രാഷ്ട്രീയമായി വിയോജിക്കുന്നവരെയും മനുഷ്യാവകാശ സംരക്ഷകരെയും തടവിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അധികാരപരിധിയിലുള്ള കോടതികളുടെയും തീരുമാനങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ഭരണഘടനയെക്കുറിച്ചും ക്രിമിനല്‍ നടപടിക്രമങ്ങളെക്കുറിച്ചും പഠിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുമ്പോള്‍, നടപടിക്രമ ലംഘനങ്ങള്‍ ഭരണഘടനയ്ക്ക് കീഴിലുള്ള മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് മനസ്സിലാക്കാനാവും.
അന്യായമായി തടവിലായവരോടുള്ള അസ്വസ്ഥജനകമായ ഇടപെടലും, രൂക്ഷമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് തടവിലായവരുടെ മോചനം, ഇളവ്, പരോള്‍, വിടുതല്‍ എന്നീ കാര്യങ്ങളില്‍ കോടതിയുടെയും സര്‍ക്കാരിന്റെയും ഉദാരമനസ്‌കതയോടെയുള്ള സമീപനവും മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെയും കോടതിയുടെയും ഇളവ് ലഭിക്കുന്നവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ മുഴുവന്‍ “പൗരത്വം’ എന്നതിന്റെ പുതിയ നിര്‍വചനത്തിലെ “മറ്റു’ എന്ന് അടയാളപ്പെടുത്തിയ മതവിഭാഗങ്ങള്‍ക്കെതിരെയുള്ള മനുഷ്യത്വ രഹിതമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതായിരിക്കും.
“അര്‍ബന്‍ നക്‌സല്‍’ പോലോത്ത നിന്ദ്യമായ പേരുകള്‍ കോടതി വ്യവഹാരങ്ങളിലേക്കെത്തിയിരിക്കുന്നു. അതുവഴി അറസ്റ്റും നീണ്ട തടവും വിധിക്കപ്പെട്ടേക്കാവുന്ന നടപടി ക്രമങ്ങളിലേക്ക് പൗരന്‍ എടുത്തെറിയപ്പെടുന്നു. നിയമങ്ങള്‍ പൗരന്റെ സംരക്ഷണത്തിനാണെന്നും ക്രിമിനല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നത് പ്രധാനമായും മനുഷ്യാവകാശ സംരക്ഷണത്തിനാണെന്നുമുള്ള സുപ്രധാന വസ്തുത മനഃപൂര്‍വം അവഗണിക്കപ്പെടുന്നു. അംഗീകരിക്കപ്പെടാത്തതും എന്നാല്‍ അനുദിനം വളരുന്നതും നീതിയുടെ പരിഹാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അസ്വസ്ഥതയാണ്. ഭൂരിപക്ഷ വാചാടോപങ്ങളാല്‍ കോടതി പരിസരങ്ങള്‍ പോലും നീതിയെ പരിഹസിക്കുന്ന അസ്വസ്ഥജനകമായ അന്തരീക്ഷമാണ്.
ഇക്കാരണത്താല്‍ മാത്രം, വേലിയേറ്റത്തിന്റെ സമയമാണിത്. വളരെ ജാഗ്രതയോടെ, രക്തപങ്കിലവും അക്രമാസക്തവുമാകാത്ത രൂപത്തില്‍ അഹിംസാത്മകമായ ഒരു ജനകീയ പ്രതിരോധമാണ് ഞാന്‍ വേലിയേറ്റം എന്നത് കൊണ്ട് അര്‍ഥമാക്കിയത്. വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാനാണ് രാജ്യത്തെ തടവറകള്‍ ശ്രമിക്കുന്നത്. വൈരുദ്ധ്യാത്മകം എന്നു പറയട്ടെ, രാജ്യത്തിന്റെ ഭരണഘടന നിലകൊള്ളുന്നത് തന്നെ അവരുടെ വിശ്വാസത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യവും ജീവിതവും പ്രദാനം ചെയ്യാനുമാണ്.
