അമാനുഷിക ദൃഷ്ടാന്തങ്ങൾ വഹിച്ചുവന്ന മറ്റൊരു അമാനുഷിക ദൃഷ്ടാന്തമായ മുഹമ്മദ് നബിയെ(സ്വ) വാക്കുകളിൽ ആവിഷ്കരിക്കുക ഒരു അസാധ്യ കർമമാണ്. അന്ത്യപ്രവാചകരെപ്പോലെ ബഹുമുഖരംഗങ്ങളിൽ പൂർണവിജയം നേടിയ മറ്റൊരാളെ ചരിത്രസന്ധികളിലെവിടെയും നാം കണ്ടുമുട്ടുന്നില്ല എന്നതാണ് കാരണം. പ്രബോധകൻ, ആത്മീയഗുരു, സംഘാടകൻ, ഭരണാധികാരി, സൈന്യാധിപൻ, നിയമദാതാവ് എന്നിങ്ങനെ സമസ്തരംഗങ്ങളിലും അതുല്യനായി പ്രശോഭിച്ച തിരുറസൂലിനെ അല്പാല്പമായി അറിയുകയും അനുഭവിക്കുകയുമേ നമുക്ക് നിവൃത്തിയുള്ളൂ. അനന്യവും അനനുകരണീയവുമായി വിരാജിച്ച ആ അത്ഭുത പ്രതിഭാസം ഉദയം ചെയ്ത സന്ദർഭത്തിൽനിന്ന് നൂറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്ന പ്രാപഞ്ചികരായ മനുഷ്യർക്ക് അത്രയേ സാധ്യമാവൂ.
മുൻവിധികളില്ലാത്ത പ്രജ്ഞയും സ്വതന്ത്രമായ ഉൾക്കാഴ്ചയുമുള്ള ദാർശനികന്മാർ അന്ത്യപ്രവാചകരുടെ അസാധാരണ വ്യക്തിത്വത്തിനു മുമ്പിൽ നമ്രശിരസ്കരായി നിന്നുപോയിട്ടുണ്ട്. വിമർശകർക്കുപോലും അവിടുന്ന് നേടിയ വിജയങ്ങളെയും സാധ്യമാക്കിയ സാമൂഹിക പരിവർത്തനങ്ങളെയും മനസാ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. കാരണം, ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കർമനിരതരായ എല്ലാ വിഭാഗം ജനങ്ങൾക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന മാതൃക മുഹമ്മദ് നബിയിൽ(സ്വ) ദർശിക്കാം. യുദ്ധഭൂമികളിൽ തന്റെ അനുയായികളെ വിജയപാതയിലേക്ക് നയിക്കവേ തന്നെ പ്രപഞ്ച സ്രഷ്ടാവിനുമുമ്പിൽ പ്രാർഥനാനിരതനായി പ്രണമിക്കുന്ന വിനീത ദാസനായി പ്രവാചകരെ നാം കണ്ടെത്തുന്നു. ഉജ്ജ്വലനായ ഒരു ജേതാവായി അവിടുന്ന് അരങ്ങേറുന്നതു കാണുമ്പോൾതന്നെ നിഷ്കളങ്കനായ ഒരു സന്ദേശവാഹകന്റെ നൈർമല്യം നമുക്ക് അനുഭവവേദ്യമാകുന്നു. അറേബ്യയുടെ സർവാധിപതി എന്ന് പെരുമ നേടുമ്പോൾ തന്നെ ഈത്തപ്പനയോലകൾ നിറച്ച തുകൽ തലയിണയിലാണ് അവിടുന്ന് തല ചായ്ക്കുന്നതെന്ന് അത്ഭുതാദരവുകളോടെ നാം തിരിച്ചറിയുന്നു.
ദാർശനികനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആഡംസ്മിത്ത് പ്രവചനത്തെ വിലയിരുത്തുന്നതിനും പ്രവാചകമുദ്രകളെ അനുഭവിച്ചറിയുന്നതിനും മൂന്ന് പ്രധാന നിദാനങ്ങൾ നിർദേശിക്കുന്നുണ്ട്. അതിലൊന്ന് ലോകം ആ മഹാനുഭാവന്റെ പിറവിയെ പ്രതീക്ഷാ നിർഭരമായി സാകൂതം കാത്തിരുന്നോ എന്നതാണ്. തിരുനബി ഭൂജാതനായ വേളയിൽ മക്കയിലുണ്ടായ അത്ഭുത സംഭവങ്ങൾ മതി ഈ ചോദ്യത്തിനുത്തരമായി. ഇരുളിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന് മാർഗദർശകനായി ലോകം ഒരു ദൈവദൂതനെ കാത്തിരിക്കുകയായിരുന്നു അന്ന്. അന്ത്യപ്രവാചകരുടെ ആഗമനത്തെ വേദഗ്രന്ഥങ്ങൾ പല പ്രകാരത്തിൽ അടയാളപ്പെടുത്തുന്നതായി കാണാം. ഹൈന്ദവരുടെ വിശിഷ്ട ഗ്രന്ഥമായ ഭവിഷ്യദ് പുരാണത്തിൽ സൂചിതമാവുന്ന “മഹാമത്’ മുഹമ്മദ് നബി(സ്വ) ആണെന്ന് നമുക്ക് കരുതാം. ലോകത്തിന്റെ ഭാവി ഇരുളടഞ്ഞു പോവുന്ന സന്ദർഭത്തിൽ വിമോചന ദൗത്യവുമായി ഒരു വിശിഷ്ട ദൂതൻ കടന്നുവരുമെന്ന് പുരാണം പറയുന്നു. ലൂക്കോസിന്റെയും മത്തായിയുടെയും യോഹന്നാന്റെയും മാർക്കോസിന്റെയും ബൈബിൾ സുവിശേഷങ്ങളിൽ “ഞാൻ മുന്നറിയിപ്പുകാരൻ മാത്രമാണ്, എനിക്കുശേഷം വരാനിരിക്കുന്ന വെളിപാടുകാരനെ നിങ്ങൾ പിൻപറ്റിൻ’ എന്ന് ദൈവദൂതൻ പറയുന്നത് അന്ത്യപ്രവാചകരെക്കുറിച്ചുതന്നെയാണ്.
ആനന്ദഭിക്ഷുവിനോട് അനുഗ്രഹീതനായ ബുദ്ധൻ പറഞ്ഞു: “ഭൂമിയിൽ വന്ന ആദ്യത്തെയോ അവസാനത്തെയോ ബുദ്ധനല്ല ഞാൻ. പരിശുദ്ധനും ജ്ഞാനപ്രകാശം ലഭിച്ചവനും പ്രബുദ്ധനുമായ ഒരു ബുദ്ധൻ വരും. സ്വഭാവം കൊണ്ടും തത്വജ്ഞാനം കൊണ്ടും അതുല്യനായിരിക്കും അദ്ദേഹം. മനുഷ്യർക്കും മാലാഖമാർക്കും നേതാവായിരിക്കും അദ്ദേഹം.’ അപ്പോൾ ആനന്ദൻ ചോദിച്ചു: “എങ്ങനെയാണ് ലോകം അദ്ദേഹത്തെ തിരിച്ചറിയുക?’
ബുദ്ധൻ മറുപടി പറഞ്ഞു: “മൈത്രിയ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.’ ബുദ്ധന്റെ മറ്റു സംഭാഷണങ്ങളിൽ വരാൻ പോകുന്ന പ്രബുദ്ധനെ മെത്തിയോ എന്നും മറാഹത്ത് എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇതിന്റെ അർഥം യഥാക്രമം “ദയാലു’ എന്നും “പരിശുദ്ധൻ’ എന്നുമാണ്. മൈത്രിയ മുഹമ്മദ് നബിയാണെന്ന്(സ്വ) പണ്ഡിതന്മാർ അനുമാനിക്കുന്നു.
അബ്റഹതിന്റെ ആനക്കൂട്ടങ്ങളെ അബാബീൽ പക്ഷികൾ ചവച്ചരച്ച് വൈക്കോൽ പരുവമാക്കിയപ്പോൾ അത് കഅ്ബയെ പവിത്രീകരിക്കാൻ തിരുപ്പിറവി സംഭവിക്കാൻ പോകുന്നതിന്റെ ലക്ഷണമായി യസ്്രിബിലെ ജ്യോതിഷികളും ശാമിലെ പാതിരിമാരും ഗണിച്ചെടുത്തിരുന്നു.
