മുസ്തഫാബാദിന്റെ ഹൃദയം ഇവിടെയുണ്ട്

മുസ്തഫാബാദിന്റെ ഹൃദയം ഇവിടെയുണ്ട്

വൈക്കം മുഹമ്മദ് ബഷീറിന് ഏറെ ഇഷ്ടപ്പെട്ട സൂഫിഗീതത്തിലെ രണ്ടുവരികള്‍ എം എ റഹ്മാന്‍ ഒരനുസ്മരണ ലേഖനത്തില്‍ പകര്‍ത്തുന്നുണ്ട്. അതിങ്ങനെയാണ്:
“മന്ദിര്‍ ദാദേ മസ്ജിദ് ദാദേ
പ്യാര്‍ കിസ്സികാ ദില്‍ നാ ഭായ്’
നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനേയാക്കാം, എന്നാല്‍ ആരുടെയും ഹൃദയം തകര്‍ക്കാനാവില്ല എന്ന് ഭാഷാന്തരം.

ഡല്‍ഹി മുസ്തഫാബാദിലെ ഗല്ലികളിലൂടെ നടക്കുമ്പോള്‍ ബഷീറിനെ ഓര്‍ത്തു; അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സൂഫിഗീതവും. മുസ്തഫാബാദ് എന്ന സ്ഥലപ്പേര് നമ്മള്‍ മറന്നിരിക്കില്ല. ഡല്‍ഹി കലാപം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, 2020 ല്‍ ഹിന്ദുത്വ വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനു നിന്നുകൊടുക്കേണ്ടിവന്ന പ്രദേശങ്ങളിലൊന്ന്. അതിക്രമത്തില്‍ ഇവിടെ മാത്രം പത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പരിക്ക് പറ്റിയവര്‍ അതിന്റെ എത്രയോ ഇരട്ടി വരും. ഇവിടത്തെ ഫാറൂഖിയ്യ മസ്ജിദ് അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പള്ളിയില്‍ ബാങ്കുവിളിക്കുന്ന ബിഹാറുകാരനായ ജലാലുദ്ദീന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. “കണ്ണില്‍ കണ്ടവരെയെല്ലാം അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. പിന്നാലെ പള്ളിക്കുള്ളിലും പ്രവേശിച്ചു. അപ്പോള്‍ ഏതാണ്ട് പത്തു പേര്‍ നിസ്‌കരിക്കുന്നുണ്ടായിരുന്നു. എല്ലാവരും പേടിച്ചോടി. ഞാന്‍ മുറിയിലേക്കോടി ലോക്ക് ചെയ്തു. ഒരു പൊലീസുകാരന്‍ അക്രമം അഴിച്ചുവിടുന്നത് വാതിലിന്റെ വിടവിലൂടെ കാണാമായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിക്കുകയും തീവെയ്ക്കുകയും ചെയ്തു. പൊടുന്നനെ എല്ലായിടത്തും തീ പടര്‍ന്നു. പള്ളിയുടെ അടുത്തുണ്ടായിരുന്ന മദ്റസയും തീവെയ്പില്‍ നശിച്ചു. തീ പിടിച്ച് പുക നിറഞ്ഞതോടെ മുറിയില്‍ നിന്ന് ഇറങ്ങി പുറത്തേക്കോടി. ഇതോടെ എന്നെ കണ്ട പൊലീസ് ലാത്തികൊണ്ട് അടിക്കാന്‍ തുടങ്ങി. പിന്നാലെ നിരവധി പൊലീസുകാര്‍ എത്തുകയും അടിക്കുകയും ചെയ്തു.’ ആശുപത്രിക്കിടക്കയില്‍ വെച്ച് ജലാലുദ്ദീന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞതാണിത്.

മുസ്തഫാബാദിലെ ആകെ ജനസംഖ്യ 127,167 ആണെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ 78% മുസ്‌ലിംകളാണ് (99,258 പേര്‍). കലാപകാരികള്‍ എന്തുകൊണ്ട് മുസ്തഫാബാദ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനുത്തരവും കൂടിയാണിത്. പ്രദേശത്തെ സ്‌കൂളും ബഹുനില കെട്ടിടങ്ങളും കലാപത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം വീടുകളും മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും തിരഞ്ഞുപിടിച്ചാക്രമിച്ചു. കാറുകള്‍ കത്തിക്കപ്പെട്ടു. ഉപജീവന മാര്‍ഗമായിരുന്ന റിക്ഷകളും ഉന്തുവണ്ടികളും തീയില്‍ നശിച്ചു. എല്ലാം നശിപ്പിക്കാന്‍ തന്നെയാണ് അക്രമികള്‍ വന്നത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന പ്രദേശമാകയാല്‍ ഹിന്ദുത്വവര്‍ഗീയവാദികള്‍ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ആയുധങ്ങളുമായാണ് അവര്‍ വന്നത്. വാളും തോക്കും പെട്രോളും കൈയിലുണ്ടായിരുന്നു. ഇടുങ്ങിയ ഗല്ലികളില്‍ ആക്രമണം എളുപ്പമായിരുന്നു. ഇരകള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍ നാലുപേര്‍ ഗല്ലിയുടെ അറ്റത്ത് നിരന്നുനിന്നാല്‍ മതിയായിരുന്നു. എല്ലാം ആസൂത്രിതമായിരുന്നു. ഒന്നും ആകസ്മികമായിരുന്നില്ല. തീയിടേണ്ട കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും നേരത്തെ ലിസ്റ്റ് ചെയ്തിരുന്നുവെന്ന് വേണം മനസിലാക്കാന്‍. ഡല്‍ഹി പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു. ചിലരെങ്കിലും ആ കലാപത്തോടെ മുസ്തഫാബാദ് വിട്ടു. പോകാന്‍ ഇടമില്ലാത്തവര്‍ വെന്ത സ്വപ്നങ്ങളുമായി അവിടെത്തന്നെ ജീവിച്ചു.