സാകിയ ജാഫ്രി, ആക്ടിവിസ്റ്റുകളായ ടീസ്റ്റ സെതല്‍വാദ്, ഉമര്‍ ഖാലിദ് എന്നിവരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നക്‌സല്‍ മുദ്രകുത്തി തടവിലാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയുടെ വിടുതല്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയെയും ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കേന്ദ്രത്തിന്റെ അനുമതിയോടെ കുറ്റവിമുക്തരാക്കിയ വിധിയെയും ഇനിയും വിലയിരുത്താൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും നമ്മള്‍ ചെയ്യേണ്ട ഒരു താരതമ്യം ഈ എഴുത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
2002 ലെ ഗുജറാത് സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ നടന്ന കുറ്റകൃത്യത്തിലെ കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത പശ്ചാത്തലത്തില്‍, കലാപത്തെക്കുറിച്ചുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ കണ്ടെത്തലുകളോ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ലളിതമായ വസ്തുതയോ ആവര്‍ത്തിക്കുന്നില്ല. പകരം വിയോജിക്കാനുള്ള സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നീ കാര്യങ്ങളെ കുറിച്ചുള്ള കോടതി രേഖകളുടെയും ജുഡീഷ്യല്‍ ധാരണകളുടെയും മുന്‍കാല ചരിത്രങ്ങളാണ് വിവരിക്കുന്നത്. 1972 ല്‍ ജ്വാലമുഖി vs സ്‌റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസില്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ജഡ്ജി ജസ്റ്റിസ് കെ മാധവ റെഡ്ഡി നിരീക്ഷിച്ചതു പോലെ: “ജസ്റ്റിസ് ഹോംസ് നിരീക്ഷിച്ചതുപോലെ, “എല്ലാ ആശയങ്ങളും ഒരു പ്രേരണയാണ്’, അത്തരം എല്ലാ ആശയങ്ങളുടെയും പ്രചരണത്തെ രാജ്യദ്രോഹമെന്ന് വിളിക്കാന്‍ കഴിയില്ല.’
സ്വേച്ഛാധിപത്യപരമായി അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഷ്ട്രാധികാരികള്‍ വാക്കിന്റെ ശക്തിയെ ഭയപ്പെടുമ്പോള്‍ “സാഹിത്യ കുറ്റകൃത്യം, വെര്‍ബല്‍ നക്‌സല്‍, അര്‍ബന്‍ നക്‌സല്‍’ പോലെ നിസ്സാരമായ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. 1970 കളിലാണ് ഇത്തരം വാക്കുകള്‍ പ്രചാരത്തിലാവുന്നത്. ഇവിടെ പ്രകടമായ ഒരു വ്യത്യാസം ഇത്തരം നിസ്സാര കാര്യങ്ങളെ എഴുപതിലേ കോടതികള്‍ പടിക്കു പുറത്താക്കി. പക്ഷേ, 2022ലെ കോടതികള്‍ ജുഡീഷ്യല്‍ കോമണ്‍സെന്‍സ് പദവിയിലേക്ക് ഈ വാക്കുകളെ ഉയര്‍ത്തുകയാണ്. നാം ഇന്ന് സഞ്ചരിക്കുന്ന ദുര്‍ഘടമായ പാതയുടെ ആഴം മനസ്സിലാക്കാന്‍ ഇത് തിരിച്ചറിഞ്ഞാല്‍ മാത്രം മതി.
