“”I shall tell you what a lottery is. Let us suppose I have a cow, worth 50 rubles. I want to sell the cow by means of a lottery, so I offer everyone tickets at a ruble each. Everyone has a chance of getting the cow for one ruble! People are tempted and the rubles pour in. When I have collected a hundred rubles I proceed to draw the lottery: the one whose ticket is drawn gets the cow for a ruble, the others get nothing. Was the cow “cheap’ for the people? No, it was very dear, because the total money they paid was double the value of the cow, because two persons (the one who ran the lottery and the one who won the cow) gained without doing any work, and gained at the expense of the ninety-nine who lost their money. Thus, those who say that lotteries are advantageous to the people are simply practising deceit on the people.”
(ലോട്ടറി എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. എനിക്ക് ഒരു പശു ഉണ്ടെന്ന് നമുക്ക് വിചാരിക്കാം. അതിന് 50 റൂബിളാണ് വില. ഞാന്‍ ലോട്ടറി വഴി ഈ പശുവിനെ വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഞാന്‍ ആളുകള്‍ക്ക് ഒരു റൂബിള്‍ നിരക്കില്‍ ഈ പശു ലോട്ടറി വിതരണം ചെയ്യുന്നു. വെറും ഒരു റൂബിള്‍ നിരക്കില്‍ ഏതൊരാള്‍ക്കും പശുവിനെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആളുകള്‍ പ്രലോഭിതരാകും. റൂബിള്‍ വാരി വിതറും. എനിക്ക് ഒരു നൂറ് റൂബിള്‍ കിട്ടുമ്പോള്‍ ഞാന്‍ ലോട്ടറി നറുക്കെടുക്കും. ആരുടെ നമ്പറാണോ അടിക്കുന്നത് അയാള്‍ക്ക് ഒരു റൂബിള്‍ ചെലവില്‍ പശുവിനെ കിട്ടും. ബാക്കിയാര്‍ക്കും ഒന്നും ലഭിക്കില്ല. ചുളുവിലക്ക് ആളുകള്‍ക്ക് പശുവിനെ കിട്ടിയോ? ഇല്ല, പശുവിന്റെ യഥാർത്ഥ മൂല്യത്തെക്കാള്‍ ഇരട്ടിയാണ് അവര്‍ മുടക്കിയത്. കാരണം രണ്ടേ രണ്ടുപേര്‍, ലോട്ടറി നടത്തിയ ആളും ലോട്ടറി അടിച്ച ആളും ഒരു പണിയുമെടുക്കാതെ നേട്ടം കൊയ്തു. പണം നഷ്ടമായ 99 ശതമാനം പേരുടെ ചിലവിലാണ് ഈ നേട്ടമുണ്ടാക്കല്‍. അതിനാല്‍ ലോട്ടറി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പറയുന്നവര്‍ ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ ചതിക്കുകയാണ്.)
Vladimir Il’ich Lenin, An Explanation for the Peasants of What the Social-Democrats Want. marxists.org
വ്‌ലാദിമിര്‍ ലെനിന്‍ കേരളത്തിന് അപരിചിതനല്ല. ലെനിനിസം സംഘടനാക്രമമായി അംഗീകരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി ഈ സംസ്ഥാനം രൂപംകൊണ്ടതിനു ശേഷം പലവട്ടം നാട് ഭരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആ രാഷ്ട്രീയ പാര്‍ട്ടിയെ, സി പി എമ്മിനെയാണ് കേരളത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്തത്. ലെനിനിസം എന്നാണ് ലെനിന്‍ മുന്നോട്ടു വെച്ച സംഘാടനത്തിന്റെ പേര്. അതാകട്ടെ ലെനിന്‍ പിന്തുടര്‍ന്നിരുന്ന, പ്രചരിപ്പിച്ചിരുന്ന മാര്‍ക്‌സിസം എന്ന ആശയത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒന്നാണ്. ലോകമാകെയുള്ള കമ്യൂണിസ്റ്റുകൾക്കെല്ലാം നേതാവാണ് ലെനിന്‍. ആ ലെനിന്‍ മധ്യവര്‍ത്തികള്‍ കൊള്ള നടത്തുന്ന പ്രക്രിയകളെ ദീര്‍ഘമായി വിശദീകരിക്കുന്ന പ്രബന്ധത്തിലാണ് ലോട്ടറിയെക്കുറിച്ചുള്ള ഈ നിരീക്ഷണം നടത്തിയത്. ഒട്ടും കടുകട്ടിയല്ല. ഒരു സാരോപദേശ കഥപോലെ ലളിതം.