കലാപം മുസ്തഫാബാദിനെ സാമ്പത്തികമായി തകര്‍ത്തു, ശാരീരികമായി വേദനിപ്പിച്ചു, പള്ളി തകര്‍ത്തു, മദ്രസ തകര്‍ത്തു. നടുക്കുന്ന ഒരോര്‍മയായി ആ നാളുകള്‍ അവരെ പിന്തുടര്‍ന്നേക്കാം. പക്ഷേ, അവരുടെ ഹൃദയം തകര്‍ക്കാന്‍ ആ കലാപത്തിന് സാധിച്ചിട്ടില്ലെന്ന് ആ ഗല്ലികളിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും. അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. “ഉപ്പു തൊട്ട് കര്‍പ്പൂരം വരെ’ എല്ലാം ലഭ്യമാണിവിടെ. കടകളില്‍ പലതരം പൊടികള്‍ നിരത്തിവെച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ പലഹാരങ്ങള്‍, വേറെ ചിലയിടങ്ങളില്‍ പല രുചികളിലുള്ള മിഠായികള്‍, കുല്‍ഫിയും ഐസ്‌ക്രീമും വേറൊരിടത്ത്, റോഡരികില്‍ വില്പനക്ക് വെച്ചിരിക്കുന്ന വേവിച്ച വിഭവങ്ങള്‍.. നമ്മുടെ വൃത്തിസങ്കല്പങ്ങളുമായി ഒരുനിലക്കും പൊരുത്തപ്പെടാനിടയില്ലാത്ത എത്രയോ കാഴ്ചകള്‍ ഇവിടങ്ങളിലെല്ലാം കാണാം. രാത്രി വൈകിയും ബീഫ് വില്‍ക്കുന്ന കടകള്‍ കണ്ടിട്ടുണ്ട് ഡല്‍ഹിയുടെ പല ഭാഗത്തും. രാവിലെ അറുത്തതാകും. വൈകുന്നേരമാകുമ്പോഴേക്കും നിറം മങ്ങി കറുപ്പ് പടരാന്‍ തുടങ്ങിയിട്ടുണ്ടാകും. എന്നാലും ആളുകള്‍ വാങ്ങിക്കൊണ്ടുപോകും.

മുസ്തഫാബാദ് ഗല്ലിയിലെ വീടുകള്‍ ഒന്ന് മറ്റൊന്നിനോട് ചുംബിച്ചു നില്‍ക്കുന്നത് പോലെ തോന്നും, മുകളിലേക്ക് നോക്കിയാല്‍. താഴെ മിക്കവാറും ഷോപ്പുകളാണ്. മുകള്‍നിലയിലാണ് വീടുകള്‍. താഴെ റോഡുകള്‍ക്ക് വേണ്ടി നീക്കിവെച്ച അത്രയും സ്ഥലം കൂടി പുറത്തേക്ക് ചേര്‍ത്തിയാണ് മുകളില്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മാസവാടകയ്ക്ക് താമസിക്കുന്നവരാണ് ഏറിയകൂറും. കുറഞ്ഞവാടകയ്ക്ക് അന്തിയുറങ്ങാന്‍ ഇടം ലഭിക്കുമെന്നതിനാല്‍ പുറത്തുനിന്നും ധാരാളം പേര്‍ ഇവിടെ വന്നു താമസിക്കുന്നുണ്ട്. ഗല്ലിയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് (മൂന്നാമത്തെയോ നാലാമത്തെയോ നിലയാകണം) കയറില്‍ കെട്ടിയ ഒരു ബക്കറ്റ് താഴ്ന്നുവരുന്നു. റോഡരികില്‍ ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്ന ആള്‍ അതില്‍ സാധനങ്ങള്‍ നല്‍കുന്നു. ബക്കറ്റ് മുകളിലേക്കുയരുന്നു. ഉന്തുവണ്ടികളില്‍ പച്ചക്കറിക്കച്ചവടം ചെയ്യുന്ന ഒട്ടേറെപ്പേര്‍. കുപ്പിവളയും മാലയും മൈലാഞ്ചിയുമൊക്കെയായി പെണ്ണുങ്ങള്‍ക്ക് മാത്രമായുള്ള കച്ചവടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ സ്ത്രീകള്‍ തന്നെയാണ് കച്ചവടക്കാര്‍. അന്വേഷിച്ചപ്പോഴറിഞ്ഞു, ഇവിടെ പലവീടുകളിലും പുരുഷന്മാരില്ല. ചിലര്‍ നാടുവിട്ടു പോയി, വേറെ ചിലര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. എത്രയോ അനാഥക്കുട്ടികളുണ്ട് ഈ ഗല്ലികളിലെന്ന് ഒപ്പമുണ്ടായിരുന്ന ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി ടി മുഹമ്മദ് സഖാഫി പറഞ്ഞു. റോഡരികില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ടു. വിശന്നൊട്ടിയ വയറുകളും പിന്നിയ ഉടുപ്പുകളും. മുസ്തഫാബാദിലെ സാക്ഷരതാനിരക്ക് 75% എന്നാണ് സര്‍ക്കാര്‍ കണക്കെങ്കിലും ആ കണക്കിനെ ശരിവെക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളല്ല അവിടെക്കണ്ടത്.

