ഓരോ മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് വിശുദ്ധ മക്കയില്‍ പോയി ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്നത്. ഹജ്ജിന്റെ വൈശിഷ്ട്യവും വിശുദ്ധ ഭവനം നേരില്‍ കാണാനുള്ള അതിയായ ആഗ്രഹവും ഏത് ത്യാഗവും സഹിച്ച് അവിടെയെത്താന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍വഹിക്കുന്ന ഹജ്ജ് വിശ്വാസിയെ നവജാത ശിശുവിനെപ്പോലെ നിര്‍മലമാക്കുമെന്നും സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വര്‍ഗത്തേക്കാള്‍ കുറഞ്ഞ പ്രതിഫലമില്ലെന്നും തിരുനബി(സ്വ) അരുളിയിട്ടുണ്ട്.
അതേസമയം വളരെയേറെ സാമ്പത്തിക ചിലവുകളുള്ള കായികക്ഷമത ഏറെ ആവശ്യമായ കര്‍മം കൂടിയാണ് ഹജ്ജ്. ശരീരികശേഷിയും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ക്കു മാത്രമേ സാധാരണഗതിയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധ്യമാകുകയുള്ളൂ. അതിനാല്‍ പാവപ്പെട്ടവര്‍ക്കും ശരീരിക അവശതയുള്ളവര്‍ക്കും ഹജ്ജ് നിര്‍വഹണം പലപ്പോഴും ജീവിതാഭിലാഷമായി ശേഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ദരിദ്രര്‍ക്ക് കൂടി നിര്‍വഹിക്കാവുന്ന ഹജ്ജിനെക്കുറിച്ച് തിരുനബി(സ്വ) ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. അതാണ് ജുമുഅ. ദരിദ്രര്‍ക്ക് ജുമുഅയിലൂടെ ഹജ്ജിന്റെ പുണ്യം ലഭിക്കുന്നു. ജുമുഅ പാവപ്പെട്ടവന്റെ ഹജ്ജാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഇബ്‌നു അസാകിര്‍).
ഹജ്ജും ജുമുഅ നിസ്‌കാരവും തമ്മില്‍ ഏറെ സമാനതകളുണ്ട്. അല്ലാഹുവിന്റെ പ്രീതിയാണ് ഹാജി ആഗ്രഹിക്കുന്നത്. അവന്റെ വിശുദ്ധഭവനം ലക്ഷ്യമാക്കിയാണ് യാത്ര തിരിക്കുന്നത്. അവന്റെ ഭവനത്തിലും അതിനുചുറ്റും സംഗമിച്ചുകൊണ്ട് അവനെ സ്മരിക്കുകയും വാഴ്ത്തുകയും അവന്റെ മഹത്വം ഉദ്ഘാഷിക്കുകയുമാണ് ഹാജി ചെയ്യുന്നത്. വെള്ളിയാഴ്ചകളില്‍ വിശ്വസികള്‍ പള്ളിയില്‍ ഒത്തുചേരുന്നതും ഇതേ ലക്ഷ്യത്തിന് വേണ്ടിയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണ് അവര്‍ പള്ളിയില്‍ സംഗമിക്കുന്നത്. അല്ലാഹുവിനെ സ്മരിക്കലും അവനെ മഹത്വപ്പെടുത്തലും തന്നെയാണ് ജുമുഅയിലെ പ്രധാന കര്‍മങ്ങള്‍. “സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിനായി വിളിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലേക്ക് നിങ്ങള്‍ വേഗത്തില്‍ പോകുവീന്‍’ (ഖുര്‍ആന്‍ 62/ 9). ഹാജിമാര്‍ വിശുദ്ധ മദീനയില്‍ പോയി തിരുനബിയേയും മറ്റു പുണ്യാത്മാക്കളെയും സന്ദര്‍ശിക്കുന്നത് പോലെ ജുമുഅക്കെത്തുന്ന വിശ്വാസികള്‍ പള്ളിക്ക് ചുറ്റിലും അന്ത്യവിശ്രമംകൊള്ളുന്ന ബന്ധുജനങ്ങളെയും ജ്ഞാനികളെയും സന്ദര്‍ശിക്കുന്നു. വെളളിയാഴ്ച മാതാപിതാക്കളുടെ അന്ത്യവിശ്രമസ്ഥാനം സന്ദര്‍ശിക്കുന്നതും അവിടെവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പ്രത്യേകം പുണ്യമുള്ള കാര്യമാണ്. അതിലൂടെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്തവനായിത്തീരാനാകുമെന്ന് ജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്.
