കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താക്കളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്തിടെ “ദ വയര്‍’ വെബ്‌സൈറ്റിന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. “ദ വയര്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് അവകാശപ്പെടുന്നതോടൊപ്പം സ്ഥാപനത്തിനെതിരെ വഞ്ചനാക്കുറ്റവും ഗൂഢാലോചനയും ആരോപിച്ചാണ് എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് അന്വേഷണമുണ്ടായത്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത, ഇന്ത്യ പോലൊരു രാജ്യത്ത്, അടിസ്ഥാന രഹിത വാര്‍ത്തകള്‍ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുമ്പോള്‍ പൊതുവേ അവയെ അവഗണിക്കുന്ന നിലപാട് എടുക്കുന്ന സര്‍ക്കാരാണ് പെട്ടെന്ന് ഈ പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
“കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്’, “വ്യാജ വിവരണങ്ങള്‍ അടങ്ങിയത്’, “യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത്’, “സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നത്’, “വളരെ മോശമായ ഭാഷയടങ്ങിയത്’… കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമ വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ക്കെതിരെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (NBDSA) പുറപ്പെടുവിച്ച മുന്നറിയിപ്പുകളില്‍ ചിലതാണ് മുകളില്‍ വിവരിച്ചത്. രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനായി രൂപീകരിച്ച സ്ഥാപനമാണ് എന്‍ബിഎസ്ഡിഎ.
2022ല്‍ മാത്രം, കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ മേല്പറഞ്ഞ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 22 വ്യാജവാര്‍ത്തകളാണ് എന്‍ബിഎസ്ഡിഎ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നതും സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കാവുന്നതുമായ, സ്ഥിരീകരിക്കാത്തതോ വ്യാജമോ ആയ ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും പേരില്‍ നടത്തിയ എട്ടോളം വാര്‍ത്താ സംവാദങ്ങളും ഈ പിന്‍വലിക്കപ്പെട്ട മാധ്യമ ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടും. വ്യാജവും സാങ്കല്പിക സ്വഭാവമുള്ളതുമായ ഈ ബ്രോഡ്കാസ്റ്റുകള്‍ക്ക് ചില ഉദാഹരണങ്ങള്‍ ഇവയാണ്;
1- വാക്‌സിന്‍ ജിഹാദ് നടത്താന്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ ഗൂഢാലോചന നടത്തി:
ഇക്വഡോറില്‍ നിന്നുള്ള ഒരു വീഡിയോ ഉപയോഗിച്ച് 2021 മെയ് 30ന് സീ ഹിന്ദുസ്ഥാന്‍ എന്ന മാധ്യമ സ്ഥാപനം പ്രചരിപ്പിച്ച ഒരു വീഡിയോയുടെ തലക്കെട്ടാണ് ഇത്. ഹിന്ദുക്കളെ വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കാതെ അവരെ കൊവിഡ്-19ന്റെ ഇരകളാക്കാന്‍ ഇസ്‌ലാം മതവിശ്വാസികള്‍ ഗൂഢാലോചന നടത്തുന്നു എന്നതായിരുന്നു ഈ വീഡിയോ പുറത്തുവിട്ടുകൊണ്ട് സീ ഹിന്ദുസ്ഥാന്‍ ആരോപിച്ചത്. ഇത് വ്യാജ വാര്‍ത്തയായിരുന്നു.
2- കര്‍ണാടകയിലെ സ്‌കൂളുകള്‍ നടപ്പാക്കാന്‍ ശ്രമിച്ച ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആഗോള തീവ്രവാദ സംഘവുമായി ബന്ധം:
2022 ഏപ്രില്‍ 6-ാം തിയതി ന്യൂസ് 18 ഇന്ത്യ പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ ഉള്ളടക്കമാണിത്. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് അല്‍-ഖാഇദയുമായി ബന്ധമുണ്ടെന്നും കൊല്ലപ്പെട്ട അല്‍-ഖാഇദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയുമായി ബന്ധപ്പെട്ട “സവാഹിരി സംഘ’ത്തിന്റെ ഭാഗമാണ് ഈ പെണ്‍കുട്ടികളെന്നുമായിരുന്നു ചാനല്‍ ആരോപിച്ചത്. ഇതും നുണയാണെന്ന് തെളിഞ്ഞു.