ത്വയ്ബ ഹെറിറ്റേജിന് കീഴില്‍ മുസ്തഫാബാദില്‍ പ്രവര്‍ത്തിക്കുന്ന ലേണിംഗ് സെന്റര്‍ ലക്ഷ്യമാക്കിയാണ് ഈ യാത്ര. ഗല്ലികളിലൊന്നില്‍ വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2020-ലാണ് ത്വയ്ബ ലേണിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് അധ്യാപകരുണ്ടവിടെ. മദ്രസ, സ്‌കൂള്‍ ട്യൂഷന്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം എന്നിവയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. അറുപത് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ടെന്ന് അധ്യാപകന്‍ അൽതാഫ് ഹുസൈന്‍ പറഞ്ഞു. കശ്മീരിലെ പൂഞ്ചില്‍ നിന്നുള്ളയാളാണ് അൽതാഫ് ഹുസൈന്‍. കാരന്തൂര്‍ മര്‍കസിലുണ്ടായിരുന്നു, കശ്മീരി ഹോമില്‍. മര്‍കസില്‍ പഠിച്ച എത്രയോ കശ്മീരി വിദ്യാര്‍ഥികള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ അധ്യാപകരായി സേവനം ചെയ്യുന്നുണ്ട്.
ഉത്തരേന്ത്യയുടെ പൊതുപ്രശ്‌നമായ സ്‌കൂള്‍ വിദ്യാഭ്യാസത്തോടുള്ള വിമുഖത ഇവിടെയും പ്രകടമാണ്. കുട്ടികളിലെന്ന പോലെ രക്ഷിതാക്കളിലും ഈ വിമുഖതയുണ്ട്. ത്വയ്ബ പ്രവര്‍ത്തകരുടെ പ്രധാന ഉദ്യമങ്ങളിലൊന്ന് ഈ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയാണ്, സ്‌കൂള്‍ വിദ്യാഭ്യാസത്തോട് രക്ഷിതാക്കളിലും നാട്ടുകാരിലും ആഭിമുഖ്യം സൃഷ്ടിക്കുകയാണ്. നമ്മള്‍ കരുതുന്നപോലെ, ക്ഷിപ്രസാധ്യമല്ല അത്. എങ്കിലും പ്രതീക്ഷക്ക് വകയുണ്ട്. ഈ വര്‍ഷം 12 വിദ്യാര്‍ഥികളെ സ്‌കൂളിലയച്ചുവെന്ന് പി ടി മുഹമ്മദ് സഖാഫി. അക്ഷരജ്ഞാനം നമുക്ക് അഭിമാനമാണ്. അതില്ലെങ്കിലും ജീവിച്ചുപോകാമെന്നു ചിന്തിക്കുന്ന മനസുകളെ വിദ്യാഭ്യാസത്തിലേക്ക് പ്രചോദിപ്പിക്കുകയും അതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും കൂടി ചെയ്താണ് ത്വയ്ബ ഹെറിറ്റേജ് മുസ്തഫാബാദിലെ ജനജീവിതത്തിലിടപെടുന്നത്. ഒരു കലാപത്തിനും തകര്‍ത്തുകളയാന്‍ കഴിയാത്ത ഹൃദയമുള്ള മനുഷ്യരോട് അല്‍പനേരം വെറുതെ സംസാരിക്കുന്നതുപോലും ചിലപ്പോള്‍ ഒരു സാംസ്‌കാരികപ്രവര്‍ത്തനമായി മാറിയേക്കും. നടപ്പുകാല ഇന്ത്യയില്‍ അവരെ വിദ്യാഭ്യാസത്തിലേക്ക് കൈപിടിക്കുന്നതാകട്ടെ, ഏറ്റവും സൃഷ്ടിപരമായ രാഷ്ട്രീയപ്രവര്‍ത്തനവുമാണ്.

(തുടരും)

മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login