“വിപ്ലവം’ എന്ന വാക്കിനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്റുവോ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്‍ മാക്സിമിലിയന്‍ റോബ്സ്പിയറോ പറഞ്ഞതിനെക്കുറിച്ചും വിപ്ലവകാരികളെക്കുറിച്ച് അവര്‍ക്ക് എന്തു ധാരണയുണ്ടെന്നും സംസാരിക്കുന്നതിനുപകരം, സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ കോടതികള്‍ വിപ്ലവത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും എങ്ങനെയാണ് പാര്‍ലമെന്ററി പ്രഭാഷണങ്ങള്‍ വിപ്ലവകാരികളെ കുറിച്ച് (പ്രതിഷേധിക്കുന്നവരെ കുറിച്ച് മാത്രമല്ല) പരാമര്‍ശിക്കുന്നതെന്നും കോടതികളും ഭരണകൂടവും അവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും മുന്‍ കാലങ്ങളില്‍ വന്ന ചര്‍ച്ചകള്‍ മുന്‍നിര്‍ത്തി ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1971ല്‍ നക്സലൈറ്റ് നേതാവ് നാഗഭൂഷണ്‍ പട്നായിക്കിനെ ജയിലില്‍ വെച്ച് കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള പാര്‍ലമെന്ററി ചര്‍ച്ചകളും അടിയന്തരാവസ്ഥക്കു ശേഷം 1977-ലെ ഭരണകൂട അക്രമത്തെക്കുറിച്ചുള്ള പാര്‍ലമെന്ററി ചര്‍ച്ചകളും, മറവിക്ക് വിട്ടുകൊടുക്കാതെ നമ്മുടെ ഓര്‍മയിലേക്ക് കുതിച്ചെത്തുന്നത് വലിയ വിപ്ലവമാണ്.
എഴുത്ത്, പ്രസംഗം, പാട്ട്, റോഡുകളിലും സര്‍വകലാശാലകളിലും ജോലി സ്ഥലങ്ങളിലുമുള്ള പൊതു പ്രതിഷേധം ഇവയെല്ലാം ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും പൊതുപഠനങ്ങള്‍ക്ക് നിദാനമായി. അതിലൂടെ പൗരന്മാര്‍ക്ക് ഭരണഘടനയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്താനുമായി.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ കെ വി രമണ റെഡ്ഡി കോടതിയില്‍ ചോദിച്ചു: “ഈ പാര്‍ലമെന്ററിക്ക് എന്തിനാണ് ഇങ്ങനെ മേധാവിത്വം നല്‍കുന്നത്? ജുഡീഷ്യറിയെ അടിച്ചുതകര്‍ക്കാനാണോ?’
കോടതി പ്രസ്താവന ഫെബ്രുവരി 23, 1976.
അന്നും ഇന്നത്തെപ്പോലെ, ഭരണഘടനാപരമായ സാമാന്യബുദ്ധിയുടെ വളര്‍ച്ചയ്ക്ക് സാമൂഹിക പരിവര്‍ത്തനവും പൊതുവിദ്യാഭ്യാസവും നിര്‍ണായകമായിരുന്നു. പ്രശസ്ത തെലുങ്ക് കവി നിഖിലേശ്വര്‍ 1971-ല്‍ കോടതിയില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക: “ഇന്നത്തെ സമൂഹം നിരവധി വൈരുദ്ധ്യങ്ങളുടെ ഉത്പന്നമാണ്. ഈ വൈരുദ്ധ്യങ്ങളുടെ വേരുകളിലേക്ക് പോകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. എന്റെ രചനകള്‍ ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളില്‍ ആയിരുന്നു. സമൂഹത്തിലെ അസമത്വങ്ങളെ ഇല്ലാതാക്കലും ജനങ്ങളെ ഉണര്‍ത്തലും ഞങ്ങളുടെ ജോലിയാണ്. ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ കവിത എഴുതിയത്. അവ സാഡിസമോ അശ്ലീലമോ ആണെന്ന് പറയുന്നത് നിങ്ങളുടെ വികൃതമായ വ്യാഖ്യാനത്തിന്റെ ഫലമാണ്. സാഹിത്യത്തിലെ സാഡിസമോ അശ്ലീലമോ എന്താണെന്ന് തീരുമാനിക്കാനുള്ള കഴിവ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനില്ല. എഴുതുകയോ യാത്ര ചെയ്യുകയോ മീറ്റിംഗുകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് പൊതു സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’