ഹിജാബിധാരികളായ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ഒരു സ്‌കൂളില്‍ മുസ്‌ലിംകള്‍ ബോംബ് വര്‍ഷിച്ചെന്നും ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ രാജ്യത്ത് എല്ലായിടത്തും ബോംബ് സ്‌ഫോടനം ആവര്‍ത്തിക്കുമെന്ന് മുസ്‌ലിംകങ്ങള്‍ ഭീഷണി ഉയര്‍ത്തി എന്നുമായിരുന്നു അടുത്ത വാര്‍ത്ത. “ഹിജാബിനെ പിന്തുണയ്ക്കാനായി രാജ്യമെമ്പാടും ഇനി ബോംബ് വര്‍ഷിക്കുമോ?’ എന്നായിരുന്നു ഈ വാര്‍ത്ത അവതരിപ്പിച്ചു കൊണ്ട് അവതാരിക പ്രേക്ഷകരോട് ചോദിച്ചത്. ന്യൂസ് 18 ഇന്ത്യയില്‍ തന്നെ 2022 ഫെബ്രുവരി 5നാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അത്തരത്തില്‍ ഒരു ബോംബ് സ്‌ഫോടനവും ഇന്ത്യയില്‍ ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
3- 2021 ആഗസ്റ്റില്‍ “മസാബി കബ്‌സ’ എന്ന പേരില്‍ മൊറാദാബാദില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ ഭൂമി നിര്‍ബന്ധിതമായി പിടിച്ചെടുത്തുവെന്നും തന്മൂലം പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നെന്നും 2021 ആഗസ്റ്റ് 3-ാം തിയതി സീ ന്യൂസ് പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ ആരോപിക്കുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു ഭൂമി പിടിച്ചെടുക്കലോ പലായനമോ ഉണ്ടായിട്ടില്ലെന്നാണ് മുറാദാബാദ് പൊലീസിന്റെ സ്ഥിരീകരണം.
4- “തുപ്പല്‍ ജിഹാദ്’ (ഥൂക്ക് ജിഹാദ്) എന്ന പേരില്‍ ഹിന്ദുക്കളുടെ ഭക്ഷണ പദാർഥങ്ങളില്‍ മുസ്‌ലിംകള്‍ തുപ്പിയെന്നും അതുവഴി ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ച് കൊണ്ടുള്ള ദൃശ്യങ്ങള്‍ 2021 നവംബര്‍ 16ന് ന്യൂസ് 18 ഇന്ത്യയാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ആരോപണം ഉന്നയിച്ചുകൊണ്ട് ന്യൂസ് 18 ചാനല്‍ പ്രചരിപ്പിച്ച വീഡിയോകളില്‍ കുറഞ്ഞത് 3 എണ്ണമെങ്കിലും തെറ്റിദ്ധാരണ പരത്തുന്നവയാണെന്നും യഥാര്‍ത്ഥ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കപ്പെട്ടവയാണെന്നും പിന്നീട് എന്‍ബിഎസ്ഡിഎ കണ്ടെത്തി. ഇതില്‍ ഇന്ത്യയില്‍ നിന്നും എടുത്തതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച ഒരു വീഡിയോ യഥാര്‍ത്ഥത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളതായിരുന്നു എന്നും പിന്നീട് കണ്ടെത്തി.
മുകളില്‍ പരാമര്‍ശിച്ചതടക്കം 22 കേസുകളിലും എന്‍ബിഎസ്ഡിഎ പുറത്തിറക്കിയ സ്ഥിരീകരണങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 ന് ലഭിച്ചു. രാജ്യത്തെ വാര്‍ത്താ പ്രക്ഷേപകര്‍ സ്വമേധയാ അംഗീകരിച്ച ഒരു കൂട്ടം നിര്‍ദേശങ്ങള്‍ അടങ്ങിയ “കോഡ് ഓഫ് എത്തിക്‌സ് ആന്റ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സും’ കേന്ദ്രത്തിന്റെ കേബിള്‍ ടെലിവിഷന്‍ ശ്യംഖലാ നിയമങ്ങളും (1994) ലംഘിക്കുന്നവയായിരുന്നു ഈ 22 കേസുകളുമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ആകെയുള്ള 22 കേസുകളില്‍ 12 എണ്ണവും സീ ന്യൂസോ സീ ഹിന്ദുസ്ഥാനോ പ്രക്ഷേപണം ചെയ്തതും 6 എണ്ണം ന്യൂസ് 18 ഇന്ത്യയുടെ വകയായും ബാക്കിയുള്ളവ പ്രാദേശിക ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്ന ചെറിയ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്തവയുമായിരുന്നു.
