ചരിത്ര കോണ്‍ഗ്രസിലെ സെമിനാറിനിടെ വയോധികനായ ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും ആ വേദിയില്‍ തന്റെ നേര്‍ക്കുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള നേതാവ് തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപണമുന്നയിച്ചതിന് പിറ്റേന്ന് മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രമാണിയായ ഒരവതാകരന്‍ തന്റെ അവതരണം തുടങ്ങുന്നത് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം മാറിയോ എന്ന ചോദ്യമുന്നയിച്ചാണ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്, ചരിത്ര സെമിനാറില്‍ ഗവര്‍ണര്‍ സംസാരിച്ചപ്പോള്‍ വേദിയിലും സദസ്സിലുമുയര്‍ന്ന പ്രതിഷേധത്തെയാണ് വധശ്രമമായും അറസ്റ്റ് തടയാന്‍ നടത്തിയ ഇടപെടലായുമൊക്കെ ആരിഫ് മുഹമ്മദ് ഖാന്‍ ചിത്രീകരിച്ചത്. ഗവര്‍ണറെ വധിക്കാന്‍ ശ്രമം നടന്നിട്ട് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപിച്ച ഗവര്‍ണര്‍, നിയമപാലനം കാര്യക്ഷമമായി നടക്കുന്ന ഇടമാണോ ഈ കേരളമെന്ന് പരോക്ഷമായി ചോദിക്കുകയാണ്. ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യാതിരുന്നതില്‍ അത്ഭുതം ബാക്കിനില്‍ക്കുന്നു.
അതിലേറെ അത്ഭുതകരമാണ് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത നാടായി കേരളം മാറിയോ എന്ന നിഷ്പക്ഷ നാട്യം തുടരുന്ന ചാനലിലെ അവതാരകന്റെ ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ചോദ്യം. രാഷ്ട്രീയ അക്രമങ്ങള്‍ക്കോ അതിന്റെ ഭാഗമായ കൊലകള്‍ക്കോ സമരങ്ങള്‍ക്കോ സമരത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കോ വൈവിധ്യമുള്ള കുറ്റകൃത്യങ്ങള്‍ക്കോ പഞ്ഞമുള്ള നാടല്ല കേരളം. ബഹുവിധങ്ങളായ തട്ടിപ്പുകളും അധികാരമുപയോഗിച്ചുള്ള ക്രമക്കേടുകളും നീതിബോധം തൊട്ടുതീണ്ടിയിട്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ഞമില്ല. അന്ധവിശ്വാസങ്ങള്‍ക്കും ആചാരത്തിന്റെ നിറമുള്ള അനാചാരങ്ങള്‍ക്കും കുറവില്ല. ജാതി ബോധം രൂഢമൂലമായി തുടരുന്നുമുണ്ട്. സംഘപരിവാരത്തിന്റെ തീവ്ര ഹിന്ദുത്വ അജണ്ടകളും അതിന്റെ വേരുറപ്പിക്കാന്‍ പാകത്തില്‍ അവര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളും ചെറുതല്ലാത്ത ആഘാതം സമൂഹത്തില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാനെന്ന പേരിലുള്ള തീവ്രയജ്ഞം സംഘപരിവാരത്തിന്റെ ആയാസത്തിന് ഇളവുണ്ടാക്കുന്നുമുണ്ട്. എങ്കിലും ജാതി – മത ഭേദമില്ലാതെ മനുഷ്യര്‍ക്ക് അന്തസ്സോടെ തലയുയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമോ എന്ന ശങ്ക മനുഷ്യരുടെ മനസ്സിനെ വേവിക്കുന്ന മണ്ണായി ഇതിപ്പോഴും മാറിയിട്ടില്ല. ഇക്കാലം വരെ കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് – ഇടത് – ഐക്യ മുന്നണി സര്‍ക്കാരുകളോടും ആ രാഷ്ട്രീയ പാര്‍ട്ടികളോടുമൊക്കെ നമ്മള്‍ അതിന് കടപ്പെട്ടുനില്‍ക്കണം. ആത്യന്തികമായി നമ്മളോട് തന്നെയും. ഇതൊക്കെ അറിയാവുന്നവര്‍ ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത നാടായി മാറിയോ കേരളമെന്ന് ചോദിക്കുമ്പോള്‍ അതിലൊരു രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്. ഗവര്‍ണറും അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ച നരേന്ദ്ര മോഡി സര്‍ക്കാരും അതിന്റെ ചാലകശക്തിയായ സംഘപരിവാരവും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ സര്‍വാത്മനാ പിന്തുണയ്ക്കുന്നുവെന്ന് തുറന്നുപറയുന്നവരാണെങ്കില്‍ ആ ചോദ്യത്തിലെ രാഷ്ട്രീയത്തിന് അപകടമില്ല. അതങ്ങനെയല്ലെന്ന പ്രതീതി ജനിപ്പിക്കുന്ന, ജന്മംകൊണ്ട് ഇടതുരാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുകയും യഥാര്‍ത്ഥ ഇടത് രാഷ്ട്രീയത്തിന്റെ വാഹകരായി തുടരുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചാനലും അവതാരകനും ഈ ചോദ്യമുന്നയിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല.
തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് ബി ജെ പിയെ നയിക്കാന്‍ സംഘപരിവാരത്തിന് ഇനിയും കഴിയാത്തതുകൊണ്ട് മതനിരപേക്ഷ ജനാധിപത്യത്തിന്റെ പാതയില്‍ ചരിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ തുണയ്ക്കുന്ന ചേരിരഹിതരായ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഗൂഢലക്ഷ്യം ഈ ചോദ്യത്തിലുണ്ട്. ഒറ്റച്ചോദ്യം കൊണ്ടോ ഒരു സംഭവത്തെ അധികരിച്ചുള്ള വാര്‍ത്താ അവതരണം കൊണ്ടോ ഈ വലിയ ലക്ഷ്യം സാധ്യമാകുമെന്ന് കരുതുന്നില്ല. കേരളത്തിലെ ഭരണ – പ്രതിപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെ വിശ്വാസ്യത ഇടിച്ചുകാണിക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പറയുന്നതില്‍ ന്യായമില്ലേ എന്ന് ഏവര്‍ക്കും ഒറ്റനോട്ടത്തില്‍ തോന്നും വിധത്തില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ പാകത്തിലുള്ള അതിഥികളെ നിരത്തിയുമാണ് അവരിതിന് ശ്രമിക്കുന്നത്. ചില ഘട്ടങ്ങളില്‍ അത് മറനീക്കി പുറത്തുവരും. അതിലൊന്നാണ് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം മാറിയോ എന്ന ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ചോദ്യം.
ദേശീയപാതയിലെ കുഴിയില്‍ ഇരുചക്രവാഹനം വീണുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തെത്തുടര്‍ന്ന് അരങ്ങേറിയ പ്രചാരണത്തിന് പിറകിലും ഇതേ രാഷ്ട്രീയം കാണാതിരിക്കാനാകില്ല. അപകടമുണ്ടായത് ദേശീയപാതയിലാണെങ്കിലും മറുപടി പറയേണ്ടത് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും അദ്ദേഹം അംഗമായ മന്ത്രിസഭയും അതിനെ നയിക്കുന്ന മുന്നണിയുമാണെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും അപകടങ്ങള്‍ക്ക് വഴിയാകാന്‍ പാകത്തില്‍ റോഡിന്റെ അവസ്ഥ മോശമാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിനുമപ്പുറത്തേക്ക് അപകടവും അതേത്തുടര്‍ന്നുള്ള കുഴി പരമ്പരകളും സംസ്ഥാനത്തെ ഭരണവീഴ്ചയുടെ പ്രകടോദാഹരണമായി വ്യവഹരിക്കപ്പെടുകയും അതിനെ ശരിവെക്കും വിധത്തില്‍ നീതിന്യായ സംവിധാനത്തിലെ ഒറ്റപ്പെട്ട ശബ്ദമുയരുകയും ചെയ്യുമ്പോള്‍ അതിന് പിറകിലൊരു രാഷ്ട്രീയമുണ്ട്. ഏത് മുന്നണി ഭരിച്ചാലും റോഡിന്റെ സ്ഥിതി ഇത് തന്നെയാണെന്ന് “നിഷ്പക്ഷ’ ശബ്ദങ്ങള്‍ കാര്യങ്ങളെ പൊതുവത്കരിക്കുകയും അത് പ്രതിധ്വനിപ്പിക്കാന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍ ഏത് തൊഴുത്തിലേക്കാണ് കയറുംകൊണ്ട് പോകുന്നത് എന്ന് വ്യക്തം. നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ക്ക് ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്ന ഉയര്‍ന്ന നീതിബോധമാണ് അവതാരകകണ്ഠങ്ങളില്‍ നിന്ന് അല്‍പ്പം ഇടർച്ചയോടെ പുറത്തേക്ക് മുഴങ്ങിയതെന്ന് ധരിച്ചുവശാകുന്ന ജനത്തിന് മുന്നിലേക്ക് വികസനനേട്ടങ്ങളുടെ നീണ്ട താടി പരസ്യമായികൂടി എത്തുമ്പോള്‍ പ്രത്യേകിച്ചും.