പ്രവാചകത്വത്തിന്റെ രണ്ടാമത്തെ മാനദണ്ഡമായി സ്മിത്ത് ചൂണ്ടിക്കാണിക്കുന്നത് ദൈവദൂതനായി ലോകം റസൂലിനെ അംഗീകരിച്ചോ എന്നതാണ്. തന്റെ ദൈവികാനുഭവങ്ങളെക്കുറിച്ച് പ്രവാചകനിൽനിന്ന് കേൾക്കേണ്ട താമസം, അവിടുത്തെ പിൻപറ്റാനും സ്വന്തം ജീവൻ പോലും സമർപ്പിക്കാനും തയാറായ ഒരനുയായിവൃന്ദം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അവരാണ് പ്രവാചകർക്ക് ആശ്വാസവും കരുത്തും പകർന്നത്.
ഹിറാഗുഹയിലെ ദിവ്യാനുഭവങ്ങൾ ഖദീജയിൽനിന്ന് ഗ്രഹിച്ച മാതുലനും ക്രിസ്തീയ പുരോഹിതനുമായ ബഹീറത്ത്ബ്നു വറഖ, മൂസയെ സന്ധിച്ച അതേ മാലാഖ തന്നെയാണ് മുഹമ്മദിനെയും സന്ധിരിച്ചിരിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നു. അറേബ്യയിൽ ഉദയം ചെയ്യേണ്ട അന്ത്യപ്രവാചകൻ തന്നെയാണ് മുഹമ്മദ്(സ്വ) എന്നു ബോധ്യപ്പെടാൻ ബഹീറയ്ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. തെളിഞ്ഞ ഹൃദയത്തോടെ പ്രവാചക സന്നിധിയിലെത്തിയവരെല്ലാം നിസ്സന്ദേഹം സത്യമതം അംഗീകരിക്കുകയായിരുന്നു. താൻ നിത്യേന ഭർത്സിക്കാറുള്ള മുഹമ്മദ് തന്നെയാണ് തന്റെ ചുമടും താങ്ങി പിന്നാലെ വന്നതെന്നറിഞ്ഞ നിമിഷം, വൃദ്ധ സ്ത്രീ അവിടുത്തെ പ്രവാചകനായി അംഗീകരിക്കുന്നു. സത്യത്തിൽ, ഖുറൈശീ പ്രമുഖരിൽ പലർക്കും റസൂൽ(സ്വ) പറയുന്നത് സത്യമാണെന്ന് ബോധ്യമായിരുന്നു. അഹന്തയും സ്വാർഥതാല്പര്യങ്ങളുമാണ് തൗഹീദ് ആശ്ലേഷിക്കുന്നതിന് അവർക്ക് തടസ്സമായത്.
പ്രവചനത്തിന്റെ യാഥാർത്ഥ്യവും പ്രവാചകന്റെ സത്യസന്ധതയും വിലയിരുത്തുന്നതിന് ആഡം സ്മിത്ത് മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ സൂചകം, നിയുക്ത പ്രവാചകൻ വിപ്ലവകരമായ ആശയങ്ങൾ ലോകത്തിന് സമ്മാനിച്ചോ എന്നതാണ്. ലോകത്തെ പരിവർത്തനപ്പെടുത്തുന്നതിന് പ്രവാചക അധ്യാപനങ്ങൾ സഹായകമായോ? പതിനാല് നൂറ്റാണ്ടുകൾക്കു ശേഷവും അന്ത്യപ്രവാചകരുടെ ആശയാദർശങ്ങൾ ലോകത്തിന് മാർഗദർശനമായി അഭംഗുരം തുടരുന്നു എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ആറാം നൂറ്റാണ്ടിൽ നിന്ന് 21-ാം നൂറ്റാണ്ടിലെത്തുമ്പോഴും പ്രവാചകർ(സ്വ) സാധ്യമാക്കിയ സാമൂഹിക വിപ്ലവം ഇടതടവില്ലാതെ തുടരുന്നു.
