ഒക്ടോബര്‍ 19 നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വീണ്ടെടുപ്പിനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്. പാര്‍ട്ടിക്കകത്തെ ആന്തരിക തിരഞ്ഞെടുപ്പില്‍, പല അപൂര്‍ണതകളുണ്ടെങ്കിലും, ശശി തരൂരിന് ആയിരത്തിലധികം വോട്ടുകള്‍ നേടാനാകുമെന്നത് ജനാധിപത്യ ഇന്ത്യയുടെ ഒരു പരിവര്‍ത്തന നിമിഷമായി കാണണം.
ഗാന്ധിമാരായ അമ്മയും മകനും ചേര്‍ന്ന ഫാമിലി ഓഫീസ് സിസ്റ്റത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചതും പാര്‍ട്ടിയുടെ തലപ്പത്ത് കുടുംബാംഗങ്ങളല്ലാത്ത ഒരാളെ ഗാന്ധിമാര്‍ അനുവദിച്ചതും പ്രശംസനീയമാണ്.
തിരഞ്ഞെടുക്കപ്പെട്ടാല്‍ സോണിയാഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ ആകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ഖാര്‍ഗെയെ നിര്‍ബന്ധിച്ചതിന് ശശി തരൂരിന്റെ പ്രചാരണത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ അനൗദ്യോഗിക സ്ഥാനാര്‍ഥിയുടെ ധീരമായ പ്രഖ്യാപനം. ആ പ്രഖ്യാപനാനുസൃതമായി ജീവിക്കുക എന്നത് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വരുത്തേണ്ട മാറ്റത്തിന്റെ കാതലായിരിക്കും. പഴയ ക്രമത്തിലുള്ള ഒരാള്‍ ഇപ്പോള്‍ ഒരു പുതിയ ഭരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നു. ഖാര്‍ഗെയെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമായിരിക്കില്ല. ഗാന്ധിമാര്‍ ചുറ്റും നില്‍ക്കുമ്പോള്‍ അധികാര സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ വിഭവങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നതൊഴിച്ചാല്‍ രാജീവ് ഗാന്ധിക്ക് ശേഷം പി വി നരസിംഹ റാവു നേരിട്ടതിന് സമാനമായിരിക്കും പല കാര്യങ്ങളിലും ഖാര്‍ഗെയുടെ ചുമതല.
നാല് വ്യത്യസ്തമായ അധികാര കേന്ദ്രങ്ങള്‍ കോണ്‍ഗ്രസിനെ ഏതാനും വര്‍ഷങ്ങളായി ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. സോണിയ ഗാന്ധിയാണ് ആദ്യത്തേത്. പാര്‍ട്ടിയുടെ ദൈനംദിന നിയന്ത്രണങ്ങള്‍ മകന് വിട്ടുകൊടുക്കാന്‍ അവര്‍ തയാറാവുമ്പോഴും പാര്‍ട്ടിയുടെ അവസാന വാക്കായി അവര്‍ നിലകൊള്ളുന്നു. ഇപ്പോഴും രാജമാതാവായി നില്‍ക്കാന്‍ സോണിയ തയാറായിരിക്കും. പഴയ ജനക്കൂട്ടത്തിന്, ലാലുപ്രസാദിനും ശരത് പവാറിനും, സോണിയയുടെ രാഷ്ട്രീയ വ്യക്തിത്വത്തില്‍ ഒരു പരിധിവരെ ആശ്വാസമുണ്ടെങ്കില്‍, ജനാധിപത്യ ശക്തികളുടെ പുനഃസംഘടനയില്‍ അവര്‍ക്ക് ശക്തമായ ആശ്രയമായി നില്‍ക്കാനാവും.
രണ്ടാമത് രാഹുല്‍ ഗാന്ധിയും സംഘവുമാണ്. വര്‍ഷങ്ങളായി എ ഐ സി സിയുടെ നടത്തിപ്പുകാര്‍ ഈ കൂട്ടായ്മയാണ്. ഇവരില്‍ പലരും അവരുടെ സമയവും ബൗദ്ധിക മൂലധനവും രാഹുല്‍ ഗാന്ധിയെ ഒരു പരമോന്നത നേതാവ് ആക്കുന്നതിനായി നിക്ഷേപിച്ചിട്ടുണ്ട്. അവരൊരിക്കലും അവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും അവസാനിപ്പിച്ച് വീട്ടില്‍ പോവുമെന്ന് തോന്നുന്നില്ല. ഈ സംഘത്തെ അവരുടെ സ്ഥാനത്ത് നിര്‍ത്താന്‍ എങ്ങനെ കഴിയുമെന്ന് കണ്ടറിയണം. കെ സി വേണുഗോപാലിനു പകരം പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തി പുതിയ പ്രസിഡണ്ടിന് തുടക്കമിടാം.