ഇനി വിഷയത്തിലേക്ക് പോകാം. ഇക്കഴിഞ്ഞ ദിവസങ്ങളിലെ ഒറ്റദിവസം ആയുസ്സുള്ള ഒരു മാധ്യമാഘോഷം ലോട്ടറി നറുക്കെടുപ്പായിരുന്നു. ഓണം ബംപര്‍ എന്ന് പേരിട്ട, 500 രൂപ വിലയിട്ട ലോട്ടറിയുടെ നറുക്കെടുപ്പ്. 67.50 ലക്ഷം ടിക്കറ്റുകള്‍ ആകെ അച്ചടിച്ചു. നാട് നാടാന്തരം അത് പ്രചരിച്ചു. വന്‍കിട പ്ലാറ്റ്‌ഫോമുകളില്‍ കണ്ണഞ്ചിക്കുന്ന പരസ്യങ്ങള്‍. 6655914 ടിക്കറ്റുകള്‍ വിറ്റു. അതിനെ 500 കൊണ്ട് ഗുണിച്ചാല്‍ കിട്ടും കളിയുടെ ആകെത്തുക. അറുപത് ലക്ഷം മലയാളികള്‍ നെറ്റിവിയര്‍പ്പിനാല്‍ നേടാത്ത അപ്പം അന്വേഷിച്ച് ഇറങ്ങി എന്ന് കണക്കുകൂട്ടാം. ഒരാള്‍ 25 കോടി നേടി. നികുതികള്‍ കഴിച്ചാലും കോടികള്‍ ഒറ്റയാളില്‍ എത്തും. ഓണം ബംപര്‍ നറുക്കെടുത്തത് കേരളത്തിന്റെ ധനമന്ത്രിയും സി പി ഐ എം നേതാവുമായ കെ എന്‍ ബാലഗോപാലാണ്. അന്നേക്കന്ന് അടുത്ത ബംപറിന്റെ പ്രകാശനവും നടത്തി. അതിന് പേര് പൂജാ ബംപര്‍. വില 250. സമ്മാനം 10 കോടി. നിലവില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ കേരളത്തില്‍ ഇടതടവില്ലാതെ നടക്കുന്ന ലോട്ടറികള്‍ക്ക് പുറമേയാണ് ഈ ബംപറുകള്‍.
ഇക്കഴിഞ്ഞ ഓണം ബംപര്‍ പലനിലകളില്‍ വാര്‍ത്തയായി എന്ന് പറഞ്ഞല്ലോ. 25 കോടിയുടെ പണപരമായ വലിപ്പം ഒന്നാമത്തെ കാരണമാണ്. ലോട്ടറി വില്‍പനയില്‍ കാണുന്ന കുതിപ്പ് രണ്ടാമത്തെ കാരണവും. മേലനങ്ങാതെ കോടികള്‍ കിട്ടാന്‍ പോകുന്നയാളെ സ്വാഭാവികമായും മാധ്യമങ്ങള്‍ കാത്തിരുന്നു. നാടകീയത മുറ്റി നിന്ന അന്തരീക്ഷത്തില്‍ നറുക്കെടുപ്പ്. തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബി അനൂപാണ് കോടി നേടിയത്. രാത്രി തീരും വരെ ചാനലുകള്‍ ആ ചെറുപ്പക്കാരനെ വട്ടമിട്ടു. എല്ലാം സ്വാഭാവികം. പൊതുനടപ്പ്. നിര്‍മിത പൊതുബോധത്തിന്റെ അരങ്ങാട്ടം.