നീഗ്രോ അടിമയായിരുന്ന ബിലാലിനെ ചരിത്രപുരുഷനാക്കിയ ഒറ്റക്കാര്യം മതി റസൂൽ(സ്വ) അനുവർത്തിച്ച സാമൂഹിക വിപ്ലവത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ. ദിവ്യബോധനവുമായി കടന്നുവന്ന മുത്തുനബിയെ(സ്വ) മദീനാവാസികൾ ആഘോഷപൂർവം സ്വീകരിച്ചു. താമസിയാതെ നബിതങ്ങൾ മദീനയിൽ ഒരു പള്ളി പണിതു. തിരുനബി നിർമിച്ച ആദ്യ ദൈവഭവനമായിരുന്നു അത്. ഇനി, നിസ്കാരത്തിന് ആളെ ക്ഷണിക്കാൻ ആരു ബാങ്ക് വിളിക്കണം? പ്രവാചകരുടെ ബന്ധുക്കൾ, ഗോത്ര പ്രമാണിമാർ, ജന നേതാക്കൾ എല്ലാവരുമുണ്ട്. ആരുവേണം? പ്രവാചകരുടെ കണ്ണ് കണ്ടെത്തിയത് കറുത്ത വംശജനും അടിമയുമായിരുന്ന ബിലാലിനെ. മക്കാനഗരം മുസ്‌ലിംകൾക്ക് കീഴടങ്ങിയപ്പോഴും പുണ്യഗേഹത്തിന് മുകളിൽ കയറി ഇസ്‌ലാമിന്റെ വിജയപ്രഖ്യാപനം നടത്താൻ പ്രവാചകൻ നിയോഗിച്ചത് ബിലാലിനെ തന്നെയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലും ചരിത്രം മറ്റൊരു തരത്തിൽ ആവർത്തിക്കുന്ന കാഴ്ച നാം കാണുന്നു. കാഷ്യസ് ക്ലേ എന്ന കറുത്ത വംശജൻ ബോക്സിംഗിൽ ലോകചാമ്പ്യനായി സ്വദേശമായ അമേരിക്കയിലേക്ക് വരുന്നു. ഇരു കൈകളും നീട്ടി മാതൃരാജ്യം തന്നെ സ്വീകരിക്കും എന്നായിരുന്നു ആ വിശ്വപ്രതിഭ കരുതിയത്. പക്ഷേ, എവിടെയുമില്ല ഒരാളനക്കം. തന്റെ വിജയം രാജ്യം അറിയാത്തതുപോലെ. കൊടിയ നിരാശയുടെ അഗാധ ഗർത്തത്തിലേക്ക് ആ ചെറുപ്പക്കാരൻ ആഴ്ന്നുപോവുന്നു. അയാൾ കറുത്തവനാണ് എന്നതു തന്നെ ഈ അവഗണനയ്ക്ക് കാരണം. ലോസ് ആഞ്ചലസ് വിമാനത്താവളത്തിന് പുറത്ത് ഏതെങ്കിലും ഫൈവ്സ്റ്റാർ ഹോട്ടലിൽ ഒരു മുറി കിട്ടുമോ എന്ന് അയാൾ അന്വേഷിക്കുന്നു. ഒരു കറുപ്പന് അവിടെയെങ്ങും മുറി കിട്ടില്ലെന്ന് വേദനയോടെ അയാൾ തിരിച്ചറിയുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കുത്തക അവകാശപ്പെടുന്ന അമേരിക്കയിലാണ് ഈ സ്ഥിതി! ഹതാശനായ കാഷ്യസിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അനർഘമായ സ്വർണപ്പതക്കം അയാൾ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, അധികകാലം കഴിഞ്ഞില്ല, കാഷ്യസ് ക്ലേ സത്യവേദത്തിന്റെ പൊരുളറിഞ്ഞു. അയാൾ ഇസ്‌ലാം ആശ്ലേഷിച്ച് മുഹമ്മദലി ക്ലേയായി. അമേരിക്കയും റഷ്യയും സംയുക്തമായി ആതിഥ്യം വഹിച്ച ഒളിമ്പിക്സ് മത്സരത്തിന് എന്തു പേരിടണമെന്ന തർക്കമുയർന്നു. ഒടുവിൽ വിശ്വപ്രതിഭയായ മുഹമ്മദലി ക്ലേയുടെ പേരിടാൻ സർവസമ്മതമായി. മുഹമ്മദലിയെ ലോകത്തിന് അംഗീകരിക്കേണ്ടിവന്നു. അതേആൾ, അതേ നിറം. പക്ഷേ, അപ്പോഴേക്കും അയാൾ മറ്റൊരാളായിക്കഴിഞ്ഞിരുന്നു. അന്ത്യപ്രവാചകൻ വിളംബരം ചെയ്ത സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ യുഗാന്തരങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കയും യൂറോപ്പും ഇപ്പോൾ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഗവേഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡോ. മൻമോഹൻ സിംഗ് ഇസ്‌ലാമിക ധനതത്വശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചതും ഡോ. തോമസ് ഐസക് ഇസ്‌ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായി നിർദേശിച്ചതും പ്രവാചകാദർശങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നു.
മതപരവും ഭൗതികവുമായ തലങ്ങളിൽ ചരിത്രത്തിൽ പരമമായ വിജയം കൈവരിച്ച വ്യക്തി മുഹമ്മദ് നബി മാത്രമാണെന്ന് മൈക്കൽ എച്ച് ഹാർട്ട് നിരീക്ഷിക്കുന്നു. പതിനാല് നൂറ്റാണ്ടുകൾക്കു ശേഷവും പ്രവാചകരുടെ സ്വാധീനം ശക്തവും സർവവ്യാപിയുമാണെന്നും ഹാർട്ട് സൂചിപ്പിക്കുന്നു. ലോകചരിത്രത്തെ അഗാധമായി സ്വാധീനിച്ച നൂറ് വിശിഷ്ട വ്യക്തികളുടെ പട്ടികയിൽ മക്കയിലെ പ്രവാചകനെ പ്രതിഷ്ഠിക്കുന്നതിന് തനിക്ക് ഒരു സങ്കോചവും തോന്നുന്നില്ല എന്ന് ആ ചരിത്രകാരൻ പറയുന്നു. ആരെയും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന മട്ടിൽ നൂറ്റാണ്ടുകളായി ലോകചരിത്രത്തെ സ്വാധീനിക്കാനും നിർണയിക്കാനും തിരുനബിക്ക് കഴിഞ്ഞതെങ്ങനെ? ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമോഫോബിക്കുകളും ജല്പിക്കുന്നതുപോലെ, യുദ്ധമുറകളിലൂടെയല്ല അവിടുന്ന് വിജയക്കൊടി നാട്ടിയത്. യുദ്ധങ്ങളിലൂടെ ജനതയെ കീഴടക്കി ഇസ്‌ലാമികവത്കരിക്കുക എന്നത് പ്രവാചകരുടെ നയമായിരുന്നില്ല, അത് പ്രപഞ്ച നാഥന്റെ ഹിതവുമായിരുന്നില്ല. “മതത്തിൽ ബലാല്കാരമില്ല’ എന്ന വചനം അതാണ് സൂചിപ്പിക്കുന്നത്. ഉണ്ടായ യുദ്ധങ്ങളെല്ലാം പ്രതിരോധത്തിന് വേണ്ടിയായിരുന്നുവെന്ന് ആ യുദ്ധങ്ങളുടെ ഗതിയും സ്വഭാവവും നിരീക്ഷിച്ചാലറിയാം.