മൂന്നാമതായി പ്രിയങ്ക ഗാന്ധിയാണ്. നാലാമതായി മുതിര്‍ന്ന നേതാക്കളാണ്. അവരെല്ലാം ഗാന്ധിമാരുമായി വ്യക്തിഗത ബന്ധം പുലര്‍ത്തുന്നവരാണ്. അവരെല്ലാം അവരുടേതായ രീതിയില്‍ കഴിവുള്ളവരാണ്. എല്ലാവരും സഹകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക എന്നത് ഖാര്‍ഗെ നേരിടുന്ന വെല്ലുവിളിയായിരിക്കും. പുതിയ പ്രസിഡന്റിന് ആവശ്യമായ ബഹുമാനവും ആദരവും നല്‍കാനുള്ള ഉത്തരവാദിത്വം ഈ നേതാക്കള്‍ക്കുമുണ്ട്.
പഴയ പഴഞ്ചൊല്ല് പോലെ ഓഫീസാണ് മനുഷ്യരെ സൃഷ്ടിക്കുന്നത്. രണ്ട് ദശാബ്ദത്തിലേറെയായി, കോണ്‍ഗ്രസിന് തന്റെ എളിയ ഉത്ഭവത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന ഒരു പ്രസിഡന്റുണ്ട്. നഗരത്തിലുണ്ടാവുമ്പോഴെല്ലാം അദ്ദേഹം 24 അക്ബര്‍ റോഡിലുള്ള ഓഫീസില്‍ ഹാജരാകുന്നു. അഞ്ച് പതിറ്റാണ്ടുകളായി ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍, ജനറല്‍ സെക്രട്ടറിമാരുടെ ഊര്‍ജ്ജസ്വലമായ ഒരു ടീമിനെ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അറിഞ്ഞിരിക്കണം.
തീരുമാനങ്ങള്‍ എടുക്കുന്നതും ഒഴിവാക്കുന്നതും ഏകപക്ഷീയമാവാതെ നീതിയിലും പങ്കാളിത്തത്തിലും അധിഷ്ഠിതമാകാനുള്ള വഴികള്‍ പുതിയ പ്രസിഡന്റിന് കണ്ടെത്താനാവുമെങ്കില്‍ കോണ്‍ഗ്രസിന് രാഷ്ട്രത്തിനു മുന്നില്‍ യോജിപ്പിന്റെയും ലക്ഷ്യത്തിന്റെയും അസ്തിത്വമായി അവതരിപ്പിക്കാനാവും.
വിഭാഗീയത കോണ്‍ഗ്രസിലിപ്പോഴുമുണ്ട്. കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള വൃത്തികെട്ട ഗ്രൂപ്പു കളികള്‍ പുതിയ പ്രസിഡന്റ് തന്നെ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. പഴയ ശീലങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് മാഞ്ഞുപോകില്ല. പക്ഷേ, കടിപിടികൂടുന്നവരെയും കഥകള്‍ മെനയുന്നവരെയും അകലത്തില്‍ നിര്‍ത്താന്‍ കഴിയുമെങ്കില്‍ ഖാര്‍ഗെ ചെയ്യുന്നത് വലിയ സേവനമായിരിക്കും. അക്ബര്‍ റോഡിനും മൂന്ന് ഗാന്ധിമാര്‍ക്കുമിടയില്‍ കഥകള്‍ മെനയുന്ന ഗൂഢാലോചനക്കാര്‍ക്ക് ഒരു കുറവുമുണ്ടാകില്ലെന്ന് സൂചിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല.
കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് വളരെ ശക്തമായ ഒരു ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം ഓഫീസിനെ തരംതാഴ്ത്താതെ എങ്ങനെ ഗാന്ധിമാരോട് ഇടപെടണമെന്നതാണ് ഖാര്‍ഗെയുടെ ആശയക്കുഴപ്പം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍, സമീപ വര്‍ഷങ്ങളില്‍ പാര്‍ട്ടി വിട്ടുപോയ എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും തിരികെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും കൊണ്ടുവരികയും ചെയ്യുന്നത് തന്റെ സ്ഥാനത്തോട് പൂര്‍ണമായും പൊരുത്തപ്പെടുന്നതാണ്.