ശ്രദ്ധിച്ചത് ആ ചെറുപ്പക്കാരന്റെ വാക്കുകളാണ്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന, ദൈവവിശ്വാസിയായ അനൂപ് മാസത്തില്‍ ആറായിരം രൂപയ്ക്ക് ലോട്ടറി എടുക്കാറുണ്ടത്രേ. ഈ വാക്കുകള്‍ സൂപ്പര്‍ ലീഡിന്റെ ബോക്‌സ് ആയിരുന്നു മാതൃഭൂമിയില്‍. ആറായിരം രൂപ. പ്രതിദിനം കണക്കാക്കിയാല്‍ 200 രൂപ. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന, അത്യാവശ്യ വിദ്യഭ്യാസവും വിവേകവുമുള്ള ഒരു ചെറുപ്പക്കാരന്‍ സര്‍ക്കാര്‍ വിലാസം ചൂതാട്ടത്തിന് മാസം ചെലവിട്ടിരുന്ന തുക ആറായിരം രൂപ. തുടര്‍ച്ചയായി എടുത്താലേ അടിക്കൂ എന്ന പ്രചാരണം മാത്രമല്ല നിഷ്‌കളങ്കമായി, സത്യസന്ധമായി അനൂപ് ഉച്ചരിച്ച ആ വാക്കുകളുടെ ആഘാതം. മറിച്ച് ചൂതാട്ടത്തിന് ആറായിരം മാസം ചെലവിടുന്നതിനെ ഒറ്റ സമ്മാനം കൊണ്ട് നീതിയുക്തമാക്കി അനൂപ്. അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധിയായ ആ ചെറുപ്പക്കാരനല്ല, മറിച്ച് തങ്ങള്‍ ഈ അച്ചടിക്കുന്നതിന്റെ സാമൂഹിക ഉത്തരവാദിത്വം തിരിയാത്ത മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ പക്ഷേ, പ്രതിക്കൂട്ടില്‍. അത് മറ്റൊരു വിഷയമാണ്, ചര്‍വിത ചര്‍വണം.
സാമൂഹ്യമായ പുരോഗതി എന്നാല്‍ എന്താണ്? ചോദ്യം വളരെ പഴയതാണ്. മനുഷ്യര്‍ സാമൂഹ്യജീവിയായി പരിണമിച്ച കാലം മുതല്‍ സാമൂഹ്യപുരോഗതി എന്ന ആശയമുണ്ട്. ഒറ്റ വാക്കില്‍ ഒരു സമൂഹത്തിന്റെ ആകമാനമുള്ള പുരോഗതി എന്ന് അതിനുത്തരം പറയാം. അടുത്ത പ്രശ്‌നം പുരോഗതി എന്നാല്‍ എന്ത് എന്നതാണ്. സാമാന്യമായി അതിന് നല്‍കിപ്പോരുന്ന ഉത്തരം സര്‍വതലത്തിലുള്ള അഭിവൃദ്ധി എന്നതാണ്. അതായത് സമൂഹത്തിന്റെ സര്‍വതലങ്ങളിലും ഘടകങ്ങളിലും പ്രകടമാകുന്ന ഒന്ന്. വ്യക്തിയുടെ സാമ്പത്തികാഭിവൃദ്ധിയെ അല്ല സമൂഹത്തിന്റെ പുരോഗതിയായി കണക്കാക്കേണ്ടത്. വ്യക്തി സമൂഹത്തിലെ സ്വതന്ത്രഘടകമാണെന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിനുള്ളില്‍ നിലനില്‍ക്കുന്ന പ്രകടവും അല്ലാത്തതുമായ നിരവധി ബലങ്ങളുടെ സൃഷ്ടിയാണ് വ്യക്തി. അഥവാ ഈ ബലങ്ങളെ മറികടന്ന് വ്യക്തിക്ക് നിലനിൽപ്പില്ല. പ്രൈമറി സ്‌കൂളുകള്‍ മുതല്‍ നാം പഠിച്ചുപോരുന്ന മനുഷ്യന്‍ ഒരു സമൂഹസൃഷ്ടിയാണ് എന്ന ലളിത വാചകത്തിന്റെ പ്രാഥമിക അര്‍ഥം അതാണ്. വ്യക്തിയെ ചുറ്റിപ്പറ്റി സമൂഹത്തെ നിര്‍വചിക്കുകയും സമൂഹമെന്നാല്‍ വ്യക്തികളുടെ കൂട്ടമാണെന്ന് ധരിക്കുകയും ചെയ്യുന്നത് സമൂഹവിരുദ്ധമായ ഒരു കാഴ്ചപ്പാടാണ്. സമൂഹത്തിന്റെ ബലങ്ങളില്‍ നിന്ന് വിടുതിയുള്ള ഘടകമായി വ്യക്തിയെ മനസ്സിലാക്കുന്നത് അപകടകരമായ ചിന്തയുമാണ്. വ്യക്തിയിലേക്ക് സമൂഹത്തെ ചുരുക്കുകയല്ല, മറിച്ച് സമൂഹത്തിലേക്ക് വ്യക്തിയെ പടര്‍ത്തുകയാണ് പുരോഗമനം എന്നതിന്റെ കാതല്‍. ഇക്കാര്യമെല്ലാം ലോകം പലപാട് ചര്‍ച്ചചെയ്യുകയും ചില തീര്‍പ്പുകളില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്. പുതുമയില്ലെന്ന് സാരം. ആയതിനാല്‍ സമൂഹപുരോഗതിയുടെ ഒരു അനിവാര്യത വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്ന, അഥവാ വ്യക്തികള്‍ക്ക് ഉള്‍ച്ചേരാന്‍ കഴിയുന്ന ചില ധാര്‍മികതകളെ ഉത്പാദിപ്പിക്കുക എന്നതാണ്. ധാര്‍മികതകളെ ഉത്പാദിപ്പിക്കുക എന്നാല്‍ അധാര്‍മികതകളെ കൈയൊഴിയുക എന്നുമാണ് അര്‍ഥം. പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന ഒരു സമൂഹം കൈയൊഴിയേണ്ട അതിഹീനമായ ഒരു അധാര്‍മികതയാണ് ലോട്ടറി.
ചൂതാട്ടമാണെന്നതാണ് അത് പുരോഗമന സമൂഹത്തിലെ അശ്ലീലമാണ് എന്ന് പറയാന്‍ കാരണം. ലെനിന്‍ വിശദീകരിച്ചതുപോലെ ലോട്ടറിയില്‍ സാമൂഹ്യമായ ഒരു ചതിയുണ്ട്. അത് നിങ്ങള്‍ക്ക് അധ്വാനിക്കാതെ പണമുണ്ടാക്കാം എന്ന ക്രിമിനല്‍ മനോനിലയെ ന്യായീകരിക്കുന്ന ഒന്നാണ്. അത് കുറേ മനുഷ്യരെ ഇച്ഛാഭംഗത്തിലേക്കും അതുവഴി പലവിധ ലഹരികളിലേക്കും തള്ളിയിടും എന്നതല്ല, മറിച്ച് അത് മഹാഭൂരിപക്ഷം മനുഷ്യരുടെ പണം പ്രലോഭിച്ച് അപഹരിക്കലാണ്, മറ്റൊരു നിലയില്‍ മുച്ചീട്ട് കളിയാണ്. അതൊന്നും സര്‍ക്കാരിന്റെ പണിയല്ല, ആകരുത്.