ഇവിടെ നിന്ന് നമ്മളൊരു ഗൊദാര്‍ദിയന്‍ കട്ട് ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 130ലേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട അപകടത്തിലേക്ക് നടത്തുന്നു. ദക്ഷിണകൊറിയയില്‍ ഹാലൊവീന്‍ ആചാരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 150 പേര്‍ മരിച്ചപ്പോള്‍ നല്‍കിയ വാര്‍ത്താ പ്രാധാന്യം എന്തുകൊണ്ടോ മോര്‍ബിയില്‍ നമുക്കുണ്ടായില്ല. കേരളത്തില്‍ നിന്ന് ഏറെ ദൂരെയാകയാല്‍ വാര്‍ത്താഗ്രാവിറ്റിയെ നിശ്ചയിക്കുന്ന “പ്രോക്‌സിമിറ്റി’ ഇല്ലെന്ന ന്യായം ഇവിടെയുണ്ട്. കാല്‍നൂറ്റാണ്ടിലേറെയായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനം, ദീര്‍ഘകാലമായി അവര്‍ തന്നെ ഭരിക്കുന്ന മുൻസിപ്പാലിറ്റി. അതിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാരോപാധി കൂടിയായ തൂക്കുപാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത് മുനിസിപ്പാലിറ്റി അറിഞ്ഞതേയില്ല. ഫിറ്റ്‌നസ് പരിശോധനയ്ക്ക് മുനിസിപ്പാലിറ്റിയെ കരാറെടുത്ത കമ്പനിക്കാര്‍ സമീപിച്ചതേയില്ല. നൂറോ നൂറ്റമ്പതോ പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിക്കൂടുമ്പോള്‍ നിയന്ത്രിക്കാനൊരു സംവിധാനവും അവിടെയുണ്ടായിരുന്നില്ല. ഇതൊന്നും വീഴ്ചയാണെന്ന മട്ടില്‍ വിചാരണചെയ്യപ്പെട്ടില്ല. വീഴ്ചയില്‍ ഭരണകൂടത്തിന് പങ്കുണ്ടോ എന്ന സംശയം പോലും ധ്വനിപ്പിക്കപ്പെട്ടതുമില്ല. നമ്മുടെ നാട്ടില്‍ റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ മരിക്കുന്ന സംഭവത്തോടുണ്ടാകുന്ന വൈകാരിക ബന്ധം അങ്ങകലെ (പ്രോക്‌സിമിറ്റി) മോര്‍ബിയില്‍ നടക്കുന്ന സംഗതിയിലുണ്ടാകില്ല എന്നതില്‍ തര്‍ക്കമില്ല. എങ്കിലും 130ലേറെ മനുഷ്യരുടെ ജീവനെടുത്ത അപകടത്തില്‍ ഭരണസംവിധാനത്തിന്റെ പങ്ക്, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണമായെങ്കിലും പ്രതിനിധാനം ചെയ്യപ്പെടേണ്ടതല്ലേ! അതുപോലുമുണ്ടാകാതിരിക്കുകയും ഇവിടെയുണ്ടാകുന്ന അപകടങ്ങളില്‍ ഉത്തരവാദിത്വം പോലും തലമാറ്റി വലുതാക്കുകയും ചെയ്യുമ്പോള്‍ അതിലെ രാഷ്ട്രീയത്തെ സംശയിക്കാതെ വയ്യ.