ഈ കേസുകളോടുള്ള സീ ന്യൂസിന്റെയും ന്യൂസ് 18 ഇന്ത്യയുടെയും പ്രതികരണങ്ങള്‍ എന്തെന്നറിയാന്‍ ആര്‍ട്ടിക്കിള്‍ 14 ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. എന്‍ബിഎസ്ഡിഎയുടെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് പ്രതികരണം ലഭിച്ചില്ല. ഇവരില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചാലുടനെ ഈ വാര്‍ത്ത പുതുക്കി പ്രസിദ്ധീകരിക്കുന്നതാണ്.
പ്രസ്തുത വീഡിയോകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമൊഴികെ ഈ ചാനലുകള്‍ക്ക് എതിരെ സര്‍ക്കാരില്‍ നിന്നോ സഹ മാധ്യമ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നോ യാതൊരു നടപടിയോ പരിശോധനയോ ഉണ്ടായിട്ടില്ല. പ്രത്യക്ഷത്തില്‍ തന്നെ വ്യാജമായതും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷത്തിലേക്ക് നയിക്കുന്നതുമായ വാര്‍ത്തകള്‍ക്കെതിരെയും ഇത്തരത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിന്റെ കൂടുതല്‍ ഉദാഹരണങ്ങള്‍ വിവിധ ഫാക്റ്റ് ചെക്കിങ് വെബ്‌സൈറ്റുകള്‍ പങ്കുവച്ചിരുന്നു.
അതേസമയം ബിജെപി വക്താവായ അമിത് മാള്‍വിയ “ദ വയര്‍’ വെബ്‌സൈറ്റിന് എതിരെ അപകീര്‍ത്തിപ്പെടുത്തലും വ്യാജവാര്‍ത്തയും വഞ്ചനാക്കുറ്റവും ആരോപിച്ച് നല്‍കിയ പരാതിയിന്മേല്‍ വെറും 48 മണിക്കൂറിനുള്ളിലാണ് ഡല്‍ഹി പൊലീസ് നടപടിയെടുത്തത് എന്നത് വളരെ വിരോധാഭാസമായി വേണം മനസ്സിലാക്കാനെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. “ദ വയര്‍’ ന്റെ എഡിറ്റര്‍മാരുടെയും ബിസിനസ് തലവന്മാരുടെയും വീടുകളിലും ഓഫീസുകളിലും മിന്നല്‍ വേഗത്തില്‍ റെയ്ഡ് നടത്തുകയും അവരുടെ സ്വകാര്യ, ഔദ്യോഗിക കംപ്യൂട്ടറുകളും ഫോണുകളും ഐപാഡുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തത് 2022 ഒക്ടോബര്‍ 31നായിരുന്നു. വ്യാജ വാര്‍ത്തകളുടെ നിലയ്ക്കാത്ത പ്രവാഹത്തോട് സര്‍ക്കാരും പൊലീസും കാണിക്കുന്ന സഹിഷ്ണുതയും “ദ വയര്‍’ നോട് കാണിക്കുന്ന അസഹിഷ്ണുതയും ഈ വൈരുദ്ധ്യ സമീപനത്തെ തുറന്നു കാണിക്കുന്നതാണെന്നാണ് വിദഗ്ധ അഭിപ്രായം.
“ദ വയര്‍’ ന് എതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്ന് കൊളംബിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സിലുള്ള മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്റെ ഭാഗമായ ടെക്‌നോളജി വിഭാഗത്തിന്റെ ഡയറക്ടറായ അന്യ ഷിഫ്രിന്‍ അഭിപ്രായപ്പെട്ടു.
“ദ വയര്‍’ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തി വരികയായിരുന്നെന്നും “മെറ്റ’യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അവര്‍ പിന്‍വലിച്ചുവെന്നതും കണക്കിലെടുക്കുമ്പോള്‍ ഈ മാധ്യമ സ്ഥാപനത്തിനെതിരായ പൊലീസ് നടപടി തികച്ചും അനാവശ്യമായിരുന്നെന്ന് പറയേണ്ടിവരും. മാത്രമല്ല, ഇത്തരമൊരു നടപടിയിലേക്ക് തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതിന് പുറകില്‍ രാഷ്ട്രീയ കാരണങ്ങളാണ് ഉള്ളതെന്നും മനസിലാക്കേണ്ടി വരും’ – അന്യ കൂട്ടിച്ചേര്‍ത്തു.