മറ്റു വ്യക്തികളെക്കാള്‍ സംഘടനയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഖാര്‍ഗെക്ക് കഴിയണം. അതിനായി ഒരു പുതിയ ഊര്‍ജം, പുതിയ കൂട്ടായ്മ, ലക്ഷ്യബോധം എന്നിവ പ്രയോജനപ്പെടുത്താന്‍ ഓഫീസിനാവണം. അതിനായി അധികാരത്തിന്റെ മുഴുവന്‍ ശ്രേണിയും ഉപയോഗിക്കാന്‍ ഖാര്‍ഗെക്ക് കഴിഞ്ഞാല്‍ മാത്രമെ ഇന്ത്യയില്‍ ഇഴഞ്ഞു നീങ്ങുന്ന സ്വേച്ഛാധിപത്യത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന്റെ ഏജന്റായി മാറാന്‍ കോണ്‍ഗ്രസിനു കഴിയൂ.
ദളിതനായ ഖാര്‍ഗെ
ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികള്‍ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം ദളിത് വിഭാഗത്തില്‍ പെട്ടയാളാണെന്നതാണ് അതിന് പ്രധാന കാരണം. കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരില്‍ വലിയ പങ്കും ദളിതരാണ്. രാജ്യത്തെ മറ്റിടങ്ങളിലെയും സ്ഥിതി ഏറെക്കുറെ അങ്ങനെത്തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസ് മേധാവി എന്ന നിലയില്‍ ഖാര്‍ഗെയ്ക്ക് കേന്ദ്രത്തിലും ഏതാനും സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്നവരില്‍ നിന്ന് ദളിത് വോട്ടുകള്‍ അകറ്റാന്‍ കഴിയുമെന്നത് അവരെ ഭയപ്പെടുത്തുന്നു. സമീപ ഭാവിയില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താന്‍ ഇത് കാരണമാകും.
മുന്‍ കാലങ്ങളില്‍ ദളിതര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവരാണ്. എന്നാല്‍ ബി ജെ പി വിശ്വാസവും ഭാവനയും കൂട്ടിക്കലര്‍ത്തി വര്‍ഗീയ കാര്‍ഡിറക്കിയതോടെ പഴയകാല മഹത്വവും അതിന്റെ പുനരുഥാന വാഗ്ദാനവും ഒരു സ്വപ്ന രാഷ്ട്രം സൃഷ്ടിക്കുമെന്ന വ്യാജ സന്ദേശത്തില്‍ ദളിതരുടെ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു. ഫലത്തില്‍ കോണ്‍ഗ്രസ് ദളിതരില്‍ നിന്നും ജനങ്ങളില്‍ നിന്നും അകന്നുകൊണ്ടിരുന്നു.
പാര്‍ട്ടിക്ക് ചുക്കാന്‍ പിടിക്കാന്‍ പുതിയ തലവന്‍ വന്നതു കൊണ്ട് മാത്രം സ്ഥിതി പഴയപടിയാകണമെന്നില്ല. ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിനെ പ്രതാപത്തിലേക്ക് നയിച്ചാല്‍ അദ്ദേഹത്തിന് ചില വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന് എതിരാളികള്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പട്ടികജാതിക്കാരുടെ തൊഴില്‍ സംവരണം 15 ല്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്ക് 3ല്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്തിയിരുന്നു. ദളിത് വിഭാഗക്കാരന്‍ അധ്യക്ഷനാകുന്ന പക്ഷം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയെന്നര്‍ഥം.
ഇതിന്റെ പ്രഖ്യാപനമായി ബൊമ്മെ ഒക്ടോബര്‍ 20 വ്യാഴാഴ്ച ട്വീറ്റ് ചെയ്തു: “എസ് സി/എസ് ടി വിഭാഗത്തില്‍ നിന്നുള്ള എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും സംവരണം ഉയര്‍ത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനുള്ള ചരിത്രപരമായ തീരുമാനമാണ് ഇന്ന് എന്റെ മന്ത്രിസഭ എടുത്തിരിക്കുന്നത്. ഈ ചരിത്രപരമായ തീരുമാനം അവരുടെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരികയും വിദ്യാഭ്യാസത്തിലും തൊഴിലിലും മതിയായ അവസരങ്ങള്‍ നല്‍കി അവരെ ഉയര്‍ത്തുകയും ചെയ്യും.’