മോര്‍ബിയെക്കുറിച്ച് പറയുമ്പോള്‍, സംഘപരിവാര്‍ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചാനലിലെ, അതിലേറെ വിട്ടുവീഴ്ച ചെയ്യാത്തയാളെന്ന ഖ്യാതിയുള്ള അവതാരകന്‍ അപകടത്തില്‍ ബി ജെ പിയെയോ അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തെയും കുറ്റപ്പെടുത്തുന്നതില്‍ അർഥമില്ലെന്ന് പറയാന്‍ മെനക്കെടുകയാണെങ്കില്‍! റോഡിലെ കുഴിയുടെ പേരില്‍, അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയുണ്ടാക്കുന്ന വെള്ളക്കെട്ടുകളുടെ പേരില്‍, മനുഷ്യരുടെ കൈയേറ്റം കൂടി കാരണമാകുന്ന പ്രകൃതിദുരന്തങ്ങളുടെ പേരില്‍ ഇവിടുത്തെ ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും നിശിതമായി കുറ്റപ്പെടുത്താന്‍ മടിക്കാത്തവര്‍, മോര്‍ബിയിലെ ദുരന്തത്തിന്റെ പേരില്‍ ബി ജെ പിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് പറയുമ്പോള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം മറ്റൊന്നാണ്. മറ്റെന്ത് പ്രശ്‌നങ്ങളും വീഴ്ചകളുമുണ്ടെങ്കിലും തീവ്രഹിന്ദുത്വ വര്‍ഗീയതയ്ക്ക് ഇപ്പോഴും വേരാഴ്ത്താന്‍ കഴിയാത്ത വിധത്തില്‍ ഈ മണ്ണിനെ നിലനിലര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയും കഴിവുകെട്ടതാക്കാനുള്ള ഒരു പഴുതും ഒഴിവാക്കില്ലെന്ന രാഷ്ട്രീയം. അതിലൂടെ വളര്‍ന്നുവരാന്‍ ഇടയുള്ളത് സംഘപരിവാര രാഷ്ട്രീയമാണെങ്കിലും കുഴപ്പമില്ല എന്ന ഉദാസീനതയുണ്ട് ആ രാഷ്ട്രീയത്തില്‍. അവര്‍ വളര്‍ന്നുവന്നാല്‍ എതിര്‍വശത്ത് വളരാന്‍ ഇടയുള്ള ശക്തിയെക്കുറിച്ചുള്ള പ്രതീക്ഷയുമുണ്ടാകണം. സംഘപരിവാരത്തെ വിട്ടുവീഴ്ചകൂടാതെ എതിര്‍ക്കുന്നുണ്ടല്ലോ എന്ന ന്യായത്താല്‍ ഈ രാഷ്ട്രീയത്തിന് മറയിടുകയുമാകാം.
പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള പ്രചാരണം, 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പേ തന്നെ നരേന്ദ്ര മോഡി ആരംഭിച്ചിരുന്നു. അന്നുമുതല്‍ മോഡിയുടെയും അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ഗുജറാത്ത് മോഡലിന്റെയും പ്രചാരകരായി ദേശീയതലത്തിലെ മാധ്യമങ്ങളില്‍ വലിയൊരളവ് മാറി. നരേന്ദ്ര മോഡിയുടെ അധികാരത്തുടര്‍ച്ചയോടെ വിദ്വേഷ പ്രചാരണത്തിന് പോലും മടിയില്ലാത്തവയായി ദേശീയ മാധ്യമങ്ങളില്‍ പലതും മാറുകയും ചെയ്തു. അതിന്റെ തുണയും സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വ്യാജപ്രചാരണവും സംഘപരിവാര രാഷ്ട്രീയത്തിന് നല്‍കുന്ന പിന്തുണ ചെറുതല്ല. പ്രേക്ഷക വിപണിയിലുണ്ടായ മാറ്റം അവിടുത്തെ മാധ്യമങ്ങളുടെ ചുവടുമാറ്റത്തെ എളുപ്പത്തിലാക്കുകയും ചെയ്തു.