ലോട്ടറി പക്ഷം ചേര്‍ന്ന് നിങ്ങള്‍ക്ക് വാദിക്കാന്‍ ഒറ്റ വസ്തുതയേ ഉള്ളൂ, നിലനില്‍ക്കുന്നതായി. അത് ലോട്ടറി മേഖല പ്രദാനം ചെയ്യുന്ന തൊഴിലാണ്. നിരാലംബര്‍, അംഗപരിമിതര്‍, സ്ത്രീകള്‍, വൃദ്ധര്‍, ദരിദ്രര്‍ അങ്ങനെ സമൂഹത്തിന്റെ സത്വര ശ്രദ്ധ പതിയേണ്ട, സമൂഹം കൈപിടിക്കേണ്ട വലിയൊരു വിഭാഗം ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നുണ്ട്. ലോട്ടറി ഇല്ലാതാകുന്ന പക്ഷം അവരുടെ ഗതി എന്താവും? തമിഴ്‌നാട് ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യന്‍ സംസ്ഥാനങ്ങളും നിരോധിച്ച ചൂതാട്ടം സര്‍ക്കാര്‍ മുന്‍കൈയില്‍ വര്‍ധിത വീര്യത്തോടെ പ്രബുദ്ധ ക്ഷേമ നിര്‍ഭര കേരളത്തില്‍ തുടരാനുള്ള ന്യായീകരണം ഇതാണ്. രണ്ട് മറുപടികള്‍ പറയാം. ഒന്ന്, ലോട്ടറി എന്ന പേരില്‍ നടക്കുന്ന അതിക്രൂരവും കുറ്റകരവുമായ തൊഴില്‍ചൂഷണമാണ് ന്യായീകരണത്തിന് നിരത്തുന്നത്. വന്‍കിടക്കാരായ ലോട്ടറി ഹൗസുകള്‍, വലിയ ഏജന്‍സികള്‍ എന്നിവര്‍ തുച്ഛമായ പ്രതിഫലത്തിന് ലോട്ടറിയുമായി ഭിക്ഷാടനത്തിനയക്കുകയാണ് മേല്‍വിഭാഗങ്ങളില്‍ ഭൂരിപക്ഷത്തിനെയും. ഇന്ന് ലോട്ടറിയെ ന്യായീകരിക്കാന്‍ എടുത്തുയര്‍ത്തുന്ന തൊഴില്‍പ്പടയെ ഒന്നാംതരം ക്ഷേമപദ്ധതികള്‍ നടപ്പാക്കി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അംഗപരിമിതരും അവശരും തെരുവില്‍ അലയേണ്ടവരല്ല.
ശരിയാണ്, സവിശേഷമായ ഒരു സാഹചര്യത്തിലാണ് കേരളസര്‍ക്കാര്‍ ലോട്ടറിയിലേക്ക് തിരിഞ്ഞത്. 1967-ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്താണത്. പി കെ കുഞ്ഞായിരുന്നു ധനമന്ത്രി. അക്കാലം വിവിധങ്ങളായ പ്രതിസന്ധികളുടേതായിരുന്നു. കാര്‍ഷികത്തകര്‍ച്ചയും വളര്‍ച്ചയില്ലായ്മയും രൂക്ഷം. താല്‍ക്കാലികമായ ഒരു പണമുണ്ടാക്കല്‍ മട്ടിലാണ് പി കെ കുഞ്ഞ് ലോട്ടറിയെ വിഭാവനം ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ കാര്‍മികത്വത്തില്‍ പുറപ്പെട്ടിരുന്ന പഴയ തിരുവിതാംകൂര്‍ ലോട്ടറിയും വടക്ക് കിഴക്ക് നിന്ന് പറന്നു വരുന്ന ടിക്കറ്റുകളുമായിരുന്നു മാതൃക. ലോട്ടറി നടത്തിയിരുന്നുവെങ്കിലും ആശയതലത്തില്‍ അതിന്റെ അപകടങ്ങള്‍ ബോധവല്‍കരിക്കണം എന്ന അഭിപ്രായം അക്കാലത്തേ ഉണ്ടായിരുന്നു. നെറ്റിവിയര്‍പ്പിനാല്‍ നേടുന്ന അപ്പത്തിന്റെ സ്വാദ് അറ്റുപോകാത്ത കാലമായിരുന്നു അത്. പക്ഷേ, കാലം മാറിയപ്പോള്‍ സര്‍ക്കാരിനും പ്രജകള്‍ക്കും ആര്‍ത്തിയുടെ മട്ട് വന്നു. അക്രമാസക്തമായ ആര്‍ത്തിയായി ലോട്ടറി പിടിമുറുക്കി. ഇപ്പോഴിതാ ലക്കും ലഗാനുമില്ലാതെ അത് വികസിക്കുകയാണ്.
ഇടതുപക്ഷം ലെനിനെ കേള്‍ക്കണമെന്ന് ആഗ്രഹിക്കുകയാണ്. സംഘടിതമായ പുനരധിവാസം നല്‍കി ഈ തൊഴില്‍ മേഖലയെ പിരിച്ചുവിടാന്‍ ആലോചിക്കണം. ചതിയും കണ്ണീരും കലങ്ങിയ പണം ഖജനാവിന് വേണ്ട എന്ന് തീരുമാനിക്കണം.
കെ കെ ജോഷി
You must be logged in to post a comment Login