നഖം വെട്ടുകയും കൈക്കുഴിയിലേയും ഗുഹ്യഭാഗങ്ങളില്ലയും രോമങ്ങളും ശരീരത്തില്‍ പുരണ്ട അഴുക്കുകളും നീക്കി കുളിച്ചു വൃത്തിയായി സുഗന്ധം പുരട്ടി വെള്ള വസ്ത്രം ധരിച്ചുവേണം ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നത്. ജുമുഅ നിസ്‌കാരത്തിനായി പുറപ്പെടുന്നവര്‍ക്കും ഇത്തരം കാര്യങ്ങളെല്ലാം സുന്നതുണ്ട്. തിരുനബി(സ്വ) പറഞ്ഞു: “അല്ലാഹു സത്യവിശ്വാസികള്‍ക്ക് ആഘോഷമായി നിശ്ചയിച്ചിട്ടുള്ള ദിനമാണിത്. കുളിച്ചു വൃത്തിയായും ദന്തശുദ്ധി വരുത്തിയുമായിരിക്കണം നിങ്ങള്‍ ജുമുഅക്ക് വരുന്നത്. സുഗന്ധമുണ്ടെങ്കില്‍ അതുപയോഗിക്കുകയും ചെയ്യുക(ഇബ്‌നു മാജ). മറ്റൊരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: “വെള്ളിയാഴ്ച ദിവസം കുളിച്ചു വൃത്തിയാവുകയും സുഗന്ധം പൂശുകയും ജനങ്ങളെ വകഞ്ഞു മാറ്റാതെ പള്ളിയിലെത്തുകയും നിര്‍ദേശിക്കപ്പെട്ടത് നിസ്‌കരിക്കുകയും ഖുതുബ ശ്രദ്ധിക്കുകയും ചെയ്താല്‍ പ്രസ്തുത ജുമുഅക്കും മറ്റൊരു ജുമുഅക്കുമിടയിലുള്ള എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ് (ബുഖാരി).\
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഹജ്ജ് നിര്‍വഹണത്തിനായി വിശുദ്ധ ഭൂമിയിലെത്തുന്നവരുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണെന്നും (അബൂ നഈം) ജലം മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കുന്നത് പോലെ ഹജ്ജ് പാപങ്ങളെ കഴുകി വൃത്തിയാക്കുമെന്നും (ത്വബ്‌റാനി) തിരുനബി(സ്വ) അരുളിയിട്ടുണ്ട്. വെളളിയാഴ്ച ദിവസത്തെക്കുറിച്ചും സമാനമായ ഒരു പ്രസ്താവന തിരുനബി(സ) നടത്തിയിട്ടുണ്ട്. തിരുനബി(സ്വ) പറഞ്ഞു: ശരിയായ രീതിയില്‍ അംഗശുദ്ധി വരുത്തുകയും ജുമുഅ നിസ്‌കാരത്തിനായി ഒത്തുചേരുകയും സശ്രദ്ധം ഖുതുബ വീക്ഷിക്കുകയും ചെയ്താല്‍ പ്രസ്തുത ജുമുഅയുടേയും അടുത്ത ജുമുഅയുടെയുമിടയിലുള്ള സകല പാപങ്ങളും അതില്‍ കൂടുതലായി മൂന്ന് ദിവസത്തെ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ് (മുസ്‌ലിം).
“വെള്ളിയാഴ്ച ദിവസം പാപങ്ങള്‍ പൊറുത്തുകൊടുത്തിട്ടല്ലാതെ ഒരു സത്യവിശ്വാസിയേയും അല്ലാഹു ഉപേക്ഷിക്കുകയില്ല (ത്വബ്‌റാനി). ഹാജിയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുമെന്ന് തിരുനബി അരുളിയിട്ടുണ്ട് (ഇബ്‌നു മാജ). അറഫ, മശ്അറുല്‍ ഹറാം, മുല്‍തസം, മീസാബ്, മഖാമു ഇബ്‌റാഹീം, സ്വഫ, മര്‍വ, സംസം കിണര്‍, മസ്ആ, മത്വാഫ്, മിന, മുസ്ദലിഫ തുടങ്ങി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒട്ടേറെ സ്ഥലങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു കൊണ്ടാണ് ഹാജി തന്റെ കര്‍മം പൂര്‍ത്തിയാക്കേണ്ടത്. വെള്ളിയാഴ്ചയിലുമുണ്ട് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു പ്രത്യേക സമയം. തിരുനബി(സ്വ) പറഞ്ഞു: “വെള്ളിയാഴ്ച ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് നിസ്‌കാരത്തിലായി ഏതൊരു നന്മ അല്ലാഹുവിനോട് ചോദിച്ചാലും അല്ലാഹു അവനത് നല്‍കാതിരിക്കില്ല (ബുഖാരി). “അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്ത ഏതൊരു കാര്യം അവനോട് ചോദിച്ചാലും അല്ലാഹു അത് നല്‍കിയിരിക്കും(ഇബ്‌നുമാജ).