1971-ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ കെ യാദവ റെഡ്ഡിയും പൊലീസ് കമ്മീഷണറും തമ്മിലുള്ള കേസ് പരിഗണിച്ച ജസ്റ്റിസ് ഒ ചിന്നപ്പ റെഡ്ഡിയും ജസ്റ്റിസ് എഡിവി റെഡ്ഡിയും തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനം അസാധുവാണെന്ന് കണ്ടെത്തി. രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി തന്റെ നിരീക്ഷണം രേഖപ്പെടുത്തിയത്. “തടങ്കലിന്റെ മൂന്ന് ഉത്തരവുകളിലെ ആദ്യത്തെ മൂന്ന് കാരണങ്ങളും സമാനമാണ്. ഈ മൂന്ന് കാരണങ്ങളിലും തടങ്കലില്‍ വയ്ക്കാന്‍ മാത്രം പ്രശ്‌നം കാണുന്നില്ല. മാര്‍ക്‌സിസത്തില്‍ അവരുടെ വിശ്വാസങ്ങള്‍ എങ്ങനെയെന്ന് കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ലെനിനിസവും മാവോയിസവും അല്ലെങ്കില്‍ അവരുടെ രചനകളിലെ ചില വിഭാഗങ്ങളെക്കുറിച്ചുള്ള അവരുടെ “അശ്ലീലവും ക്രൂരവുമായ’ പരാമര്‍ശങ്ങള്‍ക്ക് തടങ്കലില്‍ വയ്ക്കാന്‍ മാത്രം യുക്തിസഹമായ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. വിശ്വാസങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ല. വിശ്വാസങ്ങളുടെ പേരില്‍ ആരെയും ജയിലിലടക്കാനാവില്ല.’
രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ‘വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധനല്‍കണമെന്ന് ഈ കോടതി ആവര്‍ത്തിച്ച് ഉപദേശം നല്‍കിയിട്ടും, അത്തരം കാര്യങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് വലിയ വിഷമകരമാണ്.’ എന്ന് വിലപിച്ച ചീഫ് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയെ അദ്ദേഹം ഉദ്ധരിച്ചു.
“ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ കേസുകളിലും അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നത്. സി ജെ പതഞ്ജലി ശാസ്ത്രിയുടെ വിലാപത്തില്‍ പങ്കുചേരാനേ ഞങ്ങള്‍ക്ക് കഴിയൂ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയുടെ കാവ്യാത്മകമായ ആവിഷ്‌കാരത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. പ്രസംഗം, മുദ്രാവാക്യം, പാട്ടുകള്‍ എന്നിവയിലേക്കും ഇത് വ്യാപിപ്പിക്കുന്നു. ചരിത്രപരമായി സമരങ്ങളാണ്, ജനങ്ങളുടെ പ്രതിരോധമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്.
ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയെ ഒരിക്കല്‍ കൂടി ഉദ്ധരിക്കട്ടെ: “ശക്തമായ വികാരങ്ങളുടെ സ്വതസിദ്ധമായ ഒഴുക്കാണ് കവിത. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള കവിയുടെ പോരാട്ടവും ആവേശവും അതിരുകടന്നതിന്റെ രേഖയാണത്. കവിതയുടെ രൂപത്തിലുള്ള കവിയുടെ ചിന്തകളുടെയും വികാരങ്ങളുടെയും കേവല നിര്‍ഗളനങ്ങള്‍ക്ക് പൊതു ക്രമക്കേടുമായി യുക്തിസഹമായ ബന്ധമുണ്ടെന്ന് കാണാന്‍ പ്രയാസമാണ്.’