ഇസ്‌ലാം അതിന്റെ സാംഗത്യവും പ്രസക്തിയും കൊണ്ടുതന്നെ അതിനെക്കുറിച്ചറിയാവുന്ന മനുഷ്യർ സ്വമേധയാ സ്വീകരിച്ചുകൊള്ളും എന്നായിരുന്നു റസൂലിന്റെ വിശ്വാസം. അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. മുൻവിധികളില്ലാതെ, നിഷ്കളങ്കമായ ഹൃദയവുമായി പ്രവാചക സന്നിധിയിൽ എത്തുന്നവർ മാനസാന്തരപ്പെട്ടു. ഏകദൈവത്തെ പരിചയപ്പെടുത്തുകയും ദൈവത്തിന് മനുഷ്യരെ അർപ്പിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകൻ ജനഹൃദയങ്ങൾ കീഴടക്കിയത്. യുക്തിസഹവും പവിത്രവുമായ ദൈവികാശയത്തെ നിലവിലുള്ള പ്രകൃതിനിയമങ്ങളുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ചരിത്രത്തിൽ മറ്റാരും ഇതിലും ഉദാത്തമായത് ചെയ്തുകാണിച്ചുതന്നിട്ടില്ല. ഇതൊക്കെ തന്നെയല്ലേ പൂർവ പ്രവാചകരും ചെയ്തത് എന്നു തോന്നാം. പക്ഷേ, ഇത്രമേൽ സമഗ്രമായും സർവസ്പർശിയായും ദൈവിക സന്ദേശങ്ങളെ മറ്റൊരു പ്രവാചകനും പരാവർത്തനം ചെയ്തിട്ടില്ല. മുഹമ്മദ്(സ്വ) അന്ത്യപ്രവാചകനാണ്, സർവജനതയുടെയും നായകനാണ് എന്നതിന്റെ സാക്ഷാത്കാരമാണ് ഈ സമഗ്രത.
മനുഷ്യന്റെ വ്യക്തിനിഷ്ഠവും സമൂഹനിഷ്ഠവുമായ ഭൗതികജീവിതത്തെ പാടേ നിരാകരിക്കാതെ മരണാനന്തര ജീവിതവിജയം അനവരതം കാംക്ഷിക്കുന്ന ഒരു വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താൻ ഹ്രസ്വമായ കാലയളവിൽ പ്രവാചകന് കഴിഞ്ഞു. ദൈവബോധവും പാരത്രികചിന്തയും ഭൗതിക ജീവിതത്തിന് ഊടും പാവുമാവണം. ഭൗതികജീവിതത്തിലെ സകല അനുഭവങ്ങളും മരണാനന്തര ജീവിതത്തെ മുൻനിർത്തിയായിരിക്കണം. അത് സാധ്യമാവണമെങ്കിൽ വിശ്വാസം, സത്യം, ധർമം, നീതി തുടങ്ങിയ മൂല്യങ്ങളുടെ പ്രവാഹം ഭൗതികജീവിതത്തിൽ ഉടനീളം സംഭവിക്കണം.
പ്രപഞ്ചനാഥനായ അല്ലാഹു ഭൂമിയിലെ സർവതിന്റെയും ഉടമയാണ്. അല്പകാലസ്ഥിതനായ മനുഷ്യന് ഒന്നിലും ഉടമാവകാശമില്ല. ഭൂമിയിൽ സ്ഥിരാവകാശമുണ്ടെന്ന് അഹങ്കരിച്ചവരുടെ ദുഷ്കർമങ്ങളാണ് ചരിത്രത്തിന് കറുത്ത നിറം പകർന്നത്. മനുഷ്യൻ അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദിവ്യമായ ഒരു ശക്തിയുടേതാണ് എന്ന് വിശ്വസിക്കുകയും തദനുസാരിയായി ജീവിക്കുകയും ചെയ്യുമ്പോൾ മനുഷ്യന് പാരത്രിക ജീവിത വിജയം സാധ്യമാവുകയും അതോടൊപ്പം ഭൂലോകവാസവും സമൂഹജീവിതവും ശാന്തവും സുഗമവുമാവുകയും ചെയ്യുന്നു. ഇതാണ് പ്രവാചകൻ ലോകത്തിന് നൽകിയ ലളിത സന്ദേശം. ഇത് മറന്ന് ജീവിക്കുന്ന മനുഷ്യൻ പാരത്രിക ജീവിത വിജയം നഷ്ടപ്പെടുത്തുക മാത്രമല്ല, ഐഹിക ജീവിത ഭദ്രതയെ തകർക്കുകയും ചെയ്യുന്നു. ഏകനാഥന്റെ പരമാധികാരം അംഗീകരിച്ച് സാൻമാർഗിക ജീവിതം നയിക്കാനാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത്. ഈ പാഠത്തിൽനിന്നാണ് ധർമാധർമ വിവേകവും വിധിവിലക്കുകളും ഉണ്ടാവുന്നത്. പിൽക്കാലത്ത്, ലോകക്ഷേമത്തെക്കുറിച്ച് പര്യാലോചനകൾ നടത്തിയ ചിന്തകരെയെല്ലാം ഈ പാഠങ്ങൾ സ്വാധീനിച്ചതായിക്കാണാം. ടോൾസ്റ്റോയിയുടെയും മഹാത്മജിയുടെയും “ട്രസ്റ്റിഷിപ്പ്’ സിദ്ധാന്തം തിരുനബിയുടെ(സ്വ) മൗലിക സംഭാവനയിൽനിന്ന് പ്രചോദനം നേടിയതാണ്.