ഖുര്‍ആന്‍ പാരായണം, തിരുനബിക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ഥന (സ്വലാത്), പാപമോചനം തേടല്‍, കീര്‍ത്തനം (ദിക്‌റ്) പ്രാര്‍ഥന എന്നിവയെല്ലാം ഹാജിക്ക് പ്രത്യേകംസുന്നത്തുള്ള കാര്യങ്ങളാണ്. അറഫാ, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ പ്രത്യേകം സുന്നത്തുണ്ട്.
വെള്ളിയാഴ്ച ദിവസങ്ങളിലും ഇത്തരം കാര്യങ്ങള്‍ പ്രത്യേകം സുന്നത്തുണ്ട്. സൂറ അല്‍ കഹ്ഫ് പാരായണമാണ് വെള്ളിയാഴ്ചകളില്‍ പ്രത്യേകം സുന്നതുള്ള പ്രധാന കര്‍മങ്ങളിലൊന്ന്. അന്ത്യദിനത്തെക്കുറിച്ചും അതിലെ ഭീകരമായ അവസ്ഥകളെക്കുറിച്ചും അതിനു മുമ്പ് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്ന സൂറയാണ് സൂറ: അല്‍ കഹ്ഫ്. അന്ത്യദിനം സംഭവിക്കുന്നത് വെള്ളിയാഴ്ച ദിനമായിരിക്കുമല്ലോ? ഇതാണ് വെള്ളിയാഴ് ദിനം അല്‍ കഹ്ഫ് പാരായണം പ്രത്യേകം സുന്നതാകാന്‍ കാരണം (തുഹ്ഫ 2/478). വെള്ളിയാഴ്ച ദിവസം അല്‍ കഹ്ഫ് പാരായണം ചെയ്താല്‍ അടുത്ത വെള്ളിയാഴ്ചവരെ അവനത് പ്രകാശമായി ഭവിക്കുമെന്ന് ഹദീസിലുണ്ട് (ഹാകിം, ബൈഹഖി). “വെള്ളിയാഴ്ച ദിനം അല്‍ കഹ്ഫ് പാരായണം ചെയ്താല്‍ ബൈതുല്‍ അതീഖിനും അവനുമിടയിലുള്ളതെല്ലാം അവന് വേണ്ടി പ്രകാശപൂരിതമാകുമെന്നു തിരുനബി(സ്വ) അരുളിയിട്ടുണ്ട് ( ദാരിമി). തിരുനബിയുടെ(സ) മേലിലുള്ള അനുഗ്രഹ പ്രാര്‍ഥനയാണ് വെള്ളിയാഴ്ച പ്രത്യേകം സുന്നതുള്ള മറ്റൊരു കാര്യം. തിരുനബി(സ്വ) പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ച ദിവസമാണ്. അന്നാണ് ആദമിന്റെ(അ) സൃഷ്ടികര്‍മം നടന്നത്. വിയോഗവും വെള്ളിയാഴ്ച ദിവസമായിരുന്നു. അന്ത്യനാള്‍ സംഭവിക്കുന്നതും വെള്ളിയാഴ്ച ദിവസമായിരിക്കും അതിനാല്‍ അന്ന് നിങ്ങള്‍ എനിക്കു വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ഥന (സ്വലാത്) വര്‍ധിപ്പിക്കുക. നിശ്ചയം നിങ്ങളുടെ പ്രാര്‍ഥന എനിക്ക് കാണിക്കപ്പെടുന്നതാണ്. അനുചരര്‍ ചോദിച്ചു: “അല്ലാഹു വിന്റെ തിരുദൂതരേ, എങ്ങനെയാണ് ഞങ്ങളുടെ പ്രാര്‍ഥന അങ്ങേക്ക് കാണിക്കപ്പെടുക? അങ്ങയുടെ തിരുശരീരം മണ്ണ് തിന്നു തീര്‍ത്തിരിക്കില്ലേ?’ തിരുനബി പറഞ്ഞു: “തീര്‍ച്ച, നബിമാരുടെ ശരീരം ഭൂമിക്ക് മേല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു'(അബൂദാവൂദ്).
ഇസ്ഹാഖ് അഹ്സനി
You must be logged in to post a comment Login