വ്യാജവും ഭിന്നതയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. വാര്‍ത്തകളുടെ നിജസ്ഥിതി അറിയിക്കുന്ന, ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകളിലൊന്നായ ആല്‍ട്ട് ന്യൂസ്, 2022 സെപ്റ്റംബര്‍ 1-ാം തിയതി മുതല്‍ പിന്തുടര്‍ന്ന ഏകദേശം 11 വാര്‍ത്തകളിലെങ്കിലും സ്ഥിരീകരിക്കാത്തതും ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ അനുകൂല പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നതായി പറയുന്നു.
എല്ലാ ആഴ്ചയിലും ഇത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്തയെങ്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുണ്ടെന്ന് ആല്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളായ പ്രതീക് സിന്‍ഹ ആര്‍ട്ടിക്കിള്‍ 14നോട് പറഞ്ഞു. കേവലം ഊഹാപോഹങ്ങളെ മാത്രം ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങളെ ആധികാരികമെന്നും സത്യസന്ധമെന്നും തോന്നിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ് ഇത്തരം മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവ പലപ്പോഴും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്നതോ ബിജെപിയുടെ രാഷ്ട്രീയ വൈരികള്‍ക്ക് ദോഷം ചെയ്യുന്നതോ ആയ വാര്‍ത്തകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൂം എന്ന മറ്റൊരു ഫാക്ട് ചെക്കിങ് വെബ്‌സൈറ്റും 2022 സെപ്റ്റംബര്‍ 1-ാം തിയതിക്ക് ശേഷം പരിശോധിച്ചവയില്‍ മുഖ്യധാരാ മാധ്യമങ്ങളാല്‍ ശ്രദ്ധ കിട്ടിയ 16 വ്യാജ വാര്‍ത്തകളുണ്ടായിരുന്നു എന്ന് പറയുന്നു. ഇവയെല്ലാം തന്നെ യാതൊരു ആധികാരികതയുമില്ലാത്ത സ്രോതസ്സുകളില്‍ നിന്ന് എടുത്തവയായിരുന്നു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിക്കുന്നതിന് കാരണം ടെലിവിഷന്‍ ന്യൂസ് മുറികളില്‍ ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്കുറവോ മാധ്യമപ്രവര്‍ത്തനത്തിലെ പിടിപ്പുകേടോ മാത്രമല്ലെന്നാണ് “ബൂമി’ന്റെ മാനേജിങ് എഡിറ്ററായ ജെന്‍സി ജേക്കബ് പറയുന്നത്. സര്‍ക്കാരിന് അനുകൂലമായവ ആയാലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ പ്രത്യയശാസ്ത്രങ്ങളെയോ ഖണ്ഡിക്കുന്നവയായാലും, ചില അജണ്ടകളും പക്ഷങ്ങളും മാത്രമാണ് കൃത്യമായി പ്രചരിക്കപ്പെടുന്നതെന്ന് ജെന്‍സി പറയുന്നു.
സര്‍ക്കാരിന് അനുകൂലമായ പ്രചരണങ്ങള്‍ മാത്രം നടത്താന്‍ ചാനലുകള്‍ ശ്രമിക്കുന്ന കാഴ്ച താന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്ന് ജെന്‍സി ജേക്കബ് പറയുന്നു. ചില സമയത്ത് സര്‍ക്കാര്‍ പോലും പ്രോത്സാഹിപ്പിക്കാത്ത ചില വിഷയങ്ങളില്‍ സര്‍ക്കാരിനെ പുകഴ്ത്താന്‍ ചാനലുകള്‍ മത്സരിക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തിലെ അടിസ്ഥാന പ്രമാണങ്ങളും മര്യാദകളും പോലും കാറ്റില്‍പ്പറത്തിയുള്ള വാര്‍ത്തകളുമായി ഇത്തരം ചാനലുകള്‍ പലപ്പോഴും മുന്നോട്ടു പോവാറുണ്ട്. എന്‍ബിഡിഎസ്എ പോലുള്ള നിയന്ത്രണ സംവിധാനങ്ങളുടെ മുന്നറിയിപ്പ് പോലും ഇവരിലേക്കെത്താന്‍ വൈകാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരം നിയന്ത്രണ സംവിധാനങ്ങളുടെ പ്രസക്തിയെപ്പറ്റി പോലും ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ മിശ്രാഭിപ്രായങ്ങളാണ് ഉള്ളത്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോ അവരെ പിന്തുണയ്ക്കുന്നവരോ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള, വിദ്വേഷം ജനിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുന്നതില്‍ രാജ്യത്തെ പൊലീസും ക്രിമിനല്‍ നിയമ സംവിധാനങ്ങളും പരാജയപ്പെടാറാണ് പതിവെന്ന് സ്വയം വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രമുഖ എഡിറ്റര്‍ ആര്‍ട്ടിക്കിള്‍ 14നോട് അഭിപ്രായപ്പെട്ടു.