എന്നാല്‍ കേരളത്തില്‍ ഹിന്ദുത്വ അജണ്ടയുടെ നേരിട്ടുള്ള വിനിമയം ഇപ്പോഴും അത്രത്തോളം എളുപ്പമല്ല. പ്രേക്ഷക വിപണി അതിന് യോജിച്ചതായിട്ടില്ല എന്നതാണ് കാരണം. പ്രേക്ഷക വിപണിയെ അതിന് പാകപ്പെടുത്തിയെടുക്കുക എന്ന ജോലിയാണ് ഇപ്പോള്‍ മലയാളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ ചിലതെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കണം. അതിന് പാകത്തിലുള്ള ഒളിച്ചുകടത്തലുകളും ഊതിവീര്‍പ്പിക്കലുകളും ധാരാളമായുണ്ട്. ആ ഒളിച്ചുകടത്തലിന്റെ തുടര്‍ച്ചയിലാണ് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത നാടായോ കേരളമമെന്ന ചോദ്യമുണ്ടാകുന്നത്. മോര്‍ബിയിലെ അപകടത്തില്‍ ബി ജെ പിയെ കുറ്റം പറയാനില്ലെന്ന് പറഞ്ഞൊഴിയുന്നത്.
വിപല്‍ക്കരമായ ഈ രാഷ്ട്രീയത്തെ മറച്ചുവെക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ന്യായം, ഇവിടുത്തെ ഭരണകൂടത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടുക എന്നത് മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്വമാണെന്നും അതിന് ശ്രമിക്കുമ്പോള്‍ സംഘടിതമായി ആക്രമിക്കുന്നുവെന്നുമാണ്. ഒരുപരിധിവരെ അതില്‍ ശരിയുണ്ടുതാനും. പക്ഷേ, ഇക്കൂട്ടര്‍ ഭരണപക്ഷത്തെ മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യത്തിന്റെ പാതയില്‍ ചരിക്കുമെന്ന് ഇപ്പോഴും ഉറപ്പിക്കാവുന്ന പ്രതിപക്ഷത്തിന്റെ വിശ്വാസ്യത കൂടിയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഭരണപക്ഷത്തിന്റെ വീഴ്ചകളും പ്രതിപക്ഷധര്‍മം ശരിയാംവിധം നിറവേറ്റാത്ത പ്രതിപക്ഷനിരയുമെന്ന വ്യാഖ്യാനം ഏതുവിധത്തിലാണ് ചമച്ചെടുക്കുന്നത് എന്ന് മനസിലാക്കണമെങ്കില്‍ അവതാരകരുടെ വായ്ത്താരിയും അവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തുന്ന വിദഗ്ധരുടെ രാഷ്ട്രീയചായ്‌വും പരിശോധിച്ചാല്‍ മതി. ഇവര്‍ക്ക് വേണ്ടുംവണ്ണം ഉപയോഗിക്കാന്‍ പാകത്തില്‍ “ഒറ്റപ്പെട്ടതും’ “മനഃപൂര്‍വ’മല്ലാത്തതുമായ വീഴ്ചകള്‍ സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്നത് കാണാതിരിക്കാനാകില്ല. ആ വീഴ്ചയൊഴിവാക്കുക എന്നത് കേവലം ഭരണമികവിന് വേണ്ടി മാത്രമല്ല, മറിച്ച് സംഘപരിവാര രാഷ്ട്രീയത്തിന്റെ ഓശാനപാടല്‍ ഇല്ലാതാക്കാന്‍ കൂടിയാണെന്ന ഓര്‍മ നഷ്ടപ്പെടാതിരിക്കണം. ഇതേ ഓര്‍മ പ്രതിപക്ഷനിരയ്ക്കുമുണ്ടാകുന്നത് നന്ന്.
ഡി മാര്‍ക്‌സിന്‍
You must be logged in to post a comment Login