തിയ കുരങ്ങുവസൂരി രോഗികളില്‍ 98 ശതമാനവും സ്വവര്‍ഗരതിക്കാരാണെന്ന് ഇംഗ്ലണ്ടിലെ മെഡിക്കല്‍ ജേണലുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇങ്ങനെ ഇസ്‌ലാം വ്യതിരിക്തമാക്കുന്ന നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്. മതത്തിന്റെ നിയമവ്യവസ്ഥയുടെ വ്യാപ്തിയെക്കുറിച്ച് കൂടി അല്പഭാഷയില്‍ വിശദീകരിക്കാം.
(തുടരും)
ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി
You must be logged in to post a comment Login