സിദ്ധാന്തങ്ങളും ആശയങ്ങളും ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ഒരു പൊതുവിശ്വാസമോ കർമപരിപാടികളോ ഉണ്ടായതുകൊണ്ടും സാമൂഹ്യപുരോഗതി സാധ്യമാവണമെന്നില്ല. സമൂഹാംഗങ്ങൾ ആ വിശ്വാസവും കർമപദ്ധതികളും പൂർണാർഥത്തിൽ അനുശീലിക്കാൻ സന്നദ്ധരാവണം. അങ്ങനെ നോക്കുമ്പോൾ ലോകത്തുണ്ടായ ഒരേയൊരു മാതൃകയാണ് അന്ത്യപ്രവാചകൻ കാഴ്ചവെച്ചത്. പൊതുനിയമങ്ങൾ ബലമായി അടിച്ചേൽപ്പിച്ചുകൊണ്ടല്ല, മറിച്ച് ഹൃദയങ്ങളുടെ സംസ്കരണം സമൂഹനിയമത്തിന്റെ കേന്ദ്രാശയമായി അവതരിപ്പിച്ചുകൊണ്ടാണ് ആ അസാധാരണ സമൂഹത്തെ പ്രവാചകൻ രൂപപ്പെടുത്തിയെടുത്തത്. തിരുമേനി ഭരണാധികാരിയായിരുന്നപ്പോഴും ഒരു ദരിദ്രപൗരന്റെ ലഘുവും ലളിതവുമായ ജീവിതമാണ് നയിച്ചിരുന്നത്. സത്യപ്പൊരുളിന്റെ ഉത്തുംഗശൃംഖങ്ങളിലേക്ക് മനുഷ്യരെ കൈപിടിച്ചുയർത്തുമ്പോഴും തങ്ങളിൽ ഒരാളായിക്കൊണ്ടുള്ള നബിയുടെ(സ്വ) പെരുമാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനുഷ്യരെ എല്ലാവിധ അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്കിയ പ്രവാചകൻ അവർക്കുമേൽ നേരിയൊരു മേൽക്കോയ്മ പോലും സ്ഥാപിക്കാൻ ഇഷ്ടപ്പെട്ടില്ല. അവിടുന്ന് സത്യംപറയുക മാത്രമല്ല ചെയ്തത്. ആ സത്യത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തി. നീതിയും ധർമവും പ്രസംഗിക്കുക മാത്രമല്ല, നീതിയും ധർമവും സ്വന്തം ജീവിതം കൊണ്ട് പ്രത്യക്ഷീകരിച്ചു. കർമപദ്ധതികൾ ആവിഷ്കരിക്കുകയും ആസൂത്രണം ചെയ്യുകയും മാത്രമല്ല, അവ സ്വയം ഏറ്റെടുക്കുകയും ചെയ്തു. പ്രപഞ്ചനാഥന്റെ വചനപ്പൊരുളായ വിശുദ്ധ ഖുർആന്റെ വ്യാഖ്യാനമായിരുന്നു തിരുദൂതരുടെ ജീവിതം.
ടി കെ മൊയ്തു വേളം
You must be logged in to post a comment Login