അടുത്ത വേനല്‍ക്കാലത്ത് കര്‍ണാടക തിരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്. സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനു പകരം ഓര്‍ഡിനന്‍സ് വഴിയാണ് നിയമം പാസാക്കിയിരിക്കുന്നത്. ട്വീറ്റില്‍ അദ്ദേഹം ചരിത്രപരം എന്ന് രണ്ടു തവണ വിശേഷിപ്പിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹവും കേന്ദ്രം ഭരിക്കുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ത്യന്‍ ചരിത്രത്തില്‍ സംഭവിച്ച പല കാര്യങ്ങളും തെറ്റാണെന്ന് വിലയിരുത്തിയവരും ചരിത്രത്തെ നിര്‍ലജ്ജം തിരുത്തിയവരുമാണ്. ചരിത്രപരമായ കാര്യങ്ങള്‍ വില്‍പന നടത്തുന്നതിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നത്.
ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍, അയോധ്യയിലെ തെറ്റുകള്‍ “തിരുത്താനും’ സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങളെ അവര്‍ ഹൈലൈറ്റ് ചെയ്യുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിനു മുമ്പായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് പലതും ചെയ്യേണ്ടിവരും.
ഖാര്‍ഗെയുടെ ദളിത് രാഷ്ട്രീയം
ഖാര്‍ഗെ കര്‍ണാടകക്കാരനായതും സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ജാതിക്കാര്‍ക്കിടയില്‍ അല്‍പ്പം സ്വാധീനമുള്ളതും അവിടെ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. പക്ഷേ, കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളേക്കാള്‍ പ്രധാനം 2024 ലെ പൊതുതിരഞ്ഞെടുപ്പാണ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്.
ഈ പോരാട്ടം ബി ജെ പിക്കും മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മോഡിക്കും നിര്‍ണായകമാണ്. അതിനാല്‍ ദളിത് വോട്ടുകള്‍ക്ക് വലിയ വിലയുണ്ട്. ഖാര്‍ഗെ ഒരു ദളിതനാണെങ്കിലും തന്റെ ജാതി സ്വത്വം തിരഞ്ഞെടുപ്പിനും രാഷ്ട്രീയപരമായ നേട്ടങ്ങള്‍ക്കും അപൂര്‍വമായെ ഉപയോഗിച്ചിട്ടുള്ളൂ. തുടര്‍ച്ചയായ പാര്‍ശ്വവല്‍ക്കരണത്തിനിടയില്‍ ദളിതുകളെ നിസ്സാരമായി കാണാനോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കാനോ അദ്ദേഹം സന്നദ്ധമാകില്ല.
ഒരിക്കല്‍ പാര്‍ലമെന്റില്‍ ഡോ. ബി ആര്‍ അംബേദ്കറിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം അമര്‍ഷം പ്രകടിപ്പിച്ചു. അംബേദ്കര്‍ ഈ രാജ്യത്തെ ഒരു മൂല നിവാസിയാണ്(യഥാര്‍ത്ഥ നിവാസി). ഞങ്ങള്‍ ദളിതരാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ നിവാസികള്‍. ഞങ്ങളുടെ പൂര്‍വികര്‍ എവിടെ നിന്നും ഓടിപ്പോന്നവരല്ല. ഞങ്ങള്‍ ഈ രാജ്യത്തെ സംരക്ഷിക്കുന്നവരാണ്. പ്രബലരെന്ന് അവകാശപ്പെടുന്ന ആര്യന്മാരാണ് ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യയിലേക്ക് വന്നവര്‍. ഖാര്‍ഗോ അഭിപ്രായപ്പെടുന്നു.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ന്യായമായ അവകാശവാദത്തില്‍ ഖാര്‍ഗെ വിശ്വസിക്കുന്നു. ചില ഗഹനമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമുണ്ടാവുന്നത്. അദ്ദേഹത്തിന്റെ ന്യൂനപക്ഷത്തോടുള്ള/പാര്‍ശ്വവത്കൃതരോടുള്ള നിലപാടുകള്‍ ഇതിന് നിദാനമായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരകരില്‍ ഒരാളാകാന്‍ അദ്ദേഹത്തിന് കഴിയും. രാഷ്ട്രീയ നിര്‍ണായകമായ ഉത്തര്‍പ്രദേശ് പോലുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ എതിരാളികള്‍ വര്‍ഷങ്ങളായി കെട്ടിപ്പടുത്ത ദളിത് വോട്ടുബാങ്കിന് ഖാര്‍ഗെ വലിയൊരു ഭീഷണിയാകാം.
വിവരങ്ങൾക്ക് കടപ്പാട്: ദ പ്രിന്റ്, ദ ഫെഡറൽ ഓൺലൈൻ പോർട്ടലുകൾ
എം കെ അൻവർ ബുഖാരി
You must be logged in to post a comment Login