“ദ വയറി’നെതിരായ നടപടി കൃത്യമായി ആലോചിച്ച് തീരുമാനിച്ചുള്ളതാണെന്ന് ഉറപ്പുണ്ടെന്നും അതിന് വ്യക്തമായ ഒരു ചട്ടക്കൂടുണ്ടെന്നും ഇന്ത്യന്‍ ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഈ പത്രാധിപര്‍ പറയുന്നു.
“തങ്ങളുടെ വരുതിയില്‍ വരാത്ത ചാനലുകള്‍ക്കും വാര്‍ത്താ അവതാരകര്‍ക്കും എതിരെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ മുന്‍പും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ പ്രാദേശിക സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. കേബിള്‍ ടെലിവിഷന്‍ ശൃംഖലയെ നിയന്ത്രണത്തിലാക്കി, ചില ചാനലുകള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തിക്കാണ്ടാണ് ഭരണപ്പാര്‍ട്ടിയിലെ രാഷ്ട്രീയക്കാര്‍ ഔദ്യോഗിക അധികാരങ്ങള്‍ ഉപയോഗിച്ച് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. തങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ ആധികാരികതയിന്മേല്‍ കാര്യമായ ഉത്തരവാദിത്വം പോലും ഏറ്റെടുക്കേണ്ടതില്ല എന്ന സാഹചര്യം വന്നതോടെ പല വാര്‍ത്താ ചാനലുകള്‍ക്കും അവര്‍ക്ക് തോന്നുന്നത് പറയാനുള്ള അവകാശം കൈവന്നിട്ടുണ്ട്. പലപ്പോഴും എന്‍ബിഡിഎസ്എ ചുമത്തുന്ന 50,000 രൂപയുടെ പിഴ പോലും ഇവര്‍ക്ക് ഒരു തലോടല്‍ മാത്രമാണെന്നതാണ് വാസ്തവം. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനുള്ള പ്രാപ്തി എന്‍ബിഡിഎസ്എ ക്കും ഇല്ല’ – എഡിറ്റര്‍ പറയുന്നു.
അതേസമയം ഓംബുഡ്‌സ്മാന്റെ താക്കീതുകളെ തങ്ങള്‍ വളരെ ഗൗരവമായിത്തന്നെ എടുത്തു എന്നാണ് എന്‍ബിഡിഎസ്എ യുടെ ശകാരം പലപ്പോഴായി ഏറ്റുവാങ്ങിയ ഒരു ചാനലില്‍ പ്രവര്‍ത്തിക്കുന്ന, ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്തൊരാള്‍ ആര്‍ട്ടിക്കിള്‍ 14നോട് പറഞ്ഞത്. “വാര്‍ത്തയുടെ കച്ചവടത്തില്‍ മതിപ്പ് വളരെ പ്രധാനമാണ്. തങ്ങളുടെ പരസ്യം പ്രക്ഷേപണം ചെയ്യുന്ന ഒരു ചാനലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പേരില്‍ കേസ് ഉണ്ടാവുന്നത് പൊതുവേ പരസ്യ വിപണിയിലുള്ളവര്‍ അത്ര പ്രോത്സാഹിപ്പിക്കുന്ന സംഗതിയല്ല. എന്‍ബിഡിഎസ്എ ചുമത്തുന്ന 50,000 രൂപ പിഴ അടച്ച് അതിലും വിലയേറിയ പ്രതികൂല പ്രചാരണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മിക്ക ചാനലുകാരും ശ്രമിക്കുക’ എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
കുനാല്‍ പുരോഹിത്
കടപ്പാട്: ആർട്ടിക്ക്ൾ 14
(അവസാനിക്കുന്നില്ല)
You must be logged in to post a comment Login