“ഇന്‍ക്വിലാബി സലാം’ അല്ലെങ്കില്‍ “ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉപയോഗിച്ച് ഒരു പൊതുയോഗം നയിക്കുന്നത് അക്രമത്തിലേക്കുള്ള ആഹ്വാനമായി വിശേഷിപ്പിക്കാനാവില്ല. വിപ്ലവം, സമരം എന്നിവ ജുഡീഷ്യല്‍ രോഷം ക്ഷണിക്കുന്നതിനോ അല്ലെങ്കില്‍ ജുഡീഷ്യല്‍ സഹതാപം സ്വീകരിക്കുന്നതിനോ വേണ്ടി മുമ്പില്‍ രക്തം-രക്തരഹിതം തുടങ്ങിയ പദാവലികള്‍ ചേര്‍ക്കേണ്ട വാക്കുകളല്ല. നിരായുധമായ, അഹിംസാത്മകമായ പൊതു പ്രതിഷേധത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും നിയമാനുസൃതമായ രൂപമാണ് സമരങ്ങള്‍.
തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വിദ്വേഷ പ്രസംഗവും വംശഹത്യ ആഹ്വാനവും മറുവശത്ത് കലാപങ്ങള്‍ക്കും ആൾക്കൂട്ട അക്രമങ്ങള്‍ക്കും ജനങ്ങള്‍ നിയമം കൈയിലെടുത്ത് ശിക്ഷാവിധികള്‍ നടപ്പിലാക്കാനും കാരണമാകുന്നു. ഏതാണ് രക്തരഹിതം, ഏതാണ് രക്തരൂഷിതം? ജുഡീഷ്യല്‍ വ്യവഹാരത്തില്‍ “അഹിംസ’ എന്ന പദത്തിനു പകരം രക്തരഹിതം എന്നാണ് ഉപയോഗിക്കുന്നത്.
ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും നൃത്തം ചെയ്യുന്ന മരങ്ങളോ തീക്കനലുകളോ ഇല്ല. ഏകപക്ഷീയമായി സര്‍ക്കാര്‍ നടപടിക്കെതിരെ നിയമാനുസൃതമായി പ്രതിഷേധിക്കുന്നവര്‍ മാത്രമാണുള്ളത്. അവര്‍ ജയിലുകളുടെ ഉയര്‍ന്ന മതിലുകള്‍ക്ക് പിന്നില്‍ ഒതുങ്ങുന്നു. അക്രമം നടത്താന്‍ ജനക്കൂട്ടത്തെ നയിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരു കാലത്തും ശിക്ഷിക്കപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നു.
ജനാധിപത്യപരമായി ആശയകൈമാറ്റം ചെയ്യുന്നതേതാണ്? ഹിംസാത്മക പ്രവണതകള്‍ ഇല്ലാതാക്കുന്നതേതാണ്? പൗരന്മാരെന്ന നിലയില്‍ ആലോചിച്ച് തീരുമാനിക്കേണ്ടത് നമ്മളാണ്.
ഭരണകൂടത്തിനെതിരായ യുദ്ധങ്ങള്‍ വീടകത്തിരുന്നും നടത്താമെന്ന് കോടതികള്‍ സമ്മതിക്കുമ്പോള്‍, തടവിനെയോ അറസ്റ്റിനെയോ ന്യായീകരിക്കാന്‍ നടപടിക്രമങ്ങളോ തെളിവുകളോ കര്‍ശനമായ നിയമങ്ങളോ ഒന്നും ആവശ്യമില്ല. ഓരോ പൗരന്റെയും സ്വാതന്ത്ര്യ ജീവിതം അതിവേഗം ചുരുങ്ങുന്നു. ഒപ്പം അനുമാനങ്ങളെ നിയമവാഴ്ചയുടെ സ്ഥാനത്തേക്ക് മാറ്റിപ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു.
ന്യൂ ഡല്‍ഹി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റിലെ പ്രൊഫസറാണ് ലേഖിക.
കടപ്പാട്: സ്‌ക്രോള്‍.ഇന്‍
വിവ. എബി
കല്‍പ്പന കണ്ണബീരന്‍
You must be logged in to post a comment Login